Prabodhanm Weekly

Pages

Search

2011 ജൂലൈ 23

അല്‍ഖാഇദയെ ഇന്ത്യയിലേക്കാനയിക്കാനും പ്രവീണ്‍ സ്വാമി

സഫറുല്‍ ഇസ്‌ലാം ഖാന്‍

ദഹിന്ദു ദിനപത്രം ഒരിക്കലും ഉന്മാദാവസ്ഥയില്‍ എഴുത്താണിയുന്തിയ പ്രസിദ്ധീകരണമായിരുന്നില്ല. കാര്യമാത്ര പ്രസക്തമായ എഡിറ്റോറിയലുകളും ജാഗ്രത്തായ റിപ്പോര്‍ട്ടുകളും പ്രശ്‌നങ്ങളിലുള്ള നിലപാടുകളും ആ പത്രത്തെ വേറിട്ട്‌ നിര്‍ത്തി. ഈ റൂപര്‍ട്ട്‌ മര്‍ഡോക്‌ യുഗത്തില്‍ പല പ്രസിദ്ധീകരണാലയങ്ങളും അശ്ലീലതയുടെ ചെളിക്കുണ്ടിലേക്ക്‌ വീണപ്പോഴും അതില്‍ നിന്നൊക്കെ അകലം സൂക്ഷിക്കാന്‍ ഹിന്ദുവിന്‌ കഴിഞ്ഞു. ഈയൊരു പ്രതിഛായക്ക്‌ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വയം കളങ്കം ചാര്‍ത്തുകയാണ്‌ പ്രവീണ്‍ സ്വാമിയെന്ന വ്യാജ ഭീകരവാദ വിദഗ്‌ധന്‍ ഛര്‍ദിച്ച കെട്ടുകഥകളത്രയും വിഴുങ്ങിക്കൊണ്ട്‌ ഹിന്ദു ദിനപത്രം.
2004-2005 കാലത്ത്‌ വാഷിംഗ്‌ടണിലെ യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പീസില്‍ കുറച്ചുകാലം തങ്ങുന്നതിന്‌ മുമ്പ്‌ അത്യാവശ്യം കൊള്ളാവുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്നു പ്രവീണ്‍ സ്വാമി. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ തിരിച്ചുവന്നതാകട്ടെ അമേരിക്കന്‍ ലോക വീക്ഷണത്തിലേക്ക്‌ അപ്പാടെ മതം മാറിയ മറ്റൊരു സ്വാമിയും. അമേരിക്കയുടെ ഇസ്‌ലാംപേടി കുരിശ്‌ യുദ്ധത്തിലേക്കുള്ള സംഭാവനകളായിരുന്നു പ്രവീണ്‍ സ്വാമിയുടെ എഴുത്തുകുത്തുകള്‍. ഹിന്ദുത്വ പടച്ചട്ടധാരികളുടെ കൈയടിയും വേണ്ടുവോളം കിട്ടി. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കാലമായത്‌ കൊണ്ട്‌ ഇതിനെ ഒരു ദേശീയ നയമാക്കാനും കഴിഞ്ഞു. ഹിന്ദുവിലെ ഒരു സീനിയര്‍ പത്രപ്രവര്‍ത്തകന്‍ എന്നോട്‌ പറഞ്ഞത്‌ മൂന്ന്‌ വര്‍ഷത്തോളമായി ഹിന്ദു അങ്ങേരെ സഹിക്കുകയാണെന്നാണ്‌. ഇന്റലിജന്‍സ്‌ ബ്യൂറോയുമായി വലിയ കണക്‌ഷനുള്ള ആളായതുകൊണ്ട്‌ സ്‌കൂപ്പ്‌ കണ്ടമാനം തരപ്പെടുന്നുണ്ടത്രെ. മറ്റൊരു വിധം പറഞ്ഞാല്‍, ഐ.ബി കെട്ടിച്ചമച്ചുണ്ടാക്കുന്ന സാധനങ്ങള്‍ ഗൗരവതരമായ വാര്‍ത്തകളായി വിളമ്പുകയായിരുന്നു സ്വാമി.
ഈവിധം സെക്യൂരിറ്റി ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ ഉപകരണമാക്കപ്പെടുന്നത്‌ ആത്മാഭിമാനമുള്ള ഒരു പത്രവും സമ്മതിക്കില്ലെന്ന്‌ മാത്രമല്ല, അതിന്‌ നിന്നുകൊടുക്കുന്ന ഇത്തരം തുരപ്പന്മാരെ പുറത്തെറിയുകയും ചെയ്യും. പക്ഷേ, ദ ഹിന്ദുവിന്റെ എഡിറ്റര്‍ എന്‍. റാമിന്‌ അയാള്‍ വിലമതിക്കാനാവാത്ത സ്വത്താണ്‌.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഒരു കഥ ഞാന്‍ പറയാം. മില്ലിഗസറ്റിന്‌ മധ്യവര്‍ത്തികളിലൂടെ കശ്‌മീര്‍ സേനയില്‍ നിന്ന്‌ ഒരു ഓഫര്‍ വന്നു. അവരെപ്പറ്റി `നല്ല വാര്‍ത്തകള്‍' കൊടുക്കണം പോലും! ഞങ്ങള്‍ക്ക്‌ റിസ്‌ക്കൊന്നുമില്ല. നല്ല നല്ല വാര്‍ത്തകള്‍ അവര്‍ തന്നെ ഞങ്ങള്‍ക്ക്‌ നല്‍കും. ഞങ്ങള്‍ക്കത്‌ പ്രസിദ്ധീകരിക്കുന്ന പണി മാത്രം. മാസം നാല്‍പതിനായിരം രൂപ പോക്കറ്റില്‍ വീഴും! എങ്ങനെയുണ്ട്‌?! ഒത്തിരി പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രസിദ്ധീകരണമായിട്ടും ഞങ്ങള്‍ക്കത്‌ തള്ളിക്കളയാന്‍ ഒരു നിമിഷം പോലും വേണ്ടിവന്നില്ല.
സമൂഹത്തിന്റെ ഭിന്ന ഭാഗങ്ങളില്‍നിന്ന്‌ ഈ അവാസ്‌തവ പ്രചാരണത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നെങ്കിലും പ്രവീണ്‍ സ്വാമി ഹിന്ദുവില്‍ തന്നെ സര്‍വശക്തനായി വിരാജിച്ചു. പത്രത്തില്‍ വേണ്ടുവോളം ഇടവും അനുവദിച്ചു കിട്ടി. പലപ്പോഴും ഒരേ ദിവസം തന്നെ രണ്ട്‌ സ്റ്റോറികള്‍ വരെ അങ്ങേരുടേതായി പ്രത്യക്ഷപ്പെട്ടു. സകല തീവ്രവാദ ആക്രമണങ്ങളിലും ഒരു മുസ്‌ലിമിന്റെ നിഴല്‍വെട്ടം സ്വാമി എപ്പോഴും ദര്‍ശിച്ചു. ഹിന്ദുത്വ ഭീകരവാദികള്‍ ചെയ്‌തതായിരുന്നുവെന്ന്‌ ഇന്ന്‌ തെളിയിക്കപ്പെട്ട ഭീകരാക്രമണങ്ങളിലും ഇതായിരുന്നു സ്ഥിതി.
പ്രവീണ്‍ സ്വാമിയുടെ ഇന്റലിജന്‍സ്‌ വിധേയത്വം കര്‍ക്കശമായി നിരൂപണം ചെയ്യപ്പെട്ടു. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ അധ്യാപകരുടെ സംഘടനയായ ജെ.ഐ.ടി.എസ്‌.എ, സ്വാമി എഴുതിയ ബട്‌ലാ ഹൗസ്‌ സംഭവത്തെപ്പറ്റിയുള്ള ലുട്ടാപ്പിക്കഥകള്‍ക്കെതിരെ രംഗത്തുവന്നു. ഇന്ത്യയുടെ പ്രീമിയര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ പുറത്തുവിട്ട, കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി ഇതെല്ലാം കള്ളത്തരങ്ങളാണെന്നവര്‍ വിളിച്ചു പറഞ്ഞു. എല്ലാം നാടകമായിരുന്നെന്നും നടന്നത്‌ വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നും. എന്നിട്ടും യഥാര്‍ഥമായി നടന്ന ഒരു തീവ്രവാദി ഏറ്റുമുട്ടലില്‍ തന്നെയാണ്‌ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതെന്ന കാര്യത്തില്‍ പ്രവീണ്‍ സ്വാമിക്ക്‌ മാത്രം ഒരു സംശയവുമില്ല.
സ്വാമിയുമായുള്ള ദ ഹിന്ദുവിന്റെ സഹവര്‍ത്തിത്വം ഒത്തിരി സുമനസ്സുകളെ രോഷാകുലരാക്കി. ഫേസ്‌ബുക്കില്‍ `Shut up praveen swa-mi' എന്ന ഗ്രൂപ്പ്‌ തന്നെ അവര്‍ തുടങ്ങിവെച്ചു. സ്വാമിയെ തുറന്നുകാട്ടിക്കൊണ്ടുള്ള ലേഖന പരമ്പരകള്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക്‌ വേണ്ടി സ്വാമി കഥകള്‍ മെനഞ്ഞുണ്ടാക്കുന്നത്‌ എങ്ങനെയെന്ന്‌ ജെ.ഐ.ടി.എസ്‌.എ ജനസമക്ഷം തുറന്നു കാണിച്ചു. ഗത്യന്തരമില്ലാതെ സ്വാമി തനിക്കെതിരെ തിരിഞ്ഞവരെയെല്ലാം കടന്നാക്രമിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത്‌ ആനി സെയ്‌ദി ആ മറുപടികള്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തി. `സ്വാമി ആന്റ്‌ ഫ്രണ്ട്‌സ്‌' എന്ന തലക്കെട്ടില്‍ ജാമിഅയിലെ അധ്യാപക സംഘടന മറുപടിയെഴുതിയെങ്കിലും സ്വാമിയുടെ വക പ്രതികരണമൊന്നും പിന്നെ ഉണ്ടായില്ല.
ഹിന്ദുവില്‍ നിന്ന്‌ ലീവെടുത്തിട്ടാണെന്ന്‌ തോന്നുന്നു കഴിഞ്ഞ വര്‍ഷം സ്വാമി നേരെ പോയത്‌ ലണ്ടന്‍ ടെലഗ്രാഫിലേക്കാണ്‌. ചന്ദന്‍ മിത്ര എഡിറ്ററായിരുന്ന പയനിയറിനോട്‌ സാദൃശ്യമുള്ള യു.കെയിലെ ഇസ്‌ലാം പേടി പടക്കുന്ന പത്രമായിരുന്നു അത്‌. ടെലഗ്രാഫില്‍ അവസരങ്ങള്‍ അപൂര്‍വമായതോടെ സ്വാമി ഹിന്ദുവിലെ തന്റെ കാബിനില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. എങ്കിലും ടെലഗ്രാഫ്‌ ഇപ്പോഴും അദ്ദേഹത്തെ അവരുടെ സ്റ്റാഫായിട്ട്‌ തന്നെയാണ്‌ കാണുന്നത്‌. ട്വിറ്ററില്‍ ഇയാള്‍ ദല്‍ഹി കേന്ദ്രമാക്കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നും കാണുന്നു.
അല്‍ഖാഇദ തങ്ങളുടെ പുതിയ തലവനായി ഡോ. അല്‍ സവാഹിരിയെ ജൂണ്‍ 16ന്‌ പ്രഖ്യാപിച്ചത്‌ പ്രവീണ്‍ സ്വാമിക്ക്‌ ഹിന്ദുവില്‍ രണ്ടാം അങ്കത്തിനുള്ള അവസരങ്ങള്‍ തുറന്നു. ഒരേ ദിവസം തന്നെ ടിയാന്റെ രണ്ട്‌ റിപ്പോര്‍ട്ടുകളാണ്‌ ജൂണ്‍ 17-ലെ പത്രത്തില്‍; അത്‌ ഏതൊരു പത്രപ്രവര്‍ത്തകനും തന്റെ റിപ്പോര്‍ട്ട്‌ വരണമെന്ന്‌ കൊതിക്കുന്ന `കണ്ണായ' സ്ഥലത്ത്‌. ഇതവിടെ തന്നെ കൊടുത്തത്‌ എഡിറ്ററല്ലാതെ മറ്റാര്‌?! `അല്‍ഖാഇദ പുതിയ തലവന്റെ മുഖ്യ ലക്ഷ്യം ഇന്ത്യ' എന്ന്‌ ഒന്നാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ എഴുതിവിടാന്‍ മാത്രം പ്രവീണ്‍ സ്വാമിക്ക്‌ എന്താണ്‌ അവലംബം? നമ്മുടെ പഴയ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ തന്നെ. ഇന്ത്യയോടുള്ള അല്‍ഖാഇദയുടെ ശാസനകളും ഭീഷണികളും കൊണ്ട്‌ സമ്പന്നമാണ്‌ പ്രസ്‌തുത റിപ്പോര്‍ട്ട്‌. ആവര്‍ത്തനവിരസത പടക്കുന്നുവെന്നല്ലാതെ യാതൊരു പുതുമയും ഈയൊരു റിപ്പോര്‍ട്ട്‌ നല്‍കുന്നില്ല. ഇന്ത്യക്കെതിരെ പാകിസ്‌താന്റെ സഹായവും പ്രയോജനപ്പെടുത്തുമെന്ന്‌ സവാഹിരി പറയുന്നതായും സ്വാമിയുടെ റിപ്പോര്‍ട്ടിലുണ്ട്‌.
സവാഹിരി അങ്ങനെയൊരു പ്രസ്‌താവന നടത്തിയിട്ടേയില്ല എന്നതാണ്‌ സത്യം. കേന്ദ്രത്തിലും ജമ്മു-കശ്‌മീരിലുമുള്ള നമ്മുടെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അല്‍ഖാഇദയുടെ സാന്നിധ്യം ഇന്ത്യയിലില്ലെന്ന്‌ ആവര്‍ത്തിച്ച്‌ പറഞ്ഞതുമാണ്‌. ഇന്ത്യയിലും അമേരിക്കയിലും ഇത്തരം ഭീകരവാദ കെട്ടുകഥകള്‍ നന്നായി വിറ്റുപോകുന്നതുകൊണ്ട്‌ അതെഴുതുന്നവര്‍ക്ക്‌ മറ്റൊന്നും പ്രശ്‌നമല്ല. സ്വാമിയുടെ രണ്ടാമത്തെ സ്റ്റോറി വന്നത്‌ എഡിറ്റ്‌ പേജില്‍. പഴയ ഫയലുകള്‍ തപ്പി തട്ടിപ്പടച്ചുണ്ടാക്കിയ ഒന്ന്‌. `പതിനാലാം വയസ്സില്‍ സവാഹിരി മുസ്‌ലിം ബ്രദര്‍ഹുഡില്‍ ചേര്‍ന്നു'തുടങ്ങി. ആര്‍ക്കും കിട്ടാത്ത വിവരത്തിന്റെ `മുത്തുകളും' പ്രസ്‌തുത റിപ്പോര്‍ട്ടിലുണ്ട്‌! ക്ഷമിക്കണം, ഭീകരതയുടെ വ്യാപാരിയായ സ്വാമിക്ക്‌ അല്‍ഖാഇദ ഒരു അമേരിക്കന്‍ സൃഷ്‌ടിയാണെന്നും സംഭവലോകത്ത്‌ അങ്ങനെയൊന്ന്‌ നിലനില്‍ക്കുന്നില്ലെന്നും വാദിക്കുന്ന, മലപോലെ കൂട്ടിയിട്ടിരിക്കുന്ന വസ്‌തുതാ കഥനങ്ങളൊന്നും വായിക്കാന്‍ നേരമില്ല. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അമേരിക്കന്‍ മാര്‍ഗദര്‍ശികള്‍ക്കും സത്യമറിയണമെന്ന യാതൊരു ആശയും ഉള്ളില്‍ ഇല്ല.
ഒടുക്കം സ്വാമിയോടൊരു വാക്ക്‌: അല്‍ഖാഇദയും അതുപോലുള്ള ഗ്രൂപ്പുകളും അമേരിക്കയുടെ അനീതിക്കെതിരെ ഉയര്‍ന്നുവന്ന ഒരാശയമാണ്‌. ഈ ആശയമാകട്ടെ ഇന്ത്യന്‍ മുസ്‌ലിംകളെ ഒട്ടുമേ ആകര്‍ഷിച്ചിട്ടുമില്ല.
(മില്ലി ഗസറ്റ്‌ 2011 ജൂലൈ 1-15)

Comments