Prabodhanm Weekly

Pages

Search

2014 ജൂലൈ 04

ഇസ്‌ലാമിക് ബാങ്കിംഗ് ഇന്ത്യയില്‍ നേരിടുന്ന വെല്ലുവിളികള്‍

ഡോ. എം. ശാര്‍ങ്ഗധരന്‍ /ലേഖനം

         മനുഷ്യ സമൂഹത്തിന് ഭൗതികവും ആത്മീയവും മറ്റുമായ സര്‍വ തലങ്ങളിലും വളര്‍ച്ച നേടുന്നതിന് ഉതകുന്ന കര്‍മപദ്ധതികള്‍ ഉള്‍ക്കൊണ്ട വിശിഷ്ട ഗ്രന്ഥമാണ് എന്നത് പരിശുദ്ധ ഖുര്‍ആനെ മറ്റു മതഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ യഥോചിത ക്രമീകരണം എന്ന ദര്‍ശനം ഉള്‍ക്കൊണ്ട ഖുര്‍ആന്‍ വചനങ്ങള്‍ ചേര്‍ത്ത് വെക്കുമ്പോഴാണ് ഇസ്‌ലാമിക് ഇക്കണോമിക്‌സ് എന്ന സാമൂഹിക ശാസ്ത്ര ശാഖ ഉരുത്തിരിഞ്ഞ് വരുന്നത്. ഇസ്‌ലാമിക് ഇക്കണോമിക്‌സിന്റെ ഭാഗമായി ഇസ്‌ലാമിക് ഫിനാന്‍സ് എന്ന ഒരു ഉപശാഖ ധനസമാഹരണവും ധനവിനിയോഗവും സംബന്ധിച്ച നടപടിക്രമങ്ങളെ വിവരിക്കുന്നു. ഈ വിവരണത്തെ ആസ്പദമാക്കിയുള്ള രണ്ട് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മനുഷ്യരാശിക്ക് എക്കാലത്തും പ്രയോജനപ്പെടുന്ന തരത്തിലുള്ളതാണ്. സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവരെ പിന്തുണക്കുന്നതിനുള്ള സകാത്ത് ആണ് ഇതില്‍ പ്രമുഖമായിട്ടുള്ള ഒരു പ്രവര്‍ത്തനം. ഇസ്‌ലാമില്‍ വിശ്വസിക്കുന്നവര്‍ ആഗോള വ്യാപകമായി ഇത് സ്വജീവിതത്തില്‍ അനുവര്‍ത്തിച്ചുവരുന്നുണ്ട്. ധനസമാഹരണത്തിലൂടെ പലിശ പാടെ ഒഴിവാക്കി നടത്തുന്ന ബിസിനസ് ഇടപാടുകള്‍ ആണ് രണ്ടാമത്തെ ഇനം. ഇതാണ് ഇസ്‌ലാമിക് ബാങ്കിംഗിന്റെ അടിസ്ഥാന തത്ത്വം. ഇതനുസരിച്ച് ധനം നിക്ഷേപിച്ചവര്‍ ലാഭനഷ്ടങ്ങള്‍ പങ്കുവെക്കുന്നു. കാര്യക്ഷമതയോടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനായാല്‍ ലാഭം നേടാനാകും. 

         ഇസ്‌ലാമിക് ബാങ്കിംഗിന് കേരളത്തിലും ഇന്ത്യയിലും വേണ്ടത്ര അംഗീകാരം നേടാനാവാതെ വരുന്നതിന് പ്രധാന കാരണം, ഇതില്‍ അടങ്ങിയിരിക്കുന്ന താത്ത്വിക കാര്യങ്ങളെക്കുറിച്ച് സമൂഹത്തിന് വേണ്ടത്ര അറിവില്ല എന്നതാണ്. ഇസ്‌ലാമിക് ബാങ്കിംഗിനെക്കുറിച്ച് പഠനം നടത്താന്‍ ശ്രമിച്ച വ്യക്തി എന്ന നിലയില്‍,  അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ ലേഖകന് ഇങ്ങനെ ഒരു നിഗമനത്തിലെത്തേണ്ടി വന്നിട്ടുള്ളത്. ഇന്ന് നടക്കുന്ന സംസ്ഥാനത്തെ ഇസ്‌ലാമിക് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ പലിശ രഹിത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന ലക്ഷ്യമാണ് മുഖ്യമായി കാണാനാകുന്നത്. ഈ പ്രവര്‍ത്തനം തികച്ചും ഉചിതം തന്നെയെങ്കിലും, ഇസ്‌ലാമിക് ബാങ്കിംഗും സകാത്തും കൂട്ടിക്കുഴച്ചുള്ള ഒരു സമീപനമാണ് കണ്ടുവരുന്നത്. ഇതൊരു ന്യൂനതയാണെന്ന് പറയാതെ വയ്യ. ഇസ്‌ലാമിക് ബാങ്കിംഗ് പ്രചാരം നേടണമെങ്കില്‍ ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രഫഷണല്‍ നിലവാരത്തിലേക്ക് മാറ്റിക്കൊണ്ട് വരേണ്ടതുണ്ട്. ഇസ്‌ലാമിക് ബാങ്കിംഗിന്റെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചും ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗ് അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നങ്ങളെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

         'രിബ' എന്നറിയപ്പെടുന്ന പലിശ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയില്‍ നിഷിദ്ധമാണ്. അതുകൊണ്ട് തന്നെ പലിശ രഹിത പ്രവര്‍ത്തനങ്ങള്‍ വിഭാവന ചെയ്യുന്നതിനും ഭൗതികവും കായികവുമായ ശേഷി പ്രയോജനപ്പെടുത്തി വിവിധ പദ്ധതികളിലെ പ്രവര്‍ത്തനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ലാഭം നേടുന്നതിനും അത് നിക്ഷേപകരുമായി പങ്കുവെക്കുന്നതിനുമാണ് ഇസ്‌ലാമിക് ബാങ്കിംഗ് ദര്‍ശനം അനുശാസിക്കുന്നത്. പലിശയില്‍ അധിഷ്ഠിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കും എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഒപ്പം, കഠിനാധ്വാന ശേഷി ഇല്ലാതാക്കാനും ചൂഷണത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം വളര്‍ത്താനും മാത്രമേ പലിശ എന്ന സാമൂഹിക വിപത്ത് ഉപകരിക്കൂ എന്നും ഈ മതദര്‍ശനം നമ്മെ ഓര്‍മിപ്പിക്കുന്നു. ധനസമാഹരണത്തിലും ധനവിനിയോഗത്തിലും കര്‍മശേഷിയും ബുദ്ധിശക്തിയും പരമാവധി ഉപയോഗപ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അവ നടപ്പിലാക്കാന്‍ കഠിന പ്രയത്‌നം നടത്തുകയും ചെയ്യുമ്പോള്‍, അതിന്റെ പ്രവര്‍ത്തനഫലം നിക്ഷേപകര്‍ക്കും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥക്ക് ആകമാനവും ലഭിക്കുന്നു എന്നതാണ് ഇസ്‌ലാമിക് ബാങ്കിംഗിന്റെ സവിശേഷത. നിക്ഷേപകര്‍ തമ്മില്‍ ലാഭം പങ്കുവെക്കുന്നു, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, ഉല്‍പാദനം വര്‍ധിക്കുന്നു, വിപണിയിലെ മത്സരത്തില്‍ ഉപഭോക്താവിന് വിലക്കുറവ് അനുഭവപ്പെടുന്നു, സമ്പദ്‌വ്യവസ്ഥയില്‍ മൊത്തം വരുമാനം വര്‍ധിക്കുന്നു എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ ഇസ്‌ലാമിക് ബാങ്കിംഗിന്റെ പ്രയോഗത്തിലൂടെ കൈവരിക്കാനാകും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നഷ്ട സംഭാവ്യതയും സ്വാഭാവികം തന്നെ. എന്നാല്‍ കര്‍മവൈഭവവും കഠിനാധ്വാനശേഷിയും ബുദ്ധിശക്തിയും മാനേജ്‌മെന്റ് വൈദഗ്ധ്യവും യഥാവിധി പ്രയോഗത്തില്‍ വരുത്തിയാല്‍ നഷ്ട സംഭാവ്യത ഒഴിവാക്കാനാവുമെന്നും  ഈ സാമ്പത്തിക സമീപനം വ്യക്തമാക്കുന്നു. ഇസ്‌ലാമിക് ബാങ്കിംഗില്‍ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ലാഭനഷ്ടങ്ങള്‍ നിക്ഷേപകര്‍ കൂട്ടായി പങ്കുവെക്കുമ്പോള്‍, സാധാരണ ബാങ്കിംഗില്‍ ലാഭനഷ്ടം പരിഗണിക്കപ്പെടാതെയാവുകയും പലിശ ഒരു സാധ്യതയായി പരിണമിക്കുകയും ചെയ്യുന്നു.

         കാര്‍ഷിക -വ്യവസായ-സേവന-വ്യാപാര - വാണിജ്യ മേഖലകളില്‍ എല്ലാം തന്നെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും അതുവഴി ഉല്‍പാദന ക്ഷമത വര്‍ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്താനും കഴിയുന്ന ഒരു സാമ്പത്തിക സമീപനം എന്ന നിലയില്‍ ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗിന് ഏറെ പ്രസക്തിയുണ്ട്. ലീസിംഗ്, ഹയര്‍ പര്‍ച്ചേയ്‌സിംഗ്, നിര്‍മാണം, സംയുക്ത സംരംഭം, ഫോര്‍വേര്‍ഡ് ട്രേഡിംഗ്, ഗ്യാരന്റി, ഹ്രസ്വകാല വായ്പ തുടങ്ങി ആധുനികവും പരമ്പരാഗതവുമായ ഇടപാടുകള്‍ ഇസ്‌ലാമിക് ബാങ്കിംഗിലൂടെ വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടത്തുന്നുണ്ട്.

         സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ ഇന്ന് ഇന്ത്യ ഉള്‍പ്പെടെ ലോകമാസകലം പ്രചാരത്തിലുള്ള മ്യൂച്ചല്‍ ഫണ്ടിന്റെ ആവിര്‍ഭാവത്തിന് വഴിതെളിച്ചത് ഇസ്‌ലാമിക് ബാങ്കിംഗിന്റെ തത്ത്വങ്ങളാണെന്ന് കാണാം. വ്യാപകമായി സമാഹരിക്കുന്ന മ്യൂച്ചല്‍ ഫണ്ടുകളിലെ പണം കമ്പനി ഓഹരികളിലും വ്യത്യസ്ത ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ച് ലാഭം നിക്ഷേപകര്‍ക്കിടയില്‍ പങ്കുവെക്കുന്നതിന്റെ അടിസ്ഥാന പ്രമാണം ഇസ്‌ലാമിക് ബാങ്കിംഗ് തന്നെയെന്നതില്‍ സംശയമില്ല. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം സര്‍ക്കാര്‍ കടപത്രങ്ങളിലും കമ്പനി കടപത്രങ്ങളിലും കമ്പനി പൊതു നിക്ഷേപങ്ങളിലും കൂടി നടത്തുന്നു എന്നത് പലിശ വരുമാനത്തെ ലക്ഷ്യമാക്കി ആണെങ്കില്‍കൂടി ഒരു കരുതല്‍ നടപടി എന്ന നിലയിലേ കാണേണ്ടതുള്ളൂ. ഈ ഇനങ്ങളിലെ പലിശ വരുമാനം ഒഴിവാക്കി നിര്‍ത്തിയാല്‍ മ്യൂച്ചല്‍ ഫണ്ടിന്റെ പ്രവര്‍ത്തന ശൈലിയിലും ഇസ്‌ലാമിക് ബാങ്കിംഗിന്റെ താത്ത്വിക വശങ്ങളിലും കാര്യമായ വ്യതിയാനം കാണാന്‍ കഴിയില്ല.

         16 കോടിയോളം ഇസ്‌ലാംമത വിശ്വാസികളുള്ള ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗ് ദാര്‍ശനിക തലത്തില്‍ മാത്രമായി ഇന്നും നിലകൊള്ളുന്നു എന്നത് ബാങ്കിംഗിനെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എട്ടാം നൂറ്റാണ്ട് മുതല്‍ പ്രചാരത്തിലുള്ള ഇസ്‌ലാമിക് ബാങ്കിംഗ് അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് 1963-ല്‍ ഈജിപ്തില്‍ ആരംഭിച്ച നൂതന ഇസ്‌ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളോടെയാണ്. വാണിജ്യാടിസ്ഥാനത്തില്‍ 1975-ല്‍ ദുബൈ ഇസ്‌ലാമിക് ബാങ്ക് സ്ഥാപിതമായതോടെ ഈ ആശയം ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഇപ്പോള്‍ 60-ല്‍ പരം രാജ്യങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിംഗ് പ്രചാരത്തിലുണ്ട്. 28 ശതകോടി ഡോളര്‍ വ്യാപാര ഇടപാടുമായി സുഊദി അറേബ്യയിലെ അല്‍ റജാഹി എന്ന സ്ഥാപനം ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക് ബാങ്കായി മാറിയിരിക്കുന്നു. ഇസ്‌ലാമിക് ബാങ്കിംഗിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനാവുന്നത് ഇസ്‌ലാംമത വിശ്വാസികള്‍ക്ക് മാത്രമാണ് എന്ന ധാരണ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിംഗ് പ്രചുര പ്രചാരം നേടിയിട്ടുണ്ട് എന്നാണ് ഇംഗ്ലണ്ട്, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ബാങ്കുകള്‍ വ്യക്തമാക്കുന്നത്.

         വിദേശ രാജ്യങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിംഗിന്റെ പ്രവര്‍ത്തനം രണ്ട് തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇരട്ട കിളിവാതില്‍ (2 window approach) എന്ന സമീപന രീതിയില്‍ നിക്ഷേപം, ചെക്ക്, പലിശ തുടങ്ങിയ സാധാരണ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും പലിശ ഒഴിവാക്കിയുള്ള നിക്ഷേപ സംവിധാനങ്ങളും അനുവര്‍ത്തിച്ചു വരുന്നു. രണ്ട് തട്ടിലുള്ള മറ്റൊരു സമീപന രീതിയില്‍ നിക്ഷേപത്തുകയുടെ വര്‍ധനവും വരുമാനവും സംയോജിപ്പിച്ചു കൊണ്ടുള്ള ക്രമീകരണങ്ങളാണുള്ളത്. 2012 മുതല്‍ ഖത്തറില്‍ പലിശരഹിത കൗണ്ടറുകള്‍ പാടെ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഈ ഇനത്തില്‍ സ്വീകരിക്കപ്പെടുന്ന പണം പലിശ നേടുന്നതിനുവേണ്ടി വിനിയോഗിക്കപ്പെടുന്നു എന്നതും, അതുവഴി ഇസ്‌ലാമിക് ബാങ്കിംഗ് ദര്‍ശനം ധ്വംസിക്കപ്പെടുന്നു എന്നതുമാണ് ഈ തീരുമാനത്തിന് പ്രേരകമായത്. ഇസ്‌ലാമിക് ബാങ്കിംഗില്‍ നിക്ഷേപത്തിന് പലിശ പാടില്ല എന്നതുപോലെ തന്നെ, വായ്പക്കും പലിശ പാടില്ല എന്ന നിബന്ധന ലംഘിക്കപ്പെടുന്നത് ഇരട്ട കിളിവാതില്‍ സമീപനത്തിന്റെ ന്യൂനതയാണ് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഖത്തര്‍ ബാങ്കുകളില്‍ പലിശരഹിത കൗണ്ടര്‍ നിര്‍ത്തലാക്കിയ തീരുമാനം ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

         ലോകത്തെ മുസ്‌ലിം ജനസംഖ്യയില്‍ രാജ്യാടിസ്ഥാനത്തില്‍ ഇന്ത്യക്ക് രണ്ടാമത്തെയോ മൂന്നാമത്തെയോ സ്ഥാനമാണുള്ളത്. 16 കോടിയോളം വരുന്ന ഇന്ത്യയിലെ ഇസ്‌ലാംമത വിശ്വാസികളില്‍ ഭൂരിപക്ഷവും ബാങ്കിംഗിന് വെളിയിലാണ് എന്നതുകൊണ്ടുതന്നെ സമ്പൂര്‍ണ ബാങ്കിംഗ് (Financial Inclusion) നേടുന്നതിന് നമുക്ക് ഇനിയും കാത്തിരിക്കേണ്ടതായി വരുന്നു. മുസ്‌ലിം സമൂഹത്തിലെ പള്ളികള്‍, പാഠശാലകള്‍, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍, സംഘടനകള്‍, വ്യാപാരികള്‍, പ്രവാസികള്‍, അറബ് രാഷ്ട്രങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങി വന്‍ നിക്ഷേപം നടത്താന്‍ ആകുന്ന സ്ഥാപനങ്ങളും വ്യക്തികളും പലിശ കാരണം ബാങ്കിംഗില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് എന്ന ദുഃഖസത്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഇസ്‌ലാമിക് ബാങ്കിംഗ് എന്ന സമാന്തര സാമ്പത്തിക സ്ഥാപനത്തിലൂടെ വന്‍തോതില്‍ ധനസമാഹരണം നടത്താനും സാമൂഹിക നന്മയെ രാജ്യ വികസനവുമായി ബന്ധപ്പെടുത്തി നിരവധി കര്‍മപദ്ധതികളിലേക്ക് ഇങ്ങനെ സമാഹരിക്കപ്പെടുന്ന പണം വിനിയോഗിക്കാനും നമുക്ക് കഴിയാതെ വന്നിരിക്കുകയാണ്. ഇന്ത്യയിലെ ഇസ്‌ലാമിക് ബാങ്കിംഗ് സ്ഥാപനങ്ങള്‍ ആരംഭിക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനും വിഘാതം സൃഷ്ടിക്കുന്ന ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്നും തിരിച്ചറിയേണ്ടതുണ്ട്.

         പലിശയെ മുന്‍നിര്‍ത്തി നിക്ഷേപം സ്വീകരിക്കുക, വായ്പ അനുവദിക്കുക എന്നീ പ്രാഥമിക കര്‍മപരിപാടികളുമായി പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനങ്ങളാണ് സാധാരണ ബാങ്കുകള്‍. ഏറെ വികാസം പ്രാപിച്ച ബാങ്കുകള്‍ ഇന്ന് സമ്പദ്‌വ്യവസ്ഥയിലെ സമസ്ത മേഖലകളിലുമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സ്ഥാപനങ്ങളായി മാറിയിട്ടുണ്ട്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും വിദേശ മേഖലയിലും രൂപീകരിക്കപ്പെട്ട ബാങ്കുകളുടെ പ്രവര്‍ത്തനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പ്രാധാന്യം നേടിയിട്ടുണ്ട്. ധനവിഭവ സമാഹരണത്തിലും ധന വിന്യാസത്തിലും ക്രമാനുഗതമായ പുരോഗതി നേടിയ ബാങ്കുകള്‍ ചെക്ക്, ഡ്രാഫ്റ്റ്, ക്യാഷ് മെഷീനുകള്‍ തുടങ്ങിയ ഉപാധികളിലൂടെ രാജ്യത്താകമാനം സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നു. ബാങ്ക് ഇടപാടുകള്‍ നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും 1881-ലെ നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട്, 1949-ലെ ബാങ്കിംഗ് ആന്റ് റെഗുലേഷന്‍ ആക്ട്, 1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 2000-ലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് തുടങ്ങി വിവിധ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ട്. സഹകരണ ബാങ്കുകളെ സംബന്ധിച്ചേടത്തോളം ഈ നിയമങ്ങള്‍ക്ക് പുറമേ കേന്ദ്ര സംസ്ഥാന സഹകരണ നിയമവ്യവസ്ഥകള്‍ കൂടി ബാധകമാണ്. ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം, പലിശയില്‍ അധിഷ്ഠിതമായ നമ്മുടെ നാട്ടിലെ ബാങ്കിംഗ് ഇടപാടുകളില്‍ ഇസ്‌ലാമിക് ബാങ്കിംഗ് എന്ന ആശയം പൂര്‍ണമായ അളവില്‍ ബാങ്കിംഗ് ആക്കി മാറ്റണമെങ്കില്‍ മേല്‍ സൂചിപ്പിച്ച നിയമങ്ങളെല്ലാം മാറ്റി എഴുതേണ്ടിവരും എന്ന് വ്യക്തമാക്കാനാണ്. ഇന്നത്തെ സാഹചര്യത്തില്‍ മ്യൂചല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയ മേഖലയിലെ ബാങ്കിംഗിതര സ്ഥാപനങ്ങളെ പോലെ ഒരു സമാന്തര ബാങ്കിംഗ് സ്ഥാപനമായി മാത്രമേ ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാകൂ. പ്രവര്‍ത്തന രീതികളിലോ പ്രവര്‍ത്തന ശൈലിയിലോ ഇസ്‌ലാമിക് ബാങ്കിംഗ് ദര്‍ശനങ്ങള്‍ക്ക് കോട്ടം വരുത്താതെ തന്നെ ഈ മേഖലകളില്‍ പ്രവര്‍ത്തനം സാധ്യമാകും എന്നതും ഓര്‍ക്കേണ്ടതാണ്. ഇതിനോട് ബന്ധപ്പെട്ട് ഇന്ത്യയിലെ ഇസ്‌ലാമിക് ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയായി ഉയരുന്ന മറ്റൊരു പ്രശ്‌നവും ഉണ്ട്. ധനസമാഹരണത്തിലും ധനവിനിയോഗത്തിലും കാര്യക്ഷമതയും വൈദഗ്ധ്യവുമുള്ള പ്രഫഷണലുകളെ സൃഷ്ടിക്കുന്നതിനുള്ള ഗൗരവമായ ശ്രമങ്ങള്‍ സര്‍വകലാശാലകളുടെ ഭാഗത്തുനിന്നും സമാന ഏജന്‍സികളില്‍ നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. അലീഗഢ് മുസ്‌ലിം സര്‍വകലാശാല പോലുള്ള ഏതാനും ഉന്നത വിദ്യാഭ്യസ കേന്ദ്രങ്ങളില്‍ മാത്രമാണ് അടുത്തിടെ ഇസ്‌ലാമിക് ഫിനാന്‍സ് ഒരു പഠനവിഷയമായി മാറിയിട്ടുള്ളത്. ആധുനിക മാനേജ്‌മെന്റ് ശാസ്ത്ര ശാഖയുമായി കൂട്ടിയിണക്കി ഇസ്‌ലാമിക് ബാങ്കിംഗ് പ്രഫഷണലുകളെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ അടിയന്തരമായി നടത്തേണ്ടതുണ്ട്. പ്രഫഷണലുകളുടെ അഭാവം ഇസ്‌ലാമിക് ബാങ്കിംഗ് എന്ന ആശയം ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുന്നതിന് കാര്യമായ തടസ്സം സൃഷ്ടിച്ചിട്ടുണ്ട് എന്നതില്‍ സംശയം വേണ്ട.

         സാധാരണ ബാങ്കിംഗിലും ഇസ്‌ലാമിക് ബാങ്കിംഗിലും അക്കൗണ്ടിംഗ് സമ്പ്രദായത്തില്‍ സാരമായ വ്യത്യാസം കാണാം. ആഗോളതലത്തില്‍ ഇസ്‌ലാമിക് അക്കൗണ്ടിംഗ് നടപടി ക്രമങ്ങള്‍ തിട്ടപ്പെടുത്തുന്ന വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കായി പൊതു അക്കൗണ്ടിംഗ് വ്യവസ്ഥകള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. ഇസ്‌ലാമിക് ബാങ്കിംഗിന് ഇന്ത്യയില്‍ അക്കൗണ്ടിംഗിന് വേണ്ടിയുള്ള പൊതു ക്രമീകരണമില്ല എന്നത് ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇതിനും പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.

         ഇന്ത്യയെപ്പോലുള്ള ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഇതര മതവിശ്വാസികളുടെ സഹകരണം ഇസ്‌ലാമിക് ബാങ്കിംഗിന്റെ പുരോഗതിക്ക് അനിവാര്യമാണ്. ഇസ്‌ലാം മത വിശ്വാസികള്‍ക്കുംഇതര മതവിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും ദേശീയ സമ്പദ്‌വ്യവസ്ഥക്കും ഒന്നുപോലെ പ്രയോജനപ്രദമാണ് ഇസ്‌ലാമിക് ബാങ്കിംഗ് എന്ന അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടത് പ്രഥമ പരിഗണന നല്‍കേണ്ട വിഷയമായി മാറിയിട്ടുണ്ട്. ഇസ്‌ലാമിക് ബാങ്കിംഗിനെക്കുറിച്ച് ഇവിടെ നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മത തീവ്രവാദത്തിന് വരെ പ്രേരകമായ ഒന്നാണ് ഇസ്‌ലാമിക് ബാങ്കിംഗ് എന്ന ധാരണ പോലും സമൂഹത്തില്‍ നിലനില്‍ക്കുന്നു. പഠന ഗവേഷണ ഫലങ്ങളും മറ്റും ഉപയോഗപ്പെടുത്തി ഇസ്‌ലാമിക് ബാങ്കിംഗിന്റെ മേന്മയെക്കുറിച്ചും പ്രായോഗിക സാധ്യതയെക്കുറിച്ചും അവബോധം സൃഷ്ടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. തെറ്റിദ്ധാരണ മൂലം രാഷ്ട്രീയ ആയുധമാക്കി ഇസ്‌ലാമിക് ബാങ്കിംഗിനെ വിമര്‍ശിക്കാനൊരുമ്പെടുന്ന സാഹചര്യത്തെക്കുറിച്ചും സമൂഹത്തിന് തിരിച്ചറിവുണ്ടാക്കേണ്ടിയിരിക്കുന്നു. വ്യത്യസ്ത ഇസ്‌ലാംമത വിശ്വാസികള്‍ ഇസ്‌ലാമിക് ബാങ്കിംഗിനെക്കുറിച്ച് ഭിന്ന വീക്ഷണഗതികള്‍ പ്രചരിപ്പിക്കുന്നതും വെച്ചുപുലര്‍ത്തുന്നതും എരിതീയില്‍ എണ്ണ ഒഴിക്കുന്ന അനുഭവം ക്ഷണിച്ചുവരുത്തുന്നുണ്ട്. നിലവിലുള്ള നിയമവ്യവസ്ഥയില്‍ ഇസ്‌ലാമിക് ബാങ്കിംഗ്, ഒരു സമാന്തര ബാങ്ക് ഇതര സ്ഥാപനം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ രൂപരേഖയും നടപടിക്രമങ്ങളും ദേശീയതലത്തില്‍ തന്നെ തയാറാക്കേണ്ടതുണ്ട്. 

('രക്തമൂറ്റുന്ന പലിശക്കെതിരെ' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ ചെയ്ത പ്രഭാഷണം. തയാറാക്കിയത്: എം. മഹ്ബൂബ്, തിരുവനന്തപുരം)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 112-113
എ.വൈ.ആര്‍