Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

അദൃശ്യനായ ദൈവം ഗ്രന്ഥം അവതരിപ്പിക്കുന്നതെങ്ങനെ?

ഇ.സി സൈമണ്‍ മാസ്റ്റര്‍

യേശുവിനെ ദൈവമെന്ന്‌ ക്രൈസ്‌തവര്‍ പറയുന്നത്‌ ആത്മാര്‍ഥമായും ഉത്തമ വിശ്വാസത്തോടെയുമായിരുന്നെങ്കില്‍ ആ പറയുന്നതിന്റെ ന്യായത്തെപ്പറ്റി അവര്‍ ചിന്തിക്കുമായിരുന്നു. എല്ലാ മനുഷ്യരെയും അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്‌ത്‌ വിധി നടപ്പാക്കുന്ന ന്യായാധിപനാണ്‌ ദൈവം എന്നാണ്‌ മനുഷ്യന്റെ സങ്കല്‍പവും വിശ്വാസവും. എന്നാല്‍ മനുഷ്യ ന്യായധിപന്മാരുടെ മുമ്പില്‍ ഹാജരായി അവരുടെ വിചാരണ വിനീതനായി നേരിട്ട യേശു ദൈവമായിരുന്നെങ്കില്‍ ആ `ദൈവം' ഇത്ര നിസ്സാരനോ എന്ന്‌ ആര്‍ക്കും തോന്നാവുന്നതാണ്‌. അത്രയധികം നിസ്സഹായാവസ്ഥയിലായിരുന്ന അദ്ദേഹം എന്തെല്ലാം തരത്തിലുള്ള പീഡനങ്ങളും അവഹേളനങ്ങളുമാണ്‌ അവിടെ സഹിക്കേണ്ടിവന്നത്‌! അതൊന്നും പക്ഷേ, ക്രൈസ്‌തവര്‍ക്ക്‌ കാണാനോ ചിന്തിക്കാനോ കഴിയാത്തതാണ്‌ അത്ഭുതം. അപ്പോഴും അവര്‍ക്കദ്ദേഹം സര്‍വശക്തനും സര്‍വോന്നതനുമായ ന്യായാധിപനും വിധികര്‍ത്താവും തന്നെ. എല്ലാവരുടെയും വിധികര്‍ത്താവാകേണ്ട `ദൈവം' തനിക്കെതിരെ മറ്റു ന്യായാധിപന്മാര്‍ കല്‍പിച്ച വിധി ഏറ്റുവാങ്ങുന്നു! അനുകൂലമായി ഒരു സാക്ഷിയെയും അദ്ദേഹത്തിനു കിട്ടുന്നില്ല. എതിര്‍പ്പും പ്രതിഷേധവുമായി ഒരു ചെറുവിരല്‍ പോലും ആരും അനക്കുന്നില്ല. ദൈവം ഇത്ര ദുര്‍ബലനോ എന്ന്‌ ആരും ചോദിച്ചുപോകും. രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഇവിടെ ഭൂമിയില്‍ വെച്ച്‌ യേശുവിനെ മനുഷ്യര്‍ നടത്തിയ വിചാരണ ബൈബിള്‍ ഇങ്ങനെ വിവരിക്കുമ്പോള്‍, വരാനുള്ള ലോകത്ത്‌ ന്യായാധിപന്മാരുടെ ന്യായാധിപനായ, വിധി കര്‍ത്താക്കളുടെ വിധികര്‍ത്താവായ പരമോന്നത ദൈവത്തിന്റെ തിരുമുമ്പില്‍ പ്രവാചകനായ യേശുവിനെ വരുത്തി അല്ലാഹു തന്നെ നടത്തുന്ന ചോദ്യം ചെയ്യല്‍ പരിശുദ്ധ ഖുര്‍ആന്‍ മുന്‍കൂട്ടി വെളിപ്പെടുത്തിയിരിക്കുന്നു, ദൈവത്തെ ദൈവമായും മനുഷ്യനെ മനുഷ്യനായും അതിന്റെ പൂര്‍ണ ഗാംഭീര്യത്തോടും തനിമയോടും കൂടി ഇങ്ങനെ: ``അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം ഓര്‍ക്കുക: മര്‍യമിന്റെ മകന്‍ ഇസാ, `അല്ലാഹുവെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും ആരാധ്യരാക്കുവിന്‍' എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അപ്പോള്‍ അദ്ദേഹം പറയും: നീ എത്ര പരിശുദ്ധന്‍. എനിക്ക്‌ പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത്‌ നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത്‌ ഞാനറിയുകയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ കണ്ണുകൊണ്ട്‌ കാണാന്‍ കഴിയാത്തതു പോലും നന്നായറിയുവന്നവന്‍.'' ``നീ എന്നോട്‌ കല്‍പിച്ചതല്ലാത്തതൊന്നും ഞാനവരോട്‌ പറഞ്ഞിട്ടില്ല. അഥവാ, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട്‌ ജീവിക്കണമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം അവരുടെ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.'' ``നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്കു മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും.'' ``അല്ലാഹു അറിയിക്കും: സത്യസന്ധന്മാര്‍ക്ക്‌ തങ്ങളുടെ സത്യം ഉപകരിക്കും ദിനമാണിത്‌. അവര്‍ക്ക്‌ താഴ്‌ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്‌. അവരവിടെ സ്ഥിരവാസികളായിരിക്കും. അവരെക്കുറിച്ച്‌ അല്ലാഹു സംതൃപ്‌തനായിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും സംതൃപ്‌തരാണ്‌. അതത്രെ അതിമഹത്തായ വിജയം. ആകാശഭൂമികളുടെയും അവയിലുള്ളവയുടെയും ആധിപത്യം അല്ലാഹുവിനു മാത്രമാണ്‌. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്‌'' (5:116-120). ഖുര്‍ആന്‍ ദൈവവചനമാണെന്നും അത്‌ ദൈവം അവതരിപ്പിച്ചു തന്നതാണെന്നും ഗ്രന്ഥകര്‍ത്താവില്ലാത്ത ആ ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ ദൈവം തന്നെ ആയതിനാല്‍ അത്‌ മനുഷ്യ നിര്‍മിതമല്ലെന്നും മനുഷ്യന്റേതായ യാതൊരുവിധ കൈകടത്തലുകള്‍ക്കോ മാറ്റത്തിരുത്തലുകള്‍ക്കോ വിധേയമാകാത്തതും കാലപ്പഴക്കം കൊണ്ടോ ഭാഷാപരമായ പ്രയോഗ വ്യത്യാസം കൊണ്ടോ പരിഷ്‌കരണത്തിന്റെ ആവശ്യം വന്നിട്ടില്ലാത്തതും എത്ര തന്നെ പരിശോധിച്ചാലും യാതൊരുവിധ വൈരുധ്യങ്ങളും ഒരിടത്തും ആര്‍ക്കും കണ്ടുപിടിക്കാന്‍ ആവാത്തതുമായ ആ ഗ്രന്ഥം അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണത്തിലുള്ളതാണെന്നും പറയുമ്പോള്‍ പലര്‍ക്കും സംശയം, അദൃശ്യനായ ദൈവം മനുഷ്യര്‍ക്ക്‌ ഗ്രന്ഥം അവതരിപ്പിച്ചുതരുന്നതെങ്ങനെ? ദൈവിക സന്ദേശങ്ങള്‍ മനുഷ്യരെ അറിയിക്കുന്നതിനും അവരുമായി ആശയവിനിമയം നടത്തുന്നതിനും ദൈവം പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്‌. പ്രവാചകന്മാരില്‍ കൂടി അറിയിക്കലാണ്‌ അതിലൊരു മാര്‍ഗം. ദൈവ കല്‍പനകളും ദൈവിക നിര്‍ദേശങ്ങളും ദൈവദൂതന്മാരായ പ്രവാചകന്മാര്‍ വഴി മനുഷ്യര്‍ക്കു ലഭ്യമാക്കുന്നു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാരില്‍ ചിലരായിരുന്നു ഇബ്‌റാഹീം, മൂസാ, യേശു, മുഹമ്മദ്‌ തുടങ്ങിയവര്‍. പ്രിയങ്കരനായ തന്റെ ആദ്യപുത്രന്‍ ഇസ്‌മായേലിനെ ദൈവപ്രീതിക്കുവേണ്ടി ബലിയറുക്കണമെന്ന കല്‍പന ഇബ്‌റാഹീം എന്ന അബ്രാഹാമിനു ലഭിച്ചത്‌ സ്വപ്‌നത്തില്‍ കൂടിയായിരുന്നു. സീനായ്‌ മലയിലെ കത്തുന്ന തീയില്‍ നിന്ന്‌ പേരെടുത്തു വിളിച്ച്‌ മുഖാമുഖം കാണാതെ ശബ്‌ദം മാത്രം കേള്‍പ്പിച്ച്‌ സംസാരിക്കുകയും, മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യവര്‍ഗം എന്നും പാലിക്കേണ്ട നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും അടിസ്ഥാന പ്രമാണങ്ങളാക്കി പറഞ്ഞു പഠിപ്പിക്കുകയും ഹീബ്രു ഭാഷയില്‍ കല്ലില്‍ എഴുതിക്കൊടുക്കുകയും ചെയ്‌ത്‌ അല്ലാഹു തെരഞ്ഞെടുത്ത പ്രവാചകനായിരുന്നു മോസസ്‌ എന്ന മൂസാ നബി. പിതാവില്ലാതെ അത്ഭുതാവഹമായ രീതിയില്‍ മാതാവില്‍ നിന്നു മാത്രമായി ജനിച്ച്‌ ദൈവം കൊടുത്ത അറിവും കഴിവും ഉപയോഗപ്പെടുത്തി അത്ഭുത പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ സ്‌നേഹാദരവുകളും അല്ലാഹുവിന്റെ പ്രീതിയും ഏറ്റുവാങ്ങി ഹ്രസ്വമായ ജീവിതകാലത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുതന്നെ അനശ്വരതയിലേക്ക്‌ ദൈവം ഉയര്‍ത്തിയ പ്രവാചകനായിരുന്നു മറിയമിന്റെ പുത്രനായ യേശു എന്ന ഈസാ നബി. പല കാരണങ്ങള്‍ കൊണ്ടും വ്യത്യസ്‌തനായിരുന്നു അന്ത്യപ്രവാചകനായ മുഹമ്മദ്‌. മുന്‍ പ്രവാചകന്മാരെല്ലാം ഏതെങ്കിലും പ്രത്യേക സ്ഥലങ്ങളിലേക്കോ ജനവിഭാഗങ്ങളിലേക്കോ മാത്രമായി നിയുക്തരായപ്പോള്‍, മുഹമ്മദിന്റെ പ്രവര്‍ത്തന മണ്ഡലം മനുഷ്യരധിവസിക്കുന്ന ഈ വിസ്‌തൃത ഭൂഗോളമൊട്ടാകെയായിരുന്നു. അവരുടെ സംബോധനാ രീതികളിലും ഉണ്ടായിരുന്നു ആ വ്യത്യാസം. ഹേ, ബെബ്രായര്‍ക്കാരേ, ഹേ ഇസ്രയേല്‍ക്കാരേ തുടങ്ങി അഭിസംബോധനകള്‍ക്കുപകരം ഹേ, മനുഷ്യരേ, ആദമിന്റെ സന്തതികളേ, ഹേ ജനങ്ങളേ തുടങ്ങിയവയായി മുഹമ്മദിന്റെ സംബോധനാ രീതി. അല്ലാഹുവും അദ്ദേഹത്തോട്‌ കാണിച്ചിട്ടുണ്ട്‌ അതനുസരിച്ചുള്ള പ്രത്യേകതകള്‍. കുറ്റമറ്റ ഒരു സമ്പൂര്‍ണ ഗ്രന്ഥം തന്നെ എല്ലാ കാലത്തേക്കും എല്ലാ മനുഷ്യര്‍ക്കുമായി അല്ലാഹു അദ്ദേഹത്തെ ഏല്‍പിച്ചു. അല്ലാഹുവിന്റെ സന്ദേശവാഹകരില്‍ പ്രമുഖനായ ജിബ്‌രീല്‍ എന്ന ഗബ്രിയേല്‍ മാലാഖയെത്തന്നെ നേരിട്ടയച്ച്‌ ഗ്രന്ഥം പഠിപ്പിക്കുകയും സംരക്ഷണച്ചുമതല ഏല്‍പിക്കുകയും ചെയ്‌തു. ആ സംഭവം ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: ``അറേബ്യയിലെ മക്കാ പട്ടണത്തിലെ ഖുറൈശി വംശത്തില്‍ പെട്ട അബ്‌ദുല്ലയുടെ മകന്‍ മുഹമ്മദ്‌ ചെറുപ്പം മുതലേ ഒരു സത്യാന്വേഷി ആയിരുന്നു. നാട്ടുകാരുടെ `വിശ്വസ്‌തന്‍' എന്ന സല്‍പേര്‌ ബാല്യത്തില്‍ തന്നെ നേടാനിടയായി. പട്ടണത്തില്‍ നിന്ന്‌ അധികം അകലെയല്ലാതെ ഹിറാ കുന്നിലെ ഒരു ഗുഹയില്‍ കൊല്ലം തോറും റമദാന്‍ മാസത്തില്‍ ധ്യാന നിരതനായിരിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. നാല്‍പതു വയസ്സുള്ളപ്പോള്‍ അവിടെ ഒരു രാത്രി ഏകദേശം ഉറക്കാവസ്ഥയിലായിരിക്കുമ്പോഴാണ്‌ ആദ്യമായി അദ്ദേഹത്തിന്‌ ദൈവിക വെളിപാടുണ്ടായത്‌. `വായിക്കുക' എന്നൊരു ശബ്‌ദം പറയുന്നതായി കേട്ടു. `വായിക്കാന്‍ എനിക്കു കഴിവില്ല' അദ്ദേഹം പറഞ്ഞു. ശബ്‌ദം വീണ്ടും പറഞ്ഞു: `വായിക്കുക' `എനിക്ക്‌ വായിക്കാന്‍ കഴിവില്ല' അദ്ദേഹം ആവര്‍ത്തിച്ചു. മൂന്നാം തവണ ശബ്‌ദം ശക്തിയോടെ കല്‍പിച്ചു: `വായിക്കുക' `എനിക്ക്‌ എന്തു വായിക്കാന്‍ കഴിയും?' അദ്ദേഹം ചോദിച്ചു. ശബ്‌ദം പറഞ്ഞു: ``വായിക്കുക, സൃഷ്‌ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന്‌ സൃഷ്‌ടിച്ചു. വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്‌. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത്‌ അവന്‍ പഠിപ്പിച്ചു'' (96:1-5). ഉണര്‍ന്നപ്പോള്‍ ആ വാക്കുകള്‍ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ടപോലെ നന്നായി പതിഞ്ഞിരുന്നു. കുന്നിന്‍ മുകളില്‍ ഗുഹയില്‍ നിന്ന്‌ അദ്ദേഹം താഴേക്കിറങ്ങി. അപ്പോഴും കേട്ടുകൊണ്ടിരുന്നു അമ്പരപ്പിക്കുന്ന ആ ശബ്‌ദം. `ഓ, മുഹമ്മദ്‌ താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണ്‌. ഞാന്‍ ജിബ്‌രീല്‍ (ഗബ്രിയേല്‍) മാലാഖ.' ദൃശ്യത്തിന്റെ പ്രകാശത്തില്‍നിന്ന്‌ മുഖംതിരിച്ച്‌ മുഹമ്മദ്‌ നിശ്ചലനായിരുന്നു. എന്നാല്‍ എങ്ങോട്ട്‌ മുഖം തിരിച്ചാലും അവിടെയെല്ലാം തനിക്ക്‌ അഭിമുഖമായി മനുഷ്യരൂപത്തിലുള്ള ജിബ്‌രീല്‍ മാലാഖയെ ആകാശചക്രവാളത്തില്‍ അദ്ദേഹം കണ്ടു. വളരെ സമയത്തിനു ശേഷം മലക്ക്‌ (മാലാഖ) അപ്രത്യക്ഷമാകുന്നതുവരെ മുഹമ്മദ്‌ ആ നിലയില്‍ നിന്നുപോയി'' (Marmaduke Pickthallന്റെ The Glorious Quran ഇംഗ്ലീഷ്‌ പരിഭാഷയുടെ മുഖവുരയില്‍നിന്ന്‌). ദൈവത്തില്‍ നിന്ന്‌ അവതരിച്ചതായതുകൊണ്ട്‌ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമെന്നു പറയുന്ന അതേ ശ്വാസത്തില്‍ തന്നെ, ബൈബിളില്‍ യേശുവിനെപ്പറ്റി പ്രതിപാദിക്കുന്ന സുവിശേഷങ്ങള്‍ നാലും മനുഷ്യനിര്‍മിതമെന്നു പറയുമ്പോള്‍ ക്രൈസ്‌തവര്‍ക്ക്‌ എന്തോ ഒരു അപകര്‍ഷതാബോധം പോലെ തോന്നാറുണ്ട്‌. എന്നാല്‍ ആരെയും ആക്ഷേപിക്കാനോ തരംതാഴ്‌ത്തിക്കാണിക്കാനോ അല്ലാതെ, സത്യം സത്യമായി പറഞ്ഞാലും സ്ഥിതി മാറ്റം വരാത്ത വിധത്തില്‍ അതുതന്നെ. സുവിശേഷകര്‍ത്താക്കളായ നാലുപേരും അവരവരുടെ ഗ്രന്ഥങ്ങളുടെ പുറത്ത്‌ സ്വന്തം പേരുകളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുമ്പോള്‍ അക്കാര്യം പ്രത്യേകം എടുത്തു പറയാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതാണ്‌ സ്ഥിതി. എന്നാല്‍, ബൈബിളിനെ സംബന്ധിച്ച്‌ ക്രിസ്‌തുമതവിശ്വാസികള്‍ക്ക്‌ പോലും അറിയാത്തതും അറിയാന്‍ അവരാരും ആഗ്രഹിക്കാത്തതുമായ വേറെയും പല പരമാര്‍ത്ഥങ്ങള്‍ ഉണ്ടെന്നും മനസ്സിലാക്കേണ്ടതാണ്‌. അതിലൊന്നാണ്‌ നാല്‌ സുവിശേഷങ്ങളില്‍ ഒന്നുപോലും യേശുകാണുകയോ അവയിലെ ഉള്ളടക്കം അദ്ദേഹം അംഗീകരിക്കുകയോ ചെയ്‌തിട്ടില്ലെന്ന യാഥാര്‍ഥ്യം. ഇതൊരു തര്‍ക്ക വിഷയമോ വിവാദ പ്രസ്‌താവനയോ ആയി ആരും കാണേണ്ടതില്ല. കാരണം, നാലു ഗ്രന്ഥങ്ങളിലും വിവരിക്കുന്നതാണ്‌ യേശുവിന്റെ കുരിശുമരണം. മരണശേഷം മൃതദേഹം എങ്ങനെ എവിടെ സംസ്‌കരിച്ചു എന്ന കാര്യത്തിലും ആ ഗ്രന്ഥങ്ങള്‍ക്കു യോജിപ്പാണ്‌. എന്നുതന്നെയല്ല, മൂന്നു ദിവസങ്ങള്‍ക്കു ശേഷം മരിച്ചവരില്‍നിന്ന്‌ അദ്ദേഹം ഉയര്‍ത്തെഴുന്നേറ്റതായുമുണ്ട്‌ വിവരണം. സ്വന്തം മരണത്തെയും മരണാനന്തര സംഭവങ്ങളെയും പറ്റി വിവരിക്കുന്ന ഗ്രന്ഥം യേശു എന്നല്ല ആരായാലും കണ്ടിരിക്കാന്‍ സാധ്യതയില്ലെന്നു പറഞ്ഞാല്‍ അതില്‍ ആക്ഷേപം തോന്നേണ്ടതില്ല എന്നതാണ്‌ ലളിതമായ വസ്‌തുത. `ഖുര്‍ആന്‍ ഒരു ദൈവിക ഗ്രന്ഥം ആയിരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണാന്‍ കഴിയുമായിരുന്നെന്ന്‌' ആ ഗ്രന്ഥം പ്രസ്‌താവിക്കുന്നു. ബൈബിളിനെ സംബന്ധിച്ച്‌ അങ്ങനെ ഖണ്ഡിതമായി പറയാന്‍ ആര്‍ക്കും കഴിയാത്തതാണ്‌ സ്ഥിതിവിശേഷം. അത്രയധികമാണ്‌ പരസ്‌പരം പൊരുത്തപ്പെടാത്ത പരാമര്‍ശങ്ങള്‍. അവ ഏതാനും അധ്യായങ്ങളിലോ വാക്യങ്ങളിലോ മാത്രം ഒതുങ്ങുന്നതുമല്ല. ഖുര്‍ആന്‍ പോലെ യാതൊരു വ്യത്യാസവുമില്ലാത്ത ഒരൊറ്റ ഗ്രന്ഥമല്ല ബൈബിള്‍. വളരെ വ്യത്യസ്‌തമായ രണ്ടുതരം ബൈബിളുകളാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. ഒരു തരം ബൈബിളില്‍ 66 ഗ്രന്ഥങ്ങളും മറ്റൊരു തരത്തില്‍ 73 ഗ്രന്ഥങ്ങളും കാണുന്നു. അതായത്‌ ഒന്നില്‍ 7 ഗ്രന്ഥങ്ങള്‍ കൂടുതലായും മറ്റേതില്‍ 7 ഗ്രന്ഥങ്ങള്‍ കുറവായും വന്നിരിക്കുന്നു. വ്യത്യസ്‌ത ക്രൈസ്‌തവസഭകള്‍ അവയുടേതായ അംഗീകാരമുള്ള ബൈബിളുകളാണ്‌ ഉപയോഗിക്കുന്നത്‌. ഏഴു ഗ്രന്ഥങ്ങള്‍ ഒഴിവാക്കി 66 എണ്ണം മാത്രം അംഗീകരിക്കുന്ന സഭകള്‍ക്ക്‌ ഒഴിവാക്കിയ ഗ്രന്ഥങ്ങള്‍ ബൈബിളില്‍ പെട്ടതല്ലെന്നാണ്‌ നിലപാട്‌. 73 എണ്ണവും അംഗീകരിക്കുന്നവര്‍ക്ക്‌ 66 കാരുടെ ഗ്രന്ഥം അപൂര്‍ണമാണ്‌. ഉള്ളടക്കത്തിലേക്കു കടന്നാല്‍ വൈരുധ്യങ്ങള്‍ എണ്ണമറ്റവയാണെന്നും കാണാം (ബൈബിളില്‍ ഗ്രന്ഥങ്ങള്‍ എന്നു പറഞ്ഞാലും വാസ്‌തവത്തില്‍ അവയില്‍ പലതിനും ഒരധ്യായത്തിന്റെ വലിപ്പമേ ഉള്ളൂ). ഇത്രയധികം പൊരുത്തേകേടുകള്‍ കടന്നുകൂടി, ഇനി ഒരിക്കലും തിരുത്താനാവാത്തവിധം ഗ്രന്ഥവുമായി അവ പറ്റിച്ചേര്‍ന്നുപോയതുകൊണ്ട്‌ ഈ പുസ്‌തകങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അവയും അവിടെ തുടരുകതന്നെ ചെയ്യും. അത്തരമൊരു ഊരാക്കുടുക്കില്‍ പെട്ടിരിക്കുന്ന ഒന്നാണ്‌ മാര്‍ക്കോസിന്റെ സുവിശേഷം. ആ ഗ്രന്ഥത്തിന്റെ അവസാനത്തേതായ 16-ാം അധ്യായം മൂന്നു വിധത്തിലാണ്‌ സമാപിക്കുന്നത്‌. കേവലം 8 വാക്യങ്ങളേ ഉള്ളൂ ചിതലതരം ഗ്രന്ഥങ്ങളിലെ ആ അധ്യായത്തില്‍. മറ്റു ചിലതില്‍ 12 വാക്യങ്ങള്‍ കൂടി ചേര്‍ത്ത്‌ 20-ല്‍ പര്യവസാനിക്കുന്നു. വേറെ ചിലതില്‍ രണ്ടു വാക്യങ്ങള്‍ മാത്രമേ കൂടുതലായി കാണാനുള്ളൂ. എന്തുകൊണ്ട്‌ ഇതിങ്ങനെ ആയിത്തീര്‍ന്നു എന്ന ചോദ്യത്തിന്‌ ആര്‍ക്കുമില്ല ശരിയായ ഉത്തരം. ആരുടെയെല്ലാമോ കൈകടത്തലുകളുടെ ഫലമായി ആ ഗ്രന്ഥം ഇങ്ങനെയായിപ്പോയി എന്നേ പറയാന്‍ കഴിയൂ. (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം