Prabodhanm Weekly

Pages

Search

2014 ജൂലൈ 25

മരുഭൂമിയിലെ മാലാഖമാര്‍

അനുഭവം / .ഇ.എം റാഫി വടുതല

ജൂണ്‍ 29 ഞായര്‍, റമദാന്‍ ഒന്ന്.  അതിശക്തമായ ഉച്ചച്ചൂടിലും ദുബൈ നഗരം പ്രൗഢിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു. നഗരം ഭക്തിസാന്ദ്രമായിത്തുടങ്ങുകയാണ്. പതിവായി പള്ളികളില്‍ പോയിരുന്നവര്‍ അകത്തേക്ക് കാലു കുത്താന്‍ കഴിയാതെ പുറത്തെ ചുട്ടു പൊള്ളുന്ന കോണ്‍ക്രീറ്റ് തറയില്‍ വിയര്‍ത്ത് കുളിച്ചു നമസ്‌കരിച്ചു. സൂക്കുകളും മാളുകളും നിറഞ്ഞു കവിഞ്ഞു. റമദാന്‍ മുന്നൊരുക്കത്തിന്റെ തിരക്കാണെങ്ങും. പുണ്യ റമദാന്റെ ആഗമനം അവിടത്തെ ജോലി സമയങ്ങളിലും അല്‍പം ഇളവും മാറ്റവും വരുത്തിയിട്ടുണ്ട്. റമദാന്‍ ഭക്തിയുടെ മാത്രമല്ല സഹാനുഭൂതിയുടെയും മാസമാണല്ലോ. സര്‍വോപരി അധ്വാനിക്കുന്നവന്റെ ജോലി ഭാരം ലഘൂകരിച്ചു കൊടുക്കേണ്ട മാസം.
വ്രതമെടുത്ത് പ്രഭാത നമസ്‌കാരം കഴിഞ്ഞ് അല്‍പം കണ്ണടച്ച് ഞൊടിയിടയില്‍ കണ്ണു തുറന്ന് ജോലി സ്ഥലത്തേക്ക് പോയവര്‍ മൂന്ന് മണിയോടെ തിരിച്ചെത്തി. തല പൊട്ടുന്ന ചൂടിലും ആദ്യ നോമ്പിന്റെ ക്ഷീണമകറ്റാന്‍ ആരും റൂമുകളില്‍ തങ്ങിയില്ല.  റമദാനാണല്ലോ, ഒരു സല്‍കര്‍മത്തിനു തന്നെ പ്രപഞ്ചനാഥന്‍ പലമടങ്ങ് പ്രതിഫലം പ്രഖ്യാപിച്ചതാണ്. പള്ളി മൂലയില്‍ ഒതുങ്ങിക്കൂടുന്നതിനേക്കാളും വലുത് ഒരു സഹോദരന്റെ പ്രശ്‌നം തീര്‍ക്കലാണെന്ന ആഹ്വാനത്തിന് ഉത്തരമോതി ഒരു കൂട്ടം ചെറുപ്പക്കാര്‍ എന്തിനോ തയാറായി നില്‍ക്കുന്നു.
സമയം മൂന്നരയോടടുക്കുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി സാബിര്‍ ഊര്‍ജസ്വലതയോടെ കടന്നുവന്നു പറഞ്ഞു: ''സജയിലേക്ക് പോകേണ്ടവര്‍ പെട്ടെന്ന് താഴേക്ക് വരിക, വണ്ടി റെഡി.'' ഒരു കമാണ്ടറിന്റെ ആജ്ഞ ലഭിച്ച പട്ടാളത്തെ പോലെ എല്ലാവരും ചാടി ഇറങ്ങി. നോമ്പ് പിടിച്ച് അധ്വാനിച്ചു വന്നതിന്റെ ക്ഷീണമല്ല, ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചുകൊണ്ടിരിക്കുന്നതിന്റെ ആവേശമാണ് അവരുടെ മുഖത്തൊക്കെയും ജ്വലിച്ചുനില്‍ക്കുന്നത്. അവിചാരിതമായി ദുബൈയിലെത്തി വിസ്മയ കാഴ്ചകള്‍ കണ്ടുകൊണ്ട് നിന്ന ഞാനും സജയെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ കെട്ടിടം ബുര്‍ജു ഖലീഫ, ഏറ്റവും വലിയ ഷോപ്പിങ്ങ് സെന്റര്‍  ദുബൈ മാള്‍, ഏറ്റവും വലിയ കൃത്രിമ ദീപ് പാം ജുമൈര, ഇതിനിടയില്‍ ഒരു 'സജ' കേട്ടറിയുകയല്ല, അനുഭവിച്ചറിയുകയാണ് വേണ്ടതെന്ന് സാബിര്‍ ഉണര്‍ത്തി.
അസ്വ്ര്‍ നമസ്‌കാരത്തിന് ശേഷം സജയെ ലക്ഷ്യമാക്കി വാഹനം ഓടിത്തുടങ്ങി. റമദാന്റെ ആദ്യ ദിവസമാണ്, അഞ്ച് മണിക്ക് മുമ്പ് അവിടെ എത്തിച്ചേരാന്‍ കണ്‍വീനര്‍ അനീസ്‌ക്കായുടെ നിര്‍ദേശം വാട്ട്‌സാപ്പിലുണ്ടെന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞു. സാബിറിന്റെ വാട്ട്‌സ്ആപ്പിലും ഈ മെസേജു കണ്ടപ്പോള്‍ അദ്ദേഹം ആക്‌സിലേറ്റര്‍ അമര്‍ത്തി ചവുട്ടി.  ആറ് വരി പാതയിലൂടെ ഓടികൊണ്ടിരുന്ന ഞങ്ങളുടെ വാഹനത്തിന്റെ സപീഡോ മീറ്ററിന്റെ സൂചി അപ്പോള്‍ നൂറ്റി നാല്‍പതില്‍. മരുഭൂമിയുടെ മധ്യത്തിലൂടെയുള്ള പാതയോരങ്ങളില്‍ ഒട്ടകക്കൂട്ടങ്ങള്‍ ഞങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കും പോലെ കാണാമായിരുന്നു.
ലോകനിലവാരത്തിലുള്ള ദുബൈ-ഷാര്‍ജ ഹൈവേയുടെ മാര്‍ബിള്‍ മിനുസത്തില്‍ നിന്ന് വഴിമാറിയപ്പോള്‍ കുണ്ടും കുഴിയുമുള്ള റോഡിന്റെ ചാടലും ആടലും അനുഭവപ്പെട്ടുതുടങ്ങി. ഇരു പാര്‍ശ്വങ്ങളിലും മനോഹര സൗധങ്ങളില്ല. ഈത്തപ്പനമരങ്ങളും ആര്യവേപ്പുകളും  ചിട്ടയായി വളര്‍ത്തിയ മനോഹര കാഴ്ചകളില്ല. വ്യവസായ ശാലകളിലേക്കും കമ്പനികളിലേക്കും പോകുന്ന ഭീമാകാരമായ ട്രക്കുകളുടെ ചെവിയടക്കുന്ന ശബ്ദവും പൊടിപടലങ്ങളും. റോഡിന്റെ ഇരു പാര്‍ശ്വങ്ങളിലും അത്യധ്വാനം ചെയ്തു ക്ഷീണിച്ചു മടങ്ങുന്ന തൊഴിലാളികളുടെ ചെറിയ സംഘങ്ങള്‍. പണി പൂര്‍ത്തിയാകാത്തതും പൊളിഞ്ഞു വീഴാറായതുമായ ലേബര്‍ ക്യാമ്പുകള്‍. ഓയിലിന്റെയും മലിന ജലത്തിന്റെയും മണം. യു.എ.ഇയിലെ ലേബര്‍ ക്യാമ്പുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ദുരിതങ്ങളനുഭവിക്കുന്ന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പരിണിത ഫലങ്ങള്‍ ഏറ്റവുമധികം പ്രതിഫലിച്ചു കാണും സജയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ. ടാറിട്ട റോഡുകള്‍ സജയില്‍ കാണില്ല. എങ്ങും പൊടി പിടിച്ച അന്തരീക്ഷം.  ക്യാമ്പുകളില്‍ ശമ്പളം വെട്ടികുറക്കപ്പെട്ടവരും ഉള്ളത് തന്നെ ലഭിക്കാത്തവരും നിരവധി.
ഇവിടത്തെ തൊഴിലാളികളെ നോമ്പു തുറപ്പിക്കുകയാണ് ഏതാനും വര്‍ഷങ്ങളായി ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകര്‍.   ഞങ്ങളുടെ കാര്‍ ഒരു പള്ളിയുടെ അടുത്തുള്ള ഗോഡൗണിനു സമീപം നിന്നു. ഷാര്‍ജയിലും ദുബൈയുടെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്ന  ചെറുപ്പക്കാര്‍. ഗള്‍ഫുകാരന്റെ പ്രൗഢിയോ പത്രാസോ അവര്‍ക്കില്ല. സ്വന്തം സഹോദരന്മാര്‍ക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചവര്‍. അതിവിശാലമായ ഗോഡൗണിന് മുന്നില്‍ കൂട്ടം കൂടിയവര്‍ നിരനിരയായി നിന്നു. ഞങ്ങളെ പോലെ പതിനാല് സംഘങ്ങള്‍ അവിടെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് വന്നുചേര്‍ന്നിരുന്നു. വ്യവസായികളും ഉദാരമതികളും സ്‌പോണ്‍സര്‍ ചെയ്ത ഇഫ്ത്വാര്‍ വിഭവങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ് ഗോഡൗണില്‍. പറവൂര്‍ മന്നം സ്വദേശി യൂനുസ് ലേബര്‍ ക്യാമ്പുകളുടെ നമ്പര്‍ വിളിച്ചു ക്യാമ്പിലെ എണ്ണത്തിനനുസരിച്ചു ഇഫ്ത്വാര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സ്റ്റോര്‍കീപ്പറായി സേവനം ചെയ്യുന്നു. ഈത്തപ്പഴം, മുസമ്പി, വത്തക്ക, ജ്യൂസ്...  തുടങ്ങിയവ വേറെ വേറെ വാഹനങ്ങളില്‍ കയറ്റി ചെറു സംഘങ്ങളായി വീണ്ടും മരുഭൂമിയിലൂടെ യാത്ര. ആടു ജീവിതത്തില്‍ ബിന്‍യാമിന്‍ വര്‍ണിച്ച ചില മരുഭൂക്കാഴ്ചകള്‍. അതിവിശാലമായ മരുഭൂമി. ഒറ്റക്കും കൂട്ടായും പോകുന്ന കുറെ ആടു ജീവിതങ്ങള്‍.
സമയം മഗ്‌രിബിനോടടുക്കുന്നു. ശക്തമായ പൊടിക്കാറ്റിനെ വകവെക്കാതെ മുന്നോട്ടു നീങ്ങിയ വാഹനം അല്‍പം നീണ്ട സഞ്ചാരത്തിനു ശേഷം ഒരു വ്യവസായ ശാലക്ക് മുന്നിലെ വിശാലമായ മരുപ്രദേശത്തെ ഒരു ഇഫ്ത്വാര്‍ ക്യാമ്പിലെത്തി. ഇതാണ് ഞങ്ങളുടെ സംഘത്തിനനുവദിച്ച പത്താം നമ്പര്‍ ക്യാമ്പ്. കാര്‍പെറ്റ് വിരിച്ചു മുകളില്‍ സുപ്രയിട്ടു, വത്തക്കയും മുസമ്പിയും ചെറിയ കഷ്ണങ്ങളാക്കി. ബിരിയാണിയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ വിളമ്പി. മരുഭൂമിയുടെ ചൂടും പൊടിയും വക വെക്കാതെ ത്യാഗം ചെയ്യുകയാണ് സേവന സന്നദ്ധരായ ഒരു പറ്റം ഇസ്‌ലാമിക പ്രവര്‍ത്തകര്‍. കോഴിക്കോട് സ്വദേശി മലയില്‍ മൊയ്തിന്‍, കണ്ണൂര്‍ മാട്ടൂല്‍ കാദര്‍, പേരാമ്പ്ര സ്വദേശി സാജിദ്, കോട്ടക്കല്‍ സ്വദേശി അന്‍വര്‍ സാദത്ത്, പുത്തന്‍പള്ളി ഇസ്ഹാഖ്, ആലുവ താജുദ്ദീന്‍, ആലപ്പുഴ സബീര്‍ഖാന്‍, കരുനാഗപ്പള്ളി റാഷിദ്, കടക്കല്‍ ബുനൈസ്, തിരുവനന്തപുരം അബ്ദുല്‍ ഖാദര്‍, മലപ്പുറം ഖാസിം, കൊടുങ്ങല്ലൂര്‍ ബാദുഷ, മുബാറഖ്, അഷ്‌റഫ് മീരാന്‍, ബശീര്‍ ആലത്ത്....  പേരറിയാത്തവര്‍ വേറെയും.
പാകിസ്താനികള്‍, ബംഗ്ലാദേശികള്‍, ഉത്തരേന്ത്യക്കാര്‍, ആന്ധ്രക്കാര്‍, തമിഴര്‍ പിന്നെ മലയാളികളും. തുഛമായ വേതനത്തിന് വ്യവസായശാലകളില്‍ തൊഴിലെടുക്കുന്നവര്‍. എല്ലാവരും ഇഫ്ത്വാര്‍ വിഭവങ്ങള്‍ ഒരുക്കിയ ക്യാമ്പുകളില്‍ വരി വരിയായി ഇരുന്നു തസ്ബീഹ് ചൊല്ലി തുടങ്ങി. നൂറും ഇരുനൂറും ആയിരവും പേര്‍ പങ്കെടുക്കുന്ന ഇരുപതിലധികം ക്യാമ്പുകളില്‍ ഒരേസമയം പതിനായിരത്തോളം പേര്‍ ഇഫ്ത്വാര്‍ വിഭവങ്ങള്‍ക്ക് മുന്നില്‍ നിര നിരയായി ഇരുന്നു; ശുഭ പ്രതീക്ഷയുടെ ആത്മീയോത്കര്‍ഷത്തിന്റെ ബാങ്കൊലി കേള്‍ക്കാന്‍. ജീവിത സായാഹ്നത്തിലെത്തിയ വ്യദ്ധര്‍, കത്തുന്ന വെയിലത്തും ഉരുകാത്ത യുവ കോമളന്മാര്‍. സ്വയം ജീവിക്കാതെ, നാട്ടില്‍ വിട്ടേച്ചു പോന്ന ഭാര്യമാര്‍ക്കും മക്കള്‍ക്കും വേണ്ടി ജീവിക്കുകയാണിവര്‍. ജോലി കഴിഞ്ഞ് വൈകുന്നേരം ക്യാമ്പിലെത്തി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്ത തൊഴിലാളികള്‍ക്ക് വലിയ അനുഗ്രഹമാണ് സജയിലെ നോമ്പു തുറ. ക്യാമ്പുകളില്‍ നിന്ന് തന്നെ ബാങ്കൊലി മുഴങ്ങി. പാകിസ്താനിയായ ഉമര്‍ദാദ ഞങ്ങളുടെ ക്യാമ്പില്‍ ബാങ്ക് കൊടുത്തു. കുപ്പിവെള്ളവും ഈത്തപ്പഴവും കൊണ്ടു നോമ്പു തുറന്നു. വരണ്ട ചുണ്ടുകള്‍ നനഞ്ഞപ്പോള്‍ എന്തൊരാശ്വാസം!
ബംഗ്ലാദേശ് സ്വദേശിയായ ആലംഖാന്റെ നേതൃത്വത്തില്‍ അവിടെ വെച്ച് തന്നെ മഗ്‌രിബ് നമസ്‌കാരം നിര്‍വഹിച്ചു. ബാക്കിയുള്ള സാധനങ്ങളുമായി സ്റ്റോറിലേക്ക് തിരിച്ചു. സമീപത്തുള്ള ചായക്കടയില്‍ നിന്നും ചായയും സമൂസയും കഴിച്ചു. പലര്‍ക്കും ക്യാമ്പില്‍ നിന്ന് കഴിക്കാന്‍  ബാക്കിയുണ്ടായിരുന്നില്ല. പതിനാല് ക്യാമ്പുകളില്‍ നിന്നുള്ളവരും അവിടെ എത്തിച്ചേര്‍ന്നു. ക്യാമ്പ് ലീഡര്‍മാര്‍ കണ്‍വീനര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരാതികളും നിര്‍ദേശങ്ങളും കൈമാറി. പതിനാല് ക്യാമ്പുകളിലായി അയ്യായിരത്തോളം പേരെയാണ് നോമ്പു തുറപ്പിച്ചത്.
ഇഫ്ത്വാര്‍ വിരുന്നൊരുക്കി സേവന സമര്‍പ്പണത്തിന്റെ ആത്മസംതൃപ്തിയോടെ ബര്‍ദുബൈ ഇബ്‌റാഹീം ഖലീല്‍ മസ്ജിദിലേക്ക് ഇശാ നമസ്‌കാരം ലക്ഷൃമാക്കി വാഹനം അതിവേഗം മുന്നേറുമ്പോള്‍ സഹയാത്രികരില്‍ ഒരാള്‍, വാഹനം അല്‍പ സമയം എവിടെയയെങ്കിലും നിര്‍ത്തണമെന്നാവശ്യപ്പെട്ട് പറഞ്ഞു: ''ഞങ്ങളുടെ ക്യാമ്പില്‍ ഭക്ഷണം കൊടുത്തു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ ഒന്നുമില്ലായിരുന്നു.''  സ്വയം പട്ടിണി കിടന്ന് മറ്റുള്ളവരുടെ വയര്‍ നിറക്കുന്നതിന്റെ അനുഭൂതി വേറെ തന്നെയാണെന്ന് എല്ലാവരും ഒരുമിച്ചു പറയുന്നു.
നാഥാ, മരുപ്പറമ്പിലെ ആ മാലാഖക്കൂട്ടങ്ങള്‍ക്ക് നീ ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കേണമേ. രണ്ടാഴ്ചത്തെ ദുബൈ സന്ദര്‍ശനത്തില്‍ മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നത് സേവന സന്നദ്ധതയുടെ ഈ മരുക്കാഴ്ചകള്‍!

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ