Prabodhanm Weekly

Pages

Search

2014 ജൂലൈ 25

നവലിബറലിസത്തിന് 'മോടി' കൂട്ടുന്ന ബജറ്റ്

ഡോ. മുഹമ്മദ് പാലത്ത് / വിശകലനം

രാജ്യം ഒരിക്കല്‍ കൂടി ബജറ്റ് വഴിപാട് സമുചിതമായി ആഘോഷിച്ചു. മോഡി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ആയതിനാല്‍ സര്‍വരുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ബജറ്റിനു കഴിഞ്ഞു. പ്രതീക്ഷിച്ചതുപോലെ കോര്‍പറേറ്റുകളെ തലോടി, വിദേശ മൂലധനം സ്വാഗതം ചെയ്ത ബജറ്റ് നൂറുകോടിയിലേറെ വരുന്ന സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കി എന്നു പറയാനാവില്ല. എന്നാലും മാധ്യമങ്ങള്‍ വികസനോന്മുഖം, വളര്‍ച്ചോന്മുഖം, സന്തുലിതം തുടങ്ങിയ വിശേഷണങ്ങളിലൂടെയാണ് ബജറ്റിനെ സ്വാഗതം ചെയ്തത്. ഈ ആഗോളവല്‍ക്കരണ കാലത്ത് പരസ്പര സഹകരണത്തിലൂടെ മുന്നോട്ടുപോവുന്ന കോര്‍പറേറ്റ്-മാധ്യമ സംഘത്തില്‍നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കുന്നതാണ് തെറ്റ്.
കച്ചവടത്തിന് കപ്പലിറങ്ങിയ വിദേശികള്‍ രാഷ്ട്രീയാധികാരവും സൈനിക നിയന്ത്രണവും കൈക്കലാക്കുകയും അവര്‍ക്കനുകൂലമായി ഉപയോഗപ്പെടുത്തുകയും ചെയ്തപ്പോഴാണ് നമ്മുടെ മുന്‍ഗാമികള്‍ സ്വാതന്ത്ര്യത്തിനായി സമരം നയിച്ചത്. ഭരണകര്‍ത്താക്കള്‍ വിദേശികളായിരുന്നു എങ്കിലും അവര്‍ നടപ്പിലാക്കിയ മിക്ക പരിഷ്‌കാരങ്ങളും രാജ്യത്ത് വളര്‍ച്ചയും വികസനവും യാഥാര്‍ഥ്യമാക്കിയിരുന്നു എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പരിഷ്‌കരണങ്ങള്‍, റെയില്‍വേ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം, ഭരണ രംഗത്തെ ആധുനികവല്‍ക്കരണം തുടങ്ങിയവ ഉദാഹരണങ്ങള്‍. എന്നിട്ടും എന്തേ ഇന്ത്യക്കാര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി? ഒരു പക്ഷേ സമകാലിക ചരിത്രവിദ്യാര്‍ഥി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അല്‍പം ബുദ്ധിമുട്ടും. കാരണം അന്നു നാം പറഞ്ഞുവിട്ട വിദേശ ശക്തികള്‍ പുതിയ രൂപത്തിലും ഭാവത്തിലും ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ രാജ്യത്തേക്ക് കടന്നുവരുന്നതാണ് അവര്‍ കാണുന്നത്. വിദേശ മൂലധനപ്രവാഹം വളര്‍ച്ച വര്‍ധിപ്പിക്കും എന്നതാണ് നമ്മുടെ ന്യായം.
സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്കും തുടര്‍ന്നുവന്ന ഭരണകൂടങ്ങള്‍ക്കും നേതൃത്വം നല്‍കിയ ധിഷണാശാലികള്‍ക്ക് ഈ വളര്‍ച്ച എന്തെന്ന് അറിയാത്തതാണോ പ്രശ്‌നം? ദാദാഭായ് നവറോജി മുതല്‍ നെഹ്‌റു വരെയുള്ള പ്രതിഭകള്‍ രാജ്യത്തെ സാമ്പത്തിക ചോര്‍ച്ചയെയും സാമ്പത്തിക വളര്‍ച്ചയെയും കുറിച്ച് ബോധമുള്ളവരായിരുന്നില്ല എന്ന് കരുതുന്നത് മൗഢ്യമാവും. രാജ്യത്തിന്റെ സമ്പത്ത്; ലാഭം, പലിശ, ശമ്പളം, കമ്മീഷന്‍ തുടങ്ങിയ ഇനങ്ങളിലായി വന്‍തോതില്‍ വിദേശത്തേക്ക് ഒഴുകുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തന്നെ പഠനം നടത്തിയ സാമ്പത്തിക വിദഗ്ധനായിരുന്നു നവറോജി. അതാണ് രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയും വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം കണ്ടെത്തി. പില്‍ക്കാലത്ത് ഡോ. അമര്‍ത്യസെന്‍, പ്രഫ. ഖുര്‍ശിദ് അഹ്മദ് പോലുള്ള സാമ്പത്തിക വിദഗ്ധര്‍ ഇതിന് അടിവരയിടുന്ന പഠനങ്ങള്‍ നടത്തുകയുണ്ടായി. ഒരു കാലത്ത് സമ്പന്നമായിരുന്ന രാജ്യം ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പറുദീസയാവാന്‍ കാരണം സാമ്പത്തിക വളര്‍ച്ചയുടെ കുറവല്ല, സമ്പത്തിന്റെ കേന്ദ്രീകരണവും ഏകപക്ഷീയമായ ഒഴുക്കുമാണ് എന്നായിരുന്നു കണ്ടെത്തലുകള്‍. സ്വാതന്ത്ര്യാനന്തരം രാഷ്ട്ര നേതൃത്വത്തിലെത്തിയ നെഹ്‌റു ഇതിന് ഉപോല്‍ബലകമായ നയങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രദ്ധിച്ചു. ഒരു വിധത്തിലും സമ്പത്ത് വിദേശത്തേക്ക് ഒഴുകാതിരിക്കാനും അതുവഴി സ്വാതന്ത്ര്യം അടിയറ വെക്കാതിരിക്കാനും ശ്രദ്ധയൂന്നി. പൊതുമേഖലാ വ്യവസായങ്ങളെ ശക്തിപ്പെടുത്തി, മൂലധന ശക്തികളെ വരുതിയിലാക്കി. തല്‍ഫലമായി 1990 ആയപ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ 27% പൊതുമേഖലയുടെ നിയന്ത്രണത്തിലായി.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് 1980 കള്‍ വരെ മൂന്നു ശതമാനത്തില്‍ നിലനിന്നുവെങ്കിലും, 1980-കളില്‍ അത് 5 ശതമാനം കടന്നു. കടുത്ത നിയന്ത്രണങ്ങളാണ് വളര്‍ച്ച മുരടിപ്പിച്ചത് എന്നതില്‍ സംശയമില്ല. എങ്കിലും നമ്മുടേതായ വളര്‍ച്ചാ സംസ്‌കാരം, കടക്കെണിയോ പലിശ ബാധ്യതയോ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥ എന്നിവ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു.
1991 മുതല്‍ സാമ്പത്തിക നയങ്ങള്‍ അപ്പാടെ മാറുന്നതാണ് നാം കാണുന്നത്. രാജ്യത്തിന് വളര്‍ച്ച വേണം, അതിന് മൂലധനം വേണം. പക്ഷേ അതിനായി സ്വദേശി സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചു. പകരം, കടമായും നിക്ഷേപമായും വിദേശ മൂലധനം അതിര്‍ത്തി കടന്നൊഴുകി. തല്‍ഫലമായി രാജ്യം കടക്കെണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മൂലധന മാര്‍ക്കറ്റുകളിലെ ചാഞ്ചാട്ടങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് മാര്‍ക്കറ്റുകള്‍ തുറന്നു കൊടുക്കുക വഴി വിദേശ കോര്‍പറേറ്റുകള്‍ക്ക് ലഭ്യമാക്കി. അന്ന് ഡോ. മന്‍മോഹന്‍സിംഗ് അടക്കമുള്ള ഭരണാധികാരികള്‍ നമ്മോട് പറഞ്ഞത് കൂടുതല്‍ നല്ല ഇന്ത്യക്കായി അല്‍പം കാത്തിരിക്കാനാണ്. വിദേശ മൂലധനം വളര്‍ച്ചയും തൊഴിലവസരവും വര്‍ധിപ്പിക്കും, അതുവഴി മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാകും, മാത്രമല്ല രാജ്യം വികസിത സമ്പദ്‌വ്യവസ്ഥയാവും എന്നെല്ലാം ഉദ്‌ബോധിപ്പിച്ചു.
20 വര്‍ഷം പിന്നിട്ടപ്പോള്‍ സമ്പന്നരുടെ എണ്ണവും അവരുടെ സമ്പത്തും വര്‍ധിച്ചുകൊണ്ടിരിക്കെ ദാരിദ്ര്യവും ദുരിതങ്ങളും പതിന്മടങ്ങ് ശക്തിയോടെ വ്യാപിക്കുന്നതിനും രാജ്യം സാക്ഷിയായി. സൃഷ്ടിക്കുമെന്ന് പറഞ്ഞ വളര്‍ച്ചാ ശരാശരി ആറ് ശതമാനത്തിലൊതുങ്ങി. എന്നിട്ടും വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ എന്ന് ആശ്വസിച്ചു. തൊഴിലവസരങ്ങള്‍ അത്രകണ്ട് വര്‍ധിച്ചില്ലെന്ന് മാത്രമല്ല തൊഴിലില്ലാ വളര്‍ച്ച (Jobless growth)) എന്ന പുതിയ വളര്‍ച്ചാ ശൈലിയാണ് പരിഷ്‌കരണങ്ങള്‍ സംഭാവന ചെയ്തത്. സ്വാതന്ത്ര്യം നേടി വര്‍ഷം 66 കഴിഞ്ഞിട്ടും 36 കോടി ദരിദ്രരുമായി ലോകത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു ഇപ്പോഴും. സര്‍ക്കാര്‍ കണക്കനുസരിച്ചുള്ള ദാരിദ്ര്യമാണിത്. യഥാര്‍ഥ കണക്കുകള്‍ ഇതിനും അപ്പുറത്താണ്.
രാജ്യത്തെ ജനത അത്തരമൊരു ഫലം അനുഭവിച്ചുകൊണ്ടിരിക്കെയാണ് കൂടുതല്‍ കടുത്ത പരിഷ്‌കരണ നടപടികളിലേക്ക് യു.പി.എ സര്‍ക്കാര്‍ കൈവെച്ചത്. ധനകമ്മി കുറക്കാന്‍ എന്ന പേരില്‍ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കവരാന്‍ വ്യഗ്രത കാണിച്ചു. അപ്പോഴും ചിദംബരവും മന്‍മോഹന്‍സിംഗും പറഞ്ഞത് സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമെന്നാണ്. സാമ്പത്തിക ശാസ്ത്രം മനസ്സിലാവാഞ്ഞിട്ടാണോ എന്നറിയില്ല സഹികെട്ട ജനത അവരെ ഒരു പാഠം പഠിപ്പിക്കുന്നതാണ് ഇലക്ഷനില്‍ നാം കണ്ടത്.
ബി.ജെ.പിയുടെ പ്രകടന പത്രികയിലോ മറ്റു പ്രസിദ്ധീകരണങ്ങളിലോ സാമ്പത്തിക നയത്തില്‍ മാറ്റമുണ്ടാവുമെന്ന വാഗ്ദാനം ഉണ്ടായിരുന്നില്ല. മന്‍മോഹന്‍സിംഗിനെക്കാള്‍ തങ്ങളുടെ ഇഷ്ടതോഴന്‍ മോദിയാണെന്ന് തിരിച്ചറിഞ്ഞ കോര്‍പ്പറേറ്റുകള്‍ അകമഴിഞ്ഞ് ബി.ജെ.പിയെ സഹായിക്കുകയും ചെയ്തു. സാധാരണക്കാര്‍ക്കിടയില്‍ ചെന്ന് മോദി പ്രസംഗിച്ചത് ദാരിദ്ര്യത്തെയും സാമ്പത്തിക തകര്‍ച്ചയെയും കുറിച്ചായിരുന്നു. ആ പ്രസംഗങ്ങളില്‍ സാധാരണക്കാരന്‍ വീണു എന്നു പറയുന്നതാവും ശരി. 'ആ നല്ല നാളുകള്‍' യാഥാര്‍ഥ്യമാകുന്നതിന് അവര്‍ ബാലറ്റ് വിനിയോഗിച്ചു.
പക്ഷേ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റും അതിനുമുമ്പു തുടങ്ങിയ വിലവര്‍ധനയും തുടക്കത്തില്‍ തന്നെ സാധാരണക്കാരുടെ പ്രതീക്ഷകള്‍ കെടുത്തുക മാത്രമല്ല, അവരുടെ നട്ടെല്ലൊടിക്കുന്നതു കൂടിയാണ്. യു.പി.എ അവസാനിപ്പിച്ചേടത്തുനിന്ന് തുടങ്ങുകയല്ല, പൊതുജനം എതിരാകുമെന്ന് കരുതി അവര്‍ മാറ്റിവച്ച കടുത്ത നടപടികള്‍ പോലും ശക്തിയോടെ നടപ്പാക്കാനുള്ള വ്യഗ്രതയാണ് പുതിയ സര്‍ക്കാര്‍ കാണിക്കുന്നത്. തന്ത്രപ്രധാനമായ പ്രതിരോധ മേഖലയില്‍ വരെ വിദേശ നിക്ഷേപം അനുവദിച്ചത് സുപ്രധാനമായ തീരുമാനങ്ങളുടെ നിയന്ത്രണം വിദേശ കോര്‍പറേറ്റുകളുടെ കൈകളിലെത്തിച്ചേരാന്‍ വഴിവെക്കും. ആയുധ കമ്പനികളാണ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ വിതക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത് എന്നത് ഒരു രഹസ്യമല്ല. രാജ്യത്തിന്റെ പ്രതിരോധ രംഗത്തും ഇത്തരമൊരു സ്വാധീനം വരുന്നത് എന്തു ഫലമാണ് ഉണ്ടാക്കുകയെന്ന് വരുംനാളുകളില്‍ കാണാന്‍ പോകുന്നു. 2001-ല്‍ വാജ്‌പേയി സര്‍ക്കാറാണ് പ്രതിരോധ മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത് എന്നതും പ്രസ്താവ്യമാണ്. ഇപ്പോള്‍ 49 ശതമാനമുള്ളത് 100 ശതമാനത്തിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
സാമ്പത്തിക മേഖലയാണ് വിദേശ മൂലധന ശക്തികള്‍ കാര്യമായും നോട്ടമിടുന്നത്. ഇന്‍ഷൂറന്‍സ് രംഗത്ത് 49% വിദേശ നിക്ഷേപം അനുവദിച്ചതോടെ ചൂതാട്ടത്തിന് ഇവയെ വിട്ടുകൊടുക്കുകയാവും ഫലം. ലോക രാഷ്ട്രങ്ങളില്‍ സാമ്പത്തിക മാന്ദ്യഫലമായി ബാങ്കിംഗ് മേഖല തകര്‍ച്ച നേരിട്ടപ്പോള്‍ പിടിച്ചുനിന്ന ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനുള്ള തീരുമാനവും ആത്മഹത്യാപരമായിരിക്കും. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ തുടക്കം കുറിച്ച ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഫലം ഇതുവഴി അട്ടിമറിക്കപ്പെടും. ബാങ്കിംഗ് മേഖലയില്‍ കോര്‍പറേറ്റുകളുടെ കിട്ടാക്കടം തന്നെ ലക്ഷക്കണക്കിന് കോടി രൂപവരും. അത് പിരിച്ചെടുക്കുന്നതിനുപകരം ബാങ്കുകളുടെ നിയന്ത്രണം അവരെതന്നെ ഏല്‍പിക്കുകയാണ് സര്‍ക്കാര്‍.
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചും സ്വകാര്യവല്‍ക്കരണം വിപുലപ്പെടുത്തിയും ഭരണം മുന്നോട്ട് പോവുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റ് കോര്‍പറേറ്റുകളെ പ്രകോപിപ്പിക്കുന്ന യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല എന്നതും അടിവരയിടേണ്ടതാണ്. വളര്‍ച്ച കുറയാന്‍ കാരണമാവും എന്ന ന്യായത്തില്‍ നികുതി വര്‍ധിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. അതേസമയം കാവിവല്‍ക്കരണത്തിനും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നതിനുമുള്ള തുടക്കം ബജറ്റിലുണ്ട്. ഇതുവഴി തങ്ങളെ പിന്തുണച്ചവരെ വൈകാരികമായി തൃപ്തിപ്പെടുത്താന്‍ മോദി ശ്രമിക്കുന്നു.
ഒരര്‍ഥത്തില്‍ ബജറ്റിന്റെ അന്തഃസത്തപോലും ചോര്‍ന്നുപോയ ഘട്ടത്തിലാണ് അരുണ്‍ ജയ്റ്റ്‌ലിയുടെ പുതിയ ബജറ്റ്. സര്‍ക്കാറിന്റെ പുതിയ നയങ്ങളും നയവ്യതിയാനങ്ങളും ബജറ്റ് വഴിയാണ് ജനം അറിയേണ്ടത്. റെയില്‍വേ ചാര്‍ജ്, ഇന്ധന വില എന്നിവ വന്‍തോതില്‍ വര്‍ധിപ്പിച്ച് ഒരാഴ്ച തികയുമ്പോള്‍ ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശം ബജറ്റ് ഒരു വഴിപാട് മാത്രമാണ് എന്നാണ്. ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ തന്നെ എത്രത്തോളം നടപ്പാക്കുന്നു എന്നു പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. കൈയടി നേടാനുള്ള പൊടിക്കൈകള്‍ പ്രഖ്യാപിക്കുക, അവയില്‍ മിക്കതും നടപ്പാക്കാതിരിക്കുക, അങ്ങനെ ജനങ്ങളെ വിഡ്ഢികളാക്കുക-ഇതാണ് കുറച്ചു കാലമായി സര്‍ക്കാറുകള്‍ ചെയ്തുവരുന്നത്.
ഒരു വശത്ത് സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുകയും കോര്‍പറേറ്റുകളോട് ഉദാര സമീപനം സ്വീകരിക്കുകയും ചെയ്യുന്ന ബജറ്റ്, ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും കാര്യമായ പദ്ധതികള്‍ നിര്‍ദേശിക്കുന്നില്ല എന്നു മാത്രമല്ല ധനകമ്മി കുറക്കുക എന്ന പേരില്‍ സബ്‌സിഡി വിഹിതം വെട്ടിക്കുറക്കുന്നതിനും ഒരുമ്പെടുന്നു. കഴിഞ്ഞ ബജറ്റിലേതിനേക്കാള്‍ 22053 കോടി രൂപയുടെ കുറവാണ് ഇന്ധന സബ്‌സിഡിയില്‍ വരുത്തിയിരിക്കുന്നത്. ഗ്യാസ്, മണ്ണെണ്ണ സബ്‌സിഡികള്‍ ഒഴിവാക്കുമെന്ന മുന്‍ പ്രഖ്യാപനം വൈകാതെ നടപ്പാക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതി, രാസവള സബ്‌സിഡി ചെലവില്‍ 5000 കോടിയുടെ വര്‍ധന വരുത്തിയിട്ടുണ്ടെങ്കിലും നിലവിലുള്ള വിലവര്‍ധനയുമായി തട്ടിച്ചു നോക്കുമ്പോള്‍ അതൊരു നേട്ടമാവാനിടയില്ല.
സര്‍ക്കാറിന്റെ പൊതുചെലവിലും ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട് ബജറ്റ്. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് രണ്ട് ലക്ഷം കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. കാര്‍ഷിക മേഖല, ഗ്രാമവികസനം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലാണ് വന്‍കുറവ്. ഗ്രാമീണ വികസനവും സാമൂഹിക സേവനവും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുവഴി സേവനങ്ങള്‍ക്ക് പ്രതിഫലം നല്‍കേണ്ട അവസ്ഥയിലേക്ക് സേവനമേഖല മാറ്റപ്പെടും.
വിലക്കയറ്റം നിയന്ത്രിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. അതിനെക്കുറിച്ച് മൗനം അവലംബിക്കുമ്പോള്‍ തന്നെ സബ്‌സിഡി വെട്ടിക്കുറക്കുന്നതിലൂടെ വീണ്ടും വിലവര്‍ധനകള്‍ പ്രതീക്ഷിക്കാം എന്ന സൂചനയും നല്‍കുന്നു. അതേസമയം സംഘ്പരിവാറിന്റെ സ്വപ്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കോടികള്‍ ബജറ്റ് വകയിരുത്തുന്നു. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് 200 കോടിയാണ് നീക്കിവെച്ചത്. മദ്‌റസാ നവീകരണ പദ്ധതിക്കായി ന്യൂനപക്ഷത്തിന് മാറ്റിവെച്ചത് 100 കോടിയും. പ്രതിമാ നിര്‍മാണം എന്തു വളര്‍ച്ചയാണ് ഉണ്ടാക്കുകയെന്ന് മന്ത്രിയാണ് വിശദീകരിക്കേണ്ടത്. ഗംഗാ നദി സംരക്ഷിക്കുന്നതിന് 2037 കോടി, കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് 500 കോടി, സ്‌നാന ഘട്ടങ്ങള്‍ വികസിപ്പിക്കുന്നതിന് 100 കോടി എന്നിങ്ങനെ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഇവയെല്ലാം ബി.ജെ.പി വാഗ്ദാനങ്ങളായിരുന്നു.
ദരിദ്രര്‍ക്ക് ആശ്വാസമാവുന്ന തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. അതുവഴി പരമ ദരിദ്രര്‍ക്ക് ആശ്വാസമായിരുന്ന പദ്ധതി ഇല്ലാതാക്കാനാണ് നീക്കമെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ കാര്യവും തഥൈവ. കര്‍ഷകര്‍ക്ക് വന്‍ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കിലും 8 ലക്ഷം കോടിയുടെ വായ്പാ പ്രഖ്യാപനം ആശ്വാസകരമാണ്. മധ്യവര്‍ഗക്കാര്‍ക്ക് ഏക ആശ്വാസം ആദായ നികുതി പരിധിയില്‍ വരുത്തിയ 50000 രൂപയുടെ വര്‍ധനവാണ്.
ധനകമ്മി കുറക്കുക, വളര്‍ച്ച കൈവരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളിലൂന്നിയ ബജറ്റുകളാണ് വര്‍ഷങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. ഇവ രണ്ടിലും വലിയ മാറ്റങ്ങള്‍ ദൃശ്യമല്ലെങ്കിലും സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിക്കുറച്ച് അവരെ ഞെരുക്കുകയാണ് ബജറ്റുകള്‍. കോര്‍പറേറ്റുകളുടെയും സമ്പന്നരുടെയും നികുതി നിരക്കുകള്‍ വേണ്ടത്ര വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമില്ല. സമ്പന്നരില്‍നിന്ന് നികുതി പിരിച്ച് ദരിദ്രര്‍ക്കിടയില്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കി സന്തുലിത വളര്‍ച്ച യാഥാര്‍ഥ്യമാക്കുകയെന്ന നമ്മുടെ സാമ്പത്തിക വിദഗ്ധര്‍ രൂപം നല്‍കിയ ലക്ഷ്യങ്ങളാണ് ഇതുവഴി അട്ടിമറിക്കപ്പെടുന്നത്. അസമത്വങ്ങള്‍ വര്‍ധിക്കുന്നതിന് ഇത് കാരണമാവുന്നു. ധനകമ്മിയുടെ കാരണം തന്നെ ചെലവുവര്‍ധനയായിരിക്കെ ഏതു മേഖലയിലാണ് സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിച്ചത് എന്നും പരിശോധിക്കാവുന്നതാണ്. 1990 മുതല്‍ വായ്പയെടുത്ത കടവും പലിശയും അടക്കുന്നതിനാണ് ബജറ്റ് ചെലവിന്റെ 20 ശതമാനം നീക്കിവെക്കുന്നത്. വര്‍ഷങ്ങളായി ഇതു വര്‍ധിച്ചുവരികയാണ്. സാധാരണക്കാരന്റെ അടുപ്പില്‍ പുക ഉയരുന്നില്ലെങ്കിലും മൂലധന ശക്തികള്‍ക്ക് പലിശയും മുതലും തിരിച്ചടച്ചേപറ്റൂ. ഇതിനിരയാവുന്നത് സാധാരണ ജനങ്ങളും.
സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് സംസാരിക്കുമ്പോള്‍ ആരുടെ വളര്‍ച്ച എന്നതാണ് പ്രധാന ചോദ്യം. കോര്‍പറേറ്റുകളുണ്ടാക്കുന്ന വളര്‍ച്ചയുടെ ഗുണഭോക്താക്കള്‍ അധികവും സമ്പന്നരും വിദേശ മൂലധന ശക്തികളുമാണ്. വളര്‍ച്ചാ ശതമാനം ഉയര്‍ത്തിക്കാണിക്കാം എന്നതല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും രാജ്യത്തിന് ഉണ്ടാകാന്‍ പോകുന്നില്ല.
ചുരുക്കത്തില്‍, വിദേശ നിയന്ത്രണം പുതിയ രൂപത്തിലും ഭാവത്തിലും 'മോടി'കൂട്ടി കടന്നുവരികയാണ്. അതിനായി ചുവപ്പു പരവതാനി വിരിക്കുന്ന ദൗത്യമാണ് ബജറ്റ് ചെയ്യുന്നത്. ഇതിനിടയില്‍ സ്വദേശി ജാഗരണ്‍ മഞ്ചുകാര്‍ എവിടെ പോയ്മറഞ്ഞു, ആവോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ