Prabodhanm Weekly

Pages

Search

2011 ജൂലൈ 30

കത്തുകള്‍

ഇത് 'മതമൗലികവാദി'കളുടെ സുവര്‍ണകാലം!
രാഷ്ട്രാന്തരീയ ഗൂഢാലോചനകളെയും, സൈനിക അട്ടിമറിക്കും മതേതര ഭീകരതക്കും വളംവെക്കുന്ന ജുഡീഷ്യല്‍ ആക്ടിവിസത്തെയും പരാജയപ്പെടുത്തിക്കൊണ്ട് തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി നേടിയ ഹാട്രിക്ക് വിജയം ലോകത്തെങ്ങുമുള്ള ഇസ്‌ലാംസ്‌നേഹികള്‍ക്ക് ആഹ്ലാദകരമായ അനുഭവമാണ്. പടിഞ്ഞാറന്‍ സഖ്യരാജ്യങ്ങളുടെ കുത്സിത നയങ്ങളുമായി സന്ധി ചെയ്യാത്ത ഉര്‍ദുഗാനില്‍ 62 ശതമാനം തുര്‍ക്കികളും വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്ന സര്‍വേ റിപ്പോര്‍ട്ട് ഭാവിയിലേക്കുള്ള ശുഭ സൂചനയാണ്.
ലോകത്തെങ്ങുമുള്ള കപട മതേതരത്വത്തിന്റെ വക്താക്കള്‍, തുര്‍ക്കി അത്താത്തുര്‍ക്കിന്റെ മതേതര ഭീകരതയുടെ പാതയില്‍ തന്നെ അടിയുറച്ചു നില്‍ക്കണമെന്നാഗ്രഹിക്കുന്നവരാണ്. തുര്‍ക്കിയിലെ സമീപകാല മാറ്റങ്ങള്‍ കടുത്ത അസഹിഷ്ണുതയോടെയാണ് ഇത്തരക്കാര്‍ നോക്കിക്കാണുന്നത്. 'അത്താത്തുര്‍ക്കിന്റെ തുര്‍ക്കി, വഴിത്തിരിവില്‍' എന്ന ശീര്‍ഷകത്തില്‍ ഏതാനും വര്‍ഷം മുമ്പ്, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ പി. ഗോവിന്ദപിള്ള മാതൃഭൂമി (2007 മെയ് 5)യില്‍ തദ് വിഷയകമായി എഴുതിയത് ഒരു ഉദാഹരണം മാത്രം. ആഗോളതലത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മതമൗലിക വാദത്തിന്റെ വിഷവായു തുര്‍ക്കിയെയും കഴിഞ്ഞ എട്ടുപത്ത് വര്‍ഷമായി അലോസരപ്പെടുത്തിയിരിക്കുന്നുവെന്നും ചില മതഭ്രാന്തന്‍ പാര്‍ട്ടികളും ഗ്രൂപ്പുകളും അവിടെ തലപൊക്കി തുടങ്ങിയിരിക്കുന്നുവെന്നുമാണ് പിള്ളയുടെ രോദനം. ''ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി കടുത്ത മതഭ്രാന്തന്‍ കക്ഷിയല്ലെങ്കിലും മതഭ്രാന്തിന്റെയും മതനിരപേക്ഷതയുടെയും ഇടക്ക് ചാഞ്ചാടുന്ന ഒരു പാര്‍ട്ടിയായാണ്'' എന്ന് അദ്ദേഹം ആരോപിക്കുന്നു. എ.കെ പാര്‍ട്ടിയെ പോലുള്ള മതാഭിമുഖ്യമുള്ള തുര്‍ക്കിയിലെ ഇസ്‌ലാമിക കക്ഷികളെ മതഭ്രാന്തന്‍ കക്ഷികളെന്ന് പിള്ള അടച്ചാക്ഷേപിക്കുന്നു. ''പള്ളികളെയും മദ്‌റസകളെയും കേന്ദ്രമാക്കി വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മതഭ്രാന്തന്‍ കക്ഷികള്‍ക്ക് നല്ല കര്‍മശേഷിയുണ്ടെങ്കിലും ബഹുജനങ്ങള്‍ പൊതുവെ സൈന്യത്തിന്റെയും മതനിരപേക്ഷതാ വാദികളുടെയും ഭാഗത്താണെന്ന് തുര്‍ക്കിയില്‍ നിരന്തരമായി മതമൗലികവാദികള്‍ക്ക് എതിരെ നടന്നുവരുന്ന പ്രകടനങ്ങള്‍ തെളിയിക്കുന്നു''വെന്ന് അദ്ദേഹം ആശ്വസിക്കുന്നു.
എന്നാല്‍, ''മതനിരപേക്ഷതക്ക് വേണ്ടി തുര്‍ക്കിയുടെ രാഷ്ട്രപിതാവായി കരുതപ്പെടുന്ന അത്താത്തുര്‍ക്കിന്റെ പാത പതറാതെ പിന്തുടരാന്‍ സൈന്യവും ഭരണയന്ത്രവും അരയും തലയും മുറുക്കുമ്പോള്‍, പ്രധാന രാഷ്ട്രീയ കക്ഷികള്‍ ആ മഹനീയ പൈതൃകത്തെ തിരസ്‌കരിച്ച് മതഭ്രാന്തന്‍ മാര്‍ഗത്തിലേക്ക് മുതലക്കൂപ്പ് കുത്തുന്നു''വെന്ന ലേഖകന്റെ വരികളില്‍, തുര്‍ക്കിയിലെ വിപ്ലവകരമായ മാറ്റങ്ങളോടുള്ള അമര്‍ഷവും വിരോധവുമാണ് ഓളം വെട്ടുന്നത്. എന്തു ചെയ്യാം! സെക്യുലര്‍ ഭീകരതയെ തന്ത്രപൂര്‍വമായ പ്രതിരോധത്തിലൂടെ തകര്‍ത്തെറിഞ്ഞ്, മാറ്റത്തിന്റെ ഇളം തെന്നല്‍ രാജ്യമാകെ വീശയടിക്കുകയും പ്രതിഷേധികളുടെയും അസഹിഷ്ണുക്കളുടെയും രോദനവും വിലാപവും അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്ന ആഹ്ലാദകരമായ കാഴ്ചയാണ് ലോകമിന്ന് തുര്‍ക്കിയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
നിരോധങ്ങളെയും ശക്തമായ അടിച്ചമര്‍ത്തലുകളെയും തൂക്കുമരങ്ങളെയും അതിജീവിച്ച് മുസ്‌ലിം ലോകത്തെ ഏറ്റവും പ്രബലമായ ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഈജിപ്തിന്റെ മുഖഛായ മാറ്റാന്‍ പ്രതിജ്ഞാബദ്ധമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ''മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കും ഇസ്‌ലാമിനും സഹവര്‍ത്തിത്വത്തോടെ ഒന്നിച്ചു നീങ്ങാന്‍ കഴിയുമെന്നതിന്റെ ഉദാത്തമായ ഉദാഹരണാണ് ഈജിപ്ത് മുന്നേറ്റം'' (ദേശാഭിമാനി 14.2.2011) എന്ന് മാര്‍ക്‌സിസ്റ്റ് നേതാവ് പ്രകാശ് കാരാട്ട് സമ്മതിച്ചുപറയാന്‍ നിര്‍ബന്ധിതമായ പശ്ചാത്തലം അനിഷേധ്യമായ ഈ യാഥാര്‍ഥ്യത്തെക്കുറിച്ച തിരിച്ചറിവല്ലാതെ മറ്റെന്താണ്?
മുസ്‌ലിം ഭൂരിപക്ഷമുള്ള ഏത് രാഷ്ട്രമായാലും അവിടങ്ങളില്‍ ബാഹ്യമായ ഇടപെടലുകളൊന്നുമില്ലാതെ, നിഷ്പക്ഷവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അമേരിക്കന്‍ പ്രതിഷ്ഠിത പാവസര്‍ക്കാറിന്റെ സ്വേഛാധിപതികളെ പുറംതള്ളി 'മതമൗലികവാദികള്‍' എന്ന് ചിലര്‍ അധിക്ഷേപിച്ച് പറയുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവിടങ്ങളിലെല്ലാം അധികാരത്തില്‍ വന്നേക്കാവുന്ന പുതിയ സാഹചര്യം, ഇസ്‌ലാമിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഊര്‍ജസ്വലവും ത്യാഗോജ്വലവുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി സംജാതമായിരിക്കുന്നുവെന്നതാണ് ആശാവഹമായ യാഥാര്‍ഥ്യം. സമകാലിക യുഗത്തില്‍ ഉരുത്തിരിഞ്ഞുവന്ന ഈ യാഥാര്‍ഥ്യം മാര്‍ക്‌സിസ്റ്റ് ചിന്തകനായിരുന്ന, ദിവംഗതനായ സി. ഭാസ്‌കരന്റെ വാക്കുകളില്‍ ഇങ്ങനെ വായിക്കാം:
''മിക്ക പശ്ചിമേഷ്യന്‍-ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളിലും, സ്വതന്ത്രവും നീതിപൂര്‍വകമായി നടക്കുന്ന തെരഞ്ഞെടുപ്പ് ഇസ്‌ലാം മതത്തെ ആസ്പദമാക്കിയ പാര്‍ട്ടികളുടെ വിജയത്തില്‍ കലാശിക്കും. ഇത് സംഭവിക്കുന്നില്ലെങ്കില്‍ പോലും അധികാരത്തില്‍ വരുന്ന കക്ഷി ജനങ്ങളുടെ മതവികാരത്തിനനുസൃതമായി അതിന്റെ നയങ്ങളില്‍ നീക്കുപോക്കുകള്‍ നടത്തേണ്ടിവരും. ഈയിടെ അള്‍ജീരിയയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം, ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വകുമായി നടക്കുന്ന തെരഞ്ഞെടുപ്പ് ഇസ്‌ലാം മതമൗലികവാദികളുടെ വിജയത്തിലേക്ക് നയിക്കാന്‍ എല്ലാവിധ സാധ്യതകളുമുണ്ട് എന്നതാണ്'' (കേരള കൗമുദി 11-7-1990)
റഹ്മാന്‍ മധുരക്കുഴി

 


ഹായ് നോമ്പുതുറ!
നോമ്പുതുറയിലെ വിഭവാധിക്യത്തെ പരിഹസിച്ചുകൊണ്ട് ഒരു ആനുകാലികത്തില്‍ വന്ന കവിതയുടെ തലക്കെട്ടാണ് ഇവിടെ കൊടുത്തിരിക്കുന്നത്. നോമ്പുതുറയിലെ ധൂര്‍ത്തും ധാരാളിത്തവും അനാരോഗ്യ പ്രവണതകളും ഒരുപാട് ചര്‍ച്ച ചെയ്തതാണ്. സമൂഹത്തിലെ തെറ്റായ പ്രവണതകളെ ചെറുക്കാനും നേര്‍വഴിക്ക് നയിക്കാനും ബാധ്യതപ്പെട്ടവരെന്ന് നാം കരുതുന്ന പള്ളിയും പള്ളിയുടെ ആളുകളും പക്ഷേ, അനുയായികള്‍ നയിക്കുന്ന വഴിയേയാണ് സഞ്ചരിക്കുന്നത്. പള്ളികളില്‍ ഇനി നോമ്പുതുറ സ്‌പെഷല്‍ കമ്മിറ്റികളുടെ കാലമാണ്. ഹോട്ടലുകള്‍ റദമാന്‍ ഫുഡ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുമ്പോള്‍ പള്ളികളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന നോമ്പുതുറ മഹാമഹം നടക്കാന്‍ പോകുന്നു.
സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ വിഭവങ്ങള്‍ ഗംഭീരമാകുന്നു. നിര്‍ബന്ധിത പിരിവ് നടക്കുന്ന സ്ഥലങ്ങളുമുണ്ട്. കുറേപ്പേര്‍ സംഘാടകരായും മറ്റും അരങ്ങുതകര്‍ക്കുന്നു. ഇതിനിടയില്‍ നമസ്‌കാരമൊക്കെ ഒരു വഴിക്കായാലും തരക്കേടില്ല.
എണ്ണയില്‍ വറുത്ത പലഹാരങ്ങളുടെ നിരന്തര ഉപയോഗം അപകടകരമാണെന്ന് എല്ലാ വൈദ്യശാസ്ത്ര വിഭാഗങ്ങളും പറയുന്നത് നമുക്ക് ബാധകമല്ലല്ലോ. ഈ മാമാങ്കത്തിലും പക്ഷേ, സ്ത്രീക്ക് അയിത്തം തന്നെ. എല്ലാവരും പള്ളിയില്‍ പോയി ഭക്ഷണം കഴിക്കുക. ഉടനെ വീട്ടില്‍ വന്ന് വീണ്ടും ഭക്ഷണം കഴിക്കുന്നു. എത്ര നേരത്തെ ഭക്ഷണം!
ഗവണ്‍മെന്റുകള്‍ക്ക് പോലും ഭക്ഷ്യ സുരക്ഷയുടെ അപകടാവസ്ഥ ബോധ്യപ്പെടുകയും വിവാഹച്ചടങ്ങുകളുള്‍പ്പെടെ നിയന്ത്രിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ വ്യക്തമായ പ്രവാചക നിര്‍ദേശങ്ങള്‍ കൈയിലുണ്ടായിട്ടും നമുക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാത്തതാണോ ഇത്തരം അനാചാരങ്ങള്‍ക്ക് കാരണം?
പി.എം ഹാരിസ് ഇല്ലത്തുവഴി

 


മതം രാഷ്ട്രീയത്തില്‍ ഇടപെടരുതോ?
മേല്‍ ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച അല്‍ബലാഗ് മാസികയുടെ കുറിപ്പ് ശ്രദ്ധേയമായി (ലക്കം 6). രാഷ്ട്രീയത്തിന്റെ പേരില്‍ നടന്ന കോടിക്കണക്കിന് മനുഷ്യരുടെ കൂട്ടക്കുരുതിയുടെ കണക്ക് മതേതര-യുക്തിവാദികളുടെ കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമാണ്. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മതമാണെന്ന് വിളിച്ചുകൂവിക്കൊണ്ടിരിക്കുന്നവര്‍ക്ക് വായടപ്പന്‍ മറുപടിയായിട്ടുണ്ട് പ്രസ്തുത കുറിപ്പ്.
മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന മുറവിളി തീര്‍ത്തും പരിഹാസ്യമാണ്. അവര്‍ക്ക് മതമെന്തെന്ന് അറിയില്ല. അത്തരക്കാര്‍ക്ക്, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മനോഹര മിശ്രണം ജീവിതത്തില്‍ പകര്‍ത്തിയ ഗാന്ധിജി മറുപടി നല്‍കിയിട്ടുണ്ട്. ''ഏറ്റവും നിസ്സാര സൃഷ്ടിയെപ്പോലും തന്നെപ്പോലെ തന്നെ സ്‌നേഹിക്കാന്‍ കഴിയുന്ന വ്യക്തിക്കു മാത്രമേ സാര്‍വലൗകികവും സര്‍വ വ്യാപിയുമായ സത്യചൈതന്യത്തെ മുഖാമുഖം ദര്‍ശിക്കാനാവൂ. അതഭിലഷിക്കുന്ന ഒരാള്‍ക്ക് ജീവിതത്തിന്റെ ഒരു മണ്ഡലത്തില്‍ നിന്നും സ്വയം മാറിനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് എന്റെ സത്യാന്വേഷണം എന്നെ രാഷ്ട്രീയരംഗത്ത് എത്തിച്ചതും. മതത്തിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്നവര്‍ക്ക് മതത്തെക്കുറിച്ചുതന്നെ അറിയില്ലെന്ന് വിനയത്തോടെയെങ്കിലും നിസ്സംശയം പറയാന്‍ എനിക്ക് കഴിയും'' (എന്റെ ദൈവം പേജ് 22).
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

 


ഫേസ്ബുക്ക് തലമുറയുടെ പ്രശ്‌നങ്ങള്‍
പുതിയ തലമുറയെക്കുറിച്ച് സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും ആകുലതകള്‍ക്ക് വിരാമമിടാന്‍ സമയമായി എന്ന് വിളിച്ചു പറയുന്നതായിരുന്നു സി. ദാവൂദിന്റെ ലേഖനം (ജൂലൈ 9). വ്യക്തികള്‍ തമ്മില്‍ അകലുന്നതിനേക്കാള്‍ നാം പേടിക്കേണ്ടത് രണ്ട് തലമുറകള്‍ തമ്മില്‍ അകലുന്നതിനെയാണ്. വൈജ്ഞാനികവും ചിന്താപരവും വൈകാരികവുമായ ഈ അന്തരം കുറച്ചുകൊണ്ടുവരുമ്പോഴാണ് യഥാര്‍ഥ പുരോഗതി സാധ്യമാകുന്നത്.  കമ്പ്യൂട്ടറിനെക്കുറിച്ചും ഇന്റര്‍നെറ്റിനെക്കുറിച്ചും വലിയ ധാരണയില്ലാത്ത രക്ഷിതാക്കള്‍ ഇവയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള വാഗ്‌ധോരണികള്‍ കേട്ട് കുട്ടികളെ സംശയത്തോടെ കാണുക ഇന്ന് പതിവാണ്. ഇതാകട്ടെ, വിജ്ഞാന കുതുകികളായ ഒരു തലമുറയെ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്. പുതിയ തലമുറയെക്കുറിച്ചറിയാന്‍ മുതിര്‍ന്നവര്‍ സമയം കണ്ടെത്തിയേ മതിയാകൂ. ആരോഗ്യകരമായ സമൂഹസൃഷ്ടിപ്പിനത് അത്യാവശ്യമാണ്. സമൂഹത്തിലെ ചിലര്‍ നടത്തുന്ന അപക്വമായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി, എല്ലാവരും അപക്വമതികളാണെന്ന സാമാന്യവത്കരണം അപകടകരമാണ്.
മതനിഷ്ഠയിലും ധാര്‍മികതയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന മുസ്‌ലിം യുവതയെ പ്രതിരോധത്തിലാക്കുന്ന പ്രവണതകളില്‍ നിന്ന് നാം വിട്ടുനിന്നേ മതിയാകൂ. യാഥാര്‍ഥ്യബോധത്തോടെ ചുറ്റുപാടും കണ്ണോടിക്കാനും ജാഹിലിയ്യാ സംസ്‌കാരത്തിന്റെ സ്വാധീനങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാനും മുസ്‌ലിം സമുദായത്തിന് കഴിയണം.
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നമ്മുടെ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുമ്പ് അവയെ നിയന്ത്രിക്കാന്‍ നാം കുട്ടികളെ പരിശീലിപ്പിക്കണം. ഇണകളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ അപഹരിക്കുമാറ് പ്രണയബന്ധങ്ങള്‍ വളര്‍ന്നുവരുന്നത് തടയാനും ഇത്തരം മേഖലകളില്‍ തികഞ്ഞ യാഥാര്‍ഥ്യബോധം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളും മുസ്‌ലിം സമൂഹം ഏറ്റെടുക്കണം.
ഒ.പി ശാഫി കക്കോടി


മഹല്ലില്‍ സ്ത്രീക്കും വേണം പ്രാതിനിധ്യം
പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ചുവന്ന 'മഹല്ല് പ്രവര്‍ത്തനങ്ങള്‍ക്കൊരു രൂപരേഖ' ഓരോ മഹല്ലിലും ചര്‍ച്ച വിഷയമാകേണ്ടതാണ്. മഹല്ലിന്റെ സ്ഥാനമാനങ്ങള്‍ക്കായി മത്സരിക്കുന്നവര്‍ വനിതാ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധ ചെലുത്തുന്നില്ല. പ്രദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോവുകയാണ്. മഹല്ല് പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ സാന്നിധ്യം അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.
മുബീന ഷഫീഖ്, താനാളൂര്‍

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം