Prabodhanm Weekly

Pages

Search

2011 ജൂലൈ 23

വിഘടനവാദമേത്‌, സ്വാതന്ത്ര്യ സമരമേത്‌ ?

എ.ആര്‍

ആഫ്രിക്കന്‍ വന്‍കരയിലെ 54-ാമത്‌ രാഷ്‌ട്രമായും ലോകത്തിലെ 193-ാമത്‌ രാജ്യമായും റിപ്പബ്ലിക്ക്‌ ഓഫ്‌ സുഡാന്‍ 2011 ജൂലൈ ഒമ്പതിന്‌ പിറന്നുവീണപ്പോള്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും സര്‍വോപരി ആഗോള ക്രൈസ്‌തവ സഭകളുടെയും ചിരകാല സ്വപ്‌നമാണ്‌ സാക്ഷാത്‌കാരം നേടിയത്‌. പത്തൊമ്പതാം നൂറ്റാണ്ട്‌ മുതല്‍, അറബ്‌ മുസ്‌ലിം രാജ്യമായ സുഡാനിലെ ക്രൈസ്‌തവ ന്യൂനപക്ഷത്തെ സംഖ്യാബലവും സൈനികബലവും വഴി ശാക്തീകരിക്കാന്‍ പടിഞ്ഞാറന്‍ ക്രൈസ്‌തവ മിഷനറിമാര്‍ നടത്തിയ നിരന്തര ശ്രമം ഒടുവില്‍ ആഭ്യന്തര യുദ്ധത്തിന്റെ വര്‍ണം സ്വീകരിച്ചപ്പോള്‍ യുദ്ധവിരാമം നടപ്പാക്കാനോ സമാധാനം പുനഃസ്ഥാപിക്കാനോ അല്ല അമേരിക്കയും കൂട്ടാളികളും ശ്രമിച്ചത്‌. മറിച്ച്‌, വിഘടനവാദത്തിന്റെ രണോത്സുക നായകന്‍ ജോണ്‍ ഗരങ്ങിന്‌ അര്‍ഥവും ആയുധവും നല്‍കി `സ്വാതന്ത്ര്യസമരത്തെ' വിജയിപ്പിക്കാനാണ്‌ സര്‍വ ശ്രമവും നടത്തിയത്‌. പ്രകൃതി ദുരന്തങ്ങളും പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും കൊണ്ട്‌ പരിക്ഷീണിതമായ സുഡാന്‌ പതിറ്റാണ്ട്‌ തുടര്‍ന്ന യുദ്ധം താങ്ങാവുന്നതിനപ്പുറമായിരുന്നു. അതോടൊപ്പം, ഉസാമാ ബിന്‍ലാദിന്റെ അല്‍ഖാഇദയുമായി സഹകരിക്കുന്നു എന്നാരോപിച്ച്‌ യാങ്കിപ്പട സുഡാന്റെ ഒരേയൊരു ഔഷധ നിര്‍മാണശാല ബോംബിട്ട്‌ തകര്‍ത്തു. അതിക്രൂരമായ ഈ നടപടിയെ യു.എന്‍ അപലപിച്ചില്ലെന്ന്‌ മാത്രമല്ല, 2004-ല്‍ ജോര്‍ജ്‌ ഡബ്ല്യു ബുഷ്‌ സുഡാനെതിരെ ശക്തമായ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ അതിനനുകൂല സമീപനമാണ്‌ സ്വീകരിച്ചതും. സൈനിക ഇടപെടല്‍ ആവശ്യപ്പെട്ട ക്രിസ്‌ത്യന്‍ ഇവാഞ്ചലിസ്റ്റുകളെ ആശ്വസിപ്പിക്കാനും ഒപ്പം ദക്ഷിണ സുഡാന്റെ വിഘടനം യാഥാര്‍ഥ്യമാക്കാനുമായിരുന്നു ബുഷിന്റെ നടപടി. നേരത്തെ തന്നെ അമേരിക്കയുടെയും യൂറോപ്പിന്റെയും സൈനിക സഹായം ദക്ഷിണ സുഡാന്റെ വിഘടനത്തിന്‌ വേണ്ടി ചോരചിന്തുന്ന പീപ്പ്‌ള്‍സ്‌ ലിബറേഷന്‍ ആര്‍മിക്ക്‌ ലഭിച്ചിരുന്നു.
ഇരുപത്‌ ലക്ഷത്തോളം പേരുടെ ജീവഹാനിയില്‍ കലാശിച്ച വംശീയ യുദ്ധത്തിന്‌ വിരാമമിടാന്‍ ദക്ഷിണ സുഡാന്റെ വിഘടനത്തിന്‌ വഴങ്ങുകയല്ലാതെ നിര്‍വാഹമില്ലെന്ന്‌ ഒടുവില്‍ സുഡാന്‍ പ്രസിഡന്റ്‌ ഉമറുല്‍ ബശീറിന്‌ ബോധ്യപ്പെട്ടു. അങ്ങനെയാണ്‌ 2005-ല്‍ നെയ്‌വാശ സമാധാന ഉടമ്പടിയില്‍ അദ്ദേഹം ഒപ്പുവെക്കേണ്ടിവന്നത്‌. 2011 ജനുവരിയില്‍ ദക്ഷിണ സുഡാനില്‍ ഹിതപരിശോധന നടത്താമെന്നും അതിന്റെ ഫലം സ്വതന്ത്ര ദക്ഷിണ സുഡാന്‌ അനുകൂലമാണെങ്കില്‍ പുതിയ രാഷ്‌ട്ര പിറവിക്ക്‌ സമ്മതിക്കാമെന്നുമായിരുന്നു കരാറിലെ മുഖ്യ വ്യവസ്ഥ. കരാര്‍ നിലവില്‍ വന്നതോടെ ചോരക്കളിക്ക്‌ ശമനം വന്നു. അതേയവസരത്തില്‍ ദാര്‍ഫൂര്‍ മേഖലയില്‍ പുതിയ ഗോത്രക്കലഹം പൊട്ടിപ്പുറപ്പെട്ടു. അതടിച്ചമര്‍ത്താന്‍ ബലപ്രയോഗം നടത്തിയതിന്റെ പേരിലാണ്‌ ഉമറുല്‍ ബശീറിന്റെ പേരില്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌ (അതിനേക്കാള്‍ പതിന്മടങ്ങ്‌ മനുഷ്യാത്മക്കളുടെ കൂട്ടക്കൊലക്കുത്തരവാദിയായ ജോണ്‍ ഗരങ്ങിന്റെ പേരില്‍ കേസുമില്ല, വാറണ്ടുമുണ്ടായില്ല!). ഈ വര്‍ഷം ആദ്യം നടന്ന ഹിതപരിശോധന പ്രതീക്ഷിച്ചപോലെ ദക്ഷിണ സുഡാന്റെ സ്വാതന്ത്ര്യത്തിന്‌ അനുകൂലമായിരുന്നു. 98 ശതമാനത്തിലധികം സ്വതന്ത്ര ദക്ഷിണ സുഡാനെ അനുകൂലിച്ചതോടെ പുതിയ രാജ്യം യാഥാര്‍ഥ്യമായി. അതിന്റെ പ്രഖ്യാപനത്തിനും ആഘോഷത്തിനുമാണ്‌ വെള്ളിയാഴ്‌ച രാത്രി 10 മണിക്ക്‌ പുതിയ രാജ്യത്തിന്റെ തലസ്ഥാനമായ ജുബ സാക്ഷ്യം വഹിച്ചത്‌. ലോകത്തേറ്റവും ദരിദ്രവും സാക്ഷരതയില്‍ പിന്നാക്കവുമായ ദക്ഷിണ സുഡാന്റെ ഭാവി എന്താവുമെന്നതിനെക്കുറിച്ചൊക്കെ ആശങ്കകള്‍ ഉയരുന്നുവെങ്കിലും തങ്ങളുടെ ചിരകാല സ്വപ്‌നം പുലര്‍ന്നതിലെ ആഹ്ലാദത്തിമിര്‍പ്പിലാണ്‌ രാജ്യത്തിനകത്തും പുറത്തുമുള്ള ഇവാഞ്ചലിസ്റ്റുകളും ഇസ്രയേലും അമേരിക്കന്‍ സാമ്രാജ്യത്വവും.
ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയരുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തെ പിളര്‍ക്കാനുള്ള ശ്രമം വിഘടനവാദമോ സ്വാതന്ത്ര്യ സമരമോ എന്ന്‌ വേര്‍തിരിക്കുന്നതിന്റെ മാനദണ്ഡമെന്താണ്‌? ആ രാജ്യം മതപരമോ വംശീയമോ ആയ വിവിധ ജനവിഭാഗങ്ങളുടെ പൊതുവായ രാഷ്‌ട്രമാണെങ്കില്‍ മതേതര ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയില്‍ അതിനെ അവിഭാജ്യമായി നിലനിര്‍ത്തുകയാണോ വേണ്ടത്‌ അതല്ല, ഓരോ വിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കുകയോ? അങ്ങനെ മാതൃരാജ്യത്തെ പലതായി വിഭജിക്കാമെന്നു വെച്ചാല്‍, ചില പ്രത്യേക ജനവിഭാഗങ്ങളുടെ മാത്രം വിഘടന പ്രസ്ഥാനം ശരിയും മറ്റുള്ളവര്‍ സ്വാതന്ത്ര്യത്തിന്‌ വേണ്ടി ശബ്‌ദമുയര്‍ത്തിയാല്‍ തെറ്റും ആവുന്നതിലെ വിവേചനത്തിന്‌ എന്താണ്‌ ന്യായീകരണം? ഉദാഹരണത്തിന്‌ ലോകത്തേറ്റവും വലിയ മുസ്‌ലിം രാഷ്‌ട്രമായ ഇന്തോനേഷ്യയില്‍ നിന്ന്‌, നീണ്ടകാലത്തെ രക്തപങ്കിലമായ വിഘടന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ക്രിസ്‌ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഈസ്റ്റ്‌ തൈമൂര്‍ ദ്വീപ്‌ യു.എന്‍ പ്രമേയ പ്രകാരം വേറിട്ട്‌ പോയി. അത്‌ ഇന്നൊരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രമാണ്‌. അതേയവസരത്തില്‍ സ്റ്റാലിന്റെ കാലത്ത്‌ ബലപ്രയോഗത്തിലൂടെ റഷ്യയോട്‌ ചേര്‍ക്കപ്പെട്ട കാക്കസസ്‌ പര്‍വത നിരകളിലെ മുസ്‌ലിം രാജ്യമായ ചെച്‌നിയയില്‍ ഉയിര്‍ത്തെഴുന്നേറ്റ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ നിരന്തരം അടിച്ചമര്‍ത്തപ്പെടുന്നു. ഐക്യരാഷ്‌ട്രസഭയുടെയോ അമേരിക്കയുടെയോ മറ്റു രാജ്യങ്ങളുടെയോ പിന്തുണ അവര്‍ക്കില്ല. മാത്രമല്ല ചെച്‌നിയന്‍ പോരാളികള്‍ ലോകത്തിന്റെ കണ്ണില്‍ തീവ്രവാദികളും ഭീകരരുമാണ്‌. അവരുടെ നേരെ റഷ്യ ചെയ്യുന്ന നിഷ്‌ഠുര കൃത്യങ്ങള്‍ മുഴുവന്‍ ന്യായീകരണമര്‍ഹിക്കുന്നതുമാണ്‌. ഇതേപോലെ ഫിലിപ്പൈന്‍സിലും പതിറ്റാണ്ടുകളായി നടക്കുന്നു ഒരു പോരാട്ടം. ദക്ഷിണ ഫിലിപ്പൈന്‍സിലെ മിണ്ടനാവോ പ്രവിശ്യയില്‍ നടക്കുന്ന സ്വാതന്ത്ര്യസമരം മൊറോകള്‍ എന്ന്‌ വിളിക്കപ്പെടുന്ന മുസ്‌ലിംകളുടേതാണെന്ന ഏക കാരണത്താല്‍, കത്തോലിക്കര്‍ക്ക്‌ ആധിപത്യമുള്ള ഫിലിപ്പൈന്‍സ്‌ അതിനെ ചോരയില്‍ മുക്കിക്കൊല്ലുകയാണ്‌. ലോകത്തിന്റെ പൂര്‍ണ പിന്തുണയും ഫിലിപ്പൈന്‍സ്‌ സര്‍ക്കാറിനുണ്ട്‌. നഷ്‌ടപ്പെട്ട ജന്മഭൂമിയുടെ വീണ്ടെടുപ്പിനു വേണ്ടി പൊരുതുന്ന ഫലസ്‌ത്വീനിലെ ഹമാസും ഇസ്രയേലിന്റെയും അമേരിക്കയുടെയും മാത്രമല്ല ലോകത്തിന്റെ കണ്ണിലും ഭീകര പ്രസ്ഥാനമാണ്‌. വംശീയാടിസ്ഥാനത്തില്‍ മാത്രം സ്ഥാപിതമായ ജൂതരാഷ്‌ട്രത്തിന്‌ ഐക്യരാഷ്‌ട്ര സഭയുടെ സമ്പൂര്‍ണ അംഗീകാരവും!
ഒന്നുകില്‍ മതാധിഷ്‌ഠിത വംശീയ രാഷ്‌ട്രങ്ങളുടെ കാലം കഴിഞ്ഞുവെന്നും മതേതര ജനാധിപത്യ റിപ്പബ്ലിക്കുകള്‍ക്കേ ആധുനിക യുഗത്തില്‍ പ്രസക്തിയും അംഗീകാരവുമുള്ളൂ എന്നും തീരുമാനിക്കണം. അപ്പോള്‍ പരമാധികാര രാജ്യങ്ങളെ പിളര്‍ക്കാനുള്ള വംശീയമോ മതപരമോ ആയ പ്രസ്ഥാനങ്ങളെ പൂര്‍ണമായി ഒറ്റപ്പെടുത്തേണ്ടതും അനിവാര്യമാകുന്നു. അതല്ലെങ്കില്‍ മതപരമോ വംശീയമോ ആയ ഭിന്ന സ്വത്വങ്ങളുള്ള ജനവിഭാഗങ്ങള്‍ ആരായാലും അവരാഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക്‌ സാധ്യമായേടത്ത്‌ സ്വതന്ത്ര രാഷ്‌ട്രങ്ങളാവാനുള്ള അവസരം നല്‍കണം. ഒരു പക്ഷത്തേക്ക്‌ മാത്രം തൂങ്ങുന്ന തുലാസ്‌ നീതിയുടേതല്ല. അനീതിയുടെ അടിത്തറയില്‍ അടിച്ചേല്‍പിക്കപ്പെടുന്ന തീവ്രവാദ ഭീകര വിഘടനവാദ മുദ്രകള്‍ തിരസ്‌കരിക്കപ്പെടുക തന്നെ ചെയ്യും.

Comments