Prabodhanm Weekly

Pages

Search

2011 ജൂലൈ 30

ആദാമിന്റെ മകന്‍ അബു കാഴ്ചയിലെ പ്രശ്‌നങ്ങള്‍

കെ.ടി ഹുസൈന്‍

സലീം അഹ്മദിന്റെ ആദാമിന്റെ മകന്‍ അബു എന്ന സിനിമയെക്കുറിച്ച് പ്രബോധനത്തില്‍ (ലക്കം 8) മുഹമ്മദ് ശമീം എഴുതിയ നിരൂപണത്തോടുള്ള വിയോജനക്കുറിപ്പാണിത്.
മലയാളത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന മികച്ച സിനിമകളിലൊന്നാണ് ആദാമിന്റെ മകന്‍ അബു എന്ന കാര്യത്തില്‍ ഇപ്പോള്‍ ആരെങ്കിലും സംശയിക്കുമെന്ന് തോന്നുന്നില്ല. സമാന്തര സിനിമയുടെ ബുദ്ധിജീവി നാട്യങ്ങളൊന്നുമില്ലാത്ത ലളിതമായ ഒരൊന്നാന്തരം സിനിമ. കലാപരമായ മേന്മയേക്കാള്‍ അബുവിനെ ശ്രദ്ധേയമാക്കുന്നത്   അത് പ്രസരിപ്പിക്കുന്ന നന്മയാണ്. ഹൃദയത്തില്‍ നന്മ മാത്രം സൂക്ഷിക്കുകയും അത് സഹജീവികളെ അനുഭവിപ്പിക്കുകയും ചെയ്യുന്ന ഒരുപിടി മനുഷ്യരുടെ കഥയാണ് സലീം അഹ്മദ് ഈ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. അവരുടെ ആ നന്മയില്‍ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വ്യത്യാസങ്ങളെല്ലാം അലിഞ്ഞില്ലാതാവുകയാണ്. ഇത്രയും നന്മയുള്ളവര്‍ സംഭവലോകത്ത് സാധ്യമാണോ എന്നാണ് ചോദ്യമെങ്കില്‍ അത്തരക്കാര്‍ കുറച്ചൊക്കെയുള്ളതുകൊണ്ടാണ് ലോകമിപ്പോഴും നിലനില്‍ക്കുന്നത് എന്നാണ് ഉത്തരം.  സിനിമയുടെ പതിവ് ചേരുവകളായ വില്ലന്മാരോ കോമാളികളോ ലാസ്യവിലാസിനികളോ ഒന്നും  ഈ സിനിമയിലില്ല. എല്ലാം തനത് വ്യക്തിത്വമുള്ളവര്‍ മാത്രം. തുടക്കത്തില്‍ വില്ലനാണെന്ന് തോന്നിച്ച ഭൂമിക്കച്ചവടക്കാരന്‍ സുലൈമാന്‍ പോലും ഒടുവില്‍ ഉള്ളുരുകിയ പശ്ചാത്താപത്തിലൂടെ വിശുദ്ധിയുടെ താരാപഥത്തിലേക്കുയരുകയാണ്.
ഇക്കാര്യങ്ങളെല്ലാം ശമീമും ശരിവെച്ചതാണ്. സിനിമയില്‍ പോരിന് വിളിക്കുന്ന  രാഷ്ട്രീയം തെരഞ്ഞുപോയതാണ് അദ്ദേഹത്തിന്റെ കാഴ്ചയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് തോന്നുന്നു. മതത്തിന് വിമോചനാത്മകമായ രാഷ്ട്രീയമൂല്യം മാത്രമല്ലല്ലോ ഉള്ളത്. ദൈവബോധം, സ്‌നേഹം, കാരുണ്യം, ജീവിതവിശുദ്ധി, സത്യസന്ധത, നീതിബോധം, സഹിഷ്ണുത, ആത്മവിചാരണ, പശ്ചാത്താപം, ശുഭപ്രതീക്ഷ തുടങ്ങിയ ഒട്ടേറെ മൂല്യങ്ങളുടെ ചേരുവക്കാണല്ലോ മതമെന്ന് പറയുന്നത്. ഈ മൂല്യങ്ങളില്ലെങ്കില്‍ ശമീം സൂചിപ്പിച്ച നൈതികമായ രാഷ്ട്രീയം പോലും അപ്രസക്തവും വഴിതെറ്റിയതുമാകും. ഇത്തരം അടിസ്ഥാന മൂല്യങ്ങളുടെ ആഘോഷം തന്നെയാണ് ഈ സിനിമ. രണ്ടു പേര്‍ക്ക് ഹജ്ജിനുള്ള പൈസ തികയാതെ വന്നപ്പോള്‍ തനിച്ച്  ഹജ്ജിന് പോകാന്‍ ഭാര്യ നിര്‍ദേശിക്കുമ്പോള്‍ 'നിന്നോടൊപ്പമുള്ള ഹജ്ജാണ് ഞാന്‍ കിനാവ് കണ്ടത്' എന്ന അബുവിന്റെ വാക്കില്‍ പൊടിയുന്ന ഇണയോടുള്ള സ്‌നേഹം എത്ര മഹത്തരമല്ല!
കാഴ്ച്ചയിലെ രാഷ്ട്രീയാതിപ്രസരം ഹജ്ജിന്റെ പ്രസക്തിയെ പോലും രാഷ്ട്രീയത്തില്‍ പരിമിതപ്പെടുത്തി കാണാനാണ് ലേഖകനെ നിര്‍ബന്ധിക്കുന്നത്. ഹജ്ജില്‍ രാഷ്ട്രീയമുണ്ട് എന്നത് ശരി തന്നെ. എന്നാല്‍, ഹജ്ജ് അതിലപ്പുറം പലര്‍ക്കും ഒരാത്മീയാനുഭവമാണ്. അലി ശരീഅത്തിയും മാല്‍ക്കം എക്‌സും കണ്ട ഹജ്ജ് മാത്രമല്ല ഉള്ളത്. അല്ലാമാ ഇഖ്ബാലിന്റെ  കാവ്യ ഭാവനയേ ത്രസിപ്പിച്ച മറ്റൊരു ഹജ്ജുണ്ട്. പ്രവാചക സ്‌നേഹത്തില്‍ ചാലിച്ചെടുത്ത  ഹജ്ജ്. ഈ ഹജ്ജാണ് മതമീമാംസാപരമായി നിര്‍ബന്ധമില്ലാതിരുന്നിട്ടും ഒരു തീരാമോഹവുമായി അബു കൊണ്ട് നടക്കുന്നത്. അടക്കാനാവാത്ത മോഹമായിരുന്നിട്ടും ആരുടെയും ഔദാര്യം സ്വീകരിച്ചോ കടം വാങ്ങിയോ ഹജ്ജ് ചെയ്യേണ്ടതില്ല എന്ന അബുവിന്റെ നിലപാടിനെയും ശമീം തെറ്റിദ്ധരിച്ചത് പോലെ തോന്നുന്നു. അദ്ദേഹം കരുതുന്നത് പോലെ മതസൗഹാര്‍ദത്തിന്റ കാര്യത്തില്‍ കൈമള്‍ മാസ്റ്ററോളം ഉയരാന്‍ കഴിയാത്തത് കൊണ്ടല്ല അബു അദ്ദേഹത്തില്‍ നിന്ന് ഔദാര്യം സ്വീകരിക്കാതിരുന്നത്. കൈമള്‍ മാസ്റ്ററില്‍ നിന്ന് മാത്രമല്ല, ജോണ്‍സന്റെയും അശ്‌റഫിന്റെയും ഔദാര്യവും അദ്ദേഹം സ്വീകരിക്കുന്നില്ലല്ലോ. എന്തിനേറെ, എങ്ങനെ സമ്പാദിച്ചുവെന്ന തീര്‍ച്ചയില്ലാത്തതിനാല്‍ സ്വന്തം മകന്റെ സഹായം തേടാമെന്ന ഭാര്യയുടെ നിര്‍ദേശവും അബുവിന് സമ്മതമാകുന്നില്ല. അതിനാല്‍ നിഷിദ്ധം കലര്‍ന്നിട്ടില്ല എന്നുറപ്പുള്ളതും സ്വയം അധ്വാനിച്ചുണ്ടാക്കിയതുമായ പണം കൊണ്ട് മാത്രമേ ഹജ്ജ് ചെയ്യൂ എന്ന ഉയര്‍ന്ന നിലപാടാണ് കൈമള്‍ മാസ്റ്ററുടേതടക്കം ഔദാര്യം തിരസ്‌കരിക്കുന്നതില്‍ വെളിപ്പെടുന്നത്.
പിന്നെ ഈ സിനിമ അരാഷ്ട്രീയമാണെന്ന് ഏതര്‍ഥതിലാണ് ശമീം വായിച്ചത് എന്നതും മനസ്സിലാക്കാനായിട്ടില്ല. ഭൂമിയുടെയും പരിസ്ഥിതിയുടെയും രാഷ്ട്രീയം ഇതിലുണ്ട് എന്ന് ശമീം തന്നെ സമ്മതിച്ചതാണല്ലോ. 'ഹജ്ജ് ചെയ്യാന്‍ മാത്രം അബുവിന്റെ കൈവശം എവിടെ നിന്ന് പണം' എന്ന് സംശയിച്ച സുഹൃത്തുക്കളോട് 'ഉസാമാ ബിന്‍ ലാദിന്‍ മണിയോഡര്‍ അയച്ചതാവും' എന്ന ചായക്കടക്കാരന്‍ ഹൈദറിന്റെ പരിഹാസ വര്‍ത്തമാനത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ സംഘ്പരിവാര്‍ ഉന്നയിക്കുന്ന  വിദേശ ഫണ്ടിംഗ് ആരോപണത്തിനെതിരെയുള്ള ഒളിയമ്പുകളുണ്ട്. ഒരു സിനിമയില്‍ ഇത്രയൊക്കെ പോരേ രാഷ്ട്രീയം?
ഏതായാലും മുസ്‌ലിം ജീവിതത്തെയും സാമൂഹിക പരിസരങ്ങളെയും പ്രതിലോമപരമായി മാത്രം ചിത്രീകരിക്കുന്നത് ശീലമാക്കിയ മലയാള സിനിമയില്‍ മുസ്‌ലിം ജീവിതത്തോടും ഇസ്‌ലാമിക മൂല്യങ്ങളോടും പോസിറ്റീവായ സമീപനം പുലര്‍ത്തുന്ന ആദാമിന്റെ മകന്‍ അബു ഒരു ദിശാ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. അതു തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ രാഷ്ട്രീയവും.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം