Prabodhanm Weekly

Pages

Search

2011 ജൂലൈ 16

ഇസ്‌ലാമിക് ബാങ്കിംഗ് 'ഗ്രീന്‍ ഫിനാന്‍സിംഗി'ന് അനുയോജ്യമായത്: സീതാരാമന്‍

താജ് ആലുവ

ദോഹ: ധനകാര്യ രംഗത്ത് സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന 'ഗ്രീന്‍ ഫിനാന്‍സിംഗ്' (പരിസ്ഥിതി സൗഹൃദ പദ്ധതികളിലെ നിക്ഷേപം) മേഖലയില്‍ കാര്യമായ സംഭാവനകളര്‍പ്പിക്കാന്‍ ഇസ്‌ലാമിക് ബാങ്കിംഗിന് സാധിക്കുമെന്ന് ദോഹ ബാങ്ക് സി.ഇ.ഒ ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍, സകാത്ത് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'ബദല്‍ സമ്പദ് വ്യവസ്ഥയിലേക്ക്' എന്ന സാമ്പത്തിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗ്രീന്‍ ബാങ്കിംഗ്', 'ഗ്രീന്‍ ഫിനാന്‍സിംഗ്' തുടങ്ങിയ ആശയങ്ങള്‍ക്ക് ഇസ്‌ലാമിക് ബാങ്കിംഗ് അനുയോജ്യമാകാനുള്ള കാരണം ഇസ്‌ലാമിക ശരീഅത്തിന്റെ മൗലിക ഗുണങ്ങളാണ്. അത് എല്ലാത്തരം തിന്മകളെ നിരാകരിക്കുകയും നന്മകളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു വ്യവസ്ഥയാണ് മുന്നോട്ട് വെക്കുന്നത്. ഇസ്‌ലാമിക ബാങ്കിംഗ് അതിനാല്‍ത്തന്നെ മൂല്യാധിഷ്ഠിതവും വരും തലമുറകള്‍ക്ക് ഉപകരിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

ചെറുകിട കച്ചവടവ്യവസായ സംരഭങ്ങള്‍ക്കുള്ള നിക്ഷേപങ്ങള്‍, സ്ഥായിയായ പാരിസ്ഥിതിക സംരക്ഷണത്തിലൂന്നി നിന്നുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍, ജല സ്രോതസുകളുടെ വികസനം, ആഗോള താപനം പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിടാനുള്ള പദ്ധതികള്‍, സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തല്‍ തുടങ്ങി 'ഗ്രീന്‍ ഫിനാന്‍സിംഗി'ന്റെ കീഴില്‍ വരുന്ന സംഗതികള്‍ നിരവധിയാണ്. ഇവ ഏറ്റെടുക്കാന്‍ ഇസ്‌ലാമിക് ബാങ്കുകള്‍ക്ക്് കഴിയും.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുതകുന്ന വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ഇസ്‌ലാമിക് ബാങ്കിംഗിന് സാധിക്കുമെന്നും സീതാരാമന്‍ പറഞ്ഞു. 11-ാം ആസൂത്രണ കമ്മീഷന്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ശിപാര്‍ശ ചെയ്തത് 542 ബില്യണ്‍ ഡോളറാണ്. എന്നാല്‍ ഈ മേഖലയിലേക്ക് നമ്മുടെ രാജ്യത്തിന് ആകര്‍ഷിക്കാന്‍ കഴിയുന്ന വിദേശ നിക്ഷേപം ഇതിന്റെ എത്രയോ താഴെയാണ്. ഇവിടെയാണ് ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഇസ്‌ലാമിക് ബാങ്കിംഗ് സംവിധാനത്തിന്റെ പ്രസക്തി. പലിശയിലധിഷ്ഠിതമായ പരമ്പരാഗത ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മടിക്കുന്ന ഗള്‍ഫ് മേഖലയിലെ നല്ലൊരു ശതമാനം സമ്പന്നരുടെ നിക്ഷേപങ്ങള്‍ പലിശരഹിത സംവിധാനമൊരുങ്ങിയാല്‍ നമുക്ക് ലഭിക്കുമെന്നും അത് ആത്യന്തികമായി നാടിനും നാട്ടുകാര്‍ക്കും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിക് ബാങ്കിംഗ് ഇപ്പോഴും അതിന്റെ ശൈശവദശയിലാണുള്ളതെന്നും അതിനാല്‍ത്തന്നെ ഒട്ടേറെ വെല്ലുവിളികള്‍ അത് നേരിടുന്നുണ്ടെന്നും സീതാരാമന്‍ പറഞ്ഞു. യുവതലമുറ ഈ ബാങ്കിംഗ് രീതിയെ പഠിക്കാനും പ്രയോഗവല്‍ക്കരിക്കാനും മുന്നോട്ടുവന്നാല്‍ ഈ വെല്ലുവിളികളെ മറികടക്കാന്‍ സാധിക്കുമെന്ന് തെളിവുകളുദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ പൂര്‍ണമായും ഇസ്‌ലാമിക് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ഇസ്‌ലാമിക് ബാങ്ക് ഓഫ് ബ്രിട്ടന് പുറമെ ഏതാണ്ട് ഇരുപത്തിരണ്ടോളം മുഖ്യധാരാ ബാങ്കുകള്‍ ഇസ്‌ലാമിക് ബാങ്കിംഗ് ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കുന്നുണ്ട്. ജപ്പാനില്‍ കഴിഞ്ഞ മെയില്‍ കൊണ്ടുവന്ന നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ 5 ഇസ്‌ലാമിക കടപ്പത്രങ്ങള്‍ (സുക്കൂക്ക് ഇജാറ) പുറത്തിറക്കിക്കഴിഞ്ഞു. ഇറ്റലി, കാനഡ, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും സമാന സേവനങ്ങള്‍ ഇസ്‌ലാമിക് ബാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ തുടങ്ങുകയോ അടുത്തുതന്നെ തുടങ്ങാനിരിക്കുകയോ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഒരു ട്രില്യണ്‍ ഡോളര്‍ വരുന്ന ഇസ്‌ലാമിക് ബാങ്കുകളുടെ ആസ്തി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രണ്ട് ട്രില്യണ്‍ ഡോളറായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

'ബദല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക്' എന്ന ഈ സെമിനാറിന്റെ ശീര്‍ഷകം തനിക്കേറ്റവും ആകര്‍ഷകമായിത്തോന്നിയതായി സീതാരാമന്‍ പറഞ്ഞു. പ്രതിസന്ധിയിലകപ്പെട്ട ആധുനിക സാമ്പത്തിക ക്രമത്തിന് കൃത്യമായ ഒരു ബദല്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. താന്‍ നേതൃത്വം നല്‍കുന്ന ദോഹ ബാങ്കില്‍ നിന്നടക്കം എല്ലാ പരമ്പരാഗത ബാങ്കുകളില്‍ നിന്നും 'ഇസ്‌ലാമിക കൗണ്ടറുകള്‍' നീക്കം ചെയ്യണമെന്ന ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നടപടിയെ സ്വാഗതം ചെയ്തുകൊണ്ട്, പരമ്പരാഗത ബാങ്കിംഗും ഇസ്‌ലാമിക് ബാങ്കിംഗും കൂട്ടിക്കുഴക്കുന്നത് മുഖേന ശരീഅത്ത് വ്യവസ്ഥകളോട് നീതിചെയ്യാന്‍ സാധിക്കാതെ വരുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിന്റെയും സ്വഭാവസവിശേഷതകള്‍ വ്യത്യസ്തമായതിനാല്‍ അവ വേറിട്ടു നില്‍ക്കുന്നതാണ് ശരി. ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു നടപടിയാണിത്.

2008 അവസാനം പ്രത്യക്ഷപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുന്നത് ബാങ്കിംഗ് മേഖലയില്‍ നിന്നാണെന്ന് സീതാരാമന്‍ പറഞ്ഞു. വേണ്ടത്ര പണയമോ ആസ്തിയോ ഉറപ്പാക്കാതെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ തോന്നിയതുപോലെ കടം കൊടുത്തതാണ് ഈ പ്രതിസന്ധിയുടെ മുഖ്യ കാരണം. പ്രാഥമിക ആസ്തികളുടെ വില കുത്തനെ കുറഞ്ഞതും തിരിച്ചടിയായി. അമേരിക്കയിലെ നാലാമത്തെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായിരുന്ന ലേമാന്‍ ബ്രദേഴ്‌സ് പോലും തകരാനിടയായത് ഇക്കാരണത്താലാണ്. ഈ പ്രതിസന്ധിക്കിപ്പോള്‍ ഒരു മാനുഷിക മുഖം കൂടി വന്നിട്ടുണ്ട്. ഗ്രീസ് പോലുള്ള രാജ്യങ്ങളില്‍ ജനങ്ങളെ അത് കാര്യമായി ബാധിച്ചിരിക്കുന്നു. എന്നാല്‍ ഇസ്‌ലാമിക ബാങ്കുകളെ ഇത്തരം പ്രതിസന്ധി ഒരിക്കലും ബാധിക്കില്ല. കാരണം, അത് കൃത്യമായ ആസ്തിയുടെ അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളാണ് നടത്തുക. ഊഹങ്ങള്‍ക്കോ പലിശയിലധിഷ്ഠിതമായ ഇടപാടുകള്‍ക്കോ അതില്‍ സ്ഥാനമില്ലാത്തതും ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ ഇസ്‌ലാമിക ബാങ്കുകളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന അടിസ്ഥാനം പലിശനിരോധമാണെന്നും അത് സമ്പത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെയാണ് പ്രോല്‍സാഹിപ്പിക്കുന്നതെന്നും 'ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് മലപ്പുറം ഗവണ്‍മെന്റ് കോളേജ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് മുന്‍ മേധാവിയും ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ വിസിറ്റിംഗ് ഫാക്കല്‍റ്റിയുമായ പ്രഫ. പി.പി അബ്ദുര്‍റഷീദ് പറഞ്ഞു. ധനികവിഭാഗത്തിന് മാത്രം കൈയടക്കിവെക്കാനുള്ളതല്ല സമ്പത്തെന്നതാണ് ഇസ്‌ലാമിക ശരീഅത്ത് താല്‍പര്യപ്പെടുന്നത്. ദാന ധര്‍മത്തിലൂടെയും കച്ചവടവ്യവസായ സംരംഭങ്ങള്‍ക്കായുള്ള നിക്ഷേപമായും അത് ഇല്ലാത്തവനിലേക്ക് ഒഴുകണം. അതിനാലാണ് പലിശ അല്ലാഹുവിന്റെയടുക്കല്‍ വളരുന്നില്ലെന്നും ദൈവപ്രീതിയുദ്ദേശിച്ച് നല്‍കുന്ന സകാത്താണ് ഇരട്ടിയായി വര്‍ധിക്കുന്നതെന്നും പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. 'തമോയുഗം' എന്ന് പേരിട്ടുവിളിച്ച മധ്യകാലഘട്ടത്തിന്റെ സംഭാവനകള്‍ തമസ്‌കരിക്കപ്പെട്ടതിനാല്‍ സാമ്പത്തിക മേഖലയില്‍ ഇസ്‌ലാം നല്‍കിയ സംഭാവനകളും ആധുനികലോകത്തിന് വിസ്മൃതമായിപ്പോയിട്ടുണ്ട്. എന്നാല്‍, മനുഷ്യ നിര്‍മിതമായ എല്ലാ സമ്പദ്‌വ്യവസ്ഥിതികളും പ്രതിസന്ധിയിലകപ്പെട്ട ഇക്കാലഘട്ടത്തില്‍ ദൈവപ്രോക്തമായ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ഗുണങ്ങള്‍ ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ അതിന്റെ അനുയായികള്‍ക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പലിശക്കെതിരിലും ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥക്ക് വേണ്ടിയുമൊക്കെ കുറെക്കാലമായി മുറവിളികള്‍ ഉയരുന്നുണ്ടെങ്കിലും ഇവ്വിഷയകമായി പ്രായോഗികമായി എന്തെങ്കിലും ചെയ്തത് ജമാഅത്തെ ഇസ്‌ലാമിയാണ്. ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ക്രെഡിറ്റ്‌സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) എന്ന പലിശരഹിത നിക്ഷേപ സ്ഥാപനം തുടങ്ങാന്‍ ധൈര്യം കാണിക്കുകയും ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം സുതാര്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നായി അതിനെ വളര്‍ത്തിയെടുക്കുകയും ചെയ്തത് ഇസ്‌ലാമിക പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.

'സകാത്ത് വ്യക്തിസംസ്‌കരണത്തിന്, സാമൂഹിക ക്ഷേമത്തിന്' എന്ന വിഷയം ശാന്തപുരം ഇസ്‌ലാമിക സര്‍വകലാശാല ഗവേഷണ വിഭാഗം മേധാവി കെ. അബ്ദുല്ല ഹസന്‍ അവതരിപ്പിച്ചു. സകാത്ത് ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ ഒരു പ്രദേശത്തിന്റെ എല്ലാത്തരം സാമൂഹികസാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നതിന് ചരിത്രത്തിന്റെ പിന്‍ബലമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ധാര്‍മികത നഷ്ടപ്പെട്ട സമൂഹത്തില്‍ സാധാരണ മനുഷ്യര്‍ എല്ലാ അര്‍ഥത്തിലും ചൂഷണത്തിന് വിധേയമാകുമ്പോള്‍ മൂല്യാധിഷ്ഠിതമായ ഒരു ബദല്‍ സമ്പദ്‌വ്യവസ്ഥക്ക് എന്തുകൊണ്ടും പ്രസക്തിയുണ്ടെന്ന് ആശംസാ പ്രസംഗം നടത്തിയ അഡ്വ. നിസാര്‍ കോച്ചേരി ചൂണ്ടിക്കാട്ടി.

അബ്ദുഷുക്കൂറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് നദ്‌വി അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.ടി ഫൈസല്‍ സ്വാഗതം പറഞ്ഞു.

'സക്കാത്ത് വ്യക്തി സംസ്‌കരണത്തിന് സമൂഹ ക്ഷേമത്തിന്' എന്ന ശീര്‍ഷകത്തില്‍ ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ സംഘടിപ്പിച്ചിട്ടുള്ള സകാത്ത് കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നുവരുന്നു. കാമ്പയിനിലൂടെ മുസ്‌ലിം സമുദായത്തെ സകാത്തിനെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുകയും മുസ്‌ലിമേതര വിഭാഗങ്ങള്‍ക്ക് ഇസ്‌ലാമിക സാമ്പത്തിക പദ്ധതിയെ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി ഇസ്‌ലാമിക അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അസോസിയേഷന്‍ ഭാരവാഹികളുടെ സംഗമം, പ്രാദേശിക മഹല്ലു ഭാരവാഹികളുടെ സംഗമം, വ്യാപാര വ്യവസായ പ്രമുഖരുടെ കൂട്ടായ്മ എന്നിവ സംഘടിപ്പിച്ചു. ഇവ്വിഷയമായി പ്രത്യേകം തയ്യാറാക്കിയ ലഘുലേഖകളും സകാത്ത് ചാര്‍ട്ടുകളും പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു വരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം