Prabodhanm Weekly

Pages

Search

2011 ജൂലൈ 30

കേരളം: പുതിയ പതിറ്റാണ്ടും മൂന്നാം രാഷ്ട്രീയ ഭൂപടവും

കെ.കെ ബാബുരാജ്/ മുഹ്‌സിന്‍ പരാരി


കുഅതിജീവനവും പ്രത്യാശയും
റച്ചുകാലങ്ങളായി ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നത് കീഴാള രാഷ്ട്രീയത്തിന്റെ സ്വാധീനമാണെന്ന് തീര്‍ച്ചയായും പറയാം. അതിജീവനത്തിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സമുദായങ്ങള്‍ പ്രത്യാശ കൈവിടാതിരിക്കേണ്ടത് അത്യാവശ്യമാണ്. കീഴാളര്‍ അതിജീവിക്കാന്‍ വേണ്ടി പാടുപെടുന്നവരാണ്. അതിനുവേണ്ടി പോരടിക്കുകയും ഐക്യപ്പെടുകയും ചെയ്യേണ്ടത് അവര്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. ഈ വശത്തുകൂടെ നോക്കുമ്പോള്‍ സവര്‍ണരും മധ്യമജാതികളുമായ വിഭാഗങ്ങളില്‍ നിന്ന് പുതിയ ഉണര്‍വുകള്‍ ഉണ്ടാവാത്തത് സ്വാഭാവികമാണെന്ന് കാണാം. ഒരു പക്ഷേ, ആധിപത്യ വിഭാഗങ്ങളെന്ന നിലയില്‍ അവരില്‍ ബഹുഭൂരിപക്ഷത്തിനും മറ്റുള്ളവരുടെ അതിജീവനത്തെപ്പറ്റി ഉത്കണ്ഠപ്പെടാന്‍ താല്‍പര്യമില്ലാത്തതും ഇതിനു കാരണമാകാം.
ഇന്ത്യയിലും കേരളത്തിലും നടക്കുന്ന എല്ലാതരം ബഹുജന ഉണര്‍വുകളിലും ദലിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും വലിയതോതില്‍ പങ്കെടുക്കുന്നുണ്ട്. ദലിത് പ്രസ്ഥാനങ്ങളും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമാണ് നവജനാധിപത്യ ഘട്ടത്തിലെ ബഹുജനരാഷ്ട്രീയത്തിന്റെ അന്തര്‍ധമനികളെന്ന് കാണാന്‍ കുഴല്‍ കണ്ണാടിയൊന്നും ആവശ്യമില്ല. എന്നാല്‍, ഈ ജനവിഭാഗങ്ങളുടെ വിഷയീസ്ഥാനത്തെ അംഗീകരിക്കാന്‍ തയാറല്ലാത്തവിധത്തില്‍ അടഞ്ഞ, സവര്‍ണ കേന്ദ്രീകൃതമായ പൊതുമണ്ഡലം ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്. ഒരുതരം വസ്തുക്കളുടെ സ്ഥാനമാണ് ഭരണവര്‍ഗം കീഴാളര്‍ക്ക് കല്‍പിച്ചിട്ടുള്ളത്. സ്വന്തമായി എന്തെങ്കിലും അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ കീഴാളര്‍ യോഗ്യരല്ലെന്നാണ് അവര്‍ പറയുന്നത്. വിഭവങ്ങളിലും രാഷ്ട്രീയാധികാരത്തിലും പങ്കാളിത്തം ചോദിക്കുന്നത് മഹാപാതകമാണെന്ന മട്ടിലുള്ള പൊതുബോധം നിരന്തരമായി പുനരുല്‍പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സവര്‍ണരല്ലാത്തവര്‍ മെറിറ്റിനും വിജ്ഞാനത്തിനും പുറത്തുനിന്ന് വാദിക്കുന്ന വെറും പാഴ്‌വസ്തുക്കളാണത്രെ.
ഇപ്രകാരത്തിലുള്ള വസ്തുവത്കരണത്തിനൊപ്പം, ദേശവിരുദ്ധതയെയും തീവ്രവാദത്തെയും മതമൗലികവാദത്തെയും പറ്റിയുള്ള കെട്ടുകഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് ദലിത്-ന്യൂനപക്ഷ രാഷ്ട്രീയത്തെ അപരവത്കരിക്കാനും മുഖ്യധാര ശ്രമിക്കുന്നുണ്ട്. നമ്മുടെ എല്ലാ പ്രത്യക്ഷതകളെയും അസന്നിഹിതമാക്കുന്ന അധികാര പ്രയോഗമായാണ് ഇതിനെ കാണേണ്ടത്. ഇങ്ങനെ അസന്നിഹിതമാക്കപ്പെടുന്നവരായ നമ്മുടെ കടമകള്‍ 'അവര്‍' ചെയ്യുമെന്നാണ് പറയുന്നത്.
എന്നാല്‍, സവര്‍ണരുടെയും സമ്പന്നരുടെയും വിഷയീസ്ഥാനത്തെ പഴയതുപോലെ തന്നെ നിലനിര്‍ത്തുകയെന്നതിനപ്പുറം മുഖ്യധാരയില്‍ പുതിയതായി ഒന്നും ഉന്നയിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത.
സ്വാതന്ത്ര്യാനന്തര ഘട്ടത്തില്‍, ഭരണഘടനാസ്ഥാപനങ്ങളെയും സിവില്‍ നിയമസംവിധാനങ്ങളെയും കൈവശപ്പെടുത്തിക്കൊണ്ട് മേല്‍പറഞ്ഞ ശക്തികള്‍ നേടിയിട്ടുള്ള മേല്‍ക്കൈ മൂലമാണ് പുതു ദലിത്-ന്യൂനപക്ഷ രാഷ്ട്രീയം പ്രസക്തമായത്. വളരെ അവ്യക്തമായിട്ടാണെങ്കിലും പുതിയൊരു  ഏജന്‍സി ഇവിടെ വികസിച്ചുവരുന്നുണ്ട്. സന്ദേഹങ്ങളും സന്ദിഗ്ധതകളും നിലനില്‍ക്കുമ്പോഴും സ്വയമൊരു കര്‍തൃത്വമേഖലയായി ഇത് പരിവര്‍ത്തനപ്പെടുക തന്നെയാണ് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ്, നവജനാധിപത്യ ഘട്ടത്തിലെ കീഴാള-ന്യൂനപക്ഷ രാഷ്ട്രീയം അതിജീവനത്തിന്റെയും പ്രത്യാശയുടേതുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നത്.

പുതിയ സംഘര്‍ഷമേഖലകള്‍
കേരളത്തില്‍ ഇടതും വലതും ഹിന്ദുത്വവുമായ ലേബലുകളില്‍ അറിയപ്പെടുന്ന സവര്‍ണധാര പൊതുവെ ഏകീകൃതരാണ്. ഇതിന്റെ ഫലമായി കീഴാള-ന്യൂനപക്ഷ ജനതയുടെ പ്രതിനിധാനങ്ങളെ പിശാച്‌വത്കരിക്കാനുള്ള പ്രവണത മുന്‍കാലങ്ങളിലുള്ളതിനേക്കാളും ഏറിയിരിക്കുകയാണ്. ഇത്രയും ആഴത്തിലുള്ള ശത്രുത രൂപപ്പെടുത്തുന്നത് ഹിന്ദുക്കള്‍ക്കിടയിലെ സവര്‍ണരും അവര്‍ണരുമെന്ന വേര്‍തിരിവിനെ മറച്ചുവെക്കാവുന്ന വിധത്തിലുള്ള ചില പൊതു സാംസ്‌കാരിക ബോധ്യങ്ങളെ അടിയുറപ്പിക്കാനാണ്. മുസ്‌ലിം അപരത്വത്തോടുള്ള ഭീതിയെ സമകാലീനമാക്കി നിലനിര്‍ത്താനാവുമെന്നതാണ് ഈ ശത്രുതയുടെ പരിണതഫലം.
മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ടാര്‍ജറ്റ് വിഭാഗങ്ങളുടെ നിര്‍മിതിയും അതിനോടുള്ള ഹിംസാത്മകമായ മനോഭാവവും. ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് മുതലായ സംഘടനകളെ തങ്ങളുടെ ഇഷ്ടാനുസരണം നിര്‍വചിക്കുകയും അവരാണ് ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെയുള്ള ആസന്ന ഭീഷണിയെന്നും പ്രചരിപ്പിക്കുന്നു. ഇത്തരം ടാര്‍ജറ്റ് വിഭാഗങ്ങളുടെ മേല്‍ പൊതുജനവികാരമുയര്‍ത്തിയെടുക്കുന്നതിലൂടെ ഭരണവര്‍ഗത്തിന്റെ അമിതാധികാര പ്രയോഗങ്ങളെ ഗതിമാറ്റി ചിത്രീകരിക്കുകയാണ് ഉദ്ദേശ്യം.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കൊപ്പം ദലിത് സംഘടനകളും കീഴാളരായ പൊതു വ്യക്തിത്വങ്ങളും ബുദ്ധിജീവികളും ടാര്‍ജറ്റ് ചെയ്യപ്പെടുന്നതിന്റെ ഭീഷണിയിലാണ്. കേരളത്തില്‍ പൊതുവെ സവര്‍ണ ഗൃഹാതുരത്വവും ഇടതുപക്ഷ കാല്‍പനികതയും മാത്രമാണ് മുഖ്യധാരാ സാംസ്‌കാരിക മേന്മകളായി പരിഗണിക്കപ്പെടുന്നുള്ളൂ. ഇവയെ ഓര്‍മകളായി മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും നിരന്തരമായി ഒഴുക്കുന്നതിലൂടെ യഥാര്‍ഥ അടിത്തട്ടിന്റെ വിഷയങ്ങള്‍ സമര്‍ഥമായി ഒഴിവാക്കാന്‍ സാധ്യമാകുന്നു. ഇപ്രകാരം അപരവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പ്രതിനിധാനങ്ങളാണ് ടാര്‍ജറ്റ് ചെയ്യപ്പെടുന്നത്. ഈ പ്രക്രിയ സമൂഹത്തെ ഫാഷിസവത്കരിക്കുന്നതിലേക്കാണ് നയിക്കുക. ജനാധിപത്യത്തെ ഘടനാപരമായി വികസിപ്പിക്കുന്നതിനു പകരം കീഴാള-ന്യൂനപക്ഷ സംഘടനകളെയും ബുദ്ധിജീവികളെയും ടാര്‍ജറ്റ് ചെയ്യുന്ന വിധത്തിലുള്ള ചര്‍ച്ചകള്‍ ഉയരുന്നതിന് പിന്നില്‍ പുതുസവര്‍ണ വംശീയതയാണുള്ളത്.
1980-കള്‍ മുതല്‍ 2000 വരെയുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രമേയങ്ങളിലും മാര്‍ക്‌സിസ്റ്റ്-സെക്യുലരിസ്റ്റ് ആശയങ്ങളിലും ഈ നവവംശീയതയുടെ സൂചനകള്‍ കണ്ടെത്താന്‍ കഴിയും. അക്കാലത്തെ പൊതുവായ സാംസ്‌കാരിക ബോധമെന്നത് ദേശത്തിന്റെ അധഃപതനത്തെ പറ്റിയുള്ള വരേണ്യരുടെ വേവലാതികളായിരുന്നു. ദേശമെന്ന ജൈവികസത്തക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള ശത്രുക്കളുടെ പ്രവര്‍ത്തനം മൂലം ദുഷിപ്പു സംഭവിച്ചതായി വിലപിച്ചുകൊണ്ട് ഒട്ടനവധി സാഹിത്യകൃതികളും ആര്‍ട്ട്-കച്ചവട സിനിമകളും ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടു. ശത്രുക്കളെ തുരത്താനും ദേശത്തെ ശുദ്ധി ചെയ്യാനും കഴിയുന്നതായ പല വ്യക്തിവാദ രാഷ്ട്രീയ പദ്ധതികളും നക്‌സലിസം പോലുള്ള ഒറ്റമൂലികളും സവര്‍ണരില്‍ നിന്ന് ഉന്നയിക്കപ്പെട്ടു.
ദേശത്തിന്റെ രക്ഷക്ക് പഴയ ദേശീയവാദത്തിന്റെ വംശശുദ്ധിയുടെ പുനഃസ്ഥാപനമോ ഇടതുപക്ഷ കാല്‍പനിക വിശുദ്ധിയിലേക്കുള്ള പിന്‍മടക്കമോ അനിവാര്യമാണെന്ന മട്ടിലുള്ള മെറ്റഫറുകള്‍ ഇക്കാലത്ത് വ്യാപകമായി ജനപ്രിയത നേടി. ഇവയിലൂടെയാണ് പുതു സവര്‍ണ വംശീയത ശക്തിപ്പെട്ടത്. തദ്ഫലമായി ദേശരക്ഷിതാക്കളായ സവര്‍ണ പിതൃ/മാതൃ ബിംബങ്ങളുടെ വിവേകത്തെയും വിജ്ഞാനത്തെയും ത്യാഗസന്നദ്ധതയെയും കുറിച്ചുള്ള കെട്ടുകഥകള്‍ പോപ്പുലര്‍ സാഹിത്യത്തിലും സിനിമകളിലും ടെലിവിഷന്‍ ചാനലുകളിലും നിറഞ്ഞു.
ജനങ്ങള്‍ അനുഭവിച്ച വിഷമതകളോടുള്ള സഹഭാവത്തില്‍ നിന്നല്ല; തങ്ങളുടെ വരേണ്യതക്ക് അസഹ്യമായി അനുഭവപ്പെട്ട പുത്തന്‍ രാഷ്ട്രീയ സാന്നിധ്യങ്ങളോടുള്ള വിരോധത്തില്‍ നിന്നാണ് മുമ്പേ സൂചിപ്പിച്ച പോലുള്ള മെറ്റഫറുകള്‍ പിറവിയെടുത്തതെന്നതാണ് വസ്തുത. നക്‌സല്‍ കാല്‍പനികതയുടെ മൂടുപടം ധരിച്ചിരുന്നതിനാല്‍ എല്ലാവരും പ്രകീര്‍ത്തിച്ച സി.ആര്‍ പരമേശ്വരന്റെ പ്രകൃതിനിയമം എന്ന നോവലിനെയും 'ചിന്താമണി കൊലക്കേസ്' എന്ന പോപ്പുലര്‍ സിനിമയെയും ഇമ്മാതിരി മെറ്റഫറുകള്‍ക്ക് ഉദാഹരണം എന്ന നിലയില്‍ ഞാന്‍ മറ്റൊരു ജീവിതം സാധ്യമാണ് എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഇതേ കാലയളവിലാണ് ഉത്തരേന്ത്യയില്‍ കീഴാള രാഷ്ട്രീയവും കേരളത്തില്‍ ദലിത് പ്രസ്ഥാനങ്ങളും ഉയര്‍ന്നുവന്നത്. ജാതിവ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടില്‍ നിന്ന് രൂപപ്പെട്ട ജനമുന്നേറ്റങ്ങളെ രാഷ്ട്രീയമായി അടയാളപ്പെടുത്തുകയായിരുന്നില്ല; മറിച്ച് പൊതുമണ്ഡലത്തിലേക്കുള്ള ജാതീയതയുടെ നുഴഞ്ഞുകയറ്റമായി ചിത്രീകരിക്കാനാണ് മുഖ്യധാരാ പണ്ഡിതരും മാധ്യമങ്ങളും ശ്രമിച്ചത്. കീഴാള രാഷ്ട്രീയത്തോട് വിദ്വേഷം പുലര്‍ത്തുകയും ദേശീയ പ്രസ്ഥാനത്തിന്റെ വംശവിശുദ്ധിയിലും കമ്യൂണിസ്റ്റ് കാല്‍പനികതയിലും മയങ്ങിക്കിടക്കുകയും ചെയ്തിരുന്ന സവര്‍ണരാണ് ഇതേ കാലയളവില്‍ കേരളീയ മതേതര പ്ലാറ്റ്‌ഫോമുകള്‍ക്ക് നേതൃത്വം നല്‍കിയതെന്നതാണ് ഏറ്റവും രസകരമായ കാര്യം.
സവര്‍ണരായ ദേശസ്‌നേഹികള്‍ ബലിയര്‍പ്പിക്കപ്പെടാനും ത്യാഗങ്ങള്‍ അനുഷ്ഠിക്കാനും സന്നദ്ധത പുലര്‍ത്തുമ്പോള്‍ കീഴാളരും ന്യൂനപക്ഷങ്ങളുമായ അപരര്‍ ജാതീയതയെയും മതാത്മകതയെയും പുനര്‍ജീവിപ്പിച്ചുകൊണ്ട് പൊതുമണ്ഡലത്തെ ദുഷിപ്പിക്കുന്നു. ഇതാണ് നമ്മുടെ സെക്യുലര്‍ പ്ലാറ്റ് ഫോമുകളിലൂടെ ഉരുത്തിരിയുന്ന പാഠം. കോട്ടിട്ട അംബേദ്കറും മാനക ഭാഷ ഉപയോഗിക്കുന്ന ദലിതെഴുത്തുകാരും സംവരണത്തിലൂടെ ഉദ്യോഗം കിട്ടിയവരുമെല്ലാം ദേശീയമായ ദുഷിപ്പിന്റെ ചിഹ്നങ്ങളായി മാറിയത് ഈ പാഠത്തിലൂടെയാണ്. ഇത്തരം ചിഹ്നവത്കരണത്തിന്റെ സ്വാഭാവികമായ പരിണതിയാണ് ടാര്‍ജറ്റ് വിഭാഗങ്ങളുടെ മേലുള്ള ഹിംസാത്മകമായ പൊതുബോധ നിര്‍മിതി.
എഴുപതുകള്‍ മുതല്‍ ഇന്നേവരെയുള്ള കീഴാള രാഷ്ട്രീയത്തെ ദേശീയതയുടെ അപരമായി ചിത്രീകരിച്ചുകൊണ്ട് പുറന്തള്ളാനാണ് മുഖ്യധാര ശ്രമിച്ചിട്ടുള്ളത്. ഇതേ പ്രക്രിയയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിനെതിരെയും ആരംഭിച്ചിട്ടുള്ളത്.
ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുന്ന ഇസ്‌ലാമിക സംഘടനകള്‍ ദേശവിരുദ്ധരും മതരാഷ്ട്രം സ്ഥാപിക്കാന്‍ നടക്കുന്ന ആക്രമണകാരികളുമായി മുദ്രകുത്തപ്പെടുകയാണ്. ഇത്തരം പ്രചാരണങ്ങളുടെ ഫലമെന്നത് ജാതിവൈരുധ്യങ്ങള്‍ മറന്നുകൊണ്ട് ഹിന്ദുക്കള്‍ ഏകീകരിക്കപ്പെടുകയാണ്. അതുകൊണ്ടാണ് അലീഗഢില്‍ നിന്നു വരുന്ന മുസ്‌ലിം പണ്ഡിതനും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരും എഞ്ചിനീയറിംഗ് ബിരുദധാരികളായ മുസ്‌ലിം യുവതിയും യുവാവുമെല്ലാം നമ്മുടെ പോപ്പുലര്‍ സിനിമകളില്‍ ദേശവിരുദ്ധരായി സ്ഥാനപ്പെടുന്നത്. ഇത്തരം പിശാച് ജന്മങ്ങളെ കൊല്ലാന്‍ 'പടച്ചവന്‍ ബാക്കി വെച്ചവനാണ് ഞാന്‍' എന്നലറിക്കൊണ്ട് പൊതുബോധത്തെ ഇളക്കി മറിക്കുന്നത്, മുന്‍ എസ്.എഫ്.ഐ നേതാക്കളായ രഞ്ജിത്തും അമല്‍ നീരദുമാണെന്നത് യാദൃഛികമല്ല.
പൊതുബോധം അപകടകരമാംവിധം കീഴാള-ന്യൂനപക്ഷ വിരുദ്ധ മനോഭാവത്തിലേക്ക് വഴുതിവീണിരിക്കുന്ന ഈ ഘട്ടത്തില്‍ നമ്മള്‍ പരസ്പരമുള്ള സാഹോദര്യത്തിന്റെ വല വിപുലീകരിക്കേണ്ടതുണ്ട്. മാത്രമല്ല, ഹിന്ദുത്വ-മാര്‍ക്‌സിസ്റ്റ്-സെക്യുലരിസ്റ്റ് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഉറച്ച മറുപടി നല്‍കാന്‍ കഴിയുന്ന വൈജ്ഞാനിക സമൂഹമായി മാറാനും നമുക്ക് കഴിയണം.

പൊതുമണ്ഡലം:
തിരസ്‌കാരത്തിന്റെ യുക്തികള്‍
നവോത്ഥാനത്തിനു ശേഷം കേരളത്തില്‍ നടന്നത് ശൂദ്രാധിഷ്ഠിത സമൂഹ രൂപവത്കരണമാണെന്ന് എല്ലാവര്‍ക്കുമറിയാം. സവര്‍ണര്‍ക്കും മധ്യമ ജാതികള്‍ക്കും മേല്‍ കൈയുള്ളതും അവരോട് ഏച്ചുകെട്ടിയ ക്രിസ്ത്യന്‍-മുസ്‌ലിം വരേണ്യരെ ഉള്‍ക്കൊള്ളുന്നതുമായ സാമുദായിക രാഷ്ട്രീയ മേധാവിത്വത്തെയാണ് ശൂദ്രാധിഷ്ഠിത സമൂഹം എന്ന് വിളിക്കുന്നത്.
നവോത്ഥാന പ്രക്രിയയില്‍ ഇടപെടുകയും സമൂഹത്തിന്റെ ഉല്‍പാദന-പ്രത്യുല്‍പാദന മേഖലയെ ചലിപ്പിക്കുകയും ചെയ്ത കീഴാള പ്രതിനിധാനങ്ങള്‍ ഇതോടെ വിലക്കപ്പെട്ടവരായി മാറി. അയ്യങ്കാളിയും പൊയ്കയിലപ്പച്ചനും പാമ്പാടി ജോണ്‍ ജോസഫുമെല്ലാം സാമൂഹിക ഭാവനകളില്‍ നിന്ന് അപ്രത്യക്ഷരായത് തല്‍ഫലമാണ്. അതേപോലെ തന്നെ ക്രിസ്തുമതത്തിലെ അവര്‍ണധാരകളും ഇസ്‌ലാമിന്റെ മത-ദാര്‍ശനിക-നവോത്ഥാന വിവക്ഷകളും കടുത്ത രീതിയിലുള്ള അദൃശ്യതക്ക് വിധേയമായി. ചുരുക്കിപ്പറഞ്ഞാല്‍ ദലിതരെയും കീഴാള സ്ത്രീകളെയും ക്രൈസ്തവ അവര്‍ണരെയും അപ്പാടെ ബഹിഷ്‌കരിച്ചും ഇസ്‌ലാമിനെ ജ്ഞാനശാസ്ത്രപരമായി അകറ്റിനിര്‍ത്തിക്കൊണ്ടും കെട്ടിയുയര്‍ത്തിയ സവര്‍ണാധികാരത്തെയാണ് നമ്മള്‍ 'പൊതുമണ്ഡല'മെന്നും 'പുരോഗമന' സമൂഹമെന്നും വിളിക്കുന്നത്.
ഈ അധികാരകേന്ദ്രത്തെ ഘടനാപരമായി വിമര്‍ശിക്കുന്നതിനു പകരം 'ശാസ്ത്രീയത'യും 'യുക്തി'യും ഉപയോഗിച്ച് ന്യായീകരിക്കുന്നതാണ് ഇ.എം.എസ് എഴുതിയ കേരളം: മലയാളികളുടെ മാതൃഭൂമി പോലുള്ള പുസ്തകം. എം.എന്‍ വിജയനെപ്പോലുള്ളവരാകട്ടെ ശൂദ്രപുരുഷ ഏകവചനത്തിലേക്ക് ഇതേ അധികാരത്തെ ചുരുക്കിയെഴുതുകയാണ് ചെയ്തത്. അധിനിവേശ വിരുദ്ധതയെപ്പറ്റി അദ്ദേഹം പുലര്‍ത്തിയ ആശയങ്ങള്‍ എത്രമാത്രം യാഥാസ്ഥിതികവും സവര്‍ണ കേന്ദ്രിതവുമായിരുന്നെന്നത് ഇനിയും തിരിച്ചറിയാതിരിക്കുന്നത് വിഡ്ഢിത്തമാണ്. കുമാരനാശാനെയും വൈലോപ്പിള്ളിയെയും ബഷീറിനെയും പറ്റി എം.എന്‍ വിജയന്‍ എഴുതിയിട്ടുള്ള പാഠങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നായര്‍ ആണത്തത്തിനപ്പുറം മറ്റൊരു സ്വത്വമേഖലയെയും യാഥാര്‍ഥ്യത്തോടെ സമീപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ലെന്ന് മനസ്സിലാവും.
ഇത്തരത്തില്‍ സ്ഥാപനവത്കരിക്കപ്പെട്ട കേരളീയ പൊതുമണ്ഡലത്തെ ആധുനികദിശയില്‍ സംശയിച്ചത് പോസ്റ്റ് മാര്‍ക്‌സിസ്റ്റുകളും നക്‌സലൈറ്റുകളുമാണെന്നത് ജനപ്രിയമായൊരു കെട്ടുകഥയാണ്. 1970-കളുടെ അവസാനം കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ദലിത് പ്രസ്ഥാനമാണ് പുതിയൊരു ചരിത്രഘട്ടത്തിലേക്ക് സാമൂഹിക വിമര്‍ശനത്തിന്റെ ദിശമാറ്റിയത്. അദ്ദേഹം ജാതിവ്യവസ്ഥയെയും മതവിവേചനങ്ങളെയും വിഭവരാഹിത്യത്തെയും പറ്റി ഏറ്റവും യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തിക്കൊണ്ട് പുതിയൊരു ഭൂപടം തന്നെയാണ് മുന്നോട്ടുവെച്ചത്. എണ്‍പതുകളോടെ കെ.കെ കൊച്ചിനെപ്പോലുള്ള ദലിത് വ്യക്തിത്വങ്ങള്‍ സൂക്ഷ്മ രാഷ്ട്രീയത്തില്‍ നിരന്തരമായി ഇടപെടാന്‍ ആരംഭിച്ചിരുന്നു. ശൂദ്രാധിഷ്ഠിത സമൂഹത്തെ അപനിര്‍മിക്കുന്നതില്‍ വളരെയധികം പ്രാധാന്യമുള്ളതാണ് പി.കെ ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്ന പുസ്തകം. പൊതു ഇടങ്ങളെ കൈയേറാനും കൈയടക്കാനുമുള്ള സവര്‍ണാധിപത്യ ശക്തികളുടെ അവകാശവാദങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയ നിരവധി ദലിത്-മുസ്‌ലിം-പിന്നാക്ക പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും രൂപപ്പെട്ടതാണ് എണ്‍പതുകളുടെ സവിശേഷത.
നവജനാധിപത്യ സങ്കല്‍പനങ്ങളിലേക്കും ബുഹസ്വരതയിലേക്കുമുള്ള കേരളീയ സമൂഹത്തിന്റെ ഘടനാപരമായ മാറ്റത്തിന്റേതാണ് ഈ ചരിത്രഘട്ടം. മുസ്‌ലിം സമുദായത്തില്‍ നിന്ന് ശക്തമായ സാന്നിധ്യങ്ങള്‍ തീര്‍ച്ചയായും ഇക്കാലത്ത് രൂപപ്പെട്ടു. വളരെ ഉദ്ബുദ്ധമായ ബോധ്യങ്ങളോടെ കീഴാള രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവന്ന ഒരുപാട് മുസ്‌ലിം വ്യക്തിത്വങ്ങള്‍ അന്നുണ്ടായിരുന്നു. ഒരുപക്ഷേ, അബ്ദുന്നാസിര്‍ മഅ്ദനിയെ എണ്‍പതുകളിലെ മഹാശബ്ദങ്ങളിലൊന്നായി വിശേഷിപ്പിക്കാവുന്നതാണ്. ഇസ്‌ലാമിക വരേണ്യമല്ലാത്ത വിഭാഗങ്ങളെ അണിനിരത്താന്‍, ജാതിവ്യവസ്ഥയെ തിരിച്ചറിയാന്‍, അവര്‍ണരോട് ഐക്യപ്പെടാന്‍ അദ്ദേഹത്തെപ്പോലുള്ളവര്‍ നടത്തിയ ശ്രമമാണ് പൊതുബോധത്തിന്റെയും ഭരണകൂടത്തിന്റെയും വേട്ടയാടലുകള്‍ക്ക് കാരണമായതെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. മണ്ഡല്‍ കമീഷന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്ലാറ്റ്‌ഫോം, വി.ഡി ജോണിന്റെ നേതൃത്വത്തിലുണ്ടായ ദലിത് ക്രൈസ്തവ പ്രതിരോധങ്ങള്‍, വിജയപുരം രൂപതയിലും തീരദേശ മത്സ്യമേഖലയിലും ആദിവാസി ഭൂമി പ്രശ്‌നത്തിലും നടന്ന സമരങ്ങള്‍ ഇങ്ങനെ വളരെ വലുതും ചെറുതുമായ കീഴാള ഇനിഷ്യേറ്റീവുകളെ ഇനിയും അടയാളപ്പെടുത്തേണ്ടതായിട്ടുണ്ട്.
മേല്‍പറഞ്ഞ ബഹുജന മുന്നേറ്റങ്ങളെ തമസ്‌കരിക്കാനും ചെറുസൂചനകള്‍ പോലുമില്ലാതെ നിശ്ശബ്ദതയിലാഴ്ത്താനുമാണ് മുഖ്യധാര ശ്രമിച്ചത്. പകരം സ്ഥാപിക്കപ്പെട്ടതാകട്ടെ, മതേതര മുഖംമൂടിയിട്ട സവര്‍ണതയും ഇടതുപക്ഷ-തീവ്ര വിപ്ലവ കാല്‍പനികതയും. ഇപ്രകാരത്തിലുള്ള പുനഃസ്ഥാപനങ്ങള്‍ക്ക് സഹായകമായ ഘടകം ബെല്‍ഹൂക്‌സ് എഴുതിയതുപോലെ, 'നമ്മള്‍ പരസ്പരം നോക്കുന്ന'തിനു പകരം മുകളിലേക്ക് നോക്കുന്നവരായി മാറിയതാണ്. വലതുമുന്നണിയെയോ ഇടതുമുന്നണിയെയോ മാറി മാറി പിന്തുണച്ചുകൊണ്ട് സ്വയം വന്ധീകരണത്തിന് വിധേയമാവുകയാണ് ഇന്ന് മേലോട്ടുള്ള നോട്ടത്തിന്റെ അനിവാര്യഫലം. മറ്റൊരു കാര്യം മാര്‍ക്‌സിസം പോലുള്ള യൂറോപ്യന്‍ നിക്ഷേപങ്ങളെ അന്ധമായി വിശ്വസിക്കുക എന്ന സ്ഥിതിയില്‍നിന്ന് വിമോചിപ്പിക്കപ്പെടാന്‍ ദലിത്-മുസ്‌ലിം-പിന്നാക്ക നേതൃത്വങ്ങള്‍ക്കും സിവില്‍ സമുദായത്തിനും ഇനിയും കഴിയാത്തതാണ്.

ഫാഷിസവും വരേണ്യഭാവനകളും
ഇന്ത്യയിലെ ഫാഷിസത്തെ സംഘ്പരിവാരം എന്ന വാക്കായി ചുരുക്കിയെഴുതിയതാണ് നമ്മുടെ ഇടതുപക്ഷ ചിന്തകര്‍ ചെയ്‌യത ഏറ്റവും വലിയ അട്ടിമറി. ഫാഷിസവും ജാതിമേധാവിത്വവും തമ്മിലുള്ള വംശീയമായ വേഴ്ചയെ മറച്ചുവെക്കുന്നതായ രാഷ്ട്രീയം ഈ ലഘൂകരണത്തിലുണ്ട്. നമ്മള്‍ ഓര്‍ക്കേണ്ടത്, നവോത്ഥാനാനന്തരം ഭരണവര്‍ഗമായി മാറിയത് പുരോഗമനകാരികളും മതേതരവാദികളുമായ സവര്‍ണരായിരുന്നുവെന്നതാണ്. യാഥാസ്ഥിതികമായ മത-ജാതി സ്വാധീനങ്ങള്‍ കുടഞ്ഞുകളഞ്ഞവരായി സ്വയം പ്രഖ്യാപിച്ച ഇവര്‍ പക്ഷേ, തങ്ങളുടെ ഹിന്ദുസ്വത്വത്തില്‍ അഭിമാനിക്കുന്നവരും അതിന്റെ സാംസ്‌കാരികമായ ബോധ്യങ്ങളെ സ്വാംശീകരിച്ചവരുമാണ്. ഇപ്രകാരം 'മതേതര'രായി മാറിയവരിലൂടെ വികാസം നേടിയ 'ഹിന്ദു ദേശീയപുരുഷന്‍' എന്ന സ്വത്വമാണ് സമകാലീന ഫാഷിസത്തിന് അടിത്തറയിട്ടത്. ഈ നിര്‍മിതിയെ സംഘ്പരിവാര്‍ എന്നു മാത്രമായി ചുരുക്കുമ്പോള്‍ മതേതരവാദികളുടെയും പുരോഗമനകാരികളുടെയും ഉള്ളിലുള്ള ജാതിമേധാവിത്വവും അപരവിദ്വേഷവും ഭംഗിയായി മൂടിവെക്കാനാവുന്നു. ഇതിനര്‍ഥം, സംഘ്പരിവാറിനോടുള്ള എതിര്‍പ്പ് കുറക്കണമെന്നല്ല.
ദലിത് രാഷ്ട്രീയമാണ്, ഹിന്ദു ദേശീയവാദത്തിനും ബ്രാഹ്മണിത്ത സാംസ്‌കാരിക മേന്മാവാദത്തിനും എതിര്‍നിന്നുകൊണ്ട് ഫാഷിസത്തെ പ്രതിരോധിക്കുന്നതെന്ന യാഥാര്‍ഥ്യത്തെ മൂടിവെക്കാനാണ് മേല്‍ജാതിക്കാരായ മതേതരവാദികള്‍ ശ്രമിക്കുന്നത്.
ദേശരാഷ്ട്രത്തില്‍ പുതിയതായി കര്‍തൃത്വം നേടുന്ന സാമൂഹിക വിഭാഗങ്ങളോടുള്ള വിദ്വേഷം നിറഞ്ഞ മനോഘടന ഫാഷിസത്തിന്റെ അടിസ്ഥാന ലക്ഷണമാണ്. 18-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്പില്‍ രൂപപ്പെട്ട തൊഴിലാളി സംഘടനകളോടും കറുത്തവരുടെയും ജൂതരുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സാന്നിധ്യത്തോടും വെള്ളക്കാരായ വരേണ്യര്‍ പുലര്‍ത്തിയ അസഹിഷ്ണുതയില്‍നിന്നാണ് ഫാഷിസം രൂപപ്പെട്ടത്. ഒപ്പം, കോളനികളിലെ തദ്ദേശീയ ജനതകളുടെ ഉയിര്‍ത്തെഴുന്നേല്‍പുകളും പ്രശ്‌നമായി മാറി. ഈ ഘട്ടത്തിലെ മുതലാളിത്ത വികാസത്തിന് അനുബന്ധമായ രാഷ്ട്രീയ സമ്പദ്ശാസ്ത്രവും ജീവശാസ്ത്രപഠനങ്ങളും വൈദ്യശാസ്ത്ര ഗവേഷണങ്ങളും നരവംശശാസ്ത്രവും ഫാഷിസത്തിന് യുക്തിപരത നല്‍കി. ഏതുവിധം നോക്കിയാലും ആധുനിക പാശ്ചാത്യ യുക്തിയുടെയും ശാസ്ത്രീയ ചിന്തയുടെയും പരമാധികാരത്തില്‍ നിന്നാണ് ഫാഷിസം പിറവിയെടുത്തത്. ഈ വസ്തുത പരിശോധിക്കാതെ, മതത്തെ കേവലമായി പ്രതിയാക്കുകയും ആ മതമെന്നത് ഇസ്‌ലാമാണെന്ന് നിര്‍ണയിക്കുകയുമാണ് ആദ്യകാല ഹിന്ദുപരിഷ്‌കരണവാദികള്‍ മുതല്‍ ഇപ്പോഴത്തെ മാര്‍ക്‌സിസ്റ്റ് അക്കാദമിക്കുകള്‍ വരെയുള്ളവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഉപരിജാതിക്കാരായ ഇവരുടെ ഉള്ളിലേക്ക് നോക്കാന്‍ കീഴാള ബുദ്ധിജീവികള്‍ക്ക് കഴിയേണ്ടതുണ്ട്.
കീഴാളര്‍ ഒരു ഏജന്‍സിയായി മാറുന്നതിനെ ഏറ്റവും അസഹിഷ്ണുതയോടെ കാണുന്നവര്‍ നമ്മുടെ പുരോഗമനവാദികളാണ്. സ്വദേശാഭിമാനി മുതല്‍ സുനില്‍ പി. ഇളയിടം വരെയുള്ളവര്‍ ഈ കാര്യത്തില്‍ ഒന്നിക്കുന്നു. ന്യൂനപക്ഷങ്ങള്‍ സ്വതന്ത്രമായ കര്‍തൃത്വശേഷി പുലര്‍ത്തിയാല്‍ ഭൂരിപക്ഷ വര്‍ഗീയത വളരുമെന്നും, അതിനാല്‍ അവര്‍ എപ്പോഴും നിശ്ശബ്ദരായിരിക്കണമെന്നുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളെ ഉദാരവാദികളായ സവര്‍ണര്‍ പ്രതിനിധാനം ചെയ്യുമത്രെ. ഈ സങ്കല്‍പം ഏറ്റവും ജനാധിപത്യവിരുദ്ധമാണ്. അംബേദ്കറിന്റെ അഭിപ്രായത്തില്‍ ജനാധിപത്യത്തിന്റെ ഊടും പാവും നെയ്യുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഈ ശബ്ദങ്ങളെ നിരാകരിക്കുകയെന്നാല്‍ ജനാധിപത്യത്തെ നഷ്ടപ്പെടുത്തുകയെന്നാണ് അര്‍ഥം.
കേരളത്തില്‍ ന്യൂനപക്ഷ സ്വരങ്ങളെ മുഴുവന്‍ വര്‍ഗീയതയായി ചിത്രീകരിക്കുന്നതില്‍ മുഖ്യധാര വിജയിച്ചു. ഇതിന് അനുബന്ധമായി മാര്‍ക്‌സിസ്റ്റുകള്‍ രൂപപ്പെടുത്തിയ ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും എന്ന വിഭജനമാണ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും കപടമായ സിദ്ധാന്തം. ഈ വിഭജനത്തെ മാത്രമല്ല, വര്‍ഗീയത എന്ന പരികല്‍പന തന്നെ പുനഃപരിശോധിക്കേണ്ടതായുണ്ട്. ഹിന്ദു ദേശീയവാദത്തിലൂടെയും സവര്‍ണാധിപത്യത്തിലൂടെയും വളര്‍ന്നുവരുന്ന 'വംശീയത'യെ സൂചിപ്പിക്കാന്‍ 'വര്‍ഗീയത' എന്ന പദം മതിയാവില്ല.
സമ്പൂര്‍ണ വര്‍ഗീയവിരുദ്ധരും മതേതരവാദികളുമായിരുന്ന ഡോ. ടി.കെ രാചമന്ദ്രനും എം.എന്‍ വിജയനും ഡോ. കെ.എന്‍ പണിക്കരും ഇ.എം.എസ്സിന്റെ കാര്‍മകിത്വത്തില്‍ രൂപവത്കരിച്ച 'സെക്യുലര്‍ കളക്ടീവ്' എത്രമാത്രം പഴകിയ യുക്തിവാദമാണ് പ്രചരിപ്പിച്ചതെന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. വിശ്വാസത്തെ ഇല്ലായ്മ ചെയ്യുമ്പോള്‍ മാത്രമാണ് സംസ്‌കാരം ആരംഭിക്കുന്നതെന്നും യഥാര്‍ഥ മതേതരത്വത്തിനു വസിക്കാന്‍ കഴിയുന്നത് മതങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നിടത്താണെന്നും കെ.എന്‍ പണിക്കര്‍ എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ഇസ്‌ലാമും ബുദ്ധിസവും ദ്രാവിഡമതങ്ങളും സിക്കുമതത്തിലെയും ക്രൈസ്തവ മതത്തിലെയും അവര്‍ണധാരകളും പി.ആര്‍.ഡി.എസ് പോലുള്ള ആയിരക്കണക്കില്‍ കീഴാള വിശ്വാസ പ്രസ്ഥാനങ്ങളും ഹിന്ദുത്വ ഫാഷിസത്തെ പ്രതിരോധിക്കുന്നതില്‍ യാതൊരു പങ്കും വഹിക്കുന്നില്ലെന്നും അവയെല്ലാം ന്യൂനപക്ഷ വര്‍ഗീയത ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണെന്നും ചിത്രീകരിക്കുന്നതല്ലേ ബൗദ്ധിക ബ്രാഹ്മണ്യം?

തിരിച്ചറിവുകളുടെയും
സമരങ്ങളുടെയും മൂന്നാം ഭൂപടം
നമ്മളിപ്പോഴും ഫാഷിസത്തിന്റെ അന്തരീക്ഷത്തില്‍ തന്നെയാണ് ജീവിക്കുന്നത്. നമുക്ക് പറയാന്‍ കഴിയാതിരുന്ന അവസ്ഥ, നമ്മുടെ ദൃശ്യത നഷ്ടമാവുന്ന അവസ്ഥ, എപ്പോഴും ഒരു ന്യൂനസ്ഥാനത്ത് നില്‍ക്കുന്നതായി അനുഭവപ്പെടുക, രണ്ടാംകിട പൗരത്വം ബോധ്യപ്പെടുക- ഇതെല്ലാം കൂടിച്ചേരുന്നതാണ് ഫാഷിസത്തിന്റെ അന്തരീക്ഷം. ഇതിനെക്കുറിച്ചെങ്ങാന്‍ മിണ്ടിപ്പോയാല്‍ വിഭാഗീയതയെന്നും മൗലികവാദമെന്നും സ്വത്വവാദമെന്നുമുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയമാകും. നമ്മെ വലയം ചെയ്തിരിക്കുന്ന ആക്രമണപരമായ പൊതുബോധത്തെ അതിജീവിക്കാന്‍ ജ്ഞാനപരവും ധാര്‍മികവും മനുഷ്യപദവിയെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഘടകങ്ങളാവശ്യമാണ്.
രണ്ടായിരത്തിനു ശേഷം തിരിച്ചറിവുകളുടെ കൂടുതല്‍ സാധ്യതകള്‍ തുറന്നുകിട്ടിയെന്നതാണ് കടന്നുപോയ പതിറ്റാണ്ടിന്റെ പ്രത്യേകത. പടിഞ്ഞാറിന്റെ അധിനിവേശയുക്തികളെ മാത്രമല്ല, കിഴക്കിന്റെ വംശീയമൂല്യങ്ങളെയും ചോദ്യം ചെയ്യാന്‍ കഴിയുന്ന പുതിയ ഉറവിടങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ദൃശ്യമാണ്.
ആധുനികകാലത്തെ സാമൂഹിക പരിവര്‍ത്തനത്തിന്റെ സമഗ്ര പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ടത് മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളും സമരങ്ങളുമാണ്. ഒരു വിമോചന പ്രതീക്ഷ മാത്രമല്ല, ചരിത്ര വികാസത്തിന്റെ അനിവാര്യ ഘട്ടമായി തന്നെ ഈ പ്രത്യയശാസ്ത്രം വിലയിരുത്തപ്പെട്ടു. എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും എല്ലാറ്റിന്റെയും പ്രതിനിധാനാവകാശം കൈയാളാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മാര്‍ക്‌സിസ്റ്റുകള്‍ വിശ്വസിച്ചു. എന്നാല്‍, ഈ അവകാശവാദത്തിന് വിരുദ്ധമായി മതത്തെ പൊതുവെയും അപരസമൂഹങ്ങളെ തീവ്രമായും ഒഴിവാക്കിയ ചിന്താപദ്ധതിയാണിത്. മതത്തോടും അപരത്തോടും ബന്ധപ്പെട്ട സാമൂഹിക ഭാവനകളും വൈജ്ഞാനികതയുമെല്ലാം അപരിഷ്‌കൃതമായി ഒഴിച്ചുമാറ്റി. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും നഗരകേന്ദ്രീകൃതരും വെള്ളക്കാരുമായ മധ്യവര്‍ഗങ്ങളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ഈ പ്രത്യയശാസ്ത്രം കൂടുതലായി പ്രമേയവത്കരിച്ചത്.
അംബേദ്കറുടെ അഭിപ്രായത്തില്‍ സമൂഹപരിവര്‍ത്തനം സംഭവിക്കുന്നത് സാമ്പത്തികമായ കാരണങ്ങളാലാണെന്ന മാര്‍ക്‌സിസ്റ്റ് ലോജിക്ക് വളരെ ദുര്‍ബലമാണ്. വിശ്വാസമാണ് മിക്കപ്പോഴും ചരിത്രത്തെ കൂടുതലായി സ്വാധീനിച്ചിട്ടുള്ള ഘടകം. ഈ അര്‍ഥത്തില്‍ ഇന്ത്യാ ചരിത്രത്തിലെ മതരൂപവത്കരണങ്ങളും മതകലഹങ്ങളും സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഈ വസ്തുതയെ അവഗണിച്ച മാര്‍ക്‌സിസ്റ്റുകള്‍ ഫലത്തില്‍ ഇന്ത്യയിലെ ജാതിവിരുദ്ധ പ്രസ്ഥാനത്തെയും അവര്‍ണ സമരങ്ങളെയും മാത്രമല്ല, തദ്ദേശീയമായ വൈജഞാനിക ആത്മീയ സ്രോതസ്സുകളെയും ബലികഴിക്കുകയാണ് ചെയ്തത്.
മാര്‍ക്‌സിസത്തിന് പീഡിതരുടെ മേലുള്ള അവകാശവാദത്തെ അംബേദ്കറെ പോലുള്ളവര്‍ മുമ്പേ തള്ളിക്കളഞ്ഞെങ്കിലും, 1980-കള്‍ മുതലാണ് ഈ സംശയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ഉന്നയിക്കാനാരംഭിച്ചത്. യൂറോപ്പിലെയും അമേരിക്കയിലെയും കറുത്തവരും സ്ത്രീകളും മുസ്‌ലിംകളും ലൈംഗിക ന്യൂനപക്ഷങ്ങളും മാത്രമല്ല, ഇന്ത്യയിലെ ദലിതരും ഇത്തരം സംശയങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. അവര്‍ കേവലമായ പ്രതിബോധം ഉയര്‍ത്തുകയായിരുന്നില്ല; പുതിയൊരു ഭൂപടത്തെ മുന്നോട്ടുവെക്കുകയാണ് ചെയ്തത്.
മാര്‍ക്‌സിസ്റ്റുകള്‍ ഉന്നയിച്ച വെള്ളക്കാരായ മധ്യവര്‍ഗക്കാരുടെയോ സവര്‍ണരായ മധ്യമ ജാതിക്കാരുടെയോ വിഷയങ്ങളില്‍ നിന്ന് വേറിട്ട്, വര്‍ണ ജാതി വ്യവസ്ഥയുടെയും ലിംഗവ്യവസ്ഥയുടെയും ഇരകളെയും ദേശീയതയുടെ അപരരെയും ഈ പുതിയ ഭൂപടം ഉള്‍ക്കൊണ്ടു. മാര്‍ക്‌സിസ്റ്റുകള്‍  'സഖാവ്' (comrade) എന്ന പദത്തെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാപിപ്പിച്ചപ്പോള്‍ ഈ പ്രസ്ഥാനങ്ങള്‍ സാഹോദര്യത്തെ(sisterhood/brotherhood)യാണ് പ്രചരിപ്പിച്ചത്. ദലിതരും മുസ്‌ലിംകളും പിന്നാക്കക്കാരും കീഴാള സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളുമായ ദേശീയതയുടെ അപരര്‍ തങ്ങള്‍ സഹോദരന്മാരും സഹോദരികളുമാണെന്ന് തിരിച്ചറിയുന്നത് വലിയ പാതകമാണെന്നാണ് കേരളത്തിലെ 'ഉത്തരാധുനികര്‍' ഫേസ്ബുക്കിലൂടെ ഇപ്പോഴും പ്രഖ്യാപിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്, വ്യത്യസ്തമായ ഈ ഭൂപടം പാശ്ചാത്യ സ്റ്റാന്‍ഡേര്‍ഡുകളില്‍ നിന്ന് മാത്രമല്ല, ഇന്ത്യയുടെ ബ്രാഹ്മണ/ശൂദ്രാവബോധത്തിന്റെ സാംസ്‌കാരിക യുക്തികള്‍ക്കും പുറത്താണ്.
ഇതിനൊപ്പം ഇസ്‌ലാം പുതിയൊരു ഭൂപടവുമായി രംഗത്ത് വരുന്നുവെന്നതാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത. ഉത്തരാധുനിക സമൂഹത്തില്‍ മതം ഒരു പ്രത്യേക രീതിയില്‍ കൂടുതല്‍ ദൃശ്യത കൈവരിക്കുകയാണ്. ജ്ഞാനപരവും ധാര്‍മികവുമായ വീക്ഷണങ്ങളിലും ഉപഭോഗതൃഷ്ണകളോട് എതിരിടുന്നതിലും മതം വലിയ പ്രേരണാ ശക്തിയാവുകയാണ്. ആത്മീയമായും അധിനിവേശ വിരുദ്ധതയുടെ വിഷയത്തിലും ഇതിന് പ്രാധാന്യം വര്‍ധിച്ചുവരുന്നു. ഈ ഘട്ടത്തിലെ ഇസ്‌ലാമിന്റെ ആഗോളതലത്തിലുള്ള സാന്നിധ്യത്തെയും അതിന്റെ ഭാഗമായി രൂപപ്പെട്ടിരിക്കുന്ന വിമോചന/പ്രതിരോധ പ്രസ്ഥാനങ്ങളെയും സംഗീതത്തിലും സാഹിത്യത്തിലും നൈതികമായ ബോധ്യങ്ങളിലും ഉണ്ടായിട്ടുള്ള ഉണര്‍വുകളെയുമാണ് ഞാന്‍ പുതിയൊരു ഭൂപടമെന്ന് ഉദ്ദേശിക്കുന്നത്.
ഈ പുതിയ പുറപ്പാടിനെ അംഗീകരിച്ചേ പറ്റൂ എന്നു പറഞ്ഞാല്‍ പോരാ, അതിനെ അത്തരത്തില്‍ ഉള്‍ക്കൊള്ളുന്നതിലൂടെ സ്വയം നവീകരിക്കാന്‍ നമുക്ക് കഴിയേണ്ടതാണ്. നവബുദ്ധിസത്തിലും ഇസ്‌ലാമിലേതുപോലുള്ള ചലനങ്ങള്‍ ദൃശ്യമാണ്. ഇന്നലെ വരെ അസാധ്യമെന്ന് കരുതിയ പലതിനെയും തുറക്കാന്‍ കഴിയുന്ന ഒന്നായി ഈ ഭൂപടത്തെ തീര്‍ച്ചയായും കീഴാള രാഷ്ട്രീയം കാണുന്നുണ്ട്.

ഭാവനാസമ്പന്നമായ യുവസംസ്‌കാരം
അക്കാദമിക് ശ്രദ്ധ ആവശ്യപ്പെടുന്ന തരത്തില്‍ തിരിച്ചറിവുകളുടെ പുതുരാഷ്ട്രീയം ഏറ്റവും കൂടുതല്‍ ദൃശ്യമായിരിക്കുന്നത് ദലിതരിലെയും മുസ്‌ലിംകളിലെയും യുവതലമുറയിലാണ്. കേരളത്തിലെ കീഴാള ഇടം രൂപപ്പെടുത്തിയ വൈജ്ഞാനിക-ധാര്‍മിക സമസ്യകളെ ആദ്യം തിരിച്ചറിഞ്ഞത് അവരാണ്. മുസ്‌ലിം സമുദായത്തിലെ യുവതലമുറയെ ഞാന്‍ അതീവ പ്രത്യാശയോടെയാണ് കാണുന്നത്. കാരണം, ദേശത്തിന്റെ ശത്രുവാണ്, തീവ്രവാദിയാണ്, മതരാഷ്ട്രവാദിയാണ്, സദാചാര പോലീസാണ് എന്നിങ്ങനെയുള്ള കുറ്റാരോപണങ്ങളോട് ഓരോ നിമിഷവും പോരടിച്ചുകൊണ്ട് സ്വയം വികസിച്ചവരാണവര്‍.
അധിനിവേശവിരുദ്ധ പോരാട്ടങ്ങളില്‍ അണിനിരന്നിട്ടുള്ളവരാണ് കേരളത്തിലെ ഇസ്‌ലാം വിശ്വാസികള്‍. സവര്‍ണമേധാവിത്വത്തെ എതിര്‍ക്കുന്ന ഘടകങ്ങളും സജീവമാണ്. എന്നാല്‍, ഒരു ജനതയെന്ന നിലയില്‍ തങ്ങള്‍ക്കുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്ത രീതിയില്‍ ദേശീയതയുടെ അപരത്വം അവരില്‍ അടിച്ചേല്‍പിക്കപ്പെട്ടു. ഹൈന്ദവ സംസ്‌കാരത്തെ മലിനപ്പെടുത്തുന്നവരായും ദേശത്തെ വെട്ടിമുറിച്ചവരുടെ പിന്‍മുറക്കാരായും അവര്‍ കുറ്റാരോപിതരായി. ഇസ്‌ലാമിലെ മതേതരവാദികളും പുരോഗമന ചിന്താഗതിക്കാരും ഈ കുറ്റാരോപണത്തെ നിശ്ശബ്ദമായി ഏറ്റെടുക്കുക മാത്രമല്ല, ഉള്ളില്‍ കുറ്റബോധം സൂക്ഷിക്കുന്നതാണ് സവര്‍ണതയോടുള്ള സമവായത്തിന് വഴിയെന്നും സ്വയം കരുതി.
ഒരു വശത്ത് അടിച്ചമര്‍ത്തുന്ന പൊതുബോധം, മറുവശത്ത് ആഭ്യന്തരമായ സമ്മര്‍ദങ്ങള്‍. കീഴാളമായ ഈ അവസ്ഥയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റവരാണ് ഇന്നത്തെ മുസ്‌ലിം യുവജനങ്ങള്‍. ഇവരില്‍ നിന്ന് വളരെ വേഗം ബൗദ്ധികവും നൈതികവും രാഷ്ട്രീയവുമായ സാന്നിധ്യങ്ങള്‍ ഉയര്‍ന്നുവരുമെന്നതിന് യാതൊരു സംശയവും വേണ്ട. പ്രതീക്ഷയുളവാക്കുന്ന നിരവധി ഉദാഹരണങ്ങളില്‍ ചിലതാണ് കാമ്പസ് അലൈവ് മാസികയും കെ. അശ്‌റഫ് എഡിറ്റ് ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന പുസ്തകവും. ദലിത് യുവജനങ്ങളില്‍ സന്തോഷ് ഒ.കെയും അരുണും സിമിയും ഷിബി പീറ്ററും രഞ്ജിത്ത് തങ്കപ്പനുമെല്ലാം നടത്തുന്ന ശ്രമങ്ങള്‍ പുതിയ രീതിയിലുള്ള പാരായണമാവശ്യപ്പെടുന്നുണ്ട്. കേവലമായ പ്രതിരോധത്തിനപ്പുറം, മറ്റൊരുവിധത്തില്‍ ലോകത്തെ കാണാനുള്ള ശ്രമങ്ങളാണിവ. ഭാവനാസമ്പന്നമായ ഈ യുവതയെ ദൃശ്യപ്പെടുത്താന്‍ നമ്മുടെ മാധ്യമവത്കൃതമായ മനോഘടന സന്നദ്ധമായിട്ടില്ലെന്നതാണ് പ്രശ്‌നം.
ഈ പുതിയ യുവതയെ സാക്ഷ്യപ്പെടുത്താന്‍ നമ്മുടെ മാധ്യമങ്ങളെ അടിപ്പെടുത്തിയിരിക്കുന്ന സവര്‍ണ സാംസ്‌കാരിക ദാസ്യം പോലെ പ്രധാനപ്പെട്ടതാണ് ഉത്തരാധുനിക ജനപ്രിയതയോടുള്ള ആഭിമുഖ്യവും. കീഴാള മാധ്യമരംഗത്ത് കുതിച്ചു ചാട്ടം നടത്തിയ പ്രസിദ്ധീകരണങ്ങളാണ് മാധ്യമം ദിനപത്രവും വാരികയും. തൊണ്ണൂറുകളിലെ ദലിത് അന്വേഷണങ്ങളുടെ ഭാഷയെ അതേ രീതിയില്‍ പരിചയപ്പെടുത്താന്‍ ഇവ കാണിച്ച ധീരത കേരളീയ സമൂഹത്തിന് വമ്പിച്ച തരത്തിലുള്ള ബൗദ്ധിക മൂലധനമാണ് സംഭാവന ചെയ്തത്. അതേ ആസ്തി പുതിയ തലമുറയിലെ ദലിത്-ഇസ്‌ലാമിക ശബ്ദങ്ങളില്‍ നിന്ന് രൂപപ്പെടുത്തുന്നതില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല.
പുതിയ കാലത്തെ പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെട്ടുകൊണ്ട് പൃഥിരാജിന്റെ മുഖചിത്രവുമായിട്ടാണ് നമ്മുടെ ഒരു വാരികയുടെ വാര്‍ഷികപ്പതിപ്പ് പുറത്തിറക്കിയത്. സമകാലീന യുവതയെപ്പറ്റിയുള്ള വസ്തുതാ വിരുദ്ധമായ ഒരു സൂചനയാണ് ഈ മുഖചിത്രം.
കീഴാളരിലെ വൈജ്ഞാനിക സമൂഹങ്ങളെയും രാഷ്ട്രീയ കര്‍തൃത്വങ്ങളെയും അദൃശീകരിക്കാനാണ് സവര്‍ണ മേധാവിത്വം എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഉത്തരാധുനിക ജനപ്രിയരാകട്ടെ, കീഴാള യുവത്വത്തെ നിര്‍മാനുഷികമായ സാങ്കേതിക വിദ്യയിലടിമപ്പെടുത്തിയും നവലൈംഗികതയെ പറ്റിയുള്ള സവര്‍ണ ഐതിഹ്യങ്ങളില്‍ മോഹിപ്പിച്ചും മയക്കി കിടത്താന്‍ ശ്രമിക്കുന്നു. പൃഥിരാജിനെ പോലുള്ള കേവലമായ ഒരു സവര്‍ണ ജനപ്രിയ പുരുഷ ചിഹ്നം ഈ മയക്കത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിനോട് ഒരുവിധത്തിലും താരതമ്യപ്പെടുത്താന്‍ കഴിയാത്തവിധം ജനങ്ങളുടെ സമരങ്ങളിലും സങ്കടങ്ങളിലും ഇടപെടുന്നവരാണ് ദലിതരിലെയും മുസ്‌ലിംകളിലെയും യുവജനങ്ങള്‍.
ഉത്തരാധുനികതയില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ജനപ്രിയമായ സാംസ്‌കാരിക ചിഹ്നങ്ങളോടും കാല്‍പനികതയോടും കൂടി എതിരിടുന്ന വിമര്‍ശന കര്‍തൃത്വമാണ് കീഴാള രാഷ്ട്രീയം. ഇതിനെ വെറും കൗതുക കാഴ്ചയായി, ടൂറിസ്റ്റ് കണ്ണിലൂടെ അടയാളപ്പെടുത്താമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. മറിച്ച്, ഇന്നലെ വരെ അദൃശ്യരായിരുന്നവര്‍ സമൂഹ രൂപവത്കരണ പ്രക്രിയയില്‍ ഇടപെടുന്നതിന്റെ ഭാവനാപരതയായി ഇതിനെ തിരിച്ചറിയുകയാണാവശ്യം.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം