Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 08

നവോത്ഥാനത്തിന് നാന്ദികുറിച്ച നാട്

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ / തിരിഞ്ഞുനോക്കുമ്പോള്‍ -6

പണ്ഡിതന്മാരും പൗരപ്രമുഖരും ഒരുമിച്ചുചേര്‍ന്ന് പരിശ്രമിച്ച പ്രദേശങ്ങളിലാണ്, കേരളത്തില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആദ്യ ചലനങ്ങള്‍ രൂപപ്പെട്ടത്. കാസര്‍കോട്, കുറ്റിയാടി, അരീക്കോട്, വാഴക്കാട്, തിരൂരങ്ങാടി, എടവണ്ണ, എടവനക്കാട്, വക്കം തുടങ്ങിയ പ്രദേശങ്ങളുടെ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാവുന്നതാണ്. പണ്ഡിതന്മാര്‍ നവോത്ഥാനത്തിന് ആദര്‍ശപരവും ആത്മീയവുമായ നേതൃത്വം നല്‍കിയപ്പോള്‍, മറ്റു തലങ്ങളില്‍ അതിനെ സംരക്ഷിച്ചതും പ്രോത്സാഹിപ്പിച്ചതും മുന്നോട്ടു നയിച്ചതും അതത് പ്രദേശങ്ങളിലെ ദീനീതല്‍പരരും സമ്പന്നരുമായ പ്രധാന വ്യക്തിത്വങ്ങളായിരുന്നു.
ഇത്തരം സ്ഥലങ്ങളില്‍ പ്രഥമ ഗണനീയമാണ് കൊടുങ്ങല്ലൂരിലെ എറിയാട്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ആദിമ കേന്ദ്രങ്ങളിലൊന്നായിരുന്നു എറിയാടെന്ന് തീര്‍ച്ചയായും പറയാം. മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയാണ് എറിയാടിന്റെ വിദ്യാഭ്യാസ-സാമൂഹിക നവോത്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ പ്രധാനി. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറില്‍നിന്ന് കൊടുങ്ങല്ലൂരില്‍ അഭയം തേടി എത്തിയ കെ.എം മൗലവിയെപ്പോലുള്ളവരും അതില്‍ ഭാഗഭാക്കായി. മലബാര്‍ അന്ന് ബ്രിട്ടീഷ്‌രാജ് നിലനിന്ന മദ്രാസ് പ്രവിശ്യയുടെയും, കൊടുങ്ങല്ലൂര്‍ കൊച്ചി രാജ്യത്തിന്റെയും ഭാഗമായിരുന്നു. ഇവിടുത്തെ മുസ്‌ലിം ജന്മി കുടുംബങ്ങള്‍ തമ്മില്‍ പല കാരണങ്ങളാല്‍ സംഘര്‍ഷം നിലനിന്നിരുന്നു. ചിലപ്പോള്‍ നിസ്സാരമായ കാരണങ്ങളാണ് അതിനു പിന്നിലുണ്ടായിരുന്നത്. ഉദാഹരണമായി വലിയ നെല്‍വയലുകളില്‍ പ്രത്യേക തരത്തിലുള്ള ഒരു പക്ഷി കാണപ്പെട്ടിരുന്നു. 'നെല്ലിക്കോഴി' എന്നറിയപ്പെട്ടിരുന്ന ഈ പക്ഷിയെ പിടിക്കുന്നതിന്റെ പേരില്‍ വരെ വഴക്കുകള്‍ നടക്കുകയുണ്ടായി. സാമ്പത്തികമോ, അതിര്‍ത്തി തര്‍ക്കമോ മറ്റു കാരണങ്ങളോ ഒക്കെ ഈ സംഘര്‍ഷത്തിന്റെ പിന്നിലുണ്ടാകും. 'കക്ഷി വഴക്ക്' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇത്തരം കക്ഷിവഴക്കുകള്‍ തീര്‍ക്കാനുള്ള മാധ്യസ്ഥസമിതി എന്ന നിലക്ക്, ആദ്യം 'നിഷ്പക്ഷ സംഘം' എന്ന വേദി രൂപീകരിക്കുകയാണുണ്ടായത്. ഒരു വിപ്ലവസംഘമോ, നവോത്ഥാന പ്രസ്ഥാനമോ ഒന്നുമായിരുന്നില്ല, മധ്യസ്ഥസമിതി മാത്രമായിരുന്നു 'നിഷ്പക്ഷ സംഘം.' സംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത് മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. ജന്മി കുടുംബങ്ങളുടെ തമ്മില്‍തല്ലലില്‍ മനസ്സ് വേദനിച്ചാണ് അദ്ദേഹമതിന് മുന്നിട്ടിറങ്ങിയത്. ഹമദാനി തങ്ങളുടെയും മറ്റും പിന്തുണയോടെ സംഘത്തിന്റെ ആദ്യ ചുവടുവെപ്പുകള്‍ വിജയിപ്പിച്ചെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. പിന്നീട്, കേരളമൊട്ടുക്കും മുസ്‌ലിം സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ, 'കേരള മുസ്‌ലിം ഐക്യസംഘ'മായി അത് പരിവര്‍ത്തിതമായി. കെ.എം മൗലവി, ഇ.കെ മൗലവി തുടങ്ങിയ പണ്ഡിതന്മാരോടൊപ്പം മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയും ഐക്യസംഘത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരായിരുന്നു. കേരളത്തിലെ ഇസ്വ്‌ലാഹി ചലനങ്ങളുടെ ആദ്യ കിരണങ്ങള്‍ 'മുസ്‌ലിം ഐക്യ സംഘ'ത്തിന്റെ നേതൃത്വത്തിലാണ് രൂപപ്പെട്ടത്. 1922 മുതല്‍ 1934 വരെയുള്ള കാലയളവില്‍, ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ സജീവമായിരുന്നു. അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരായ പ്രചാരണങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മറ്റുമായിരുന്നു ഐക്യസംഘത്തിന്റെ പ്രധാന കര്‍മ മണ്ഡലങ്ങള്‍. ആലുവ, കൊടുങ്ങല്ലൂര്‍, കോഴിക്കോട്, തലശ്ശേരി, മലപ്പുറം, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന 'ഐക്യസംഘ'ത്തിന്റെ വാര്‍ഷിക സമ്മേളനങ്ങള്‍, 1920-'30കളില്‍ കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. ചരിത്രവിദ്യാര്‍ഥികള്‍, ആ സമ്മേളനങ്ങളെക്കുറിച്ച് പഠിക്കേണ്ടതാണ്. ഇതൊക്കെ ഞാന്‍ ജനിച്ചുവീഴും മുമ്പുള്ള സംഭവങ്ങള്‍. അതിന്റെയെല്ലാം ഗുണഫലങ്ങള്‍ പ്രത്യക്ഷത്തില്‍ അനുഭവിച്ചു തുടങ്ങിയ കാലത്താണ് ഞങ്ങള്‍ വളര്‍ന്നത്. എറിയാട്ടെ, 'ഇസ്വ്‌ലാഹി പറമ്പും' 'ഐക്യ വിലാസം വീടും' എന്റെ ഓര്‍മയിലുണ്ട്. മണപ്പാട്ട് കുഞ്ഞഹമ്മദ്ഹാജിയുടെ ഭവനമാണ് 'ഐക്യ വിലാസം വീട്' എന്ന് അറിയപ്പെട്ടിരുന്നത്. മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു അത്. കുഞ്ഞഹമ്മദ് ഹാജി മക്കള്‍ക്ക് വേണ്ടി പണിത വീടുകള്‍ക്ക് 'വിദ്യാ വിലാസം, നീതി വിലാസം, ഇസ്‌ലാഹി' തുടങ്ങിയ പേരുകളാണ് നല്‍കിയിരുന്നത്.
ഐക്യസംഘത്തിന്റെ വരവോടെയുണ്ടായ പുതിയ ചലനങ്ങള്‍ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് വലിയ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പൊതുവേ വിലക്കപ്പെട്ടിരുന്ന 'ഭൗതിക വിദ്യാഭ്യാസ'ത്തിന്റെ വാതിലുകള്‍ സമുദായത്തിന് മുമ്പില്‍ മലര്‍ക്കെ തുറക്കപ്പെട്ടു. പുതിയ സ്‌കൂളുകള്‍ ഉണ്ടായി. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഇതിന്റെ ഗുണഫലം തന്നെയായിരുന്നു. എറിയാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യാനെത്തി. മലബാറിനെ അപേക്ഷിച്ച് കൊച്ചി രാജ്യത്തും തിരുവിതാംകൂറിലുമാണ് മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസം ആദ്യം ശക്തിപ്പെട്ടത്. കൊച്ചിരാജാവ് പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട് പ്രോത്സാഹനം നല്‍കുകയുണ്ടായി. പത്താം ക്ലാസ് വരെ പോലും പഠിക്കുന്ന പതിവ് പെണ്‍കുട്ടികള്‍ക്ക് പൊതുവേ ഇല്ലായിരുന്നു. സമുദായം അത് അനുവദിച്ചിരുന്നില്ലെന്നതും, ആവശ്യമായ വിദ്യാലയങ്ങള്‍ അടുത്തൊന്നും ഉണ്ടായിരുന്നില്ലെന്നതും ഇതിന്റെ കാരണങ്ങളാണ്. ഞങ്ങളുടെ പ്രദേശവും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍, ഐക്യസംഘത്തിന്റെ പ്രവര്‍ത്തനവും പുതിയ സ്‌കൂളിന്റെ സ്ഥാപനവും മറ്റും കാരണമായി എറിയാടുനിന്ന് ധാരാളം മുസ്‌ലിം വിദ്യാര്‍ഥിനികള്‍ പഠിച്ചുയര്‍ന്നുവന്നു. അഡ്വക്കേറ്റും പിന്നീട് മജിസ്‌ട്രേറ്റും ഹൈക്കോടതി റജിസ്ട്രാറുമായി പ്രശസ്തി നേടിയ സാമൂഹിക പ്രവര്‍ത്തക ഫാത്വിമ റഹ്മാന്‍, ഡോ. പി.കെ റാബിയ തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഉദ്യോഗസ്ഥകളായ നിരവധി മുസ്‌ലിം സ്ത്രീകള്‍ എറിയാട്ടും പരിസര പ്രദേശങ്ങളില്‍ നിന്നും ഉയര്‍ന്നു വരികയുണ്ടായി. ഗവ. സെക്രട്ടറിമാര്‍, ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി ഇന്ത്യയിലും വിദേശത്തും ജോലി ചെയ്ത ധാരാളം പേര്‍ ഇവിടുത്തുകാരായി ഉണ്ട്. അലീഗഢ് സര്‍വകലാശാലയില്‍ കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍നിന്ന് കുറേയെറെ പേര്‍ ഉപരിപഠനത്തിന് പോയിരുന്നു. വിദേശത്തുപോയി പഠിച്ചവരില്‍ പ്രധാനിയാണ് ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍. ഐക്യസംഘം സാധിച്ച വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ നേട്ടങ്ങളായി ഇതിനെ മനസ്സിലാക്കാം. ഡോ. ഗഫൂറിന്റെ തന്നെ നേതൃത്വത്തില്‍ പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്) ഒരര്‍ഥത്തില്‍ ഐക്യസംഘം അടിത്തറയിട്ട വിദ്യാഭ്യാസ നവജാഗരണത്തിന്റെ തുടര്‍ച്ചയാണെന്ന് പറയാം.
മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെയും ഐക്യസംഘം പ്രവര്‍ത്തിക്കുകയുണ്ടായി. ദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കും സംഘര്‍ഷാത്മകമായ സാമുദായികാന്തരീക്ഷത്തിനും ഇത് വഴിവെച്ചു. കടുത്ത എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടാണ് പരിഷ്‌കരണ സംരംഭങ്ങള്‍ ആദ്യ ഘട്ടത്തില്‍ മുന്നോട്ടുപോയത്. എന്റെ ഓര്‍മയിലും അത്തരം സംഭവങ്ങളുണ്ട്. ഒരു ഘട്ടത്തില്‍ യാഥാസ്ഥിതിക-പുരോഗമന ചിന്താഗതിക്കാര്‍ തമ്മിലുള്ള ആശയ സംഘര്‍ഷം എറിയാട്ടും മറ്റും പള്ളി മഹല്ലുകള്‍ ഭിന്നിച്ച് പിരിയാന്‍ വരെ കാരണമായി. പക്ഷേ, എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പരിഷ്‌കര്‍ത്താക്കള്‍ വിജയിക്കുക തന്നെ ചെയ്തു. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശം അതിന്റെ നേട്ടങ്ങളിലൊന്നായിരുന്നു. ദക്ഷിണ കേരളത്തില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പള്ളിപ്രവേശത്തിന് അവകാശം ലഭിച്ചത് എറിയാട്ടെ, മാടവന മഹല്ലില്‍ ആണെന്നാണ് എന്റെ ഓര്‍മ. മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാടവന മഹല്ലില്‍ സജീവമായിരുന്നു. മാടവന ജുമുഅത്ത് പള്ളിയില്‍ അതു വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. മലയാളത്തിലാണ് അവിടെ ജുമുഅ ഖുത്വ്ബ നടന്നിരുന്നത്. എന്റെ വാപ്പയുടെ ബന്ധു കടമ്പോട്ടു ഹൈദ്രൂസ് മൗലവിയായിരുന്നു ഖത്വീബ്. ഇവിടെ, സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിന്റെ ഭാഗമായി ഒരു നോട്ടീസ് അച്ചടിച്ചിറക്കിയിരുന്നു, 'മാടവന മഹല്ലിലെ മുസ്‌ലിം ബഹുജനങ്ങളോട്' എന്നതായിരുന്നു അതിന്റെ തലക്കെട്ട്. ഐക്യസംഘത്തോടും സ്ത്രീ പള്ളിപ്രവേശത്തോടും എതിര്‍പ്പുണ്ടായിരുന്നവര്‍ ഇതിനെതിരെ മറുനോട്ടീസ് ഇറക്കുകയുണ്ടായി. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധമുള്ളവര്‍, മാടവന പള്ളിയില്‍നിന്ന് വിട്ടുപോയി, തൊട്ടടുത്ത അത്താണിക്കല്‍ നമസ്‌കാരപള്ളി ജുമുഅത്ത് പള്ളിയാക്കി മാറ്റിയിരുന്നു; ബദ്‌രിയ്യ ജുമാ മസ്ജിദ് എന്നായിരുന്നു അതിന് പേരിട്ടത്. ഇവരുടെയൊക്കെ നേതൃത്വത്തില്‍ സ്ത്രീ പള്ളിപ്രവേശനത്തിനെതിരെ നടന്ന പ്രചാരണങ്ങളൊന്നും വിജയിക്കുകയുണ്ടായില്ല. കുറേയേറെ സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ തുടങ്ങി. എറിയാട് 'ബനാത്തി'ന്റെ വരവോടെ പിന്നീട് സ്ത്രീ നവജാഗരണ രംഗത്ത് പ്രദേശം ഏറെ മുന്നോട്ടു പോവുകയും ചെയ്തു.
എറിയാടിന്റേയോ കൊടുങ്ങല്ലൂരിന്റേയോ മാത്രമല്ല, കേരളത്തിന്റെ തന്നെ വിദ്യാഭ്യാസ-സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട പ്രമുഖ വ്യക്തിത്വമാണ് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി. ദീനീ സ്‌നേഹിയായ പ്രമാണിയായിരുന്നു അദ്ദേഹം. പാരമ്പര്യമായി ലഭിച്ച സമ്പത്തും പള്ളി ദര്‍സിലും മറ്റും പഠിച്ച് നേടിയ അറിവും അദ്ദേഹത്തിലെ പരിഷ്‌കരണ പ്രവര്‍ത്തകന് ശക്തി പകര്‍ന്നു. ഖുര്‍ആന്‍ ആയത്തുകളും മറ്റും ഉദ്ധരിച്ച് നന്നായി പ്രസംഗിക്കുമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രധാനപ്പെട്ട സംഭാവനകള്‍. എറിയാട് ഹൈസ്‌കൂളിന് പുറമെ കേരളത്തിന്റെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. സ്വന്തം ഉടമസ്ഥതയിലുണ്ടായിരുന്ന ഏക്കറു കണക്കിന് ഭൂമിയാണ് വിവിധ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വേണ്ടി അദ്ദേഹം സംഭാവന ചെയ്തത്. കോഴിക്കോട് ഫറൂഖ് കോളേജിന്റെ അംഗീകാര പ്രശ്‌നം പരിഹരിച്ചതും അദ്ദേഹം ദാനം ചെയ്ത ഭൂമി കൊണ്ടാണ്. ഒരര്‍ഥത്തില്‍ പില്‍ക്കാലത്ത് കേരള മുസ്‌ലിംകള്‍ നേടിയ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്ക് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയോടും നാം കടപ്പെട്ടിരിക്കുന്നു.
ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വമായി പരിഗണിക്കേണ്ട മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന് ജന്മം നല്‍കിയ പാരമ്പര്യവും കൊടുങ്ങല്ലൂരിനുണ്ട്. പിന്നീട്, കെ.എം സീതിസാഹിബ് ഉള്‍പ്പെടെയുള്ളവര്‍ അവിടെനിന്ന് വളര്‍ന്നുവന്നു. അബ്ദുര്‍റഹ്മാന്‍ സാഹിബും അദ്ദേഹത്തിന്റെ അല്‍അമീന്‍ പത്രവും കേരളീയ മുസ്‌ലിംകള്‍ക്ക് നല്‍കിയ ഉണര്‍വും ആവേശവും ചെറുതല്ല. കേരള മുസ്‌ലിം നവോത്ഥാനത്തില്‍ സാഹിബിന്റെയും അല്‍അമീനിന്റെയും പങ്ക് ഇനിയും സൂക്ഷ്മമായി പഠിക്കപ്പെടേണ്ടതുണ്ട്. ഒരു രാഷ്ട്രീയ നേതാവ്, സ്വാതന്ത്ര്യ സമരസേനാനി എന്നതിനപ്പുറം സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന അര്‍ഥത്തില്‍ സാഹിബ് നിര്‍വഹിച്ച പങ്ക് എന്തായിരുന്നുവെന്നതും അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്ര പിന്‍ബലം ഏതായിരുന്നുവെന്നും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതു തന്നെയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ട സന്ദര്‍ഭത്തില്‍ ദല്‍ഹി ജാമിഅ മില്ലിയ്യയില്‍ ഓണേഴ്‌സ് ബിരുദത്തിന് പഠിക്കാന്‍ ചെന്ന അബ്ദുര്‍റഹ്മാന്‍ സാഹിബിനോട്, മൗലാനാ മുഹമ്മദലി ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി: ''എന്തിനാണ് താങ്കള്‍ ദല്‍ഹിയില്‍ വന്നത്?'' ചരിത്രം പഠിക്കാന്‍ എന്നതായിരുന്നു സാഹിബിന്റെ മറുപടി. ''താങ്കളെ ചരിത്രം പഠിപ്പിക്കാന്‍ എനിക്കും, ചരിത്രം പഠിക്കാന്‍ താങ്കള്‍ക്കും പറ്റിയ സമയമല്ല ഇത്. മറിച്ച് ചരിത്രം സൃഷ്ടിക്കാനുള്ളതാണ് ഈ സമയം''-ഇതുകേട്ട് തിരിച്ചുപോന്ന സാഹിബ് പിന്നീട് നിര്‍വഹിച്ച ദൗത്യം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്.
തയാറാക്കിയത്:
സദ്‌റുദ്ദീന്‍ വാഴക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ ത്വാഹാ
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം