Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 15

ഹയ്യ്ബ്‌നു യഖ്‌ളാന്റെ തമസ്‌കരണം

ടി.കെ ഇബ്‌റാഹീം /ലേഖനം

         ത്ത്വശാസ്ത്രരംഗത്തെ ഇബ്‌നുതുഫൈലിന്റെ സ്വാധീനം നിഷേധിക്കാനും തമസ്‌കരിക്കാനുമാണ് യൂറോപ്യന്‍ ധിഷണാശാലികള്‍ ശ്രമിച്ചത് എന്നത് ഖേദകരമാണ്. സമാര്‍ അത്താര്‍  തന്റെ ഗ്രന്ഥത്തില്‍ (Vital Roots) അത് സോദാഹരണം വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

         ആയിരത്തൊന്ന് രാവുകള്‍ ഒഴിച്ചാല്‍ ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്‌ളാനെപ്പോലെ പൗരാണിക ഇസ്‌ലാമിന്റെ (Classical Islam) സാഹിത്യപൈതൃകത്തിലെ ഒരു ഗ്രന്ഥവും അത്രയേറെ പ്രസിദ്ധീകരിക്കപ്പെടുകയോ ഭാഷാന്തരം ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും 1900 ത്തോടെ ആ ഗ്രന്ഥം-ഹയ്യ്ബ്‌നു യഖ്‌ളാന്‍-ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഹീബ്രു, ലാറ്റിന്‍, സ്പാനിഷ് ഭാഷകളില്‍ ലഭ്യമായിരുന്നുവെന്നുമുള്ള പ്രസിദ്ധ സാഹിത്യചരിത്രകാരന്‍ ലോറന്‍സ് കോര്‍നാഡിന്റെ (Lawrence Cornad) വാക്യം ഉദ്ധരിച്ച ശേഷം സമാര്‍ അത്താര്‍ എഴുതുന്നു: ''ലോറന്‍സ് പറയുന്ന എണ്ണമറ്റ പരിഭാഷകളും പണ്ഡിതോചിത ഗ്രന്ഥങ്ങളും ഉള്ളതോടൊപ്പം, ഇബ്‌നുതുഫൈലിനെ ആധുനിക യൂറോപ്യന്‍ ചിന്തയുടെ മധ്യത്തില്‍ ന്യായാനുസൃതമായി അധിഷ്ഠിക്കുന്ന ഒരു ഗ്രന്ഥവും ഇല്ലെന്ന് തന്നെ പറയാം. പാശ്ചാത്യസൈദ്ധാന്തികര്‍ ആധുനിക യൂറോപ്പിന്റെ മേലുള്ള അദ്ദേഹത്തിന്റെ അഗാധ സ്വാധീനം കണ്ടില്ലെന്ന് നടിക്കുന്നത് തുടരുന്നു. യൂറോപ്യന്‍ തത്വചിന്തകരുടെയും എഴുത്തുകാരുടെയും സാത്വിക മാര്‍ഗദര്‍ശികളുടെയും കൂട്ടത്തില്‍ ഒരാളായ ഇബ്‌നുതുഫൈല്‍ ചരിത്രത്തിന്റെ കുപ്പത്തൊട്ടിയില്‍ കുഴിച്ചുമൂടപ്പെട്ടു. അദ്ദേഹത്തിന്റെ ഗ്രന്ഥം- ഹയ്യ്ബ്‌നുയഖ്‌ളാന്‍-900 വര്‍ഷങ്ങള്‍ അതിജീവിച്ചു.  പക്ഷേ ഓറിയന്റലിസ്റ്റ് പഠനങ്ങളുടെ ഗറ്റോകളില്‍ മാത്രം. യഖ്‌ളാനില്‍നിന്ന് സ്വതന്ത്രമായി കടം വാങ്ങിയവര്‍ ഒന്നുകില്‍ അവരുടെ കടപ്പാടിനെക്കുറിച്ച് വ്യത്യസ്ത കാരണങ്ങളാല്‍ നിശ്ശബ്ദരാവുകയോ അല്ലെങ്കില്‍ ഈ അറബി ഗ്രന്ഥത്തില്‍ നിന്നാണവര്‍ ഉദ്ധരിക്കുന്നതെന്നവര്‍ അറിയുകയോ ചെയ്തില്ല'' (വൈറ്റല്‍ റൂട്ട്‌സ് - അധ്യായം 1, പേജ് 2).

         ദൈവം, പ്രകൃതി, മനുഷ്യന്‍, സമൂഹം, ചരിത്രം എന്നിവയെക്കുറിച്ച പാശ്ചാത്യ ചിന്തയിലെ നെടുംതൂണുകളായി അറിയപ്പെടുന്നവരുടെ ആശയങ്ങളൊക്കെ അവരുടെ സ്വന്തമാണെന്നും ആരോടും ഒരു കടപ്പാടുമില്ലെന്നുമുള്ള നിലപാടാണവര്‍ സ്വീകരിച്ചതെന്ന് അത്താര്‍ തുടര്‍ന്നു പറയുന്നു. പാശ്ചാത്യേതര, വിശിഷ്യ അറബികളെയും മുസ്‌ലിംകളെയും അന്യരും പരദേശീയരുമായി കരുതുന്നു. ഈ ചിന്താഗതിയുടെ അഥവാ പാശ്ചാത്യ പോരിമയുടെയും അന്യരുടെ തമസ്‌കരണത്തിന്റെയും അപ്പോസ്തലനാണ് സാമുവല്‍ ഹണ്ടിംഗ്ട്ടന്‍. 'നാഗരികതകളുടെ സംഘട്ടനവും ലോകക്രമത്തിന്റെ പുനര്‍നിര്‍മാണവും' (The Clash of Civilisations and the Remaking of the World Order) എന്ന ഗ്രന്ഥത്തിലൂടെ ഹണ്ടിംഗ്ട്ടന്‍ ലോകമാകെ വന്‍ വിവാദങ്ങള്‍ ഇളക്കിവിട്ടു. ''പാശ്ചാത്യ നാഗരികത മറ്റ് നാഗരികതകളില്‍നിന്ന് വ്യത്യസ്തമാണ്. അതൊരു വികസിത നാഗരികത മാത്രമല്ല, അതിന്റെ മൂല്യങ്ങളും സ്ഥാപനങ്ങളുമെല്ലാം വ്യതിരിക്തമാണ്. ഏറ്റവും പ്രധാനമായി അതുള്‍ക്കൊള്ളുന്നത് ക്രൈസ്തവത, ബഹുസ്വരത, വ്യക്തിമാഹാത്മ്യവാദം (Individualism), നിയമാനുസൃത ഭരണം (Rule of Law) എന്നിവയാണ്. ആധുനികത(Modernity)യെ കണ്ടെത്താനും ലോകത്തുടനീളം അതിന് വ്യാപനം നല്‍കാനും മറ്റു സമൂഹങ്ങളുടെ അസൂയക്ക് കാരണമാകാനും മേല്‍ തത്ത്വങ്ങളിലൂടെ പാശ്ചാത്യലോകത്തിന് സാധ്യമായി - ആകപ്പാടെ നോക്കിയാല്‍ ഈ സവിശേഷതകള്‍ പാശ്ചാത്യര്‍ക്ക് മാത്രമുള്ളതാണ്'' (The Clash of Civilisations - Page 54, 55). 

         തുടര്‍ന്ന് ഹണ്ടിംഗ്ട്ടന്‍ തന്റെ ആശയങ്ങളുമായി പൂര്‍ണമായും പൊരുത്തമുള്ള Arthur Schlesinger Jr. നെ ഉദ്ധരിക്കുന്നു. ''...വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയ ജനാധിപത്യം, നിയമഭരണം, മനുഷ്യാവകാശങ്ങള്‍, സാംസ്‌കാരിക സ്വാതന്ത്ര്യം........ ഇവയൊക്കെ യൂറോപ്യന്‍ ആദര്‍ശങ്ങളാണ്. ഏഷ്യനല്ല, ആഫ്രിക്കനല്ല, മധ്യപൗരസ്ത്യനല്ല....'' (അതേപുസ്തകം പേജ് 55). 

         കിഴക്കും പടിഞ്ഞാറും തമ്മിലുള്ള, വിശിഷ്യ, മുസ്‌ലിം ലോകവും പാശ്ചാത്യ ലോകവും തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടക്കുകയാണ് ഹണ്ടിംഗ്ട്ടനും സമാന ചിന്താഗതിക്കാരും ചെയ്യുന്നത്. ഇബ്‌നുതുഫൈലാകട്ടെ ഇബ്‌നുയഖ്‌ളാനിലൂടെ ശാന്തിദായകമായ സഹവര്‍ത്തിത്വത്തിന്റെ (മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, മറ്റു ജീവികള്‍ക്കിടയിലും) ഏറ്റവും നല്ല മാതൃകയാണ് മാനുഷ്യകത്തിന് കാഴ്ച വെക്കുന്നത്. ഇബ്‌നുയഖ്‌ളാന്റെ ഇന്ത്യന്‍ ദ്വീപിലെ-ശ്രീലങ്ക-ജീവിതം അതാണ് വരച്ചുകാട്ടുന്നത്. ഹണ്ടിംഗ്ട്ടനെ പോലുള്ളവരുടെ കൃതികള്‍ വായിക്കുന്ന ഒരാള്‍ക്ക്, പാശ്ചാത്യരുടെ പേരുകേട്ട, അവര്‍ കൊട്ടിഘോഷിക്കുന്ന വസ്തുനിഷ്ഠതയും (Objectivity) സത്യാന്വേഷണമനോഭാവവും നിഷ്പക്ഷതയും അവര്‍ പാടെ കളഞ്ഞുകുളിച്ചു എന്നു തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. 

         മറുവശത്ത് മാനുഷ്യകത്തിന് മുസ്‌ലിംകളും അറബികളും ചെയ്ത സംഭാവനകള്‍ വിലയിരുത്തുന്നവരും അംഗീകരിക്കുന്നവരുമുണ്ട്. ഒന്നാംകിട മാനവിക ചിന്തകനായ ജോര്‍ജ് സാര്‍ട്ടന്‍ തന്റെ ബൃഹത്തും ശാശ്വതസ്വഭാവമുള്ളതുമായ 'ശാസ്ത്രചരിത്രത്തിനൊരു മുഖവുര' (Introduction to the Hisotry of Science) എന്ന ഗ്രന്ഥത്തില്‍ ജൂത-ക്രൈസ്തവ-മുസ്‌ലിം പണ്ഡിതന്മാരുടെ സംഭാവനകളും യൂറോപ്യന്‍ നാഗരികത കെട്ടിപ്പടുക്കാന്‍ അതെങ്ങനെ സഹായകമായി എന്നും വിശദീകരിക്കുന്നുണ്ട്. അവസെന്ന, അവറോസ്, ഇബ്‌നുബാജ തുടങ്ങിയ മുസ്‌ലിം തത്വചിന്താ നായകന്മാരെ പരാമര്‍ശിച്ച കൂട്ടത്തില്‍ ഇബ്‌നുതുഫൈലിനെയും എടുത്തുപറയുകയും അദ്ദേഹത്തിന്റെ നൂതനവും അനന്യവുമായ തത്ത്വശാസ്ത്രഭാവനാ ശില്‍പത്തെ-ഹയ്യ്ബ്‌നു യഖ്‌ളാനെ - പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. റോബിന്‍സന്‍ ക്രൂസോയുമായി വളരെ സാമ്യമുള്ള വ്യക്തിത്വമാണ് ഹയ്യ്ബ്‌നു യഖ്‌ളാനെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സത്യാന്വേഷണം ഒരു പ്രത്യേക വിഭാഗത്തിനോ വര്‍ഗത്തിനോ ദേശത്തിനോ പരിമിതപ്പെടുത്താവതല്ല. ഭൂതകാലത്തെ ഒന്നായി-ഒരു ഘട്ടം മാത്രമല്ല-എടുക്കുകയാണെങ്കില്‍ അതില്‍ എല്ലാ വിഭാഗത്തിലുംപെട്ട ആളുകള്‍ പങ്കാളികളാണെന്ന് കാണാം. കിഴക്കും  പടിഞ്ഞാറും തമ്മിലുള്ള വൈരുധ്യത്തെ നിരാകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'മാനുഷ്യകത്തിന്റെ ഏകത്വം കിഴക്കും പടിഞ്ഞാറും ഉള്‍ക്കൊള്ളുന്നു (വൈറ്റല്‍ റൂട്ട്‌സ്-അധ്യായം 1, പേജ്:6).

റോബിന്‍സന്‍ ക്രൂസോയും ഹയ്യ്ബ്‌നു യഖ്‌ളാനും 

         യൂറോപ്യന്‍ തത്വശാസ്ത്ര-സാഹിത്യ മണ്ഡലത്തില്‍ ഉത്തുംഗതയില്‍ വിരാജിക്കുന്ന റോബിന്‍സന്‍ ക്രൂസോയും ഹയ്യ്ബ്‌നു യഖ്‌ളാനും തമ്മിലുള്ള താരതമ്യം താല്‍പര്യജനകവും വിജ്ഞാനദായകവുമായിരിക്കും. 1719-ല്‍ The Life and Strange Surprizing Adventures of Robinson Crusoe (റോബിന്‍സന്‍ ക്രൂസോയുടെ ജീവിതവും വിചിത്ര-വിസ്മയകരമായ വീരസാഹസികതകളും) എന്ന പേരില്‍ പ്രസിദ്ധീകൃതമായ ഗ്രന്ഥം പോലെ അപൂര്‍വം ഗ്രന്ഥങ്ങളേ പൗരാണിക മഹാസാഹിത്യകൃതി (Classic) എന്ന പദവിയിലേക്കുയര്‍ന്നിട്ടുള്ളൂ എന്ന് തോമസ് കൈലര്‍ (Thomas Keyler) ക്രൂസോവിനെ അപഗ്രഥിച്ചുകൊണ്ടെഴുതിയ തന്റെ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ പറയുന്നു. ബ്രിട്ടീഷ് ലൈബ്രറി കാറ്റലോഗില്‍ ലിസ്റ്റ് ചെയ്തപോലെ എഴുനൂറിലധികം പതിപ്പുകളും എണ്ണമറ്റ പരിഭാഷകളും ഈ കൃതിക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു വിചിത്ര സാഹസിക കഥ, സാമ്രാജ്യത്വ വികസനത്തെക്കുറിച്ച പ്രവചനം, രാഷ്ട്രീയ പരാജയത്തിന്റെ ഒരു അന്യാപദേശം (Allegory), സാമ്പത്തിക വ്യക്തിമാഹാത്മ്യവാദത്തിന്റെ (Economic Individualism) ഒരിതിഹാസം, ഒരു വിദേശീയ ആത്മകഥ തുടങ്ങിയ നിരവധി തലങ്ങളില്‍ റോബിന്‍സന്‍ ക്രൂസോയെ വിലയിരുത്താമെന്നും തോമസ് കൈലര്‍ പറയുന്നു. കാള്‍ മാര്‍ക്‌സ് തന്റെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ വിരചിച്ചപ്പോള്‍, റോബിന്‍സന്‍ ക്രൂസോയുടെ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചതായി നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട് (Introduction - Page 8).

         ഹയ്യ്ബ്‌നു യഖ്‌ളാനും റോബിന്‍സന്‍ ക്രൂസോയും തമ്മിലുള്ള താരതമ്യത്തിലേക്ക് കടക്കുന്നതിന് മുമ്പ് ക്രൂസോയുടെ കര്‍ത്താവ് ഡാനിയല്‍ ഡിഫോയെ (Daniel Defo)സ്വല്‍പം പരിചയപ്പെടേണ്ടതുണ്ട്. ലോക രാഷ്ട്രീയരംഗത്ത് അപ്രവചനീയവും ഗൗരവാവഹവും അഭൂതപൂര്‍വവുമായ സംഭവങ്ങള്‍ അരങ്ങേറുന്ന ഒരു ഘട്ടത്തിലാണ് ഡാനിയല്‍ ഡിഫോയുടെ ജനനം-1660 ല്‍. ഉഥ്മാനി സാമ്രാജ്യം അതിന്റെ ദ്വിഗ്വിജയങ്ങളുടെ പരിസമാപ്തിയിലെത്തുകയായിരുന്നു. ഉഥ്മാനി സൈന്യങ്ങള്‍ ആസ്ട്രിയയിലെ വിയന്നയെ വളഞ്ഞുപിടിച്ച സന്ദര്‍ഭം-1683. ഇംഗ്ലണ്ടില്‍ ഒരു കോഫിഹൗസ് ഉണ്ടായിരുന്നു. കോഫി കുടിക്കുക മാത്രമല്ല, ലോകവിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന ഒരു ആസ്ഥാനമായിരുന്നു അത് (വിശദത്തിന് മാര്‍ക്കം എല്ലിസ് (Markman Ellis) എഴുതിയ കോഫി ഭവനം-ഒരു സാംസ്‌കാരിക ചരിത്രം (The Coffee House-a Cultural History) എന്ന ഗ്രന്ഥം നോക്കുക). അവിടം സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ഉഥ്മാനി സാമ്രാജ്യത്വത്തിന്റെ അനുസ്യൂത വികാസം ചര്‍ച്ചാവിഷയമാകുമെന്ന് പറയേണ്ടതില്ലല്ലോ. ഡിഫോ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നിരിക്കണം.

         ഒരു ഭൗമ-രാഷ്ട്രീയ (Geo-Political) വശമുണ്ടായിരുന്നു അവരുടെ കൂടിച്ചേരലില്‍. ഇല്ലിസ് പറഞ്ഞു: ''ഓട്ടോമന്‍സി(ഉഥ്മാനി)നെക്കുറിച്ച് കൂടുതലറിയാന്‍ അവര്‍ തല്‍പരരായി. ഇസ്‌ലാമിനെക്കുറിച്ചും ഇസ്‌ലാമിക വിജ്ഞാനീയത്തെക്കുറിച്ചും അറിയാനുള്ള ജിജ്ഞാസ അതിന്റെ ഭാഗമായിരുന്നു.... ചര്‍ച്ചിനോടും ബ്രിട്ടീഷ് രാജത്വത്തോടും ഇടഞ്ഞുനിന്ന ഒരു വ്യക്തിത്വമായിരുന്നു ഡിഫോ-ഒരു സാക്ഷാല്‍ വിമതന്‍.'' 

         1719-ലാണ് റോബിന്‍സന്‍ ക്രൂസോ എന്ന തന്റെ സുപ്രസിദ്ധ തത്വശാസ്ത്ര നോവല്‍ ഡിഫോ എഴുതി പ്രസിദ്ധീകരിക്കുന്നത്, ഡിഫോയുടെ 59 ാം വയസ്സില്‍. നോവലിന്റെ ഇതിവൃത്തം ഇതായിരുന്നു: കപ്പലപകടത്തില്‍പെട്ട് ഒരു ദ്വീപിലേക്കെടുത്തെറിയപ്പെട്ട ഒരാള്‍-അദ്ദേഹത്തിന്റെ ഏകാന്തതയും സഹജാവബോധവും അദ്ദേഹത്തെ മതസത്യത്തിലേക്ക് നയിക്കുന്നു (ഇബ്‌നുയഖ്‌ളാന്റെ അതേ അനുഭവം). റോബിന്‍സന്‍ ക്രൂസോയുടെ പാത്രനിര്‍മിതിയെ ഹയ്യ്ബ്‌നു യഖ്‌ളാന്‍ നേരിട്ട് സ്വാധീനിക്കുന്നതായി തോമസ് കെയ്‌ലര്‍ വാദിക്കുന്നുണ്ട് (Introduction -Page 23). യഖ്‌ളാനും ക്രൂസോയും രണ്ടുപേരും അപകടത്തില്‍പ്പെട്ട കപ്പലില്‍ ഒരു ദ്വീപിലെത്തിപ്പെട്ട ഭാവനാത്മക വ്യക്തിത്വങ്ങളായിരുന്നു. നോവല്‍ കര്‍ത്താക്കളായ ഡിഫോവിന്റെയും ഇബ്‌നുതുഫൈലിന്റെയും ഭാവനകള്‍ ആ വിഷയത്തില്‍ ഒരുമിക്കുന്നുണ്ട്; വിശദാംശങ്ങളിലും ഓരോ നോവലും സമര്‍പ്പിക്കുന്ന പാഠങ്ങളിലും വമ്പിച്ച വ്യത്യാസങ്ങളുണ്ടെങ്കിലും. 

         യഖ്‌ളാനും ക്രൂസോയും തമ്മില്‍ നിരവധി ഇതിവൃത്ത തുല്യതകള്‍ കണ്ടെത്താനാവും. ഗുഹാവാസി, മൃഗതൊലി വസ്ത്രധാരി തുടങ്ങിയവക്കുപുറമെ ക്രൂസോയുടെ തത്ത്വചിന്താ വിചിന്തനങ്ങളില്‍ യഖ്‌ളാനിന്റെ തത്ത്വവിചാരങ്ങള്‍ അഗാധമായി പ്രതിധ്വനിക്കുന്നതായും അനുഭവപ്പെടും. ഏകാന്തമായ കടല്‍ക്കരയിലിരുന്ന് യഖ്‌ളാനും അദ്ദേഹത്തിന്റെ മുമ്പും പിമ്പുമുള്ള തത്ത്വചിന്തകന്മാരും ചോദിച്ച അതേ ചോദ്യങ്ങള്‍ ക്രൂസോയും ചോദിച്ചു: ഈ ഭൂമിയും കടലും അതിലടങ്ങിയ മനുഷ്യരും അവരല്ലാത്ത മറ്റു ജീവികളുമൊക്കെ എവിടെനിന്ന് വന്നു, എങ്ങോട്ടുപോകുന്നു, അവക്കൊരു സൃഷ്ടികര്‍ത്താവുണ്ടോ, ഉണ്ടെങ്കില്‍ ആര്?

         സമാര്‍ അത്താര്‍ പറയുന്നു: ''ഇബ്‌നുതുഫൈലിന്റെയും ഡിഫോയുടെയും ഗ്രന്ഥങ്ങള്‍ പല സവിശേഷതകളും പങ്കുവെക്കുന്നുണ്ട്. സമൂഹം, ചരിത്രം, പാരമ്പര്യം എന്നിവകളില്‍ നിന്ന് മുക്തമായി ഒരു പ്രകൃതിദത്താവസ്ഥയില്‍ അതിജീവിച്ചുകഴിയാനുള്ള മനുഷ്യന്റെ കഴിവിനെയാണ് രണ്ടും പ്രതിനിധീകരിക്കുന്നത്. രണ്ടും ശാസ്ത്രത്തിന്റെ അനുഭവരീതിയെ പിന്തുണക്കുകയും മനുഷ്യബുദ്ധിയുടെ ശക്തി ഊന്നിപ്പറയുകയും ചെയ്യുന്നു. സുസ്ഥാപിത മതസ്ഥാപനങ്ങളുടെയും ഔപചാരിക അധ്യാപനത്തിന്റെയും സഹായമില്ലാതെ ദൈവത്തെക്കുറിച്ച യഥാര്‍ഥ ജ്ഞാനവും മോക്ഷത്തിനാവശ്യമായ കാര്യങ്ങളും നേടാനുള്ള മനുഷ്യസാധ്യതയെ രണ്ടു ഗ്രന്ഥങ്ങളും ഊന്നിപ്പറയുന്നു.... രണ്ടും പരമ്പരാഗത മൂല്യങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യുന്നു. മതപരവും വിദ്യാഭ്യാസപരവുമായ വിഭാവനകളില്‍ നവീനാശയങ്ങള്‍ വേണമെന്ന് നിര്‍ദേശിക്കുന്നു. രണ്ടും വ്യത്യസ്ത അളവില്‍ മതസഹിഷ്ണുത, അക്രമരാഹിത്യം, വ്യത്യസ്ത വിഭാഗങ്ങളുടെ അനുയായികള്‍ തമ്മിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങള്‍ക്കുവേണ്ടി വാദിക്കുന്നു'' (വൈറ്റല്‍ റൂട്ട്‌സ്, പേജ്:21).

ജീവിതപശ്ചാത്തലങ്ങള്‍ വ്യത്യസ്തം

         ചില രംഗത്തൊക്കെ ഇരുവരും തമ്മില്‍ ആശയപ്പൊരുത്തമുണ്ടെങ്കിലും ഓരോരുത്തരുടെയും ജീവിത പശ്ചാത്തലങ്ങള്‍ വ്യത്യസ്തമാണ്. ഇബ്‌നുതുഫൈല്‍ ശാസ്ത്രത്തെയും ഗവേഷണത്തെയും വിജ്ഞാനത്തെയും വിലമതിക്കുന്ന ഒരു ഭരണാധികാരിയുടെ-ഖലീഫ അബുയഅ്ഖൂബ് യൂസുഫ്-സംരക്ഷണത്തണലില്‍, ബഹുമാനാദരങ്ങളോടെ, പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യത്തോടെ, ശാന്തസുന്ദരമായ ജീവിതം നയിച്ചു. വല്ലതും അദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചെങ്കില്‍ അത് ഹയ്യ്ബ്‌നു യഖ്‌ളാന്‍ മാത്രമായിരുന്നു. ഡാനിയല്‍ ഡിഫോ ആകട്ടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാനാകാതെ വീര്‍പ്പുമുട്ടി, ജയില്‍വാസം വരിക്കേണ്ടിവന്നു. ചര്‍ച്ചിനെയും രാജത്വത്തെയും വിമര്‍ശിച്ചതിന്റെ പേരില്‍ നാടുകടത്തപ്പെട്ടു. സ്‌പെയിനിലെ കുപ്രസിദ്ധമായ മതവിചാരണയുടെയും (Inquisition) മര്‍ദനത്തിന്റെയും കാലമായിരുന്നു അത്. ചര്‍ച്ചിനോടും രാജത്വത്തോടും വിയോജിച്ച് ശാസ്ത്രത്തിനുവേണ്ടി പോരാടിയവര്‍ ജീവനോടെ ചുട്ടുകൊല്ലപ്പെട്ടു. 3000 മുതല്‍ 50,000 പേര്‍ വരെ കുരുതി കൊടുക്കപ്പെട്ടു.

         ഇസ്‌ലാമിക ചരിത്രത്തില്‍ ഒരിടത്തും അത്തരം ഒരനുഭവമില്ല. രാഷ്ട്രീയകാരണങ്ങള്‍ക്കുവേണ്ടി മുസ്‌ലിംകള്‍ തമ്മിലടിക്കുകയും രക്തക്കളങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ശാസ്ത്രത്തിനും വിജ്ഞാനത്തിനും വേണ്ടിയുള്ള ജിഹാദില്‍ അവര്‍ക്ക് മര്‍ദന-പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നില്ല. ഖലീഫ അബൂയഅ്ഖൂബ് യൂസുഫിന്റെ രാജധാനിയിലെത്തിയ അവറോസിനെ (ഇബ്‌നുറുഷ്ദ്) ഇബ്‌നുതുഫൈലിന്റെ സാന്നിധ്യത്തില്‍ രാജാവ് ഒരു മഹാചോദ്യവുമായി വെല്ലുവിളിച്ചു. പ്രപഞ്ചം കാലാകാലമായി നിലനില്‍ക്കുന്ന ഒന്നാണോ (അഥവാ സ്വയംഭൂവാണോ), അതല്ല ഇല്ലായ്മയില്‍നിന്ന് സൃഷ്ടിക്കപ്പെട്ടതോ? ആശങ്കാഭരിതനായ അവറോസ് ഉത്തരം പറയാതെ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചു. അദ്ദേഹം ഇബ്‌നുതുഫൈലുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അരിസ്റ്റോട്ടില്‍, പ്ലാറ്റോ, മുസ്‌ലിം തത്വശാസ്ത്രജ്ഞര്‍ എന്നിവരെക്കുറിച്ച് അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. രാജാവ് അവറോസിനെ കുറ്റപ്പെടുത്തിയില്ല. അതോടെ അദ്ദേഹം ചര്‍ച്ചയില്‍ ഭയമേതുമില്ലാതെ പങ്കാളിയായി. തന്റെ അഭിപ്രായങ്ങള്‍  സ്വതന്ത്രമായി പ്രകടിപ്പിക്കാനാവുമെന്ന് അദ്ദേഹത്തിന് ബോധ്യമായി. മുസ്‌ലിം നാടുകളിലുണ്ടായിരുന്ന ഈ സ്വാതന്ത്ര്യം ചര്‍ച്ചിന്റെ ആധിപത്യത്തില്‍ എവിടെയും ലഭ്യമായിരുന്നില്ല. 

ഗസ്സാലിയോടെ മുസ്‌ലിം ശാസ്ത്ര മുന്നേറ്റം 

അസ്തമിച്ചുവോ?

         അങ്ങനെ വാദിക്കുന്നവരുണ്ട്. ശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ ഒരാള്‍ അങ്ങനെ വാദിക്കുമെന്ന് ഊഹിക്കാമോ? പക്ഷേ, സ്റ്റീവന്‍ വൈന്‍ബര്‍ഗ് പറഞ്ഞു: ''ഗസ്സാലിക്ക് ശേഷം എടുത്തുപറയത്തക്ക ശാസ്ത്രമൊന്നും മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഉണ്ടായിട്ടില്ല.'' ഗസ്സാലിയെക്കുറിച്ച് ധാരാളം പഠിച്ച മറ്റൊരു പാശ്ചാത്യനിരൂപകനാണ് ഏണസ്റ്റ് റിനാന്‍ (Ernst Renan). ഗസ്സാലിയുടെ സൂഫി പ്രവണതയാണ് റിനാനെ ചൊടിപ്പിച്ചത്. സൂഫിയായി മാറിയ ഗസ്സാലി ശാസ്ത്രത്തിന്റെയും ബുദ്ധിയുടെയും സ്ഥാനം തമസ്‌കരിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. യുക്തിയെ (Reason) വെല്ലാന്‍ വേണ്ടി മാത്രം ഒരുപകരണമായി മതം ആശ്ലേഷിച്ച വിസ്മയബുദ്ധികളില്‍ ഒരാളായിരുന്നു ഗസ്സാലിയെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രവും തത്ത്വശാസ്ത്രവും പ്രോത്സാഹിപ്പിച്ച ചില അബ്ബാസി ഖലീഫമാരുണ്ടെങ്കിലും അവര്‍ മുസ്‌ലിംകളായിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. അവറോസ്, ഇബ്‌നുതുഫൈല്‍, ഇബ്‌നുബാജ തുടങ്ങി അനിഷേധ്യരും ലോകാംഗീകൃതരുമായ എത്ര ശാസ്ത്രജ്ഞരാണ് ഗസ്സാലിക്ക് ശേഷം രംഗപ്രവേശം ചെയ്തത്! വിജ്ഞാനത്തിനും വിവിധ ശാസ്ത്രശാഖകള്‍ക്കും അവര്‍ ചെയ്ത സംഭാവനകള്‍ തമസ്‌കരിക്കാന്‍ ആര്‍ക്കു കഴിയും? അരിസ്റ്റോട്ടിലിനെക്കുറിച്ച് അവറോസ് വിശദമായ വ്യാഖ്യാനങ്ങളെഴുതിയിരുന്നില്ലെങ്കില്‍ യൂറോപ്പിന്റെ നവോത്ഥാനം പിറകോട്ടുപോയേനേ. 

         സ്റ്റീവന്‍ വെന്‍ബര്‍ഗ് (Steven Weinberg), റെനാന്‍ (Renan) പ്രഭൃതികളുടെ വാദങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി മിഗില്‍ യൂനിവേഴ്‌സിറ്റി പ്രഫസറായ ജമീല്‍ റാഗേബ് (Jamil Rageb) എഴുതിയ ലേഖനം അവസാനിക്കുന്നതിങ്ങനെയാണ്: ''മറ്റെല്ലാ ശാസ്ത്രീയ പാരമ്പര്യങ്ങള്‍ക്കുമെന്നപോലെ ഇസ്‌ലാമിക ശാസ്ത്രവും തുടര്‍ന്നുവന്ന സാമൂഹിക-രാഷ്ട്രീയ-മതകീയ പശ്ചാത്തലങ്ങളുമായി സംവദിക്കുകയും ഗസ്സാലിക്കുശേഷവും അത് തുടരുകയും ചെയ്തിട്ടുണ്ട്..... അരിസ്റ്റോട്ടലിയന്‍ നാച്വറല്‍ ഫിലോസഫിക്കെതിരെയുള്ള ഗസ്സാലിയുടെ വാദങ്ങള്‍, വൈന്‍ബര്‍ഗ് തന്നെ അതീവ ആകര്‍ഷണീയമായി കാണുന്ന വാദങ്ങള്‍, പിന്നീട് വ്യത്യസ്ത മുസ്‌ലിം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പ്രാപഞ്ചിക വിജ്ഞാനീയങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രധാന ഘടകമായിരുന്നു. കോപ്പര്‍ നിക്കസിന്റെയും മറ്റു ആദ്യകാല മോഡേണ്‍ യൂറോപ്യന്‍മാരുടെയും മേല്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അലിഖുഷ്ജി (Aliqushji)പതിനഞ്ചാം നൂറ്റാണ്ട് -ഇക്കൂട്ടത്തില്‍ ഒരാളാണ്.''ഒരുവശത്ത് ഗസ്സാലിയുടെ ബുദ്ധിരാക്ഷസീയതക്ക് മുമ്പില്‍ തലകുനിക്കാന്‍ നിര്‍ബന്ധിതരാവുകയും മറുവശത്ത് അദ്ദേഹത്തിന് ശേഷവും നൂറ്റാണ്ടുകളോളം അദ്ദേഹം കൊളുത്തിവിട്ട ശാസ്ത്രീയചിന്താസരണിയുടെ അനുസ്യൂതപ്രവാഹം നിരാകരിക്കുകയുമാണ് വൈന്‍ബര്‍ഗ്, റെനാന്‍ പ്രഭൃതികള്‍ ചെയ്യുന്നത്.

         ഇനിയെന്ത്? 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു' പല്ലവി പാടിയിട്ട് കാര്യമില്ല. ടി. മുഹമ്മദ് സാഹിബ് ഒരിക്കലെഴുതിയ പോലെ, വീരപ്രസുവായ മുസ്‌ലിം സമുദായം വന്ധ്യയായിട്ട് കാലം കുറെയായി. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രക്ഷാകര്‍ത്താക്കള്‍ക്ക് മക്കളെ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും മറ്റുമാക്കാനേ താല്‍പര്യമുള്ളൂ; ഇപ്പോള്‍ ഇന്റര്‍നെറ്റ് എക്‌സ്പര്‍ട്ടുകളാക്കാനും. മനുഷ്യവിജ്ഞാനീയങ്ങളില്‍ (Humanities) താല്‍പര്യമെടുക്കുന്നവര്‍ ദുര്‍ല്ലഭം. ഈ രംഗത്ത് ഡോക്ടര്‍ ബിലാല്‍ ഇബ്‌റാഹിം ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഇമാം ഫഖ്‌റുദ്ദീന്‍ റാസി മാനവികതക്ക് നല്‍കിയ സംഭാവനകളെ പുറത്തുകൊണ്ടുവന്ന് അദ്ദേഹം അക്കാദമിക വൃത്തങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു. ഗസ്സാലിക്ക് ശേഷം മുസ്‌ലിം ചിന്ത ചരമം പ്രാപിച്ചുവെന്ന ധിഷണാരംഗത്തെ പാശ്ചാത്യപ്രചാരണത്തെ അദ്ദേഹം വെല്ലുവിളിച്ചു. ഇത്തരം സാഹസിക ഗവേഷണയജ്ഞങ്ങള്‍ക്ക് മുസ്‌ലിം യുവാക്കളില്‍ കുറച്ചുപേരെങ്കിലും തയാറാകണം. മെസ്സഞ്ചര്‍ ഓഫ് മെഴ്‌സി ഫൗണ്ടേഷന്‍ ഈ വിഷയകമായി ഒരു അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. ഹ്യൂമാനിറ്റീസില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള ഫണ്ട് വിജയികള്‍ക്ക് ഫൗണ്ടേഷന്‍ നല്‍കും (അപേക്ഷകള്‍ messengerofmercy@yahoo.com എന്ന വിലാസത്തില്‍ അയക്കുക).  

(അവസാനിച്ചു)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 128-130
എ.വൈ.ആര്‍