Prabodhanm Weekly

Pages

Search

2011 ജൂലൈ 16

ജനസേവനം ദൈവാരാധന

ഡോ. മുഹമ്മദ് അലി അല്‍ഹാശിമി വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍

സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമില്‍ മഹത്തായ സ്ഥാനവും പുണ്യവുമുണ്ട്. അതിനാല്‍ മുസ്ലിം ജനോപകാര പ്രവര്‍ത്തനങ്ങളില്‍ മുന്നേറുന്നവനും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നവനും ഉപദ്രവങ്ങള്‍ തടയുന്നവനുമായിരിക്കും. അതിനുള്ള അവസരങ്ങള്‍  പാഴാക്കി കളയുകയില്ല.  ആ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ എപ്പോഴും ധൃതികൂട്ടും. അതുവഴി തനിക്ക് വിജയത്തിലെത്താന്‍ കഴിയുമെന്നവന്‍  മനസ്സിലാക്കുന്നു: "നിങ്ങള്‍ നല്ലതു പ്രവര്‍ത്തിക്കുക, നിങ്ങള്‍ വിജയം വരിക്കുന്നവരായേക്കാം'' (ഹജജ്:77). ഒരു ഹദീസില്‍ കാണാം: "സൂര്യനുദിക്കുന്ന ഓരോ ദിവസവും രണ്ടാളുകള്‍ക്കിടയില്‍ നീതി പുലര്‍ത്തല്‍ ധര്‍മമാണ്. ഒരാളെ തന്റെ വാഹനത്തിലേറാനോ, യാത്രക്കാവശ്യമായ സാധനങ്ങള്‍ അതിന്മേല്‍ കയറ്റിവെക്കാനോ നീ സഹായിക്കലും ധര്‍മമാണ്. നല്ല വാക്ക് പറയലും ധര്‍മമാണ്. നമസ്കാരത്തിന് നടന്നു പോകുന്നതും ധര്‍മമാണ്. വഴിയിലുള്ള ഉപദ്രവം നീക്കലും ധര്‍മമാണ്'' (ബുഖാരി, മുസ്ലിം).
മുഴുമനുഷ്യര്‍ക്കും അനുഗ്രഹമായിട്ടാണ് ഇസ്ലാം കടന്നു വന്നിരിക്കുന്നത്. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക്, നമസ്കാരത്തിന് പുറപ്പെടുമ്പോള്‍ ഓരോ കാലടിക്കുമുള്ളതുപോലെ പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമാഗ്രഹിച്ച്  ചെയ്യുന്ന എല്ലാ കര്‍മങ്ങളും മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഇബാദത്താണ്. നന്മയിലേക്കുള്ള വാതില്‍ ഇസ്ലാമില്‍ മലര്‍ക്കെ തുറിന്നിരിക്കുന്നു. അല്ലാഹുവിന്റെ പുണ്യവും പ്രതിഫലവും കാംക്ഷിക്കുന്ന ഏതൊരാള്‍ക്കും ആ വഴിയിലൂടെ എപ്പോഴും കടന്നു ചെല്ലാം. ഇവിടെ ദീനും ദുന്‍യാവും സംയോജിക്കുകയാണ്. ആരെങ്കിലും നന്മ ചെയ്യാന്‍ ഉദ്ദേശിക്കുകയും എന്നാലവന് അതിന് സാധിക്കാതെ വരികയുമാണെങ്കില്‍ പോലും അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. ജാബിറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: "എല്ലാ നല്ല കാര്യങ്ങളും പുണ്യമാണ്.'' അബൂ ഹുറയ്റ(റ) പറഞ്ഞു: "നല്ല വാക്കുകളും പുണ്യമാണ്.''
അബൂ മൂസ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: "ധര്‍മം ചെയ്യല്‍ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.'' അവര്‍ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, അവനൊന്നും കഴിഞ്ഞിട്ടില്ലെങ്കില്‍?'' അവിടുന്ന് പറഞ്ഞു: "കൈ കൊണ്ട് ജോലി എടുക്കുകയും അങ്ങനെ സ്വന്തത്തിന് പ്രയോജനമുണ്ടാക്കുകയും (മിച്ചം വരുന്നത്) ധര്‍മമായി നല്‍കുകയും ചെയ്യട്ടെ.'' അവര്‍ ചോദിച്ചു: "അങ്ങനെ അവന് സാധിച്ചിട്ടില്ല അല്ലെങ്കില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍?'' അവിടുന്ന് പറഞ്ഞു: "വിഷണ്ണനും നിര്‍ധനനുമായവനെ സഹായിക്കട്ടെ.'' അവര്‍ ചോദിച്ചു: "അതിനും കഴിഞ്ഞിട്ടില്ലെങ്കില്‍?'' അവിടുന്ന് പറഞ്ഞു: "നന്മ  അല്ലെങ്കില്‍ നല്ലതു ഉപദേശിക്കട്ടെ.'' അവര്‍ ചോദിച്ചു: "അതിനും കഴിഞ്ഞിട്ടില്ലെങ്കിലോ?''  അവിടുന്ന് പറഞ്ഞു: "മറ്റുളളവരെ ഉപദ്രവിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കട്ടെ. അതവന് പുണ്യമാണ്'' (ബുഖാരി, മുസ്ലിം).
മുസ്ലിമിന് പുണ്യം നേടാന്‍ വിവിധ മാര്‍ഗങ്ങളുമുണ്ടെന്നാണ് ഉപര്യുക്ത പ്രവാചക വചനം പഠിപ്പിക്കുന്നത്. എത്രത്തോളമെന്നാല്‍ ഒന്നിനും കഴിയാത്തവന് നാവ്  കൊണ്ട്  തിന്മയെ  തടയുന്നതില്‍ വരെ  പുണ്യമുണ്ട്. "ആരുടെ കൈയില്‍ നിന്നും നാവില്‍ നിന്നും മുസ്ലിം സുരക്ഷിതനാകുന്നുവോ അവനാണ് മുസ്ലിംകളില്‍ ശ്രേഷ്ഠന്‍'' (ബുഖാരി). സമൂഹത്തിലെ നല്ലവരായ ആളുകളെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞിരിക്കുന്നത് അവര്‍ ജനങ്ങള്‍ക്ക് നന്മ കാംക്ഷിക്കുന്നവരും തന്റെ തിന്മയില്‍ നിന്ന്  നിര്‍ഭയത്വം നല്‍കുന്നവനുമായിരിക്കുമെന്നാണ്. ഒരിക്കല്‍ നബി (സ) ജനങ്ങളോട് പറഞ്ഞു. "നിങ്ങളില്‍ ദുഷിച്ച ആളുകളില്‍ നിന്നുളള നല്ലവരെക്കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞ് തരട്ടയോ ? അപ്പോള്‍ ജനങ്ങളെല്ലാം മൌനം പൂണ്ടു. പ്രവാചകന്‍ മൂന്ന് പ്രാവശ്യം അതാവര്‍ത്തിച്ചു. അപ്പോള്‍ അവരില്‍ നിന്ന് ഒരാള്‍ പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദുതരേ. അവിടുന്ന് പറഞ്ഞു: "നിങ്ങളില്‍ നല്ലവന്‍ നന്മ (ജനങ്ങള്‍ക്ക്) കാംക്ഷിക്കുന്നവനും തന്റെ തിന്മയില്‍നിന്ന് അവര്‍ക്ക് നിര്‍ഭയത്വം നല്‍കുന്നവനുമാണ്, നിങ്ങളില്‍ ദുഷിച്ചവന്‍ നന്മ കാംക്ഷിക്കുന്നവനും തന്റെ തിന്മയില്‍ നിന്ന് നിര്‍ഭയത്വം നല്‍കാത്തവനുമാണ്'' (അഹ്മദ്).
യഥാര്‍ഥ മുസ്ലിം നന്മയില്‍ വ്യാപൃതനായിരിക്കും. അവനില്‍ നിന്ന് യാതൊരു ഉപദ്രവവും ആര്‍ക്കുമുണ്ടാകില്ല. സമൂഹത്തിലെ ഒരോ വ്യക്തിയെയും തന്റെ സഹോദരനായി ഗണിക്കും. തനിക്ക് ഇഷ്ടപെടുന്നത് തന്റെ സമൂഹത്തിനും ഇഷ്ടപ്പെടും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളില്‍ മുഴുകാനും ഉപദ്രവങ്ങള്‍ ഇല്ലാതാക്കാനും ശ്രമിച്ചുകൊണ്ടിരിക്കും. ഒരു ഹദീസിലിങ്ങനെ കാണാം: "തന്റെ സഹോദരന്റെ ആവശ്യ നിര്‍വഹണത്തിന് വേണ്ടി ഒരാള്‍ ശ്രമിക്കുമ്പോഴെല്ലാം അവന്റെ ആവശ്യം അല്ലാഹുവും നിറവേറ്റി കൊടുക്കുന്നതാണ്'' (ത്വബ്റാനി).
സഹോദരന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് ദീര്‍ഘകാലം പള്ളിയില്‍ ഭജനമിരിക്കുന്നതിനേക്കാള്‍ മഹത്തായ പ്രതിഫലമുണ്ട്. ഇബ്നു അബാസ് (റ) പറയുന്നു: നബി (സ) പറഞ്ഞു: "ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യത്തിന് വേണ്ടി ഇറങ്ങിപുറപ്പെട്ടാല്‍ അതവന് പത്തു വര്‍ഷം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്...'' (ത്വബ്റാനി). ജനസേവനത്തിന് കഴിവുണ്ടായിട്ടും ആരെങ്കിലും അതില്‍ വിമുഖത കാണിക്കുകയാണെങ്കില്‍ അവരില്‍ നിന്ന് അല്ലാഹുവിന്റെ കാരുണ്യം എടുത്ത് കളയുമെന്നും പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇബ്നു അബാസ് (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. നബി (സ) പറഞ്ഞു: "അല്ലാഹു അനുഗ്രഹിക്കുകയും ശേഷം ഐശ്വര്യപൂര്‍ണമായ ജീവിതം നല്‍കുകയും ചെയ്ത ഒരടിമ. ജനങ്ങള്‍ക്ക് അവനെ ആവശ്യമുണ്ട്. എന്നാലവന്‍ വിമുഖത കാണിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവന് നല്‍കിയ അനുഗ്രഹം എടുത്ത് കളയാന്‍ സമയമായിരിക്കുന്നു'' (ത്വബ്റാനി).
ഉപദ്രവങ്ങള്‍ തടയല്‍ നിസ്സാര സംഗതിയാണ്. അതുപോലെ തന്നെ ഉപദ്രവമുണ്ടാക്കാതിരിക്കലും. ഇത് രണ്ടിനും അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. ഏതൊരു സമൂഹത്തിന്റെയും പുരോഗതിയും സൌഭാഗ്യവും ഇത് രണ്ടുമുണ്ടാകുമ്പോഴാണ്. അപ്പോള്‍ ഹൃദയത്തില്‍ സ്നേഹവും സമൂഹത്തില്‍ സന്തോഷവും കളിയാടും. ഒരു ഹദീസിലുണ്ട്. "അല്ലാഹുവിന്റെ ദൂതരേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന എന്തെങ്കിലും കര്‍മങ്ങള്‍ എനിക്ക് അറിയിച്ചു തരൂ. അവിടുന്ന് പറഞ്ഞു: വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കുക, അത് നിനക്ക് പുണ്യമാണ്'' (അഹ്മദ്).
നോക്കൂ. വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കുന്നത് വരെ സ്വര്‍ഗ പ്രവേശത്തിന് നിമിത്തമാകുന്നു!  സാമൂഹിക സേവന രംഗത്തിറങ്ങാനുള്ള ഇസ്ലാമിന്റെ നിര്‍ദേശങ്ങള്‍ എത്രമാത്രം  മഹത്തായതാണ്! ഇത്തരം നിര്‍ദേശങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കുന്ന സമൂഹം മാത്യകാ സമൂഹമാകുമെന്നത് സ്വഭാവികം മാത്രം. നിര്‍ഭാഗ്യമെന്ന് പറയട്ടെ, പലരും ഇന്ന് അത്തരം ഉപദേശങ്ങളും ആജ്ഞകളും  അവഗണിക്കുന്നു. പൊതുവഴിയില്‍ മാലിന്യം എറിയുന്നതില്‍ ആര്‍ക്കും മനഃപ്രയാസമോ കുറ്റബോധമോ തോന്നുന്നില്ല. എന്നാല്‍, ആദ്യകാല ഇസ്ലാമിക സമൂഹം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം