Prabodhanm Weekly

Pages

Search

2011 ജൂലൈ 16

വിപ്ളവമാര്‍ഗത്തിലെ യഥാര്‍ഥ തടസ്സം

മൌലാനാ മൌദൂദി

ഇസ്ലാം അറബ് സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍, അവര്‍ ഏറെക്കുറെ നൂറ് ശതമാനവും നിരക്ഷരരായിരുന്നു എന്ന് പറയാം. വളരെയേറെ പുരോഗമനം സിദ്ധിച്ചുവെന്ന് പറയപ്പെടുന്ന ഖുറൈശി ഗോത്രത്തില്‍ വരെ എഴുതാനും വായിക്കാനുമറിയുന്നവരുടെ എണ്ണം 17 മാത്രം. ഇതിനേക്കാള്‍ കഷ്ടമായിരുന്നു മദീനയുടെ കാര്യം. അക്കാലത്തെ ഈ രണ്ട് വന്‍ നഗരങ്ങളുമായി താരതമ്യപ്പെടുത്തി മറ്റു അറബ് വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഊഹിക്കാമല്ലോ. എഴുത്തിലൂടെയല്ല ഖുര്‍ആന്‍ നാടെങ്ങും പ്രചരിച്ചത്; ജനങ്ങളുടെ നാവിലൂടെയായിരുന്നു. ഓതിക്കേട്ട് അവര്‍ ഖുര്‍ആന്‍ മനസ്സിലാക്കും. അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആദ്യം സ്വഹാബികള്‍ മനപ്പാഠമാക്കും. എന്നിട്ട് മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കും. അറേബ്യയൊട്ടാകെ ഖുര്‍ആന്റെ വെള്ളിവെളിച്ചം പരന്നത് ഈ രൂപത്തിലാണ്. ജനങ്ങള്‍ക്ക് എഴുത്തും വായനയും അറിയില്ല എന്നത് ഒരു നിലക്കും ഇവിടെ ഇസ്ലാം പ്രചരിക്കുന്നതിന് തടസ്സമേ ആകുന്നില്ല.
ഇസ്ലാമിന്റെ തുടക്കത്തില്‍ ഒരു സമൂഹത്തെ സമൂലം പരിവര്‍ത്തിപ്പിച്ചത് ഖുര്‍ആന്റെ വാമൊഴി കൈമാറ്റത്തിലൂടെയുള്ള പ്രബോധന പ്രവര്‍ത്തനങ്ങളായിരുന്നു എന്നു സാരം. ഈ പരിവര്‍ത്തനം ലോകത്തെ തന്നെ മാറ്റിപ്പണിയാന്‍ കെല്‍പുള്ള വിപ്ളവകാരികളായി അവരെ മാറ്റി എന്നു നാം ഓര്‍ക്കണം. വസ്തുത ഇതായിരിക്കെ, 80 ശതമാനം നിരക്ഷരതയുള്ള ഒരു സമൂഹത്തില്‍ ഇസ്ലാം എങ്ങനെ പ്രചരിക്കാനാണ് എന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നത് എന്തുകൊണ്ടാണ്? എഴുത്തും വായനയും അറിയുന്ന 20 ശതമാനം നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ. അവര്‍ ഇസ്ലാം പഠിക്കണം. എന്നിട്ട് നിരക്ഷരരായ 80 ശതമാനത്തിന് വാമൊഴിയായി ഖുര്‍ആന്റെ സന്ദേശമെത്തിക്കണം. ഇസ്ലാമിന്റെ ആഗമനകാലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് എത്രയോ എളുപ്പമുള്ള സംഗതിയാണല്ലോ.
നമ്മളും ഇസ്ലാമിന്റെ ആദ്യതലമുറയും തമ്മിലുള്ള വ്യത്യാസവും നാം കാണണം. അവര്‍ ഒരിക്കലും ഇസ്ലാം പഠിച്ച് മനസ്സിലാക്കിയ ശേഷം വെറുതെ ഇരുന്നിട്ടില്ല. താന്‍ ഉള്‍ക്കൊണ്ട സന്ദേശം ദൈവത്തിന്റെ മറ്റു അടിയാറുകളെ അറിയിക്കേണ്ടത് തന്റെ വ്യക്തിപരമായ ബാധ്യതയാണെന്ന് അവരില്‍ ഓരോരുത്തനും മനസ്സിലാക്കി. അവരുടെ സകല ജീവിത വ്യവഹാരങ്ങളെയും കവച്ചുവെച്ചുകൊണ്ട് മുബല്ലിഗ് (പ്രബോധകന്‍) എന്ന ഭാവം ഉയര്‍ന്നുനിന്നു. അടിമുടി പ്രബോധകരായ ഒരു സംഘം. ഏതൊരു സമൂഹത്തെ കണ്ടുമുട്ടിയാലും ഈ സന്ദേശം പ്രബോധനം ചെയ്യാനുള്ള ഒരവസരവും അവര്‍ കളഞ്ഞുകുളിക്കില്ല. അന്ധകാരത്തില്‍ മുങ്ങിക്കിടക്കുന്ന അല്ലാഹുവിന്റെ അടിയാറുകളെ എങ്ങനെ സന്മാര്‍ഗത്തിന്റെ പ്രകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്താം എന്ന ചിന്തയാണ് ഓരോ നിമിഷവും അവരെ അലട്ടിക്കൊണ്ടിരുന്നത്. അവര്‍ക്ക് എത്രയാണോ ഖുര്‍ആന്‍ ഓര്‍മയിലുള്ളത് അതവര്‍ മറ്റുള്ളവരെ കേള്‍പ്പിച്ചുകൊണ്ടേയിരിന്നു. ഇസ്ലാമിനെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്നതെല്ലാം അവര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്തുകൊണ്ടുമിരുന്നു. യഥാര്‍ഥ വിശ്വാസ ക്രമമേത്, വഴിതെറ്റിയ ചിന്താരീതികളേത് എന്നവര്‍ ജനത്തെ പഠിപ്പിച്ചു. ഇക്കാര്യങ്ങളൊക്കെ അവര്‍ എങ്ങനെ പഠിപ്പിച്ചും മനസ്സിലാക്കിയും കൊടുത്തോ അതൊക്കെ ഇന്നും സാധ്യമാണെന്നാണ് പറഞ്ഞുവരുന്നത്. പറഞ്ഞുകൊടുക്കുന്നവനോ അത് കേള്‍ക്കുന്നവനോ എഴുത്തും വായനയും അറിയുന്നവനാണെന്ന യാതൊരു നിര്‍ബന്ധവും ഇല്ലതാനും. ഏതൊരാള്‍ക്കും ഈ സന്ദേശം പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിയും; കേള്‍ക്കുന്ന ആര്‍ക്കും അത് മനസ്സിലാകാതെ ഇരിക്കുകയുമില്ല.
വലിയ വലിയ തത്ത്വചിന്തകള്‍ വശത്താക്കിയവര്‍ക്ക് മാത്രം വഴങ്ങുന്ന, സാദാ മനുഷ്യപ്രകൃതത്തോട് അകലം പാലിക്കുന്ന ഏതോ നിഗൂഢ പ്രഹേളികയൊന്നുമല്ല ഇസ്ലാം എന്ന് പറയുന്നത്. ഇതൊരു പ്രകൃതി ജീവിത ദര്‍ശനമാണ്. പ്രകൃത്യാ തന്നെ ഏത് മനുഷ്യന്നും അതിനോട് അടുപ്പം തോന്നും. പലപ്പോഴും മഹാജ്ഞാനികളേക്കാള്‍ ഇസ്ലാം സ്വീകാര്യമാവുക എഴുത്തും വായനയുമറിയാത്ത സാധാരണക്കാര്‍ക്കായിരിക്കും. കാരണം സാധാരണക്കാരിലാണ് മനുഷ്യന്റെ ശുദ്ധ പ്രകൃതി തെളിഞ്ഞു കാണാനാവുക. ജാഹിലി പഠനരീതികള്‍ എഴുത്തും വായനയുമുള്ള വലിയ വലിയ ആളുകളുടെ ചിന്താ മണ്ഡലത്തില്‍ പലതരത്തിലുള്ള കുരുക്കുകളും സൂത്രവിദ്യകളും പണിത് വെച്ചിട്ടുണ്ടാവും.
അതിനാല്‍ നിരക്ഷരരായ ജനസാമാന്യത്തെ കണ്ട് നിങ്ങള്‍ ഒട്ടും പരിഭ്രമിക്കേണ്ട കാര്യമില്ല. അവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നത് ഇസ്ലാമിക പ്രബോധന രംഗത്ത് ഒരു തടസ്സമേ അല്ല. പ്രബോധനം നടത്താനുള്ള ഉല്‍ക്കടമായ ആഗ്രഹം താങ്കളുടെ മനസ്സില്‍ കെട്ടുപോയി എന്നതാണ് യഥാര്‍ഥ തടസ്സം. ആദ്യകാല മുസ്ലിംകളെപ്പോലെ അടിമുടി പ്രബോധകരായി പരിവര്‍ത്തിതരാവുക എന്നതും അവരുടെ പ്രബോധനാവേശം ഏറ്റുവാങ്ങുക എന്നതുമാണ് നമുക്ക് ചെയ്യാനുള്ളത്. തന്റെ മുമ്പില്‍ ഒട്ടുവളരെ പ്രബോധനാവസരങ്ങള്‍ തുറന്നുകിടക്കുകയാണെന്നും താനതൊന്നും ഇതേവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും.
(തസ്വ്രീഹാത്ത്, പേജ് 273-275)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം