Prabodhanm Weekly

Pages

Search

2011 ജൂലൈ 30

ചോദ്യോത്തരം

 പ്രഫ. എ.കെ രാമകൃഷ്ണന്റെ 'മതരാഷ്ട്രവാദം'
പാണക്കാട് ശിഹാബ് തങ്ങള്‍ രാജ്യാന്തര സെമിനാറില്‍ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി പ്രഫ. ഡോ. എ.കെ രാമകൃഷ്ണന്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്: "രാജ്യത്തെ മുസ്ലിം സമൂഹം കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വിശ്വാസവും രാഷ്ട്രീയവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോവാമെന്നാണ് ചിന്തിക്കേണ്ടത്. മത മൂല്യങ്ങളെ സമകാലിക യാഥാര്‍ഥ്യങ്ങളുമായി സമരസപ്പെടുത്തിയതിനു പ്രവാചകന്‍ തന്നെയാണ് ഏറ്റവും നല്ല മാതൃക. മത പ്രത്യയശാസ്ത്രത്തിന്റേതെന്ന പോലെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും പ്രവാചകനായിരുന്നു മുഹമ്മദ് നബി. അദ്ദേഹം ഒരു രാഷ്ട്രത്തിന്റെ അധിപനായിരുന്നു. മതവിശ്വാസത്തെ ഒഴിവാക്കിക്കൊണ്ടുള്ള രാഷ്ട്രീയമായിരുന്നില്ല അത്. മറ്റു മതവിഭാഗങ്ങള്‍ക്കും നിരീശ്വരവാദികള്‍ക്കും സമരസപ്പെട്ടുപോകാമെന്നതായിരുന്നു പ്രവാചക രാഷ്ട്രത്തിന്റെ പ്രത്യേകത'' (ഗള്‍ഫ് മാധ്യമം, ജൂലൈ 10, 2011).
മുസ്ലിം ലീഗ് നേതാക്കളുടെ വേദിയില്‍ ഡോ. എ.കെ രാമകൃഷ്ണന്‍ നടത്തിയ പ്രഭാഷണത്തെക്കുറിച്ച് മുജീബ് എന്തു പറയുന്നു?
മുഹമ്മദ് അസ്ഹര്‍ പൈങ്ങോട്ടായി
ഇസ്ലാമിനെ അതിന്റെ പ്രമാണങ്ങളും, പ്രവാചകന്റെയും സച്ചരിതരായ നാല് ഖലീഫമാരുടെയും മാതൃകയും അടിസ്ഥാനമാക്കി വിലയിരുത്തിയാല്‍ ജീവിതത്തെ പലതായി വിഭജിച്ചു സ്വകാര്യ ജീവിതം മാത്രം ദൈവത്തിന് വിട്ടുകൊടുക്കുന്ന ഒരു മതേതര സങ്കല്‍പത്തോട് ഒരു വിധത്തിലും അതിനെ പൊരുത്തപ്പെടുവിക്കാനാവില്ല. അങ്ങനെയുള്ള ശ്രമങ്ങളെല്ലാം പരിഹാസ്യമാംവിധം വിഫലമാവുകയേ ചെയ്തിട്ടുള്ളൂ. യഥാര്‍ഥത്തില്‍ തിയോക്രാറ്റിക് സ്റേറ്റ് സംവിധാനം നിലനിന്ന ക്രൈസ്തവ യൂറോപ്പ്, അതിന്റെ കെടുതികളില്‍നിന്ന് മോചിതമാവാന്‍ കണ്ടെത്തിയ രാഷ്ട്രീയ വ്യവസ്ഥയാണ് സെക്യുലരിസം. അത് ഒരുകാലത്തും പൌരോഹിത്യമോ പൌരോഹിത്യ വാഴ്ചയോ തത്ത്വത്തിലും പ്രയോഗത്തിലും ഇല്ലാതിരുന്ന ഇസ്ലാമിക ലോകത്തിലേക്ക് ഇറക്കുമതി ചെയ്യേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. മുസ്ലിം രാജ്യങ്ങളെ യൂറോപ്യന്‍ സാമ്രാജ്യശക്തികള്‍ കോളനിവത്കരിച്ച നൂറ്റാണ്ടുകളില്‍ ബലപ്രയോഗത്തിലൂടെ അടിച്ചേല്‍പിച്ചതാണ് ഇസ്ലാമിന് കടകവിരുദ്ധമായ സെക്യുലരിസം. മാപ്പ് സാക്ഷികളും ആദര്‍ശഭീരുക്കളുമായ ഒരുപറ്റം പണ്ഡിതന്മാരും ബുദ്ധിജീവികളും അതിന്റെ വൈതാളികരുമായിത്തീര്‍ന്നുവെന്ന് മാത്രം. സ്വകാര്യ ജീവിതത്തെയെന്ന പോലെ പൊതുജീവിതത്തെയും സദാചാരമുക്തമാക്കുകയും അധാര്‍മികതയുടെ ചളിക്കുണ്ടിലാഴ്ത്തുകയും ചെയ്ത തലമുറകളുടെ നിര്‍മിതിയായിരുന്നു ഇതിന്റെ സ്വാഭാവികമായ പരിണതി.
എന്നാല്‍, ആധുനിക രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയുടെ മൌലിക കാരണങ്ങള്‍ തിരിച്ചറിഞ്ഞവര്‍ ഇസ്ലാമിക പണ്ഡിതന്മാരിലും ചിന്തകരിലും രംഗപ്രവേശം ചെയ്ത പോലെ ഇസ്ലാമിന്റെ പുറത്തും രംഗത്ത് വന്നതാണ് ആഹ്ളാദകരമായ മറുവശം. ശാഹ് വലിയ്യുല്ലാഹി ദഹ്ലവി, ജമാലുദ്ദീന്‍ അഫ്ഗാനി, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, മൌലാനാ അബുല്‍ കലാം ആസാദ്, സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി, ശഹീദ് ഹസനുല്‍ ബന്നാ, സയ്യിദ് ഖുത്വ്ബ്, മുഹമ്മദ് അസദ്, മൌലാനാ അബുല്‍ ഹസന്‍ അലി നദ്വി തുടങ്ങിയ ഒട്ടേറെ മഹാന്മാര്‍ രാഷ്ട്രീയമുക്തമായ ഇസ്ലാമിനെ പാടെ നിരാകരിച്ചവരും സമ്പൂര്‍ണമായ അതിന്റെ ജീവിതദര്‍ശനത്തെ തെളിയിച്ചുകാട്ടിയവരുമാണ്. പാകിസ്താന്റെ പ്രഥമ ചീഫ് ജസ്റിസ് എ.ആര്‍ കോര്‍ണിലിയസ് രാജ്യത്ത് ശരീഅത്ത് വ്യവസ്ഥ നടപ്പാക്കണമെന്ന് വാദിച്ച ക്രൈസ്തവനായിരുന്നു.
മധ്യപൌരസ്ത്യ രാഷ്ട്രീയ, സാമൂഹിക ജീവിതത്തെപ്പറ്റി ആഴത്തില്‍ പഠിച്ച പ്രഫ. എ.കെ രാമകൃഷ്ണന്‍ മഹാനായ പ്രവാചകനെ തികച്ചും ശരിയായാണ് വിലയിരുത്തിയത്. മതമുക്തവും മൂല്യമുക്തവുമായ രാഷ്ട്രീയം മുസ്ലിംകള്‍ക്കെന്നപോലെ രാജ്യത്തിനും ആപത്താണ്. മതകാര്യങ്ങള്‍ക്കെന്ന പോലെ രാഷ്ട്രീയത്തിനും ഭരണത്തിനും നേതൃത്വം നല്‍കിയ മുഹമ്മദ് നബി മാനവികതയിലും സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു ആദര്‍ശ സ്റേറ്റിന്റെ പ്രായോഗിക മാതൃക കാഴ്ചവെച്ചു. കേവല ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഒരിക്കലും സാധിക്കാത്തതാണ് നീതിയുടെ ഉദാത്തമായ പ്രയോഗവത്കരണം. "ഭൂമിയില്‍ നാം അധികാരം നല്‍കിയാല്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ഒപ്പം നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്നവരാണ് വിശ്വാസികള്‍'' എന്ന് ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ ഈ മത-രാഷ്ട്ര സമന്വയത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. "ഓ ദാവൂദ്, നിന്നെ നാം ഭൂമിയില്‍ ഖലീഫയായി നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നീ സത്യമനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി നടത്തുക. സ്വന്തം ഇഛയെ പിന്തുടരരുത്. അത് നിന്നെ ദൈവമാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കും'' (38:26) എന്ന് ഒരേസമയം പ്രവാചകനും ഭരണാധികാരിയുമായ ദാവൂദിനോട് അല്ലാഹു കല്‍പിച്ചപ്പോഴും യഥാര്‍ഥ വിശ്വാസിയുടെ രാഷ്ട്രീയ ഇടപെടല്‍ എങ്ങനെ വേണമെന്ന് സൂചിപ്പിക്കുകയായിരുന്നു.
മുസ്ലിം ലീഗിന്റെ ആദ്യകാല നേതാക്കളും മതമുക്തമായ രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നില്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപകനെന്ന് പറയാവുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വസതിയില്‍ ദേശീയോദ്ഗ്രഥന കൌണ്‍സിലിന്റെ ചോദ്യാവലിക്ക് ഇങ്ങനെ മറുപടി നല്‍കി.
ചോദ്യം: നിങ്ങളെന്തിന് രാഷ്ട്രീയത്തെ മതത്തിലേക്ക് വലിച്ചിഴക്കുന്നു?
ഉത്തരം: ഞങ്ങളങ്ങനെ ചെയ്യുന്നില്ല. എന്നാല്‍ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും മതം കലര്‍ന്നിട്ടുണ്ട്. നിങ്ങള്‍ ഒരു മതവിശ്വാസിയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗത്ത് നിന്നും മതത്തെ വേര്‍തിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം മതം പൂര്‍ണമായൊരു ജീവിതരീതിയാണ്. ജീവിതത്തിന്റെ ഒരു ഭാഗത്ത് നിന്നും അതിനെ വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയില്ല. രാഷ്ട്രീയത്തില്‍ നിന്ന് ഒരിക്കലും സാധ്യമല്ല. (മുസ്ലിം ലീഗ് നിലപാടുകളുടെ നീതിശാസ്ത്രം- എം.സി വടകര, പ്രസാധനം: വചനം ബുക്സ്, കോഴിക്കോട്, പേജ് 42).
കേവല മതേതര രാഷ്ട്രീയവുമായി മുസ്ലിം ലീഗ് നിലപാട് മാറ്റിയത് സമീപകാലത്താണ്. ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദം ആരോപിച്ച് ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയ കേരള സലഫികളുടെ ഉപജാപങ്ങള്‍ക്ക് ലീഗ് നേതൃത്വം വിധേയമായതോടൊപ്പം, ഹമീദ്-കാരശ്ശേരിമാരുടെ സ്യൂഡോ സെക്യുലരിസം ഏറ്റുപാടിയ മുനീര്‍, ഷാജി പ്രഭൃതികളുടെ ദുര്‍ബോധനവും ഇതിന് കാരണമാണ്. തന്മൂലം സംഭവിക്കുന്നത് സാമുദായിക രാഷ്ട്രീയത്തിന്റെ സമ്പൂര്‍ണ മൂല്യനിരാസവും ധര്‍മച്യുതിയുമാണെന്ന് വ്യക്തം. ലീഗില്‍ തന്നെ ഇതിനോട് ശക്തമായ വിയോജിപ്പുള്ളവരുണ്ട്.

മതേതരത്വത്തിലെ അപകടങ്ങള്‍
 "ക്യാപിറ്റലിസം, സോഷ്യലിസം, സെക്യുലരിസം, ഹ്യൂമനിസം എന്നിവ പ്രചരിപ്പിക്കാനും വിശദീകരിക്കാനും സുഖകരമായ വാദങ്ങളാണെങ്കിലും അപകടകരമായ പലതും ഇവക്കകത്ത് ഒളിഞ്ഞു കിടപ്പുണ്ട്. ഒന്നാമതായി, മതവിശ്വാസത്തെയും ദൈവവിശ്വാസത്തെയും നിരാകരിക്കുന്ന തത്ത്വശാസ്ത്രമാണ് ഇവയൊക്കെയും.... പടിഞ്ഞാറ് വിഭാവനം ചെയ്യുന്ന മതേതരത്വം, ഇസ്ലാമിക ദൃശ്യാ ഏറെ അപാകതകള്‍ നിറഞ്ഞതും അപകടം പിടിച്ചതുമാണ്....'' (മതേതരത്വ പ്രയോഗങ്ങളിലെ കാണാച്ചുഴികള്‍, മന്‍സൂര്‍ ഹുദവി, സത്യധാര 2011 ജൂണ്‍ 1-15). പ്രതികരണം?
കെ.കെ ഫൈസല്‍
വാരം, കണ്ണൂര്‍
മനുഷ്യന്‍ വെറും ഭൌതികജീവിയാണ്, ഇഹലോക ജീവിതത്തിനപ്പുറം ഒരു ജീവിതമില്ല, അതിനാല്‍ ഇഹലോക സുഖത്തിനായി എന്തു ചെയ്യുന്നതും ന്യായീകരിക്കാനാവും എന്ന മൌലിക കാഴ്ചപ്പാട് പങ്കിടുന്നവയാണ് എല്ലാ മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങളും. അവയില്‍ ചിലത് സ്വകാര്യ ജീവിതത്തില്‍ മതവിശ്വാസത്തെ പൊറുപ്പിക്കാന്‍ തയാറാണെന്ന് മാത്രമേയുള്ളൂ വ്യത്യാസം. ദൈവപ്രോക്തമായ ധര്‍മത്തിലും സദാചാരത്തിലും വിശ്വസിക്കാത്ത ഏത് ജീവിതദര്‍ശനവും മനുഷ്യര്‍ക്ക് ഈ ലോകത്ത് തന്നെ നാശം മാത്രമേ വരുത്തിവെക്കൂ. ഏറ്റവും വലിയ ഉദാഹരണമാണ്, മതേതര ഇന്ത്യയുടെ കഴിഞ്ഞ 10 വര്‍ഷത്തെ സമ്പാദ്യം 15,55000 കോടി രൂപയുടെ അഴിമതിയാണെന്ന റിപ്പോര്‍ട്ട്. ഈ ദുരവസ്ഥക്ക് പ്രതിവിധി നിര്‍ദേശിക്കാന്‍ ഏത് ഇസത്തിനാണ് സാധ്യമാവുക?
സത്യം തുറന്നെഴുതിയ സത്യധാര ലേഖകന്‍ സെന്‍സര്‍ഷിപ്പിന് വിധേയനാവുമോ എന്ന് കാത്തിരുന്നു കാണാം.

ഇസ്ലാമിക കല
 ജമാഅത്തെ ഇസ്ലാമി ഈയിടെയായി കലാരൂപങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്നതായി കാണാം. ബുദ്ധിക്ക് നിരക്കുന്നതായതും കണ്ണിനും മനസ്സിനും അരോചകമാകാത്തതുമായവക്ക് പ്രോത്സാഹനം നല്‍കാം എന്നതാണ് വാദം. ഇപ്പോള്‍ നടത്തിവരുന്ന കലാരൂപങ്ങള്‍ക്കും സംഗീത പരിപാടികള്‍ക്കും പ്രവാചക കാലഘട്ടത്തിലോ പിന്നീടോ വല്ല ഉദാഹരണവും ഉണ്ടോ? ഇപ്പോള്‍ പുതിയതായി കണ്ടുവരുന്ന ഒരു പ്രവണതയാണ് വിദ്യാര്‍ഥി യുവജനങ്ങളായ പ്രസ്ഥാന പ്രവര്‍ത്തകര്‍ ഫിലിം ഫെസ്റിവലുകളോട് കാണിക്കുന്ന താല്‍പര്യം. ഫിലിം ഫെസ്റിവലില്‍ ഇറാനിയന്‍ ഫിലിം മാത്രമല്ല പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരം കൂട്ടരെ പ്രസ്ഥാനത്തിലെ പുതിയ ബുദ്ധിജീവികള്‍ എന്നാണ് എല്ലാവരും കരുതുന്നത്. ഈ സമീപനം ഇപ്പോള്‍ നിയന്ത്രിക്കാനായില്ലെങ്കില്‍ വരുംകാലങ്ങളില്‍ നമസ്കാരത്തേക്കാള്‍ പ്രാധാന്യം ഇത്തരം കാര്യങ്ങള്‍ക്കാവില്ലേ? ഫെസ്റിവെല്‍ സമയത്ത് മഗ്രിബ് നമസ്കാര വേളയില്‍ പോലും പലരും തിയേറ്ററിലാണ്. ഇതില്‍ എന്താണ് ജമാഅത്തിന് പറയാനുള്ളത്?
അബൂ അമല്‍ തിരുവനന്തപുരം
"ചോദിക്കൂ, തന്റെ ദാസന്മാര്‍ക്ക് അല്ലാഹു പ്രദാനം ചെയ്ത സൌന്ദര്യത്തെയും നല്ല ആഹാര സാധനങ്ങളെയും വിലക്കിയത് ആരാണ്? പറയൂ, അതൊക്കെ ഈ ദുന്‍യാവില്‍ വിശ്വാസികള്‍ക്കവകാശപ്പെട്ടതാണ്, പരലോകത്ത് അവര്‍ക്ക് മാത്രവും'' (7:32). ജീവിത സന്തുഷ്ടിയുടെ മുഖ്യോപാധിയാണ് സൌന്ദര്യം. ഇസ്ലാമിക സൌന്ദര്യശാസ്ത്രം പ്രകൃതിയിലും മനുഷ്യരിലുമുള്ള സൌന്ദര്യത്തെ ആസ്വദിക്കാനും അനുഭവിക്കാനും പ്രേരിപ്പിക്കുന്നു. അതിലെ പരിധികളും വിലക്കുകളും പോലും ആത്യന്തികമായി ആസ്വാദനത്തെ ഉത്കൃഷ്ടതയുടെ പരമോന്നത തലത്തിലേക്ക് ഉയര്‍ത്താനുള്ളതാണ്. ഈ കാഴ്ചപ്പാടിലൂടെയാണ് കലയെ നോക്കിക്കാണേണ്ടത്. ആരാധനയിലും ആഹാരത്തിലും വേഷത്തിലും വാസത്തിലും പ്രബോധനത്തിലുമെല്ലാം  കലയുണ്ട്. യാതൊരു കലാബോധവുമില്ലാത്ത ഏത് പ്രവൃത്തിയും വെറുപ്പും തിരസ്കാരവുമാണ് സൃഷ്ടിക്കുക. കൊന്നു തിന്നുന്ന മൃഗങ്ങളെ പോലും അറുക്കുന്നത് നന്നായി വേണമെന്ന് നബി(സ) പഠിപ്പിച്ചത് ശ്രദ്ധേയമാണ്.
ആധുനിക മനുഷ്യന്‍ കണ്ടെത്തിയ ശക്തമായ പ്രചാരണ ആസ്വാദന മാധ്യമമാണ് സിനിമ. ഭൌതികവാദികള്‍ അതിനെ ദുരുപയോഗപ്പെടുത്തുന്നു എന്നുള്ളത്, അതിനെ തീരെ തിരസ്കരിക്കാന്‍ വിശ്വാസികള്‍ക്ക് കാരണമായിക്കൂടാ. മാനവികമോ ധാര്‍മികമോ ആയ മൂല്യങ്ങളെ ഉദ്ദീപിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സിനിമ ആര് ഉല്‍പാദിപ്പിച്ചാലും അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വിശിഷ്യാ തിന്മയുടെ സിനിമകള്‍ ആധിപത്യം പുലര്‍ത്തുന്ന വര്‍ത്തമാനകാലത്ത് ബദല്‍ സിനിമകളെ പരമാവധി പ്രോത്സാഹിപ്പിച്ചേ പറ്റൂ. അതിനര്‍ഥം നമസ്കാരവും മറ്റു ആരാധനകളും മുടക്കി സിനിമ കാണണമെന്നോ കാണിക്കണമെന്നോ അല്ല. സിനിമയിലാണെങ്കില്‍ ഒരു ധാര്‍മിക പരിധിയും പാലിക്കേണ്ടതില്ല എന്നുമല്ല. വിശ്വാസപരവും തൊഴില്‍പരവും സാമൂഹികവുമായ ബാധ്യതകള്‍ നിറവേറ്റുന്നതോടൊപ്പം കലക്കും അതിന്റേതായ പങ്ക് നല്‍കണമെന്നതാണ് ശരി. നബിയുടെ സദസ്സിലും കാലഘട്ടത്തിലും കവിതാവതരണവും കായിക പ്രദര്‍ശനവും പാട്ടും ആയുധ പരിശീലനവും കുതിര സവാരിയുമൊക്കെ നടന്നിരുന്നു. പ്രവാചകന്‍ അതൊക്കെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അല്ലാതെ സിനിമ അന്നുണ്ടായിരുന്നില്ലല്ലോ.

സേവനങ്ങള്‍ വിളിച്ചുപറയുന്നതെന്തിന്
 ഒരു കൈ കൊടുത്തത് മറുകൈ അറിയരുതെന്നല്ലേ പ്രമാണം? അങ്ങനെത്തന്നെയാണ് വേണ്ടതും. എന്നിട്ടും നമ്മുടെ പ്രസ്ഥാനങ്ങളെല്ലാം അവരവര്‍ ചെയ്യുന്നത് വലിയ വായില്‍ വിളിച്ചുപറയുകയും പത്രം നിറക്കുകയും ചെയ്യുന്നല്ലോ! ജമാഅത്തെ ഇസ്ലാമിയും അക്കൂട്ടത്തില്‍പെടുമോ? കാരണം എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ സോളിഡാരിറ്റി വഹിച്ച പങ്ക് നമുക്കറിയാം. എന്നിട്ടും തങ്ങളാണ് ഇതിനു വേണ്ടി പണിയെടുത്തവരെന്ന് അറിയിക്കാന്‍ അത് പൊതുസ്ഥലത്ത് വിളിച്ചു പറയുകയും മറ്റും ചെയ്തു. മറ്റുള്ളവരെ പോലെ ജമാഅത്തെ ഇസ്ലാമി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. കാരണം, നമ്മള്‍ എല്ലാ ക്രെഡിറ്റും ദൈവത്തിനര്‍പ്പിക്കേണ്ടവരല്ലേ?
അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുമ്പോഴും സ്വന്തം കടമകള്‍ മറക്കുകയല്ലേ മാര്‍ച്ചിലൂടെയും സമരങ്ങളിലൂടെയും ഉണ്ടാവുന്നത്? വെറുതെ മാര്‍ച്ച് നടത്തുകയല്ലാതെ പലതിനും പരിഹാരമാവുന്നില്ല എന്നതല്ലേ സത്യം? ആരെയും ദ്രോഹിക്കാത്ത എന്നാല്‍ എല്ലാവരിലും മതിപ്പുളവാക്കുന്ന പുതിയ ആശയങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിക്കൂടേ?
ലബീബ എ.ആര്‍ നഗര്‍
പൊതുനന്മയും നന്മക്കുള്ള പ്രോത്സാഹനവും ആവശ്യപ്പെടുന്നുവെങ്കില്‍ വ്യക്തികള്‍ക്ക് പോലും ധനസഹായവും സേവനവും പരസ്യമാക്കുന്നതിന് ഖുര്‍ആനോ ഇസ്ലാമോ എതിരല്ല. പ്രത്യുപകാരവും ജനസമ്മതിയും മോഹിച്ചുള്ള ദാനധര്‍മങ്ങളെയാണ് കര്‍ശനമായി വിലക്കിയത്. "നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമാക്കിയാല്‍ നല്ലത് തന്നെ. എന്നാല്‍ അത് സ്വകാര്യമാക്കുന്നതും പാവങ്ങള്‍ക്ക് നല്‍കുന്നതുമാണ് നിങ്ങള്‍ക്ക് നല്ലത്'' (2:271) എന്നാണ് ഖുര്‍ആന്റെ പ്രസ്താവന. അത്യന്തം പ്രതികൂല സാഹചര്യത്തില്‍, അടിച്ചേല്‍പിക്കപ്പെട്ട തബൂക്ക് യുദ്ധത്തിന് സന്നദ്ധരാവാന്‍ നബി(സ) ആഹ്വാനം ചെയ്തപ്പോള്‍, സ്വത്ത് മുഴുവന്‍ പ്രതിരോധ ഫണ്ടിലേക്ക് നല്‍കിയ അബൂബക്കര്‍ സിദ്ദീഖിന്റെയും പകുതി നല്‍കിയ ഉമറുല്‍ ഫാറൂഖിന്റെയും മാതൃകകള്‍ ചരിത്രം നമ്മുടെ മുമ്പാകെ അനാവരണം ചെയ്തത്, അവരത് പരസ്യമായി പ്രഖ്യാപിച്ചതുകൊണ്ടല്ലേ? ഇടതുകൈ അറിയാതെ ദാനം ചെയ്തിരുന്നെങ്കില്‍ ആരറിയാന്‍?
ഇത് വ്യക്തികളുടെ കാര്യം. സംഘടനകളും കമ്മിറ്റികളും പൊതുസേവനം ചെയ്യുന്നത് ജനങ്ങളില്‍നിന്ന് സംഖ്യ സമാഹരിച്ചാണ്. അതെന്തായി എന്നറിയാനുള്ള അവകാശം അവര്‍ക്കുണ്ട്. അതുപോലെ സോളിഡാരിറ്റി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേക്കിറങ്ങാനും ശക്തിയാര്‍ജിക്കാനുമുള്ള ഉപാധികളാണ് സേവന പ്രവര്‍ത്തനങ്ങള്‍. അത് പരമസ്വകാര്യമായി ചെയ്താല്‍ പ്രസ്ഥാനം എങ്ങനെ ജനപ്രീതി നേടും? പിരിച്ചെടുത്ത തുക ശരിയായി വിനിയോഗിച്ചു എന്ന് എങ്ങനെ സമൂഹത്തെ ബോധ്യപ്പെടുത്തും? സഹായം സ്വീകരിക്കുന്നവരുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കാതെ വേണം പരസ്യമാക്കല്‍ എന്നേയുള്ളൂ. അതിലപ്പുറമുള്ളത് മൌലികവാദമാണ്.
ജനദ്രോഹകരമായ സമര പരിപാടികള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ഘരാവോ, ബന്ദ്, നിര്‍ബന്ധപൂര്‍വമായ ഹര്‍ത്താല്‍, ഗതാഗത തടസ്സം സൃഷ്ടിക്കുന്ന പ്രകടനങ്ങള്‍ എന്നിവ ഉദാഹരണം. എന്നാല്‍ സര്‍ക്കാറുകളുടെയും പാര്‍ട്ടികളുടെയും സ്ഥാപനങ്ങളുടെയും കടുത്ത ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ, ജനങ്ങളെത്തന്നെ അണിനിരത്തിയുള്ള പ്രതിഷേധങ്ങള്‍ ജനാധിപത്യപരമാണ്. ചില സന്ദിഗ്ധ ഘട്ടങ്ങളില്‍ അത് വേണ്ടിവരും. ശത്രുക്കള്‍ക്കെതിരെ ചില ഘട്ടങ്ങളില്‍ സാമ്പത്തികോപരോധം പ്രവാചകന്‍ ഏര്‍പ്പെടുത്തിയത് നിരപരാധികളെയും അത് ബാധിക്കുമെന്ന് അറിയാതെയല്ല. കൂടുതല്‍ കടുത്ത തിന്മയെ പ്രതിരോധിക്കാന്‍ അത് അനുപേക്ഷ്യമായതുകൊണ്ടാണ്. സമാധാനപരവും എന്നാല്‍ ദ്രോഹകരമല്ലാത്തതുമായ സമരമുറകള്‍ കണ്ടെത്തിയാല്‍ അത് നല്ലതുതന്നെ. ധര്‍ണ, ഉപവാസം പോലുള്ള രീതികള്‍ ഇപ്പോള്‍തന്നെ നടപ്പിലുണ്ടല്ലോ.

പ്രവാചകന്മാര്‍ തുല്യര്‍
 അതത് കാലഘട്ടത്തില്‍ നിയോഗിതരായ പ്രവാചകന്മാരെ ഒരേവിധം യോഗ്യന്മാരായി കാണാതെ അവഗണിക്കുന്ന പ്രവണത വിശ്വാസികളില്‍ ഉണ്ടായിട്ടുണ്ടോ?
എ. സിറാജുദ്ദീന്‍ മുജാഹിദ്
തിരുവട്ടൂര്‍
ഒരേ ദീന്‍ പ്രബോധനം ചെയ്ത സത്യപ്രവാചകര്‍ക്കിടയില്‍ വിശ്വാസികള്‍ വിവേചനം കല്‍പിക്കാന്‍ പാടില്ലെന്നത് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനമാണ് (2:285). എന്നാല്‍ പ്രവാചകന്മാരില്‍ ചിലരെ ചിലരേക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതും ഖുര്‍ആന്‍ തന്നെ (2:253). ചിലരെ ഖുര്‍ആന്‍ പരാമര്‍ശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഉദാഹരണത്തിന് ദുല്‍കിഫ്ല്‍, അല്‍യസഅ്. ചിലരുടെ ജീവിതാനുഭവങ്ങള്‍ സവിസ്തരം പ്രതിപാദിച്ചു. ഇബ്റാഹീം, മൂസാ എന്നിവര്‍ ഉദാഹരണം. ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്തവും മാതൃകാപരവുമായ ജീവിതം കാഴ്ചവെച്ച പ്രവാചകന്മാരെ നാം കൂടുതല്‍ അനുസ്മരിക്കും. അതില്‍ തെറ്റായോ അസ്വാഭാവികമായോ ഒന്നുമില്ല. പ്രവാചകനായ ഇബ്റാഹീമിന്റെ മാതൃക പിന്‍പറ്റൂ എന്ന് മുഹമ്മദ് നബി(സ)യോട് അല്ലാഹു കല്‍പിച്ചുവല്ലോ. മറ്റാരെയും കുറിച്ച് അങ്ങനെ പറഞ്ഞില്ല.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം