Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 12

അന്ധവിശ്വാസങ്ങള്‍ക്ക് <br>അറുതിവരുത്തുന്ന ആദര്‍ശം

ശൈഖ് മുഹമ്മദ് കാരകുന്ന് /ലേഖനം

         ലോക പ്രശസ്ത എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വലിന്റെ ആത്മകഥാ സ്വഭാവത്തിലുള്ള വിഖ്യാത ഗ്രന്ഥമാണ് ഡൗണ്‍ ആന്റ് ഔട്ട് ഇന്‍ പാരിസ് ആന്റ് ലണ്ടന്‍. ഇതില്‍ കുറിച്ചിട്ട ഒരു സംഭവമിങ്ങനെ വായിക്കാം:

ഓര്‍വലിന്റെ നിരീശ്വരവാദിയായ കൂട്ടുകാരന്‍ പട്ടണത്തിലെ അറിയപ്പെടുന്ന അഭിസാരികയുടെ പേരിലുള്ള ഹോട്ടലില്‍ താമസിക്കുകയായിരുന്നു. അഞ്ചു ദിവസം ആഹാരം കിട്ടാതെ പൊറുതിമുട്ടി. അഞ്ചാം നാള്‍ അയാള്‍ കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റ് അരഭ്രാന്തനെപ്പോലെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന ചിത്രത്തിനു മുന്നില്‍ ചെന്നു നിന്നു. കാലപ്പഴക്കം കാരണം അതിന്റെ നിറം മങ്ങിയിരുന്നു. അതിനാല്‍ അത് എല്‍വാസ് പുണ്യവാളത്തിയുടെ ചിത്രമാണെന്ന് കരുതി. അയാള്‍ അതിനോടിങ്ങനെ പ്രാര്‍ഥിച്ചു: ''പുണ്യവതീ, ഭവതിയുണ്ടെങ്കില്‍ എനിക്കല്‍പം പണം എത്തിച്ച് തരൂ! കൂടുതലൊന്നും വേണ്ട; മൂന്നോ നാലോ ഫ്രാങ്ക് മതി. ഇത്തിരി റൊട്ടിയും ഒരു കുപ്പി വൈനും വാങ്ങാനുള്ള സംഖ്യ മതി. അങ്ങനെ അതെനിക്ക് കിട്ടുകയാണെങ്കില്‍ ഞാന്‍ ഭവതിയുടെ ചര്‍ച്ചില്‍ ഒരു മെഴുകുതിരി കത്തിക്കും.''

പ്രാര്‍ഥന പൂര്‍ത്തിയാക്കി കട്ടിലില്‍ വന്ന് കിടന്നപ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. വാതില്‍ തുറന്നപ്പോള്‍ മേരി എന്ന പെണ്‍കുട്ടിയതാ മുന്നില്‍. പട്ടിണി കാരണം അയാളുടെ കഥ കഴിയുമോയെന്ന ആശങ്കയാല്‍ അവള്‍ തന്റെ വശമുണ്ടായിരുന്ന ടിന്‍ കടയില്‍ കൊടുത്ത് മൂന്ന് ഫ്രാങ്ക് നേടി. അതുകൊണ്ട് അല്‍പം റൊട്ടിയും അര ടിന്‍ വൈനും വാങ്ങിക്കൊണ്ട് വന്നു. അയാള്‍ ഒറ്റയിരുപ്പില്‍ അതൊക്കെ തിന്നും കുടിച്ചും തീര്‍ത്തു. വിശപ്പും ദാഹവും മാറിയപ്പോള്‍ ഒരു സിഗററ്റ് പുകക്കണമെന്ന് തോന്നി. മേരി സിഗററ്റ് വാങ്ങാനായി പുറത്ത് പോകാനൊരുങ്ങി. പെട്ടെന്ന് അയാള്‍ അവളെ തടഞ്ഞു. എന്നിട്ടിങ്ങനെ പറഞ്ഞു: ''സിഗററ്റ് വേണ്ട. ആ പണം കൊണ്ട് മെഴുകുതിരി വാങ്ങിയാല്‍ മതി. എല്‍വാസ് പുണ്യവാളത്തിയുടെ പള്ളിയില്‍ കത്തിച്ച് വെക്കാനാണ്.'' ഇതു കേട്ട് അത്ഭുതം തോന്നിയ മേരി ചോദിച്ചു: ''ആരാണ് ആ പുണ്യവാളത്തിയെ സംബന്ധിച്ച് താങ്കള്‍ക്ക് പറഞ്ഞുതന്നത്?'' ഉടനെ അയാള്‍ ചുവരില്‍ തൂങ്ങിക്കിടക്കുന്ന ചിത്രത്തിലേക്ക് ചൂണ്ടിക്കാണിച്ചു. 

മേരിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. അവള്‍ പറഞ്ഞു: ''അത് പുണ്യവാളത്തിയൊന്നുമല്ല. ഇവിടത്തെ അറിയപ്പെടുന്ന അഭിസാരികയാണ്. അവളുടെ പേരാണ് ഈ ഹോട്ടലിനിട്ടിരിക്കുന്നത്.''

ഇന്ന് ആരാധിക്കപ്പെടുന്ന ആള്‍ദൈവങ്ങളിലേറെയും അറുതെമ്മാടികളും കൊടും കുറ്റവാളികളുമാണ്. വ്യഭിചാരികളും കൊലയാളികളുമാണ്. ഔലിയാക്കളും പുണ്യവാളന്മാരുമായി വാഴ്ത്തപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്നവരിലേറെ പേരും അരഭ്രാന്തന്മാരോ മുഴുഭ്രാന്തന്മാരോ ആണ്. അതുകൊണ്ട് തന്നെ ജീവിതകാലത്ത് മതനിഷ്ഠ ഒട്ടുമില്ലാത്തവരും.

ദിവ്യത്വവും അമാനുഷികതയും ആരോപിക്കപ്പെടുന്നവരുടെ ആയിരം പ്രവചനങ്ങളില്‍ എട്ടോ പത്തോ പുലര്‍ന്നെന്നു വരും. അത് വളരെ യാദൃഛികമായി സംഭവിക്കുന്നതാണ്. ഏത് മന്ദബുദ്ധിയുടെ പ്രവചനത്തിനുമുണ്ടാകുന്നത് പോലെ, ഓര്‍വലിന്റെ കൂട്ടുകാരന്‍ വേശ്യയോട് പ്രാര്‍ഥിച്ചപ്പോള്‍ സംഭവിച്ച പോലെ, അങ്ങനെ പുലരുന്നവക്ക് വമ്പിച്ച പ്രചാരണം നല്‍കുന്നു. മനുഷ്യ ദൈവങ്ങളുണ്ടാകുന്നത് ഇങ്ങനെയാണ്.

തിരിച്ചറിവില്ലാതാകുന്നു

സത്യസായി ബാബക്ക് നേരെ വധശ്രമമുണ്ടായി. അക്രമികളുടെ വെട്ടും കുത്തുമേറ്റ് രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടു. രണ്ടാള്‍ക്ക് പരിക്കേറ്റു. സംഭവം നടന്ന ഉടനെ പോലീസ് സ്ഥലത്തെത്തി. അവരുടെ വെടിയേറ്റ് അക്രമികളില്‍ ഒരാള്‍ മരിച്ചു വീഴുന്നു. രാത്രി പത്തരക്കാണ് അക്രമികള്‍ സായിബാബയുടെ മുറിയിലേക്ക് ഇരച്ചുകയറിയത്. ബഹളം കേട്ട് സായിബാബ ഞെട്ടിയുണര്‍ന്നു. സൈറണ്‍ മുഴക്കി മറ്റൊരു മുറിയിലേക്ക് മാറിക്കിടന്നതിനാല്‍ രക്ഷപ്പെട്ടു. അക്രമികളെല്ലാം സായിബാബയുടെ അനുയായികളാണ്. ആശ്രമത്തിലെ താമസക്കാരും.

പോലീസ് കുറ്റവാളികളെ പിടികൂടാന്‍ അഞ്ചു ദിവസം അന്വേഷണം നടത്തി. ഗൂഢാലോചനയുടെ ചുരുളഴിഞ്ഞില്ല. രഹസ്യം പിടികിട്ടിയില്ല. അതിനാല്‍ പോലീസ് നായ്ക്കളെ കൊണ്ടുവന്നു. ക്രൈബ്രാഞ്ചും സി.ഐ.ഡിയും അന്വേഷണം നടത്തി. ഒന്നിനും ഒരു തുമ്പുമുണ്ടായില്ല.

1993-ല്‍ ഹൈദരാബാദില്‍ സത്യസായി ബാബാ ട്രസ്റ്റ് ഒരു കല്യാണ മണ്ഡപം പണിതു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവാണ് അത് ഉദ്ഘാടനം ചെയ്തത്. വേദിയില്‍ വെച്ച് സായിബാബ അന്തരീക്ഷത്തില്‍ നിന്ന് ഒരു സ്വര്‍ണച്ചെയിനെടുത്തു. പതിവുപോലെ ശൂന്യതയില്‍ നിന്ന് ദിവ്യശക്തിയാലാണത് എടുത്തതെന്ന് ജനം ധരിച്ചു. അവര്‍ വിസ്മയഭരിതരായി. സ്വാഭാവികമായും അവരുടെ സായി ഭക്തി പതിന്മടങ്ങ് വര്‍ധിച്ചിരിക്കും. സായിബാബ അത് കല്യാണ മണ്ഡപം രൂപകല്‍പന ചെയ്ത ശില്‍പിക്ക് സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങ് ദൂരദര്‍ശന്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. സായിബാബ തന്റെ ഒരടുത്ത അനുയായിയില്‍ നിന്ന് സ്വര്‍ണച്ചെയിന്‍ കൈവശപ്പെടുത്തുന്നതും തന്ത്രപൂര്‍വം അത് കൈയിലെടുക്കുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ബാബയുടെ 'ദിവ്യാത്ഭുതം' തിരിച്ചറിയാന്‍ കഴിയുന്ന ഈ പരിപാടി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തില്ല.

വ്യാജസിദ്ധന്മാരുടെയും ആള്‍ദൈവങ്ങളുടെയും നിജസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിനു പകരം അവരുടെ വ്യാജ നിര്‍മിതികള്‍ക്കും വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രചാരണം നല്‍കാനാണ് നമ്മുടെ നാട്ടിലെ അച്ചടി മാധ്യമങ്ങളും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും ശ്രമിക്കുന്നത്. അങ്ങനെ അന്ധവിശ്വാസ വ്യാപാരത്തിന്റെ വിഹിതം അവരും പറ്റുന്നു. ദിവ്യത്വം ചമയുകയും ആരോപിക്കുകയും ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നാം ചെയ്യുന്നതുപോലെ അവരും ചെയ്യുന്നു. രോഗമായാല്‍ ആശുപത്രിയില്‍ പോകും. കളവോ കൊലയോ നടന്നാല്‍ പോലീസിനെ വിളിക്കും.

അഭൗതിക കാര്യങ്ങള്‍

ഇസ്‌ലാം സമര്‍പ്പിക്കുന്ന ഏകദൈവ സിദ്ധാന്തം എല്ലാ അന്ധവിശ്വാസങ്ങളുടെയും അടിവേരറുക്കുന്നു. മുഴുവന്‍ മൂഢധാരണകളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുന്നു. അത് അര്‍ഥശങ്കക്കും ആശയക്കുഴപ്പത്തിനും ഇടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു. കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായ അറിവോ കഴിവോ അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല. ഇക്കാര്യം ഖുര്‍ആന്‍ ഖണ്ഡിതമായിത്തന്നെ വ്യക്തമാക്കുന്നു: ''പറയുക, അല്ലാഹുവിനല്ലാതെ ആകാശഭൂമികളിലാര്‍ക്കും തന്നെ അഭൗതിക കാര്യങ്ങളറിയുകയില്ല. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കറിയില്ല'' (27:65). ''ഭൗതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല'' (6:59).

 ആദ്യത്തെ സംഘസമൂഹത്തിലേക്ക് നിയോഗിതനായ നൂഹ് നബി(അ) തൊട്ട് മുഹമ്മദ് നബി തിരുമേനി വരെയുള്ള പ്രവാചകന്മാര്‍ തങ്ങള്‍ക്ക് അഭൗതികമായ അറിവോ കഴിവോ ഇല്ലെന്ന് തുറന്ന് പറഞ്ഞതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നൂഹ് നബി(അ) പറഞ്ഞു: ''അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ വശമുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. എനിക്ക് അഭൗതിക കാര്യങ്ങളറിയുകയുമില്ല. ഞാന്‍ മലക്കാണെന്ന് വാദിക്കുന്നുമില്ല'' (11:31).

ഇക്കാര്യം തുറന്നു പ്രഖ്യാപിക്കാന്‍ മുഹമ്മദ് നബി തിരുമേനിയും കല്‍പിക്കപ്പെടുകയുണ്ടായി: ''പറയുക: എന്റെ വശം അല്ലാഹുവിന്റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് അവകാശപ്പെടുന്നില്ല. അഭൗതിക കാര്യങ്ങള്‍ ഞാന്‍ അറിയുന്നുമില്ല. ഞാന്‍ ഒരു മലക്കാണെന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് അല്ലാഹുവില്‍ നിന്ന് ബോധനമായി ലഭിക്കുന്നതല്ലാതൊന്നും ഞാന്‍ പിന്‍പറ്റുന്നില്ല'' (6:50).

''പറയുക, ഞാന്‍ എനിക്ക് തന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ എനിക്ക് തന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നില്ല. എന്നാല്‍, ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനതക്ക് ശുഭവാര്‍ത്ത അറിയിക്കുന്നവനും'' (7:188).

അല്ലാഹുവിന് മാത്രമറിയുന്ന അഭൗതിക കാര്യങ്ങളില്‍ നിന്ന് അവനിഛിക്കുന്നതു മാത്രം തന്റെ ദൂതന്മാര്‍ക്ക് ബോധനമായി നല്‍കുന്നു. അല്ലാഹു തന്നെ അറിയിക്കുന്നു: ''നിനക്ക് നാം ബോധനമായി നല്‍കുന്ന അഭൗതിക കാര്യങ്ങളില്‍ പെട്ടതാണിത്'' (3:44). ''അവര്‍ ചോദിക്കുന്നു: ഈ പ്രവാചകന് തന്റെ നാഥനില്‍ നിന്ന് ഒരടയാളം ഇറക്കിക്കിട്ടാത്തതെന്ത്? പറയുക: അഭൗതികമായ അറിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം'' (യൂനുസ് 20).

പ്രവാചകന്മാരിലൂടെ പ്രകടിപ്പിക്കപ്പെട്ട അമാനുഷികമായ അടയാളങ്ങള്‍ (മുഅ്ജിസത്തുകള്‍) അല്ലാഹു അവരിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു. ചിലപ്പോഴെങ്കിലും അവയെക്കുറിച്ച് പ്രവാചകന്മാര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുപോലുമില്ല. അല്ലാഹു ദിവ്യബോധനമായി അവന്റെ സന്ദേശങ്ങള്‍ അവതരിപ്പിച്ചപോലെ മുഅ്ജിസത്തുകളും അവതരിപ്പിക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ മുഅ്ജിസത്തുകള്‍ കാണിച്ച മൂസാ നബിക്ക് വടി നിലത്തിട്ടാല്‍ പാമ്പാകുമെന്നറിയുമായിരുന്നില്ല. അതിനാലാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം വടി നിലത്തിട്ടപ്പോള്‍ അത് പാമ്പായി മാറിയത് കണ്ട് ഭയപ്പെട്ടത്. ആഗ്രഹിക്കാതെയും അപ്രതീക്ഷിതമായും സംഭവിച്ചതായിരുന്നു അതെന്നര്‍ഥം. മുഹമ്മദ് നബി(സ)ക്ക് കാര്യകാരണ ബന്ധത്തിന് അതീതമായ അഭൗതിക കാര്യങ്ങള്‍ അല്‍പമെങ്കിലും അറിയുമായിരുന്നെങ്കില്‍ തന്റെ സഹധര്‍മിണി ആഇശ ബീവിക്കെതിരെ അപവാദാരോപണമുണ്ടായപ്പോള്‍ ദിവ്യബോധനം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരുമായിരുന്നില്ല. വല്ല അഭൗതിക കഴിവുമുണ്ടായിരുന്നെങ്കില്‍ ഉഹുദ് യുദ്ധത്തില്‍ സ്വന്തം പല്ല് പൊട്ടുകയോ തന്റെ പ്രിയപ്പെട്ടവര്‍ വധിക്കപ്പെടുകയോ ഇല്ലായിരുന്നു.

അമ്മ ദൈവങ്ങള്‍, തങ്ങന്മാര്‍, ഔലിയാക്കള്‍ തുടങ്ങി ഭൂമിയിലാര്‍ക്കെങ്കിലും അഭൗതികമായ അറിവോ കഴിവോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന്റെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു. അവരെ ഉപയോഗിച്ച് യുദ്ധമില്ലാതെ തന്നെ ശത്രുവിനെ തോല്‍പിക്കാമായിരുന്നല്ലോ. പ്രചാരണമൊന്നും നടത്താതെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യാമായിരുന്നു. അത്തരം അഭൗതിക കഴിവുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെയും അവര്‍ക്ക് വേണ്ടപ്പെട്ടവരുടെയും ശത്രുക്കള്‍ നിമിഷനേരം കൊണ്ട് നശിക്കുമായിരുന്നു. പ്രവാചകന്മാര്‍ക്കു പോലും അത്തരം കഴിവുകളൊന്നുമുണ്ടായിരുന്നില്ല.

അതിനാല്‍ കാര്യകാരണബന്ധങ്ങള്‍ക്കതീതമായി ആര്‍ക്കെങ്കിലും രോഗം നല്‍കാനോ അത് സുഖപ്പെടുത്താനോ കളഞ്ഞുപോയത് കണ്ടെത്താനോ മറ്റെന്തെങ്കിലും അമാനുഷിക വൃത്തികള്‍ ചെയ്യാനോ സാധ്യമല്ല. അതുകൊണ്ടുതന്നെ അഭൗതികമായ (ഗയ്ബ്) അറിവും കഴിവും അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ലെന്ന ഈ അടിസ്ഥാന ആദര്‍ശം അംഗീകരിക്കുന്നവരൊക്കെയും എല്ലാവിധ അന്ധവിശ്വാസങ്ങളില്‍ നിന്നും മൂഢധാരണകളില്‍നിന്നും പൂര്‍ണമായും മോചനം നേടുന്നു. അതില്ലാത്തവര്‍ എത്ര വലിയ ബുദ്ധിജീവികളും വിദ്യാസമ്പന്നരും ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും കലാകാരന്മാരുമൊക്കെയായാലും കൊടിയ അന്ധവിശ്വാസങ്ങള്‍ക്കടിപ്പെടുന്നു. സമകാലീന സമൂഹത്തിലെ എണ്ണമറ്റ അനുഭവങ്ങളിതിനു സാക്ഷ്യം വഹിക്കുന്നു.

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /4-6
എ.വൈ.ആര്‍