Prabodhanm Weekly

Pages

Search

2011 ജൂലൈ 16

ഇ ഖ് വാന്‍ ശക്തമായ മുന്നേറ്റം കുറിക്കും

മുഹമ്മദ് മഹ്ദി ആകിഫ്

'ജനുവരി 25 വിപ്ലവ'ത്തിന് ശേഷമുള്ള ഈജിപ്തിനെ സംബന്ധിച്ചും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ വിപ്ലവത്തില്‍ സീകരിച്ച നിലപാടുകളെ സംബന്ധിച്ചും സംഘടനയുടെ മുന്‍കാര്യദര്‍ശിയും നിലവിലെ ഉന്നതാധികാര സമിതി അംഗവുമായ  മുഹമ്മദ് മഹ്ദി ആകിഫുമായി ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പ്രമുഖ അറബി ദിനപത്രം നടത്തിയ അഭിമുഖം.
 ഈജിപ്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
ഈജിപ്തിലെ നിലവിലെ സാഹചര്യം ഏറെ ആശ്വാസം പകരുന്നതാണ്. ഈജിപ്തുകാര്‍ അല്ലാഹുവിനെ ഭയപ്പെടുകയും അവന് നന്ദി പറയുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്. 'സ്വാതന്ത്ര്യ സ്‌ക്വയറി'ല്‍ ഒരുമിച്ചു കൂടിയ ലക്ഷക്കണക്കിന് ജനങ്ങള്‍ ആവശ്യപ്പെട്ട പല കാര്യങ്ങളും യാഥാര്‍ഥ്യമായിരിക്കുന്നു. പാര്‍ലമെന്റും മജ്‌ലിസ് ശൂറയും പിരിച്ച് വിടുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, രാജ്യ സുരക്ഷാ സേനയെ പിരിച്ച് വിടുക, ജനാധിപത്യ രീതിയില്‍ ഗവണ്‍മെന്റ് സ്ഥാപിക്കുക, രാജ്യത്ത് നാശം വിതച്ചവരെ വിചാരണ ചെയ്യുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍, രാജ്യം പൂര്‍ണമായും സുരക്ഷിതമായി എന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. ജനങ്ങളുടെ ഇടപെടലുകളും താല്‍ക്കാലിക ഭരണകൂടത്തിന്റെ ഉത്തരവാദിത്വബോധവും ഒത്തുപോകുമ്പോള്‍ മാത്രമേ അത് നടപ്പിലാവുകയുള്ളൂ. മാറ്റത്തിന്റെ തുടക്കമെന്നോണം നിലവിലെ ഭരണഘടനയില്‍ സമൂലമായ മാറ്റം വരുത്താന്‍ ഇതിനകം തന്നെ സാധിച്ചിരിക്കുന്നു.
 നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്?
ഇതുവരെയും വിപ്ലവാനന്തര ഈജിപ്ത് നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. നിരവധി കടമ്പകള്‍ തരണം ചെയ്യാനുണ്ടെന്ന വസ്തുത മറന്നു കൊണ്ടല്ല ഇത് പറയുന്നത്. ഏതൊരു വിപ്ലവത്തിന് ശേഷവും ഓരോ ജനതയും ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്തിട്ടുണ്ട്. എന്നാല്‍, വിപ്ലവത്തിന്റെ ലക്ഷ്യം നെഞ്ചിലേറ്റിയ ജനത അല്ലാഹുവിന്റെ സഹായത്താല്‍ അതിനെ ശുഭകരമായ പരിസമാപ്തിയില്‍ എത്തിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
 താങ്കള്‍ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് ഹുസ്‌നിമുബാറകിന്റെ ഭീകരത മൂര്‍ധന്യത്തിലായിരുന്നുവല്ലോ. ഇങ്ങനെയൊരു വിപ്ലവം താങ്കള്‍ പ്രതീക്ഷിച്ചിരുന്നോ?
തീര്‍ച്ചയായും. 2010-ലെ തെരഞ്ഞെടുപ്പ് നാടകത്തിന് ശേഷം പ്രസിഡന്റിന് ഞാനെഴുതി: ''പ്രസിഡന്റ്, ഒരു ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ച അക്രമവും അനീതിയും അതിര് കവിഞ്ഞിരിക്കുന്നു, താങ്കള്‍ സ്വയം പിന്മാറുന്നില്ലെങ്കില്‍ അക്രമത്തില്‍ സഹിക്കെട്ട ജനത താങ്കളെ താഴെയിറക്കും. താങ്കളും താങ്കള്‍ നിര്‍മിച്ചെടുത്ത വ്യവസഥകളും അവര്‍ക്ക് മുമ്പില്‍ നിലംപരിശാകും.'' പക്ഷേ എന്റെ കത്തിനെനിക്ക് മറുപടി ലഭിച്ചില്ല. വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞാന്‍ വീണ്ടും അദ്ദേഹത്തിനെഴുതി: ''അല്ലയോ പ്രസിഡന്റ്, വിപ്ലവകാരികളുടെ ആവശ്യങ്ങള്‍ക്ക് അങ്ങ് ചെവി കൊടുക്കുന്ന പക്ഷം ഒരു പക്ഷേ ഈജിപ്ഷ്യന്‍ ജനത താങ്കള്‍ക്ക് മാപ്പ് നല്‍കിയേക്കാം.'' ഇത്തരമൊരു കത്തെഴുതിയാല്‍ ഉണ്ടാകുന്ന പ്രതികരണം അറിയാവുന്ന ആളാണ് ഞാന്‍. പക്ഷേ അക്രമിയുടെ മുമ്പില്‍ അന്താളിച്ച് നില്‍ക്കാന്‍ പറ്റിയ സമയമായിരുന്നില്ല അത്.
 ഇഖ്‌വാനുല്‍ മുസ്‌ലിമൂനായിരുന്നുവല്ലോ മുബാറകിനെതിരില്‍ ശക്തമായി രംഗത്തുണ്ടായിരുന്നത്. പിന്നെ എന്തു കൊണ്ടാണ് ജനുവരി വിപ്ലവത്തില്‍ ഇഖ്‌വാന്‍ പങ്ക് ചേരാതിരുന്നത്?
ആര് പറഞ്ഞു ഞങ്ങള്‍ വിപ്ലവത്തില്‍ പങ്കാളികളായിരുന്നില്ലെന്ന്? ഞങ്ങള്‍ സ്വാതന്ത്ര്യ സ്‌ക്വയറില്‍ സജീവമായി തന്നെ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ സാന്നിധ്യം പ്രഖ്യാപിച്ചിരുന്നില്ല. അതായിരുന്നു ഇഖ്‌വാന്‍ തന്ത്രം. ഫേസ്ബുക്കിലും സ്വാതന്ത്ര്യ സ്‌ക്വയറിലും നിറസാന്നിധ്യമായിഞങ്ങളുണ്ടായിരുന്നു.
 എന്തു കൊണ്ടാണ് നിങ്ങളത് പ്രഖ്യാപിക്കാതിരുന്നത്?
ഞങ്ങളത് പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ വിപ്ലവത്തിന്റെ ആവേശം തകര്‍ക്കാന്‍ ഭരണകൂടത്തിന് കച്ചിത്തുരുമ്പ് കിട്ടുമായിരുന്നു. ഞങ്ങള്‍ മുന്‍ നിരയില്‍ നിന്നിരുന്നുവെങ്കില്‍ സൈന്യവും ഭരണകൂടവും ഇഖ്‌വാന്റെ പേര് പറഞ്ഞ് വിപ്ലവത്തെ തകര്‍ക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
 വിപ്ലവം കൊണ്ട് ഏറ്റവും നേട്ടം ലഭിച്ചത് ഇഖ്‌വാനുല്‍ മുസ്‌ലിമൂനിനാണെന്നത് ഒരു പരമാര്‍ഥമല്ലേ? 1928-ല്‍ രൂപവത്കരിച്ച സംഘടനക്ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ഇതു മുഖേന അവസരം ലഭിച്ചത് വലിയ കാര്യം തന്നെയല്ലേ?
വിപ്ലവം കൊണ്ട് നേട്ടം ലഭിച്ചത് ഈജിപ്ഷ്യന്‍ ജനതക്ക് ഒന്നടങ്കമാണ്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നുവെന്നത് പുതിയ കാര്യമല്ല താനും. 1984-ല്‍ തന്നെ ഞങ്ങളതിന് നീക്കം തുടങ്ങിയതാണ്. മുബാറകിന്റെ ഭരണകൂടം അനുമതി നല്‍കാത്തതിനാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. 1996-ല്‍ വീണ്ടും ശ്രമം നടത്തി. അത് ലക്ഷ്യത്തിലെത്താന്‍ മുബാറക് പുറത്ത് പോകേണ്ടതായി വന്നു എന്നു മാത്രം.  വിപ്ലവത്തിന് ശേഷം ആദ്യമായി അംഗീകാരം കിട്ടിയത് ഇഖ്‌വാന്‍ രൂപം നല്‍കിയ 'ജസ്റ്റിസ് ആന്റ് ഫ്രീഡം' പാര്‍ട്ടിക്കാണ്.
 രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതോടെ ഇഖ്‌വാനും രാഷ്ട്രീയ പാര്‍ട്ടിയും രണ്ട് ദ്രുവങ്ങളിലായിരിക്കുമോ?
ഒരിക്കലുമല്ല, ഇഖ്‌വാന് അതിന്റേതായ നയപരിപാടികളുണ്ട്. അതുമായി ഇഖ്‌വാന്‍ മുന്നോട്ട് പോകും. രാഷ്ട്രീയ പാര്‍ട്ടിക്ക് അതിന്റേതായ ലക്ഷ്യങ്ങളുണ്ട്. രണ്ടിനുമിടയില്‍ ഒരു തരത്തിലുമുള്ള ഏറ്റുമുട്ടലും  ഉണ്ടാവുകയില്ല.
 ഇഖ്‌വാന്‍ ഭരണത്തിലേറിയാല്‍ താലിബാന്‍ ഭരണമായിരിക്കുമെന്ന ആരോപണമുണ്ടല്ലോ?
മറുപടി അര്‍ഹിക്കാത്ത ആരോപണമാണിത്. ഞങ്ങളുടെ അജണ്ടകള്‍ നേരത്തെ രേഖപ്പെടുത്തപ്പെട്ടതാണ്. ഞങ്ങളുടെ ചരിത്രവും ഏവര്‍ക്കും വായിക്കാന്‍ പാകത്തില്‍ രചിക്കപ്പെട്ടതും. ഭിക്ഷാംദേഹികളുടെയും നിരാശാ കാമുകരുടെയും വൈകാരിക പ്രതികരണമല്ലാതെ മറ്റൊരു അര്‍ഥവും ഈ ആരോപണത്തിന് പിന്നിലില്ല.
 മുബാറകിന്റെ ഭരണത്തിന്‍ കീഴില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തന്നെ ഇരുപത് ശതമാനം അംഗങ്ങളെ പാര്‍ലമെന്റിലേക്ക് അയക്കാനും ശക്തമായ പ്രതിപക്ഷമാകാനും ഇഖ്‌വാന് സാധിച്ചിരുന്നു. പുതിയ പാര്‍ട്ടിയുടെ രൂപവത്കരണത്തിന് ശേഷം എത്ര സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?
മുപ്പത് ശതമാനം സീറ്റ് ഞങ്ങള്‍ക്ക് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, അമ്പത് വരെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ്. ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായം സ്വതന്ത്രമായി വിനിയോഗിക്കാന്‍ അവസരം ഉണ്ടാകും.
 വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഖ്‌വാന്‍ മല്‍സരിക്കില്ലെന്ന് ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ശക്തമായ ജനപിന്തുണയുള്ള പാര്‍ട്ടിയായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്?
പ്രസിഡന്റ് സ്ഥാനത്തേക്ക് ഇഖ്‌വാന്‍ മത്സരിക്കാന്‍ സമയമായിട്ടില്ല. കാരണം, അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇഖ്‌വാനെ ഇനിയും അംഗീകരിച്ചിട്ടില്ല. ഇപ്പോള്‍ ഈജിപ്തിനാവശ്യം ലോക പിന്തുണയാണ്. ഇഖ്‌വാന്‍ നേതൃനിരയില്‍ എത്തുന്നതോടെ അത് നഷ്ടപ്പെടരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭൂമി പാകപ്പെട്ടു കഴിഞ്ഞാല്‍ ഞങ്ങള്‍ മത്സരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതുമില്ല.
വിവ: റഹീം ഓമശ്ശേരി
rahimomassery@hotmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം