Prabodhanm Weekly

Pages

Search

2011 ജൂലൈ 30

അസദ് കുടുംബത്തിന്റെ അരങ്ങേറ്റം

വി.എ കബീര്‍


ബഅ്‌സ് പാര്‍ട്ടിയുടെ സ്വന്തം സിറിയ; അസദ് കുടുംബത്തിന്റെയും - 2

വിപ്ലവങ്ങളുടെയും പ്രതിവിപ്ലവങ്ങളുടെയും നീണ്ട ചരിത്രമാണ് സിറിയയുടേത്. ബഅ്‌സ് പാര്‍ട്ടിയുടെയും അലവികളുടെയും ആഭ്യന്തരപ്പോരുകളുടെ ഫലമായുണ്ടായിക്കൊണ്ടിരുന്ന പട്ടാള വിപ്ലവങ്ങള്‍ക്ക് അറുതിയായത് ഹാഫിസുല്‍ അസദി(1930-2000)ന്റെ പട്ടാള വിപ്ലവത്തോടെയാണ്. 1970-ല്‍ സ്വലാഹ് ജദീദിനെതിരില്‍ അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രിയും വ്യോമസേനാ കമാന്ററുമായ ഹാഫിസുല്‍ അസദ് നടത്തിയ രക്തരഹിത വിപ്ലവത്തിലൂടെയാണ് രാജ്യം അസദ് കുടുംബത്തിന്റെ കൈയിലേക്ക് വരുന്നത്. സ്വലാഹ് ജദീദിന്റെ പല നയങ്ങളോടും മന്ത്രിസഭാംഗങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. 1970-ല്‍ പി.എല്‍.ഒയും ജോര്‍ദാന്‍ സര്‍ക്കാറും ഏറ്റുമുട്ടിയപ്പോള്‍ (ബ്ലാക് സെപ്റ്റംബര്‍ സംഭവം) പി.എല്‍.ഒവിന് സിറിയ സായുധ സഹായം നല്‍കിയതിനെതിരായിരുന്നു ഹാഫിസുല്‍ അസദ്. സ്വലാഹ് ജദീദ് സുഊദിയിലെയും ജോര്‍ദാനിലെയും പിന്തിരിപ്പന്‍ സര്‍ക്കാറുകള്‍ക്കെതിരായിരുന്നു. ഹാഫിസുല്‍ അസദിന്റെ വീക്ഷണം മറ്റൊന്നായിരുന്നു. ഈ രാജ്യങ്ങളോടൊക്കെ സൗഹൃദം നിലനിര്‍ത്തണമെന്നതായിരുന്നു അസദിന്റ നിലപാട്. അഭിപ്രായ ഭിന്നതകള്‍ മൂര്‍ഛിച്ച ഒരു ഘട്ടത്തില്‍ ഹാഫിസുല്‍ അസദിന്റെ നേരെ സ്വലാഹ് ജദീദ് തോക്ക് ചൂണ്ടിയിരുന്നു. എന്നാല്‍, താന്‍ അത്താഴമാക്കപ്പെടുന്നതിന് മുമ്പ് സ്വലാഹ് ജദീദിനെ ഹാഫിസുല്‍ അസദ് ഉച്ചഭക്ഷണമാക്കി എന്നതായിരുന്നു ശരി. അലവി ഛിദ്രതകളെ നിയന്ത്രണത്തിലാക്കിയ ആദ്യത്തെ അലവി നേതാവാണ്, നാല് പ്രധാന അലവികുടുംബങ്ങളിലൊന്നായ 'അല്‍ മതാവിറ' ഗോത്രത്തിന്റെ ഉപശാഖയായ നുമൈലാതിയില്‍ ജനിച്ച ഹാഫിസുല്‍ അസദ്. 1970 മുതല്‍ 2000 ആണ്ടില്‍ മരിക്കുന്നതുവരെ പ്രസിഡന്റ് സ്ഥാനം വഹിച്ച ഹാഫിസുല്‍ അസദ് സ്വന്തം കുടുംബത്തിനായി അധികാരം ഭദ്രമാക്കി. ദുറൂസ്-ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ രക്ഷാകര്‍തൃവലയം ശ്രദ്ധാപൂര്‍വം നെയ്‌തെടുത്ത അസദ് സുരക്ഷാ വിഭാഗങ്ങളില്‍ കൂറുള്ള ഗോത്രക്കാരെ കൊണ്ട് നിറച്ചു. മഖ്‌ലൂഫ് കുടുംബത്തെ പോലുള്ള അലവികളിലെ വന്‍ വര്‍ത്തക കുടുംബങ്ങളുടെ കൂറ് ഉറപ്പിച്ച പോലെ തന്നെ എതിര്‍പ്പുകളെ നിയന്ത്രിച്ചു നിര്‍ത്താന്‍ സൈന്യത്തിലെയും വ്യാപാര മേഖലയിലെയും സുന്നിവരേണ്യ വര്‍ഗത്തെ അടുപ്പിച്ചു നിര്‍ത്താനും അദ്ദേഹം ശ്രമിച്ചു. സുന്നി വിഭാഗത്തില്‍ പെട്ട മുന്‍ പ്രതിരോധ മന്ത്രി മുസ്ത്വഫ ത്വലാസ് ഉദാഹരണം. എന്നാല്‍ മതാഭിമുഖ്യമുള്ളവരോട്, വിശിഷ്യാ ഇസ്‌ലാമിസ്റ്റുകളോട് ഒട്ടും സഹിഷ്ണുത കാണിച്ചില്ല. മതത്തിന്റെ ധനകാര്യ സ്ഥാപനങ്ങളുടെ ഭരണം സ്റ്റേറ്റ് പിടിച്ചെടുത്തു. ജുമാ മസ്ജിദുകളിലെ വെള്ളിയാഴ്ച പ്രഭാഷകരെ സ്വേഛാനുസൃതം പിരിച്ചുവിടാന്‍ മടിച്ചില്ല.

ഹമാ കൂട്ടക്കൊല
1976-ലാണ് അസദ് ഭരണകൂടം ആദ്യമായി കനത്ത തിരിച്ചടി നേരിടാന്‍ തുടങ്ങിയത്. അസദ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള സിറിയന്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഊര്‍ജിതമായി. ഒരു പ്രതിപക്ഷ ഐക്യ നിര കെട്ടിപ്പടുക്കുന്നതിനും ബ്രദര്‍ഹുഡിനു സാധിച്ചിരുന്നു. നഗരങ്ങളിലെ ഉന്നത സുന്നീ വിഭാഗങ്ങളുടെ പിന്തുണ നേടുന്നതിലും അവര്‍ വിജയിച്ചിരുന്നു. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഹമാ നഗരത്തില്‍ ജനകീയ പ്രക്ഷോഭം സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ അത് അക്രമാസക്തമാവുകയുമുണ്ടായി. 1982-ല്‍ ഹമാ നഗരത്തില്‍ ബോംബിട്ടും വെടിവെച്ചും അമ്പതിനായിരത്തില്‍ പരം ജനങ്ങളെ കൂട്ടക്കശാപ്പ് നടത്തിയാണ് ഭരണകൂടം അതിനെ നേരിട്ടത്. അതിനു ചുക്കാന്‍ പിടിച്ചത് ഹാഫിസുല്‍ അസദിന്റെ സഹോദരനായ രിഫ്അത്ത് അസദായിരുന്നു. അതോടെ ബ്രദര്‍ഹുഡ് അണ്ടര്‍ ഗ്രൗണ്ടിലേക്ക് പോയി. ഇസ്വാമുല്‍ അത്താര്‍, സദ്‌റുദ്ദീന്‍ ബയാനൂനി തുടങ്ങി പല നേതാക്കളും നാടുവിടാന്‍ നിര്‍ബന്ധിതരായി. ജര്‍മനിയില്‍ അഭയം തേടിയ ഇസ്വാമുല്‍ അത്താറിനെ വധിക്കാന്‍ സിറിയന്‍ ചാരന്മാര്‍ നിരന്തരം വേട്ടയാടി. പക്ഷേ, ബലിയായത് അദ്ദേഹത്തിന്റെ ഭാര്യയും പ്രസിദ്ധ സിറിയന്‍ എഴുത്തുകാരനായ അലി ത്വന്‍ത്വാവിയുടെ മകളുമായ ബനാനായിരുന്നു. ബനാന്‍ വധിക്കപ്പെടുമ്പോള്‍ അത്താറിന്റെ സഹോദരി അസദ് ഭരണകൂടത്തില്‍ കലാ-സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്നു. സിറിയന്‍ സ്വാതന്ത്ര്യ സമരപ്പോരാളിയും കിടയറ്റ അക്കാദമീഷനുമായ മുസ്ത്വഫ സിബാഇ (1905-1964) നേതൃത്വം നല്‍കിയ ബ്രദര്‍ഹുഡ് ഒരുകാലത്ത് സിറിയയിലെ ഏറ്റവും വലിയ ശക്തികളിലൊന്നായിരുന്നു. ബ്രദര്‍ഹുഡ് സ്ഥാപകനായ ഹസനുല്‍ ബന്നാക്ക് ശേഷം നേതൃസ്ഥാനത്ത് പരിഗണിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു സിബാഇയുടേത്. ഇസ്‌ലാമിസ്റ്റായ ഡോ. മഅ്‌റൂഫ് ദുവാലീബി(1907-2004)യുടെ മന്ത്രിസഭയില്‍ സ്വാധീനശക്തിയായിരുന്ന ബ്രദര്‍ഹുഡ് ഹമാ സംഭവാനന്തരം സിറിയയില്‍ പറ്റേ ദുര്‍ബലവും ശിഥിലവുമായി. ബ്രദര്‍ഹുഡ് അംഗത്വം വധശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ് സിറിയയില്‍. 1980-ലെ ഈ നിയമനുസരിച്ച് പതിനേഴായിരം പേരാണ് ജയിലിലടക്കപ്പെട്ടത്.അവരുടെ സ്ഥിതി ഇന്നും അജ്ഞാതമായി തുടരുകയാണ്. ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നുപോലും അറിയാന്‍ കഴിയാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങള്‍. നിര്‍ബന്ധിതാവസ്ഥയില്‍ പ്രവാസ ജീവിതം വിധിക്കപ്പെട്ടവരും അവരുടെ സന്തതിപരമ്പകളുമായി ഒരു ലക്ഷത്തോളം പേര്‍ ഇപ്പോഴും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ദുരവസ്ഥയിലാണ്.
1946-ലാണ് സിറിയയില്‍ ബ്രദര്‍ഹുഡ് നിലവില്‍ വരുന്നത്. 1963-ലെ ബഅ്‌സ് പാര്‍ട്ടി പട്ടാള അട്ടിമറിയിലൂടെ അധികാരാരോഹണം നടത്തിയതോടെ ഇതര പാര്‍ട്ടികള്‍ക്കൊപ്പം അതും നിരോധിക്കപ്പെടുകയായിരുന്നു. ഈജിപ്തില്‍ നിന്ന് ഭിന്നമായി സിറിയയില്‍ പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമാണ്. സംഘടിത രൂപത്തില്‍ ഇന്നത് അവിടെ നിലനില്‍ക്കുന്നില്ല. എന്നാല്‍ ആഭ്യന്തരമായ അടിച്ചമര്‍ത്തലുകളെല്ലാമുണ്ടായിട്ടും വിദേശത്ത് ഘടനാപരമായ അസ്തിത്വം നിലനിര്‍ത്താന്‍ ബ്രദര്‍ഹുഡിന് സാധിച്ചിട്ടുണ്ട്. മുറപോലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തി പരിമിതമായ തോതിലെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ സമ്പര്‍ക്കം നിലനിര്‍ത്താന്‍ ശ്രമിച്ചുപോരുന്നുണ്ട്. 2010-ല്‍ സദ്‌റുദ്ദീന്‍ ബയാനൂനിയുടെ കാലാവധി അവസാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് സംഘടനയുടെ തലവനായി എഞ്ചിനീയര്‍ രിയാദ് ശഫഖയെ തെരഞ്ഞെടുക്കുകയുണ്ടായി. പുതിയ പ്രസിഡന്റ് (മുറാഖിബ് ആം) ഒരു എക്‌സിക്യൂട്ടീവ് സമിതി രൂപവത്കരിക്കുകയും ചെയ്തു. അതിനിടെ 2010-ല്‍ ഒട്ടനേകം ഇസ്‌ലാമിക ബുദ്ധിജീവികളുടെയും ഭരണതലത്തിലുള്ള ചില ഗുണകാംക്ഷികളുടെയും പ്രേരണയാല്‍ സംഘടന ഒരു ദേശീയാനുരഞ്ജനത്തിനുള്ള ചില നീക്കങ്ങള്‍ നടത്തുകയും ഭരണകൂടത്തിനു മുമ്പില്‍ രാഷ്ട്രീയ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഗസ്സ ഉപരോധകാലത്ത് സിറിയന്‍ ഭരണകൂടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്ന ഓഫറും നല്‍കിയിരുന്നു. എന്നാല്‍, ബശ്ശാര്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പ്രോത്സാഹജനകമായ പ്രതികരണങ്ങളൊന്നുമുണ്ടായില്ല. സിറിയിയല്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ ബ്രദര്‍ഹുഡ് പ്രക്ഷോഭകരോടൊപ്പം അണിചേരാന്‍ അനുയായികളെ പരസ്യമായി ആഹ്വാനം ചെയ്യാന്‍ ധൈര്യപ്പെട്ടു. ജൂലൈ ആദ്യവാരത്തില്‍ പാരീസില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തില്‍ തങ്ങളുടെ പ്രതിനിധിയെ അയക്കുകയും ചെയ്തു.

അസദ് കുടുംബത്തിലെ ഛിദ്രത
ഹാഫിസുല്‍ അസദിന്റെ ഭരണത്തിനെതിരെ ആദ്യ ഭീഷണിയുണ്ടായത് സ്വന്തം കുടുംബത്തില്‍ നിന്നുതന്നെയായിരുന്നു. അത് ഹമാ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കി ബ്രദര്‍ ഹുഡിനെ ഉന്മൂലനം ചെയ്ത സ്വന്തം ഇളയ സഹോദരന്‍ രിഫ്അത്ത് അസദില്‍ നിന്നായിരുന്നു എന്നതിനെ കാവ്യനീതിയെന്നോ ദൈവനീതിയെന്നോ എങ്ങനെയും വിശേഷിപ്പിക്കാം. 1983-ല്‍ ഹാഫിസുല്‍ അസദ് ഹൃദ്രോഗബാധിതനായപ്പോഴാണ് ജ്യേഷ്ഠനെതിരില്‍ അട്ടിമറി സംഘടിപ്പിക്കാന്‍ അനുജന്‍ കരുനീക്കം നടത്തിയത്. സൈന്യത്തില്‍ നിന്ന് നല്ല തോതില്‍ അതിന് പിന്തുണയും ലഭിച്ചിരുന്നു. പക്ഷേ കലാപം പാളിപ്പോയി. രണ്ടു പേരുടെയും അമ്മ നൈസാ ഇടപെട്ടത് കൊണ്ട് തല്‍ക്കാലം രിഫ്അത്തിന്റെ തലപോയില്ല. അവരുടെ മാധ്യസ്ഥ പ്രകാരം രിഫ്അത്തിനെ പാരീസിലേക്ക് നാടുകടത്തി. ഹമാ കൂട്ടക്കുരുതിക്കാരന്‍ ഇപ്പോഴും പാരീസിലാണ്. ബശ്ശാറുല്‍ അസദ് അധികാരമേറ്റപ്പോള്‍ നീണ്ടൊരു കത്തെഴുതി നോക്കിയെങ്കിലും സിറിയയിലേക്ക് തിരിച്ചുവരാന്‍ വാതില്‍ തുറക്കപ്പെട്ടില്ല. മൂത്ത പുത്രന്‍ ബാസില്‍ അസദായിരുന്നു ഹാഫിസുല്‍ അസദിന്റെ 'കിരീടാവകാശി.' പിതാവ് ശയ്യാവലംബിയായിരിക്കെ 1994-ല്‍ ബാസില്‍ മരിച്ചതും അസദ് കുടുംബത്തിന്റെ ഭദ്രതക്ക് ഭീഷണി സൃഷ്ടിക്കാതെയല്ല. ഹാഫിസുല്‍ അസദ് മരിച്ചപ്പോള്‍ രാഷ്ട്രീയ പരിചയമൊന്നുമില്ലാത്ത, ഓഫ്ത്താല്‍മോളജി വിദ്യാര്‍ഥിയായ മകന്‍ ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ വാഴിക്കുന്നതില്‍ ഭരണകൂടം വിജയിച്ചത് മുസ്ത്വഫാ തല്ലാസിനെപ്പോലുള്ള സുന്നീ നേതാക്കളിലൂടെ മിലിട്ടറിയുടെ പിന്തുണ സംഘടിപ്പിച്ചുകൊണ്ടായിരുന്നു. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടാണ് ഈ പാരമ്പര്യവാഴ്ച അരക്കിട്ടുറപ്പിച്ചത്.
ഭരണകൂടത്തിന്റെ മര്‍മസ്ഥാനങ്ങളൊക്കെ അസദ് കുടുംബത്തിന്റെ കൈപ്പിടിയിലാണ്. ബശ്ശാറിന്റെ സഹോദരന്‍ ബ്രിഗേഡിയര്‍ മാഹിറുല്‍ അസദാണ് റിപ്പബ്ലിക്കന്‍ സേനയുടെയും ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധപ്പെട്ട നാലാം കവചിത ബറ്റാലിയന്റെയും തലവന്‍. 2009 മുതല്‍ സൈനിക ഇന്റലിജന്‍സ് തലവന്‍, ബശ്ശാറിന്റെ ഏറ്റവുമടുത്ത മാതൃകുടുംബാംഗങ്ങളിലൊരാളായ ജനറല്‍ അബ്ദുല്‍ ഫത്താഹ് ഖുദ്‌സിയ്യയാണ്. ദര്‍അയിലെ രാഷ്ട്രീയ സുരക്ഷാ ശാഖയുടെ ഡയറക്ടര്‍, ബശ്ശാറിന്റെ മാതൃസഹോദരി പുത്രനായ ബ്രിഗേഡിയര്‍ അത്വീഫ് നജീബാണ്. ഇന്റലിജന്‍സ് ഡയറക്ടറേറ്റിലെ ഡയറക്ടര്‍, ബശ്ശാറിന്റെ സ്യാലനായ അലി മംലുകാണ്. മറ്റൊരു സ്യാലനായ ആസിഫ് ശൗക്കത്താണ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്. സോഷ്യലിസത്തിന്റെ പടക്കുതിരയായാണ് ഏക രാഷ്ട്രീയ പാര്‍ട്ടിയും ഭരണകക്ഷിയുമായ ബഅ്‌സ് രംഗപ്രവേശം ചെയ്തതെങ്കിലും, ബശ്ശാര്‍ യുഗത്തില്‍ നടന്ന വ്യാപകമായ സ്വകാര്യവത്കരണത്തിന്റെ ഗുണഭോക്താക്കളായിത്തീര്‍ന്നതും അസദ് കുടുംബാംഗങ്ങള്‍ തന്നെ. ബശ്ശാറിന്റെ മാതുല പുത്രനായ റാമി മഖ്‌ലൂഫ് സിറിയയിലെ ബില്യനയറും ഏറ്റവും വലിയ ബിസിനസ്സ് ടൈക്കൂണുമാണ്.

പ്രക്ഷോഭകര്‍ നേരിടുന്ന വെല്ലുവിളി
പ്രക്ഷോഭകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അസദ് കുടുംബത്തിന് പരിരക്ഷ നല്‍കുന്ന അലവി ഭൂരിപക്ഷമുള്ള സൈനിക പിന്തുണയാണ്. രണ്ട് കൂട്ടരുടെയും നിലനില്‍പ് പരസ്പരാശ്രിതമായതിനാല്‍ തുനീഷ്യയിലും ഈജിപ്തിലും സംഭവിച്ചപോലെ സൈന്യം അത്രപെട്ടെന്ന് അസദ് കുടുംബത്തെ കൈയൊഴിച്ചുകൊള്ളണമെന്നില്ല. പ്രക്ഷോഭം നീണ്ടുപോവാനുള്ള കാരണവും അതാണ്. അടിമുടി അലവിവത്കൃതമാണ് സൈന്യം. രണ്ടു ലക്ഷം വരുന്ന സിറിയന്‍ സേനയില്‍ 70 ശതമാനവും അലവികളത്രെ. ആര്‍മിയിലെ 80 ശതമാനം ഓഫീസര്‍മാരും അലവികള്‍ തന്നെ. പൈലറ്റുകളില്‍ ഭൂരിപക്ഷം സുന്നികളാണെങ്കിലും ലോജിസ്റ്റിക്, ടെലികമ്യൂണിക്കേഷന്‍, മെയിന്റനന്‍സ് എന്നിവയടക്കം ഗ്രൗണ്ട്ക്രൂ മുഴുക്കെ അലവികളാണ്. സുന്നി പൈലറ്റുമാരുടെ കലാപസാധ്യതക്ക് തടയിടാന്‍ വ്യോമസേനയുടെ ഇന്റലിജന്‍സ് വിഭാഗത്തില്‍ അലവി മേല്‍ക്കോയ്മ ഉറപ്പാക്കിയിട്ടുണ്ട്.
മര്‍മപ്രധാനമായ സൈനിക പദവികളിലിരിക്കുന്ന അസദ് കുടുംബത്തിലെ മാഹിര്‍ അസദ്, ആസിഫ് ശൗകത്ത്, അലി മംലൂക് എന്നീ ത്രിമൂര്‍ത്തികളാണ് സിറിയന്‍ ബഹുജന പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കുന്നത്. സുന്നീ ഭൂരിപക്ഷത്തിനും ഇതര ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വിടവും അമര്‍ഷവും സൃഷ്ടിക്കാന്‍ സുന്നി പ്രക്ഷോഭകര്‍ക്കെതിരെ സുരക്ഷാ സേനയിലെ ക്രൈസ്തവ-ദുറൂസ് ട്രൂപ്പുകളെ ഉപയോഗപ്പെടുത്തുക എന്നതാണ് അവരുടെ തന്ത്രം. എന്നാല്‍ വിഭാഗീയത മൂര്‍ഛിക്കുന്നതോടെ വിശാലമായ സിറിയന്‍ സമൂഹത്തില്‍ നിന്ന് ഭരണകൂടം പൂര്‍ണമായും ഒറ്റപ്പെടുക എന്ന തിരിച്ചടിയിലേക്ക് ഈ തന്ത്രം പരിണമിക്കാനും സാധ്യതയുണ്ട്. പ്രതിപക്ഷവുമായി കണ്ണിചേരാതിരിക്കാന്‍ റിട്ടയര്‍ ചെയ്ത അലവി ജനറല്‍മാരെ ഉപദേശകരായി നിയമിക്കുക എന്ന ഒരു നയം തന്നെ ഹാഫിസുല്‍ അസദ് പിന്തുടര്‍ന്നിരുന്നു.
പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താഴെ തട്ടിലുള്ള പട്ടാളക്കാരുടെയും ഏതാനും ഓഫീസര്‍മാരുടെയും കൂറുമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും അതിന് തുടര്‍ച്ചയുണ്ടായില്ല. സിറിയന്‍ സൈന്യത്തിന്റെ മുന്‍ചൊന്ന ശക്തമായ വിഭാഗീയ പ്രകൃതമാണ് വ്യാപകമായ കൂറുമാറ്റത്തെ തടഞ്ഞു നിര്‍ത്തുന്ന ഘടകം. 'മാറ്റത്തിനു വേണ്ടിയുള്ള ദേശീയ സംരംഭം' (National Initiative for change) എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതിപക്ഷ കൂട്ടായ്മ സൈപ്രസ് ആസ്ഥാനമായ നിക്കോഷ്യയില്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍, അലവി വിഭാഗത്തില്‍ പെട്ട സിറിയന്‍ പ്രതിരോധമന്ത്രി അലി ഹബീബിനോടും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യനായ ചീഫ് ഓഫ് സ്റ്റാഫ് ദാവൂദ് റജഹയോടും രാഷ്ട്രീയ പരിവര്‍ത്തന പ്രക്രിയക്ക് നേതൃത്വം നല്‍കാന്‍ അഭ്യര്‍ഥിക്കുകയുണ്ടായി. പ്രക്ഷോഭം മുതിര്‍ന്ന സൈനിക നേതൃത്വങ്ങളുടെ പിന്തുണ നേടുകയാണെന്ന പ്രതീതി സൃഷ്ടിക്കലായിരുന്നു ഈ അഭ്യര്‍ഥനയുടെ ലക്ഷ്യം.
1970-ല്‍ ഹാഫിസുല്‍ അസദിന്റെ അട്ടിമറി നടക്കുന്നത് വരെ അലവികള്‍ക്കിടയില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി അലവികളിലെ അധികാരമോഹികള്‍ക്ക് അവസരം നല്‍കുന്നതാണ്. വിദേശത്തുള്ള രിഫ്അത്ത് അസദാണ് ഒരു സാധ്യത. എന്നാല്‍, പ്രക്ഷോഭം വിജയിച്ചാല്‍ അധികാരം എന്നെന്നേക്കുമായി അലവികള്‍ക്ക് നഷ്ടപ്പെടാനാണ് ഇടവരിക എന്നതിനാല്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ അണിനിരക്കാനാണ് രിഫ്അത്ത് ആഹ്വാനം ചെയ്തത്. 2011 ഏപ്രിലില്‍ 280ഓളം ബഅ്‌സ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ടു ദശലക്ഷം അംഗങ്ങളുള്ളതായി പറയപ്പെടുന്ന ഒരു പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ഈ സംഖ്യ വളരെ ചെറുതാണ്; ഏറ്റവുമധികം അടിച്ചമര്‍ത്തല്‍ നടന്ന ദര്‍അയിലാണ് ഈ രാജി സംഭവിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. എങ്കിലും പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാനുള്ള പരിഷ്‌കരണ വാഗ്ദാനങ്ങള്‍ ഭരണകൂടം നേരിടുന്ന സമ്മര്‍ദത്തിനുള്ള തെളിവാണ്. പക്ഷേ, ബാഹ്യശക്തികളെ ഉള്‍പ്പെടുത്തിയാല്‍ ബഅ്‌സിനാണ് അത് ക്ഷീണമേല്‍പിക്കുക. അതാകട്ടെ ഭരണകൂടം നിലനില്‍ക്കുന്ന നാലുകാലുകളിലൊന്ന് നഷ്ടപ്പെടുന്നതിന് തുല്യമായിരിക്കും.
ലിബിയയില്‍ സംഭവിച്ച പോലെ സിറിയന്‍ സേനയില്‍ ഒരു പിളര്‍പ്പു പോലുമുണ്ടായില്ല എന്നതും സിറിയന്‍ പ്രതിസന്ധിയെ സങ്കീര്‍ണമാക്കുന്ന ഘടകമാണ്. അലപ്പോവിലും തലസ്ഥാന നഗരിയായ ദമസ്‌കസിലും പ്രക്ഷോഭം വേണ്ടത്ര ശക്തിപ്പെട്ടിട്ടില്ല. വിദൂര നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് പ്രക്ഷോഭം കൂടുതലായി നടക്കുന്നത്. പ്രക്ഷോഭം നീണ്ടുപോകാന്‍ ഇതും ഒരു കാരണമാണ്. സൈന്യത്തെയും ഭരണകൂടത്തെയും നിസ്സഹായാവസ്ഥയിലെത്തിക്കും വിധം തലസ്ഥാന നഗരിയില്‍ കൂടി അത് ഇരമ്പിയെത്തുമ്പോള്‍ ഒരു പക്ഷേ ചിത്രം മാറിമറിഞ്ഞേക്കാം. ഏതായാലും കാലം എന്നും തങ്ങളുടെ സഹയാത്രികനായുണ്ടാകും എന്ന ഏകാധിപതികളുടെ ആഗ്രഹ ചിന്ത ഇനിയധികം നിലനിന്നുകൊള്ളണമെന്നില്ല.
(അവസാനിച്ചു)
vakabeer@hotmail.com

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം