Prabodhanm Weekly

Pages

Search

2014 ജൂലൈ 25

ഫിത്വ്ര്‍ സകാത്ത് വിതരണം ചില സംശയങ്ങള്‍

പ്രശ്‌നവും വീക്ഷണവും / ഇല്‍യാസ് മൗലവി

ഞങ്ങളുടെ മഹല്ലിന് കീഴില്‍ 150 കുടുംബങ്ങള്‍ താമസിക്കുന്നു. ഫിത്വ്ര്‍ സകാത്ത് ഈ കുടുംബങ്ങളില്‍നിന്ന് മഹല്ല് കമ്മിറ്റി ശേഖരിച്ച് മഹല്ലില്‍ തന്നെ വിതരണം ചെയ്യുകയാണ് പതിവ്. മഹല്ലില്‍ ഇരുപതില്‍ താഴെ കടുംബങ്ങളേ ദരിദ്രരെന്ന് പറയാവുന്നവരുള്ളൂ. എന്നാല്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് ഫിത്വ്ര്‍ സകാത്ത് നല്‍കുന്നു. ഇങ്ങനെ ഫിത്വ്ര്‍ സകാത്ത് വാങ്ങുന്നവരേക്കാള്‍ പ്രയാസമനുഭവിക്കുന്നവര്‍ തൊട്ടടുത്ത മഹല്ലുകളിലും പ്രദേശങ്ങളിലുമുണ്ട്. ഫിത്വ്ര്‍ സകാത്ത് മഹല്ലിന് പുറത്ത് ആവശ്യക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?

സകാത്തുല്‍ ഫിത്വ്ര്‍ അതത് പ്രദേശവാസികള്‍ തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് തന്നെയാണ് വിതരണം ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സകാത്തുല്‍ ഫിത്വ്‌റിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് പെരുന്നാള്‍ ദിവസം യാചനയും അലച്ചിലും ഒഴിവാക്കി ഓരോരുത്തരും അവരവരുടെ വീട്ടില്‍ തന്നെ ഭക്ഷണമുണ്ടാക്കുകയും അതിഥികളെ സല്‍ക്കരിക്കുകയുമൊക്കെ ചെയ്യാന്‍ പാകത്തില്‍ സുഭിക്ഷത ഉണ്ടാക്കലാണെന്ന് തിരുമേനി (സ) വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ''നോമ്പുകാരന് അനാവശ്യങ്ങളില്‍ നിന്നും വൃത്തികേടുകളില്‍ നിന്നുമുള്ള ശുദ്ധീകരണമായും അഗതിക്ക് ആഹാരമായും അല്ലാഹുവിന്റെ റസൂല്‍ സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കി. വല്ലവനും പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് അത് കൊടുത്തു വീട്ടിയാല്‍ അത് സ്വീകാര്യമായ സകാത്താകുന്നു. ഇനിയാരെങ്കിലും പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ് നല്‍കുന്നതെങ്കില്‍ അത് കേവലം ദാനം മാത്രമായിരിക്കും'' (അബൂദാവൂദ് 1609).'അഥവാ അത് സകാത്തുല്‍ ഫിത്വ്‌റായി പരിഗണിക്കപ്പെടുകയില്ല എന്നര്‍ഥം. ''അന്നേ ദിവസമെങ്കിലും അലയാന്‍ ഇടവരുത്താതെ അഗതികള്‍ക്ക് സുഭിക്ഷത ഉറപ്പുവരുത്തുവിന്‍'' (ദാറഖുത്വ്‌നി  2157, ബൈഹഖി 7990).
നമ്മുടെ നാട്ടില്‍ പല മഹല്ലുകളിലും പെരുന്നാളിന് പട്ടിണി കിടക്കുന്നവരോ സദ്യയുണ്ടാക്കാന്‍ വകയില്ലാത്തവരോ ആയി, ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ വളരെ കുറച്ച് പേരേ ഉണ്ടായിരിക്കുകയുള്ളൂ. അത്തരക്കാര്‍ ഒട്ടും ഇല്ലാത്ത മഹല്ലുകളും കണ്ടേക്കാം. ഉത്തരേന്ത്യയിലും മറ്റും പശിയടക്കാന്‍ വകയില്ലാത്തവരും ഉടുതുണിക്ക് മറുതുണി ഇല്ലാത്തവരുമായ പതിനായിരങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. അതില്‍ തന്നെ നല്ലൊരു വിഭാഗം മുസ്‌ലിംകളുമാണ്. ഇത്തരം കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സകാത്തുല്‍ ഫിത്വ്ര്‍ എത്തിക്കുന്നത്, ഏതൊരുദ്ദേശ്യത്തിനാണോ അത് നിര്‍ബന്ധമാക്കപ്പെട്ടത് ആ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഏറ്റവും ഉത്തമമായ രൂപമായിരിക്കും. ഇവിടെ ഹദീസില്‍ അഗതികള്‍ എന്നാണ് തിരുമേനി പഠിപ്പിച്ചിട്ടുള്ളത്. ഇന്നയിന്ന പരിധിയില്‍പ്പെട്ടത് എന്ന അതിര്‍ വരമ്പ് നിശ്ചയിച്ചിട്ടില്ല.
മാത്രമല്ല, നമ്മുടെ അറിവിലും പരിസരത്തും പട്ടിണി കിടക്കുന്നവരുണ്ടെന്ന് ബോധ്യമായിട്ടും അവരെ ഗൗനിക്കാതെ വയറുനിറച്ചുണ്ണുന്നവന്‍ വിശ്വാസിയല്ല എന്ന് പഠിപ്പിക്കപ്പെട്ട സമുദായമാണ് മുസ്‌ലിംകള്‍ (ബുഖാരി-അദബുല്‍ മുഫ്‌റദ്: 112). ഹദീസിലെ 'അയല്‍ക്കാരന്‍' എന്ന വാക്ക്, അയല്‍ക്കാരന്റെ വൃത്തം സങ്കുചിതമാക്കാതെ ചിന്തിച്ചാല്‍ മതി, കാര്യം വ്യക്തമാണ്. പരസ്പര സ്‌നേഹത്തിലും വാത്സല്യത്തിലും കാരുണ്യം ചൊരിയുന്നതിലും വിശ്വാസികളുടെ ഉദാഹരണം ഒരു ശരീരം പോലെയാണ്. അതിലെ ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ശരീരത്തിലെ മറ്റവയവങ്ങളെല്ലാം അതിനുവേണ്ടി പനിച്ചും ഉറക്കമിളച്ചും കഷ്ടപ്പെടുമല്ലോ (ബുഖാരി: 6011, മുസ്‌ലിം: 4685). നിരാലംബരും കഷ്ടപ്പെടുന്നവരും ഉണ്ടെന്നറിഞ്ഞ് നിഷ്‌ക്രിയരായിരിക്കുന്നവര്‍ കുറ്റക്കാരാവുമെന്നും അന്ത്യദിനത്തില്‍ അല്ലാഹു അവരെ ചോദ്യം ചെയ്യുമെന്നും ഇമാം അല്‍ ജുവൈനി രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തടവുകാരായി പിടിച്ചവര്‍ക്ക് വരെ ഭക്ഷണം നല്‍കുന്നവരാണ് വിശ്വാസികള്‍ (അദ്ദഹ്ര്‍ 8). അതും കടന്ന്, ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ ഒരധര്‍മിയായ സ്ത്രീ സ്വര്‍ഗാവകാശിയായയെന്ന് പഠിപ്പിച്ചിട്ടുണ്ട് പ്രവാചകന്‍ (മുസ്‌ലിം: 5997). സ്വന്തം ആദര്‍ശം പിന്‍പറ്റുന്ന സഹോദരീ സഹോദരന്‍മാരുടെ കാര്യം പിന്നെ പറയാനുണ്ടോ!
സ്വന്തം നാട്ടില്‍ അര്‍ഹരായവര്‍ നിലവിലില്ലാത്തപ്പോള്‍ ഇതര നാടുകളിലേക്ക് സകാത്ത് എത്തിക്കാം എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ തന്നെ അര്‍ഹരായവരുണ്ടായിരിക്കെ അവരെ അവഗണിച്ച് ഇതര നാടുകളിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു (ശറഹുല്‍ മഹല്ലി: 1/314, മുഗ്‌നി അല്‍മുഹ്താജ്: 11/480, നിഹായത്തുല്‍ മുഹ്താജ്: 20/121).
വേറെ നാട്ടിലേക്ക് സകാത്ത് എത്തിക്കാമെന്ന് ശാഫിഈ മദ്ഹബില്‍ തന്നെ ഒരഭിപ്രായം ഉണ്ട്. ഈ കാര്യം ശാഫിഈ മദ്ഹബിന്റെ ആധികാരിക ഗ്രന്ഥങ്ങളില്‍ തന്നെ കാണാം. പരിശുദ്ധ ഖുര്‍ആനില്‍ സകാത്തിന്റെ അവകാശികളെപ്പറ്റി പറഞ്ഞപ്പോള്‍ ഫഖീര്‍, മിസ്‌കീന്‍ എന്നിങ്ങനെ സാമാന്യ ശൈലിയാണ് പ്രയോഗിച്ചിട്ടുള്ളതെന്നും അവര്‍ ഇന്ന പ്രദേശത്തുകാരാവണമെന്ന് പരിമിതപ്പെടുത്തിയിട്ടില്ലെന്നതുമാണ് അവരുടെ ന്യായം. അതിനാല്‍ മുസ്‌ലിംകളില്‍പ്പെട്ട ഫഖീറുമാരും മിസ്‌കീനുകളും ഏത് നാട്ടിലാവട്ടെ അവര്‍ക്ക് തങ്ങളുടെ സകാത്ത് വിതരണം ചെയ്യാമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത് (ശറഹുല്‍ മഹല്ലി 1/314, മുഗ്‌നി അല്‍മുഹ്താജ് 11/480, നിഹായത്തുല്‍ മുഹ്താജ് 20/121 നോക്കുക). സകാത്ത് വസൂലാക്കുന്നതും വിതരണം ചെയ്യുന്നതും മുസ്‌ലിംകളുടെ ഇമാമോ (ഭരണാധികാരി) അദ്ദേഹത്തിന്റെ പ്രാതിനിധ്യമുള്ള ഖാദിയോ ആണെങ്കില്‍ ഏത് പ്രദേശത്ത് വേണമെങ്കിലും വിതരണം ചെയ്യാമെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുകയും ചെയ്തിരിക്കുന്നു. അക്കാര്യത്തില്‍ തര്‍ക്കമില്ല.
ഹനഫീ മദ്ഹബാകട്ടെ സ്വന്തം നാട്ടുകാരെക്കാള്‍ അത്യാവശ്യക്കാരായി ഇതര നാട്ടുകാരായവരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് യാതൊരു വിരോധവുമില്ല എന്ന വിശാലമായ കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത് (ഇബ്‌നു ആബിദീന്‍: 2/68–69, ഫത്ഹുല്‍ഖദീര്‍: 2/28) (അല്‍ മൗസൂഅതുല്‍ ഫിഖ്ഹിയ്യ: 23/331).
അതിനാല്‍ ഓരോ മഹല്ലിലും സകാത്തുല്‍ ഫിത്വ്‌റിന് അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ അവരുടെ ഓഹരി അവര്‍ക്ക് എത്തിക്കാന്‍ ശ്രദ്ധിക്കുകയും ബാക്കിയുള്ളതിന്റെ കണക്കെടുത്ത് അടുത്ത പ്രദേശങ്ങളിലെ ആവശ്യക്കാര്‍ക്ക് ഭക്ഷണസാധനങ്ങളായോ പണമായോ എത്തിച്ച് നല്‍കുകയും ചെയ്യാവുന്നതാണ്.
പാരമ്പര്യം വിടാന്‍ മടിയുള്ള ചിലര്‍ക്ക് ഈ വീക്ഷണം പിടിച്ചില്ലെന്ന് വരാം. അവരെ നിര്‍ബന്ധിക്കാനോ അവരുമായി തര്‍ക്കിക്കാനോ പോകേണ്ടതില്ല. പരിശുദ്ധ റമദാനിന്റെ പവിത്രത മാനിച്ച് തര്‍ക്കവിതര്‍ക്കങ്ങളില്‍ മുഴുകി അമൂല്യമായ സമയം പാഴാക്കരുത്. അത്തരക്കാര്‍ തങ്ങളുടെ പരമ്പാഗത ശൈലിയില്‍ തന്നെ നല്‍കി കൊള്ളട്ടെ. അല്ലാത്തവര്‍ മറ്റു പ്രദേശങ്ങളില്‍ എത്തിച്ച് ഫലപ്രദമായി തന്നെ വിതരണം ചെയ്യാന്‍ ശ്രമിക്കുക.

കേരളത്തിലെ മിക്ക മഹല്ലുകളിലും ദാരിദ്ര്യം ഇന്ന് പ്രധാന വിഷയമല്ല. എല്ലാ വീട്ടിലും കേരളത്തിലെ മുഖ്യ ഭക്ഷണവിഭവമായ അരി ലഭ്യമാണ്. ബി.പി.എല്ലുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി കുറഞ്ഞ രൂപക്ക് അരി ലഭ്യമാണ്. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ വിശേഷവിഭവങ്ങളായ ബിരിയാണിയോ നെയ്‌ച്ചോറോ ഉണ്ടാക്കുന്ന അരി വാങ്ങാന്‍ കഴിയാത്ത ഒട്ടനവധി കുടുംബങ്ങള്‍ ഇന്നുമുണ്ട്. സാധാരണ അരി സുലഭമായിരിക്കെ ഫിത്വ്ര്‍ സകാത്തായി ഇത്തരം അരി നല്‍കുന്നതല്ലേ കൂടുതല്‍ നല്ലത്. അങ്ങനെയെങ്കില്‍ അതിന്റെ അളവ് എങ്ങനെ കണക്കാക്കാം?

സകാത്തുല്‍ ഫിത്വ്‌റിനെപ്പറ്റി വന്ന ഒറ്റ ഹദീസിലും അരിയെപ്പറ്റി പരാമര്‍ശമില്ല. പ്രത്യുത ഗോതമ്പ്, യവം, പാല്‍ക്കട്ടി, ഈത്തപ്പഴം എന്നു തുടങ്ങി ആ കാലത്തെ ആഹാര വിഭവങ്ങള്‍ മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്. അവയുടെ അളവ് ഒരു സ്വാഅ് എന്നാണ് വന്നിട്ടുള്ളത്. ഇന്നത്തെ കണക്കനുസരിച്ച് 2200 ഗ്രാം.
ഹദീസില്‍ പറഞ്ഞിട്ടുള്ള വിഭവങ്ങളോട് ഖിയാസാക്കിയാണ് ഇവിടെയുള്ള പണ്ഡിതന്മാര്‍ അരി മതിയാകുമെന്ന് പറഞ്ഞത്. തിരുമേനി അവ നിര്‍ബന്ധമാക്കിയതിന്റെ മുഖ്യന്യായം (ഇല്ലത്ത്) അവയെല്ലാം അവിടത്തെ മുഖ്യ ആഹാരങ്ങളില്‍ പെട്ടവയായിരുന്നു എന്നതാണ്. അതേ ന്യായം വെച്ച് നമ്മുടെ നാട്ടില്‍ അരി മതിയാകും.
ഏത് തരം അരി? ഒരു ഗതിയുമില്ലാത്തവന്‍ നിര്‍ബന്ധിതാവസ്ഥയില്‍ വാങ്ങാറുള്ള താണ തരവുമല്ല, എന്നാല്‍ നല്ല വിലയുള്ള ഏറ്റവും മുന്തിയ തരവുമല്ല, ഇടത്തരം നിലവാരത്തിലുള്ള അരിയാണ് സകാത്തുല്‍ ഫിത്വ്‌റായി നല്‍കേണ്ടത്. കുറുവ, ജയ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞ ബിരിയാണി അരി, ബസ്മതി തുടങ്ങിയവ നല്‍കിയാല്‍ അത്രയും നല്ലത്. അവ 2200 ഗ്രാം തന്നെ നല്‍കണമോ എന്ന ചോദ്യത്തിന് ഒരു സ്വാഅ് എന്ന് തിരുമേനി(സ) വ്യക്തമാക്കിയിരിക്കെ അത്ര തന്നെ നല്‍കണമെന്നാണ് ഒരഭിപ്രായം.
എന്നാല്‍ മുന്തിയ ഇനമാണെങ്കില്‍ പകുതി നല്‍കിയാല്‍ മതി എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇമാം അബൂഹനീഫയുടെ മദ്ഹബ് അതാണ്. അബൂ സഈദുല്‍ ഖുദ്‌രി റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് അവരുടെ മുഖ്യ അവലംബം. ''അല്ലാഹുവിന്റെ റസൂല്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന കാലം മുതല്‍ സകാത്തുല്‍ ഫിത്വ്‌റായി ഞങ്ങള്‍ നല്‍കിയിരുന്നത് ഒരു സ്വാഅ് ഭക്ഷണം അല്ലെങ്കില്‍ ഒരു സ്വാഅ് യവം അല്ലെങ്കില്‍ ഒരു സ്വാഅ് ഈത്തപ്പഴം, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി എന്നിങ്ങനെയായിരുന്നു. അങ്ങനെയിരിക്കെ മുആവിയ(റ)യുടെ കാലത്ത് അദ്ദേഹം ഹജ്ജിനോ ഉംറക്കോ മറ്റോ ആയി വന്നപ്പോള്‍ മദീനയില്‍ വരികയും മിമ്പറില്‍ വെച്ച് ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുകയുമുണ്ടായി. കൂട്ടത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു, 'രണ്ട് മുദ്ദ് (അര സ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് ഈത്തപ്പഴത്തിന് തുല്യമാണെന്ന് ഞാന്‍ കാണുന്നു.' അനന്തരം ജനങ്ങള്‍ അത് അംഗീകരിക്കുകയും സ്വീകരിക്കുകയുമുണ്ടായി. ഞാനാവട്ടെ പഴയപടിതന്നെ തുടരുകയും ചെയ്തു, മരിക്കുവോളം ഞാനങ്ങനെയേ ചെയ്യൂ എന്നും വെച്ചു'' (മുസ്‌ലിം 2331). ഇമാം നവവി പറഞ്ഞു, ഈ ഹദീസാണ് ഇമാം അബൂ ഹനീഫയുടെയും അദ്ദേഹത്തോട് യോജിക്കുന്നവരുടെയും 'അര സ്വാഅ് മതി' എന്ന അഭിപ്രായത്തിന് തെളിവ്. എന്നാല്‍ ഇത് കേവലം ഒരു സ്വഹാബിയുടെ കാഴ്ചപ്പാട് മാത്രമാണ് എന്നാണ് ഭൂരിപക്ഷത്തിന്റെ നിലപാട് (ശറഹു മുസ്‌ലിം 3/417).
ഇത് കേവലം ഒരു സ്വഹാബിയുടെ അഭിപ്രായം മാത്രമായി കാണാന്‍ കഴിയില്ല. മദീനക്കാരുടെ മുമ്പില്‍ വെച്ച് അദ്ദേഹം ഇക്കാര്യം പറഞ്ഞപ്പോള്‍ 'ജനങ്ങള്‍ അത് സ്വീകരിക്കുകയുണ്ടായി' എന്ന് വളരെ വ്യക്തമായി പരാമര്‍ശിച്ചിരിക്കെ, ഈ അഭിപ്രായം പൊതുവെ എല്ലാവരും സ്വീകരിച്ചു എന്നാണ് മനസ്സിലാവുന്നത്. സ്വഹാബിമാര്‍ ഉള്‍ക്കൊള്ളുന്ന മദീനക്കാര്‍ അത് പിന്‍പറ്റി എന്നര്‍ഥം. ഈ മദ്ഹബനുസരിച്ച് 2200 ഗ്രാം കുറുവയോ ജയയോ മറ്റോ നല്‍കുന്നതിന് പകരം 1100 ഗ്രാം ബിരിയാണി അരി നല്‍കിയാലും മതിയാകും. അഗതികള്‍ക്ക് അതാണുത്തമമെങ്കില്‍ അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അര സ്വാഅ് മതിയെന്ന ഇമാം അബൂ ഹനീഫയുടെ മദ്ഹബും അതുതന്നെയാണെന്ന് സൂചിപ്പിച്ചല്ലോ. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ പിന്‍പറ്റുന്ന മദ്ഹബ് കൂടിയാണത്.
അര സ്വാഅ് മുന്തിയ ഇനം ഗോതമ്പ് മതി എന്ന പ്രമുഖ സ്വഹാബി മുആവിയ(റ)യുടെയും അദ്ദേഹത്തിന്റെ വീക്ഷണത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മറ്റു സ്വഹാബിമാരുടെയും ആധാരം ഗോതമ്പല്ലാത്തവയുടെ മൂല്യം ഏതാണ്ട് തുല്യമാണെന്നടിസ്ഥാനത്തിലുള്ള ഇജ്തിഹാദാണ്. ഗോതമ്പാകട്ടെ അന്ന് വമ്പിച്ച വിലയുള്ള ധാന്യവുമായിരുന്നു.
ആയതിനാല്‍ അടിസ്ഥാനം നാട്ടിലെയോ വ്യക്തിയുടെയോ മുഖ്യാഹാരമേതാണോ അത് ഒരു സ്വാഅ് എന്നതായിരിക്കേണ്ടതാണ്. ഇനി ഗോതമ്പ് വിതരണം ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് നല്ല വിലയുണ്ടെങ്കില്‍ അര സ്വാഅ് വിതരണം ചെയ്യുന്നതും സാധുവാകുന്നതാണ്. അതിന്റെ വില നാട്ടിലെ മുഖ്യാഹാരത്തിന്റെ വിലയോട് സമാനമായിരിക്കണമെന്ന് മാത്രം. വിലയുടെ അടിസ്ഥാനത്തില്‍ ഗോതമ്പ് നല്‍കാമെന്ന സ്വഹാബിമാരുടെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഏതവസ്ഥയിലും ഒരു സ്വാഅ് തന്നെ നല്‍കലാണ് സൂക്ഷ്മത. അഭിപ്രായവ്യത്യാസം ഒഴിവാക്കാനും സ്ഥിരപ്പെട്ട പ്രമാണങ്ങളെ പിന്‍പറ്റുന്നു എന്നര്‍ഥത്തിലും അതുതന്നെയാണ് നല്ലത്. സംശയമുള്ളത് വിട്ട് സംശയമില്ലാത്തത് സ്വീകരിക്കുക എന്ന തത്ത്വത്തിന്റെ തേട്ടവും അതുതന്നെയാണ്. അലി(റ) പറഞ്ഞതുപോലെ, ആര്‍ക്കെങ്കിലും അല്ലാഹു അനുഗ്രഹം വിശാലമാക്കിയിട്ടുണ്ടെങ്കില്‍ അവനും വിശാലത കാണിക്കട്ടെ (ഫിഖ്ഹുസ്സകാത്ത് 2/408). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ