Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

കേരളം ഭീകരതയുടെ ആസ്ഥാനം?

പി.വി.സി മുഹമ്മദ് പൊന്നാനി

ജിഹാദ് ഭീകരവാദത്തിന്റെ ദക്ഷിണേന്ത്യയിലെ ആസ്ഥാനവും പരിശീലന റിക്രൂട്ട്‌മെന്റ് കേന്ദ്രവും കേരളമാണെന്ന് ആര്‍.എസ്.എസ്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളാണ് ഇതിന് പിന്നിലെന്നും ഇത്തരം സംഘടനകളെ നിരോധിക്കണമെന്നും കൊച്ചിയില്‍ നടന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലക്ശറെ ത്വയ്യിബ, ഹിസ്ബുല്‍ മുജാഹിദീന്‍, അല്‍ഖാഇദ തുടങ്ങിയവയുമായി പോപ്പുലര്‍ ഫ്രണ്ടിനും സഹോദര സംഘടനകള്‍ക്കും ബന്ധമുണ്ടെന്നും ദേശവ്യാപകമായി രാഷ്ട്രീയ സംഘടന രൂപവത്കരിക്കാനുള്ള അവരുടെ ശ്രമം മുളയിലേ നുള്ളണമെന്നും പ്രമേയത്തിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് ദേശീയ നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജിഹാദി ഭീകരവാദം ശക്തിപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ സമിതി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് ഇത്തരം സംഘടനകള്‍ ഭീഷണിയാണെന്നും വ്യക്തമാക്കി (ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതി പാസ്സാക്കിയ പ്രമേയത്തിലെ ചില ഭാഗങ്ങള്‍). പ്രതികരണം?


ഇദംപ്രഥമമായി കേരളത്തില്‍ സമ്മേളിച്ച ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതി വ്യക്തമായ അജണ്ടയോടെയാണത് ചെയ്തത്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കാനോ ഒരു ലോക്‌സഭാ സീറ്റെങ്കിലും തരപ്പെടുത്താനോ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വത്തിന്റെ പടക്കുതിരയുമായ നരേന്ദ്ര മോഡിയെ മുന്നില്‍ നിര്‍ത്തി ആര്‍.എസ്.എസ് നേരിട്ടു ഇലക്ഷന്‍ ഗോദയിലിറങ്ങിയിരിക്കെ ഒരു പാര്‍ലമെന്റ് സീറ്റെങ്കിലും അടിച്ചെടുക്കാനാവുമോ എന്നാണ് നോട്ടം. ലക്ഷ്യം നേടാന്‍ വര്‍ഗീയ ധ്രുവീകരണമല്ലാതെ മറ്റൊരു വഴിയും സംഘ്പരിവാറിന്റെ മുമ്പിലില്ല. നാളിതുവരെ ശ്രമിച്ചിട്ടും കേരളത്തില്‍ വിജയിക്കാതെ പോയ വര്‍ഗീയ ധ്രുവീകരണത്തിന് 'ഇസ്‌ലാമിക ഭീകരത' എന്നു പേരിട്ട് പ്രചണ്ഡമായ പ്രചാരണത്തിലൂടെ ഈ വ്യാജ ദുര്‍ഭൂതത്തെ  പിടിച്ചുകെട്ടാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് കൊച്ചിയില്‍ ആരംഭിച്ചത്. കേരളത്തില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ക്കോ ക്രൈസ്തവര്‍ക്കോ മതേതരവാദികള്‍ക്കോ ഒന്നും ഇവിടെ കാണാന്‍ കഴിയാത്ത 'ഇസ്‌ലാമിക ഭീകരത' ആര്‍.എസ്.എസ് നേതൃത്വം മാത്രം കണ്ടെത്തിയതിന്റെ പിന്നിലെ രസതന്ത്രം വിചിത്രമാണ്. ആര്‍.എസ്.എസ്സും സി.പി.എമ്മും കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും പങ്കാളികളായ നിരവധി സംഘട്ടനങ്ങളും ആക്രമണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് നടന്നിട്ടുണ്ടെങ്കിലും 'ഇസ്‌ലാമിക ഭീകരര്‍' നടത്തിയതെന്ന് ആരോപിക്കാവുന്ന ബോംബ് സ്‌ഫോടനം എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ? പി.ഡി.പിക്കാര്‍ ബസ് കത്തിച്ചതും ആര്‍ക്കും പരിക്കേല്‍ക്കാത്ത, കോഴിക്കോട്ടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവവുമൊക്കെയാണ് ഇവിടെ ഭീകര സംഭവങ്ങളായി ചിത്രീകരിക്കപ്പെട്ടത്. പിന്നെ കൊണ്ടുവന്ന ലൗജിഹാദ് കഥ വെറും കെട്ടുകഥയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയും ചെയ്തു.ആര്‍.എസ്.എസ്സിന്റെ തീവ്ര ഹിന്ദുത്വ നിലപാടിന്റെയും ചെയ്തികളുടെയും പ്രതികരണമായി മുസ്‌ലിം ന്യൂനപക്ഷത്തില്‍, സമുദായം പൊതുവെ തള്ളിപ്പറഞ്ഞ, ചില തിരിച്ചടി നീക്കങ്ങള്‍ ഇടക്കാലത്ത് ഉണ്ടായി എന്നത് ശരിയാണ്. അത്തരം ചില ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുമുണ്ട്. അതിന്റെ പിന്നില്‍ പക്ഷേ, ഐ.എസ്.ഐയും ലശ്കറെ ത്വയ്യിബയും അല്‍ഖാഇദയും മറ്റുമാണെന്നത് സംഘ്പരിവാറിന്റെ ഭാവന മാത്രമാണ്. ഒരന്വേഷണ ഏജന്‍സിയും അതിനുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് പോലും അന്തിമ വിചാരണക്ക് വിധേയമാവുകയോ കോടതി വിധി പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചു പുറത്തുവിടുന്ന കഥകള്‍ക്ക് വിശ്വാസ്യത ഇനിയും ലഭിച്ചിട്ടു വേണം. മതനിരപേക്ഷ ജനാധിപത്യത്തിലും സാമുദായിക സൗഹാര്‍ദത്തിലും വിശ്വസിക്കുന്ന ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് മഹാ ഭൂരിപക്ഷമുള്ള കേരളത്തില്‍ വര്‍ഗീയാഗ്നി ആളിക്കത്തിക്കാനുള്ള തീവ്രഹിന്ദുത്വ വാദികളുടെ ശ്രമം വിഫലമാക്കാന്‍ എല്ലാവരും ജാഗരൂകത പാലിക്കേണ്ടിയിരിക്കുന്നു.

 

'തിരുകേശം' വ്യാജ നിര്‍മിതി തന്നെ

കേശവിവാദം ഇപ്പോള്‍ പെട്ടെന്ന് ഉണ്ടായതല്ലല്ലോ. പിന്നെ എന്താണ് ഇപ്പോള്‍ മാത്രം സോളിഡാരിറ്റി കാന്തപുരത്തിനെതിരെ ഇറങ്ങിപ്പുറപ്പെടാന്‍ കാരണം? മാധ്യമത്തില്‍ സി.പി.എമ്മിനെതിരെ എ.ആര്‍ നടത്തിയ വെല്ലുവിളി കുറച്ച് കടന്നകൈയായിപോയില്ലേ?

 അനസ് അബൂദബി

              തിരുകേശ വിവാദം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണിപ്പോള്‍. തങ്ങളുടെ പക്കലുള്ള മുടി തിരുനബിയുടേത് തന്നെയാണെന്ന് വാദിച്ച, അതിന് ആരും കല്‍പിക്കാത്ത പവിത്രത അവകാശപ്പെട്ട് അത് സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും അത് മുക്കിയ വെള്ളം കുടിപ്പിക്കാനുമായി 40 കോടി രൂപയുടെ പള്ളിനിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച കാന്തപുരം മുസ്‌ലിയാരും അനുയായികളും ഇപ്പോള്‍ അതേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. പള്ളിക്ക് ശിലയിട്ടതല്ലാതെ അതെവിടെ എത്തി എന്ന് വ്യക്തമാക്കുന്നുമില്ല. പാളയത്തില്‍ തന്നെ പട തുടങ്ങിയതാണ് പ്രധാന കാരണം. ഇങ്ങനെ തിരുകേശം വ്യാജമായിരുന്നു എന്ന് തെളിഞ്ഞുകഴിഞ്ഞിരിക്കെ ഇമ്മാതിരി തട്ടിപ്പുകള്‍ക്കെതിരെ സോളിഡാരിറ്റി മുന്നറിയിപ്പ് നല്‍കുന്നത് സമയത്താണ്, സ്ഥാനത്തുമാണ്.ജമാഅത്തെ ഇസ്‌ലാമിയെ അസ്ഥാനത്തും അനവസരത്തിലും ആര്‍.എസ്.എസ്സിന് തുല്യമാക്കി ചിത്രീകരിച്ച് അതിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത സി.പി.എം സെക്രട്ടറി പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തിന് മാധ്യമത്തിലൂടെ മറുപടി നല്‍കുകയായിരുന്നു എ.ആര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് രാഷ്ട്രീയമാണ് ഇതിന് പ്രചോദനമെങ്കില്‍, മുന്‍ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പടക്കിറങ്ങിയ സി.പി.എമ്മിന്റെ ചെയ്തിയില്‍ നിന്ന് മുതലെടുത്തതും ഗുണമുണ്ടാക്കിയതും മുസ്‌ലിം ലീഗായിരുന്നു എന്ന വസ്തുത ഓര്‍മിപ്പിക്കുകയാണ് ലേഖകന്‍ ചെയ്തത്. അതിനാല്‍ ആ ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാന്‍ പോയാല്‍ ഫലം കണ്ടറിയാം എന്ന് അനുസ്മരിപ്പിക്കുക കൂടി ചെയ്തു. കഴിഞ്ഞ പഞ്ചായത്ത്-പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ജമാഅത്തെ ഇസ്‌ലാമിയെ തീവ്ര വര്‍ഗീയ മതമൗലിക സംഘടനയായി മുദ്രകുത്തി പിണറായി വിജയന്‍ പ്രസ്താവനയിറക്കി, സി.പി.എം പ്രസംഗകര്‍ അതേറ്റുപാടി, ദേശാഭിമാനി 13 ലക്കങ്ങളില്‍ പരമ്പര പ്രസിദ്ധീകരിച്ചു. ഫലമോ? അതേവരെ ജമാഅത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ പ്രചാരണത്തിന്റെ ഗുണഭോക്താക്കളായിരുന്ന ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടു. അതോടൊപ്പം 'കോട്ടക്കല്‍ കഷായത്തി'ലൂടെ മുസ്‌ലിം ലീഗ് നേട്ടം കൊയ്യുകയും ചെയ്തു. ഇതേ ചരിത്രം ആവര്‍ത്തിക്കാനാണോ പിണറായി ആഗ്രഹിക്കുന്നത് എന്ന ചോദ്യമാണ് മാധ്യമത്തിലൂടെ എ.ആര്‍ ഉയര്‍ത്തിയത്.

സമരം സ്ത്രീധനത്തിനെതിരെ

അറബിക്കല്യാണം, മൈസൂര്‍ കല്യാണം, ശൈശവ വിവാഹം, രണ്ടാം കെട്ട് എല്ലാം നടത്താന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നത് യഥാര്‍ഥത്തില്‍ പൊന്നും പണവും നല്‍കാന്‍ അവര്‍ക്ക് കഴിവില്ലാത്തതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍ വിവാഹ പ്രായം കുറക്കാനല്ല, സ്ത്രീധനത്തിനെതിരെയല്ലേ സമരം ചെയ്യേണ്ടത്?

 എ.ആര്‍ ചെറിയമുണ്ടം
        സ്ത്രീധനം നിഷിദ്ധമാണ്, ദ്രോഹമാണ്, അതിനെതിരെ സമരം ശക്തമായി തുടരുകയും വേണം. എന്നാല്‍, പെണ്‍കുട്ടികളെ നേരത്തെ വിവാഹം ചെയ്തുകൊടുക്കാനും സ്ത്രീധനം വേണ്ടേ? പ്രായം 18 കവിഞ്ഞാല്‍ മാത്രമേ സ്ത്രീധനം വേണ്ടൂ എന്നുണ്ടോ? സ്ത്രീധനത്തിന് പ്രായ പരിഗണനയൊന്നുമില്ല. പണക്കൊതിയാണതിന്റെ പ്രചോദനം. അതിനുത്തരവാദികള്‍ പുരുഷന്മാര്‍ മാത്രമാണ് എന്ന് ധരിക്കുന്നതും ശരിയല്ല. ആണ്‍മക്കള്‍ക്ക് സ്ത്രീധനം കിട്ടണമെന്ന ശാഠ്യം ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നത് മാതാക്കളാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മാതാക്കളും സ്ത്രീകളല്ലേ? എന്തുകൊണ്ടവര്‍ സ്വന്തം ദുരനുഭവം മറക്കുന്നു?അറബിക്കല്യാണം ഇപ്പോള്‍ വളരെ വിരളമാണ്. കോഴിക്കോട്ട് അനാഥാലയത്തില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. അതുതന്നെ സ്ത്രീധനം കാരണമാണ് എന്നു പറയാന്‍ പറ്റില്ല. 18 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹം നടത്തി എന്നതാണ് പ്രസ്തുത സംഭവത്തിലെ നിയമപരമായ കുറ്റം. എന്നാല്‍ മൈസൂര്‍ കല്യാണത്തിന്റെയും ചിലപ്പോള്‍ രണ്ടാം കല്യാണത്തിന്റെയും പിന്നില്‍ സ്ത്രീധനമാണെന്നത് ശരിയാണ്. മഹല്ല് ഖാദിമാരും ഭരണകര്‍ത്താക്കളും ദൃഢനിശ്ചയം ചെയ്താല്‍ ഈ തിന്മ ഗണ്യമായി ഇല്ലാതാക്കാനാവും.


പ്രബോധനം കൊണ്ട് എന്തുപ്രയോജനം?

 ഇസ്‌ലാമിനെ പ്രചരിപ്പിക്കുമ്പോഴും പരിചയപ്പെടുത്തുമ്പോഴും അത് യുക്തിയോടെയും സദുപദേശത്തോടെയും ആയിരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ പ്രബോധകരും അവരുടെ പ്രസ്ഥാനങ്ങളും ഒറ്റപ്പെടുകയും തിരിച്ചടിയേല്‍ക്കുകയും ചെയ്തുവരുന്നു. അക്രമത്തിനും അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിക്കുമ്പോഴും ജനാധിപത്യത്തിനും ജനക്ഷേമത്തിനും ജനഹിതത്തിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും സര്‍ക്കാറുകള്‍ അല്ലെങ്കില്‍ എതിരാളികള്‍ യുക്തിയും സദുപദേശവും ക്ഷമയും സംയമനവുമെല്ലാം കാറ്റില്‍ പറത്തുകയും ചെയ്യുന്നു. ഒപ്പം ദൈവിക സഹായവും കൂടി ഇല്ലാതാകുന്നത് കാണുമ്പോള്‍ പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും വെറും നിസ്സഹായര്‍ മാത്രം എന്നതല്ലേ ശരി?
എന്‍.പി രിയാദ്

ഇസ്‌ലാമിക പ്രബോധനവും പ്രബോധകരും എതിര്‍പ്പുകളെയോ പ്രതിസന്ധികളെയോ ഉന്മൂലന ഭീഷണിയെ തന്നെയോ നേരിടുകയില്ലെന്നാരാണ് പറഞ്ഞത്? 950 വര്‍ഷം തന്റെ സമുദായത്തെ വിഗ്രഹാരാധനയില്‍ നിന്നും തജ്ജന്യ തിന്മകളില്‍ നിന്നും മോചിപ്പിച്ച് യഥാര്‍ഥ ഏക ദൈവ വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ രാവും പകലും, സ്വകാര്യമായും പരസ്യമായും, അനുനയ ശൈലിയിലും താക്കീത് സ്വരത്തിലും നിരന്തരം യത്‌നിച്ച നൂഹ് നബി(അ) ഒടുവില്‍ ഗത്യന്തരമില്ലാതെ ആ ധിക്കാരികളില്‍നിന്ന് ഭൂമിയെ മുക്തമാക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചതല്ലേ വിശുദ്ധ ഖുര്‍ആന്‍ വിവരിച്ച ചരിത്രം? ഒരു വശത്ത് ബഹുദൈവത്വവും അന്ധവിശ്വാസങ്ങളും മറുവശത്ത് നാസ്തികവാദവും മതനിഷേധവും ഭൗതികവാദവും മൂന്നാമത്തെ വശത്ത് വികലമായ ഇസ്‌ലാമിക ചിന്താധാരകളും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സമ്പൂര്‍ണ അകമ്പടിയോടെ അരങ്ങ് തകര്‍ക്കുന്ന വര്‍ത്തമാനകാലത്ത്, അവരെയെല്ലാം അത്യന്തം പരിമിത വിഭവങ്ങളോടെ ഒറ്റക്ക് നേരിട്ട് സഹന സമരത്തിലൂടെ പ്രബോധന ദൗത്യം നിര്‍വഹിക്കുക എന്ന അതീവ സാഹസിക യത്‌നമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ധാര്‍മികശക്തി സംഭരിച്ച് നന്മേഛുക്കളായ ജനലക്ഷങ്ങളുടെ പിന്‍ബലത്തോടെ പിടിച്ചുനില്‍ക്കാന്‍ മാത്രമല്ല മുന്നേറാനും കഴിയുന്നുവെന്നതാണല്ലോ എതിര്‍ പാളയത്തിലെ പരിഭ്രാന്തിയും അങ്കലാപ്പും കാണിക്കുന്നത്. സ്വയം അവകാശപ്പെടുന്ന ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രാഥമിക താല്‍പര്യങ്ങള്‍ പോലും ശത്രുക്കള്‍ക്ക് കാറ്റില്‍ പറത്തേണ്ടിവരുന്നു. നിശ്ചയമായും ഇത്തരം ദുഷ്ട ശക്തികള്‍ക്കെതിരെയുള്ള ഈ പോരാട്ടം ആവേശകരവും പ്രത്യാശാജനകവുമാണ്. ''നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞവരുടെ അനുഭവം നിങ്ങള്‍ക്കും വന്നെത്തുന്നതിന് മുമ്പ് സ്വര്‍ഗത്തില്‍ കടന്നുകളയാമെന്ന് നിങ്ങള്‍ ധരിച്ചുവോ? കഠിനമായ പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിച്ചു. അല്ലാഹുവിന്റെ സഹായം ഇനി എപ്പോഴാണെന്ന് അവരിലെ പ്രവാചകനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും വിലപിക്കുവോളം അവര്‍ വിറപ്പിക്കപ്പെട്ടു. എന്നാല്‍ അറിയുക, ദൈവ സഹായം അടുത്തുതന്നെയുണ്ട്'' (2:214) എന്ന ഖുര്‍ആന്‍ വാക്യം മറക്കാതിരിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59