Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 13

നടപ്പു കേരളത്തിന്റെ അടിയൊഴുക്കുകളും ഉള്‍പ്പിരിവുകളും

ജെ. ദേവിക

കേരളം പുതിയ പതിറ്റാണ്ടും മൂന്നാം രാഷ്ട്രീയ ഭൂപടവും

സമകാലിക കേരളത്തില്‍ മുന്‍കാലങ്ങളില്‍ രാഷ്ട്രീയ കര്‍തൃത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന പല വിഭാഗങ്ങളും ആ അവസ്ഥയെ ഇന്ന് വലിയൊരളവുവരെ മറികടന്നിരിക്കുന്നുവെന്നും, എന്നാല്‍ ഈ പ്രക്രിയക്ക് അതിന്റേതായ അനിശ്ചിതത്വവും സംശയങ്ങളുമുണ്ടെന്ന ബാബുരാജിന്റെ നിരീക്ഷണത്തോട് പൊതുവെ ഞാന്‍ യോജിക്കുന്നു. എന്നാല്‍ 'ഇവിടെനിന്ന് എങ്ങോട്ട്' എന്ന ചോദ്യത്തെ ഫലപ്രദമായി നേരിടാന്‍ ഇതു നല്‍കുന്ന പ്രത്യാശ മാത്രം പോര എന്നും വ്യക്തമാണ്. പുതുരാഷ്ട്രീയങ്ങളുടെ ചലനാത്മകത, നിരന്തരമായ ആത്മ പ്രതിഫലന പരിശ്രമങ്ങളിലൂടെയല്ലാതെ സാധ്യമല്ല. ഈ ലക്ഷ്യത്തിലേക്ക് ചില നിരീക്ഷണങ്ങളാണിവിടെ മുന്നോട്ടുവെക്കുന്നത്.
1) ദലിത്-മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍നിന്ന് പുതിയൊരു ബുദ്ധിജീവിവര്‍ഗമുയര്‍ന്നു വന്നതും അവര്‍ സ്വത്വങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചതും തീര്‍ച്ചയായും സമീപദശകങ്ങളില്‍ കേരളീയ രാഷ്ട്രീയ ഇടത്തെ കൂടുതല്‍ വിശാലവും സങ്കീര്‍ണവും വിമര്‍ശനാത്മകവുമാക്കിത്തീര്‍ത്തിട്ടുണ്ടെന്നതില്‍ സംശയമില്ല. എങ്കിലും ഈ പ്രതിഭാസത്തെ കൂടുതല്‍ സൂക്ഷ്മമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. ആ അന്വേഷണം ഭാവിയില്‍ നടക്കേണ്ടതാണ്; എന്റെ നിരീക്ഷണങ്ങള്‍ക്ക് നിരീക്ഷണങ്ങള്‍ എന്നതിലപ്പുറം പ്രാധാന്യം ഞാന്‍ കല്‍പിക്കുന്നുമില്ല- അതായത് കൂടുതല്‍ വിശാലമായ ചര്‍ച്ചയില്‍ പരിശോധിക്കപ്പെടേണ്ട ചില ആദ്യ ധാരണകള്‍ എന്ന വില മാത്രമേ അവയ്ക്കുള്ളൂ.
2) ആദ്യമായി, 'ഇടതി'ന്റെ സ്വഭാവങ്ങള്‍ തന്നെ വളരെ വേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രബല ഇടതുപക്ഷത്തിനെതിരെ മാത്രമേ ദലിത്-മുസ്ലിം കൂട്ടുകെട്ടിനെ ലളിതമായ രീതിയില്‍ പ്രക്ഷേപിക്കാനാവൂ. കൂടുതല്‍ കെട്ടുറപ്പുള്ള ഐക്യം ഇനിയുമുണ്ടാവേണ്ടതുണ്ടെന്നാണ് എനിക്കു തോന്നുന്നത്. മാത്രമല്ല, ഈ കൂട്ടുകെട്ട് ലളിതമായ രീതിയിലുണ്ടായാല്‍ മറ്റു പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ക്ക്- പ്രത്യേകിച്ച് ലിംഗവ്യത്യാസത്തിന്റെയും ലൈംഗികതയുടെയും അടിസ്ഥാനത്തില്‍ പുറന്തള്ളപ്പെടുന്നവര്‍ക്ക് സ്വാഭാവിക മെച്ചങ്ങള്‍ ഉണ്ടാകാനിടയില്ലെന്നാണ് സമീപചരിത്രാനുഭവത്തെ നോക്കിക്കാണുമ്പോള്‍ എനിക്കു തോന്നുന്നത്. ഈ ദിശയില്‍ എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുരണ്ടു കാര്യങ്ങള്‍ ഇവിടെ പറയുന്നു. ഒന്ന്, ദലിത് വിഭാഗത്തിലെ നവ ബുദ്ധിജീവിവര്‍ഗത്തിന്റെ ഉരുത്തിരിയലിനും മുസ്ലിം വിഭാഗത്തിനുള്ളില്‍ നടന്ന ഇതേ പ്രക്രിയക്കും രണ്ടുതരം ചരിത്രവഴികളാണുള്ളതെന്ന വസ്തുത അപ്രസക്തമാകാനിടയില്ല. 1970-കളിലും അതിനു ശേഷവും കേരളത്തിന്റെ മുഖഛായതന്നെ മാറ്റിയ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങളിലാണ് രണ്ടിന്റെയും വേരെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ദലിത് സമൂഹം മുമ്പുതന്നെ അനുഭവിച്ചിരുന്ന പാര്‍ശ്വവല്‍ക്കരണം അതിരൂക്ഷമാവുകയും പല പുതിയ രൂപങ്ങളില്‍ പുനര്‍ജനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് (മറ്റു പല സുപ്രധാന ബൌദ്ധിക സാഹചര്യങ്ങള്‍ പ്രാദേശിക-ദേശീയ തലങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല) ദലിത് വിഭാഗത്തിന്റെ രാഷ്ട്രീയം മൂര്‍ച്ചയേറിയതും സൂക്ഷ്മവുമായിത്തീര്‍ന്നത്. മുസ്ലിം വിഭാഗങ്ങളെ സംബന്ധിച്ചേടത്തോളം 1970-കള്‍ക്കു ശേഷമുണ്ടായ സാമ്പത്തിക നേട്ടങ്ങളും, പ്രാദേശിക ദേശീയ തലത്തിലും ആഗോളതലത്തിലുമുണ്ടായ സാംസ്കാരികവും രാഷ്ട്രീയവുമായ തിരിച്ചടികളും ചേര്‍ന്ന സാഹചര്യമാണ് പുതിയ ബുദ്ധിജീവികളുടെ തലമുറയെ സൃഷ്ടിച്ചത്. ഇടതുപക്ഷത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ഇവരില്‍ ചിലര്‍ നീക്കങ്ങള്‍ നടത്തിയിട്ടുമുണ്ട്. ഒരു ചെറിയ കാലയളവില്‍, മുസ്ലിം-സെക്യുലര്‍ വാദത്തെ ചോദ്യം ചെയ്യാന്‍ പരിമിത രീതിയിലെങ്കിലും ശ്രമങ്ങളുണ്ടായിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ക്കു കൈവന്ന ശക്തിയിലും മുസ്ലിം വിഭാഗം ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഈ ഉപവിഭാഗവും പുതിയ മുസ്ലിം ബുദ്ധിജീവികളും തമ്മിലുള്ള ബന്ധം തീര്‍ത്തും സംഘര്‍ഷരഹിതമല്ലെന്ന സൂചനയാണ് സമീപകാലത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദലിത് ബുദ്ധിജീവികള്‍ക്കിടയിലാകട്ടെ, ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും സാന്നിധ്യം കൂടുതലായി കാണുന്നുമുണ്ട്. വ്യവസ്ഥാപിത രാഷ്ട്രീയങ്ങളോട് ദലിത്-മുസ്ലിം പുതുരാഷ്ട്രീയത്തിലെ പ്രധാനവിഭാഗങ്ങള്‍ പ്രതികരിക്കുന്ന, ഇടപഴകുന്ന തന്ത്രങ്ങളിലും വ്യത്യാസമുണ്ടാകാനിടയുണ്ട്- അതായത് ലളിതമായ കൂട്ടുകെട്ട് പ്രതീക്ഷിക്കുക, 'ദലിത്', 'മുസ്ലിം' വിഭാഗങ്ങളുടെ ഉള്‍പ്പിരിവുകളും അടരുകളും അപ്രസക്തമാണെന്നു കരുതുക- ഇതൊന്നും ബുദ്ധിപൂര്‍വമല്ലെന്നാണ് എന്റെ തോന്നല്‍. ബാബുരാജ് സൂചിപ്പിച്ച സംശയങ്ങളെയും അനിശ്ചിതത്വങ്ങളെയും കുറിച്ച് സൂക്ഷിച്ചു ചിന്തിക്കുന്നതാവും ഗുണകരമെന്ന് എനിക്കു തോന്നുന്നു. രണ്ട്, ആഗോളീകരണവും സര്‍വീസ് സെക്ടര്‍ വളര്‍ച്ചയും എല്ലാ വിഭാഗങ്ങളിലും പുതിയ വര്‍ഗ-ലിംഗ രൂപീകരണങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. വര്‍ഗാപഗ്രഥനത്തെ സവര്‍ണമേധാവികളില്‍നിന്ന് വീണ്ടെടുത്ത്, തങ്ങളുടെ ആത്മ പ്രതിഫലനത്തിനുതകുന്ന വിധം പുനഃസൃഷ്ടിക്കാന്‍ ദലിത്-മുസ്ലിം ബുദ്ധിജീവികള്‍ ശ്രമിക്കേണ്ടതുണ്ടെന്നര്‍ഥം (ലിംഗരാഷ്ട്രീയത്തിനും ഇത് എന്തുകൊണ്ടും ബാധകമാണ്). ചുരുക്കിപ്പറഞ്ഞാല്‍, രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള മുന്നണിയെക്കുറിച്ചും ഈ വിഭാഗങ്ങളുടെ ആന്തരിക ബന്ധങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോള്‍ അവയുടെ സങ്കീര്‍ണതകള്‍ കൂടെ അളക്കേണ്ടതും അറിയേണ്ടതുമുണ്ട്.
3) സമകാലിക രാഷ്ട്രീയത്തിലുണ്ടായ, ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ 1970-കള്‍ മുതല്‍ കേരളത്തില്‍ നടന്നുവരുന്ന പ്രക്രിയകളുടെ വെളിച്ചത്തിലാണ് വായിക്കേണ്ടതെന്നാണ് ഇവിടെ പറഞ്ഞതില്‍ നിന്നുള്ള ഒരു പ്രധാനസൂചന. ഈ വഴിക്ക് കൂടുതല്‍ സൂക്ഷ്മമായി ചിന്തിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഉദാഹരണത്തിന്, ദലിത്-മുസ്ലിം വിഭാഗങ്ങളിലെന്നപോലെ സ്ത്രീപക്ഷത്തും ലിംഗരാഷ്ട്രീയത്തിന്റെ വിശാല ഇടങ്ങളിലും ഒരു പുതിയ ബുദ്ധിജീവിവര്‍ഗവും നിരവധി ശബ്ദങ്ങളും 1995-നുശേഷം ഉയര്‍ന്നുവന്നിരിക്കുന്നു. പുതിയ നൂറ്റാണ്ടില്‍ നടന്ന ദലിത്-ആദിവാസി വിരുദ്ധ സമരങ്ങളിലും ഇസ്ലാംഭീതിക്കെതിരെ നടന്ന നീക്കങ്ങളിലും ഇവര്‍ ചില്ലറയല്ലാത്ത പ്രാധാന്യത്തോടെ ഇടപെട്ടിട്ടുണ്ട്. സമകാലിക സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങളിലൂടെ കേരളമെന്ന ഭൂമിശാസ്ത്രപരമായ ഇടത്തെ കവച്ചു വെക്കുന്ന ഒരു ശൃംഖല മലയാളി ബുദ്ധിജീവികള്‍ക്കിടയില്‍ ഇന്നു നിലനില്‍ക്കുന്നുണ്ട്- കേരളത്തിനു പുറത്താണ് ഇക്കൂട്ടരില്‍ വലിയൊരു വിഭാഗമെന്ന വസ്തുത സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. മുത്തങ്ങ മുതല്‍ ചിത്രലേഖയുടെ തൊഴില്‍ അവകാശത്തിനായുള്ള സമരം വരെയുള്ള പോരാട്ടങ്ങളില്‍ ഈ ശൃംഖല ഒരളവുവരെ ഫലപ്രദമായിത്തന്നെ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഈ വസ്തുത, ദലിത്-മുസ്ലിം കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചിന്തയെ തീര്‍ച്ചയായും മറ്റൊരു ദിശയിലേക്കു നയിക്കുന്നുണ്ട്. സവര്‍ണ മേധാവിത്വത്തിനെതിരെ നിലകൊള്ളാന്‍ തയാറായ ചെറുതും വലുതുമായ സംഘങ്ങള്‍ തമ്മില്‍ രൂപീകൃതമാവേണ്ട കൂട്ടുകെട്ടിനോട് ദലിത്-മുസ്ലിം കൂട്ടുകെട്ട് ഏതു വിധത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു എന്ന ചോദ്യം അതിപ്രധാനമാണെന്നു തോന്നുന്നു.
അതുപോലെ സുപ്രധാനമാണ്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിപണിയുടെ തള്ളിക്കയറ്റം നടക്കുന്നതില്‍നിന്ന് രൂപപ്പെടുന്ന ഉപഭോഗവിഷയിത്വങ്ങളുടെ പ്രശ്നം. ഉപഭോഗ-വിഷയിക്ക് ഏകസ്വഭാവമല്ല ഉള്ളതെന്നും, തീരെ ദരിദ്രരായവര്‍ക്കിടയില്‍പോലും അതിന്റെ സാന്നിധ്യമുണ്ടെന്നും എടുത്തു പറയേണ്ടിയിരിക്കുന്നു. കൂടുതല്‍ ഉപഭോഗം ആഗ്രഹിക്കുന്ന മനുഷ്യരാണ് ഇതില്‍ നിന്നുണ്ടാകുന്നതെന്നതല്ല പ്രശ്നം. മറിച്ച്, ഉപഭോഗതാല്‍പര്യം മുന്നിട്ടുനില്‍ക്കുമ്പോള്‍ ആ താല്‍പര്യം ഏറ്റവും നന്നായി ശമിപ്പിക്കാന്‍ കഴിയുമെന്ന പ്രതീതി ജനിപ്പിക്കാന്‍ കഴിയുന്നതരം രാഷ്ട്രീയത്തോട് കൂട്ടുചേരാനുള്ള പ്രേരണ പലപ്പോഴും ശക്തമായിത്തീരുന്നുവെന്നാണ് കുടുംബശ്രീയെക്കുറിച്ചുള്ള, ഞാന്‍ നടത്തിയ ഗവേഷണം എനിക്കു കാട്ടിത്തരുന്നത്. അസാമാന്യമായ ചലനശേഷിയുള്ള, എന്നാല്‍ എല്ലായ്പ്പോഴും പുരോഗമനപരമോ (ജാതിവിരുദ്ധമോ, ലിംഗാധികാരവിരുദ്ധമോ, ഇസ്ലാംഭീതിവിരുദ്ധമോ) ആയ നിലപാടുകള്‍ സ്വീകരിക്കാനിടയില്ലാത്ത പുതിയ ഒരു വിഭാഗം ബി.പി.എല്‍ വിഭാഗത്തിലൂടെ രൂപീകൃതമായിരിക്കുന്നു. അതായത്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ആദര്‍ശവല്‍ക്കരിക്കപ്പെട്ടിരുന്ന റലലു ലെഹള ഇന്ന് കൂടുതല്‍ വിരളമായിക്കൊണ്ടിരിക്കുന്നു. ദലിത്-മുസ്ലിം വിഭാഗങ്ങളിലെ ഏറ്റവും പീഡിതരായ വിഭാഗക്കാര്‍, പക്ഷേ, റലലു ലെഹളന്റെ ഈ പിന്മാറ്റത്തോട് തികച്ചും വ്യത്യസ്തമായാണ് പ്രതികരിക്കുന്നതെന്ന് എനിക്കു തോന്നുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ രാഷ്ട്രീയത്തെ ഞാന്‍ അതീവതാല്‍പര്യത്തോടെ വീക്ഷിക്കുന്നത് ഇക്കാരണത്താലാണ്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ശേഷിയുള്ള, എന്നാല്‍ സവര്‍ണ മാതൃകകളെ നിസ്സംശയം തിരസ്ക്കരിക്കുന്ന രാഷ്ട്രീയമാണ് ഡി.എച്ച്.ആര്‍.എമ്മിന്റേതെന്ന് പരിമിതമായ എന്റെ പരിചയത്തിലൂടെ എനിക്കു തോന്നിയിട്ടുണ്ട്. എന്നാല്‍, ഇസ്ലാംഭീതിക്കെതിരെ പൊട്ടിത്തെറിച്ചവര്‍ - പലപ്പോഴും മുസ്ലിം വിഭാഗത്തിലെ ഏറ്റവും കീഴ്നിലയിലുള്ളവരാണിവര്‍- പുതിയൊരു റലലു ലെഹളനായി പരിശ്രമിക്കാതെ, ആഗോളതലത്തിലെ ഇസ്ലാം ഭീതിക്കും മുസ്ലിം പീഡനത്തിനുമെതിരെ ആ തലത്തില്‍തന്നെ രൂപം കൊണ്ടിട്ടുള്ള ഒരു 'മുസ്ലിം സ്വത്വ'ത്തെ സ്വീകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആഗോള ഇസ്ലാമിനെക്കുറിച്ചു നടന്നുവരുന്ന വിമര്‍ശനപരമായ ചര്‍ച്ചകള്‍ അവരുടെ സ്വയം രൂപീകരണത്തിന് (ബുദ്ധിജീവി വര്‍ഗത്തെപ്പറ്റിയല്ല ഇവിടെ പറയുന്നത്- അവര്‍ വ്യക്തമായും ഈ ധാരകളോട് സംവദിക്കുന്നുണ്ട്) സഹായകമായിട്ടില്ല, ഇനിയും എന്നു തോന്നുന്നു. ദലിത് മുന്നേറ്റങ്ങളില്‍- ഡി.എച്ച്.ആര്‍.എം പ്രസ്ഥാനത്തിലും ദലിത് എതിര്‍-പൊതു ഇടത്തിലും- ഇത്തരമന്വേഷണങ്ങള്‍ കൂടുതല്‍ സജീവമാണെന്നും. എങ്കിലും, രണ്ടുതരം പുതുരാഷ്ട്രീയങ്ങളെ സംബന്ധിച്ചേടത്തോളം അത്യന്തം ചലനാത്മകമായ, തീര്‍ച്ചയായും നിര്‍വാഹകത്വം മുഖമുദ്രയായിത്തന്നെയുള്ള, എന്നാല്‍ ദലിത്-മുസ്ലിം രാഷ്ട്രീയങ്ങളിലൂടെ സ്വയം പുനഃസൃഷ്ടിക്കാന്‍ തയാറായിക്കൊള്ളണമെന്നില്ലാത്ത ഈ പുതിയ വിഷയകത്വത്തിന്റെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് ചിന്തിക്കേണ്ടിവരും.
4) നാലാമതായി, 1980-കളിലും 90-കളിലും സംജാതമായ ദേശീയരാഷ്ട്രീയ പരിസരത്തിന്റെ (മണ്ഡല്‍-മസ്ജിദ് അതിക്രമങ്ങളിലേക്കു നയിച്ച രാഷ്ട്രീയ പ്രക്രിയകളുടെ) പ്രാധാന്യത്തെ കൂടുതല്‍ വ്യക്തമായും സൂക്ഷ്മമായും കാണുന്നതിനു പുറമേ, 1980 കളുടെ അവസാനഘട്ടത്തില്‍ ഉയര്‍ന്നുവന്ന സ്ത്രീപക്ഷ വിമര്‍ശനത്തിന്റെയും രാഷ്ട്രീയസാധ്യതകളുടെയും പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. 1990കളുടെ ആദ്യകാലത്ത് മാധ്യമം സ്ത്രീ രാഷ്ട്രീയത്തെ അല്‍പമൊക്കെ സംശയത്തോടെ തന്നെയാണ് വീക്ഷിച്ചത്- സ്ത്രീപക്ഷ ആലോചനക്ക് മാധ്യമം വാരിക പില്‍ക്കാലത്ത് ഇടം നല്‍കിയെങ്കിലും. മാധ്യമം പോലുള്ള ഒരു പ്രസിദ്ധീകരണത്തെ സാധ്യമാക്കിയതില്‍ ദേശീയ തലത്തില്‍ വന്ന മാറ്റങ്ങളും ഇടതുരാഷ്ട്രീയം വഴി മുട്ടിയതും വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചു എന്നാണ് എനിക്കു തോന്നുന്നത്- ആ വിശാല പശ്ചാത്തലത്തിനായിരിക്കും ഞാന്‍ കൂടുതല്‍ പ്രാധാന്യം കല്‍പിക്കുക. തന്നെയുമല്ല, പ്രാദേശിക തലത്തിലുണ്ടായ പ്രക്രിയകളെ കൂടുതല്‍ സൂക്ഷ്മമായി വായിക്കേണ്ടതുണ്ട്. പക്ഷേ, കേരളീയ സാഹിത്യ പൊതുമണ്ഡലത്തില്‍ ഇക്കാലത്തു നടന്ന ഭൂകമ്പങ്ങള്‍ക്ക് കീഴാളരുടെ ശബ്ദങ്ങള്‍ക്കിടമുണ്ടാക്കുന്ന പ്രക്രിയയില്‍ വളരെ വലിയ പ്രാധാന്യമുണ്ട്. 'പെണ്ണെഴുത്തി'നെച്ചൊല്ലിയുള്ള ചര്‍ച്ച, ഇവിടെ പ്രബലശക്തികളായിരുന്ന മൂന്ന് വിമര്‍ശനധാരകളുടെയും സവര്‍ണസ്വഭാവമുള്ള പുറവും അടിവയറും ഒരുപോലെ കാണുമാറാക്കി. ഉദാരമാനവികത പ്രസംഗിച്ചവര്‍ പലരും 'പെണ്ണെഴുത്തി'നെ മണ്ഡല്‍ കമ്മീഷന്‍ സംവരണത്തിനായി നടത്തിയ വാദത്തോടു താരതമ്യം ചെയ്തു. 'പെണ്ണെഴുത്തി'ന്റെ പില്‍ക്കാല ചരിത്രം കുറേക്കൂടി കുഴഞ്ഞുമറിഞ്ഞതാണെങ്കിലും, ആ ചര്‍ച്ചയില്‍ പുറത്തുവന്ന സവര്‍ണനിലപാടുകള്‍, പ്രബലവിമര്‍ശകധാരകളുടെ പൊള്ളയായ സാര്‍വജനീനതയെ പുറത്തുകൊണ്ടുവന്നു; ഇത് മറ്റുതരം വിമര്‍ശനങ്ങള്‍ക്കുള്ള കളം ആദ്യഘട്ടത്തില്‍ ഒഴിച്ചിടുകയുണ്ടായി. സവര്‍ണതയിലൂന്നിയ മലയാളി ദേശീയ-ജനകീയതയുടെ അധീശത്വത്തിന്റെ ശക്തിക്കു കോട്ടം വരുത്തിയത് ദലിത്-മുസ്ലിം വിഭാഗങ്ങള്‍ മാത്രമല്ല എന്നര്‍ഥം; സ്ത്രീപക്ഷ-ലിംഗാധികാര- വിരുദ്ധ വിമര്‍ശനങ്ങള്‍ക്ക് അതില്‍ വലിയൊരു പങ്കുണ്ടായിരുന്നു; നേരിട്ടുതന്നെയുള്ള അംഗീകാരം അര്‍ഹിക്കുന്നതായ പങ്ക്. അതായത്, 'ദലിത്, മുസ്ലിം, സ്ത്രീ' എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നതിലെ ഔദാര്യം ആവശ്യപ്പെടാത്ത ഒരു പങ്ക്.
കേരളത്തിലിന്ന് വലിയൊരളവുവരെ ബഹുസ്വര സ്വഭാവമുള്ളതായിത്തീര്‍ന്നിരിക്കുന്ന ലിംഗാധികാര വിരുദ്ധ നിലപാടുകളെ വല്ലാതെ ന്യൂനീകരിക്കുന്ന നീക്കമായിപ്പോകും ഇത്. അതുകൊണ്ട് ദലിത്-മുസ്ലിം കൂട്ടുകെട്ടില്‍ നിന്നുണ്ടാകുന്ന രചനകളില്‍ ചിലപ്പോഴെങ്കിലും 'ചന്ദ്രിക-ഗീത-അജിത-ദേവിക' എന്ന മട്ടില്‍ ഒറ്റക്കള്ളിയില്‍ വിശേഷ സ്ത്രീപക്ഷ-ലിംഗാധികാര വിരുദ്ധ നിലപാടുകളെ ഒതുക്കുന്നതു കാണുമ്പോള്‍ ഒരുപാട് തമാശയും അല്‍പം ഈര്‍ഷ്യയും തോന്നാറുണ്ട്.
ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍, അടിയൊഴുക്കുകളെക്കുറിച്ചുള്ള ഓര്‍മയുണ്ടായിരിക്കണമെന്നും ഉള്‍പ്പിരിവുകളെയും വ്യത്യസ്തനിലപാടുകളെയും തലങ്ങളെയും ആത്മപ്രതിഫലനപരമായി അപഗ്രഥിക്കണമെന്നുമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഇത്തരം സൂക്ഷ്മതകള്‍ക്കുവേണ്ടി വാദിക്കുമ്പോള്‍ തന്നെ ബാബുരാജ് ഉയര്‍ത്തിക്കാണിക്കുന്ന രാഷ്ട്രീയ പ്രത്യാശയില്‍ ഞാനും പങ്കുചേരുന്നു

Comments