Prabodhanm Weekly

Pages

Search

2014 ജൂലൈ 25

അനുസ്മരണം

അഡ്വ. കെ. മുഹമ്മദ്

ഹാജി സാഹിബിന്റെ കാലത്തേ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അഡ്വ. കെ. മുഹമ്മദ്. മാസങ്ങളോളം  നീണ്ടുനിന്ന മര്‍ഹൂം കെ.എന്‍ അബ്ദുല്ല മൗലവിയുടെ ഇസ്‌ലാമിക പ്രഭാഷണങ്ങളുടെ ഫലമായി പൊന്നാനിയില്‍ 1965-ല്‍ സ്ഥാപിതമായ ഐ.എസ്.എസ് സ്ഥാപനങ്ങളുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. മത-ഭൗതിക വിദ്യാഭ്യാസത്തില്‍ മുസ്‌ലിംകള്‍ വളരെ പിന്നാക്കമായിരുന്ന 1940 കളില്‍ ഉയര്‍ന്ന ഭൗതിക വിദ്യാഭ്യാസവും സാമാന്യ മതവിദ്യാഭ്യാസവും ആര്‍ജിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. പള്ളി ദര്‍സ് പഠനത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും നേടിയ മുഹമ്മദ് സാഹിബ് മഹാരാജാസ് കോളേജില്‍ നിന്നാണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് തിരുവനന്തപുരം എ.ജി ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ വിദ്യാഭ്യാസത്തോടുള്ള താല്‍പര്യം മൂലം ജോലിയുപേക്ഷിച്ച് എറണാകുളം ലോ കോളേജില്‍ നിയമപഠനത്തിന് ചേര്‍ന്നു. എല്‍.എല്‍.എല്‍.ബി പാസായ ശേഷം അന്നത്തെ പ്രമുഖ വക്കീലായിരുന്ന അഡ്വ. രാമചന്ദ്രന്‍ അയ്യരുടെ കൂടെ പ്രാക്ടീസ് തുടങ്ങി. പിന്നീട് കൊടുങ്ങല്ലൂരില്‍ സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. അഭിഭാഷകനായിരിക്കെ 1955-ല്‍ പൊന്നാനി ബിയ്യം ദേശത്തുനിന്ന് അദ്ദേഹം വിവാഹം കഴിച്ചു. അതോടെ പൊന്നാനിയില്‍ താമസമാക്കി അവിടത്തെ കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. നാദാപുരം, പട്ടാമ്പി കോടതികളില്‍ അദ്ദേഹം അഭിഭാഷകനായിരുന്നിട്ടുണ്ട്. പിന്നെ അഭിഭാഷകവൃത്തി മടുത്ത് അധ്യാപക ജോലിയിലേക്ക് മാറി. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി അദ്ദേഹത്തെ ഹാജി സാഹിബ് നിശ്ചയിക്കുന്നത് അങ്ങനെയാണ്. 1970-ല്‍ അധ്യാപനത്തോട് വിടപഞ്ഞ് അദ്ദേഹം ദുബായിലേക്ക് പോയി. അവിടെ ഇലക്ട്രിസിറ്റി കമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ലഭിക്കുകയും 1986-ല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ അവിടെ തുടരുകയും ചെയ്തു. നാട്ടിലെത്തിയ ശേഷം ഐ.എസ്.എസ് സ്ഥാപനങ്ങളുടെ ഉപദേഷ്ടാവായും മറ്റ് സേവനങ്ങളിലേര്‍പ്പെട്ടും അദ്ദേഹം വീണ്ടും സജീവമായി. വളരെ പ്രയാസത്തില്‍ മുന്നോട്ട് പോയിരുന്ന ഐ.എസ്.എസ് സ്ഥാപനങ്ങളുടെ പ്രാരംഭ കാലത്ത് അതിന് വഖ്ഫ് സ്വത്തുക്കള്‍ ലഭ്യമാക്കുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനുമെല്ലാം മുന്‍കൈയെടുത്തത് മുഹമ്മദ് സാഹിബായിരുന്നു. പ്രദേശത്തെ സംഘടിത സകാത്ത്, പലിശരഹിതനിധി, പ്രാഥമിക മദ്‌റസകള്‍ തുടങ്ങിയ  സംരംഭങ്ങളുടെ ഉപദേശകന്‍ കൂടിയായിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ ആയിശക്കുട്ടി. മക്കള്‍: മുഹമ്മദ് ഷാഫി, മുഹമ്മദ് ഇഖ്ബാല്‍, ഇല്‍യാസ്, ഇസ്ഹാഖ്, ഷഹര്‍ബാന്‍, നസീമ, സുമയ്യ.
ഇസ്മാഈല്‍ എ.പി.എം

പടിയത്ത് കുഞ്ഞുമോന്‍ സാഹിബ്

ഔദ്യോഗിക രേഖകളിലെ 'മുഹമ്മദ് അബ്ദുല്‍ ഖാദിര്‍' എന്ന നാമധാരി നാട്ടുകാര്‍ക്കും പ്രദേശത്തുകാര്‍ക്കും എന്നും കുഞ്ഞുമോന്‍ ഹാജിയായിരുന്നു. കൂട്ടുകാരനായ മമ്മി സാഹിബുമായുള്ള ഊഷ്മള ബന്ധത്തിലൂടെ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി പ്രഥമ കേരള അമീര്‍ വി.പി മുഹമ്മദലി ഹാജിയെ നേരില്‍ കാണുകയും പ്രസ്ഥാനത്തെ ആഴത്തില്‍ പഠിക്കുകയും ചെയ്തു. മമ്മി സാഹിബുമായുള്ള നിരന്തര സഹവാസം കൂടിയായപ്പോള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും അംഗത്വം എടുക്കുകയും ചെയ്തു. ആദ്യകാലത്ത് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വിജ്ഞാനം നേടാനും വളരാനുമുള്ള പ്രധാന വേദിയായിരുന്നു സ്റ്റഡിസര്‍ക്കിള്‍. കുഞ്ഞുമോന്‍ സാഹിബിനെയാണ് പ്രസംഗങ്ങളും പ്രബന്ധങ്ങളും അവലോകനം നടത്താന്‍ ചുമതലപ്പെടുത്തുക. അദ്ദേഹത്തിന്റെ കുറിക്ക് കൊള്ളുന്ന നിരൂപണം വിഷയത്തിന്റെ ആധികാരികമായ പഠനമാണെന്ന് അപ്പോഴാണ് മനസ്സിലാവുക. പ്രബന്ധങ്ങളിലെ പോരായ്മകള്‍ നികത്തിയും പുതിയ അറിവുകള്‍ കൂട്ടിച്ചേര്‍ത്തും അദ്ദേഹം സ്റ്റഡീ സര്‍ക്കിള്‍ ചര്‍ച്ചയെ ഗംഭീരമാക്കും.
സംസാരത്തില്‍ മിതത്വം പാലിക്കുന്ന അദ്ദേഹം നാടിന്റെയും മഹല്ലിന്റെയും പൊതുവിഷയങ്ങളില്‍ ഇടപെടുമ്പോള്‍ തന്റെ നിലപാട് വളരെ കൃത്യമായി ഊന്നിപ്പറഞ്ഞിരുന്നു.  1976-ല്‍ ശാന്തിനഗര്‍-ലജ്‌നത്തു സ്വാബിരീന്‍ മഹല്ല് രൂപീകരിച്ചതു മുതല്‍ മരണപ്പെടുന്നത് വരെ അതിന്റെ കാരണവരും മാര്‍ഗദര്‍ശിയുമായിരുന്നു. മഹല്ലിന്റെ മേല്‍നോട്ടം വഹിക്കുന്ന കന്‍മനം ഐഡിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനം കഴിഞ്ഞ വര്‍ഷമാണ് അനാരോഗ്യം കാരണം ഒഴിഞ്ഞത്. മഹല്ലിന്റെ പുരോഗമനപരമായ ഏത് സംരംഭത്തെയും പിന്തുണക്കാനും ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി വിജയിപ്പിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങുമായിരുന്നു.
ജീവിത വൃത്തിക്കായി പലചരക്ക് കട മുതല്‍ കാഞ്ഞങ്ങാട്ട് ഹോട്ടല്‍ വരെ നടത്തിയിട്ടുണ്ട്. സാമ്പത്തിക പ്രയാസം  വകവെക്കാതെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി സ്വകുടുംബത്തെ പ്രദേശത്തെ മാതൃകാ കുടുംബമാക്കി മാറ്റി. 4 പെണ്‍മക്കളടക്കം 10 സന്താനങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ വലിയ സമ്പാദ്യവും ഭാഗ്യവും. മക്കള്‍ കേരളത്തിലും മിഡില്‍ ഈസ്റ്റ്, ഏഷ്യാ, യൂറോപ്പ് വന്‍കരകളിലും വ്യവസായ, വ്യാപാര ശൃംഖലകള്‍ സ്ഥാപിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോഴും പ്രസ്ഥാന സംരംഭങ്ങള്‍ക്ക് വേണ്ടി നിര്‍ല്ലോഭം സഹായ സഹകരണങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു.
വാര്‍ധക്യസഹജമായ രോഗം കാരണം ചികിത്സക്കും വിശ്രമ ജീവിതത്തിനുമായി ഷാര്‍ജയില്‍ മക്കളുടെ കൂടെ കഴിയവെയാണ് 2014 ജൂണ്‍ 10 ന് 86-ാമത്തെ വയസ്സില്‍ അദ്ദേഹം ഇഹലോകവാസം വെടിയുന്നത്.
വി.എം അബ്ദുല്‍ റഷീദ്, കന്മനം

അബ്ദുല്‍ ഹക്കീം

സൗമ്യമായ സംസാരവും ഹൃദയത്തില്‍ തൊടുന്ന സ്‌നേഹാന്വേഷണങ്ങളുമായി നമുക്കിടയില്‍ ജീവിച്ച വ്യക്തിയായിരുന്നു എടവനക്കാട് കിഴക്കേവീട്ടില്‍ അബ്ദുല്‍ ഹക്കീം സാഹിബ്(62). എടവനക്കാട് മേഖലയിലെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനായ മൂസമൗലവി(കുട്ടുമൗലവി)യുടെ മൂത്തമകനായിരുന്നു. ചെറുപ്പംമുതലേ പക്വതയുള്ള പെരുമാറ്റവും മതഭക്തിയും കൊണ്ട് നാട്ടില്‍ ആദരിക്കപ്പെട്ടു. അറുപതുകളുടെ ആരംഭത്തില്‍ മര്‍ഹൂം എന്‍.കെ  അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നേതൃത്വത്തില്‍ എടവനക്കാട് രൂപം കൊണ്ട മുസ്‌ലിം ബ്രദേഴ്‌സ് ലീഗുമായി ബന്ധപ്പെട്ടാണ് പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ സജീവമായത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ വൈപ്പിന്‍കരയില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടി സര്‍വോദയം കുര്യന്‍ മെഡല്‍ നേടിയ മികച്ച വിദ്യാര്‍ഥിയായിരുന്ന ഹക്കീം സാഹിബ് ഇംഗ്ലീഷ് എം.എ ബിരുദധാരിയായിരുന്നു. 32 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം ദുബൈയില്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റായ ഇത്തിസാലത്തില്‍നിന്ന് അറുപതാം വയസില്‍ റിട്ടയര്‍ ചെയ്തു. മുപ്പത്തിരണ്ടു വര്‍ഷത്തിലേറെ ദുബൈയില്‍ കഴിച്ചുകൂട്ടിയ ഹക്കീം സാഹിബ് ഒരു ഫിഖ്ഹി പണ്ഡിതന്‍ എന്ന നിലയില്‍ നിരവധി പഠനക്ലാസ്സുകള്‍ കൊണ്ട് പ്രവാസ ജീവിതത്തെ സജീവമാക്കി. അറബിയില്‍ സ്വന്തം നിലയില്‍ പാണ്ഡിത്യം നേടിയ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസ്സുകള്‍ പഠനാര്‍ഹങ്ങളായിരുന്നു. എറണാകുളം പ്രാദേശിക ജമാഅത്തംഗമായിരുന്ന ഹക്കീം സാഹിബ് ആലുവ അസ്ഹറുല്‍ ഉലൂം അധ്യാപകനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മക്കളുടെ ജോലിസംബന്ധമായ കാരണങ്ങളാല്‍ ഇടപ്പള്ളിയിലാണ് താമസിച്ചിരുന്നതെങ്കിലും എല്ലാ ആഴ്ചകളിലും എടവനക്കാടെത്തി കുടുംബാംഗങ്ങളെയും പ്രസ്ഥാന പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. നല്ലൊരു പ്രബോധകന്‍ എന്ന നിലയില്‍ തന്റെ അവസരങ്ങളെ അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ളവരോടെല്ലാം നിരന്തര സൗഹൃദങ്ങള്‍ പുലര്‍ത്താന്‍ അദ്ദേഹത്തിനുള്ള കഴിവ് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. രാവിലെ പ്രാദേശിക യോഗം കഴിഞ്ഞ് നാട്ടില്‍ കുടുംബ യോഗത്തില്‍ പങ്കെടുത്ത്‌കൊണ്ടിരിക്കെയായിരുന്നു ഹൃദയസ്തംഭനം മൂലം അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മൂവാറ്റുപുഴ സ്വദേശിനിയായ സഈദയാണ് ഭാര്യ. മക്കള്‍ മുഹമ്മദ് മുഹ്‌സിന്‍ (സുഊദി), മൂസ ഇസാം തസ്‌നിം, ഫാത്വിമ ഹുസ്‌ന.
അഡ്വ. ടി.കെ മുഹമ്മദ് അസ്‌ലം

അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ - ആമീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ