Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 15

മാര്‍ക്‌സിസ്റ്റ് വായനകള്‍

അഹ്മദ് അശ്‌റഫ് മുടിക്കല്‍

മാര്‍ക്‌സിസ്റ്റ് വായനകള്‍

         ചോദ്യോത്തര പംക്തി(ലക്കം 2860)യില്‍ 'ഖുര്‍ആന്റെ മാര്‍ക്‌സിസ്റ്റ് വായന' എന്ന തലക്കെട്ടില്‍ മുഖ്യധാര ത്രൈമാസിക(ലക്കം 2)യിലെ ചില ഭാഗങ്ങള്‍-എങ്ങനെ നോക്കിക്കാണുന്നു എന്ന ഒരു ചോദ്യവും മുജീബ് അതിന് നല്‍കിയിരിക്കുന്ന മറുപടിയും-വായിച്ചു. അതു സംബന്ധമായി ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.

         നാം ഇപ്പോള്‍ പിന്നിട്ടുകൊണ്ടിരിക്കുന്ന ചരിത്ര കാലഘട്ടത്തിന്റെ സവിശേഷ സാമൂഹികാവശ്യങ്ങളെ അഭിസംബോധന ചെയ്യുംവിധം കാലഘട്ടത്തെ മാര്‍ക്‌സിസ്റ്റ് വായനക്ക് വിധേയമാക്കുന്നതില്‍ ഇന്ത്യയിലെ ഔദ്യോഗിക മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിസത്തിന് എന്നതിനേക്കാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കകത്തു തന്നെ ഇതുസംബന്ധമായ കാര്യങ്ങളില്‍ സംവാദവും ചര്‍ച്ചയും നടക്കുന്നുമുണ്ട്. ഖുര്‍ആന്റെ മാര്‍ക്‌സിസ്റ്റ് വായനയെക്കുറിച്ച് കേരളത്തിലെ ഔദ്യോഗിക പക്ഷ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തുന്ന ഒരു പ്രസിദ്ധീകരണത്തില്‍ ഇത്തരം ഒരു ചര്‍ച്ച നടക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്. വിഭവങ്ങളും സമ്പത്തും പണവും ഭൂമിയും നന്നേ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ കൈയില്‍ കേന്ദ്രീകരിക്കുകയും ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ അവയില്‍ നിന്ന് വെട്ടിമാറ്റപ്പെടുകയും ചെയ്യുന്ന നവലിബറല്‍ സാമ്പത്തിക വ്യവഹാരങ്ങളുടെ നേരിട്ടുള്ള നടത്തിപ്പുകാരോ ഏജന്റുമാരോ ആയി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇതിനകം അധഃപതിച്ചിട്ടുണ്ട്. ഇത് മുന്‍കൂട്ടി കാണാതെയും പരാമര്‍ശിക്കാതെയും നടത്തുന്ന ഏതു മാര്‍ക്‌സിസ്റ്റ് വായനയും അപൂര്‍ണവും അര്‍ഥരഹിതവും ആയിരിക്കും. നവലിബറല്‍-ചങ്ങാത്ത മുതലാളിത്തത്തിന്റെ സാമ്പത്തിക പരിഷ്‌കരണ-ഉദാരവത്കരണ-സ്വകാര്യവത്കരണ പ്രക്രിയയുമായി ഇന്ത്യന്‍ ഔദ്യോഗിക മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ബാന്ധവവും സഹകരണവും ഉണ്ടെന്ന വസ്തുത അര്‍ഥശങ്കക്കിടയില്ലാത്തവിധം ഇന്ന് അനിഷേധ്യമാണ്. മുജീബ് ഇക്കാര്യങ്ങളെല്ലാം തന്നെ വിട്ടുകളഞ്ഞു.

         മാര്‍ക്‌സിസം 'വൈരുധ്യാത്മക ഭൗതികവാദത്തില്‍ നിന്ന് ജന്മമെടുത്ത'താണ് എന്ന് പറയുന്നതില്‍ പന്തികേടുണ്ട്. മാര്‍ക്‌സ് അറിയുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത സാമൂഹിക ജീവിത പരിസരവും അതിന്റെ വൈരുധ്യങ്ങളും മാര്‍ക്‌സിനെ വൈരുധ്യാത്മക ഭൗതികവാദത്തില്‍ കൊണ്ടെത്തിക്കുകയാണ് വാസ്തവത്തില്‍ ഉണ്ടായത്. പ്രക്രിയാപരമായ ഒരു ആയിത്തീരല്‍ (becoming) ആയിരുന്നു അത്. അതുകൊണ്ടാണ് കേവല ഭൗതികവാദത്തില്‍ നിന്ന് വ്യത്യസ്തമായി മാര്‍ക്‌സിസം ചരിത്രപരമായ ഭൗതികവാദത്തെ മുന്നോട്ടുവെച്ചത്. മാര്‍ക്‌സിസത്തെ ഖുര്‍ആനുമായി തട്ടിച്ചോ നേരെ തിരിച്ചോ വിശകലനം ചെയ്യുമ്പോള്‍ ഇസ്‌ലാമിനെ 'ഏകദൈവവിശ്വാസത്തിലും മരണാനന്തര ജീവിത സങ്കല്‍പത്തിലും അധിഷ്ഠിതമായത്' എന്ന് കേവലമായി പറയുന്നതിലുമുണ്ട് പന്തികേടുകള്‍. ഏകദൈവത്വം എന്ന ഇസ്‌ലാമിന്റെ മുഖ്യ പ്രമേയം കേവലവും കേവല വിശ്വാസത്തില്‍ അധിഷ്ഠിതവുമല്ല. നിലനില്‍ക്കുന്ന ബഹുദൈവത്വശക്തികള്‍ക്കെതിരെ, അതെങ്ങനെ മനുഷ്യവിരുദ്ധവും ജീവിതവിരുദ്ധവും ആയിത്തീരുന്നു എന്ന വിശകലനവും വിശദീകരണവുമാണ് ഏകദൈവത്വ വിശ്വാസവും അതനുസരിച്ചുള്ള സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതവും. അഥവാ, ഐഹികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ജീവിതങ്ങളില്‍ സ്ഥാപിച്ചെടുക്കാനുള്ള നിരന്തര പരിശ്രമങ്ങളുടെയും വ്യവഹാരങ്ങളുടെയും ആകത്തുകയാണ് സിദ്ധാന്തം എന്ന നിലയിലും പ്രയോഗം എന്ന നിലയിലും ഏകദൈവത്വം. 'നശ്വരവും ക്ഷണികവുമാണ്' ഐഹിക ജീവിതമെങ്കിലും ഈ ജീവിതത്തിനകത്ത് തന്നെയാണ് ഏകദൈവ വിശ്വാസവും അതിന്റെ സിദ്ധാന്തവും പ്രയോഗവും നാം സാധിച്ചെടുക്കേണ്ടത്. അങ്ങനെ സാധിച്ചെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളെയും ത്യാഗങ്ങളെയും നഷ്ടങ്ങളെയും അടിസ്ഥാനമാക്കിയാണ് മരണാനന്തര ജീവിതത്തെയും നാം കാണേണ്ടത്. മരണാനന്തര ജീവിതത്തിന്റെ മുന്നുപാധിയാണ് ഐഹിക ജീവിതം എന്ന് വേണമെങ്കില്‍ പറയാം. വ്യക്തി മനസ്സുകളുടെ വിശ്വാസ/അവിശ്വാസ പ്രശ്‌നം എന്നതിലുപരി സാമൂഹിക ജീവിതത്തില്‍ ഐഹികമായി സ്ഥാപിക്കപ്പെടേണ്ട ഒരു സമഗ്ര വ്യവസ്ഥയും ക്രമവുമാണ് ഏകദൈവത്വം എന്ന് ചുരുക്കം.

         ഇന്നത്തെ കാലത്തെ ഏറ്റവും വലിയ 'തിന്മ' മേല്‍പ്പറഞ്ഞ നവലിബറല്‍ കൈയേറ്റങ്ങളും പുത്തന്‍ ധനകാര്യ അധിനിവേശങ്ങളുമാണ് എന്ന കാര്യത്തില്‍ സംശയമേതുമില്ല. എന്തുകൊണ്ടെന്നാല്‍, അടിസ്ഥാന ജീവിത വിഭവങ്ങളും ജീവിതായോധന മാര്‍ഗങ്ങളും ആവാസ-അധിവാസ വ്യവസ്ഥകളും നവലിബറല്‍ വ്യവസ്ഥ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു. മാറിമാറി വരുന്ന അവസ്ഥയാണ് ഇതെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും (യഥാര്‍ഥത്തില്‍ അങ്ങനെയല്ല) ഇന്നത്തെ നവലിബറല്‍ അവസ്ഥയെയും അതിന് കാരണമായി വര്‍ത്തിക്കുന്ന വ്യവസ്ഥയെയും ഇസ്‌ലാമിന് അംഗീകരിക്കാനാവില്ല. സമ്പത്ത് തടയപ്പെട്ടവര്‍ക്ക് സമ്പന്നരുടെ സമ്പത്തില്‍ അവകാശമുണ്ട് എന്ന് പറയുമ്പോള്‍ ഏതുതരം സമ്പത്ത്, ആരുടെ സമ്പത്ത്, എവിടെ നിന്ന് കിട്ടി എന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. അതുകൊണ്ടാണ് സമ്പത്തിന്റെ പ്രശ്‌നം വരുമ്പോള്‍ അത് എന്തിനു വേണ്ടി ചെലവഴിച്ചു എന്ന ചോദ്യത്തിന് മുമ്പ് അത് എവിടെ നിന്നു കിട്ടി എന്ന ചോദ്യവും വരുന്നത്.

അഹ്മദ് അശ്‌റഫ് മുടിക്കല്‍

മലയാള പത്രത്തിലെ 'ഫലസ്ത്വീന്‍ ഭീകരര്‍'

         ലസ്ത്വീനികള്‍ക്കെതിരെ ഇസ്രയേല്‍ ഭീകരര്‍ നടത്തുന്ന കൂട്ടക്കശാപ്പില്‍ അപലപിക്കാത്തവരും ആശങ്ക രേഖപ്പെടുത്താത്തവരും ചുരുക്കം. ഇസ്രയേല്‍ മന്ത്രിസഭയില്‍ വരെ പ്രസ്തുത ക്രൂരത ചൂരുക്കം ചിലരാലെങ്കിലും എതിര്‍ക്കപ്പെട്ടു. ആഴ്ചകളായി അവിടെ തുടരുന്ന  നരഹത്യയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, നമ്മുടെ ചില 'മതേതര' പത്രങ്ങളില്‍ ഇപ്പോഴും ഫലസ്ത്വീനികള്‍ ഭീകരരും ഇസ്രയേല്‍ പട്ടാളക്കാര്‍ തീവ്രവാദ വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടവരുമാണ്.

         12-7-2014-ന് മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് 'വിദേശ വിമാനങ്ങളെ ആക്രമിക്കുമെന്ന് ഹമാസിന്റെ മുന്നറിയിപ്പ്' എന്നായിരുന്നു. ഇസ്രയേല്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ഫലസ്ത്വീനികളോടും അവിടത്തെ ഹമാസ് സര്‍ക്കാറിനോടും മനസ്സാക്ഷിയും കാരുണ്യവുമുള്ള മനുഷ്യര്‍ക്കെല്ലാം ഉണ്ടാകുന്ന അനുഭാവവും സഹതാപവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരയെ വേട്ടക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള, തെറ്റിദ്ധാരണാജനകമായ ആ തലക്കെട്ട്.

         പിറ്റേ ദിവസത്തില്‍ അതേ പത്രത്തിലെ വാര്‍ത്ത നോക്കുക: 'ഗസ്സയില്‍ അക്രമം തുടരുന്നു; മരണം 135' എന്ന തലക്കെട്ടിലെഴുതിയ വാര്‍ത്തയില്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്ത സ്ഥലങ്ങളെയെല്ലാം  വിശേഷിപ്പിച്ചത് 'ഭീകര കേന്ദ്രങ്ങള്‍' എന്നാണ്. മാതൃഭൂമിയിലെ വരികള്‍ ശ്രദ്ധിക്കുക: ''ഭീകരര്‍ക്കെതിരെയും അവരുടെ താവളങ്ങള്‍ക്കെതിരെയുമാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടതായും അവര്‍ പറഞ്ഞു.'' ചുരുക്കിപ്പറഞ്ഞാല്‍ മാതൃഭൂമിക്ക് ഫലസ്ത്വീനില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ട് 'ഇസ്രയേല്‍ പറയുന്നു' എന്ന് പറഞ്ഞുകൊണ്ട് പത്രത്തിന് പറയാനുള്ളത് ഇസ്രയേലിന്റെ പേരില്‍ പറയുന്നു എന്നു മാത്രം.

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

ശിഈ-സുന്നി വിഭജനങ്ങള്‍

         വി.എ കബീര്‍ എഴുതിയ 'ശിഈ-സുന്നി വിഭജനത്തിന്റെ നേര്‍ ചിത്രങ്ങള്‍' (ലക്കം 2860) സാമാന്യ വായനക്കാരുടെ കാലങ്ങളായുള്ള തെറ്റിദ്ധാരണ നീക്കാന്‍ പര്യാപ്തമായി. ഇറാന്‍ വിപ്ലവത്തോട് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമടക്കമുള്ള ഇസ്‌ലാമിക സംഘടനകള്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യവും ലോക പണ്ഡിത സഭയിലെ ശിഈ പ്രാതിനിധ്യവും ലോക ഇസ്‌ലാമിക മുസ്‌ലിം വിഷയങ്ങളില്‍ സുഊദി രാജാവ് വിശുദ്ധ ഹറമില്‍ സംഘടിപ്പിച്ച ആലോചനാ യോഗങ്ങളിലെ ശിഈ പണ്ഡിത സാന്നിധ്യവുമൊക്കെ ഇടക്കാലത്ത് മഞ്ഞുരുക്കത്തിന് കാരണമായിട്ടുണ്ടെങ്കിലും മുസ്‌ലിം സാമാന്യ ജനം ഇന്നും ശിഈകളെ ഖാദിയാനികളെപ്പോലെ ഇസ്‌ലാമിന് പുറത്തായായാണ് കാണുന്നത്.

         ഇസ്‌ലാമിന്റെ അടിസ്ഥാനമായ ബാങ്ക് വിളിയിലെ കൂട്ടിച്ചേര്‍ക്കലാണ് ഇതിന് മുഖ്യ കാരണമായി പറയപ്പെടുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഗണ്യമായ ഒരു വിഭാഗം മുസ്‌ലിംകളുടെ രാഷ്ട്രീയ സംഘടനയായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാക്കളില്‍ ഒരാള്‍ ശിഈ ആയിരുന്നുവെന്നതൊന്നും ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ പര്യാപ്തമായിട്ടില്ല.

         എന്നാല്‍ ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ ഇടങ്ങളില്‍ ഒരുപാട് മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുള്ള എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ജന്മം കൊടുത്തിട്ടുള്ള, ആത്മീയ രംഗങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച, സ്വൂഫീ ചിന്താ ധാരക്ക് ഊര്‍ജം പകര്‍ന്നിരുന്ന ശിഈകളെക്കുറിച്ച പഠനങ്ങള്‍ ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നു; വിശിഷ്യ മലയാളത്തില്‍.

സി.എച്ച് മുഹമ്മദലി

         'ധിപത്യ ശക്തികള്‍ക്ക് എന്നും താക്കീതായി ബദ്ര്‍' എന്ന അബ്ദുല്‍ ഹകീം നദ്‌വി എഴുതിയ ലേഖനം (ലക്കം 2860) അവസരോചിതമായി. പ്രതീക്ഷകളുടെ ഓളപ്പരപ്പാണ് ബദ്ര്‍. ഇന്ന് അധിനിവേശ ഗസ്സയില്‍ ഇസ്രയേലിന്റെ നരനായാട്ടിനെതിരെ ചെറുത്തുനില്‍ക്കാന്‍ ബദ്ര്‍  ഗസ്സാ പോരാളികള്‍ക്ക് പ്രചോദനമാണ്. മൂന്ന് അവിശ്വാസികള്‍ക്ക് ഒരു വിശ്വാസി എന്ന തോതില്‍ നിന്നുകൊണ്ട് അല്ലാഹുവിന്റെ ദീനിനെ അതിന്റെ എല്ലാ യശസ്സോടും കൂടി ഉയര്‍ത്തിപ്പിടിക്കാന്‍ ജീവാര്‍പ്പണം നടത്തിയതിന്റെ മഹാ ചരിത്രമാണല്ലോ ബദ്ര്‍.

ഹിറാ പുത്തലത്ത്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 128-130
എ.വൈ.ആര്‍