Prabodhanm Weekly

Pages

Search

2014 ജൂലൈ 04

ബൈത്തുസ്സകാത്ത്<br> കേരളീയ ജീവിതത്തെ പുതുക്കിപണിയുന്ന മാതൃകാ സംരംഭം

ഹബീബ്‌റഹ്മാന്‍ സി.പി /കവര്‍‌സ്റ്റോറി

         റബ് മുസ്‌ലിം രാജ്യങ്ങളിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും സകാത്ത് സംരംഭങ്ങള്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്രരാജ്യങ്ങളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ബൈത്തുസ്സകാത്ത് കുവൈത്ത് നിരവധി പിന്നാക്ക രാഷ്ട്രങ്ങളില്‍ സാമൂഹിക പുരോഗതി ലക്ഷ്യമാക്കി സകാത്ത് വിനിയോഗിക്കുന്നു. സകാത്ത് ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക ലോകത്തെ 27 രാഷ്ട്രങ്ങളിലാണ് സകാത്ത് ശേഖരിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തിലെ സംഘടിത സകാത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷയേകിക്കൊണ്ടാണ് മലേഷ്യന്‍ പ്രധാനമന്ത്രി ചെയര്‍മാനായുള്ള  ഇന്റനാഷ്‌നല്‍ സകാത്ത് ഓര്‍ഗനൈസേഷന്‍ മുന്നേറുന്നത്. 2016 ഓടെ 10 ബില്യന്‍ മലേഷ്യന്‍ റിങ്കിറ്റ് സകാത്തായി ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണ് അവര്‍ തയാറാക്കിയിരിക്കുന്നത്. സ്വയം സംരംഭകത്വ മേഖലയിലാണ് ഈ സകാത്ത് ഫണ്ട് കൂടുതലായും ചെലവഴിക്കുക. വിവിധ രാജ്യങ്ങളിലെ തൊഴില്‍രഹിതര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ജീവിത സാഹചര്യം ഇതിലൂടെ ലഭ്യമാക്കാന്‍ സാധ്യമാവും. ലോകത്തെ 18 രാജ്യങ്ങള്‍ ഈ പദ്ധതിയുമായി സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഖത്തര്‍ സകാത്ത് ഫണ്ട്, യു.എ.ഇ സകാത്ത് ഫണ്ട്, റുമ സകാത്ത് ഇന്തോനേഷ്യ തുടങ്ങിയവ ലോകത്തെ സുപ്രധാന സകാത്ത് സംരംഭങ്ങളാണ്.

         യുദ്ധം, പട്ടിണി, വംശഹത്യ, ആഭ്യന്തരയുദ്ധം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി രാഷ്ട്രങ്ങളില്‍ സുസ്ഥിര സഹായങ്ങള്‍ ലഭ്യമാക്കി അവരെ പുരോഗതിയിലേക്ക് നയിക്കുന്നതിന് സകാത്ത് സംരംഭങ്ങള്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. സോമാലിയ, ഉഗാണ്ട, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ഇറാഖ്, സിറിയ, ഫലസ്ത്വീന്‍, മ്യാന്മര്‍ തുടങ്ങി ഇന്ത്യയിലടക്കം നിരവധി അന്താരാഷ്ട്ര സകാത്ത് സംരംഭങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴില്‍ സുരക്ഷ, സാമൂഹിക ഉന്നമനം തുടങ്ങിയ വിവിധ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു ആഗോള സാമ്പത്തിക പദ്ധതി എന്ന നിലയില്‍ സകാത്തിന് സാധിക്കുമെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.

സകാത്ത് സന്ദേശയാത്ര

         സകാത്തിന്റെ സന്ദേശ പ്രചാരണാര്‍ഥം ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിച്ച സകാത്ത് സന്ദേശ യാത്ര കേരളത്തിന് പുതിയൊരു അനുഭവമായിരുന്നു. സകാത്തിനെക്കുറിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും  യാത്ര സഹായകമായി. സകാത്ത് കൃത്യമായി നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി വ്യക്തികള്‍ക്ക് ആശയം കൈമാറാന്‍ സാധിച്ചു. സകാത്തുമായി ബന്ധപ്പെട്ട അബദ്ധ ധാരണകള്‍ തിരുത്താനും സകാത്ത് ദായകരുടെ ആശയങ്ങളും പദ്ധതികളും പങ്കുവെക്കാനും സ്വീകരിക്കാനും സന്ദേശയാത്ര വഴിതെളിയിച്ചു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 16 ദിവസങ്ങളിലായി നടന്ന യാത്രയുടെ ഭാഗമായി 21 സകാത്ത് സെമിനാറുകള്‍ സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തു. നിരവധി സകാത്ത് ദായകരെയും മഹല്ല് ഭാരവാഹികളെയും നേരില്‍ സന്ദര്‍ശിച്ച് സന്ദേശം കൈമാറുകയുണ്ടായി. 

         സകാത്തിന്റെ സംഭരണ  വിതരണത്തെക്കുറിച്ച് യാഥാസ്ഥിതിക വിഭാഗങ്ങളും അവരുടെ സംഘടനകളും സൃഷ്ടിച്ച അബദ്ധ ധാരണകള്‍ തികഞ്ഞ ജാഗ്രതയോടെ നിര്‍വഹിക്കേണ്ട  ഒരു ഇബാദത്തിനെ എത്ര വികൃതമാക്കി എന്ന് സകാത്ത് ദായകരായ നിരവധി വ്യക്തികളുമായുള്ള കൂടിക്കാഴ്കളില്‍ നിന്ന് ബോധ്യമായി. വ്യക്തിപരമായി സകാത്ത് നല്‍കുന്നവര്‍ അത് തങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കുന്ന ഔദാര്യമായി കാണുകയും വിധേയത്വ മനഃസ്ഥിതി ഉണ്ടാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. പല വ്യക്തികളും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമാണ് സ്ഥിരമായി സകാത്ത് നല്‍കി വരുന്നത്. സകാത്തിനര്‍ഹരല്ലാത്ത ബന്ധുക്കള്‍ പോലും ഇത് തങ്ങളുടെ പണക്കാരനായ ബന്ധുവില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടേണ്ടതാണെന്ന രീതിയില്‍ ഓരോ വര്‍ഷവും സകാത്ത് വാങ്ങുന്നുവെന്ന് പലരും സങ്കടപ്പെടുകയുണ്ടായി. വ്യവസായ സംരംഭങ്ങള്‍ നടത്തുന്ന പലരും അവരുടെ സ്റ്റാഫിനെയാണ് സകാത്തിന് സ്ഥിരമായി പരിഗണിക്കുന്നത്. പള്ളികളിലെ ഇമാമുകളെ സകാത്ത് വിതരണം ചെയ്യാന്‍ ഏല്‍പ്പിക്കുന്ന നിരവധി സകാത്ത് ദായകര്‍ അവര്‍ ഏല്‍പിക്കുന്നത് കൃത്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടോ എന്ന് വിലയിരുത്താനുള്ള ഒരു സംവിധാനവുമില്ലെന്നു പരാതിപ്പെട്ടു. സകാത്തായി ഇമാമിനോ/പള്ളിക്കോ ലഭിക്കുന്ന പണം എവിടെയും രേഖപ്പെടുത്താന്‍ പാടില്ല എന്ന  അലിഖിത നിയമം പല മഹല്ലുകളിലും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. രേഖപ്പെടുത്തിയാല്‍ അത് സംഘടിത സകാത്തിന്റെ രീതിയിലേക്ക് മാറുമെന്നാണ് പൗരോഹിത്യം പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. തെക്കന്‍ കേരളത്തിലെ ഒരു പ്രമുഖ വ്യക്തിയെ മഹല്ല് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയതിന്റെ കാരണം ഇമാമിനെ വിതരണത്തിനേല്‍പ്പിച്ച സകാത്ത് ഫണ്ടിന്റെ കണക്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു. കേരളത്തിലെ പല മഹല്ലുകളിലും സമാന രീതിയില്‍ സംഘടിത സകാത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയവരെ പടിക്ക് പുറത്താക്കിയ അനുഭവങ്ങളുണ്ട്. ശക്തമായ പൊതു മഹല്ല് സംവിധാനങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ പോലും സംഘടിത സകാത്തിനെ തടയുന്ന പ്രവര്‍ത്തനങ്ങളില്‍ ഇമാമുമാര്‍ മുന്‍പന്തിയിലുണ്ടെന്നതാണ് അനുഭവങ്ങള്‍. 

         പല മഹല്ലുകളിലും യുവാക്കള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങുകയും പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്‌തെങ്കിലും അവഗണനയും ബഹിഷ്‌കരണവും മൂലം പിറകോട്ടുപോയ നിരവധി അനുഭവങ്ങളുണ്ട്. ഓരോ റമദാന്‍ കാലയളവിലും മഹല്ലിലെ വലിയ സമ്പന്നര്‍ സകാത്ത് വിതരണം ചെയ്യാന്‍ ലക്ഷക്കണക്കിന് രൂപ മഹല്ല് ഇമാമുകളെ ഏല്‍പിക്കുന്ന സമ്പ്രദായമാണ് സംഘടിത സകാത്ത് നിലവിലില്ലാത്ത ചില മഹല്ലുകളില്‍ കാണുന്നത്. ആ സകാത്ത് ആര്‍ക്ക് ഏതു രീതിയില്‍ എത്ര നല്‍കണമെന്ന് ഇമാമാണ് നിശ്ചയിക്കുന്നത്. അത്തരം സകാത്ത് ഫണ്ടുകള്‍ ചെലവഴിച്ചതിന്റെ ഓഡിറ്റിംഗ് മഹല്ലുകളില്‍ നടക്കാറില്ല. വ്യക്തികള്‍ സകാത്ത് നല്‍കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലം സമൂഹത്തിനു ലഭിക്കാതെ പോകുന്നതിന്റെ കാരണങ്ങളെ നാം ഗൗരവപൂര്‍വം വിലയിരുത്തണം.

         വ്യക്തികള്‍ നല്‍കുന്ന സകാത്ത് കൃത്യമായ ലക്ഷ്യമില്ലാതെ വിനിയോഗിക്കുന്നതിനാല്‍ സകാത്തിലൂടെ ലഭ്യമാവേണ്ട സാമൂഹിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നില്ല. സകാത്ത് നല്‍കുന്നവന്‍ എന്നും നല്‍കുകയും വാങ്ങുന്നവന്‍ എന്നും വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കാണുന്നത്. ദരിദ്രര്‍, സാധുക്കള്‍, സകാത്ത് ജോലിക്കാര്‍, ഹൃദയം ഇണക്കപ്പെടേണ്ടവര്‍, അടിമ മോചനം, കടബാധിതര്‍, ദൈവമാര്‍ഗത്തില്‍, വഴിയാത്രക്കാര്‍ എന്നിവരാണ് സകാത്തിന്റെ അവകാശികള്‍. ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന വിഭാഗങ്ങള്‍ക്ക് സകാത്ത് ലഭിക്കണമെങ്കില്‍, സകാത്തിലൂടെ ഇസ്‌ലാം ലക്ഷ്യം വെക്കുന്ന സാമൂഹിക പുരോഗതി കൈവരിക്കണമെങ്കില്‍ സംഘടിത സകാത്ത് സംവിധാനങ്ങളിലൂടെ സകാത്ത് നല്‍കിയാലേ സാധ്യമാവൂ.

സംഘടിത സംരംഭങ്ങള്‍: പ്രതീക്ഷകള്‍, വെല്ലുവിളികള്‍

         യാഥാസ്ഥിതിക സംഘടനകളുടെ പ്രചാരണങ്ങള്‍ക്കപ്പുറത്ത് സകാത്ത് അതിന്റെ ചൈതന്യത്തോടെ നിര്‍വഹിക്കപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ സജീവമാണ്. അതുകൊണ്ടാണ് ചുരുങ്ങിയ കാലംകൊണ്ട് വിവിധ പുരോഗമന പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും വ്യക്തികളുടെ മേല്‍നോട്ടത്തിലും കേരളത്തില്‍ ആയിരത്തോളം സംഘടിത സകാത്ത് സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയും സാമ്പത്തിക അഭിവൃദ്ധിയും അത്തരം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള നിരവധി സംരംഭങ്ങള്‍ ഓരോ വര്‍ഷവും കൃത്യമായി സകാത്ത് കണക്കാക്കി സംഘടിത സംരംഭങ്ങള്‍ മുഖേന ചെലവഴിക്കുന്നുണ്ട്. സകാത്ത് കൃത്യമായി നല്‍കുക എന്നതിനപ്പുറം സകാത്തിന്റെയും സംഘടിത സകാത്തിന്റെയും പ്രചാരണത്തില്‍ വ്യവസായ-ബിസിനസ് മേഖലയിലെ പ്രമുഖരും വിവിധ മേഖലകളിലെ പ്രഫഷണലുകളും  സജീവമാണെന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

         സകാത്ത് സംഭരണം, വിതരണം, പ്രചാരണം, ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിരന്തരമായ പുനഃക്രമീകരണത്തിന് സംഘടിത സകാത്ത് സംരംഭങ്ങള്‍ തയാറാവേണ്ടതുണ്ട്. ബൈത്തുസ്സകാത്ത് കേരള കഴിഞ്ഞ വര്‍ഷം പ്രാദേശിക സകാത്ത് സംരംഭങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ ഓരോ വര്‍ഷവും പുരോഗതി കാണിക്കുന്ന സംരംഭങ്ങള്‍ 22 ശതമാനമാണ്. 60 ശതമാനത്തോളം സംരംഭങ്ങള്‍ ശരാശരി പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. വേണ്ടത്ര സജീവമല്ലാത്ത സംരംഭങ്ങള്‍ 18 ശതമാനം വരും. ഓരോ വര്‍ഷവും 50 ലക്ഷം മുതല്‍ ഒന്നര കോടി വരെ സകാത്തായി ശേഖരിച്ച് വിതരണം ചെയ്യുന്ന 10-ല്‍ അധികം പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ കേരളത്തിലുണ്ട്. ഭൂരിഭാഗം സംരംഭങ്ങളുടെയും സകാത്ത് ശേഖരണം അമ്പതിനായിരം മുതല്‍ 5 ലക്ഷം വരെയാണ്. യഥാര്‍ഥത്തില്‍ ശേഖരിക്കപ്പെടേണ്ട സകാത്തിന്റെ നാല് ശതമാനത്തില്‍ താഴെ മാത്രമാണിത്.

         എല്ലാ വര്‍ഷവും ഒരേ രീതിയില്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നതല്ല സകാത്ത് പ്രവര്‍ത്തനങ്ങള്‍. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്, സാമ്പത്തിക പുരോഗതിക്കനുസരിച്ച് അതിന്റെ വിവിധ ഘടകങ്ങള്‍ മാറിക്കൊണ്ടിരിക്കും. അതിനാല്‍ തന്നെ ഇസ്‌ലാമിലെ ഇബാദത്തുകളില്‍ ഏറ്റവും ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നിര്‍വഹിക്കേണ്ട ഇബാദത്താണ് സകാത്ത്.

സകാത്ത് സംഭരണം 

         സമൂഹത്തിലെ ഓരോ വര്‍ഷത്തെയും സാമ്പത്തിക പുരോഗതിയെ  അടിസ്ഥാനപ്പെടുത്തിയാണ് സകാത്ത് സംഭരണം നടക്കേണ്ടത്. സകാത്ത് പ്രവര്‍ത്തനം യഥാര്‍ഥ രൂപത്തില്‍ നിര്‍വഹിക്കണമെങ്കില്‍ സകാത്ത് ജോലിക്കാര്‍ അനിവാര്യമാണ്. സകാത്തില്‍ ഒരു വിഹിതം അവര്‍ക്ക് വേണ്ടി നീക്കിവെച്ചതും അതിനാലാണ്. ബഹുസ്വര സമൂഹങ്ങളില്‍ സകാത്ത് പ്രവര്‍ത്തങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ സകാത്ത് സംരംഭങ്ങള്‍ക്ക് വ്യക്തികളുടെ സകാത്ത് നിര്‍ണയത്തില്‍ ഇടപെടാന്‍ സാധ്യമല്ല. അതേസമയം ഓരോ സമയത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിശ്വാസികളുടെ സാമ്പത്തിക വളര്‍ച്ചയെ നിരീക്ഷിക്കുകയും അതിനനുസരിച്ച് ശതമാനം കണക്കാക്കി അവരെ അറിയിക്കുകയും ചെയ്യുക എന്നത് സകാത്ത് സംരംഭങ്ങള്‍ക്ക് ചെയ്യാവുന്നതേയുള്ളൂ.

         സമൂഹത്തിലെ വലിയ സമ്പന്നരെയും ഗള്‍ഫുകാരെയുമൊക്കെയാണ് സാധാരണ പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ സകാത്തിന് വേണ്ടി സമീപിക്കാറുള്ളത്. എന്നാല്‍ പുതിയ കാലത്ത് നിരവധി ന്യൂ ജനറേഷന്‍ സകാത്ത് ദായകര്‍ ഉണ്ട്. വലിയ പ്രഫഷണല്‍ കോഴ്‌സുകള്‍ നേടി ഉന്നത കമ്പനികളില്‍ ജോലി നേടിയോ സ്വന്തം സംരംഭങ്ങള്‍ നടത്തിയോ പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ആയിരക്കണക്കിന് വ്യക്തികളുണ്ട്. കണ്‍സല്‍ട്ടന്‍സികളിലൂടെ ഓരോ സര്‍വീസിനും  ലക്ഷങ്ങള്‍ സമ്പാദിക്കുന്ന പുതിയ തലമുറയെ സകാത്ത് സംരംഭങ്ങള്‍ പ്രത്യേകം ശ്രദ്ധ വെക്കണം. സ്ത്രീകളുടെ ആഭരണത്തിന്റെ സകാത്തിനെക്കുറിച്ച് മാത്രമാണ് പലപ്പോഴും ചര്‍ച്ച നടക്കാറുള്ളത്. എന്നാല്‍ വിദ്യാഭ്യാസ പുരോഗതിയിലൂടെ വലിയ ഉദ്യോഗ തലങ്ങളിലും മള്‍ട്ടി നാഷണല്‍ കമ്പനികളിലും പ്രഫഷണല്‍ തൊഴില്‍ മേഖലകളിലും എത്തിപ്പെടുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുകയാണ്. അതിനാല്‍ സകാത്ത് സംരംഭങ്ങള്‍ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖല കൂടിയാണിത്. റിയല്‍ എസ്‌റ്റേറ്റ് അടക്കമുള്ള വലിയ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടക്കുന്ന മേഖലകളില്‍ സകാത്തിനെക്കുറിച്ച് വ്യക്തികള്‍ കൂടുതല്‍ ബോധവാന്മാരാകുന്നുണ്ട്.

         സകാത്ത് സംഭരണത്തില്‍ ഓരോ വര്‍ഷത്തെയും സകാത്തിന്റെ തോത് വര്‍ധിപ്പിക്കുക എന്നതോടൊപ്പം തന്നെ ഓരോ പ്രദേശത്തെയും, സകാത്ത് നല്‍കാന്‍ ബാധ്യതപ്പെട്ട വ്യക്തികളെ കണ്ടെത്തി അവരില്‍ നിന്ന് സകാത്ത് നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ സജീവമാകണം. വലിയ സമ്പത്തുള്ളവരാണ് സകാത്ത് നല്‍കേണ്ടത് എന്ന പൊതുധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നതിനാല്‍ സകാത്ത് നിര്‍ബന്ധമാവുന്ന സാഹചര്യത്തെ മനസ്സിലാക്കാതെ അത് നല്‍കാതിരിക്കുന്ന നിരവധി വ്യക്തികളുണ്ട്. സംഘടിത സകാത്തിനോട്  വിമുഖതയുള്ളവരാണെങ്കില്‍ പോലും അവര്‍ക്ക് നിരന്തരമായി സകാത്തിന്റെ പുതിയ മേഖലയെക്കുറിച്ചും അവരുടെ സാമ്പത്തിക മേഖലയെ  മുന്‍നിര്‍ത്തിയും സന്ദേശം എത്തിക്കേണ്ടതുണ്ട്. അതിനാല്‍  കേവലം റമദാനിലെ രണ്ടോ മൂന്നോ ആഴ്ച മാത്രം നീണ്ടുനില്‍ക്കുന്ന ഒന്നാക്കി സകാത്ത് സംഭരണത്തെ ചുരുക്കാതിരിക്കാന്‍ സകാത്ത് സംരംഭങ്ങള്‍  ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും സാമ്പത്തിക സ്രോതസ്സുകളെയും വരുമാന മേഖലയെയും മുന്‍നിര്‍ത്തി സകാത്ത് കാല്‍കുലേറ്ററുകള്‍ വികസിപ്പിക്കാവുന്നതാണ്. പുതിയ തലമുറയിലെ സകാത്ത് ദായകരെ ലക്ഷ്യം വെച്ച് സോഷ്യല്‍ മീഡിയ അടക്കമുള്ള പുതിയ പ്രചാരണ രീതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.

സകാത്ത് വിതരണം

         സകാത്ത് അത് പിരിച്ചെടുക്കുന്ന പ്രദേശങ്ങളില്‍ മാത്രമേ വിതരണം ചെയ്യാവൂ, മറ്റൊരു പ്രദേശത്തോ രാജ്യത്തോ അത് വിതരണം ചെയ്യാന്‍ പാടില്ല  എന്ന പ്രചാരണം ഇന്ന് വ്യാപകമാണ്. ഒരു പ്രദേശത്ത് സകാത്തിനര്‍ഹരുണ്ടെങ്കില്‍ അത് അവിടെ തന്നെ വിതരണം ചെയ്യണം.  കേരളത്തില്‍ അതിപിന്നാക്കമായ തീരദേശത്തെയും മലയോര മേഖലകളിലെയും, നഗരങ്ങളോട് ചേര്‍ന്ന ചേരി പ്രദേശങ്ങളിലെയും ജീവിത സാഹചര്യം പരിതാപകരമാണെന്ന് നമുക്കറിയാം. ഇത്തരം പ്രദേശങ്ങളില്‍ നിലവില്‍ സകാത്ത് സംരംഭങ്ങള്‍ ഇല്ല. എന്നു മാത്രമല്ല അടുത്ത കാലത്തൊന്നും അതിനുള്ള സാധ്യതയും ഇല്ല. അതിനാല്‍ തന്നെ ഇത്തരം പിന്നാക്ക മേഖലകളുടെ പുരോഗതി മുന്‍നിര്‍ത്തി ദീര്‍ഘകാല പദ്ധതികള്‍ സകാത്ത് സംരംഭങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ബൈത്തുസ്സകാത്ത് കേരളയെ പോലുള്ള സംസ്ഥാന തല സകാത്ത് സംരംഭങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. നിലവില്‍ ബൈത്തുസ്സകാത്ത് കേരള മലയോര തീരപ്രദേശങ്ങളിലെ പിന്നാക്ക കോളനികളുടെ സുസ്ഥിര വികസനം ലക്ഷ്യം വെച്ച് പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. കോഴിക്കോട് വെള്ളയില്‍, വയനാട് പൊഴുതന, തെക്കന്‍ മാലിപ്പുറം, നിലമ്പൂര്‍ നാരോക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു.

         ഫകീര്‍, മിസ്‌കീന്‍, കടബാധ്യത തീര്‍ക്കല്‍ തുടങ്ങിയ മേഖലകളിലാണ് സാധാരണ പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ സകാത്ത് വിതരണം ചെയ്യുന്നത്. ആകെ ലഭിച്ച സകാത്ത് മൊത്തം ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അര്‍ഹത നോക്കി ഓരോ അപേക്ഷകന്റെയും ആവശ്യങ്ങള്‍ക്ക് എന്തെങ്കിലും നല്‍കുക എന്നതാണ് നിലവില്‍ ശരാശരി നിലവാരമുള്ള സകാത്ത് സംരംഭങ്ങള്‍ ചെയ്തുവരുന്നത്. അതിനാല്‍ തന്നെ സംഘടിത സകാത്തിലൂടെ എന്ത് പുരോഗതിയാണ് പ്രദേശത്തുണ്ടായത് എന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ സാധ്യമാവാത്ത അവസ്ഥയുണ്ട്. അതിനാല്‍ തന്നെ സകാത്ത് വിതരണത്തില്‍ വലിയ അഴിച്ചുപണി അനിവാര്യമാണ്. ധൈര്യപൂര്‍വം പുതിയ ചുവടു വെപ്പുകള്‍ക്ക് പ്രാദേശിക സംരംഭങ്ങള്‍ തയാറാകണം. നിലവില്‍ 10 ലക്ഷം രൂപ സകാത്തായി ശേഖരിച്ച് അത് ശരാശരി 100 പേര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. അതില്‍നിന്ന് മാറി ആ തുക വ്യക്തികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ചെലവഴിക്കേണ്ടതുണ്ട്. അപ്പോള്‍ 100 വ്യക്തികള്‍ക്ക് ലഭിച്ചിരുന്ന സഹായം 10ഓ 15ഓ വ്യക്തികളിലേക്ക് ചുരുങ്ങിയേക്കാം. അതേസമയം വ്യക്തികളെ സ്വയം പര്യാപ്തരാക്കുന്നതിലൂടെ സമൂഹത്തില്‍ വളര്‍ച്ചയുണ്ടാക്കാനും ഒരു ചെറിയ വിഭാഗത്തെയെങ്കിലും അടുത്ത വര്‍ഷം സകാത്ത് വാങ്ങുന്ന അവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനും സാധിക്കും.

         വ്യക്തികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതിന്  ബൈത്തുസ്സകാത്ത് കേരള വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. വ്യക്തിപരമായി സകാത്ത് നല്‍കുമ്പോള്‍ സകാത്തിന്റെ ഈ സുപ്രധാന ലക്ഷ്യം നിര്‍വഹിക്കപ്പെടുന്നില്ല. നിലവില്‍ ബൈത്തുസ്സകാത്ത് കേരളക്കും പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ക്കും സംയുക്തമായി വിജയകരമായ സകാത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ 264 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണ സഹായം, 1670 വീടുകളുടെ നിര്‍മാണത്തിന് ഭാഗിക സഹായം, 1078 വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠന സ്‌കോളര്‍ഷിപ്പ്, 2083 പേര്‍ക്ക് ചികിത്സ സഹായം, 1170 പേര്‍ക്ക് കടബാധ്യതയില്‍ നിന്ന് മോചനം, 823 വ്യക്തികള്‍ക്ക് തൊഴില്‍ പദ്ധതികള്‍, പിന്നാക്ക മേഖലകളില്‍ കുടിവെള്ള പദ്ധതികള്‍, നിരാലംബര്‍ക്ക് റേഷന്‍, പെന്‍ഷന്‍ തുടങ്ങിയവ ബൈത്തുസ്സകാത്ത് നിര്‍വഹിച്ചിട്ടുണ്ട്. 2000-ല്‍ 5 ലക്ഷം സകാത്ത് ശേഖരിച്ച് തുടങ്ങിയ സംരംഭം കഴിഞ്ഞ വര്‍ഷം ശേഖരിച്ചത് 3 കോടി 20 ലക്ഷം രൂപയാണ്. 

സംരംഭങ്ങള്‍

         സകാത്ത് ഓരോ വര്‍ഷവും ലഭ്യമാവുന്ന സാമ്പത്തിക വിഭവമാണ്. അതിനാല്‍ തന്നെ ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങളെ വിലയിരുത്തി  മുന്‍ഗണനാ ക്രമത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് പഞ്ചവത്സര പദ്ധതികള്‍ പോലെ 'പഞ്ചവത്സര  സകാത്ത് പദ്ധതികള്‍' ആവിഷ്‌കരിക്കവുന്നതാണ്. ഓരോ പ്രദേശത്തെയും ഏറ്റവും അടിയന്തര സ്വഭാവമുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നിശ്ചിത വര്‍ഷം കൊണ്ട് അത് പരിഹരിക്കാന്‍ ഏത് പ്രാദേശിക സംരംഭത്തിനും ഇതിലൂടെ സാധിക്കും. തൊഴില്‍, വിദ്യാഭ്യാസ മേഖലകളിലാണ് സകാത്ത് കൂടുതലായി ചെലവഴിക്കേണ്ടത്. വ്യക്തികളെ സ്വയം പര്യാപ്തരാകുന്നതിനു കൂടുതല്‍ സഹായകരമായ സമീപനം അതായിരിക്കും. തൊഴില്‍ മേഖലയിലെ സകാത്ത് പരിഗണിക്കുമ്പോള്‍ തീരെ അവശരായ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളോ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവര്‍ക്കുള്ള പദ്ധതികളോ മാത്രം പരിഗണിച്ചാല്‍ മതിയാവില്ല. പുതിയ കാലത്ത് സംഭവിച്ച സാമൂഹിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടണം. ബി.ടെക്, മെഡിക്കല്‍ കോഴ്‌സുകള്‍, പാരാ മെഡിക്കല്‍ കോഴ്‌സുകള്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍, ഡിഗ്രി, പി.ജി തുടങ്ങിയ ഉന്നത കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ പതിനായിരങ്ങള്‍ മതിയായ തൊഴിലില്ലാതെ കഷ്‌പ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നു. അതിനാല്‍ അത്തരം വിഭാഗങ്ങളെ കൂടി പരിഗണിച്ച് അവരുടെ യോഗ്യതക്കും കഴിവിനുമനുസൃതമായ തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു സകാത്ത് വിനിയോഗിക്കേണ്ടതുണ്ട്.

സകാത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍ 

         കേരളത്തിലെ സകാത്ത് പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുന്നതില്‍ പ്രഫഷണല്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സകാത്ത് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ അനിവാര്യമാണ്. പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും മികച്ച സംഘാടന ശേഷിയുള്ള, സുതാര്യമായ പ്രവര്‍ത്തനരീതി ആവിഷ്‌കരിക്കുന്ന പങ്കാളിത്ത സ്വഭാവമുള്ള സകാത്ത് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ വളര്‍ന്നു വരണം.

         സകാത്ത് പദ്ധതികളുടെ ആസൂത്രണം, പ്രദേശങ്ങളുടെ സര്‍വേ, പദ്ധതികളെക്കുറിച്ച ഫീസിബിലിറ്റി സ്റ്റഡി, അവലോകനം, ഗവേഷണം, സംസ്ഥാനത്തെ മൊത്തം മുന്നില്‍ കണ്ടുള്ള പ്ലാനിംഗ്, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ശാസ്ത്രീയമായ രീതിയില്‍ നിര്‍വഹിക്കപ്പെടണമെങ്കില്‍ സംസ്ഥാന തലത്തില്‍ വലിയൊരു സംവിധാനം അനിവാര്യമാണ്. ബൈത്തുസ്സകാത്ത് കേരള അത്തരത്തില്‍ വളര്‍ന്നു വികസിക്കുന്ന ഒരു സംസ്ഥാന സകാത്ത് സംരംഭമാണ്. കേരളത്തിലെ സകാത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ദിശ നിര്‍ണയിക്കുന്ന ഒരു മാതൃകാ സംരംഭമാവാന്‍ ബൈത്തുസ്സകാത്ത് കേരളക്ക് സാധിക്കും. സംഘടിതമായി സകാത്ത് ശേഖരിച്ച് വിതരണം ചെയ്താല്‍ അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന മാതൃകാ സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. ഭാവി കേരളത്തിന്റെ പുരോഗതിയെ വിലയിരുത്തുമ്പോള്‍ സകാത്ത് സംസ്ഥാനത്തിന്റെ പുരോഗതിയുടെ മുഖ്യഘടകമായിരുന്നു എന്ന് വിലയിരുത്താന്‍ സാധിക്കുന്ന രീതിയില്‍ സുശക്തമായ സകാത്ത് സംവിധാനങ്ങള്‍ അനിവാര്യമാണ്. അതിനു നേതൃത്വം നല്‍കാന്‍ ബൈത്തുസ്സകാത്ത് കേരളക്ക് സാധിക്കും. 

ബൈത്തുസ്സകാത്ത് കേരള


zakath-graph

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 112-113
എ.വൈ.ആര്‍