Prabodhanm Weekly

Pages

Search

2011 ജൂലൈ 23

തവണവ്യവസ്ഥ ഇസ്‌ലാമിക പരിപ്രേക്ഷ്യം

എം.വി മുഹമ്മദ്‌ സലീം

അത്യുദാരമായ സമീപനമാണ്‌ ഇസ്‌ലാമിന്‌ സമ്പത്തിന്റെ നേരെ. സമ്പത്തിന്റെ വളര്‍ച്ചയും സന്തുലിത വിതരണവും ലക്ഷ്യം വെച്ചുള്ളതാണീ സമീപനം. ചൂഷണവും അക്രമവുമില്ലാത്ത എല്ലാ വിനിമയങ്ങളും ഇസ്‌ലാം അനുവദിക്കുന്നത്‌ ഈ വളര്‍ച്ചയും വിതരണവും ലക്ഷ്യമാക്കിയാണ്‌. വിതരണ രംഗം സജീവമാക്കുന്ന പ്രക്രിയയാണ്‌ സാമ്പത്തിക ഇടപാടുകള്‍. അവ സമ്പത്തിന്റെ യഥാര്‍ഥ വളര്‍ച്ചക്കനിവാര്യവുമാണ്‌. ഒരുല്‍പന്നം കമ്പോളത്തില്‍ വില്‍പന നടത്തുമ്പോള്‍ അതിനോട്‌ ബന്ധപ്പെട്ട അനേകം പേര്‍ ഗുണഭോക്താക്കളാണ്‌. ഉല്‍പാദനത്തിന്റെ അസംസ്‌കൃത വസ്‌തുക്കള്‍ മുതല്‍ തുടങ്ങുന്ന പ്രയോജനം അനേകം കണ്ണികളിലൂടെ അവസാനത്തെ ഉപഭോക്താവില്‍ ചെന്നുനില്‍ക്കുന്നു. ഈ സാമൂഹിക പ്രയോജനമാണ്‌ വ്യാപാരം വലിയ പുണ്യമായി ഗണിച്ചതിന്റെ അടിസ്ഥാനം. പ്രവാചക ശിഷ്യരില്‍ വ്യാപാരരംഗത്ത്‌ ശോഭിച്ച അനേകം പേരുണ്ട്‌. ഒരു പടപ്പുറപ്പാടിന്‌ ആവശ്യമായ മുഴുവന്‍ സമ്പത്തും നല്‍കാന്‍ ഉസ്‌മാന്‌(റ) സാധിച്ചത്‌ കച്ചവടത്തിലൂടെ കൈവരിച്ച സാമ്പത്തിക നേട്ടത്തിലൂടെയായിരുന്നു. ഇമാം അബൂഹനീഫ(റ) പാണ്ഡിത്യത്തിലെന്ന പോലെ വ്യാപാര മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു.
സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ മനുഷ്യന്റെ സാമ്പത്തിക സങ്കല്‍പവും വളരുന്നു. വസ്‌തുക്കള്‍ അന്യോന്യം കൈമാറിയിരുന്ന കാലത്ത്‌ ഇടപാടുകള്‍ ദുഷ്‌കരമായിരുന്നു. ഗതാഗത സൗകര്യങ്ങള്‍ തുലോം കുറവായിരുന്നപ്പോള്‍ വിശേഷിച്ചും. മൂല്യം നാണയങ്ങളും കറന്‍സിയുമായി മാറുകയും ഗതാഗത സൗകര്യങ്ങള്‍ വളരെ വിപുലമാവുകയും ചെയ്‌തതോടെ വ്യാപാരം ഭാവനാതീതമായി വികാസം പ്രാപിച്ചു. ശാസ്‌ത്ര സാങ്കേതിക വിദ്യകള്‍ ഉപഭോഗവസ്‌തുക്കളെ ആകര്‍ഷകമാക്കാന്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ ആവശ്യം അനേകം മടങ്ങ്‌ പെരുകി. ആഡംബര വസ്‌തുക്കള്‍ അവശ്യ വസ്‌തുക്കളുടെ സ്ഥാനം കൈയേറി. ഈ സാഹചര്യം പുതിയ വ്യാപാര സങ്കല്‍പങ്ങള്‍ സജീവമാകാന്‍ കാരണമായി. ഇതില്‍ പ്രചുര പ്രചാരം നേടിയ ഒരു രീതിയാണ്‌ തവണ വ്യവസ്ഥ. പണ്ടുകാലത്ത്‌ വളരെ വിരളമായി മാത്രം നടന്നിരുന്ന ഒരിടപാടാണിത്‌.
അടിമകള്‍ ഉടമക്ക്‌ മോചനമൂല്യം നല്‍കി സ്വാതന്ത്ര്യം വിലയ്‌ക്കെടുത്ത്‌ വാങ്ങുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. ഇങ്ങനെ മോചനമൂല്യം നല്‍കുന്നത്‌ തവണകളായി അടച്ചുതീര്‍ക്കുക, നിര്‍ണയിച്ച സംഖ്യ പൂര്‍ത്തിയാകുമ്പോള്‍ അടിമ സ്വതന്ത്രനാവുക എന്ന രീതിയാണ്‌ തവണ വ്യവസ്ഥയുടെ പൂര്‍വിക മാതൃക. തന്റെ അടുക്കല്‍ സഹായമര്‍ഥിച്ച്‌ വന്ന ബരീറ(റ) എന്ന അടിമസ്‌ത്രീ ഇങ്ങനെ തവണകളായി മോചനമൂല്യമടക്കാനുള്ള കരാറനുസരിച്ചാണ്‌ സ്വാതന്ത്ര്യം നേടിയതെന്ന്‌ ആഇശ(റ) വിശദീകരിച്ചിരിക്കുന്നു. ഉപഭോഗസംസ്‌കാരം തവണ വ്യവസ്ഥ വ്യാപകമാക്കി. മിക്കവാറും എല്ലാ ഉപഭോഗവസ്‌തുക്കളും തവണകളായി പണമടച്ച്‌ വാങ്ങാന്‍ ലഭ്യമാണിപ്പോള്‍. വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി വിനോദ വസ്‌തുക്കള്‍ വരെ നീണ്ടുകിടക്കുന്ന നിരയാണത്‌. അതിനാല്‍ ഈ ഇടപാടിന്റെ ഇസ്‌ലാമികമാനം വിശദമായി ഗ്രഹിച്ചിരിക്കേണ്ടതനിവാര്യമാണ്‌.
മതനിയമങ്ങളില്‍ ആവുന്നത്ര വിശാല വീക്ഷണം പുലര്‍ത്തുകയാണ്‌ കരണീയമെന്നഭിപ്രായമുള്ള പണ്ഡിതന്മാര്‍ ഈ വ്യവസ്ഥയെ കലവറയില്ലാതെ പിന്തുണച്ചു. ഇടപാടിന്റെ ഏതു രൂപവും അനുവദനീയമാണെന്നഭിപ്രായപ്പെട്ടു. എന്നാല്‍ പൊതുവെ കാര്‍ക്കശ്യമാണ്‌ കരണീയമെന്നഭിപ്രായമുള്ള പണ്ഡിതന്മാരും ഈ വിഷയത്തില്‍ വിശാല വീക്ഷണമാണ്‌ സ്വീകരിച്ചുകാണുന്നത്‌. വളരെ സൂക്ഷ്‌മത പാലിക്കണമെന്ന്‌ നിര്‍ബന്ധമുള്ള ചുരുക്കം ചില പ്രഗത്ഭര്‍, തവണ വ്യവസ്ഥയിലെ ചില ഇടപാടുകള്‍ നിഷിദ്ധമാണെന്ന്‌ തീര്‍ത്തുപറഞ്ഞിരിക്കുന്നു. ഇസ്‌ലാമിക സാമ്പത്തിക തത്ത്വങ്ങളോട്‌ തികച്ചും യോജിക്കുന്ന കാഴ്‌ചപ്പാടാണിത്‌. അതിന്റെ അടിസ്ഥാനത്തില്‍ ഈ അഭിപ്രായത്തിന്‌ മുന്‍ഗണന നല്‍കണമെന്നാണ്‌ ബോധ്യപ്പെട്ടത്‌. വിശദീകരണത്തില്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ അവയുടെ തെളിവ്‌ സഹിതം അവതരിപ്പിക്കുന്നത്‌ ഉദ്‌ബുദ്ധരായ വായനക്കാര്‍ക്ക്‌ പ്രയോജനപ്പെടുമെന്ന്‌ കരുതുന്നു.
ഇസ്‌ലാമിന്റെ സാമ്പത്തിക വീക്ഷണത്തോട്‌ യോജിക്കുന്ന ഇടപാടാണ്‌ തവണ വ്യവസ്ഥ. ഉപഭോക്താവിന്‌ സൗകര്യവും ഇളവും അനുവദിക്കുന്ന രീതിയാണത്‌. ഒറ്റയടിക്ക്‌ പണം കൊടുക്കാനില്ലാത്ത ആവശ്യക്കാര്‍ക്ക്‌ വലിയ സഹായമാണിത്‌. എന്നാല്‍ ഈ മാനുഷിക പരിഗണനകളൊന്നും ഇന്ന്‌ കാണാന്‍ കഴിയുന്നില്ല. ഉപഭോക്താവിനോടുള്ള സഹാനുഭൂതിയല്ല കച്ചവടക്കാരനെ തവണ വ്യവസ്ഥ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. വില്‍പന വര്‍ധിപ്പിക്കുക, അമിതമായി ലാഭം കൊയ്യുക എന്നിങ്ങനെയുള്ള മോഹങ്ങളാണവരുടെ മനസ്സില്‍.

ഉടമ നിര്‍ണയിക്കുന്ന തവണ വ്യവസ്ഥ
വില്‍പന വസ്‌തുവിന്റെ ഉടമ തവണകളും വിലയും നിശ്ചയിക്കുന്ന രീതിയുണ്ട്‌. വീട്ടുപകരണങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ മുതലായവ കച്ചവടക്കാര്‍ തന്നെ തവണ വ്യവസ്ഥയില്‍ വിറ്റഴിക്കുന്നവയാണ്‌. ഒരു നിശ്ചിത വിലയുള്ള വസ്‌തു തവണകളായി പണം വാങ്ങുന്ന വ്യവസ്ഥയില്‍ വില്‍ക്കുന്നതിന്‌ വിരോധമില്ല. എന്നാല്‍ റൊക്കം പണം കൊടുക്കുമ്പോള്‍ ചെറിയ വിലയും തവണയായി പണമടക്കുമ്പോള്‍ അധികവിലയുമെന്ന രീതിയില്‍ പണ്ഡിതന്മാര്‍ക്ക്‌ അഭിപ്രായവ്യത്യാസമുണ്ട്‌.സാധുവല്ല എന്നതാണ്‌ പ്രാമാണികം.
കൂടുതല്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ തവണ വ്യവസ്ഥയില്‍ വില്‍ക്കുന്ന രീതി വ്യത്യസ്‌തമാണ്‌. പണമിടപാട്‌ സ്ഥാപനങ്ങളാണ്‌ ഇവിടെ വ്യവസ്ഥ നിര്‍ണയിക്കുന്നതും പണം ഈടാക്കുന്നതും. വില്‍പന വസ്‌തു അവയുടെ ഉടമസ്ഥതയിലായിരിക്കില്ല. വാഹനങ്ങള്‍, വീടുകള്‍ മുതലായവ ഇങ്ങനെയാണ്‌ തവണ വ്യവസ്ഥയില്‍ വില്‍ക്കുന്നത്‌. ചില സ്ഥാപനങ്ങള്‍ ഇതൊരു പലിശ ഇടപാടാണെന്ന്‌ തുറന്നെഴുതുകയും പറയുകയും ചെയ്യുന്നു. കടമിടപാടുകള്‍ക്ക്‌ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ്‌ പലിശ ഈടാക്കുന്നതെന്ന്‌ ഉപഭോക്താവിന്‌ ബോധ്യപ്പെടുത്തിക്കൊടുക്കുന്നു.
ഈ ഇടപാടുകളെക്കുറിച്ച്‌ വിശാല കാഴ്‌ചപ്പാടിന്റെ ഉടമകളായ പണ്ഡിതന്മാര്‍ അനുവദനീയമാണെന്ന്‌ പറയുന്നതിങ്ങനെയാണ്‌: പലിശ എന്ന പദപ്രയോഗമില്ലാതെ തവണ വ്യവസ്ഥ എന്ന ആനുകൂല്യത്തിന്‌ പകരം വില വര്‍ധനവാകാം എന്നാണ്‌ അവരുടെ ഭാഷ്യം. ഇടപാടുകള്‍ തത്ത്വത്തില്‍ അനുവദനീയമാണ്‌; നിഷിദ്ധമാവാന്‍ കാരണം വേണം. പരസ്‌പരം തൃപ്‌തിപ്പെട്ട്‌ നിര്‍വഹിക്കുന്ന ഇടപാടുകള്‍ അനുവദനീയമാണ്‌ തുടങ്ങിയ അടിസ്ഥാന തത്ത്വങ്ങളാണ്‌ അവന്‍ ഇതിന്‌ ന്യായമായി ഉന്നയിക്കുന്നത്‌. എന്നാല്‍ വിശദമായ പഠനത്തില്‍ ഈ ന്യായീകരണം അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്ന്‌ മനസ്സിലാക്കാം.
പരിശുദ്ധ ഖുര്‍ആന്‍ `അല്ലാഹു കച്ചവടം അനുവദനീയമാക്കിയിരിക്കുന്നു' (2:275) എന്ന്‌ പഠിപ്പിക്കുന്നതാണ്‌ ഇതിന്റെ അടിസ്ഥാനം. അതോടൊപ്പം `പലിശ നിഷിദ്ധമാക്കുകയും ചെയ്‌തിരിക്കുന്നു' എന്ന്‌ അതേ സൂക്തത്തില്‍ കാണാം. പലിശ ഒരു സ്വതന്ത്രമായ ഇടപാടാണ്‌. കച്ചവടം വേറെയാണ്‌. ഇങ്ങനെ വിഷയം മനസ്സിലാക്കിയ പണ്ഡിതന്മാര്‍ പലിശക്ക്‌ പണം കൊടുക്കുന്നതിനു പകരം പണം `വിറ്റാല്‍' അതനുവദനീയമാണെന്ന്‌ ചിന്തിക്കുകയും എഴുതുകയും ചെയ്‌തിട്ടുണ്ട്‌. ഒരാള്‍ക്ക്‌ ആയിരം രൂപ കടം കൊടുത്ത്‌ നൂറു രൂപ പലിശ നിശ്ചയിക്കുന്നതിനു പകരം ആയിരം രൂപ ഒരു സഞ്ചിയിലിട്ട്‌ `ഇതിനകത്തുള്ളത്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ആയിരത്തി ഒരുനൂറു ഉറുപ്പികക്ക്‌ വിറ്റു' എന്നു പറയുക. കടം വാങ്ങാന്‍ വന്നവന്‍ `ഞാനത്‌ വാങ്ങി, പണം ഒരു കൊല്ലം കഴിഞ്ഞേ തരൂ' എന്നു പറയുക. പലിശ അനുവദിക്കാനുള്ള കുതന്ത്രമെന്നാണ്‌ ഇതിന്റെ പേര്‌. കച്ചവടത്തില്‍ പോലും അന്യായമായ ഏറ്റപ്പറ്റ്‌ അനുവദനീയമല്ലെന്ന്‌ നബി(സ) പഠിപ്പിച്ചു. ധാന്യങ്ങളും ലോഹങ്ങളും പരസ്‌പരം കൈമാറുമ്പോള്‍ ഒരേ ഇനത്തില്‍ ഏറ്റക്കുറവില്ലാതെ റൊക്കമായി ഇടപാട്‌ നടത്താന്‍ അവിടുന്ന്‌ നിര്‍ദേശിച്ചു. പലിശ കച്ചവടത്തിനുള്ളിലാണെങ്കിലും പലിശ തന്നെയെന്നും തിരുമേനി(സ) വിശദീകരിച്ചു. അബൂദാവൂദ്‌, ബൈഹഖി, ഹാകിം എന്നിവര്‍ നിവേദനം ചെയ്യുന്ന പ്രബലമായ ഒരു നബിവചനമിതാ: ``ഒരാള്‍ ഒരു കച്ചവടത്തില്‍ രണ്ടിടപാടുകള്‍ നടത്തിയാല്‍ അതില്‍ കുറഞ്ഞ വിലയുള്ളതേ സ്വീകരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ പലിശയാകും.'' ഇതിന്റെ വിശദീകരണം ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാം. ഒരു വസ്‌തു റൊക്കം വില ആയിരം രൂപ, കടമാണെങ്കില്‍ ആയിരത്തി ഒരുനൂറു രൂപ എന്ന കരാറില്‍ വില്‍ക്കുക. അപ്പോള്‍ കടമാണെങ്കിലും കുറഞ്ഞ സംഖ്യയായ ആയിരമേ സ്വീകരിക്കാന്‍ പറ്റൂ. അധിക വിലയായ ആയിരത്തി ഒരുനൂറു രൂപ വാങ്ങിയാല്‍ അത്‌ പലിശയാണ്‌.
മറ്റൊരു രീതി, ഒരാള്‍ ഒരു ചാക്ക്‌ നെല്ല്‌ ആയിരം രൂപക്ക്‌ പകരം കടമായി വാങ്ങി. ഒരു മാസം കഴിഞ്ഞ്‌ നെല്ല്‌ നല്‍കാനായിരുന്നു കരാര്‍. സമയമായപ്പോള്‍, താങ്കള്‍ക്ക്‌ തരാനുള്ള ഒരു ചാക്ക്‌ നെല്ല്‌ രണ്ട്‌ ചാക്കായി വര്‍ധിപ്പിക്കാം, രണ്ട്‌ മാസം കൂടി അവധി നീട്ടിത്തരണമെന്ന്‌ ആവശ്യപ്പെട്ടു. രൂപ കൊടുത്ത വ്യക്തി ഈ അധികവിലയായ രണ്ട്‌ ചാക്ക്‌ നെല്ല്‌ സ്വീകരിച്ചാല്‍ അത്‌ പലിശയാണ്‌. അവധി നീട്ടിക്കൊടുക്കുമ്പോള്‍ അധിക വില വാങ്ങുക എന്ന രീതി നിഷിദ്ധമാണെന്ന്‌ വ്യക്തമാക്കുന്ന തിരുവചനമാണിത്‌.
എന്നാല്‍ ഈ തിരുവചനം തെറ്റായി വ്യാഖ്യാനിച്ചാണ്‌ തവണ വ്യവസ്ഥയിലെ അധികവില അനുവദിക്കുന്നത്‌. ഒരു വ്യാഖ്യാനം ഇങ്ങനെയാണ്‌: അറേബ്യയില്‍ നടപ്പുണ്ടായിരുന്ന `ബൈഉല്‍ ഈന' എന്ന സമ്പ്രദായമാണ്‌ ഒരു കച്ചവടത്തില്‍ രണ്ടിടപാടുകള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ഇതിന്റെ വിശദീകരണമിങ്ങനെ: ഒരാള്‍ ഒരു വസ്‌തു ആയിരം രൂപക്ക്‌ കടമായി വില്‍ക്കുന്നു. ഉടനെ അതേ വസ്‌തു തൊള്ളായിരം രൂപക്ക്‌ റൊക്കം പണം കൊടുത്ത്‌ തിരിച്ചുവാങ്ങുന്നു. അപ്പോള്‍ റൊക്കം കൊടുത്ത തൊള്ളായിരം രൂപക്ക്‌ കടമായി വാങ്ങിയ ബാധ്യതയായ ആയിരം രൂപ കൊടുക്കണമെന്നര്‍ഥം. ഈ പലിശ കച്ചവടം തിരുമേനി പേരു പറഞ്ഞ്‌ നിരോധിച്ചിട്ടുള്ളതാണ്‌. പ്രകൃത ഹദീസില്‍ രണ്ടിടപാട്‌ എന്നു പറഞ്ഞത്‌ ഇതാവാന്‍ നിര്‍വാഹമില്ല. കാരണം, രണ്ടിടപാടില്‍ കുറഞ്ഞത്‌ സ്വീകരിക്കാം അല്ലെങ്കില്‍ പലിശയാകും എന്നത്‌ വ്യത്യസ്‌തമായ ഒരു രീതിയെക്കുറിച്ചാണെന്ന്‌ വ്യക്തം.
രണ്ടിടപാടുകളില്‍ ഏതാണ്‌ സ്വീകരിച്ചതെന്ന്‌ നിര്‍ണയിക്കാത്തതിനാലാണ്‌ ഇടപാട്‌ നിഷിദ്ധമായതെന്നാണ്‌ മറ്റൊരു വ്യാഖ്യാനം. ഈ ഹദീസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ തിരുമേനി ഒരു കച്ചവടത്തില്‍ രണ്ടിടപാട്‌ നിരോധിച്ചിരിക്കുന്നുവെന്ന്‌ കാണാം. ഇതിലെ പദങ്ങള്‍ വെച്ചുള്ള വിശദീകരണമാണിത്‌. നാം നേരത്ത ഉദ്ധരിച്ച ഹദീസില്‍ കുറഞ്ഞ വിലയേ സ്വീകരിക്കാവൂ അല്ലെങ്കില്‍ പലിശയാകും എന്ന ഭാഗം എല്ലാ സംശയങ്ങളും ദൂരീകരിക്കാന്‍ പര്യാപ്‌തമാണ്‌.
അവധി നിശ്ചയിച്ച്‌ വില്‍ക്കുമ്പോള്‍ ഈടാക്കുന്ന അധിക വില പലിശയാണ്‌, നിഷിദ്ധമാണ്‌. തവണകളായി അടക്കാന്‍ അനുവദിക്കുമ്പോള്‍ വില വര്‍ധിപ്പിക്കാന്‍ അനുവാദമില്ല.
അവധിക്ക്‌ വാങ്ങുമ്പോള്‍ അധികം നല്‍കാന്‍ കരാര്‍ ചെയ്യാം എന്നതിന്‌ ഉപോല്‍ബലകമായി ഉന്നയിക്കുന്ന ഒരു പ്രധാന തെളിവിങ്ങനെ: അബ്‌ദുല്ലാഹിബ്‌നു അംറ്‌ നിവേദനം ചെയ്യുന്നു: ``റസൂല്‍(സ) അദ്ദേഹത്തോട്‌ ഒരു സൈന്യത്തെ ഒരുക്കി അയക്കാന്‍ കല്‍പിച്ചു. അപ്പോള്‍ ഒട്ടകങ്ങള്‍ മതിയാകാതെ വന്നു. അവിടുന്ന്‌ സകാത്തായി ലഭിക്കാനുള്ള ഒട്ടകങ്ങള്‍ പകരം കൊടുക്കാമെന്ന കരാറില്‍ ഒട്ടകങ്ങളെ വാങ്ങാനാജ്ഞാപിച്ചു. അങ്ങനെ ഞാന്‍ ഒരൊട്ടകത്തെ സകാത്തിന്റെ രണ്ടൊട്ടകത്തിന്‌ പകരം വാങ്ങിയിരുന്നു'' (ഹാകിം, ബൈഹഖി, അബൂദാവൂദ്‌, അഹ്‌മദ്‌).
ഈ സംഭവം വിശദമായി പഠിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാവുന്നത്‌ യുദ്ധാവശ്യാര്‍ഥം സ്വീകരിച്ച ഒരടിയന്തര നടപടിയായിരുന്നു അതെന്നാണ്‌. മൃഗങ്ങളെ അവധി വെച്ച്‌ പരസ്‌പരം കൈമാറുമ്പോള്‍ വലിയ ഏറ്റക്കുറച്ചില്‍ വരാന്‍ സാധ്യതയുണ്ട്‌. പരസ്‌പര സംതൃപ്‌തി നഷ്‌ടപ്പെട്ടുപോകുന്ന സാഹചര്യം ധാരാളമായുണ്ടാകാം. അതിനാല്‍ നബി(സ) മൃഗങ്ങളെ കടമായി കൈമാറരുത്‌ എന്ന്‌ പ്രത്യേകം പഠിപ്പിച്ചിരിക്കുന്നു. ഈ പൊതുവായ വിലക്ക്‌ ഈ സംഭവത്തിനു ശേഷമാണെന്ന്‌ ചില ഹദീസ്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ തിരുത്തപ്പെട്ട ഒരു സംഭവമായാണ്‌ അവരിതിനെ കാണുന്നത്‌. അബ്‌ദുല്ലാഹിബ്‌നു അംറിന്റെ ഹദീസ്‌ പൊതുനിയമത്തിന്നപവാദമാണെന്നാണ്‌ മറ്റൊരു അഭിപ്രായം. യുദ്ധത്തിന്റെ സാഹചര്യം പരിഗണിക്കണമെന്നര്‍ഥം. ഒന്നിനു പകരം രണ്ട്‌ എന്നതുകൊണ്ടു മാത്രം മൂല്യം അധികമുണ്ടെന്ന്‌ കണിശമായി പറയാനാവില്ല. വാഹനത്തിനുപയോഗിക്കാന്‍ പരിശീലനം സിദ്ധിച്ച ഒട്ടകത്തിന്‌ കൂടുതല്‍ വിലയുണ്ടാവുക സ്വാഭാവികമാണ്‌.
ഈ സംഭവം അവധിക്കനുസൃതമായി അധിക വില നല്‍കുക എന്ന സിദ്ധാന്തത്തിന്‌ തെളിവല്ല എന്നു വ്യക്തം. വ്യക്തമായി തിരുമേനി നിരോധിച്ചതും പലിശയെന്നു വിശേഷിപ്പിച്ചതുമാണത്‌. മൂലധനത്തേക്കാള്‍ കൂടുതല്‍ ആവശ്യപ്പെടുന്നത്‌ നിഷിദ്ധമാണെന്ന്‌ പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്നു. ``നിങ്ങള്‍ പലിശ ഇടപാടുകളില്‍ നിന്ന്‌ പശ്ചാത്തപിച്ചാല്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കവകാശപ്പെട്ടതാണ്‌'' (2:279). ഭൂരിപക്ഷം പണ്ഡിതന്മാരും തവണ വ്യവസ്ഥയില്‍ അവധിക്കനുസൃതമായി അധികവില വാങ്ങാം എന്ന പക്ഷത്താണെന്നാണ്‌ മറ്റൊരു പ്രധാന ന്യായം. ആള്‍ബലം കൊണ്ട്‌ അബദ്ധം സുബദ്ധമാവില്ല. നബി(സ)യുടെ വ്യക്തമായ നിര്‍ദേശമുള്ളതിനാല്‍ ഈ വിഷയത്തില്‍ പണ്ഡിതാഭിപ്രായം അടിസ്ഥാനമാക്കേണ്ടതില്ല. അവിടുന്ന്‌ പഠിപ്പിച്ചു: ``പ്രയോജനം ഉണ്ടാക്കുന്ന ഏതു കടവും പലിശ ഇടപാടാണ്‌.'' ഒരാള്‍ക്ക്‌ പണം കടം കൊടുത്താല്‍ അയാള്‍ നല്‍കുന്ന പാരിതോഷികം സ്വീകരിക്കാന്‍ പാടില്ല എന്നുകൂടി നബി(സ) പഠിപ്പിച്ചിരിക്കുന്നു. എന്തൊരു സൂക്ഷ്‌മത!
കൂടുതല്‍ പണ്ഡിതന്മാര്‍ `അവധിക്ക്‌ അധിക വില' എന്ന തത്ത്വം അംഗീകരിക്കുമ്പോള്‍ പ്രഗത്ഭരായ പണ്ഡിതന്മാര്‍ ഇത്‌ ശക്തമായി നിരാകരിക്കുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റ) പറയുന്നത്‌ കാണുക: ``ഇപ്പോള്‍ ഇതിന്റെ വില ഇത്രയാണ്‌; അവധി നിശ്ചയിച്ചാണെങ്കില്‍ ഞാന്‍ ഇത്ര കൂട്ടി വില്‍ക്കാം എന്നിങ്ങനെ പറഞ്ഞാല്‍ അത്‌ പലിശയാണ്‌. ഇബ്‌നു അബ്ബാസ്‌ (റ) പറഞ്ഞ അഭിപ്രായമാണിത്‌'' (ഫതാവാ, ഭാഗം 29, പേജ്‌ 306,307). ഇതേ അഭിപ്രായം ഇമാം ശാഫിഈ (റ) പറഞ്ഞതായി ഇമാം ശൗകാനി നൈലുല്‍ ഔതാറില്‍ ഉദ്ധരിച്ചിട്ടുണ്ട്‌ (ഭാഗം 5, പേജ്‌ 172). ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍(റ) ഈ ഇടപാടിനെക്കുറിച്ച്‌ പറയുന്നത്‌ കാണുക: ``ഈ ചാക്കിന്റെ വില ഒരു മാസം കഴിഞ്ഞ്‌ ഒടുക്കുകയാണെങ്കില്‍ പത്ത്‌ ദീനാര്‍, രണ്ടു മാസം കഴിഞ്ഞാണ്‌ വില ഒടുക്കുന്നതെങ്കില്‍ പത്ത്‌ ദീനാര്‍ കൂടി കൂട്ടിത്തരണം എന്ന കരാര്‍ നിഷിദ്ധമാണ്‌.'' പണ്ഡിതന്മാരുടെ എണ്ണത്തില്‍ അധികമുണ്ടെങ്കിലും അനുവദനീയമാണെന്ന വാദത്തെ എതിര്‍ക്കുന്നവര്‍ പ്രബലരായ പണ്ഡിതന്മാരാണെന്ന്‌ നാം കണ്ടു. ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമിക ഗ്രന്ഥശാലക്ക്‌ മഹത്തായ സംഭാവനകളര്‍പ്പിച്ച ശൈഖ്‌ അബ്‌ദുര്‍റഹ്‌മാന്‍ അബ്‌ദുല്‍ ഖാലിഖ്‌ ഇവ്വിഷയകമായി ഒരു ഗ്രന്ഥം രചിച്ചിരിക്കുന്നു. അനുവദിക്കാനുള്ള എല്ലാ ന്യായങ്ങളും ഖണ്ഡിച്ചിരിക്കുന്നു അതില്‍.
പാട്ടക്കച്ചവടം (സലം) അനുവദനീയമായ തത്ത്വം തവണക്കച്ചവടത്തിലുമുണ്ടെന്നതാണ്‌ മറ്റൊരു ന്യായം. യഥാര്‍ഥത്തില്‍ ഇവ രണ്ടും തമ്മില്‍ സാദൃശ്യമില്ല. കര്‍ഷകന്‌ കൃഷിയിറക്കാനും സംരക്ഷിക്കാനും ആവശ്യമായ പണം ആദ്യം നല്‍കുകയാണ്‌ സലമില്‍. ഇതിന്‌ പകരം ഒരു കൃത്യ അളവില്‍ ഉല്‍പന്നം നല്‍കണമെന്നാണ്‌ കരാര്‍. ഇവിടെ ഉല്‍പന്നത്തിന്റെ വിളവെടുക്കുന്ന കാലത്തെ വില നിലവാരം മുന്‍കൂട്ടി അറിയാനാവില്ല എന്ന ഒരു `സാഹസികത'യുണ്ട്‌. അതിനാല്‍ ആവശ്യം പരിഗണിച്ച്‌ പൊതു തത്ത്വങ്ങള്‍ക്കപവാദമായാണ്‌ സലം അനുവദിച്ചതെന്ന്‌ പണ്ഡിതര്‍ക്ക്‌ അഭിപ്രായമുണ്ട്‌. അതിനോട്‌ മറ്റൊരു വിധിയെ സദൃശ്യപ്പെടുത്താവതല്ല.
കച്ചവടത്തില്‍ ലാഭത്തിനും നഷ്‌ടത്തിനും സാധ്യതയുള്ള പോലെ സലമിലും സാധ്യതയുണ്ട്‌. വിളവെടുപ്പ്‌ കാലത്ത്‌ വില കുറഞ്ഞുപോയാല്‍ വാങ്ങിയ ആള്‍ക്ക്‌ നഷ്‌ടം വരും. വില കൂടുകയാണെങ്കില്‍ വിറ്റവന്‌ ദുഃഖമുണ്ടാവും. എന്നാല്‍ ആവശ്യത്തിന്‌ പണം കിട്ടി കൃഷി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ അയാള്‍ക്ക്‌ സന്തോഷിക്കാം. തവണ വ്യവസ്ഥയുമായി ഇതിനെ താരതമ്യം ചെയ്യാന്‍ ഒരു ന്യായവുമില്ല. അവധിക്കനുസൃതമായി അധികവില വാങ്ങാന്‍ അവതരിപ്പിച്ച ന്യായങ്ങളെല്ലാം ദുര്‍ബലമാണ്‌.
msaleemmv@gmail.com

Comments