Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 6

വില്‍പനയും പരസ്യത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും

എം.വി മുഹമ്മദ് സലീം

വില്‍പന വസ്തുവിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ് വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ് പരസ്യം കൊണ്ടുദ്ദേശിക്കുന്നത്. പറയുന്ന വിശേഷണങ്ങളത്രയും സത്യസന്ധവും വസ്തുതാപരവുമാണെങ്കില്‍ ഉപഭോക്താവിന് ഉല്‍പന്നം പരിചയപ്പെടുത്തുക മാത്രമേ പരസ്യം ചെയ്യുന്നുള്ളൂ. ഉല്‍പന്നത്തെക്കുറിച്ച് ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ വിശദീകരിക്കുക, ഉപയോഗക്രമം ചിത്രീകരിക്കുക തുടങ്ങിയ അവശ്യകാര്യങ്ങളാണ് ഈ പരസ്യങ്ങളിലൂടെ സാധിക്കുന്നത്. ഇങ്ങനെയുള്ള പരസ്യം ഇസ്‌ലാം അനുവദിച്ചിരിക്കുന്നു.
മനുഷ്യന് പ്രയോജനകരമായതെല്ലാം അനുവദിക്കുകയും ഉപദ്രവകരമായതെല്ലാം നിരോധിക്കുകയുമാണ് ഇസ്‌ലാം. ആധുനിക കമ്പോളങ്ങളുടെ സ്വഭാവം പരസ്യവും പ്രചാരണവും അനിവാര്യമാക്കുന്നു. ഒരേ ഇനത്തില്‍ അനേകം ഉല്‍പന്നങ്ങള്‍ നിരന്നുനില്‍ക്കുമ്പോള്‍ ഏതു വാങ്ങണമെന്നറിയാതെ അന്ധാളിച്ചുനില്‍ക്കാതെ ഏറ്റവും പറ്റിയത് കണ്ടെത്താന്‍ പരസ്യം സഹായിക്കും. ഇതുവഴി സമയവും സമ്പത്തും ലാഭിക്കാം.
ഉല്‍പന്നങ്ങളുടെ ഗുണനിലവാരമുയര്‍ത്തി മാര്‍ക്കറ്റില്‍ മത്സരിക്കാന്‍ ഉല്‍പാദകര്‍ക്ക് പരസ്യം ഒരു പ്രേരണയാണ്. ഉല്‍പാദനം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. രണ്ടും ഉപഭോക്താവിന് ഗുണകരമാണ്. ആവശ്യമുള്ള ഉല്‍പന്നം ലഭിക്കുന്ന സ്ഥലവും ഉല്‍പാദനം ഉപഭോക്താവിന് പരിചിതമാവാനും പരസ്യം സഹായിക്കുന്നു. ആവശ്യമനുസരിച്ച് മാര്‍ക്കറ്റിലില്ലാത്ത ഉല്‍പന്നങ്ങള്‍ കണ്ടെത്തി വാങ്ങാന്‍ ഇതുവഴി സാധിക്കുന്നു.
പരസ്യം ഒരു പഴയ വിപണന രീതിയാണ്. പണ്ടുകാലത്ത് ഉല്‍പന്നങ്ങളുടെ ഗുണഗണങ്ങള്‍, വില മുതലായവ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ദല്ലാളന്മാരെ നിശ്ചയിച്ചിരുന്നു. ഉപഭോക്താവിന് വേണ്ട വസ്തുക്കള്‍ വേഗം കണ്ടെത്താന്‍ സഹായിക്കുന്നതോടൊപ്പം വിശദീകരണം ചോദിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഒരാള്‍ക്ക് ജോലി ലഭിക്കുന്നു എന്നതും ഇതിന്റെ പ്രയോജനത്തില്‍ എണ്ണേണ്ടതാണ്. ഇതിന്റെ വെളിച്ചത്തില്‍ പൂര്‍വിക പണ്ഡിതന്മാര്‍ ഈ രീതി അനുവദനീയമാണെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു. കച്ചവട വസ്തുക്കളുടെ ഗുണമേന്മകള്‍ വര്‍ണിക്കുന്നത് തത്ത്വത്തില്‍ അംഗീകരിക്കപ്പെട്ടതാണ്.
എന്നാല്‍, പരസ്യം അതിശയോക്തിയോ അവാസ്തവ പ്രസ്താവനയോ ആകുമ്പോള്‍ അതൊരു ജനദ്രോഹ പരിപാടിയാണ്. ഉല്‍പന്നത്തെക്കുറിച്ച് വാസ്തവ വിരുദ്ധമായ വിവരണം നല്‍കുന്നത് കള്ളം പറയുന്നതിന് തുല്യമാണ്. കള്ളം പറഞ്ഞ് ഒരു ഉല്‍പന്നം വില്‍ക്കുമ്പോള്‍ വാങ്ങുന്ന നിരപരാധി ദ്രോഹിക്കപ്പെടുന്നു. ഇത്തരം പരസ്യങ്ങള്‍ നിഷിദ്ധമാണ്. ഇസ്‌ലാം കഠിനമായി നിരോധിച്ച കള്ളവും വഞ്ചനയുമാണവ. ഉപഭോക്താവിന്റെ പണം അന്യായമായി അനുഭവിക്കുകയാണല്ലോ അതുവഴി സംഭവിക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ അടിത്തറയായ പരസ്പര സംതൃപ്തിയാണ് ഇതോടെ നഷ്ടമാകുന്നത്. കള്ളപരസ്യങ്ങള്‍ പരസ്പര ഉടമ്പടികള്‍ ലംഘിക്കുന്നതിനു തുല്യമാണ്. വലിയ ഗുണമേന്മയുള്ള ഉല്‍പന്നം വാഗ്ദാനം ചെയ്യുക; കൊടുക്കുന്നത് ഗുണനിലവാരമില്ലാത്ത വസ്തുവാകുക എന്ന വൈരുധ്യം ഇസ്‌ലാം കര്‍ശനമായി നിരോധിച്ച വാഗ്ദത്ത ലംഘനമാണ്. വിശുദ്ധ ഖുര്‍ആന്‍ (3:77-ല്‍) അല്ലാഹുവിന്റെ പേരില്‍ ഉടമ്പടി ചെയ്ത് നിസ്സാര ലാഭം കിട്ടാന്‍ അത് ലംഘിക്കുന്നതിനെ അപലപിച്ചിരിക്കുന്നു. ഇതിന്റെ അവതരണ പശ്ചാത്തലമായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിക്കുന്നത് കമ്പോളത്തില്‍ കള്ളസത്യം ചെയ്ത് ചരക്കുകള്‍ വിറ്റഴിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ്.
വഞ്ചനയുള്ള എല്ലാ വ്യാപാര രീതികളും നബി(സ) നിരോധിച്ചിരിക്കുന്നു. ഒരിക്കല്‍ അവിടുന്ന് ചന്തയിലൂടെ നടക്കുമ്പോള്‍ ഒരാളുടെ ധാന്യക്കൂമ്പാരത്തിനകത്ത് കൈയിട്ടു നോക്കി. ഉള്ളില്‍ ധാന്യങ്ങള്‍ നനഞ്ഞിരിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍ പെട്ടു. ''ഇതെന്താണ്?'' നബി ചോദിച്ചു. ''മഴ നനഞ്ഞുപോയതാണ്''-കച്ചവടക്കാരന്‍. ''അത് കാണുന്ന ഭാഗത്ത് വെക്കാമായിരുന്നില്ലേ? നമ്മെ വഞ്ചിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.'' വഞ്ചനയുടെ ഇത്ര ചെറിയ അംശവും കഠിനമായ താക്കീതിന് കാരണമെങ്കില്‍ പരസ്യത്തില്‍ അതിശയോക്തി കലര്‍ത്തുന്നത് എത്ര ശിക്ഷാര്‍ഹമാണ്! ഇല്ലാത്ത ഗുണങ്ങള്‍ പറഞ്ഞ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന ഒരു സമ്പ്രദായം അറേബ്യയില്‍ നടപ്പുണ്ടായിരുന്നു. 'നജ്ശ്' എന്നാണതിന്റെ അറബി പേര്‍. ഇത് നബി(സ) പേരെടുത്ത് പറഞ്ഞ് നിരോധിക്കുകയുണ്ടായി. ഉപഭോക്താവിനെ കെണിയില്‍ വീഴ്ത്തുന്ന എല്ലാ രീതികളും ഇസ്‌ലാം നിരോധിക്കുന്നു.
കറവുകാലികള്‍ക്ക് ഇരട്ടി പാല്‍ കിട്ടുമെന്ന് തോന്നിക്കാന്‍ രണ്ടു ദിവസം കറക്കാതെ കാലിച്ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്ന രീതിയും അറേബ്യയിലുണ്ടായിരുന്നു. കൂടുതല്‍ വില ഈടാക്കി വാങ്ങുന്നവനെ വഞ്ചിക്കുന്ന ഈ ഏര്‍പ്പാടും നബി പേരെടുത്ത് പറഞ്ഞ് നിരോധിച്ചിരിക്കുന്നു. ഇങ്ങനെ വാങ്ങിയ മൃഗത്തെ മടക്കി കൊടുക്കാനും പാലിന്റെ വില കണക്കാക്കി പകരം നല്‍കാനും വാങ്ങിയവന് സ്വാതന്ത്ര്യമുണ്ട്. അയാള്‍ക്കിഷ്ടമുണ്ടെങ്കിലേ കച്ചവടം ഉറപ്പിക്കേണ്ടതുള്ളൂ.
പരസ്യത്തിന്റെ ഇസ്‌ലാമികമാനം ഇങ്ങനെ സംഗ്രഹിക്കാം:
ഒന്നാമതായി, പരസ്യം ചെയ്യുന്ന കച്ചവടക്കാരന് ഉദ്ദേശ്യ ശുദ്ധിവേണം. തന്റെ ഉല്‍പന്നത്തിന്റെയോ സേവനത്തിന്റെയോ മേന്മ ജനങ്ങള്‍ വ്യക്തമായി മനസ്സിലാക്കണമെന്നതാവണം ഉദ്ദേശ്യം. അവര്‍ക്കറിയാത്ത സവിശേഷതകളുണ്ടെങ്കില്‍ അതവരുടെ ശ്രദ്ധയില്‍ കൊണ്ടുവരിക, വാങ്ങുന്നവര്‍ക്ക് ഉല്‍പന്നം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളും ഉദ്ദേശ്യമാവണം.
രണ്ടാമതായി, സത്യസന്ധത മുഖമുദ്രയാക്കി വേണം പരസ്യം ചെയ്യാന്‍. നബി(സ) അരുള്‍ ചെയ്യുന്നു: ''ഇടപാടുകാര്‍ സത്യസന്ധരാവുമ്പോള്‍ അവരുടെ കച്ചവടത്തില്‍ അനുഗ്രഹമുണ്ടാകും. കളവും വഞ്ചനയും അവരുടെ രീതിയാണെങ്കില്‍ കച്ചവടത്തില്‍ അനുഗ്രഹം നഷ്ടപ്പെടും.'' അതിശയോക്തിയും അമിത പ്രശംസയും ഒഴിവാക്കിയാല്‍ മാത്രമേ സത്യസന്ധത പാലിക്കാനാവൂ. അഥവാ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന കൃത്രിമ മാര്‍ഗങ്ങളെല്ലാം വര്‍ജിക്കണം. വാങ്ങുന്നവനെ വലയില്‍ കുടുക്കുന്ന വിവരണങ്ങള്‍ ഒഴിവാക്കണം.
മൂന്നാമതായി, ഒരാള്‍ പരസ്യം ചെയ്യുമ്പോള്‍ തന്റെ ഉല്‍പന്നം വിറ്റഴിക്കാന്‍ മറ്റുള്ളവരുടെ ഉല്‍പന്നങ്ങളെ ഇകഴ്ത്തി പറയുന്നത് നിഷിദ്ധമാണ്. ലാ ദററ വലാ ദിറാര്‍ (സ്വയം ദ്രോഹത്തിന് വിധേയനാവരുത്, മറ്റുള്ളവരെ ദ്രോഹിക്കരുത്) എന്ന തത്ത്വം മുറുകെ പിടിക്കണം. മറ്റു വ്യാപാരികളെ ദ്രോഹിക്കുന്ന പരസ്യം ഈ തത്ത്വത്തിന്റെ ലംഘനമാണ്.
നാലാമതായി, പരസ്യത്തിന്റെ രീതിയും ഉള്ളടക്കവും അനുവദനീയമായിരിക്കണം. പരസ്യം ചെയ്യുന്ന ഉല്‍പന്നം ആരോഗ്യത്തിന് ഹാനികരവും നിഷിദ്ധവുമാവരുത്. പരസ്യത്തിന്റെ രീതിയില്‍ സഭ്യതയും സനാതന മൂല്യങ്ങളും മാനിക്കണം. മദ്യപാനം, വ്യഭിചാരം തുടങ്ങിയ മഹാപാപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങള്‍, സഭ്യതയുടെ അതിരുകള്‍ ലംഘിച്ച് ശരീരം വെളിപ്പെടുത്തുന്ന രംഗങ്ങള്‍ എന്നിവ പരസ്യത്തിലുണ്ടാവാന്‍ പാടില്ല.
അഞ്ചാമതായി, ഉപഭോക്താവിന് അമിതമായ മോഹങ്ങളും പ്രതീക്ഷകളുമുണ്ടാക്കി, അയാളുടെ ഗാര്‍ഹിക ബജറ്റ് തകര്‍ക്കുന്ന രീതിയില്‍ തെറ്റായ ഉപഭോഗ പ്രേരണ പരസ്യത്തിലുണ്ടാവരുത്. അസൂയയും പകയും അഹങ്കാരവും ഉത്തേജിപ്പിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത് സനാതന മൂല്യങ്ങളെ തകര്‍ത്തുകളയും.
ദൃശ്യമാധ്യമങ്ങളില്‍, വിശിഷ്യാ മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ ഉപര്യുക്ത തത്ത്വങ്ങളെല്ലാം  ലംഘിക്കുന്നവയാണ്. കൂടാതെ ഭാരിച്ച സാമ്പത്തിക ചെലവ് വരുന്നവയാണവ. ഈ ചെലവ് അന്തിമ വിശകലനത്തില്‍ ഉപഭോക്താവാണ് വഹിക്കേണ്ടിവരിക. ഉല്‍പന്നങ്ങള്‍ക്ക് കൃത്രിമമായി വില വര്‍ധിപ്പിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. ഉപഭോക്താവിന് ലഭിക്കുന്ന പ്രയോജനവും അയാള്‍ ഒടുക്കുന്ന വിലയും തമ്മില്‍ അനുപാതമുണ്ടായിരിക്കണം.
മേല്‍ പറഞ്ഞ മാനങ്ങള്‍ പാലിക്കുന്നതോടൊപ്പം പരസ്യം ചെലവു കുറഞ്ഞതാകാനും വ്യാപാരികള്‍ ശ്രദ്ധിക്കണം.

പാരിതോഷികങ്ങള്‍
വില്‍പന വര്‍ധിപ്പിക്കാന്‍ വിപുലമായി ഉപയോഗിച്ചുവരുന്ന ഒരു രീതിയാണ് ഉപഭോക്താവിന് പാരിതോഷികങ്ങള്‍ നല്‍കുക എന്നത്. ഇത് അനേകം ഇനങ്ങളുണ്ട്. നമ്മുടെ നാട്ടില്‍ പ്രചാരമുള്ള പ്രധാന ഇനങ്ങള്‍ വിശദീകരിക്കാം.
ഒന്ന്: ഏറ്റവും ഒടുവില്‍ ഉണ്ടായ ഒരു രീതിയാണിത്. മൊബൈല്‍ എസ്.എം.എസ് ഉപയോഗിച്ച് സമ്മാനം നല്‍കുന്ന രീതി. ഗാനമത്സരം, കലാമത്സരങ്ങള്‍ മുതലായവ നടത്തുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് സമ്മാനം നല്‍കാനുള്ള തുക കച്ചവട സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. മത്സരം വളരെ വിപുലമായി വീക്ഷിക്കപ്പെടുന്നു. അതില്‍ സ്‌പോണ്‍സറെ പരിചയപ്പെടുത്തുന്നത് വിപുലമായ പരസ്യമാണ്. ഇതാണ് വ്യാപാരികള്‍ക്ക് ഇതിലെ നേട്ടം. ചാനലില്‍ ഇത്രയും പരസ്യം കൊടുക്കാന്‍ വമ്പിച്ച തുക ചെലവാകും. സമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ ഈ പരസ്യച്ചാര്‍ജ് ലാഭിക്കാം. മത്സരാര്‍ഥികള്‍ പൊതുജനങ്ങളോട് അവരെ അനുമോദിച്ച് എസ്.എം.എസ് അയക്കാന്‍ അപേക്ഷിക്കുന്നു. ജഡ്ജിമാര്‍ നല്‍കിയ മാര്‍ക്കിനു പുറമെ ഈ ജനവിധി കൂടി ജേതാക്കളെ തെരഞ്ഞെടുക്കാന്‍ അവലംബമാക്കുന്നു.
പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായി തോന്നുന്ന ഈ പരിപാടിയില്‍ ചില ഒളിയജണ്ടകളുണ്ട്. കച്ചവടക്കാരും ചാനലും ഈ കളിയില്‍ ലാഭം കൊയ്യുന്നു. ഇത്തരം എസ്.എം.എസ്സുകള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കും. ഗള്‍ഫിലുള്ളവര്‍ 60 രൂപയാണ് കൊടുക്കേണ്ടത് (5 രിയാല്‍). നാട്ടില്‍ അഞ്ചു മുതല്‍ പത്തു വരെ. സാധാരണ എസ്.എം.എസ്സിനേക്കാള്‍ കൂടുതലുള്ള സംഖ്യ കച്ചവടക്കാരും മൊബൈല്‍ കമ്പനിക്കാരും വീതിച്ചെടുക്കുന്നു. ഗള്‍ഫില്‍ നിന്ന് രണ്ടു ലക്ഷം എസ്.എം.എസ് ഉണ്ടായി എന്നു വിചാരിക്കുക. പാതി കിട്ടുകയാണെങ്കില്‍ സ്‌പോണ്‍സര്‍ ചെയ്ത കമ്പനിക്ക് 60 ലക്ഷം രൂപ ലഭിക്കും. 60 ലക്ഷം ബാക്കിയുള്ളത് മൊബൈല്‍ കമ്പനിക്കും ചാനലിനുമെല്ലാം പങ്കുവെക്കാം. ഇതില്‍ വീതിച്ചെടുക്കുന്നതിന്റെ അനുപാതം മാറിക്കൊണ്ടിരിക്കും. ലോട്ടറിയുടെ തിയറി മറ്റൊരു രൂപത്തില്‍ ഉപയോഗിക്കുകയാണിവിടെ. ലക്ഷങ്ങളില്‍ നിന്ന് പത്തു രൂപ വീതം ശേഖരിച്ച് ഒന്നോ രണ്ടോ ലക്ഷപ്രഭുക്കളെ സൃഷ്ടിക്കുക. ബാക്കി ലോട്ടറിക്കാരന്‍-പലപ്പോഴും സര്‍ക്കാറുകള്‍-കൈക്കലാക്കുക. ഇതാണല്ലോ ലോട്ടറികളില്‍ നടക്കുന്നത്. പാരിതോഷികം ഒരു പുകമറയാണിവിടെ. പണം ശേഖരിക്കാനുള്ള ഒരു കുറുക്കുവഴിയും. ഉദ്ദേശ്യം സ്വന്തം മടിക്കീശ വീര്‍പ്പിക്കല്‍. അതിനാല്‍ ഈ ഇടപാടുകളെല്ലാം നിഷിദ്ധമാണ്.
രണ്ട്: വില്‍പന വര്‍ധിപ്പിച്ച് സ്റ്റോക്ക് വിറ്റഴിച്ചു തീര്‍ക്കാനുതകുന്ന സമ്മാന പദ്ധതി. വാങ്ങുന്ന വസ്തു ഒന്നു വാങ്ങുന്നതിനു പകരം രണ്ടോ മൂന്നോ വാങ്ങുമ്പോള്‍ ഒന്നുകൂടി സൗജന്യമായി കൊടുക്കുന്നു. മൂന്നിന്റെ വിലയ്ക്ക് നാലെണ്ണം, അഞ്ചിന്റെ വിലയ്ക്ക് ആറെണ്ണം എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ ഇത് നടപ്പാക്കുന്നു. ഈ രീതി അനുവദനീയമാണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ കൂടുതല്‍ സൂക്ഷ്മതയോടെ വീക്ഷിക്കുന്നവര്‍ ഈ രീതിയില്‍ ചില ദോഷവശങ്ങള്‍ കാണുന്നുണ്ട്. ഉല്‍പന്നം ആവശ്യമുള്ളതിലേറെ വാങ്ങി സമ്പത്ത് ദുര്‍വ്യയം ചെയ്യാന്‍ ഈ രീതി കാരണമാകും എന്നതാണ് അവര്‍ കാണുന്ന ഒരു പ്രധാന ദോഷം. മറ്റൊന്ന് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് ഒരു പശ്ചാത്തലമുണ്ട് എന്നതാണ്. ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് പുതിയ ലേബലില്‍ വിപണനം ചെയ്യാനുള്ള മുന്നൊരുക്കമാണിത്. ഒന്നിലധികം ലഭിക്കുമ്പോള്‍ വിലയില്‍ ചെറിയ വര്‍ധനവുണ്ടായത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കാതെ പോകുന്നു. അതിനാല്‍ ഈ സമ്മാനപദ്ധതി അനുവദനീയമല്ലെന്ന് അവരഭിപ്രായപ്പെടുന്നു.
ഭൂരിപക്ഷത്തിന്റെ വീക്ഷണം ഇങ്ങനെ വിശദീകരിക്കാം. സൗജന്യം ലഭിക്കുമ്പോള്‍ വില്‍പന വസ്തു ആവശ്യമുള്ളവരും, പിന്നീടാവശ്യം വരുമെന്ന് കാണുന്നവരും വാങ്ങും. അതില്‍ ഇടപാട് നിഷിദ്ധമാണെന്ന് പറയാനുള്ള അമിത വ്യയമുണ്ടെന്ന് പറയാനാവില്ല.
ഉപഭോഗ വസ്തുവിന്റെ വില വര്‍ധിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ബാഹ്യമാണ്. അത് സൗജന്യമായി നല്‍കുന്ന സമ്മാനവുമായി നേര്‍ക്കുനേരെ ബന്ധപ്പെടുന്നില്ല. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുക എന്നതാണിവിടെ ലക്ഷ്യം. അതിനാല്‍ അനുവദനീയമാണ്.
മൂന്ന്: വാങ്ങുന്ന വസ്തുവല്ലാത്ത ഒരു പാരിതോഷികം നല്‍കുന്ന രീതിയാണ് മൂന്നാമത്തെ ഇനം. ഈ പാരിതോഷികം സാധാരണയായി കാര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വിലപിടിച്ച വസ്തുക്കളായിരിക്കും. ഇവിടെ വാങ്ങുന്നവര്‍ എല്ലാവരും സമ്മാനാര്‍ഹരാവുന്നില്ല. നറുക്കെടുപ്പിലൂടെ ചുരുക്കം പേര്‍ക്ക് സമ്മാനം നല്‍കുന്നു. ഈ സമ്മാനപദ്ധതി വില്‍പന വര്‍ധിപ്പിക്കാനുള്ളതാണ്. ചിലര്‍ ഇതോടെ ആദായവില്‍പനയും ചേര്‍ത്ത് നടത്താറുണ്ട്. ഏത് രൂപത്തിലും ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് സമ്മാനം നല്‍കുന്നത് മാത്രമാണ് പണ്ഡിതന്മാര്‍ നിഷിദ്ധമാണെന്ന് പറഞ്ഞിട്ടുള്ളത്.
മുതലാളിത്ത വ്യവസ്ഥയുടെ ഉല്‍പന്നങ്ങളാണ് ഈ പുതിയ പ്രമോഷന്‍ പ്രോഗ്രാമെല്ലാം. അതിനാല്‍ ഉടമയുടെ വ്യാപാര വളര്‍ച്ചയും ലാഭവും മാത്രമേ അതില്‍ ദീക്ഷിക്കപ്പെടുന്നുള്ളൂ. എന്നാല്‍, ഇസ്‌ലാമിക വ്യവസ്ഥയില്‍ ഉപഭോക്താവിനെയും പ്രത്യേകം കണക്കിലെടുത്തുകൊണ്ടാണ് നിയമമുണ്ടാക്കുന്നത്. ഇതാണ് ഇസ്‌ലാമിന്റെ മഹിമ. കച്ചവടക്കാരന്‍ വര്‍ഗശത്രുവല്ല. സാമൂഹിക സേവകനാണ്. ഉപഭോക്താവ് ആ സേവനത്തിന്റെ ഗുണഭോക്താവാണ്. ചൂഷണത്തിന്റെ ഇരയല്ല; ഇരയാവാന്‍ പാടില്ല. ഈ ഉദാത്ത വീക്ഷണമാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ വേറിട്ടു നിര്‍ത്തുന്നത്. മുതലാളിക്കും തൊഴിലാളിക്കും ഒരുപോലെ സ്ഥാനമുണ്ട് ആ വ്യവസ്ഥയില്‍. ചൂഷണം അണുവോളവും അംഗീകരിക്കാത്ത അതിന്റെ നിലപാട് സാമൂഹിക ഭദ്രതക്കും ഉന്നമനത്തിനും അനിവാര്യമാണ്.
വില വര്‍ധിപ്പിക്കാതെ വിലയേറിയ സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ ഇനി വരുന്ന കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് പണ്ഡിതന്മാരുടെ നിരീക്ഷണം.
ഉപഭോക്താവ് ഉല്‍പന്നം ആവശ്യമുള്ള വ്യക്തിയാണ്. അതാണ് വാങ്ങുമ്പോള്‍ അയാളുടെ ലക്ഷ്യം. സമ്മാനം ലക്ഷ്യമല്ല. ഇങ്ങനെ വാങ്ങുന്നത് അനുവദനീയമാണ്: ആവശ്യമുള്ള ഒരു സാധനം വാങ്ങി. അപ്പോള്‍ കിട്ടിയ കൂപ്പണ്‍ പൂരിപ്പിച്ചു. ഒരു സമ്മാനം കിട്ടാന്‍ സാധ്യതയുണ്ട്. വളരെ അകലെയുള്ള സാധ്യത. ഈ വീക്ഷണമാണുള്ളതെങ്കില്‍ മാത്രമേ ഇടപാട് സാധുവാകുകയുള്ളൂ എന്നാണൊരു അഭിപ്രായം.
വാങ്ങിയ സാധനമല്ല, കൂപ്പണും സമ്മാനവും മാത്രമാണ് ലക്ഷ്യമെങ്കില്‍ ഇടപാട് അസാധുവാണ്. ഇതില്‍ സമ്മാനം ലഭിച്ചുപോയാല്‍ അതും നിഷിദ്ധം.
മേല്‍ കൊടുത്ത വിശദീകരണമില്ലാതെ പൊതുവില്‍ നിഷിദ്ധമാണിതെന്ന അഭിപ്രായമാണ് ചില പണ്ഡിതന്മാര്‍ക്കുള്ളത്. അവരുടെ ന്യായങ്ങള്‍ ഇതാ:
1. സാധനങ്ങളുടെ വില കൂട്ടിയിട്ടുണ്ടെങ്കില്‍ നിഷിദ്ധമാെണന്നത് ഏകകണ്ഠമായ അഭിപ്രായമാണ്. വിലയില്‍ വര്‍ധനവില്ലെന്ന് കൃത്യമായി നിര്‍ണയിക്കാനാവില്ല.
2. ഒരാള്‍ ഉല്‍പന്നമാണോ സമ്മാനമാണോ ലക്ഷ്യമിടുന്നത് എന്നത് തീര്‍ത്തുപറയാനാവില്ല. ഉല്‍പന്നം വാങ്ങാന്‍ ഈ പ്രത്യേക സ്ഥാപനത്തില്‍ വന്നത് സമ്മാനം കൊതിച്ചതുകൊണ്ടാവാന്‍ സാധ്യതയുണ്ടല്ലോ.
3. സമ്മാനം കിട്ടാന്‍ വേണ്ടി ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങാനും ദുര്‍വ്യയം ചെയ്യാനും വാതില്‍ തുറന്നുവെക്കുകയാണിവിടെ.
4. പ്രതീക്ഷിച്ചപോലെ സാധനങ്ങള്‍ നിശ്ചിത കാലത്തിനുള്ളില്‍ വിറ്റുതീരുന്നില്ലെങ്കില്‍ കച്ചവടക്കാരന് വലിയ നഷ്ടം സംഭവിക്കാം. ഇത് ഇസ്‌ലാം അനുവദിക്കുന്നില്ല.
നാമുദ്ധരിച്ച വ്യത്യസ്ത വീക്ഷണങ്ങളില്‍ അനുവദനീയമാണെന്ന അഭിപ്രായം സ്വീകരിക്കാന്‍ ധാരാളം ന്യായങ്ങളുണ്ട്. 'വിലയില്‍ മാറ്റമില്ലാതെ വില്‍ക്കുക; ആവശ്യമുള്ളവര്‍ മാത്രം വാങ്ങുക' എന്നതാണ് മുറുകെ പിടിക്കേണ്ട തത്ത്വം. കൃത്രിമമായ വില വര്‍ധനവ് തടഞ്ഞ് ഉപഭോക്താവിനെ സഹായിക്കാന്‍ അപ്പോള്‍ പ്രയാസമുണ്ടാവില്ല.
msaleemmv@gmail.com

Comments