Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 6

ഖുര്‍ആന്‍വായനയുടെ അഴക്

എ.കെ അബ്ദുന്നാസിര്‍

വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നതിനു വേണ്ടി അല്ലാഹു അവന്റെ സവിശേഷ അധികാരവും യുക്തിയുമനുസരിച്ച് റമദാന്‍ മാസത്തെ തെരഞ്ഞെടുത്തു. പിന്നീട് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമെന്ന നിലക്ക് റമദാനില്‍ നോമ്പനുഷ്ഠിക്കാന്‍ കല്‍പിച്ചു. അഥവാ റമദാന്‍ ഒന്നാമതായി ഖുര്‍ആന്റെ മാസമാണ്. പിന്നീടാണത് നോമ്പിന്റെ മാസമായിത്തീര്‍ന്നത്. അങ്ങനെ ഒരര്‍ഥത്തില്‍ ഖുര്‍ആന്‍ അവതരണത്തിന്റെ ഓര്‍മപ്പെരുന്നാളാവുകയാണ് റമദാന്‍ നോമ്പ്.
റമദാനും ഖുര്‍ആനും തമ്മിലുള്ള ഈ സവിശേഷ ബന്ധം തിരിച്ചറിഞ്ഞ സച്ചരിതരായ മുന്‍ഗാമികള്‍ റമദാനില്‍ ഖുര്‍ആന്‍ പഠന പാരായണങ്ങള്‍ക്ക് പ്രമുഖ സ്ഥാനം നല്‍കുകയും ഖുര്‍ആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു. ഇമാം മാലിക് റമദാന്‍ ആഗതമായാല്‍ മറ്റെല്ലാ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് ഖുര്‍ആനില്‍ മുഴുകാറായിരുന്നു പതിവ്. സുഫ്‌യാനുസ്സൗരി മറ്റെല്ലാ കാര്യങ്ങളേക്കാളും റമദാനില്‍ ഖുര്‍ആന്‍ പാരായണത്തിന് പ്രാധാന്യം നല്‍കിയിരുന്നു. നബി(സ) ഓരോ റമദാനിലും അതുവരെ അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ജിബ്‌രീലിന് ചൊല്ലിക്കേള്‍പ്പിക്കാറുണ്ടായിരുന്നു. തിരുമേനി വഫാത്തായ വര്‍ഷം രണ്ട് പ്രാവശ്യം ചൊല്ലിക്കൊടുത്തിരുന്നു. ഈ കാര്യങ്ങളൊക്കെ വിരല്‍ ചൂണ്ടുന്നത് റമദാനില്‍ ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും പ്രതിഫലമുണ്ടെന്നുമാണ്.
ഖുര്‍ആന്‍ അവതരണം ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. പക്ഷേ, അതിന്റെ പേരില്‍ ഉണ്ടായ റമദാനിലെ വ്രതം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ അവതീര്‍ണമായ 'ലൈലത്തുല്‍ ഖദ്‌റും' ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ മഹത്വവും മാഹാത്മ്യവും വിളംബരം ചെയ്യുകയും ഖുര്‍ആന്‍ അവതരണത്തിലൂടെ മനുഷ്യ സമൂഹത്തിന് ലഭിച്ച അനുഗ്രഹം ആവര്‍ത്തിച്ച് ഓര്‍ക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.
വിശുദ്ധ ഖുര്‍ആന്റെ മഹത്വം സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''നാം ഒരു പര്‍വതത്തിന്മേല്‍ ഈ ഖുര്‍ആന്‍ ഇറക്കിയിരുന്നെങ്കില്‍ അത് ദൈവഭയത്താല്‍ വിഹ്വലമായി പൊട്ടിത്തകരുന്നത് താങ്കള്‍ക്ക് കാണാമായിരുന്നു'' (59:21). ഈ സൂക്തത്തെ ഇമാം ഇബ്‌നു കസീര്‍ ഇങ്ങനെ വിശദീകരിക്കുന്നു: ''ഖുര്‍ആനെ മഹത്വപ്പെടുത്തിക്കൊണ്ടും അതിന്റെ ഔന്നത്യം വിശദീകരിച്ചുകൊണ്ടും അല്ലാഹു പറയുന്നത് ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ ഹൃദയങ്ങള്‍ ഭക്തിനിര്‍ഭരമാവുകയും വിഹ്വലമാവുകയും ചെയ്യണമെന്നാണ്. അതിലുള്ള സത്യസന്ധമായ വാഗ്ദാനങ്ങളും ഉറപ്പായ മുന്നറിയിപ്പുകളും കാരണം പര്‍വതം പരുക്കനും കഠിനവുമായിരിക്കെതന്നെ ഖുര്‍ആന്‍ മനസ്സിലാക്കുകയും അതേപ്പറ്റി ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവിനെ ഭയന്ന് അവ ഭക്തി നിര്‍ഭരാവുകയും ചകിതമാവുകയും ചെയ്യുമായിരുന്നു. എന്നിട്ടുമെന്തേ മനുഷ്യാ നിങ്ങളുടെ ഹൃദയങ്ങള്‍ ആര്‍ദ്രവും ഭക്തിനിര്‍ഭരവുമാകാത്തത്?'' (തഫ്‌സീര്‍ ഇബ്‌നു കസീര്‍).
പക്ഷേ, പര്‍വതങ്ങളെപ്പോലും പ്രകമ്പനം കൊള്ളിക്കാന്‍ പോന്ന ഖുര്‍ആന്റെ മഹത്വവും ഗാംഭീര്യവും നാം യഥാര്‍ഥത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ തന്നെ ആ മഹദ് ഗ്രന്ഥം അര്‍ഹിക്കുന്ന പരിഗണന നല്‍കാനും അതിനോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാനും മുസ്‌ലിം സമൂഹം മുന്നോട്ട് വ ന്നിട്ടുണ്ടോ? ഊഷരമായ മനുഷ്യ മനസ്സിലും മരുഭൂമിയിലും വസന്തങ്ങള്‍ വിരിയിച്ച, ഒന്നുമല്ലാതിരുന്ന പരുക്കന്‍ ഗ്രാമീണ അറബികളെ നാഗരികതകളുടെയും സംസ്‌കാരത്തിന്റെയും നായകന്മാരാക്കിയ അല്ലാഹുവിന്റെ 'അക്ഷര ദൃഷ്ടാന്ത'ത്തെ നാമും ഏതോ അര്‍ഥത്തില്‍ തള്ളിക്കളയുകയായിരുന്നില്ലേ? ''റസൂല്‍ പറയും: നാഥാ എന്റെ ജനം ഈ ഖുര്‍ആനെ വെടിഞ്ഞുകളഞ്ഞു'' (25:30).

ഖുര്‍ആന്‍ തിരസ്‌കാരം
ഇമാം ഇബ്‌നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ അല്‍ഫവാഇദ് എന്ന ഗ്രന്ഥത്തില്‍ ഖുര്‍ആന്‍ തിരസ്‌കാരത്തിന്റെ വിവിധ രൂപങ്ങള്‍ ഇങ്ങനെ വിവരിക്കുന്നു: 1) ഖുര്‍ആന്‍ കേള്‍ക്കാനും ശ്രദ്ധിക്കാനും വിശ്വസിക്കാനും വിസമ്മതിക്കുക. 2) ഖുര്‍ആനില്‍ വിശ്വസിച്ച് അത് പാരായണം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുക. 3) ദീനിന്റെ അടിസ്ഥാനങ്ങളിലും വിശദാംശങ്ങളിലും ഖുര്‍ആന്റെ വിധി തേടാതിരിക്കുക. 4) ഖുര്‍ആന്‍ സൂക്തങ്ങളെക്കുറിച്ചുള്ള ചിന്ത, ആലോചന, പഠനം എന്നിവ ഇല്ലാതിരിക്കുക. 5) മാനസിക വ്യഥകള്‍ക്കും രോഗങ്ങള്‍ക്കും ഖുര്‍ആന്‍ കൊണ്ട് ചികിത്സിക്കാതിരിക്കുക.
''നമ്മുടെ പക്കല്‍ നിന്നുള്ള പ്രത്യേകമായി ഒരു ഉദ്‌ബോധനം നിനക്കു നല്‍കിയിരിക്കുന്നു. അതില്‍ നിന്ന് തിരിഞ്ഞുപോകുന്നവര്‍ പുനരുത്ഥാന നാളില്‍ കനത്ത പാപഭാരം ചുമക്കുന്നതാകുന്നു. അങ്ങനെയുള്ളവരൊക്കെയും ആ ദുരവസ്ഥയില്‍ ശാശ്വതമായി അകപ്പെടുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ (ഈ പാപത്തിന്റെ ഉത്തരവാദിത്വം) അവര്‍ക്ക് ദുര്‍വഹമായ ഭാരം തന്നെയായിരിക്കും'' (20: 99-101).
വിശുദ്ധ ഖുര്‍ആനോടുള്ള വിശ്വാസികളുടെ ബാധ്യതകളെന്തൊക്കെയാണ്? ഖുര്‍ആനെ തിരസ്‌കരിക്കുകയും വെടിയുകയും ചെയ്തവരെന്ന കുറ്റത്തില്‍നിന്ന് മുക്തരായി 'ഖുര്‍ആന്റെ ആളുകളായി'ത്തീരാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?

ഖുര്‍ആന്‍ പാരായണം
ഖുര്‍ആന്‍ എന്ന വാക്കിന്റെ അര്‍ഥം 'വായന'യെന്നാണ്. പേര് അന്വര്‍ഥമാക്കിക്കൊണ്ട് ലോകത്തിലേറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. മറ്റൊരു ഗ്രന്ഥവും -അതെത്ര മികച്ചതെന്നവകാശപ്പെടട്ടെ- ഒന്നോ രണ്ടോ പ്രാവശ്യത്തില്‍ കൂടുതല്‍ ആരും വായിക്കാറില്ല. എന്നാല്‍, ഖുര്‍ആന്‍ നമസ്‌കാരത്തിലും അല്ലാതെയുമായി നിരന്തരമായി പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണത്തെ അല്ലാഹു ശ്ലാഘിച്ചിരിക്കുന്നു. ''നിശ്ചയമായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുന്നവരും നമസ്‌കാരം നിലനിര്‍ത്തുന്നവരും നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരും നഷ്ടം വരാത്ത കച്ചവടത്തിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്'' (35:29).
നബി(സ) അരുളി: ''നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. കാരണമത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരുന്നതാണ്'' (മുസ്‌ലിം). ആഇശ(റ)യില്‍നിന്ന് നിവേദനം: ''വ്യുല്‍പത്തിയോട് കൂടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്‍ പുണ്യവാന്മാരായ ദൂതന്മാര്‍ക്കൊപ്പമാണ്. തപ്പിത്തടഞ്ഞ് പ്രയാസത്തോടു കൂടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്'' (ബാഖാരി). അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു: ''ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍നിന്ന് ഒരക്ഷരം ഓതിയാല്‍ അവന് ഒരു നന്മയുണ്ട്. ഒരു നന്മക്ക് പത്തിരട്ടിയാണ് പ്രതിഫലം. 'അലിഫ് ലാം മീം' ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പകരം അലിഫും ലാമും മീമും വെവ്വേറെ അക്ഷരങ്ങളാണ്.''
ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകളും പ്രത്യേകം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ''ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം പാരായണം ചെയ്യുക'' (73:4). സഅദ്ബുനു അബീവഖാസി(റ)ല്‍നിന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു: ''സംഗീത സാന്ദ്രമായി ഖുര്‍ആന്‍ ഓതാത്തവന്‍ നമ്മില്‍ പെട്ടവനല്ല.''
ഖുര്‍ആന്‍ എത്ര ഓതണം? ചില പണ്ഡിതന്മാര്‍ നാല്‍പത് ദിവസം കൊണ്ട് ഖുര്‍ആന്‍ ഒരു പ്രാവശ്യം ഓതിത്തീര്‍ക്കണമെന്ന് പറഞ്ഞിരിക്കുന്നു. അതിലും കുറവ് പാരായണം ചെയ്യുന്നവര്‍ 'ഖുര്‍ആനെ പരിത്യജിച്ചവരെ'ന്ന് പറയപ്പെട്ട വിഭാഗത്തില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട്. ഇമാം നവവി എഴുതുന്നു: ''നബി(സ) അരുളി: ഒരു മാസത്തില്‍ ഒരു തവണ ഖുര്‍ആന്‍ മുഴുവന്‍ ഓതുക. അല്ലെങ്കില്‍ ഇരുപത് ദിവസത്തിനുള്ളില്‍. അതുമല്ലെങ്കില്‍ ആഴ്ചയില്‍. അതില്‍ കൂടുതലാക്കരുത്. ആരാധനയുടെ കാര്യത്തില്‍ മിതത്വം പാലിക്കാനും ഖുര്‍ആന്‍ മനനത്തിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിലുണ്ട്. മുന്‍ഗാമികള്‍ക്ക് ഖുര്‍ആന്‍ പാരായണത്തില്‍ അവരുടെ അവസ്ഥകളും ജോലികളുമനുസരിച്ച് വ്യത്യസ്ത രീതികളുണ്ടായിരുന്നു. ചിലര്‍ മാസത്തില്‍ ഒരു പ്രാവശ്യം 'ഖത്തം' തീര്‍ത്തു. മറ്റു ചിലര്‍ 20 ദിവസത്തിലും വേറെ ചിലര്‍ പത്ത് ദിവസത്തിലും ഇനിയും ചിലര്‍ ഏഴു ദിവസത്തിലും. മൂന്ന് ദിവസം കൊണ്ട് ഖുര്‍ആന്‍ ഓതിത്തീര്‍ക്കുന്നവരും ഒരു രാവും പകലും കൊണ്ട് തീര്‍ക്കുന്നവരും ഒരു രാത്രി കൊണ്ട് തീര്‍ക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു രാവും പകലും കൊണ്ട് മൂന്ന് പ്രാവശ്യം ഖത്തം തീര്‍ത്തവരും എട്ടു പ്രാവശ്യം തീര്‍ത്തവരുമുണ്ട്. ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വെച്ചേറ്റവും കൂടുതലാണിത്... സ്ഥിരമായി ചെയ്യാന്‍ കഴിയുന്നതിനനുസരിച്ച് പാരായണം വര്‍ധിപ്പിക്കുകയാണ് ഉത്തമം. ഉന്മേഷമുള്ളപ്പോഴും അല്ലാത്തപ്പോഴും സ്ഥിരമായി ചെയ്യാന്‍ കഴിയുമെന്ന് ഏതാണ്ട് ഉറപ്പില്ലാത്തത് ചെയ്യാത്തതാണ് നല്ലത്. വര്‍ധിച്ച ഖുര്‍ആന്‍ പാരായണം കൊണ്ട് മുടക്കം വരുന്ന സ്വകാര്യമോ പൊതുവോ ആയ ഉത്തരവാദിത്വങ്ങള്‍ ഇല്ലെങ്കിലാണിത്. ഭരണ നേതൃത്വം, അധ്യാപനം തുടങ്ങിയ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ഉണ്ടെങ്കില്‍ അത് പൂര്‍ണമായി നിര്‍വഹിക്കുന്നതിന് തടസ്സമാവാത്ത തരത്തിലുള്ള, ഉന്മേഷമുള്ള സമയത്തും അല്ലാത്തപ്പോഴും പതിവായി ചെയ്യാന്‍ കഴിയുന്ന രൂപത്തിലുള്ള പാരായണമാണ് നടത്തേണ്ടത്'' (ശറഹ് മുസ്‌ലിം).
ഖുര്‍ആന്‍ പാരായണം ഫലപ്രദമായിത്തീരുന്നതിന് ഇമാം ഗസ്സാലി ചില കാര്യങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം:
1. പാരായണം ചെയ്യാന്‍ പോകുന്ന വചനങ്ങളുടെ മഹത്വവും മഹാത്മ്യവും മനസ്സില്‍ ഉള്‍ക്കൊള്ളുകയും ഈ വചനങ്ങള്‍ വെളിപ്പെടുത്തിയതിലൂടെ അല്ലാഹു മനുഷ്യനോട് കാണിച്ച ദയാവായ്പുകള്‍ തിരിച്ചറിയുകയും ചെയ്യുക.
2. ഖുര്‍ആന്‍ വചനങ്ങള്‍ അല്ലാഹുവിന്റേതാണെന്ന് മനസ്സിലാക്കുകയും അല്ലാഹുവിന്റെ മഹത്വം ഹൃദയത്തില്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുകയും ചെയ്യുക.
3. മറ്റെല്ലാ കാര്യങ്ങളില്‍ നിന്നും മനസ്സിനെ മുക്തമാക്കി ഖുര്‍ആനില്‍ മുഴുകുക. ഹൃദയസാന്നിധ്യമില്ലാതെ ഏതെങ്കിലും സൂറത്തുകള്‍ പാരായണം ചെയ്താല്‍ മുന്‍ഗാമികള്‍ അത് മടക്കി ഓതുമായിരുന്നു.
4. പാരായണം ചെയ്യുന്ന സൂക്തങ്ങളെപ്പറ്റി ചിന്തിക്കുക. പാരായണത്തിന്റെ ലക്ഷ്യം ചിന്ത(തദബ്ബുര്‍) ആണ്. തര്‍തീല്‍ (നിര്‍ത്തി നിര്‍ത്തിയുള്ള പാരായണം) സുന്നത്താക്കിയത് ചിന്തിക്കാനും ആലോചിക്കാനുമാണ്. നബി(സ) പറഞ്ഞു: ''അവബോധമില്ലാത്ത ആരാധനയില്‍ നന്മയില്ല. ആലോചനയില്ലാത്ത പാരായണത്തിലും നന്മയില്ല.''
5. ഖുര്‍ആന്‍ സംവദിക്കുന്നത് തന്നോടാണെന്നും അതിന്റെ കല്‍പനകളും നിരോധങ്ങളും വാഗ്ദാനങ്ങളും മുന്നറിയിപ്പും തനിക്കുള്ളതാണെന്നും മനസ്സിലാക്കുക.
6. വ്യത്യസ്തങ്ങളായ സൂക്തങ്ങളുടെ തേട്ടവും താല്‍പര്യവുമനുസരിച്ച് സന്തോഷവും സന്താപവും പ്രതീക്ഷയും ആശങ്കയും ഉണ്ടാവുക. ഖുര്‍ആന്‍ കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അതനുസരിച്ചുള്ള കര്‍മമാണ്. നാവുകൊണ്ടുള്ള പാരായണം കൊണ്ട് കുറഞ്ഞ പ്രയോജനമേയുള്ളൂ. യഥാര്‍ഥ പാരായണത്തില്‍ നാവും ബുദ്ധിയും ഹൃദയവും പങ്കെടുക്കണം. ശരിയായി ഉച്ചരിക്കുകയും മൊഴിയുകയുമാണ് നാവിന്റെ ധര്‍മം. ആശയങ്ങള്‍ ഗ്രഹിക്കുക ബുദ്ധിയുടെ ധര്‍മം. ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും സ്വാധീനിക്കപ്പെടുകയുമാണ് ഹൃദയത്തിന്റെ ധര്‍മം (ഇഹ്‌യാ ഉലൂമിദ്ദീന്‍).
ഖുര്‍ആന്‍ പാരായണം പോലെത്തന്നെ പ്രധാനവും പ്രതിഫലാര്‍ഹവുമാണ് ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നത്. നബി(സ) ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)നോട് ഖുര്‍ആന്‍ ഓതാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ''പ്രവാചകരേ, ഞാന്‍ താങ്കള്‍ക്ക് ഖുര്‍ആന്‍ ഓതിത്തരികയോ? താങ്കള്‍ക്കല്ലേ ഇത് അവതരിച്ചുകിട്ടിയത്.'' അപ്പോള്‍ തിരുദൂതര്‍ പറഞ്ഞു: ''മറ്റുള്ളവര്‍ ഓതുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.'' അപ്പോള്‍ അദ്ദേഹം അന്നിസാഅ് അധ്യായം ഓതിത്തുടങ്ങി. 'ഓരോ സമുദായത്തില്‍ നിന്നും ഒരു സാക്ഷിയെ നാം കൊണ്ടുവരികയും താങ്കളെ ഇവരുടെ സാക്ഷിയായി കൊണ്ടുവരികയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ'യെന്ന സൂക്തം (4:41) ഓതിയപ്പോള്‍ തിരുനബി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തിരുനബിയുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു. ഖുര്‍ആന്‍ പാരായണം കേട്ടാല്‍ നിശ്ശബ്ദമായി അത് ശ്രവിക്കുകയെന്നത് ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ നിര്‍ബന്ധമാണ്. മറ്റു ചിലര്‍ അത് സുന്നത്താണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ''ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക'' (7:204). ഈ ആയത്ത് ഇമാം സമഖ്ശരി ഇങ്ങനെ വിശദീകരിക്കുന്നു: ''പ്രകൃത സൂക്തത്തിന്റെ പ്രത്യക്ഷ താല്‍പര്യം നമസ്‌കാരത്തിലും അല്ലാത്തപ്പോഴും ഖുര്‍ആന്‍ ഓതിയാല്‍ നിശ്ശബ്ദമായി ശ്രദ്ധിക്കല്‍ നിര്‍ബന്ധമാണെന്നാണ്'' (അല്‍കശ്ശാഫ്). ''വിശുദ്ധ ഖുര്‍ആന്‍ ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനവും കാരുണ്യവുമായതിനാല്‍  അതിനോടുള്ള ബഹുമാനവും ആദരവും കാരണം പാരായണ സമയത്ത് നിശ്ശബ്ദത പാലിക്കാന്‍ അല്ലാഹു കല്‍പിച്ചു''വെന്നാണ് ഇമാം ഇബ്‌നു കസീര്‍ പ്രകൃത ആയത്തിനെ വിശദീകരിക്കുന്നത്.
അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ കരയുകയും സാഷ്ടാംഗം വീഴുകയും ചെയ്യുന്നത് അല്ലാഹുവിന്റെ യഥാര്‍ഥ ദാസന്മാരുടെ സ്വഭാവമാണ്. ''ഇവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരത്രെ. ആദമിന്റെ സന്തതികളിലും, നാം നൂഹിനോടൊപ്പം കപ്പലില്‍ വഹിച്ചവരിലും, ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും വംശത്തിലും നാം സന്മാര്‍ഗം നല്‍കുകയും തെരഞ്ഞെടുക്കുകയും ചെയ്തവരിലും പെട്ടവരത്രെ ഇവരൊക്കെയും. കരുണാവാരിധിയായ അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ ഇവരെല്ലാം കരഞ്ഞുകൊണ്ട് സാഷ്ടാംഗം വീഴുമായിരുന്നു'' (19:58). അല്‍ഇസ്രാഅ് 109-ാം സൂക്തത്തിലും അസ്സുമര്‍ 23-ാം സൂക്തത്തിലും ദൈവികസൂക്തങ്ങളോടുള്ള വിശ്വാസികളുടെ സമീപനമെങ്ങനെയായിരിക്കണമെന്ന് വിശദീകരിക്കുന്നുണ്ട്.

ഖുര്‍ആന്‍ മനഃപാഠം
ലോകത്തിലേറ്റവും കൂടുതല്‍ മനഃപാഠമാക്കപ്പെട്ടിട്ടുള്ള ഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്. ഏറിയോ കുറഞ്ഞോ ഖുര്‍ആന്‍ ഹൃദിസ്ഥമില്ലാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. തിരുമേനി(സ)യുടെ കാലം മുതല്‍ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ സത്യവിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇബ്‌നുമാജ റിപ്പോര്‍ട്ട് ചെയ്യുന്നു. അബൂസഈദില്‍ ഖുദ്‌രിയ്യ്(റ)നിന്ന് നിവേദനം. നബി(സ) അരുളി. ''സ്വര്‍ഗത്തില്‍ കടന്നാല്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ വ്യക്തിയോട് പറയപ്പെടും. താങ്കള്‍ ഖുര്‍ആന്‍ ഓതിക്കൊണ്ട് കയറിപ്പോവുക. ഓരോ ആയത്ത് ഓതിക്കൊണ്ട് അദ്ദേഹം ഓരോ പടികയറും. താന്‍ ഹൃദിസ്ഥമാക്കിയ സൂക്തങ്ങള്‍ തീരുന്നതുവരെ.'' ഉഹുദില്‍ രക്തസാക്ഷികളെ കൂട്ടമായി ഖബ്‌റടക്കിയപ്പോള്‍ കൂടുതല്‍ ഖുര്‍ആന്‍ ഹിഫ്‌ളുള്ളവരെയാണ് ആദ്യം ഖബ്‌റില്‍ വെച്ചിരുന്നത്. ഇത് അവര്‍ക്കുള്ള പ്രത്യേക ആദരവായാണ് പണ്ഡിതന്മാര്‍ പരിഗണിക്കുന്നത്. മാത്രമല്ല, ഇമാമത്തിന് ഏറ്റവും അര്‍ഹന്‍ കൂടുതല്‍ മനഃപാഠമുള്ള ആളാണ്. ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം. നബി അരുളി: ''ഖുര്‍ആന്‍ തീരെ മനഃപാഠമില്ലാത്തവന്‍ തകര്‍ന്നടിഞ്ഞ വീടുപോലെയാണ്.''

ഖുര്‍ആനിക ചിന്തയും
ആശയഗ്രഹണവും
ഖുര്‍ആന്‍ പാരായണവും കേള്‍ക്കലും മനഃപാഠമാക്കലും വളരെ പ്രതിഫലാര്‍ഹമായ പുണ്യങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ഖുര്‍ആന്‍ അതിനുവേണ്ടി മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണയില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ് മഹാഭൂരിപക്ഷവും. വിശുദ്ധ ഖുര്‍ആന്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ശമനവും പ്രതിവിധിയും കാരുണ്യവുമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ ഭരണഘടനയാണത്. മൗലാനൗ മൗദൂദി അഭിപ്രായപ്പെട്ടതുപോലെ മരുന്ന് ചീട്ട് ആവര്‍ത്തിച്ച് വായിച്ചാല്‍ രോഗം മാറാത്തതുപോലെ, വിശുദ്ധ ഖുര്‍ആന്‍ അര്‍ഥമറിയാതെയുള്ള പാരായണം ചെയ്യുന്നതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയോ സ്വര്‍ഗപ്രവേശം ഉറപ്പാവുകയോ ചെയ്യില്ല. സൂക്തങ്ങളുടെ അര്‍ഥം ഗ്രഹിക്കുകയും വിശദീകരണം മനസ്സിലാക്കുകയും ചിന്തിക്കുകയും വേണം. ഖുര്‍ആനൊത്ത് ജീവിക്കാനും അതിന്റെ ആശയലോകത്ത് ഊളിയിടാനും തയാറാവണം.
ഇമാം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ''ഖുര്‍ആനെപ്പറ്റി ചിന്തിക്കുകയെന്നത് കൊണ്ടുള്ള ഉദ്ദേശ്യം ഹൃദയം കൊണ്ട് അതിന്റെ ആശയങ്ങള്‍ സൂക്ഷ്മമായി ഗ്രഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുകയെന്നതാണ്. ഖുര്‍ആന്‍ അവതീര്‍ണമായത് തന്നെ അതിനു വേണ്ടിയാണ്. ആശയം ഗ്രഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ പാരായണം ചെയ്യാന്‍ വേണ്ടിയല്ല. അല്ലാഹു പറയുന്നു: ''ബുദ്ധിയുള്ളവര്‍ ഗ്രഹിക്കാനും സൂക്തങ്ങളെക്കുറിച്ച് പരിചിന്തനം ചെയ്യാനും വേണ്ടി താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ട അനുഗൃഹീത ഗ്രന്ഥം'' (38:29). മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ''അവര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അല്ലെങ്കില്‍ അവരുടെ ഹൃദയങ്ങള്‍ക്ക് പൂട്ടുണ്ടോ?'' (47:24). ''അവര്‍ക്ക് മനസ്സിലാവാന്‍ വേണ്ടിയാണ് നാമതിനെ അറബിയിലുള്ള ഖുര്‍ആനാക്കിയത്.'' ഹസന്‍ പറയുന്നു: ''ഖുര്‍ആനെക്കുറിച്ച് ആലോചിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത്. എന്നാല്‍ പാരായണത്തെ അവര്‍ ഏക കര്‍മമാക്കി മാറ്റി'' (മദാരിജുസ്സാലികീന്‍ ബൈന മനാസിലി ഇയ്യാക്കനഅ്ബുദു വഇയ്യാക്കനസ്തഈന്‍).
മുഹമ്മദ് റശീദ് രിദ എഴുതുന്നു: ''ഖുര്‍ആനിക സൂക്തങ്ങളെക്കുറിച്ച് ചിന്തിക്കുകയെന്നത് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും നിര്‍ബന്ധമായ കാര്യമാണ്. മുജ്തഹിദുകളെന്ന് അറിയപ്പെടുന്നവര്‍ക്ക് മാത്രം ബാധകമായതല്ല. ഏക ഉപാധി ഖുര്‍ആന്റെ ഭാഷയും ശൈലിയും അറിയുകയെന്നതാണ്.'' ഖുര്‍ആന്‍ ചിന്ത മുസ്‌ലിംകള്‍ പരിത്യജിച്ചതിന്റെ തിക്തഫലങ്ങള്‍ അദ്ദേഹം തുടര്‍ന്ന് വിശകലനം ചെയ്യുന്നത് ഇങ്ങനെ വായിക്കാം: ''മുസ്‌ലിംകള്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കുകയും അതില്‍ നിന്ന് എല്ലാ കാലത്തും സന്മാര്‍ഗദര്‍ശനം ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നുവെങ്കില്‍ അവരുടെ സ്വഭാവവും സംസ്‌കാരവും മലിനമാവുമായിരുന്നില്ല. അവരുടെ ഭരണാധികാരികള്‍ അക്രമികളോ സ്വേഛാധിപതികളോ ആകുമായിരുന്നില്ല. അവരുടെ അധികാരവും ആധിപത്യവും നാമാവശേഷമാവുമായിരുന്നില്ല. ജീവിത വിഭവങ്ങളുടെ കാര്യത്തില്‍ മറ്റുള്ളവരുടെ ആശ്രിതരുമാകുമായിരുന്നില്ല'' (തഫ്‌സീറുല്‍ മനാര്‍).

ഖുര്‍ആനും കര്‍മജീവിതവും
വിശുദ്ധ ഖുര്‍ആന്‍ കേവല വൈജ്ഞാനിക ഗ്രന്ഥമല്ല; വിജ്ഞാനങ്ങളുടെ സംവേദനമല്ല അതിന്റെ ആത്യന്തിക ലക്ഷ്യം. മനുഷ്യന്റെ സംസ്‌കരണവും സ്രഷ്ടാവിലേക്കുള്ള മാര്‍ഗദര്‍ശനവും അവന്റെ സ്വര്‍ഗലബ്ധിയുമാണ്. അതിനാല്‍ വിശ്വാസിയുടെ ഖുര്‍ആനുമായുള്ള ബന്ധം വിശ്വാസത്തില്‍ തുടങ്ങി വായനയിലൂടെയും പഠന മനനങ്ങളിലൂടെയും വളര്‍ന്നു ജീവിതത്തില്‍ പടര്‍ന്ന് പന്തലിച്ച് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. വിവിധ ഘട്ടങ്ങളിലുള്ള ഈ ബന്ധമാണ് അവനെ ഖുര്‍ആന്റെ ആളും വക്താവും പ്രയോക്താവുമാക്കുന്നത്. ഇതിലെവിടെയെങ്കിലും വിടവുണ്ടാവുകയോ കണ്ണിമുറിയുകയോ ചെയ്താല്‍ ഖുര്‍ആനെ പരിത്യജിച്ചവരുടെ കൂട്ടത്തില്‍ അവര്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
നബി(സ)യുടെ സ്വഭാവത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആഇശ(റ) പറഞ്ഞത് പ്രവാചകന്റെ സ്വഭാവം ഖുര്‍ആനായിരുന്നുവെന്നാണ്. ഭൂമിയില്‍ നടക്കുന്ന ഖുര്‍ആനെന്ന് തിരുമേനി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഖാദി ഇയാദ് പറയുന്നു: ''ഖുര്‍ആനിലുള്ളതിന്റെ ആകെത്തുകയായിരുന്നു മുഹമ്മദ് നബി(സ)യുടെ സ്വഭാവം. ഖുര്‍ആന്‍ നന്നായി കാണുകയും പ്രശംസിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് തിരുമേനി എടുത്തണിഞ്ഞു. ചീത്തയായി കാണുകയും നിരോധിക്കുകയും ചെയ്തതില്‍ നിന്ന് വിട്ടുനിന്നു.'' സ്വഹാബികള്‍ പത്ത് ആയത്ത് പഠിച്ചാല്‍ അത് ജീവിതത്തില്‍ പകര്‍ത്തുന്നത് വരെ പുതിയത് പഠിച്ചിരുന്നില്ല.
ധര്‍മവിചാരങ്ങളും സാരോപദേശങ്ങളും ആചാരാനുഷ്ഠാനങ്ങളുടെ വിശദീകരണങ്ങളുമെന്ന പരമ്പരാഗത മതഗ്രന്ഥ സങ്കല്‍പങ്ങളുമായി ഖുര്‍ആനെ സമീപിക്കുന്നവര്‍ തീര്‍ച്ചയായും നിരാശപ്പെടും. വിശ്വാസകാര്യങ്ങളും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളും കുടുംബസംവിധാനങ്ങളും ഖുര്‍ആന്റെ പ്രതിപാദ്യ വിഷയങ്ങളാണ്. ''ഗ്രന്ഥത്തില്‍ ഒരു കുറവും നാം വരുത്തിയിട്ടില്ല'' (6:38). ''ഈ ഗ്രന്ഥം സകല സംഗതികളെയും വിവരിച്ചുതരുന്നതായി നാം അവതരിപ്പിച്ചിരിക്കുന്നു'' (16:89). ''സകല സംഗതികളുടെയും വിശദീകരണം'' (12:111) ഇങ്ങനെയുള്ള ഖുര്‍ആന്റെ സ്വയം പരിചയപ്പെടുത്തലുകള്‍ ആ മഹദ്ഗ്രന്ഥത്തിന്റെ സമഗ്രതയും സമ്പൂര്‍ണതയും വ്യക്തമാക്കുന്നുണ്ട്. വിഷയങ്ങളെ വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജീവിതത്തെ മൊത്തം ഖുര്‍ആനിക നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്താനാണ് അത് അനുയായികളോട് ആവശ്യപ്പെടുന്നത്. വിശ്വാസികളുടെ ഡ്രസ് കോഡടക്കം ഇതിന്റെ ഭാഗമാണ്. സാധാരണ അര്‍ഥത്തിലുള്ള മതഭൗതിക വിവേചനം ഇവിടെ കാണുക സാധ്യമല്ല. ഖുര്‍ആനെ ദൈവിക ഗ്രന്ഥമായി വിശ്വസിച്ച് അംഗീകരിക്കുന്നവര്‍ ജീവിതത്തിന്റെ എല്ലാ വിഷയങ്ങളിലും ആ മഹദ് ഗ്രന്ഥത്തിന്റെ വിധി തേടാനും അംഗീകരിക്കാനും ബാധ്യസ്ഥരാണ്. താല്‍പര്യങ്ങളുടെയും താല്‍ക്കാലിക ഭൗതിക നേട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഖുര്‍ആനിക അധ്യാപനങ്ങളും നിര്‍ദേശങ്ങളും  തള്ളിക്കളയുന്നവര്‍ ഇസ്രാഈല്യരോടുള്ള അല്ലാഹുവിന്റെ ചോദ്യം ഓര്‍ത്തുവെക്കുക: ''നിങ്ങള്‍ വേദത്തിന്റെ ചില ഭാഗങ്ങള്‍ അംഗീകരിക്കുകയും മറ്റു ഭാഗങ്ങള്‍ നിഷേധിക്കുകയുമാണോ? അവ്വിധം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഐഹിക ജീവിതത്തില്‍ നിന്ദ്യനും നീചനുമായിത്തീരുകയും അന്ത്യദിനത്തില്‍ ഏറ്റവും കഠിനമായ പീഡനത്തിലേക്ക് തള്ളപ്പെടുകയുമല്ലാതെ മറ്റെന്ത്? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ല തന്നെ'' (2:85).


ഖുര്‍ആനെന്ന അവാച്യ അനുഭവം
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്കവസരം കിട്ടി. ഇസ്‌ലാമിക നവോത്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളുമായിരുന്നു വിഷയം. ഒരു പ്രശസ്ത യൂറോപ്യന്‍ നഗരത്തിലാണ് സമ്മേളനം ചേര്‍ന്നത്. ലോക പ്രശസ്ത പണ്ഡിതന്മാരും ചിന്തകന്മാരും അതില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ദിവസവും ആരംഭിച്ചതും അവസാനിച്ചതും ഒരു പ്രസിദ്ധ 'ഖാരിഇ'ന്റെ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു.
പ്രഭാഷകരുടെ വാക്കുകള്‍ സദസ്സ് സാകൂതം ശ്രദ്ധിച്ചിരുന്നു. എന്നിട്ടും നൂറുകണക്കിന് ആളുകളുടെ സാന്നിധ്യം ഞങ്ങള്‍ക്കനുഭവപ്പെട്ടു. ഒരാള്‍ തൊട്ടടുത്തിരിക്കുന്നവനോട് സ്വകാര്യം പറയുന്നു. മറ്റൊരാള്‍ കസേര വലിച്ചൊതുക്കിയിടുന്നു. വേറൊരാള്‍ കടലാസുകള്‍ ചിക്കിച്ചികയുന്നു. ഖുര്‍ആന്‍ പാരായണമങ്ങ് തുടങ്ങേണ്ട താമസം, എല്ലാ ചലനങ്ങളും ഞൊടിയിടയില്‍ നിലച്ചുപോയി. ഗാംഭീര്യത്തില്‍ ചാലിച്ച ശാന്തത-സദസ്സിനെ കീഴടക്കി. ഓത്തുകാരന്‍ ശ്വാസമയക്കാനായി ഒന്നു നിര്‍ത്തിയപ്പോള്‍ മറ്റൊരു ശബ്ദവും കേള്‍ക്കുന്നില്ല. എന്നല്ല, സദസ്യരുടെ മുഴുവന്‍ ശ്വാസം നിലച്ചുപോയതുപോലെ. ആളുകള്‍ ശാന്തമായിരുന്ന് തങ്ങളുടെ ഹൃദയമിടിപ്പുകള്‍ ശ്രദ്ധിക്കുന്നു. ശാന്തത! ആ പാരായണം ഒഴുകുന്ന നദിയായിരുന്നു. ചിലപ്പോഴത് ശാന്തമായൊഴുകി. മറ്റു ചിലപ്പോള്‍ ശൂരതയോടെ കൂലം കുത്തിയൊഴുകി. അവാച്യമായ അനുഭവം അതിന്റെ മൂര്‍ധന്യത പ്രാപിച്ചത് അവസാന ദിവസമാണ്. വിടപറയും മുമ്പ് 'ഖാരിഅ്' ഒരു പ്രത്യേക സമ്മാനം തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. അന്നദ്ദേഹം തെരഞ്ഞെടുത്തത് 'അര്‍റഹ്മാന്‍' അധ്യായമാണ്. ശൈലീഭംഗി കൊണ്ടും കോര്‍വ കൊണ്ടും സുന്ദരവും സുപ്രസിദ്ധവുമായ അധ്യായം! അപ്പോഴത്തെ എന്റെ മാനസികാവസ്ഥയും അനുഭൂതിയും വിവരിക്കുക അസാധ്യം. 'ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ദിബാന്‍'... ആവര്‍ത്തിച്ചു വരുന്ന ഈ വചനമൊഴിച്ച് മറ്റൊന്നിന്റെയും അര്‍ഥമെനിക്കറിയില്ലായിരുന്നു. എന്നിട്ടും മുഴുവന്‍ വചനങ്ങളുടെയും അര്‍ഥം എനിക്ക് മനസ്സിലാകുന്നതുപോലെ തോന്നി. സമ്മേളനം നടന്ന ഓരോ ദിവസവും ഖുര്‍ആന്‍ പാരായണം കഴിയുമ്പോള്‍ ഞാന്‍ അവിടെ കൂടിയവരുമായി കൂടുതല്‍ കൂടുതല്‍ അടുക്കുന്നു! ഈ അനുഭൂതി മറ്റുള്ളവര്‍ക്കുണ്ടെന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. 'കാണുന്നില്ലേ, നമ്മളൊക്കെ ഇസ്‌ലാമിക സഹോദരങ്ങളല്ലേ?' അവര്‍ പറയാന്‍ വെമ്പുന്ന പോലെ.
അലി ഇസ്സത്ത് ബെഗോവിച്ച


 

Comments