Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 12

ഗസ്സയെ പുനര്‍ നിര്‍മിക്കാന്‍ <br>പോലുമാവാതെ അറബ് കൂട്ടായ്മകള്‍

ഫഹ്മീ ഹുവൈദി /വിശകലനം

         1969- വേനല്‍കാലത്ത്, ആഗസ്റ്റ് 21-ന് മൈക്ക്ള്‍ ഡെന്നിസ് എന്ന ഒരു സയണിസ്റ്റ് മതഭ്രാന്തന്‍ മസ്ജിദുല്‍ അഖ്‌സയുടെ തെക്ക് ഭാഗം തീയിട്ടു. ഒട്ടേറെ ചരിത്രസ്മാരകങ്ങള്‍ കത്തിച്ചാമ്പലായി; സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്ത് നിര്‍മിച്ച മസ്ജിദുല്‍ അഖ്‌സ്വയിലെ ചരിത്ര പ്രസിദ്ധമായ മിമ്പര്‍ ഉള്‍പ്പെടെ. മുസ്‌ലിം ലോകത്ത് ഇത് വലിയ പ്രകമ്പനം സൃഷ്ടിച്ചു. അല്‍ അഖ്‌സ്വയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലോകത്തുടനീളം വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതിനെത്തുടര്‍ന്ന് സുഊദി അറേബ്യയിലെ ഫൈസല്‍ രാജാവ് മൊറോക്കന്‍ തലസ്ഥാനമായ രിബാത്വില്‍ സെപ്റ്റംബര്‍ 22-ന് മുസ്‌ലിം രാഷ്ട്രത്തലവന്മാരുടെ ഒരു അടിയന്തര യോഗം വിളിച്ചു. മുസ്‌ലിം രാഷ്ട്ര കൂട്ടായ്മയായ ഒ.ഐ.സി നിലവില്‍ വന്നത് ആ യോഗത്തില്‍ വെച്ചാണ്.

45 വര്‍ഷം കഴിഞ്ഞ് 2014 വേനല്‍ കാലത്ത് ബിന്‍യമിന്‍ നെതന്യാഹു എന്ന മറ്റൊരു സയണിസ്റ്റ് ഭ്രാന്തന്‍ ഗസ്സ മുനമ്പ് തകര്‍ത്ത് തരിപ്പണമാക്കി; അതിനെ രക്തം കൊണ്ട് ചെഞ്ചായമണിയിച്ചു. പക്ഷേ ഇത്തവണ വലിയൊരു വ്യത്യാസമുണ്ട്. അറബ്-മുസ്‌ലിം ലോകം ഈ കൂട്ടക്കശാപ്പ് നിസ്സംഗമായി നോക്കിനില്‍ക്കുകയായിരുന്നു. അറബ്-മുസ്‌ലിം നേതൃതലങ്ങളില്‍ കാര്യമായ ഒരു ചലനവും കാണാനുണ്ടായിരുന്നില്ല. നാശനഷ്ടങ്ങളാവട്ടെ ഇത്തവണ മുമ്പത്തേതിനേക്കാള്‍ എത്രയോ കൂടുതലുമായിരുന്നു.

1969-ല്‍ മസ്ജിദുല്‍ അഖ്‌സ്വ ചുട്ടെരിച്ചപ്പോള്‍ മുസ്‌ലിം ലോകം പ്രകമ്പനം കൊണ്ടെങ്കിലും പുറംലോകം നിശ്ശബ്ദമായിരുന്നു. ഈ വര്‍ഷം ഗസ്സ തകര്‍ക്കപ്പെടുമ്പോള്‍ സ്ഥിതി മറിച്ചാണ്. അറബ് ഭരണാധികാരികള്‍ തെല്ലൊരു ആശ്വാസത്തോടെ ആ നശീകരണം നിസ്സംഗമായി നോക്കി നിന്നപ്പോള്‍, പാശ്ചാത്യ നാടുകളിലും ലാറ്റിനമേരിക്കയില്‍ പോലും പ്രതിഷേധം അലയടിക്കുകയായിരുന്നു.

അമ്പത്തിയൊന്ന് ദിവസം നീണ്ട ഇത്തവണത്തെ സയണിസ്റ്റ് കടന്നാക്രമണം ഗസ്സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായതാണ്. ഫലസ്ത്വീന്‍ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് വധിക്കപ്പെട്ടവര്‍ 2144 ആണ്. ഇതില്‍ 569 കുട്ടികളും 275 സ്ത്രീകളും ഉള്‍പ്പെടും. പരിക്കേറ്റവര്‍ പതിനായിരത്തി അറുന്നൂറ്. പൂര്‍ണമായി തകര്‍ക്കപ്പെട്ട വീടുകള്‍ 6300. കാര്യമായ നാശനഷ്ടങ്ങളുണ്ടായ വീടുകളുടെ എണ്ണം 10,300. മൂന്ന് ലക്ഷം പേര്‍ അഭയാര്‍ഥികളായി.

പാര്‍പ്പിട കേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല സയണിസ്റ്റുകള്‍ ലക്ഷ്യം വെച്ചത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, ഭരണ നിര്‍വഹണ സ്ഥാപനങ്ങള്‍, യു.എന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ സകലതും തകര്‍ക്കപ്പെട്ടിരിക്കുന്നു. ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു ഇസ്രയേല്‍ സൈന്യം. ഇസ്രയേലിന്റെ നാനാ ഭാഗങ്ങളിലേക്കും റോക്കറ്റുകള്‍ വിട്ട് ഭീതി പരത്താന്‍ ഫലസ്ത്വീന്‍ പോരാളികള്‍ക്ക് കഴിഞ്ഞതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ സമനില തെറ്റിച്ചത്. മുന്‍ ഗസ്സ പ്രധാനമന്ത്രിയും ഹമാസിന്റെ ഉപാധ്യക്ഷനുമായ ഇസ്മാഈല്‍ ഹനിയ്യ ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍ എന്നോട് പറഞ്ഞു: ''പുനര്‍നിര്‍മാണവും അവശ്യ സേവന പൊതു സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കലുമാണ് ഞങ്ങളുടെ ഒന്നാമത്തെ അജണ്ട.'' ബൈത്തു ഹാനൂന്‍, ശുജാഇയ്യ, ഖസാഅ, റഫ തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണായി തകര്‍ക്കപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. ജുഹ്‌റുദ്ദീക്, അസ്സന, ഫറാഹീന്‍, ഖറാറ തുടങ്ങിയ തെരുവുകളില്‍ കല്ലിന് മേല്‍ കല്ല് വെച്ച ഒരു പടവ് പോലും കാണാനില്ല. മറ്റൊരുപാട് മുഖ്യ വിഷയങ്ങള്‍ അജണ്ടയിലുണ്ടെങ്കിലും പുനര്‍നിര്‍മാണം ഒന്നാമതായി സ്ഥലം പിടിക്കുന്നത് വരാന്‍ പോകുന്ന ശൈത്യകാലത്തെ ഓര്‍ത്താണെന്നും അദ്ദേഹം പറഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ട് മാസത്തിനകം അടിയന്തര പാര്‍പ്പിട സൗകര്യമൊരുക്കിയില്ലെങ്കില്‍ ശൈത്യകാലത്ത് അവരുടെ ജീവിതം അത്യന്തം ക്ലേശപൂര്‍ണമാകും.

കെട്ടിട പുനര്‍നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന ഷെല്‍ട്ടര്‍ ക്ലസ്റ്റര്‍ എന്ന ഏജന്‍സി പറയുന്നത്, ഗസ്സയെ പുനര്‍നിര്‍മിക്കാന്‍ 20 വര്‍ഷമെങ്കിലും എടുക്കുമെന്നാണ്; അതുതന്നെ സാധന സാമഗ്രികള്‍ സമയത്തിന് ലഭ്യമായാല്‍. അതിന് ചെലവ് പ്രതീക്ഷിക്കുന്നത് ആറ് ബില്യന്‍ ഡോളര്‍. ഈ ചെലവ് ആര് വഹിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ചില അറബ് രാഷ്ട്രങ്ങള്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുക ഇതുവരെയും ഗസ്സയില്‍ എത്തിയിട്ടില്ല. നേരിട്ട് സഹായമെത്തിക്കുന്ന ഖത്തര്‍ മാത്രമാണ് അപവാദം.

ഗസ്സയെ പുനര്‍നിര്‍മിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ ഉച്ചകോടി കൂടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല; തങ്ങള്‍ക്ക് അറബികള്‍ക്കിടയില്‍ തന്നെ കൂട്ടാളികളുണ്ടെന്ന് ഇസ്രയേല്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിയില്‍ വിശേഷിച്ചും. സയണിസ്റ്റ് അതിക്രമത്തിന്റെ നാളുകളില്‍ ഉടുമുണ്ട് അഴിഞ്ഞുവീണ അറബ് കൂട്ടായ്മകള്‍ നാണം മറക്കാനെങ്കിലും ഗസ്സയുടെ പുനര്‍നിര്‍മാണത്തില്‍ സഹകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /4-6
എ.വൈ.ആര്‍