Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 15

കാരുണ്യം ചൊരിയാന്‍ അനേകം വഴികള്‍

ഇബ്‌റാഹീം ശംനാട്

         മനുഷ്യമനസ്സില്‍ നിന്ന് കാരുണ്യം നീങ്ങിപ്പോയ ഒരു കരാള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം രക്ഷിതാക്കളോടും സഹധര്‍മിണിയോടും സന്താനങ്ങളോട് പോലും കാരുണ്യം കാണിക്കാത്ത ഒരു ആസുര കാലമാണിത്. മനുഷ്യത്വം വറ്റിവരണ്ട് മനസ്സ് മരുഭൂമിയായി മാറിയ കാലം. 

         സ്വയം അനുഭവിക്കുന്ന സമൃദ്ധിയുടെ ആധിക്യത്താല്‍  പലര്‍ക്കും കാരുണ്യം എപ്പോള്‍, എവിടെ, ആര്‍ക്ക് ചെയ്തു കൊടുക്കണം എന്ന് അറിയാത്ത അവസ്ഥ. എന്നാല്‍ നമ്മുടെ നിത്യജീവിതത്തില്‍  കാരുണ്യ സ്പര്‍ശം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്?

         കാരുണ്യം ചൊരിയാന്‍ കാല്‍ചുവട്ടില്‍ തന്നെ നിരവധി അവസരങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും നാം അറിഞ്ഞോ അറിയാതെയോ അത് ശ്രദ്ധിക്കാറില്ല. നിത്യജീവിതത്തില്‍ കാരുണ്യം ചൊരിയാനുള്ള ഏതാനും മേഖലകള്‍ പരിചയപ്പെടുത്തുന്നത് ഈ വഴിയിലേക്ക് നമ്മുടെ ചിന്തകളെ തിരിച്ചുവിടാനും കാരുണ്യം ചൊരിയാനുമുള്ള അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സഹായകരമായിരിക്കും. 

         സമൂഹത്തിലെ മര്‍ദിതരും പീഡിതരും അവശരുമായ വിഭാഗമാണല്ലോ സ്ത്രീകളും കുട്ടികളും അടിമകളും. ഇവരുടെ പ്രശ്‌നങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന ഖുര്‍ആനിലെ സുപ്രധാനപ്പെട്ട ഒരു അധ്യായമാണ് സൂറ അന്നിസാഅ് എന്ന അധ്യായം. വിധവകള്‍ ഉള്‍പ്പടെയുള്ള സമൂഹത്തിലെ അത്തരം ദുര്‍ബലരോട് കാരുണ്യത്തോടും ആര്‍ദ്രതയോടും പെരുമാറേണ്ടതിന്റെ അനിവാര്യതയും അവരുടെ അവകാശങ്ങളുമാണ് ആ അധ്യായത്തിലെ പ്രതിപാദ്യം. ഇതിലെ ഓരോ സൂക്തവും ദുര്‍ബലരോട് കാരുണ്യത്തോടെ വര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നുന്നത്. ആ നിലക്ക് നമ്മുടെ കാരുണ്യത്തിന്റെ കണ്ണുകള്‍ പതിയേണ്ടവരാണ് ഈ മൂന്ന് വിഭാഗം ആളുകളും.

         കാരുണ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും വൃദ്ധസദനങ്ങളും പതിവായി സന്ദര്‍ശിക്കാം. സമൂഹത്തിലെ ആ ദുര്‍ബലര്‍ നമ്മുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു; ഒരു പുഞ്ചിരിക്കായി, ഒരു ആശ്വാസ വചനത്തിനായി. സംശയമില്ല, ജീവിത തിരക്കിനിടയില്‍ അവരോടൊപ്പം ചെലവഴിക്കാന്‍ അല്‍പം സമയം കണ്ടെത്തുന്നത് മനസ്സിലെ കാരുണ്യത്തിന്റെ ഉറവ വറ്റാതിരിക്കാന്‍ സഹായകമാവും.

         നമ്മുടെ ആദ്യത്തെ കടമയും കടപ്പാടും സ്വന്തം കുടുംബത്തോടും അയല്‍ക്കാരോടും സ്‌നേഹിതന്മാരോടുമാണ്. ഇവമൃശ്യേ യലഴശി െമ േവീാല എന്നാണല്ലോ  പ്രമാണം. അതിനാല്‍ മറ്റുള്ളവരിലേക്ക് കാരുണ്യത്തിന്റെ ഹസ്തം നീട്ടുന്നതിന് മുമ്പായി അത് സ്വന്തക്കാരിലേക്ക് തന്നെ നീളട്ടെ. സ്‌നേഹ മസൃണമായ രീതിയില്‍ രക്ഷിതാക്കളോടും കുട്ടികളോടും സഹധര്‍മിണിയോടും വീട്ടുവേലക്കാരോടും പെരുമാറുക. ഒരിക്കല്‍ ഒരു അനുചരന്‍ പ്രവാചകനോട് ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, വേലക്കാരന് ഒരു ദിവസം എത്ര പ്രാവശ്യം മാപ്പ് കൊടുക്കണം?''  നബി മൗനം പാലിച്ചു. ചോദ്യം മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: ''എഴുപത് പ്രാവശ്യം അവന് മാപ്പ് നല്‍കുക.''

         സഹായം ആവശ്യമുള്ള ധാരാളം പേര്‍ നമുക്കിടയിലുണ്ട്. ആഹാരം, വസ്ത്രം, ചികിത്സ, ഭവന നിര്‍മാണം, വിവാഹം, വിദ്യാഭ്യാസം തുടങ്ങി എണ്ണമറ്റ ജീവിതാവശ്യങ്ങള്‍ക്കായി ഒരിറ്റ് കാരുണ്യത്തിനായി കൈനീട്ടുന്നവര്‍ നമുക്ക് പുതുമയുള്ള കാര്യമല്ല. പത്രദ്വാരാ ഇത്തരം ആവശ്യങ്ങള്‍ക്കായി സഹായം അഭ്യര്‍ഥിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ധാരാളം. അവരെ സഹായിക്കുക. ചോദിക്കുന്നവരെ ആട്ടി അകറ്റരുതെന്ന് ഖുര്‍ആന്‍ കല്‍പിക്കുമ്പോള്‍, കുതിരപ്പുറത്ത് സവാരി ചെയ്ത് ഭിക്ഷ യാചിക്കുന്നവനെ പോലും ആട്ടിയകറ്റരുതെന്ന് പ്രവാചക വചനവും ഓര്‍മപ്പെടുത്തുന്നു. ഒന്നിനും കഴിയുന്നില്ലെങ്കില്‍ ഒരു പുഞ്ചിരി, ഒരു സ്പര്‍ശം, ഹൃദ്യമായ സംസാരം- ഇതും കാരുണ്യ പ്രകടനത്തിന്റെ ഭാഗം തന്നെ. കേരളീയരായ നാം സാക്ഷരത കൊണ്ട് സമ്പന്നരാണെങ്കില്‍ കാരുണ്യത്തിന്റെ വൈകാരിക ഭാഷകൊണ്ട് സഹജീവികളോട് സംവദിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

         നമ്മുടെ കാരുണ്യം അവശ്യം ആവശ്യമായ മറ്റൊരു മേഖലയാണ് പരിസ്ഥിതിയും മൃഗങ്ങളും. നവ മുതലാളിത്ത സംസ്‌കാരത്തിന്റെ യുദ്ധോത്സുക വികസന ത്വരയുടെ ഫലമായി നാം ജീവിക്കുന്ന പ്രകൃതി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. കുന്നുകളും നീര്‍ത്തടങ്ങളും അരുവികളും മറ്റു അനേകം ജീവജാലങ്ങളുമെല്ലാം മനുഷ്യന്റെ അതിക്രമത്തിന്റെ ഫലമായി ഇല്ലാതായി. മനുഷ്യാവകാശങ്ങള്‍ക്ക് എന്ന പോലെ മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. 

         ചുരുക്കത്തില്‍, എല്ലാവര്‍ക്കും ആവശ്യമുള്ളതും എന്നാല്‍ എല്ലാവരും പരസ്പരം നല്‍കേണ്ടതുമായ അടിസ്ഥാനപരമായ ഒരു മാനുഷിക ഗുണമാണ് കാരുണ്യം. കാരുണ്യം ചൊരിയാനുള്ള വഴികള്‍ ഒരിക്കലും പരിമിതപ്പെടുത്തുക സാധ്യമല്ല. അത് കാണാനുള്ള കാരുണ്യത്തിന്റെ കണ്ണ് ഉണ്ടാവണമെന്ന് മാത്രം. എത്രമാത്രം ആ കാരുണ്യം നമുക്ക് മറ്റുള്ളവരിലേക്ക് ചൊരിയാന്‍ കഴിയുന്നുവോ അത്രമാത്രം അത് നമുക്ക് പല വഴിക്കായി തിരിച്ച് ലഭിച്ചുകൊണ്ടേയിരിക്കും; അലംഘനീയമായ ഒരു പ്രകൃതി നിയമം എന്ന പോലെ. അല്ലാഹു കരുണാമയനാണ്. പ്രവാചകന്‍ കാരുണ്യവാനാണ്. ആ കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അവതീര്‍ണമായ വേദമാണ് ഖുര്‍ആന്‍.

         ബാഹ്യമായ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ആന്തരികമായി കാരുണ്യമുള്ള മനസ്സിന്റെ ഉടമകളായി നാം മാറുന്നതാണ്. അത് നമ്മുടെ സ്വഭാവത്തില്‍ നാം അറിയാതെ മാറ്റം വരുത്തുന്നു. കാലം നമ്മോട് ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. ഉപവാസമനുഷ്ഠിച്ചിരുന്ന സ്വഹാബി വനിത തന്റെ വീട്ടു വേലക്കാരിയോട് കയര്‍ത്ത് സംസാരിക്കുന്നത് കണ്ട പ്രവാചകന്‍: ''നിന്റെ ഉപവാസം മുറിച്ച് കളഞ്ഞോളൂ.'' 'ഞാന്‍ വ്രതമനുഷ്ഠിക്കുന്നുണ്ടല്ലോ' എന്ന് അവര്‍ തിരുദൂതരെ അറിയിച്ചപ്പോള്‍ 'വീട്ട് വേലക്കാരിയോട് അപമര്യാദയായി പെരുമാറിയതിലൂടെ നിന്റെ ഉപവാസം മുറിഞ്ഞു പോയിരിക്കുന്നു' എന്നായിരുന്നു അവിടുന്ന് പ്രതികരിച്ചത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 128-130
എ.വൈ.ആര്‍