Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 13

കുരിശ് മനസ്സ്

'ക്രൈസ്തവര്‍ വിപ്ളവകാരികളോ ഭീകരവാദികളോ ആകില്ല' (സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി/മാധ്യമം 17-7-2011).
ക്രൈസ്തവര്‍ക്ക് വേണ്ടിയല്ലേ ക്രൈസ്തവ രാഷ്ട്രങ്ങളായ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഇറാഖ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ അധിനിവേശം നടത്തുന്നതും അവിടങ്ങളിലെ ജനങ്ങളെ കൊന്നൊടുക്കുന്നതും? പിന്നെ, നാറ്റോ സഖ്യം എന്ന് പറയുന്നതും കുരിശ് സൈനികരല്ലേ? യഥാര്‍ഥത്തില്‍ ഇവിടെ ക്രൈസ്തവരും ക്രിസ്തുമതവും അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതോടൊപ്പം യാതൊരു ചീത്തപ്പേരും സമ്പാദിക്കാതെ രക്ഷപ്പെടുകയല്ലേ? ഇസ്ലാമാണെങ്കില്‍ ഭീകരതയുടെ മതവും മുസ്ലിംകളെല്ലാം ഭീകരരുമാണല്ലോ?
നാസര്‍ വെളിയങ്കോട്

 


വര്‍ത്തമാനകാലത്തെ സാമ്രാജ്യത്വവും നവകൊളോണിയലിസവും ക്രൈസ്തവ മതാധിഷ്ഠിതമാണെന്ന് പറയാനാവില്ല. അമേരിക്കയും കൂട്ടാളികളും നടത്തുന്ന അധിനിവേശം കേവലം മതപ്രേരകവുമല്ല. അതേയവസരത്തില്‍ സയണിസവും ഇവാഞ്ചലിസവും നവകൊളോണിയലിസത്തിന്റെ അന്തര്‍ധാരകളായി വര്‍ത്തിക്കുന്നു എന്ന വസ്തുത അവഗണിക്കാനോ നിഷേധിക്കാനോ പറ്റില്ല. 'ഇസ്ലാമിക് ടെററിസം' എന്ന പേരിട്ട് വിളിച്ച് അതിനെതിരെ പ്രഖ്യാപിച്ച യുദ്ധത്തെ കുരിശ് യുദ്ധം എന്ന് വിശേഷിപ്പിച്ച ജോര്‍ജ് ഡബ്ള്യു ബുഷിന്റെ വാക്കുകള്‍ പിന്നീട് വൈറ്റ് ഹൌസ് ചെറുതായി മിനുക്കിയെങ്കിലും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ നടപടികള്‍ കുരിശുയുദ്ധ മനസ്സ് പ്രകടമാക്കുന്നത് തന്നെയായിരുന്നു. അധിനിവേശത്തിനു ശേഷം അധികം കഴിയാതെ യു.എസ് സുവിശേഷകര്‍ കൂട്ടത്തോടെ ഇറാഖിലെത്തിയ കഥയും അവരുടെ പ്രതികരണങ്ങളും ടൈം വാരിക തന്നെ കവര്‍സ്റോറിയായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ അഫ്ഗാനിസ്താന്‍, ഇറാഖ് മേഖലകളിലെല്ലാം ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജിതവും ആസൂത്രിതവുമായി നടക്കുന്നു. മുസ്ലിം രാജ്യമായ സുഡാന്റെ ദക്ഷിണ മേഖലയില്‍ ഇവാഞ്ചലിസ്റുകള്‍ അമേരിക്കന്‍ സഹായത്തോടെയും പിന്തുണയോടെയും നടത്തിയ നിരന്തര പോരാട്ടമാണ് ഒടുവില്‍ അതിനെ സ്വതന്ത്ര രാഷ്ട്രമാക്കി വേര്‍പ്പെടുത്തുന്നതില്‍ കലാശിച്ചത്. അമേരിക്കയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍ച്ചേര്‍ന്ന നാറ്റോ സൈന്യത്തിലും കുരിശുയുദ്ധ മനസ്സുകള്‍ ഇല്ല എന്ന് പറയാന്‍ സാധ്യമല്ല. ഏറ്റവും പുതുതായി നോര്‍വയെ ഞെട്ടിച്ച ഭീകര സ്ഫോടനത്തിന്റെ പിന്നില്‍ നവ നാസിസ്റ്-തീവ്ര ക്രിസ്ത്യന്‍ സംഘടനകളാണെന്ന് വെളിപ്പെട്ടുകഴിഞ്ഞു. യൂറോപ്പില്‍ നിന്ന് ഇസ്ലാമിന്റെ ഉന്മൂലനമാണ് അവരുടെ ലക്ഷ്യമെന്നും വ്യക്തമായി. ഫ്രാന്‍സ്, ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ ശക്തിപ്പെട്ടുവരുന്ന ഹിജാബ് വിരോധത്തിന്റെ പിന്നില്‍ സത്യത്തില്‍ പുരോഗമന ചിന്തയേക്കാളേറെ മതപരമായ അസഹിഷ്ണുതയാണ് പ്രവര്‍ത്തിക്കുന്നത്. നാറ്റോ അംഗ രാഷ്ട്രമായ തുര്‍ക്കിയില്‍ മഹാ ഭൂരിപക്ഷം വരുന്ന മുസ്ലിംകള്‍ അത്താതുര്‍ക്കിന്റെ തീവ്ര മതേതരത്വത്തെ മറികടന്ന് ഇസ്ലാമിനോടാഭിമുഖ്യമുള്ള പാര്‍ട്ടികളെ ജനാധിപത്യത്തിലൂടെ അധികാരത്തിലേറ്റുമ്പോള്‍ അതിന് സ്ഥിരമായി തടയിടുന്നത് സൈന്യമാണ്. സൈന്യത്തില്‍ നുഴഞ്ഞുകയറി തലപ്പത്തെത്തിയ സയണിസ്റ്-ഇവാഞ്ചലിസ്റ് ശക്തികളുടെ നിഗൂഢ പ്രവര്‍ത്തനങ്ങളാണ് ഇതിന് നിമിത്തമാവുന്നത് എന്നാണ് സൂക്ഷ്മ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ചുരുക്കത്തില്‍, മതസ്പര്‍ധയും കുരിശുയുദ്ധ മനസ്സും ഗതകാല സ്മരണകളല്ല, വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളാണെന്ന് ചിന്തിക്കാന്‍ സാഹചര്യങ്ങള്‍ പ്രേരിപ്പിക്കുന്നു. അതേസമയം തീവ്രവാദത്തിന്റെയും ഭീകരതയുടെയും കുത്തക ഇസ്ലാമിന്റെ പേരില്‍ വെച്ചുകെട്ടി സായൂജ്യമടയുകയാണ് സാമ്രാജ്യത്വവും അത് നിയന്ത്രിക്കുന്ന മീഡിയയും. മുസ്ലിം ബുദ്ധിജീവികള്‍ പോലും ഈ പ്രചാരണ തന്ത്രത്തില്‍ വീണുപോവുന്നു എന്നതാണ് ദുഃഖകരം.

മോരും മുതിരയും
 ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി ദാര്‍ശനിക ബന്ധം പുലര്‍ത്തിവരുന്നുണ്ട്. പക്ഷേ, ലോക ഇസ്ലാമിക ചലനങ്ങളും ഇന്ത്യന്‍ ജമാഅത്തിന്റെ നിലപാടുകളും 'മോരും മുതിരയും' പോലെ അനുഭവപ്പെടുന്നു. അറബ് ലോകത്ത് ആഞ്ഞടിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളും അവിടങ്ങളിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നിട്ടും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അതിനെ മറ്റൊരു 'ഇസ്ലാമിക വിപ്ളവ'മായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവരുന്നു. തുര്‍ക്കിയിലെ എ.കെ പാര്‍ട്ടിയും അവിടത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളും (നജ്മുദ്ദീന്‍ അര്‍ബകാന്റെ നേതൃത്വം) തമ്മില്‍ വൈരുധ്യമുണ്ട്. അവിടെ കേരളത്തിലെ മുസ്ലിം ലീഗ് പോലെയുള്ള പാര്‍ട്ടിയായ എ.കെ പാര്‍ട്ടിയെ -അഥവാ സാമുദായിക പാര്‍ട്ടിയെ- ജമാഅത്ത് ഇസ്ലാമിക പാര്‍ട്ടിയായി ഉയര്‍ത്തിക്കാണിക്കുന്നു. മുസ്ലിം ലീഗ് മലപ്പുറത്ത് തൂത്തുവാരിയത് പോലെ തുര്‍ക്കിയില്‍ എ.കെ പാര്‍ട്ടി തൂത്തുവാരി എന്നതല്ലേ യഥാര്‍ഥ വസ്തുത?
എന്‍.പി രിയാദ്


അറബ് ലോകത്ത് നടക്കുന്ന ഏകാധിപത്യ വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങള്‍ ഇസ്ലാമിക വിപ്ളവമാണെന്നോ ഇസ്ലാമിക പ്രസ്ഥാനങ്ങളാണത് നയിക്കുന്നതെന്നോ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നാല്‍, ആ പ്രക്ഷോഭങ്ങളില്‍ അതത് നാടുകളിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പങ്ക് അന്താരാഷ്ട്ര നിരീക്ഷകരും മാധ്യമങ്ങളും എടുത്തു പറഞ്ഞിട്ടുള്ളതാണ്; അക്കാര്യം ജമാഅത്തും ചൂണ്ടിക്കാട്ടുന്നു എന്നു മാത്രം. തുനീഷ്യയിലും ഈജിപ്തിലും സിറിയയിലും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സജീവ പങ്കാളികളാണ് ജനകീയ പ്രഭോക്ഷങ്ങളില്‍.
തുര്‍ക്കിയില്‍ നജ്മുദ്ദീന്‍ അര്‍ബകാന്‍ സ്ഥാപിച്ച ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സന്തതികളാണ് ഉര്‍ദുഗാനും അബ്ദുല്ലാ ഗുലും സഹപ്രവര്‍ത്തകരും. എന്നാല്‍, തീവ്ര മതേതര ഭരണഘടനയുടെ കീഴില്‍, സാമ്പ്രദായിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ശൈലി കനത്ത തിരിച്ചടികള്‍ നേരിടുന്നുവെന്ന് അര്‍ബകാന്റെ തന്നെ നിരന്തരമായ അനുഭവങ്ങളില്‍ നിന്ന് പഠിച്ചു 'പയ്യെ തിന്നാല്‍ മുള്ളും തിന്നാം' എന്ന പഴമൊഴി പോലെ പരമാവധി അവധാനപൂര്‍ണവും പ്രായോഗികവുമായ ശൈലി സ്വീകരിക്കുകയായിരുന്നു, ഉര്‍ദുഗാനും കൂട്ടുകാരും രൂപം നല്‍കിയ ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടി. അതുകൊണ്ട് നേട്ടവുമുണ്ടായി. ആ പാര്‍ട്ടി ഒരര്‍ഥത്തിലും ഒരു സാമുദായിക പാര്‍ട്ടി അല്ല. മുസ്ലിം ന്യൂനപക്ഷ രാജ്യത്ത് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന പാര്‍ട്ടിയുടെ ഒരു സ്വഭാവവും അതിനില്ല. അത് മുസ്ലിം രാജ്യമായ തുര്‍ക്കിയുടെ ദേശീയ പാര്‍ട്ടിയാണ്. അതോടൊപ്പം മുസ്ലിം രാജ്യങ്ങളിലെ ജനങ്ങളുടെ നാഡിമിടിപ്പുകള്‍ നന്നായി മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ എ.കെ പാര്‍ട്ടി സര്‍ക്കാറിന് കഴിയുന്നു. ഇസ്രയേലിന്റെ ഗസ്സ ഉപരോധത്തിനെതിരെയും ഈജിപ്തിലും സിറിയയിലും ലിബിയയിലും ജനകീയ പ്രക്ഷോഭങ്ങള്‍ക്കനുകൂലമായും നിലപാടെടുക്കാന്‍ തുര്‍ക്കി ഭരണകക്ഷിക്ക് സാധിക്കുന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര രംഗത്ത് ഇസ്ലാമിക ചലനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Comments