Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

മൗലാനാ ശഫീഅ്‌ മൂനിസ്‌ സാഹിബ്‌ അന്തരിച്ചു

ഇന്ത്യന്‍ മുസ്‌ലിം നേതൃനിരയിലെ പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമിയുടെ തലമുതിര്‍ന്ന നേതാവും സംഘടനയുടെ ദേശീയോപദേഷ്‌ടാവുമായിരുന്ന മൗലാനാ ശഫീഅ്‌ മൂനിസ്‌ അന്തരിച്ചു. 2011 ഏപ്രില്‍ 6 ബുധനാഴ്‌ചയായിരുന്നു അന്ത്യം. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭായോഗം ദല്‍ഹിയിലെ ഓഖ്‌ല മര്‍കസില്‍ നടന്നു കൊണ്ടിരിക്കെ രാവിലെ തളര്‍ന്നു വീഴുകയും മസ്‌തിഷ്‌ക രക്ത സ്രാവത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഉച്ചക്ക്‌ 1.30ന്‌ മരണം സംഭവിക്കുകയുമായിരുന്നു. അവസാനശ്വാസം വരെ പ്രസ്ഥാനത്തിന്റെ കൂടെ സഞ്ചരിച്ച ത്യാഗിവര്യനായിരുന്നു ശഫീഅ്‌ മൂനിസ്‌ സാഹിബ്‌. മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കള്‍ ദല്‍ഹിയിലുള്ള സമയമായതിനാല്‍ അവര്‍ക്ക്‌ പരേതന്റെ വീട്‌ സന്ദര്‍ശിച്ച്‌ അനുശോചനമറിയിക്കാന്‍ കഴിഞ്ഞു. 1918 മെയ്‌ 1-ന്‌ ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ ഗുല്‍ഹേരി ഗ്രാമത്തിലായിരുന്ന ജനനം. റഹ്‌മത്ത്‌ ഇലാഹി ഇല്യാസ്‌ഖാന്‍ അയിരുന്നു പിതാവ്‌. ഔദ്യോഗിക വിദ്യാഭ്യാസത്തിന്‌ ശേഷം അധ്യാപകനായാണ്‌ പൊതു രംഗപ്രവേശം. അതോടൊപ്പം കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ഗ്രൂപ്പില്‍ സജീവ പ്രവര്‍ത്തകനായിരുന്ന മൂനിസ്‌ സാഹിബ്‌ യുവത്വത്തിലേ വിപ്ലവ ചലനങ്ങളോട്‌ സജീവമായ ആഭിമുഖ്യം പുലര്‍ത്തി. ഉറുദു, ഹിന്ദി, പേര്‍ഷ്യന്‍ ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ അദ്ദേഹം 1940-ല്‍ അധ്യാപക സര്‍ട്ടിഫിക്കറ്റ്‌ നേടുകയും ദല്‍ഹിയിലെ അജ്‌മീരി ഗ്രേറ്റ്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപനാവുകയും ചെയ്‌തു. ഉറുദു, ഹിന്ദി, പേര്‍ഷ്യന്‍, അറബി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളില്‍ നൈപുണ്യമുണ്ടായിരുന്നു. വ്യക്തിനിയമത്തെക്കുറിച്ചും ജമാഅത്തെ ഇസ്‌ലാമിയുടെ സംക്ഷിപ്‌ത ചരിത്രത്തെക്കുറിച്ചും ഉറുദുവില്‍ ഗ്രന്ഥം രചിച്ചിട്ടുണ്ട്‌. ഉറുദുവില്‍ തന്നെ രണ്ട്‌ കവിതാ സമാഹാരങ്ങളും തയാറാക്കി. ഇസ്‌ലാം ഔര്‍ സിയാസി കശ്‌മകശ്‌ (ഇസ്‌ലാമും രാഷ്‌ട്രീയ വടംവലികളും) എന്ന കൃതി വായിച്ചാണ്‌ മൗദൂദി സാഹിബിന്റെ ചിന്തകളില്‍ ആകൃഷ്‌ടനാവുന്നത്‌. 1944ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മൗലാനാ ശഫീഅ്‌ മൂനിസ്‌ സാഹിബിന്റെ നിര്യാണത്തോടെ ആദ്യകാല കണ്ണികളില്‍ ജീവിച്ചിരിപ്പുള്ള അപൂര്‍വം വ്യക്തിത്വങ്ങളിലൊരാളെയാണ്‌ നമുക്ക്‌ നഷ്‌ടമായിരിക്കുന്നത്‌. ഗാസിയാബാദ്‌, ദല്‍ഹി എന്നിവിടങ്ങളില്‍ പ്രാദേശിക നേതൃത്വം വഹിച്ചതോടൊപ്പം ദല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ്‌, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളില്‍ വിവിധ കാലങ്ങളില്‍ സംസ്ഥാന അമീറായും സേവനമനുഷ്‌ഠിച്ചിരുന്നു. കേന്ദ്രശൂറയിലും പ്രതിനിധി സഭയിലും ദീര്‍ഘകാലമായി അംഗമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ-മുസ്‌ലിം സാമുദായിക വിഷയങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ്‌, മുസ്‌ലിം മജ്‌ലിസെ മുശാവറ ജനറല്‍ സെക്രട്ടറി, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ അംഗം, എഫ്‌.ഡി.സി.എ ജനറല്‍ സെക്രട്ടറി, ദല്‍ഹി തഅ്‌ലീമി കൗണ്‍സില്‍ ഭാരവാഹിത്വം തുടങ്ങിയ സ്ഥാനങ്ങളോടൊപ്പം ഒട്ടേറെ സാമൂഹിക-സേവന-രാഷ്‌ട്രീയ സംരംഭങ്ങളിലും മേല്‍നോട്ടം വഹിച്ചിരുന്നു. മൗലാനാ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ അഗാധമായി സ്വാധീനിച്ച മൂന്ന്‌ വ്യക്തിത്വങ്ങള്‍. അടിയന്തരാവസ്ഥയില്‍ മൂന്ന്‌ തവണ ജയിലിലടക്കപ്പെട്ടു. അദ്ദേഹത്തിന്റെ ലളിതജീവിതത്തില്‍ ആകൃഷ്‌ടരായവരാണ്‌ മൊറാര്‍ജി ദേശായി, ജവഹര്‍ലാല്‍ നെഹ്‌റു, അദ്വാനി മുതലായവര്‍. സമുദായ ഉന്നമനത്തിനായി ശബ്‌ദിച്ച അദ്ദേഹം ഇതര മത- രാഷ്‌ട്രീയ സംഘടനകളോടെല്ലാം അനുഭാവ പൂര്‍ണമായ സമീപനം പുലര്‍ത്തിയിരുന്നതും അദ്ദേഹത്തെ വ്യതിരിക്തനാക്കി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം