Prabodhanm Weekly

Pages

Search

2014 ജൂലൈ 25

ആത്മഹര്‍ഷത്തിന്റെയും സങ്കീര്‍ത്തനത്തിന്റെയും പെരുന്നാള്‍ പെരുമ

പി.കെ ജമാല്‍ / കവര്‍‌സ്റ്റോറി

ഒരു മാസം അനുഷ്ഠിച്ച വ്രതത്തിന്റെ വിജയകരമായ പരിസമാപ്തി വിളംബരം ചെയ്ത് കൊണ്ടാണ് ഈദുല്‍ഫിത്വ്ര്‍ സമാഗതമാവുന്നത്. നിരന്തരവും നിസ്തന്ദ്രവുമായ ആത്മസംയമന സാധനയിലൂടെ നേടിയെടുത്ത സ്വഭാവസവിശേഷതകളുടെ പടച്ചട്ടയണിഞ്ഞ് ഭാവിജീവിതത്തെ നേരിടാന്‍ തയാറെടുക്കുകയാണ് വിശ്വാസി സമൂഹം. റമദാനിലെ വ്രതാനുഷ്ഠാനവും മറ്റ് ആരാധനാകര്‍മങ്ങളും ഒരു പൂര്‍ണ മനുഷ്യനെ നിര്‍മിക്കുകയായിരുന്നു. ഭൗതിക കാമനകളുടെയും പൈശാചിക പ്രേരണകളുടെയും പ്രലോഭനങ്ങളുടെയും കെണിയില്‍ അകപ്പെടാതെ ആത്മത്യാഗത്തിന്റെയും ഭക്തിയുടെയും നിറവില്‍ ജാഗ്രത്തായ മനസ്സോടെയും ശരീരത്തോടെയും ജീവിച്ച സത്യവിശ്വാസിക്ക് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള വേളയാണ് പെരുന്നാള്‍ സമ്മാനിക്കുന്നത്. സ്‌നേഹ പ്രധാനമായ ഭക്തിയുടെയും ദൈവ ഭയത്തിന്റെയും പിന്‍ബലത്തോടെ വ്രതശുദ്ധിയുടെ നന്മകള്‍ നുകര്‍ന്നും, സല്‍ക്കര്‍മങ്ങളുടെ വെളിച്ചം ചുറ്റിലും പ്രസരിപ്പിച്ചും കഴിഞ്ഞ മുസ്‌ലിം സമൂഹത്തിന് ഇത് 'സമ്മാനദിന'മാണ്. ക്ലേശപൂര്‍ണമായ ജീവിതയാത്രയിലെ വിശ്രമ താവളങ്ങള്‍ തേടിയുള്ള അന്വേഷണമാണ് മനുഷ്യനെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും കൊണ്ടെത്തിച്ചത്. ജീവിത മരുഭൂവില്‍ സഞ്ചാരമധ്യേ കണ്ടെത്തുന്ന പച്ചപ്പുല്‍ തുരുത്തുകളും തെളിനീര്‍ തടാകങ്ങളുമാണ് ആഘോഷ വേളകള്‍. ആഘോഷങ്ങളോടും ഉത്സവങ്ങളോടുമുള്ള മനുഷ്യന്റെ നൈസര്‍ഗികമായ ആഭിമുഖ്യം കണ്ടറിഞ്ഞ മതമാണ് ഇസ്‌ലാം. വിവിധ മതങ്ങള്‍ തങ്ങളുടെ അനുയായി വൃന്ദത്തിന് നാനാതരം ആഘോഷങ്ങളും ഉത്സവങ്ങളും ഒരുക്കിക്കൊടുത്തപ്പോള്‍, ഇസ്‌ലാം അതിന്റെ അനുയായികള്‍ക്ക് രണ്ട് പെരുന്നാളുകളാണ് ആനന്ദോത്സവ വേളകളായി നിശ്ചയിച്ചുകൊടുത്തത്-ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹായും. രണ്ടും മഹത്തായ രണ്ട് ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ട് മതചിഹ്നങ്ങളുടെ മഹനീയ പശ്ചാത്തലം അടയാളക്കുറിയായ രണ്ടു പെരുന്നാളുകളുടെയും പൊരുള്‍ ആത്മഹര്‍ഷവും ദൈവസങ്കീര്‍ത്തനവുമാണ്. ചെറിയ പെരുന്നാള്‍ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയില്‍ കൊണ്ടാടുമ്പോള്‍, ഹജ്ജ് കര്‍മത്തിന്റെ അനുഷ്ഠാന പരിസരത്തിലാണ് ബലിപെരുന്നാളിന്റെ ആഘോഷം.
വ്രതാനുഷ്ഠാനത്തില്‍നിന്നുള്ള വിരാമത്തോടെ വന്നണയുന്ന ഈദുല്‍ ഫിത്വ്‌റിനെ ആനന്ദവേളയായി വിശേഷിപ്പിച്ചത് മുഹമ്മദ് നബി(സ) ആണ്. ''മുസ്‌ലിമിന് രണ്ട് ആനന്ദ വേളകളുണ്ട്. രണ്ടും അവന്ന് സന്തോഷിക്കാനും ആഹ്ലാദിക്കാനുമുള്ളതാണ്. നോമ്പ് മുറിക്കുമ്പോള്‍ അത് മുറിക്കുന്ന സന്തോഷം അവന്‍ അനുഭവിക്കുന്നു. പരലോകത്ത് തന്റെ നാഥനെ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ തന്റെ നോമ്പ് ഹേതുവായും അവന്‍ പുളകം കൊള്ളുന്നു.'' നോമ്പ് മുറിക്കുമ്പോള്‍ ഉള്ള സന്തോഷത്തിന് രണ്ട് അര്‍ഥതലങ്ങളുണ്ട്. ഓരോ ദിവസവും സൂര്യാസ്തമയ മുഹൂര്‍ത്തത്തില്‍ മഗ്‌രിബ് ബാങ്ക് വിളി മുഴങ്ങുന്നതോടെ കുടിക്കാനും തിന്നാനുമുള്ള അനുമതി ലഭിക്കുകയാണ്. ആ ആനന്ദം അവന്‍ അനുഭവിച്ചറിയുന്നുണ്ട്. അതാണല്ലോ അവന്‍ പ്രാര്‍ഥിച്ചു പോകുന്നത്: ''ദാഹം ഗമിച്ചു. നാഡി ഞരമ്പുകളെല്ലാം കുളിര്‍ത്തു. അല്ലാഹുവിന്റെ ഹിതത്താല്‍ പ്രതിഫലവും ഉറപ്പായി.'' വ്രതാനുഷ്ഠാനത്തിലൂടെ അല്ലാഹുവിനോടുള്ള അനുസരണം മനസാ കര്‍മണാ തെളിയിക്കാനുള്ള സന്ദര്‍ഭം കൈവന്നതിലുള്ള ആനന്ദവും അവന്‍ അറിയുന്നുണ്ട്. അതാണ് റമദാനിന്റെ അവസാനത്തില്‍ സന്തോഷ പെരുമഴയായി പെയ്തിറങ്ങുന്നത്. ആ സന്തോഷം അനുഭവിക്കുന്നത് സമൂഹം ഒന്നടങ്കമാണ്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്റെ അനുശാസനപര്‍വം വിജയകരമായി പിന്നിട്ടതിന്റെ സര്‍വാഹ്ലാദങ്ങളും സന്തോഷവും വ്യക്തിയുടെയും സമൂഹത്തിന്റെയും മുഖങ്ങളില്‍ പ്രതിബിംബിക്കുന്നു ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍. ''പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണ് അത്. അതിനാല്‍ അവര്‍ ആഹ്ലാദിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നതിനെക്കാള്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്'' (യൂനുസ് 58). നോമ്പ് നോറ്റ വിശ്വാസികളുടെ മുഖങ്ങളില്‍ ഒളി ചിതറുന്ന വെള്ളിവെളിച്ചം ദൈവത്തിന്റെ വരപ്രസാദമാണ് ''അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളതും ചിരിക്കുന്നതും ആഹ്ലാദം കൊള്ളുന്നവയുമായിരിക്കും'' (അബസ 39).
മുസ്‌ലിംകളുടെ ആഘോഷങ്ങള്‍ മഹത്തായ രണ്ട് ആശയ തലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് ദൈവികം. രണ്ട് മാനുഷികം. ആഘോഷാവസരത്തില്‍ ദൈവത്തെ മറക്കാതിരിക്കുകയെന്നതാണ് ദൈവിക വശം. വികാരങ്ങള്‍ക്കും കാമനകള്‍ക്കും പിറകെയുള്ള നെട്ടോട്ടമല്ല ഈദ്. തക്ബീറും നമസ്‌കാരവും ദൈവ സാമീപ്യത്തിന്നുതകുന്ന കര്‍മങ്ങളും കൊണ്ടാരംഭിക്കുന്ന പെരുന്നാള്‍ ദിനത്തിന് ആത്മീയമായ ഉള്ളടക്കമുണ്ട്. ആരാധനാകര്‍മങ്ങളും നിയന്ത്രണങ്ങളും ഒഴിവാക്കി സര്‍വതന്ത്ര സ്വതന്ത്രനായി മേഞ്ഞു നടക്കാനുള്ള അനുമതിയല്ല ഈദ് നല്‍കുന്നത്. കൂടുതല്‍ വിനയാന്വിതനായി സമര്‍പ്പിത മനസ്സോടെ ജീവിക്കാനുള്ള ആഹ്വാനമാണ് ഈദിന്റെ ദൈവിക സന്ദേശം. ആനന്ദവും ആഹ്ലാദവും സന്തോഷവും കളിയും വിനോദവും പാട്ടും പുതുവസ്ത്രവും സുഗന്ധവും പരിമളവും എല്ലാം ചേര്‍ന്ന സദ്ഭാവനയുടെയും സുന്ദരാനുഭൂതികളുടെയും നിറവില്‍ മനുഷ്യ മനസ്സ് അനുഭവിച്ചറിയുന്ന ഒരു മനോഹര പ്രപഞ്ചമുണ്ട്-അതാണ് പെരുന്നാളിന്റെ മാനുഷിക വശം. കുട്ടികളും കുടുംബവും ബന്ധുക്കളുമായുള്ള ബന്ധങ്ങള്‍ പ്രദാനം ചെയ്യുന്ന സന്തോഷമാണ് പെരുന്നാളിന് തിളക്കം കൂട്ടുന്നത്.
ഈദുല്‍ഫിത്വ്‌റിന്റെ മാനുഷിക വശത്തിന് അടിവരയിടുന്നു സകാത്തുല്‍ ഫിത്വ്ര്‍. ഈ മാനുഷികവശം പരിഗണിച്ചാണ് ഫിത്വ്ര്‍ സകാത്ത് അനുശാസിച്ചിട്ടുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീക്കും പുരുഷനുമെല്ലാം ഇത് നിര്‍ബന്ധമാണ്. ''നോമ്പുകാര്‍ക്ക് മ്ലേഛവൃത്തികളില്‍നിന്നും അനാവശ്യകാര്യങ്ങളില്‍ നിന്നുമുള്ള ശുദ്ധീകരണത്തിനും സാധുക്കള്‍ക്ക് ആഹാരമായും നബി(സ)ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു'' എന്ന നബിവചനമാണ് ഇതിന്റെ മതവിധി. തുടര്‍ന്ന് നബി(സ) കൂട്ടിച്ചേര്‍ത്തു. ''ഈ ദിനം അവര്‍ ചുറ്റിക്കറങ്ങാന്‍ ഇടവരാതിരിക്കട്ടെ.'' പാവങ്ങള്‍ നമ്മെ സമീപിച്ച് ആവശ്യമുണര്‍ത്തുന്നതിന് പകരം, നാം സാധുക്കളെ സമീപിച്ച് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിവര്‍ത്തിച്ചുകൊടുക്കുകയും അവരുടെ പെരുന്നാള്‍ സന്തോഷപൂര്‍ണമാക്കുകയും ചെയ്യുകയെന്നതാണ് നോമ്പിന്റെ ആത്മാവറിഞ്ഞ വിശ്വാസിയില്‍നിന്ന് ഇസ്‌ലാം പ്രതീക്ഷിക്കുന്നത്. വഴിയില്‍ കണ്ട പാവപ്പെട്ട ബാലനെ തോളിലേറ്റി വീട്ടില്‍വന്ന് അവന്ന് പുതുവസ്ത്രങ്ങളണിയിച്ചും ആഹാരം കൊടുത്തും പെരുന്നാള്‍ ആഘോഷിച്ച നബി(സ) പത്‌നിയോട്: ''ആഇശാ! ഇന്ന് ഈ ബാലന്‍ നമ്മുടെ പെരുന്നാള്‍ ആഹ്ലാദപൂര്‍ണമാക്കി. കണ്ടില്ലേ! അവന്റെ മുഖത്ത് പൂത്തുലയുന്ന സന്തോഷവും ആനന്ദവും!'' പെരുന്നാളാഘോഷം സാമ്പത്തിക സൗകര്യമുള്ളവരില്‍ പരിമിതമാവരുതെന്നും, പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരുപോലെ ആഹ്ലാദിക്കാനുള്ള സന്ദര്‍ഭമാണ് ഒരുക്കപ്പെടേണ്ടതെന്നും സിദ്ധാന്തിക്കുന്ന ഇസ്‌ലാം, ഈ ക്ഷേമ ചിന്തക്ക് നല്‍കിയ കര്‍മഭാഷ്യമാണ് ഫിത്വ്ര്‍ സകാത്ത്. ആനന്ദവേളകള്‍ നിഷേധിക്കപ്പെടുന്ന നിസ്വരില്‍ വളരുന്ന വിദ്വേഷചിന്ത സമൂഹഗാത്രത്തെ കരിയ്ക്കുന്ന കനലുകളായി മാറുമെന്ന് പറയേണ്ടതില്ലല്ലോ. സകാത്തിന്റെയും സ്വദഖയുടെയും വാതിലുകള്‍ തുറന്നിട്ട ഇസ്‌ലാം ഹൃദയങ്ങളിലേക്കുള്ള കവാടങ്ങളാണ് തുറന്നിട്ടത്. ഈ സത്യം അനുഭവവേദ്യമാകുന്ന സന്ദര്‍ഭങ്ങളാണ് വിശേഷിച്ചും പെരുന്നാളുകള്‍. നോമ്പുകാരനില്‍ നിന്ന് സംഭവിച്ചിരിക്കാവുന്ന വീഴ്ചകള്‍ക്കും തെറ്റുകുറ്റങ്ങള്‍ക്കുമുള്ള പരിഹാരവുമായാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇസ്‌ലാമിന്റെ ആദികാലങ്ങളില്‍ നബി(സ)യുടെ കാലത്ത് ഫിത്വ്ര്‍ സകാത്ത് കൊടുത്തു വന്നത് സുബ്ഹ് നമസ്‌കാരത്തിനും പെരുന്നാള്‍ നമസ്‌കാരത്തിനും ഇടക്കുള്ള സമയത്തായിരുന്നു. അന്ന് ആവശ്യക്കാര്‍ കുറവായിരുന്നുവല്ലോ. സമൂഹം വളര്‍ന്നു. ആവശ്യക്കാര്‍ വര്‍ധിച്ചു. വിതരണം ചെറിയ ഇടവേളയില്‍ സാധ്യമാവാതിരുന്ന സ്വഹാബിമാരുടെ കാലഘട്ടത്തില്‍ പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് ഫിത്വ്ര്‍ സകാത്ത് നല്‍കുന്ന പതിവായി. ഇമാമുമാരുടെ കാലമായപ്പോള്‍ സമൂഹതലം വിസ്തൃതമായി. ആവശ്യക്കാര്‍ കൂടി. കൂടുതല്‍ ജനങ്ങളിലേക്ക് വിഭവങ്ങള്‍ നേരത്തേ എത്തിക്കേണ്ട സ്ഥിതിവന്നു. റമദാന്‍ പകുതിയോടെ തന്നെ ഫിത്വ്ര്‍ സകാത്ത് കൊടുക്കാമെന്ന അനുമതിയായി. ആ ഘട്ടത്തില്‍ റമദാന്‍ ആദ്യം തന്നെ ഫിത്വ്ര്‍  സകാത്ത് നല്‍കുന്നത് സാധുവാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ടായി. ഏതു നിലക്കും പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പേ നല്‍കിയിരിക്കണമെന്നത് നിര്‍ബന്ധം. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് നല്‍കുന്നത് അഭികാമ്യമല്ല എന്നതാണ് മതവിധി. കഴിവുണ്ടായിട്ടും ഫിത്വ്ര്‍ സകാത്ത് നല്‍കാത്തത് ഹറാമായി ഗണിക്കപ്പെട്ടു. വീട്ടേണ്ട ഒരു കടമായി അത് വിശ്വാസിയുടെ കണക്കില്‍ ബാക്കിയാവും.
പെരുന്നാള്‍ സന്തോഷങ്ങള്‍ കുട്ടികളില്‍ പരിമിതപ്പെടുത്തുന്ന ദുഷ്പ്രവണതയുണ്ട്. 'പെരുന്നാള്‍ കുട്ടികള്‍ക്കല്ലേ, മുതിര്‍ന്നവര്‍ക്ക് എന്ത് പെരുന്നാള്‍' എന്ന ചിന്ത. ഇസ്‌ലാം പെരുന്നാള്‍ നിര്‍ദേശിച്ചത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയാണ്. നബി ചരിത്രത്തില്‍ ഇതിന് മാതൃക കാണാം. ഒരു പെരുന്നാള്‍ വേളയില്‍ ഹബ്ശ വംശജര്‍ തങ്ങളുടെ വാദ്യോപകരണങ്ങളും തബലയുമായി മസ്ജിദുന്നബവിയുടെ മുറ്റത്ത് പ്രദര്‍ശനം നടത്തുകയായിരുന്നു. റസൂല്‍(സ) അവരെ പ്രോത്സാഹിപ്പിച്ചും ഹരം പകര്‍ന്നും പറഞ്ഞു: ''ബനൂ അര്‍ഫദ, ഇനിയും ഇനിയും.'' നബി(സ)യുടെ പിറകില്‍ നിന്ന പത്‌നി ആഇശ(റ) തിരുമേനിയുടെ തോളിലൂടെ തലയിട്ട് ആ കളി കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. നബി(സ)യുടെ ഭവനം പള്ളിയോട് ചേര്‍ന്നായിരുന്നു. ദീര്‍ഘനേരം കളി കണ്ട് മടുത്ത ആഇശ(റ)യോട് റസൂല്‍(സ): ''നിനക്ക് മതിയായോ?'' ആഇശ മറുപടി പറഞ്ഞു: ''അതെ, എനിക്ക് മതിയായി.'' കളിക്കാന്‍ വന്ന കൂട്ടരെയും കളികണ്ട പത്‌നിയെയും ഒരുപോലെ പ്രോത്സാഹിപ്പിച്ച നബി(സ) പെരുന്നാള്‍ സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള അവസരമാണെന്ന് ഓര്‍മപ്പെടുത്തുകയായിരുന്നു.
മറ്റൊരു സന്ദര്‍ഭം. ഒരു പെരുന്നാള്‍ ദിനം. പിതാവ് അബൂബക്ര്‍ സിദ്ദീഖ്(റ) മകള്‍ ആഇശ(റ)യുടെ അടുത്തു വന്നപ്പോള്‍ കണ്ട ദൃശ്യം രണ്ട് പെണ്‍കുട്ടികള്‍ അവരുടെ അടുത്തിരുന്ന് ഗാനമാലപിക്കുന്നതാണ്. ദഫ്മുട്ടി പഴയ ജാഹിലിയ്യാ കാലത്തെ പാട്ടുപാടുകയാണ് പെണ്‍കുട്ടികള്‍. ആഇശയും അവരോടൊപ്പം കൂടി അത് നന്നായി ആസ്വദിക്കുന്നുണ്ട്. അബൂബക്ര്‍(റ) തന്റെ അസന്തുഷ്ടി പ്രകടിപ്പിച്ചു: ''റസൂലിന്റെ ഭവനത്തില്‍ പിശാചിന്റെ വീണയോ?'' റസൂല്‍(സ) തുണിയും പുതച്ച് മുഖംമൂടി അരികത്ത് കിടക്കുന്നുണ്ടായിരുന്നു. റസൂല്‍(സ ഉറങ്ങുകയാണെന്നും തിരുമേനിയുടെ അനുമതിയില്ലാതെ ആഇശ(റ) ഒപ്പിച്ച വേലയാണിതെന്നുമാണ് അബൂബക്ര്‍ നിനച്ചത്. അബൂബക്‌റിന്റെ വാക്കുകള്‍ കേട്ട റസൂല്‍(സ) തന്റെ മുഖത്തെ വസ്ത്രം മാറ്റി അബൂബക്‌റി(റ)നോട്: ''അവരെ അവരുടെ പാട്ടിന് വിട്ടേക്കൂ അബൂബക്ര്‍. ഓരോ ജനത്തിനുമുണ്ട് പെരുന്നാളും ഉത്സവവും ഒക്കെ. ഇത് നമ്മുടെ പെരുന്നാളാണ്. നമ്മുടെ മതത്തില്‍ വിശാലതയും വിടുതിയും ഒക്കെയുണ്ടെന്ന് ജൂതന്മാരും മറ്റും അറിയട്ടെ. സരളവും ലളിതവും വിശാലവുമായ ഒരു മതവുമായാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് അവരെല്ലാം മനസ്സിലാക്കേണ്ടതുണ്ട്.'' ഇസ്‌ലാം ദുശ്ശാഠ്യങ്ങളും മര്‍ക്കട മുഷ്ടിയും കൊണ്ടുനടക്കുന്ന ഒരു വരണ്ട ശുഷ്‌ക മതമല്ലെന്ന മഹാ സത്യത്തിന്റെ പ്രഖ്യാപനമാണ് റസൂല്‍(സ) അന്നേരം നടത്തിയത്. മനുഷ്യ പ്രകൃതിയില്‍ നിലീനമായ വൈകാരിക ചോദനകളെയും ഉല്ലാസ പ്രവണതയെയും അവഗണിക്കുന്ന മതമല്ല ഇസ്‌ലാം. അവയെല്ലാം യാഥാര്‍ഥ്യമായി അംഗീകരിച്ച് അവക്ക് ശരിയായ ദിശ നിര്‍ണയിച്ചു നല്‍കുകയാണ് ഇസ്‌ലാമിന്റെ സമീപന രീതി. ഉത്സവവേളകളില്‍ എല്ലാം മറന്ന് തിമര്‍ത്താടുന്ന മനസ്സ്, അടുത്ത നിമിഷത്തില്‍ ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുകയാണെന്ന മനഃശാസ്ത്രത്തെ നാം അംഗീകരിച്ചേ മതിയാവൂ. കളിയും ചിരിയും കണ്ണീരും പുഞ്ചിരിയും വിനോദവും തമാശയും കാര്യവും എല്ലാം നിറഞ്ഞ പച്ചയായ ജീവിതം എന്ന പരമമായ യാഥാര്‍ഥ്യത്തെ അറിഞ്ഞ് പെരുമാറി എന്നതാണ് ഇസ്‌ലാമിന്റെ പ്രത്യേകത. ഈ വിശാല ചിന്തയുടെ ഭൂമികയിലാണ് മുസ്‌ലിം ലോകത്ത് കലാകാരന്മാരും സാഹിത്യകാരന്മാരും കവികളും ശാസ്ത്രജ്ഞരും പണ്ഡിതന്മാരുമെല്ലാം പിറന്നുവീണത്.
പെരുന്നാള്‍ ദിനത്തില്‍ കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരുമെല്ലാം തുറന്ന മൈതാനങ്ങളില്‍ നടത്തപ്പെടുന്ന നമസ്‌കാരത്തില്‍ പങ്കെടുത്ത് ആരാധനാ കര്‍മങ്ങള്‍ നടത്തുകയും ആശംസകള്‍ കൈമാറുകയും സന്തോഷം പകരുകയുമായിരുന്നു രീതി. ഉമ്മു അത്വിയ്യ(റ) ഓര്‍മിക്കുന്നു: ''ഞങ്ങള്‍ സ്ത്രീകള്‍-പ്രായ ഭേദമന്യെ -മൈതാനങ്ങളില്‍ ചെന്ന് നമസ്‌കാരത്തിനും ഖുത്വ്ബക്കും സാക്ഷികളാവാന്‍ നബി(സ) കല്‍പിക്കുമായിരുന്നു.'' ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഒന്നിച്ച് ഒരിടത്ത് കൂടി സന്തോഷം പങ്കിടാനുള്ള വേളയായി പെരുന്നാള്‍ ദിനത്തെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു പ്രവാചകന്‍. അതില്‍ ഒരുമയുണ്ട്. ഐക്യമുണ്ട്. ഐക്യദാര്‍ഢ്യമുണ്ട്. ഒന്നിച്ച് ഒരേസ്വരത്തില്‍ ഒരേ കണ്ഠത്തിലൂടെ ദൈവിക മഹത്വത്തിന്റെ സങ്കീര്‍ത്തനമന്ത്രമായ 'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍' വചനങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കുമ്പോള്‍ മണ്ണും വിണ്ണും ഒന്നാവുന്ന സുമോഹന ദൃശ്യമാണ് ഇതള്‍ വിരിയുന്നത്. സന്തോഷത്തിന്റെയും സങ്കീര്‍ത്തനത്തിന്റെയും ശ്രുതിലയങ്ങളില്‍ ലയിച്ചൊന്നാവുന്ന പ്രപഞ്ചത്തിന്റെ ഭാഗമാവുകയാണ് പെരുന്നാളിന്റെ മധുരം നുകരുന്ന വിശ്വാസി സമൂഹം.
ഈദ് ഒരുമയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് വിളംബരം ചെയ്യുന്നത്. ദേശ-കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ഇസ്‌ലാമിന്റെ മഹിതാശയങ്ങളില്‍ നിലകൊള്ളുന്ന സമൂഹം ഭൂഖണ്ഡാതിര്‍ത്തികളെ ഭേദിക്കുന്ന മാനവികൈക്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. റമദാന്‍ നല്‍കിയ വിശുദ്ധിയുടെ വെളിച്ചം ചുറ്റിലും പ്രസരിപ്പിക്കാന്‍ ബാധ്യസ്ഥരാണ് സര്‍വജനങ്ങളും. ഈദിലൂടെ പ്രക്ഷേപണം ചെയ്തു തുടങ്ങുന്ന സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശം. കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും അലിവിന്റെയും ദയാവായ്പിന്റെയും സന്ദേശവും പെരുന്നാള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ലോകമെങ്ങും നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെയും കൊലവിളികളുടെയും പോരാട്ടങ്ങളുടെയും ഫലമായി അനാഥമായ ബാല്യങ്ങള്‍ ദശലക്ഷക്കണക്കിലാണ്.  വിധവകള്‍ അതിലേറെയാണ്. വഴിയാധാരമായി തെരുവിന്റെ മക്കളായി അലയുന്ന ഹതഭാഗ്യര്‍ ദശകോടികള്‍. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ വേറെ. നിരപരാധികളായ യുവാക്കള്‍ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മുദ്ര ചാര്‍ത്തപ്പെട്ട് ജയിലറകളില്‍ ദുരിതപൂര്‍ണമായ ദിനരാത്രങ്ങള്‍ കണ്ണീരോടെ ജീവിച്ചു തീര്‍ക്കുമ്പോള്‍ അവര്‍ക്ക് പിറവി നല്‍കിയ കുടുംബങ്ങള്‍ക്ക് എങ്ങനെ സന്തോഷം ലഭിക്കാനാണ്! നിസ്വരായ ആ യുവാക്കളുടെ മാതാപിതാക്കളുടെയും ഉറ്റവരുടെയും ഉടയവരുടെയും മക്കളുടെയും വേദനകള്‍ നമ്മുടെ കൂടി വേദനയായി ഏറ്റുവാങ്ങി അവരുടെ വിമോചനത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയും പ്രവര്‍ത്തനവും നിരന്തരം നടത്തിക്കൊണ്ടിരിക്കാന്‍ പെരുന്നാള്‍ സൃഷ്ടിക്കുന്ന പുതിയ മനുഷ്യര്‍ക്കാവണം. കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കാളരാത്രികള്‍ക്ക് ശേഷം പുഞ്ചിരിയുടെയും സന്തോഷത്തിന്റെയും അരുണോദയത്തിന് സാക്ഷിയാവുന്ന ഒരു സുദിനം സൃഷ്ടിക്കാന്‍ പെരുന്നാളിന്റെ തമ്പുരാന്ന് സാധിക്കും, തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ