Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 6

വറുതിയുടെ നാളുകള്‍

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്‌

1939മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോക യുദ്ധകാലവും തുടര്‍ന്നുള്ള വര്‍ഷങ്ങളും കടുത്ത ദാരിദ്യ്രത്തിന്റെയും വറുതിയുടെയും നാളുകളായിരുന്നു. ഭക്ഷ്യധാന്യ വിളകളില്‍ സ്വയംപര്യാപ്തമല്ലാത്ത കേരളത്തില്‍ ക്ഷാമത്തിന്റെ രൂക്ഷത കടുത്തതായിരുന്നു. നേരത്തെ പറഞ്ഞ ദീനീസ്ഥാപനങ്ങളിലെ പട്ടിണിയും പ്രാരാബ്ധങ്ങളും ഈ ക്ഷാമകാലവുമായിട്ടുകൂടി ബന്ധപ്പെട്ടതാണ്. യുദ്ധം കാരണമായി അരി, ഗോതമ്പ് ഉള്‍പ്പെടെ മുഖ്യ ഭക്ഷ്യധാന്യങ്ങള്‍ക്കും മണ്ണെണ്ണ, പഞ്ചസാര പോലുള്ള അവശ്യ വസ്തുക്കള്‍ക്കും റേഷന്‍ സമ്പ്രദായമായിരുന്നു (അന്ന് വൈദ്യുതി ഉണ്ടായിരുന്നില്ല). തുറന്ന മാര്‍ക്കറ്റില്‍ ഇതൊന്നും വില്‍ക്കാനോ വാങ്ങാനോ പാടുണ്ടായിരുന്നില്ല. റേഷന്‍ കടകളിലൂടെ മാത്രമേ ഈ അവശ്യ വസ്തുക്കളുടെ വിതരണം നടന്നിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അതിന്റെ പാരമ്യതയിലായിരുന്നു. വാങ്ങാനോ താങ്ങാനോ കഴിയാത്ത വിലകൊടുത്താല്‍ ഇവയെല്ലാം കരിഞ്ചന്തയില്‍ ലഭിക്കും. പക്ഷേ, അതിനുള്ള കാശ് സംഘടിപ്പിക്കാന്‍ കഴിയുന്നവര്‍ അപൂര്‍വം. അതിനാല്‍ ബഹുഭൂരിപക്ഷം ജനങ്ങളും റേഷന്‍ സംവിധാനത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാണ്. ഒരാള്‍ക്ക് അനുവദിക്കപ്പെട്ട 6 ഔണ്‍സ് അരി വീട്ടിലെ കോഴിക്ക് പോലും മതിയാകുമായിരുന്നില്ല (കോഴി റേഷന്‍ എന്ന പ്രയോഗം അന്ന് പ്രചാരത്തിലുണ്ടായിരുന്നു). കരിഞ്ചന്തയിലാണെങ്കില്‍ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും അവശ്യവസ്തുക്കള്‍ അപ്രാപ്യമായിരുന്നു. നിര്‍ബാധം നടന്നുവന്ന കരിഞ്ചന്തക്ക് തടയിടുന്നതില്‍ ഭരണസംവിധാനവും പരാജയമായിരുന്നു.
പറഞ്ഞുകേട്ട കഥകളില്‍ ആ കാലഘട്ടത്തിന്റെ ചിത്രം തെളിഞ്ഞുകാണാം. കോളറയും വസൂരിയും മറ്റും ബാധിച്ച് മരണം സംഭവിക്കുന്ന കാലമായിരുന്നു അത്. 'എണ്ണമറ്റ ജീവിതങ്ങള്‍ കണ്ണിയറ്റു തെറിക്കുന്നു'- ഒരു പ്രസംഗത്തില്‍ പകര്‍ച്ചവ്യാധികള്‍ മൂലമുള്ള മരണത്തെക്കുറിച്ച് ഞാന്‍ പറഞ്ഞ ഈ വാചകം കുറ്റ്യാടിയിലെ എം. സൈനുദ്ദീന്‍ മാസ്റര്‍ പലപ്പോഴും ആവര്‍ത്തിക്കുമായിരുന്നു. ഇത്തരം ദുര്‍മരണങ്ങളില്‍ മയ്യിത്തിന്റെ കൂടെ ധാരാളം ആളുകള്‍ സംഘമായി പോകുന്ന പതിവുണ്ടായിരുന്നില്ല. പലപ്പോഴും രാത്രിയിലോ അസമയത്തോ ഏതാനും പേര്‍ ചേര്‍ന്നാണ് മയ്യിത്ത് ഖബ്റടക്കുക. അങ്ങനെ കൊണ്ടു പോകുന്ന മയ്യിത്തിനൊപ്പമുള്ള ബന്ധുക്കളായ കുറച്ചാളുകള്‍ 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന് ഭീതിപ്പെടുത്തുന്ന സ്വരത്തില്‍ ഉറക്കെ ചൊല്ലുമായിരുന്നു. എന്നാല്‍, ഇത്തരം ചില മയ്യിത്തുകട്ടിലുകളില്‍ മയ്യിത്തായിരുന്നില്ല, കരിഞ്ചന്ത പഞ്ചസാര ചാക്കായിരുന്നുവെന്ന് പില്‍ക്കാലത്താണ് മനസിലായത്. ബുദ്ധിമാനായ ഒരു പോലീസ് ഓഫീസര്‍ക്കുപോലും ഭീതിജനകമായ അന്തരീക്ഷത്തില്‍ മയ്യിത്തുകട്ടിലില്‍ പഞ്ചസാര ചാക്കാണെന്ന് ചിന്തിക്കാനാകുമായിരുന്നില്ല. 'പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍' എന്ന മട്ടില്‍ ചിലപ്പോള്‍ ഇതും പിടിക്കപ്പെട്ടിരിക്കാം.
ഉന്നം നിറച്ച കിടക്ക വില്‍ക്കുന്ന ചിലര്‍ അയല്‍ പ്രദേശങ്ങളിലേക്ക് കിടക്ക ചുമന്നു കൊണ്ടുപോകുമായിരുന്നു. ഇങ്ങനെ കൊണ്ടുപോകുന്ന കിടക്ക-തലയിണകളില്‍ നിറച്ചിരുന്നത് പലപ്പോഴും ഉന്നമായിരുന്നില്ല. കരിഞ്ചന്ത പഞ്ചസാരയോ അരിയോ ആയിരുന്നു. ഇത്തരം സംഭവങ്ങളില്‍നിന്ന് അന്നത്തെ ഭക്ഷ്യക്ഷാമത്തിന്റെ രൂക്ഷതയും കരിഞ്ചന്തയുടെയും പൂഴ്ത്തിവെപ്പിന്റെയും കാഠിന്യവും അളക്കാവുന്നതാണ്. പഞ്ചസാര ക്ഷാമത്തിന്റെ രൂക്ഷത മനസിലാക്കാവുന്ന ഒരു അനുഭവം എനിക്കുണ്ടായത് സൂചിപ്പിക്കാം. സഹോദരന്‍ കുഞ്ഞഹ്മദ്ക്കയുടെ ജ്യേഷ്ഠന്‍പുതിയാപ്ള വാഴക്കാട്ടെ എം.പി മാസ്റര്‍ എന്ന മുസ്ലിയാരകത്ത് പറമ്പില്‍ മുഹമ്മദ് മാസ്ററായിരുന്നു. ആദരണീയനായ അദ്ദേഹം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഇംഗ്ളീഷ് അധ്യാപകനായിരുന്നു. കുഞ്ഞഹ്മദ്ക്കാക്ക് രോഗമാണെന്നറിഞ്ഞ് എം.പി മാസ്റര്‍ വാഴക്കാടുനിന്ന് ആയഞ്ചേരിയില്‍ വരികയുണ്ടായി. ചാറ്റല്‍ മഴയുള്ള സന്ധ്യാസമയം. മഗ്രിബ് ബാങ്ക് കൊടുക്കുമ്പോഴാണ് അദ്ദേഹം വീട്ടില്‍ വന്നു കയറുന്നത്. അതിഥിയെ കണ്ടപ്പോള്‍ മനസില്‍ ഒരു തീക്കാളലായിരുന്നു. മറ്റൊന്നുമില്ലെങ്കിലും പഞ്ചസാരയിട്ട് ഒരു ചായ കൊടുക്കണമല്ലോ. എന്തുചെയ്യും? വീട്ടില്‍ പഞ്ചസാരയുടെ തരിപോലും ഇല്ലെന്ന് ഉറപ്പ്.
എം.പി മാസ്റര്‍ക്ക് മഗ്രിബ് നമസ്കരിക്കാന്‍ സൌകര്യം ചെയ്തുകൊടുത്തു. വുദു ചെയ്ത് അദ്ദേഹം പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നപ്പോള്‍ ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. അയല്‍പക്കത്തെ കളയുംകളത്ത് കുഞ്ഞമ്മദ്ക്കയുടെ വീട്ടിലേക്കു ചെന്നു. റേഷന്‍ കടയുടെ തൊട്ടടുത്ത പീടിക അദ്ദേഹത്തിന്റേതായിരുന്നു. വീട്ടില്‍ പഞ്ചസാര ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കടതുറപ്പിച്ചാല്‍ ഒരു ചായക്കുള്ളതെങ്കിലും കിട്ടും എന്ന വിശ്വാസത്തോടെയാണ് ചെന്നത്. "ഇവിടെ ഒരു തരി പഞ്ചസാരയുമില്ലല്ലോ. കടയില്‍ ചെന്നിട്ടും ഒരു കാര്യവുമില്ല'' - നിരാശപ്പെടുത്തുന്നതായിരുന്നു മറുപടി. ഞാന്‍ വിട്ടില്ല. പീടിക തുറന്നു നോക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. വലിയ താക്കോലുമെടുത്ത് കുഞ്ഞമ്മദ്ക്കാ പുറപ്പെട്ടു. കടതുറന്ന് ഒരുപാട് ഭരണികള്‍ പരിശോധിച്ചു. ഒന്നില്‍നിന്ന് ക്ളാവ് പിടിച്ച അല്‍പം പഞ്ചസാര കിട്ടി. അതൊരു കടലാസില്‍ പൊതിഞ്ഞ്, ഞാന്‍ വീട്ടിലേക്കോടി. ഈ പഞ്ചസാരയിട്ടാണ് മുഖ്യാതിഥിക്ക് ചായ കൊടുത്തത്. അതിന്റെ മനസാക്ഷിക്കുത്ത് ഇന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നു. ക്ളാവ് പിടിച്ച പഞ്ചസാരയിട്ട് ചായ കൊടുത്തതാണോ ശരി, മധുരമില്ലാത്ത ചായയായിരുന്നോ കൊടുക്കേണ്ടിയിരുന്നത്? മറുപടി ഇന്നും എന്നെ അലോസരപ്പെടുത്തുന്നു!
റമദാന്‍ മാസത്തിലെ ഒരു സന്ധ്യ. വീട്ടിലേക്കുള്ള കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. മഗ്രിബ് ബാങ്കിനു മിനുറ്റുകള്‍ മാത്രമേയുള്ളൂ. അപ്പോഴുണ്ട്, സുഹൃത്ത് വടക്കയില്‍ നൂറുദ്ദീന്‍ മൌലവി വരുന്നു. കണ്ടാലറിയാം, എന്റെവീട്ടില്‍ നോമ്പുതുറക്കാനാണ് അദ്ദേഹം വരുന്നതെന്ന്. കയറി വരുമ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു: "ഇന്ന് അടുത്തുള്ള അമ്മദിന്റെ വീട്ടില്‍ നോമ്പ് തുറക്കാം.'' യാതൊരു പ്രയാസവുമില്ലാതെ അദ്ദേഹം അവിടേക്ക് പോയി. അന്ന് വീട്ടില്‍ നോമ്പുതുറക്കാനുണ്ടാക്കിയ 'വിഭവം' അദ്ദേഹത്തെ കാണിക്കാന്‍ പറ്റുന്നതായിരുന്നില്ല. തല്‍ക്കാലം വിശപ്പടക്കാന്‍ എന്തോ ഒന്ന് ഉണ്ടാക്കിയിട്ടുണ്ട്, അതു പക്ഷേ ഒരു അതിഥിക്ക് കൊടുക്കാനോ, കാണിക്കാനോ ലജ്ജ അനുവദിക്കുമായിരുന്നില്ല. ഇതൊക്കെയായിരുന്നു അക്കാലത്തെ അവസ്ഥ.
വെറും പാവങ്ങള്‍ക്കുമാത്രം ബാധകമായിരുന്നില്ല ഈ ക്ഷാമം. പാവപ്പെട്ടവരില്‍ ഭേദപ്പെട്ടവരെയും ഇടത്തരക്കാരില്‍ നടുത്തരക്കാരെയും ക്ഷാമം വലിയതോതില്‍ പ്രയാസപ്പെടുത്തിയിരുന്നു.
വാപ്പ മരിച്ചശേഷം, ജ്യേഷ്ഠന്റെ രോഗത്തെ തുടര്‍ന്ന് ഞാന്‍ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നു. സാമാന്യം ഭേദപ്പെട്ട ഇടത്തരക്കാരായാണ് ഞങ്ങളെ നാട്ടുകാര്‍ ഗണിച്ചിരുന്നത്. അത് ഏതാണ്ട് ശരിയുമായിരുന്നു. ഏഴെട്ടു പേരടങ്ങിയ ഞങ്ങളുടെ കുടുംബത്തിന് ആറ് ഏക്കര്‍ തെങ്ങ് കൃഷിയാണുണ്ടായിരുന്നത്. വേണ്ടവിധം നോക്കി നടത്താന്‍ പറ്റാതിരുന്നതുകൊണ്ട് വലിയ വരുമാനമൊന്നും അതില്‍നിന്ന് കിട്ടിയിരുന്നില്ലെങ്കിലും ഒരുവിധത്തില്‍ കഴിഞ്ഞുപോകാന്‍ അത് മതി. മറ്റു വരുമാനമൊന്നും ഇല്ല. എങ്കിലും നാട്ടുകാരുടെ ദൃഷ്ടിയില്‍ ആറ് ഏക്കര്‍ ഭൂമിയുള്ള ഭേദപ്പെട്ട കുടുംബം. അങ്ങനെയുള്ള ഞങ്ങള്‍ക്കു പോലും കരിഞ്ചന്തയില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പ്രയാസമായിരുന്നു. അപ്പോള്‍ പിന്നെ താഴെയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ.
റേഷന്‍ അരി നഷ്ടപ്പെടുകയെന്നത് സങ്കല്‍പിക്കാനാകുമായിരുന്നില്ല. ആഴ്ചയുടെ അവസാന ദിവസം എങ്ങനെയെങ്കിലും കാശ് ഒപ്പിച്ചെടുത്ത് റേഷന്‍ വാങ്ങാന്‍ തിരക്ക് കൂട്ടുന്ന സംഘത്തില്‍ ഞാനുമുണ്ടാകുമായിരുന്നു. ഓര്‍മപ്രകാരം ആഴ്ചയില്‍ ഞങ്ങളുടെ റേഷന് അന്ന് ഏകദേശം 8 രൂപയായിരുന്നു വില. 60-65 വര്‍ഷങ്ങള്‍ക്കു മുമ്പ് 8 രൂപ ചെറിയ സംഖ്യയല്ല. പല ആഴ്ചകളിലും പലര്‍ക്കും ഇത്രയും രൂപ ഒത്തു കിട്ടില്ല. ആരോട് ചോദിച്ചാലാണ് മുട്ടുവായ്പയായി സംഖ്യ കിട്ടുക എന്ന ചിന്തയാണ് പലരെയും അസ്വസ്ഥരാക്കുക. എല്ലാവര്‍ക്കും പൈസ ഒത്തുകിട്ടുക അസംഭവ്യം തന്നെ. അതിനുള്ള ഒരു പരിഹാരം, റേഷന്‍ കടക്കാരന്റെ കനിവ് യാചിച്ചുകൊണ്ട്, ശനിയാഴ്ച അരിവാങ്ങിയതായി രേഖപ്പെടുത്തി, അളന്നെടുത്ത്, റേഷന്‍ കടക്കാരന്റെ തന്നെ സ്വാധീനത്തിലുള്ള അടുത്ത കടയില്‍ സൂക്ഷിക്കുക എന്നതായിരുന്നു. റേഷന്‍ ഷാപ്പുകാരനെ സംബന്ധിച്ചേടത്തോളം വളരെ അപകടസാധ്യതയുള്ള  ഒരു ഔദാര്യമായിരുന്നു ഇത്. ആരെങ്കിലുമൊരാള്‍ ഒറ്റുകൊടുത്ത് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് വന്ന് പരിശോധിച്ചാല്‍ റേഷനരി മോഷണം നടത്തി പീടികയില്‍ സൂക്ഷിച്ചു എന്ന ക്രിമിനല്‍ കുറ്റത്തിന് വിചാരണ നേരിടേണ്ടി വരും. ഈ റിസ്ക് എടുക്കാന്‍ കച്ചവടക്കാരന്‍ വല്ലാതെ മടിക്കും. ചിലപ്പോഴൊക്കെ ദയതോന്നി സമ്മതിച്ചെന്ന് വരും. അടുത്ത ദിവസം പത്തു മണിക്കു മുമ്പെങ്കിലും കാശ് നല്‍കി ഉടമസ്ഥന്‍ അരി കൊണ്ടുപോകണം. ഈ നിലയില്‍, ഒരാഴ്ചയിലെ റേഷന്‍ വാങ്ങാന്‍ മുന്‍ ആഴ്ച മുതലേ ചിന്തിച്ചും ശ്രമിച്ചും ഇരിക്കണമെന്നതായിരുന്നു ഏതാണ്ടെല്ലാ വീട്ടുകാരുടെയും അവസ്ഥ. ഞങ്ങളുടെ പ്രദേശത്ത് അധികവീടുകളിലും ദിവസം ഒരുനേരം മാത്രമേ അരിഭക്ഷണം ഉണ്ടാക്കുമായിരുന്നുള്ളൂ. അതുതന്നെ അരവയറിനു മാത്രം. അതോടൊപ്പം പറമ്പില്‍ കൃഷി ചെയ്യുന്ന ചേമ്പ്, ചേന, പച്ചക്കായ തുടങ്ങിയവയുടെ പുഴുക്ക് ഉണ്ടാകും. അത് തിന്നു കഴിഞ്ഞാണ് പരിമിതമായ റേഷന്‍ ചോറ് കൊണ്ട് വിശപ്പടക്കുന്നത്.
അരി, ഗോതമ്പ് എന്നീ ഭക്ഷ്യധാന്യങ്ങള്‍ രണ്ടിലൊരു വഴിയിലൂടെ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. റേഷന്‍ കട അല്ലെങ്കില്‍ കരിഞ്ചന്ത. പഞ്ചസാര, മണ്ണെണ്ണ എന്നീ അവശ്യവസ്തുക്കളും അപ്രകാരം തന്നെ. അതുകൊണ്ട് റേഷന്‍ കടകള്‍ സാര്‍വത്രികവും സമ്പൂര്‍ണവുമായിരുന്നു. കോഴിക്ക് പോലും തികയാത്ത ആറ് ഔണ്‍സ് ഭക്ഷ്യധാന്യമാണ് ഒരാള്‍ക്ക് നിശ്ചയിച്ചിരുന്നതെന്ന് സൂചിപ്പിച്ചുവല്ലോ. പച്ചരിവേണോ, നെല്ല് വേണോ, പുഴുങ്ങല്‍ അരിവേണോ എന്നെല്ലാം, റേഷന്‍ സമ്പ്രദായം ആരംഭിക്കുന്ന സന്ദര്‍ഭത്തില്‍ പൂരിപ്പിച്ചു കൊടുക്കേണ്ട ഫോമില്‍ ചോദിച്ചിരുന്നു. ഫലത്തില്‍ കിട്ടി വന്നത് പുഴു, കല്ല്, അരി = പുഴുങ്ങല്ലരി എന്ന സാധനമായിരുന്നു.
അഴിമതി നിറഞ്ഞതാണെങ്കിലും റേഷന്‍ സംവിധാനം നടപ്പിലാക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് കെ. കേളപ്പനും മറ്റും വലിയ പങ്കുണ്ടായിരുന്നു. പിന്നീട് സംഭവിക്കാവുന്ന അഴിമതിയെയും മറ്റും സൂചിപ്പിച്ചുകൊണ്ട് അക്കാലത്തെ ഹാസ്യനടന്‍ വളാഞ്ചേരി കുട്ടികൃഷ്ണന്‍ നായര്‍ പരിഹസിച്ച് പാടിയതായി ഓര്‍ക്കുന്നു:
"നന്നായാല്‍ നാട്ടിന് നന്ന്
അല്ലെങ്കില്‍ കേളപ്പന്ന്''
ഈ വരികളില്‍ നിന്ന് അന്നത്തെ റേഷന്‍ സമ്പ്രദായത്തെക്കുറിച്ച് മനസിലാക്കാവുന്നതാണ്.
റേഷനില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വില എത്രകൂടിയാലും അത്യാവശ്യക്കാര്‍ക്ക് കരിഞ്ചന്തയെ ആശ്രയിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് മയ്യിത്ത് കട്ടിലില്‍ പഞ്ചസാര ചാക്കു കൊണ്ടുവന്ന കഥയും മറ്റും ഉണ്ടായത്.
"പാതിരാവില്‍ കരിഞ്ചന്ത ലോറി
പാതവക്കത്ത് വന്നുനിന്നു...''
എന്ന് തുടങ്ങുന്ന പാട്ടുകളൊക്കെ അന്നത്തെ കരിഞ്ചന്തയെ സൂചിപ്പിക്കുന്നതാണ്. കൈയില്‍ കാശില്ലാത്തവര്‍ക്ക് ഈ കരിഞ്ചന്തയും കൈയെത്താദൂരങ്ങളിലായിരുന്നു.
സാമാന്യം നെല്‍കൃഷിയുള്ളവര്‍ക്ക് ഭക്ഷണകാര്യത്തില്‍ ചെറിയൊരു ആശ്വാസമുണ്ടായിരുന്നു. എന്നാല്‍, അവര്‍ക്ക് ലെവി സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നു. വിളവ് കാലത്ത് കൃഷിക്കാരന്റെ ധാന്യം മതിച്ചു കണക്കാക്കി മിച്ചം വരുന്നത് സര്‍ക്കാരിലേക്ക് എടുക്കും. 'മിച്ചം' കണക്കാക്കുന്നത് അംശം അധികാരിയും മേനവനുമാണ്. അതുകൊണ്ട് തന്നെ അംശം ഉദ്യോഗസ്ഥര്‍ക്ക് വലിയ സ്വാധീനമായിരുന്നു. നെല്ലിന്റെ അളവ് നിശ്ചയിക്കുന്നതില്‍ വലിയ അഴിമതിയും കള്ളത്തരവും നടക്കുമെന്നത് കട്ടായം. നെല്ലുള്ളോരും ഇല്ലാത്തോരും തമ്മില്‍ കുസൃതിപ്പാട്ടുകളും പ്രചാരത്തിലുണ്ടായിരുന്നു. ".......... ഇല്ലാത്തോരേ, നിങ്ങള്‍ക്കെന്തിന്നസൂയ നമ്മില്‍......'' എന്ന നെല്ലുള്ളോരുടെ പാട്ടില്‍നിന്ന്, ഇല്ലാത്തോരുടെ അസൂയപ്പാട്ടും വായിച്ചെടുക്കാം.
ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ റേഷന്‍ കടകളില്‍നിന്ന് രണ്ട് റാത്തല്‍ (ഏകദേശം ഒരു കിലോ) പഞ്ചസാര കിട്ടുമായിരുന്നു. വീട്ടില്‍ പനിപിടിച്ച് കിടക്കുന്ന കുട്ടിക്ക് മധുരമുള്ള ഒരു ചായകൊടുക്കാമെന്ന കൊതിയോടെയാണ് അമ്മമാര്‍ അതിന് വേണ്ടി കാത്തിരിക്കുക. റേഷന്‍ കടയില്‍ ചെന്നാല്‍ ആ പഞ്ചസാരയും മറ്റൊരു തട്ടിപ്പിന് ഇരയായിട്ടുണ്ടാകും. അംശം ഉദ്യോഗസ്ഥരുടെ വീട്ടിലെ കല്യാണത്തിനോ ആഘോഷത്തിനോ വേണ്ടി എല്ലാവരുടെയും പഞ്ചസാര ആവശ്യപ്പെട്ടിരിക്കും. 'ഒരാള്‍ക്ക് ഒരു കിലോയല്ലേ നഷ്ടമാകുന്നുള്ളൂ, അധികാരിക്ക്/മേനവന് ഒരു കല്യാണം നടന്നുകിട്ടുമല്ലോ'- ഇതായിരുന്നു ആ തട്ടിപ്പിന്റെ തത്ത്വശാസ്ത്രം. അതുകൊണ്ട്, രണ്ടുമാസത്തിലൊരിക്കല്‍ ഒരു കിലോ പഞ്ചസാര എന്ന പ്രതീക്ഷ പോലും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഫലത്തില്‍ ഉണ്ടായിരുന്നില്ല.
കുട്ടനാട്, പാലക്കാട് മുതലായ കേരളത്തിന്റെ നെല്ലറകള്‍ മാത്രമായിരിക്കണം ഭക്ഷ്യക്ഷാമം കാര്യമായി ബാധിക്കാത്ത പ്രദേശങ്ങള്‍. മറ്റു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്കും ആശ്വാസമുണ്ടാകാം. കാശിന് അന്ന് പൊതുവെത്തന്നെ പഞ്ഞമായിരുന്നു. 60 രൂപക്ക് രണ്ട് പ്ളാവ് വിറ്റത് ഇപ്പോഴും മറന്നിട്ടില്ല. അറുപത് രൂപ അന്ന് മോശമായ സംഖ്യ ആയിരുന്നില്ലെങ്കിലും രണ്ട് പ്ളാവിന് 60 രൂപ ഒരു വിലയേ അല്ല. കെടുവിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതമാകുന്ന വറുതിയുടെ കാലമായിരുന്നു അത്. ഇടത്തരക്കാരില്‍ പലരും വീട്ടുപകരണങ്ങള്‍ വിറ്റ് കാശുണ്ടാക്കേണ്ട അവസ്ഥയിലായിരുന്നു. ഇന്ന് ഓര്‍മിക്കുമ്പോള്‍ ചിരിയോ കരച്ചിലോ വരുന്ന ചില പണമിടപാടുകള്‍ അന്നു നടത്തിയിരുന്നു. പുതിയാപ്ളയുടെ റൂമില്‍ 'ഇലത്തട്ട്, കോളാമ്പി' തുടങ്ങിയ ചില ഓട്ടുപാത്രങ്ങള്‍ ഉണ്ടാകും. ഞങ്ങളുടെ വീട്ടിലും ഇലത്തട്ടും കോളാമ്പിയുമുണ്ടായിരുന്നു. രണ്ടുംകൂടി ഒരു ക്വിന്റലില്‍ കുറയില്ല. ആ ഓട്ടുപാത്രങ്ങള്‍ വറുതിയുടെ അക്കാലത്ത് വെറും പന്ത്രണ്ടുരൂപക്ക് ഞങ്ങള്‍ വിറ്റത് ഇപ്പോഴും ഓര്‍ക്കുന്നു. അതിലേറെ പണം തന്ന് വാങ്ങാന്‍ ഇടപാടുകാരന്‍ തയാറായിരുന്നില്ല. ഞങ്ങള്‍ക്കാകട്ടെ വില്‍ക്കാതെ നിവൃത്തിയും ഇല്ല. കൂട്ടത്തില്‍ പറയട്ടെ: ഞങ്ങളുടെ ഒരു പറമ്പില്‍ വലിയൊരു പ്ളാവ് നില്‍പുണ്ടായിരുന്നു. പിടിച്ചാല്‍ പിടിയെത്താത്തവണ്ണം. ഒറ്റത്തടിയില്‍ 'മാനം മുട്ടുന്ന' ഉയരം. അത് ജന്മി മൂപ്പിലാന് വേണം. അങ്ങോരുടെ വീട്ടുപണിക്ക് അതറുത്ത് കൊണ്ടു പോയി..... ഇത് മനസ്സിലിരിക്കെയാണ് ഞാന്‍ ചങ്ങമ്പുഴയുടെ 'വാഴക്കുല' വായിച്ചത് - "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ, നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍!''
ഈ സാഹചര്യം മറ്റെന്തിനെക്കാളും സഹായകമായത് കമ്യൂണിസത്തിന്റെ വളര്‍ച്ചക്കാണ്. അതുകൊണ്ടാണ് ഞങ്ങളുടെ പ്രദേശങ്ങളില്‍ ഒരു പച്ചില ചെടിക്ക് 'കമ്യൂണിസ്റ് അപ്പ' എന്ന പേരുവന്നത്. ചില പ്രദേശങ്ങളില്‍ കമ്യൂണിസ്റ് പച്ച എന്നും പറയും. എത്ര നശിപ്പിച്ചാലും വ്യാപകമായി വളരുന്ന ചെടിയാണത്. അങ്ങനെ അടിച്ചുകയറുന്ന അവസ്ഥയിലായിരുന്നു അന്ന് കമ്യൂണിസ്റ് പ്രസ്ഥാനം. അന്നത്തെ കമ്യൂണിസം, തീവ്രതയിലും ആദര്‍ശനിഷ്ഠയിലും ജനകീയ മുന്നേറ്റത്തിലും ശക്തമായ അവസ്ഥയിലായിരുന്നു. കമ്യൂണിസ്റുകാര്‍ ദൈവനിഷേധികളാണെന്ന വിമര്‍ശം കൊണ്ടു മാത്രമേ വിരോധികള്‍ക്ക് അവരെ നേരിടാന്‍ കഴിയുമായിരുന്നുള്ളൂ. എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ട പ്രതിപക്ഷം ദൈവനിഷേധം എന്ന ഒരേയൊരു പോയന്റില്‍ പിടിച്ചാണ് വിശ്വാസികള്‍ക്കിടയില്‍ കമ്യൂണിസത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കാറുള്ളത്. "കമ്യൂണിസ്റുകാരന്‍ ഇല്ലെന്നു പറഞ്ഞാല്‍ ദൈവം ഇല്ലാതാകുമോ? മതക്കാരുടെ, കോണ്‍ഗ്രസുകാരുടെ ദൈവം തുമ്മുമ്പോള്‍ തെറിക്കുന്ന മൂക്കാണോ? ദൈവമുണ്ടെങ്കില്‍ അവന്‍ അവിടെത്തന്നെ കാണും'' - സാധാരണക്കാര്‍ക്കു വേണ്ടി കമ്യൂണിസ്റുകാര്‍ പറഞ്ഞ മറുപടി ഇങ്ങനെയൊക്കെയായിരുന്നു. ഇത്തരം ലളിത സൂത്രങ്ങള്‍ പറഞ്ഞ് ആളെ ചിരിപ്പിച്ച് വിമര്‍ശകരെ കൊച്ചാക്കലായിരുന്നു കമ്യൂണിസ്റുകാരന്റെ വിദ്യ. ദൈവാസ്തിക്യം നിഷേധിക്കുന്ന സൈദ്ധാന്തിക ന്യായങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നില്ല സാധാരണക്കാര്‍ക്കു മുമ്പില്‍ കമ്യൂണിസ്റുകാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. "ദൈവം ഉണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ, അതു നമ്മുടെ ഇപ്പോഴത്തെ വിഷയമല്ല. പട്ടിണിയാണ് നമ്മുടെ പ്രശ്നം, അരിയാണ് നമ്മുടെ ആവശ്യം. ഇതാണ് കമ്യൂണിസം പറയുന്നത്.'' മാര്‍ക്സിസ്റു പ്രസംഗകര്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. സാധാരണക്കാര്‍ക്ക് ഇതെളുപ്പം ബോധ്യപ്പെടുമായിരുന്നു.
സത്യത്തില്‍ ചിലര്‍ക്കെങ്കിലും അക്കാലത്ത് പിണ്ണാക്ക് തിന്നേണ്ടി വന്നിട്ടുണ്ട്. അത് മുന്‍നിറുത്തി,
"ഇന്നാട്ടില്‍ പാലൊഴുക്കും
ഇന്നാട്ടില്‍ തേനൊഴുക്കും
എന്നൊക്കെ പറഞ്ഞിട്ട്
പിണ്ണാക്ക് തീറ്റിയ നേതാവേ''
എന്ന ശൈലിയിലായിരുന്നു മാര്‍ക്സിസ്റുകാര്‍ കോണ്‍ഗ്രസുകാരെ വിമര്‍ശിച്ചിരുന്നത്.
"അരിയെവിടെ
തുണിയെവിടെ
പണിയെവിടെ?
പറയൂ, പറയൂ കോങ്കറസ്സേ''
ഈ മുദ്രാവാക്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് ഭരണ കക്ഷിയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉദ്യോഗസ്ഥരും സ്വാതന്ത്യ്രാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസും ഈ വിഷയത്തില്‍ പ്രതികൂട്ടിലായിരുന്നു. കമ്യൂണിസ്റുകാരന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പക്ഷം ചേര്‍ന്നു എന്ന വിമര്‍ശവും കോണ്‍ഗ്രസ് ഉയര്‍ത്താതിരുന്നില്ല. കമ്യൂണിസ്റുകാരന്റെ ദേശക്കൂറില്ലായ്മക്ക് തെളിവായി അക്കാലത്ത് കോണ്‍ഗ്രസ് യോഗങ്ങളില്‍ ഉദ്ധരിച്ചുകേട്ട ഒരു പാട്ട് ഇങ്ങനെ:
"നാണി പിറന്നോരു നാട്ടിലിന്ന്
നാണം മറക്കാന്‍ തുണിയില്ലോലും
സോവിയറ്റെന്നൊരു നാടുണ്ടോലും 
അവിടെങ്ങാനെത്തേങ്കില് നന്നായേനും''
ഇതൊന്നും പക്ഷേ, പട്ടിണിക്ക് മുമ്പില്‍ വല്ലാതെ ഏശിയില്ല. ഏതായിരുന്നാലും അക്കാലത്തെ കമ്യൂണിസ്റ് മുന്നേറ്റം കണ്ടാല്‍ രാജ്യം കമ്യൂണിസത്തിന് അടിപ്പെടാന്‍ അധികം സമയമില്ല എന്ന് തോന്നിപ്പോകുമായിരുന്നു. അതുകൊണ്ടുതന്നെ, മതവിശ്വാസികളുടെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തന്നെയും ഒന്നാമത്തെ പ്രതിരോധം കമ്യൂണിസത്തിനെതിരെയായിരിക്കുക സ്വാഭാവികം. മുന്നേറുന്ന കക്ഷിയെ തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ എതിര്‍പ്പെങ്കിലും, മുതലാളിത്തത്തിന്റെ ഭാഗം ചേര്‍ന്നു എന്ന നിലക്കായിരുന്നു കമ്യൂണിസ്റുകാര്‍ ഇതിനെ വ്യാഖ്യാനിച്ചത്.
പിന്‍കുറി: ജ്യേഷ്ഠന്റെ രോഗകാരണത്താല്‍ പെട്ടെന്ന് കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍, സത്യത്തില്‍ അതൊരു പരീക്ഷണം തന്നെയായിരുന്നു. ഇളക്കിയാല്‍ ഇളകുന്നതെല്ലാം വിറ്റുപോയിരിക്കുന്നു. ഉമ്മയുടെ കൈയിലെ അവസാനത്തെ സ്വര്‍ണ വളയും വിറ്റു പോയി. ലക്ഷണമൊത്ത കറവപ്പശുവും പോയി. ചികിത്സക്ക് കാശുവേണം. എന്തു ചെയ്യും. കത്തെഴുതുക തന്നെ. ആര്‍ക്ക്? പ്രസ്ഥാന നേതാക്കളിലെ 'പണക്കാരനായ' കെ.സിക്കു തന്നെ! അതൊരു കത്തായിരുന്നില്ല. ഒരു പ്രബന്ധമായിരുന്നു. തീസിസ്സായിരുന്നു. ലോക മുതലാളിത്തത്തില്‍ തുടങ്ങി, ദേശീയ ബൂര്‍ഷ്വാസിയിലൂടെ വളര്‍ന്ന്, നാടന്‍ ജന്മി മുതലാളി മൂരാച്ചിയെ കശക്കിയെറിഞ്ഞ തീസിസ്. എല്ലാം എന്തിനുവേണ്ടി? കെ.സി അടിയന്തരമായി അമ്പത് രൂപ വായ്പയായി എത്തിക്കണം! ഇത്രേ ഉള്ളൂ. ഇപ്പോള്‍ ആലോചിക്കുംതോറും ചിരിയും ലജ്ജയും തോന്നുന്നു. നിങ്ങള്‍ക്കും ചിരിവരാം. പക്ഷേ, അക്കാലത്ത് 50 രൂപ അത്രയൊന്നും ചെറുതല്ലെന്നറിയേണ്ടതാണ്. അന്ന് 13 രൂപക്ക് ഞാന്‍ ഒരു ആടിനെ വാങ്ങിയതോര്‍ക്കുന്നു.
(തുടരും)

Comments