Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 08

തര്‍ബിയത്ത് നേതൃത്വത്തിനും അണികള്‍ക്കും നിരന്തരം കിട്ടേണ്ടുന്ന ഒന്നാണ്

ഫത്ഹീയകന്‍ / പ്രസ്ഥാന ചിന്തകള്‍

ഒരു സംഘടനയുടെ അടിത്തറയാണ് തര്‍ബിയത്ത്. രാഷ്ട്രീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ അതിനൊരിക്കലും വിഘാതമാകരുത്. ആത്മീയതയുടെ അഭാവത്തില്‍ രാഷ്ട്രീയവും സാമൂഹികവുമായ ഇതര പ്രവര്‍ത്തനങ്ങള്‍ വരണ്ടതായി അനുഭവപ്പെടുക സ്വാഭാവികമാണ്. ദൈവസ്മരണ മനുഷ്യനില്‍ ആത്മീയ ഉല്‍ക്കര്‍ഷം പ്രദാനം ചെയ്യുന്നത് പോലെ അതിന്റെ അഭാവം അസ്വസ്ഥതകളും പിരിമുറുക്കങ്ങളുമാണ് മനുഷ്യനിലുണ്ടാക്കുക. രാഷ്ട്രീയ-സംഘടനാ തലങ്ങളില്‍ എത്രതന്നെ വളര്‍ച്ച അടയാളപ്പെടുത്തിയാലും തര്‍ബിയത്തിന്റെ അഭാവത്തില്‍ അവ അടിപതറുമെന്നതില്‍ സംശയമില്ല.
വ്യക്തിയുടെ വിശ്വാസത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. സത്യവിശ്വാസികള്‍ക്ക് നിര്‍ണായക ഘട്ടങ്ങളില്‍ ഈമാന്‍ വര്‍ദ്ധിച്ചതായി വിശുദ്ധ ഖുര്‍ആന്‍ (അല്‍ഫത്ഹ് 4, അല്‍കഹ്ഫ് 14, മര്‍യം 72, മുഹമ്മദ് 17, അല്‍മുദ്ദസിര്‍ 31) നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. അദിയ്യുബ്‌നു അദിയ്യിന് ഉമറുബ്‌നു അബ്ദുല്‍ അസീസ് ഇപ്രകാരം എഴുതി: ''വിശ്വാസത്തിന് ചില ഫര്‍ദു(നിര്‍ബന്ധമായി പൂര്‍ത്തീകരിക്കേണ്ട ബാധ്യത)കളും ഐഛികമായി നിര്‍വഹിക്കേണ്ടവയും പരിധികളും നിയമ- നടപടിക്രമങ്ങളുമുണ്ട്. അവ പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നത്. അവ പൂര്‍ത്തീകരിക്കാത്തവന്റെ വിശ്വാസം അപൂര്‍ണമാണ്.''
പ്രവാചകന്‍ പഠിപ്പിച്ചു: ''വസ്ത്രം നുരുമ്പിക്കുന്നത് പോലെ നിങ്ങള്‍ക്കുള്ളിലെ വിശ്വാസവും നുരുമ്പിക്കും. അതിനാല്‍ നിങ്ങളുടെ ഹൃദയങ്ങളിലെ വിശ്വാസത്തെ നവീകരിക്കാന്‍ വേണ്ടി അല്ലാഹുവിനോട് നിങ്ങള്‍ പ്രാര്‍ഥിക്കുക'' (ത്വബ്‌റാനി, ഹാകിം).
നേതൃത്വത്തിനും അണികള്‍ക്കുമെല്ലാം തര്‍ബിയത്ത് ലഭിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. ഏത് സാഹചര്യത്തിലും ഈ അന്തരീക്ഷം നിലനിര്‍ത്താന്‍ സംഘടനക്ക് കഴിയണം. മാത്രമല്ല, പ്രബോധന രംഗത്ത് തെറ്റായ പ്രവണതകള്‍ ഉണ്ടാകുമ്പോള്‍ തര്‍ബിയത്ത് മേഖലയില്‍ കൂടുതല്‍ ഊന്നലുകള്‍ നല്‍കേണ്ടിവരും. ചില വ്യക്തികള്‍ തര്‍ബിയത്തിന്നതീതരാണ്, അല്ലെങ്കില്‍ അവര്‍ക്ക് അതിന്റെ ആവശ്യമില്ല തുടങ്ങിയ ധാരണകള്‍ പൂര്‍ണമായി തിരുത്തേണ്ടതുണ്ട്. ഇത് അവരുടെ നാശത്തിനും പതനത്തിനും ഹേതുവാകും. ഇസ്‌ലാമിക തര്‍ബിയത്തീ സങ്കല്‍പത്തിന് തികച്ചും വിരുദ്ധവുമാണ് ഈ കാഴ്ചപ്പാട്. കാരണം ഇസ്‌ലാമിക മാര്‍ഗത്തില്‍ പ്രബോധനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ നിരന്തരം പരീക്ഷണങ്ങളെ നേരിടേണ്ടി വരും എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഏതൊരു വ്യക്തിക്കും തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങളും അല്ലാഹുവിനോടുള്ള ബാധ്യതയും സ്വഭാവസംസ്‌കരണവും നിരന്തരമായ ഉല്‍ബോധനങ്ങളും ആത്മവിചാരണയും അത്യന്താപേക്ഷിതമാണ്. മനുഷ്യന്റെ ഹൃദയം അല്ലാഹുവിന്റെ പിടുത്തത്തിന്നും പൈശാചിക പ്രേരണകള്‍ക്കും ഇടയിലാണ്. അതിനാല്‍ തന്നെ മോശമായ പര്യവസാനം ഉണ്ടാകുന്നതിനെ നാം എപ്പോഴും ഭയപ്പെടുകയും നല്ല പര്യവസാനത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും വേണം.  വ്യക്തികളുടെ അപചയത്തിലൂടെ സംഘടന ദുര്‍ബലമായിട്ടുണ്ടെങ്കില്‍ ആവശ്യമായ ചികിത്സ നടത്തേണ്ടതുണ്ട്. അടിത്തറക്ക് കോട്ടം വന്നാല്‍ സംഘടനാ ശരീരം ദുര്‍ബലമാവുകയും ജീര്‍ണിച്ച് നാശോന്മുഖമാവുകയും ചെയ്യും.
തര്‍ബിയത്തിന്റെ ശൈലി കാലഘട്ടത്തിന്റെ തേട്ടങ്ങള്‍ക്കനുസരിച്ച് പഠനത്തിനും പരിഷ്‌കരണങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ട്. ഏതെങ്കിലും പ്രത്യേക സാഹചര്യം മുന്നില്‍ കണ്ടോ, മറ്റെന്തെങ്കിലും വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലോ തര്‍ബിയഃ പരിപാടികള്‍ അവസാനിപ്പിക്കരുത്. സംഘടനയിലെ ഓരോ അംഗത്തിനും ഏതെങ്കിലും അര്‍ഥത്തില്‍ എപ്പോഴും സംസ്‌കരണം ലഭിച്ചുകൊണ്ടേയിരിക്കണം.
ഒരു വ്യക്തി സംഘടനയുമായി ബന്ധപ്പെടുന്നത് അല്ലാഹുവുമായും ഇസ്‌ലാമുമായും ഉള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. കാരണം സംഘടനയും പ്രസ്ഥാനവും നമ്മുടെ ലക്ഷ്യമല്ല, ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം മാത്രമാണ്. ഏതെങ്കിലും വ്യക്തിയുടെയോ നേതാവിന്റെയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമാകരുത് സംഘടന. അല്ലാഹുവിന്റെ കല്‍പനകള്‍ സാക്ഷാല്‍ക്കരിക്കാനും അവന്റെ പ്രീതി സമ്പാദിക്കാനുമുള്ള വഴി മാത്രമാണ് സംഘടനാ സംവിധാനം.
ആത്മ പ്രശംസ ഇഷ്ടപ്പെടുന്ന ഒരു ഉന്നത വ്യക്തിയുമായി നടത്തിയ കൂടിക്കാഴ്ച ഞാന്‍ ഓര്‍ക്കുന്നു. സംസാരത്തിനിടയില്‍ തര്‍ബിയഃ രംഗത്ത് നിന്നും അദ്ദേഹം ബഹുദൂരം അകന്നതായി എനിക്ക് ബോധ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: ''എന്റെ വ്യക്തിത്വം ഞാന്‍ പ്രകാശിപ്പിക്കുന്നു എന്നത് നേരാണ്. ഇസ്‌ലാം അത് വിലക്കുന്നുമില്ലല്ലോ? പ്രബോധനരംഗത്ത് അത് സാധാരണവുമാണ്!'' അത്ഭുതത്തോടെ ഞാന്‍ പ്രതികരിച്ചു: ''എന്നാല്‍ ഞാന്‍ മനസ്സിലാക്കിയ ഇസ്‌ലാം അപ്രകാരമല്ല, ഇസ്‌ലാമിന്റെ ഉത്തമ താല്‍പര്യങ്ങളെ പ്രകാശിപ്പിക്കുകയും ആത്മപ്രശംസയെ നിരാകരിക്കുകയും ചെയ്യുന്ന ഇസ്‌ലാമിനെയാണ് ഞാന്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്.'' എന്റെ ഉയര്‍ച്ചയാണ് ഞാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ പിന്നെ ഇസ്‌ലാം വിജയിക്കണമെന്ന് ആഗ്രഹിക്കുന്നത് മൗഢ്യമല്ലേ എന്നും ഞാന്‍ ചോദിച്ചു. ഇസ്‌ലാമിനോടൊപ്പം സ്വന്തം വ്യക്തിത്വം പ്രകാശിപ്പിക്കുന്നതിന് എന്താണ് തടസ്സം എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. പ്രവാചകന്റെ മുമ്പില്‍ ഇതേ കാഴ്ചപ്പാട് അവതരിപ്പിച്ച ഗ്രാമീണ അറബിയുടെ കഥ ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു.
പ്രവാചകനോട് ഗ്രാമീണ അറബി പറഞ്ഞു: ''ഞാന്‍ യുദ്ധമുഖത്ത് നിന്ന് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നു, അതോടൊപ്പം എന്റെ മികച്ച പ്രകടനം ജനങ്ങള്‍ കാണുക എന്നതും ലക്ഷ്യമാക്കുന്നു.'' ഈ പശ്ചാത്തലത്തിലാണ് അല്‍കഹ്ഫ് അധ്യായത്തിലെ അവസാന സൂക്തം അവതീര്‍ണമായത്: ''അതിനാല്‍ ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ'' (18:110).
~ഒരാള്‍ ഉബാദത്തുബ്‌നു സാമിത്തിന്റെയടുത്ത് വന്നു ചോദിച്ചു: ''ഞാന്‍ നമസ്‌കരിക്കുന്നു, നോമ്പനുഷ്ഠിക്കുന്നു, സകാത്ത് നല്‍കുന്നു, ഹജ്ജ് ചെയ്യുന്നു... ഇതിലെല്ലാം അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതോടൊപ്പം ജനങ്ങളുടെ പ്രശംസയും ആഗ്രഹിക്കുന്നു.'' ഉടന്‍ ഉബാദത്ത്ബ്‌നു സാബിത്ത് പ്രതികരിച്ചു: ''അത്തരമൊരാള്‍ക്ക് അല്ലാഹുവിങ്കല്‍ ഒരു പ്രതിഫലവുമുണ്ടാവുകയില്ല. മാത്രമല്ല, അല്ലാഹു അയാളോട് പറയും: 'ഞാന്‍ ഒരുത്തമ പങ്കാളിയാണ്, എന്നോട് ആരെങ്കിലും പങ്ക് ചേര്‍ന്നാല്‍ അത് മുഴുവനും അവനുള്ളതാണ്. അതിലൊന്നും എനിക്കാവശ്യമില്ല.''
ഇമാം അഹ്മദ് ശിദാദു ബ്‌നു ഔസില്‍ നിന്ന് നിവേദനം: ''ശിദാദുബ്‌നു ഔസ്(റ) കരയുന്നതു കണ്ടപ്പോള്‍ എന്താണ് താങ്കളെ കരയിക്കുന്നതെന്ന് ഒരാള്‍ ചോദിച്ചു. പ്രവാചകനില്‍ നിന്ന് ഒരു കാര്യത്തെ കുറിച്ച് കേള്‍ക്കാനിടയായതാണ് തന്നെ ഇപ്രകാരം കരയിപ്പിച്ചത്. പ്രവാചകന്‍ പറഞ്ഞു: 'എന്റെ സമുദായം ശിര്‍ക്കിനും വൈകാരിക പ്രലോഭനങ്ങള്‍ക്കും അടിപ്പെടുന്നതിനെയാണ് ഞാന്‍ ഭയക്കുന്നത്.' 'പ്രവാചകരേ, താങ്കള്‍ക്കു ശേഷം താങ്കളുടെ സമൂഹം ശിര്‍ക്ക് ചെയ്യുമോ?' പ്രവാചകന്‍ പ്രതിവചിച്ചു: 'അതെ, അവര്‍ സൂര്യനെയും ചന്ദ്രനെയും ശിലകളെയും ബിംബങ്ങളെയുമൊന്നും ആരാധിക്കുകയില്ല. പക്ഷേ, മറ്റുള്ളവര്‍ കാണാനും അവരുടെ പ്രശംസ പിടിച്ചുപറ്റാനുമായി കര്‍മങ്ങളനുഷ്ഠിക്കും. അപ്രകാരം ഒരാള്‍ നോമ്പുകാരനായിരിക്കെ നൈമിഷികമായ വികാരങ്ങള്‍ക്കടിപ്പെടുകയും നോമ്പ് മുറിക്കുകയും ചെയ്യും'' (അഹ്മദ്).
വ്യക്തികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അര്‍ഹിക്കുന്ന സ്ഥാനങ്ങളും പരിഗണനകളും നല്‍കാതിരിക്കുന്നത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാതിരിക്കുന്നതിനും പ്രവര്‍ത്തകരെ നഷ്ടമാകുന്നതിനും  പ്രധാന കാരണമാണ്. തങ്ങളുടെ അണികളുടെ ശേഷികളും കഴിവുകളും സംഘടനയുടെ വളര്‍ച്ചക്ക് പരമാവധി ഉപയോഗിക്കുക എന്നത്, വളരുകയും വികസിക്കുകയും ചെയ്യുന്ന സംഘടനയുടെ അടയാളമാണ്. ഓരോരുത്തരുടെയും ശേഷികള്‍ സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിയാതിരിക്കുമ്പോഴാണ് അവര്‍ക്കനുയോജ്യമായ സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ സംഘടന പരാജയപ്പെടുന്നത്. സംഘടനയുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ വിശാലാര്‍ഥത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ഫലപ്രദമായി ഓരോരുത്തര്‍ക്കും അവ വിഭജിച്ചുകൊടുക്കാനും കഴിയില്ല. കഴിവും യോഗ്യതയുമുള്ള പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാതെ സംഘടന പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെങ്കില്‍ പരാജയമായിരിക്കും ഫലം.
സംഘടനയിലെ പ്രവര്‍ത്തകരെ അവരുടെ ശേഷിയും പ്രവര്‍ത്തന മികവും പരിഗണിച്ച് തര്‍ബിയഃ, രാഷ്ട്രീയം, സാമ്പത്തികം, കായികം തുടങ്ങി വിവിധമേഖലകളില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഓരോ വിഭാഗത്തിന്റെയും കഴിവുകള്‍ പരിഗണിച്ച് അവര്‍ക്കെത്തിച്ചേരേണ്ട ലക്ഷ്യങ്ങളും പ്രവര്‍ത്തന മാര്‍ഗങ്ങളും വരച്ചുനല്‍കേണ്ടതാണ്. ഇതിന് സാധിക്കാത്ത പക്ഷം അവര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തും. അങ്ങനെ സംഘടനക്ക് അവരും അവര്‍ക്ക് സംഘടനയും 'തലവേദന'യായി മാറും.
പരുഷമായി പെരുമാറുന്ന ഒരാളെ കമ്പനിയുടെ പബ്ലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. അയാളെ കുറിച്ച് ജനങ്ങളില്‍ നിന്ന് നിരന്തരം പരാതി. ഒടുവില്‍ കമ്പനിക്ക് അയാളുടെ സേവനം അവസാനിപ്പിക്കേണ്ടി വന്നു. അതോടെ അയാള്‍ കമ്പനിയുടെ ശത്രുവായിത്തീരുകയും കമ്പനിക്കെതിരെ സ്റ്റേജുകളിലും പേജുകളിലും പ്രതികരിക്കുകയും ബോധപൂര്‍വം ഇതിനെതിരെ മറ്റൊരു കമ്പനി തുടങ്ങാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയുമുണ്ടായി. സംഘടനയിലും അനര്‍ഹരായ ആളുകളെ നേതൃസ്ഥാനങ്ങളില്‍ നിയോഗിച്ചാല്‍ ഇതു തന്നെയായിരിക്കും അവസ്ഥ.
തര്‍ബിയ-സംസ്‌കരണ രംഗത്ത് വേണ്ടത്ര മികവ് പുലര്‍ത്താത്ത ഒരാളെ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പിച്ച ഒരനുഭവം ഞാനോര്‍ക്കുന്നു. പുറത്ത് പറയാന്‍ കഴിയാത്ത ഗുരുതരമായ വീഴ്ചകള്‍ പിന്നീട് അദ്ദേഹത്തില്‍ നിന്നുണ്ടാവുകയും ചെയ്തു. ഒടുവില്‍ അദ്ദേഹത്തെയും കൂടെയുള്ളവരെയും പ്രബോധനസരണിയില്‍ നഷ്ടപ്പെടുകയാണുണ്ടായത്.
സംഘടനക്ക് പ്രവര്‍ത്തിക്കേണ്ട വിവിധങ്ങളായ മേഖലകളെ കുറിച്ചും ഓരോ ഘട്ടത്തിലും ആവശ്യമായി വരുന്ന വിഭവങ്ങളെ കുറിച്ചും നല്ല ധാരണയുണ്ടായിരിക്കണം. പുതിയ പടവുകള്‍ കയറുന്നതിന് മുമ്പ് ആവശ്യമായ വിഭവശേഷികള്‍ ഒരുക്കാന്‍ സംഘടനക്ക് കഴിയേണ്ടതുണ്ട്. അത്യാവശ്യമായ ഹോംവര്‍ക്കുകള്‍ കൂടാതെ പുതിയ പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് കാലെടുത്തുവെക്കുകയാണെങ്കില്‍ എങ്ങനെയെങ്കിലും ആ ബാധ്യത പൂര്‍ത്തീകരിക്കാനായി യോഗ്യതകളും അയോഗ്യതകളും പരിഗണിക്കാതെ ആളുകളെ വിന്യസിക്കേണ്ടി വരും. ഇവിടം മുതല്‍ ഇടര്‍ച്ചയും പതര്‍ച്ചയും ആരംഭിക്കുകയും ചെയ്യും.
(ലബനാനിലെ ഇസ്‌ലാമിക പ്രസ്ഥാന നായകരിലൊരാളായിരുന്നു ഫത്ഹീയകന്‍)
വിവ: അബ്ദുല്‍ബാരി കടിയങ്ങാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ ത്വാഹാ
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം