Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 12

ശരീഅത്ത് അഥവാ ഇസ്‌ലാമിക നിയമം

പ്രഫ. എ. നബീസത്തു ബീവി /ലേഖനം

         നിയമത്തിന് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. മനുഷ്യന്‍ സാമൂഹിക ജീവിയായതിനാല്‍ ഇതരന്മാരുമായി ബന്ധപ്പെട്ട് ജീവിക്കേണ്ടിവരുന്നു. ഈ ബന്ധം ഇണക്കങ്ങളെപ്പോലെ പിണക്കങ്ങളെയും സൃഷ്ടിക്കാന്‍ ഇടയായതിനാല്‍ ഓരോരുത്തരുടെയും അവകാശങ്ങളും കടമകളും നിര്‍ണയിക്കുന്ന നിയമങ്ങള്‍ ആവശ്യമായിത്തീരുന്നു. കുടുംബനാഥന്‍, ഗോത്ര തലവന്‍, രാഷ്ട്രം എന്നിവയിലേക്ക് നിയമനിര്‍മാണ ചുമതല മാറി മാറി വരികയുണ്ടായി. 18-ാം നൂറ്റാണ്ടില്‍ ഈ നില മാറുകയും നിയമനിര്‍മാണത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുകയും ചെയ്തു. നിയമത്തിന്റെ പശ്ചാത്തലം ഇതാണെങ്കിലും ശരീഅത്ത്, സാധാരണ നിയമത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. മനുഷ്യന്റെ പരലോക ജീവിതവുമായി ബന്ധപ്പെട്ട വിശ്വാസം, നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയവയെയും, ഈ ലോകജീവിതത്തിലെ കാര്യങ്ങളെയും രണ്ടും ഒന്നിച്ച് ശരീഅത്ത് കൈകാര്യം ചെയ്യുന്നു.

മനുഷ്യന്റെ വളര്‍ച്ചക്കനുസരിച്ച് പരിവര്‍ത്തന-പരിഷ്‌കരണങ്ങളിലൂടെ രൂപം കൊണ്ടതല്ല ശരീഅത്ത്. എല്ലാ കാലക്കാര്‍ക്കും ദേശക്കാര്‍ക്കും സമൂഹങ്ങള്‍ക്കും പ്രായോഗികമാകുന്ന രൂപത്തില്‍ അല്ലാഹു മുഹമ്മദ് നബി(സ)ക്ക് 23 വര്‍ഷം കൊണ്ട് ഓരോ ഘട്ടത്തിലായി അവതരിപ്പിച്ചു കൊടുത്തതാണ് ഇസ്‌ലാമിക ശരീഅത്ത് അഥവാ ഇസ്‌ലാമിക നിയമം. പരിവര്‍ത്തനങ്ങള്‍ക്കും മനുഷ്യ പുരോഗതിക്കുമനുസരിച്ച് സമൂഹ നന്മക്കാവശ്യമായ നിയമങ്ങളാവിഷ്‌കരിക്കാനുള്ള വ്യവസ്ഥകളും തത്ത്വങ്ങളും ഉള്‍ക്കൊള്ളും വിധമാണ് ശരീഅത്ത് അവസാനിപ്പിച്ചതുതന്നെ. ശരീഅത്തിന്റെ ഉറവിടം മനുഷ്യനല്ല; മറിച്ച് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവാണെന്നതാണ് അതിന്റെ വിശേഷത. മനുഷ്യ നിര്‍മിതമായ നിയമങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍ ശരീഅത്തില്‍ മാറ്റം ആവശ്യമില്ല. ''അല്ലാഹുവിന്റെ വാക്കുകള്‍ക്ക് മാറ്റമില്ല'' (ഖുര്‍ആന്‍ 10:64).

13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമായി പൂര്‍ത്തിയാക്കിയ നബി(സ)യുടെ 23 വര്‍ഷത്തെ ജീവിതമാണ് വിശുദ്ധ ഖുര്‍ആന്റെ അവതരണ കാലഘട്ടം. വിശുദ്ധ ഖുര്‍ആനും നബി അതിനു നല്‍കിയ വ്യാഖ്യാനങ്ങളുമായിരുന്നു ഈ ഘട്ടത്തില്‍ ഇസ്‌ലാമിക നിയമത്തിന്റെ അടിത്തറ. ശരീഅത്തിന്റെ പൂര്‍ണത കൈവന്നതും സാമൂഹിക നിയമങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടതും മദീനാ കാലഘട്ടത്തിലാണ്. മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചക്കും ആവശ്യങ്ങളുടെ തേട്ടത്തിനുമനുസരിച്ച് ക്രമാനുഗതമായാണ് ശരീഅത്തിലെ എല്ലാ നിയമങ്ങളും നടപ്പിലായത്. ഖുര്‍ആനിക തത്ത്വങ്ങളെ പ്രയോഗവത്കരിക്കുന്ന നബി(സ)യുടെ നടപടിക്രമങ്ങളും ശരീഅത്ത് തന്നെയാണ്. ഉദാഹരണമായി സകാത്ത് ബാധകമാകുന്ന സംഖ്യയും കൊടുക്കേണ്ട കണക്കും നിബന്ധനകളും ഹദീസിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ.

അങ്ങനെ സര്‍വലോക സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും അവക്കുവേണ്ട പ്രകൃതി നിയമങ്ങള്‍ നല്‍കിയിട്ടുണ്ട്. ജീവികളുടെ ഉത്ഭവം, വളര്‍ച്ച, നിലനില്‍പ്, നാശം തുടങ്ങിയ എല്ലാ അവസ്ഥകളും ഈ ദൈവിക നിയമങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്നു. എന്നാല്‍, ബുദ്ധിയും വിവേകശക്തിയുമുള്ള മനുഷ്യന് മറ്റു സൃഷ്ടിജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ഈ നിയമങ്ങള്‍ പാലിക്കുക മുഖേന മരണത്തിനു ശേഷമുള്ള ജീവിതത്തില്‍ ശാശ്വത സൗഭാഗ്യം കരസ്ഥമാക്കാനും ഭൗതിക ജീവിതത്തില്‍ പൂര്‍ണമായ സുഖവും പുരോഗതിയും സമാധാനവും കരസ്ഥമാക്കാനും മനുഷ്യന് കഴിയുന്നു. ആദ്യത്തെ മനുഷ്യന്‍ മുതല്‍ അല്ലാഹു ഈ നിയമങ്ങള്‍ നല്‍കിപ്പോരുകയും ഓരോ കാലഘട്ടത്തിലും ജനങ്ങള്‍ക്ക് ഇവ എത്തിച്ചുകൊടുക്കാനായി പ്രവാചകന്മാരെ നിയോഗിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ഈ ദൈവിക നിയമങ്ങള്‍ സമാഹരിക്കപ്പെടുന്നതാണ് ശരീഅത്ത്.

ശരീഅത്ത് നിയമവിധികള്‍

മനുഷ്യരുടെ പ്രവൃത്തികളെ ഇസ്‌ലാമിക വീക്ഷണത്തില്‍ പ്രധാനമായും അഞ്ചിനങ്ങളായി തരം തിരിക്കാം. ഒന്ന്, ചെയ്യണമെന്ന് നിര്‍ബന്ധമുള്ളത്. രണ്ട്, ചെയ്യാന്‍ പാടില്ലെന്ന് നിര്‍ബന്ധമുള്ളത്. മൂന്ന്, ചെയ്യുന്നത് അഭികാമ്യമായത്. നാല്, അഭിലഷണീയമല്ലാത്തത്. അഞ്ച്, ചെയ്യാനും ചെയ്യാതിരിക്കാനും - രണ്ടിനും സ്വാതന്ത്ര്യമുള്ളത്. ഇവയെ യഥാക്രമം വാജിബ് (ഫര്‍ദ്), ഹറാം, മന്‍ദൂബ്, മക്‌റൂഹ്, മുബാഹ് എന്നു പറയാം.

വാജിബ്: നിര്‍ബന്ധമായും ചെയ്യണമെന്ന് മതം അനുശാസിക്കുന്ന പ്രവൃത്തിക്കാണ് വാജിബ് എന്ന് പറയുന്നത്. അനുഷ്ഠിച്ചാല്‍ അല്ലാഹുവിങ്കല്‍നിന്ന് ഉത്തമമായ പ്രതിഫലം കിട്ടും. ഉപേക്ഷിച്ചാല്‍ ശിക്ഷയും ഉണ്ടാകും. നമസ്‌കാരം, നോമ്പ്, സകാത്ത്, മാതാപിതാക്കള്‍ക്ക് സേവനം ചെയ്യല്‍ തുടങ്ങിയവ ഇതില്‍ പെടുന്നു. ഫര്‍ദ് എന്നും ഇതിന് സാങ്കേതിക പ്രയോഗമുണ്ട്. ഓരോ വ്യക്തിയും നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട നമസ്‌കാരം, കരാര്‍ പാലനം തുടങ്ങിയ കര്‍മങ്ങള്‍ക്ക് വാജിബ്(ഫര്‍ദ്) ഐനി എന്നു പറയുന്നു. സമൂഹത്തില്‍ ആര്‍ നിര്‍വഹിച്ചാലും എല്ലാവരുടെയും ബാധ്യത പൂര്‍ണമാകുന്ന രൂപത്തിലുള്ള കര്‍മങ്ങള്‍ക്ക് 'വാജിബ് കിഫായി' എന്നാണ് പറയുക. പ്രതിരോധം, സന്മാര്‍ഗോപദേശം, മയ്യിത്ത് സംസ്‌കരണം തുടങ്ങിയവ ഉദാഹരണം.

ഇത്തരം സാമൂഹികമായ ഉത്തരവാദിത്തങ്ങള്‍ ആരും നിര്‍വഹിക്കാത്ത പക്ഷം എല്ലാവരും കുറ്റക്കാരാകും. സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ പൂര്‍ണ സഹകരണം നല്‍കണമെന്നാണ് ഇസ്‌ലാമിക ക്രമം. പണ്ഡിതന്മാര്‍, ഡോക്ടര്‍മാര്‍, കര്‍ഷകര്‍, വ്യവസായികള്‍, ജഡ്ജിമാര്‍ തുടങ്ങിയവര്‍ സാമൂഹികാവശ്യങ്ങളാണ് നിര്‍വഹിക്കുന്നത്. ഓരോ വ്യക്തിയും തന്റെ കഴിവിന്റെ പരിധിയില്‍ ഒതുങ്ങുംവിധം സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കണം. 

മന്‍ദൂബ്: നിര്‍ബന്ധത്തിന്റെ സ്വഭാവമില്ലാതെ വ്യക്തികള്‍ നിര്‍വഹിക്കുന്നത് അഭികാമ്യമായി ഗണിക്കപ്പെടുന്ന പ്രവൃത്തികള്‍ക്കാണ് മന്‍ദൂബ് എന്ന് പറയുന്നത്. സുന്നത്ത്, നാഫിലത്ത്, മുസ്തഹബ്ബ്, ഇഹ്‌സാന്‍ എന്നീ സാങ്കേതിക പേരുകളിലും ഇതറിയപ്പെടുന്നു.

ഹറാം: നിര്‍ബന്ധത്തിന്റെ രൂപത്തില്‍ ചെയ്യരുതെന്ന് നിരോധിച്ച കാര്യങ്ങളാണ് 'ഹറാം' എന്നു പറയുന്നത്. മദ്യപാനം, വ്യഭിചാരം, കൊലപാതകം, ധനാപഹരണം, പരദ്രോഹം തുടങ്ങിയ പ്രവൃത്തികള്‍ ഇതിലാണ് പെടുക. പലിശയില്‍ എത്തിച്ചേരുന്ന ഇടപാടുകള്‍ മതം നിരോധിച്ചിട്ടുണ്ട്. പ്രവൃത്തി സ്വയം പരിശുദ്ധമാണെങ്കിലും അതിന്റെ സാഹചര്യം ഹറാമാണെങ്കില്‍ പ്രവൃത്തിയും ഹറാമായിത്തീരും. കച്ചവടം അനുവദനീയമാണെങ്കിലും ജുമുഅ പ്രാര്‍ഥന നടക്കുന്ന സന്ദര്‍ഭത്തില്‍ ഒരു മുസ്‌ലിം കച്ചവടം ചെയ്യുന്നത് നിഷിദ്ധമാണ്.

മക്‌റൂഹ്: നിര്‍ബന്ധത്തിന്റെ സ്വഭാവമില്ലാതെ, ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന കാര്യങ്ങളാണ് മക്‌റൂഹ്. അതിന്റെ ലംഘനം ശിക്ഷാര്‍ഹമല്ല. എന്നാല്‍, മതം വെറുക്കുന്ന കാര്യങ്ങളായതുകൊണ്ട് അത് ഉപേക്ഷിക്കുന്നതാണ് പുണ്യകരം. ഉദാ: ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത്.

മുബാഹ്: മനുഷ്യന് ഹിതാനുസരണം ചെയ്യാനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യമുള്ള സ്വഭാവത്തോടു കൂടിയ കാര്യങ്ങള്‍ക്കാണ് മുബാഹ് എന്നു പറയുന്നത്. അഥവാ അത് ചെയ്യുന്നതു കൊണ്ടോ ഉപേക്ഷിക്കുന്നതുകൊണ്ടോ പ്രത്യേക പുണ്യം ലഭിക്കുകയില്ല. അനുവദനീയമെന്ന അര്‍ഥത്തില്‍ ഹലാല്‍, ജാഇസ് എന്നീ പദങ്ങളും ഉപയോഗിക്കുന്നുണ്ട്. മുബാഹ് പ്രവര്‍ത്തിക്കുന്നതുകൊണ്ട് പ്രത്യേക പുണ്യമോ ശിക്ഷയോ ലഭിക്കുന്നില്ല.

ശര്‍ത്വ്: ഒരു നിയമം പ്രയോഗത്തില്‍ വരാന്‍ നിബന്ധനയായി നിലകൊള്ളുന്ന കാര്യത്തിന് ശര്‍ത്വ് എന്ന് പറയുന്നു. ഉദാ: നമസ്‌കാരം സാധുവാകണമെങ്കില്‍ 'വുദു' വേണം. വിവാഹം സാധുവാകണമെങ്കില്‍ രണ്ടു സാക്ഷികള്‍ വേണം.

സ്വഹീഹ്: നിബന്ധനകളും മുറകളും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന കര്‍മങ്ങള്‍ക്ക്/കാര്യങ്ങള്‍ക്ക് സ്വഹീഹ് എന്നുപറയും. ഉദാഹരണത്തിന്, നമസ്‌കാരത്തിന്റെ കാരണം സംഭവിക്കുകയും അതിനു നിശ്ചയിക്കപ്പെട്ട എല്ലാ മുറകളും പാലിച്ചുകൊണ്ട് അതു നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ അത് 'സ്വഹീഹ്'(സാധുവായത്) ആയിത്തീരുന്നു. നിബന്ധനകളും മുറകളും ലംഘിച്ചുകൊണ്ട് നടത്തപ്പെടുന്ന കാര്യങ്ങള്‍ക്ക് സാധുവാകാത്തത് എന്ന അര്‍ഥത്തില്‍ 'ഫാസിദ്,' 'ബാത്വില്‍' എന്നിങ്ങനെയും പറയാറുണ്ട്.

ഇജ്തിഹാദ്: ഒരു കാര്യം സാധിക്കുന്നതിനു വേണ്ടി കഴിവ് വിനിയോഗിക്കുകയെന്നതാണ് 'ഇജ്തിഹാദ്'. മതവിധികള്‍ കണ്ടുപിടിക്കാന്‍ കഴിവു വിനിയോഗിക്കുക എന്നതാണ് ഇജ്തിഹാദ്. ഖുര്‍ആനും സുന്നത്തും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം ഇജ്തിഹാദിനാണ്.

ഇജ്മാഅ്: അഭിപ്രായൈക്യം എന്നാണ് ഭാഷാര്‍ഥം. നബി(സ)യുടെ വിയോഗത്തിനുശേഷം, ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ വിധികള്‍ വരാത്ത കാര്യങ്ങളില്‍ ഒരു കാലഘട്ടത്തിലെ പണ്ഡിതന്മാരുടെ യോജിച്ച അഭിപ്രായമാണ് ഇജ്മാഅ്.

ഖിയാസ്: ഇസ്‌ലാമിന്റെ ലോക വ്യാപനം പല രാഷ്ട്രങ്ങളിലും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു കാരണമായി. ഇത്തരം പ്രശ്‌നങ്ങളില്‍ എന്ത് നിയമങ്ങള്‍ സ്വീകരിക്കണമെന്ന് ഖുര്‍ആനിലും സുന്നത്തിലും വ്യക്തമല്ലാതെ വരുമ്പോള്‍ ബുദ്ധിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തില്‍ ഇവയുടെ നിയമങ്ങള്‍ കണ്ടെത്താന്‍ പണ്ഡിതന്മാര്‍ നിര്‍ബന്ധിതരായി. ഇത് ഖിയാസ് എന്ന പേരില്‍ അറിയപ്പെട്ടു. ശഹറസ്താനി പറയുന്നു: ''രേഖകള്‍ തീര്‍ന്നുപോകും. സംഭവങ്ങളാവട്ടെ ഒരിക്കലും അവസാനിക്കുകയില്ല. അതുകൊണ്ട് ഓരോ സംഭവം ഉണ്ടാകുമ്പോഴും അതിനനുസൃതമായ നിയമം കണ്ടുപിടിക്കേണ്ടത് അനിവാര്യമാണ്.''  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /4-6
എ.വൈ.ആര്‍