Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

നന്മകളുടെ വാക്കായും വായനയായും പ്രബോധനം ഇന്റര്‍നാഷണല്‍

കെ.എം ബഷീര്‍, ദമ്മാം ഫീച്ചര്‍

1995 വരെ കേരളത്തില്‍ നിന്നുള്ള ഒരു ഇസ്‌ലാമിക പ്രസിദ്ധീകരണവും സുഊദിയില്‍ വിതരണം ചെയ്തിരുന്നില്ല. ഒറ്റപ്പെട്ട വ്യക്തികള്‍ തപാലില്‍ വരുത്തിയിരുന്ന പ്രസിദ്ധീകരണങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞാണ് പലപ്പോഴും എത്തിയിരുന്നത്. അത് കൈമാറി പലരും വായിക്കും. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായി വായിക്കപ്പെടുകയോ ചര്‍ച്ചയാവുകയോ ചെയ്തിരുന്നില്ല. ശബാബ് ഫോട്ടോ കോപ്പിയെടുത്ത് ചിലയിടങ്ങളില്‍ വിതരണം ചെയ്തിരുന്നു. 1995 ഫെബ്രുവരിയില്‍ പ്രബോധനത്തിന് സുഊദി ഇന്‍ഫര്‍മേഷന്‍ മിനിസ്റ്ററിയില്‍നിന്ന് വിതരണാനുമതി ലഭിച്ചു. ക്രമേണ മറ്റു ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും അനുമതി നേടി വ്യവസ്ഥാപിതമായി വിതരണം ചെയ്യാന്‍ തുടങ്ങി.
മലയാളം ടി.വി ചാനലുകളുടെയും സോഷ്യല്‍ മീഡിയയുടെയും അതിപ്രസരമോ പ്രവാസി സംഘടനകളുടെ ആധിക്യമോ ഇല്ലാതിരുന്ന അക്കാലത്ത് എല്ലാ തലത്തിലുള്ള വായനക്കും പ്രവാസി മലയാളികളുടെ ജീവിതത്തില്‍ ഇടം കിട്ടിയിരുന്നു. വൈജ്ഞാനികവും സര്‍ഗ്ഗാത്മകവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ഇസ്‌ലാമിക ജീവിത രീതി രൂപപ്പെടുത്തിയെടുക്കുന്നതിലും കേരളത്തില്‍നിന്ന് ഇവിടെ എത്തിയിരുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്
പ്രബോധനം, ബോധനം, ശബാബ്, വിചിന്തനം, അല്‍മനാര്‍, അത്തൗഹീദ്, സ്‌നേഹ സംവാദം എന്നിവയായിരുന്നു ഇവിടെ ലഭിച്ചുകൊണ്ടിരുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍. സുന്നീ വീക്ഷണത്തെ പ്രതിനിധീകരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. എ.പി. വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ ഗള്‍ഫ് രിസാലക്കു വിതരണാനുമതി ലഭിച്ചതോടെ ആ വിടവ് ഭാഗികമായി നികത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഇ.കെ.വിഭാഗത്തിന്റെ പ്രസിദ്ധീകരണങ്ങളൊന്നും വ്യവസ്ഥാപിതമായി വിതരണം ചെയ്യപ്പെടുന്നില്ല. സുന്നി, സലഫി, ജമാഅത്തെ ഇസ്‌ലാമി വീക്ഷണഗതിക്കാരുടെ പ്രവര്‍ത്തനങ്ങളെ പ്രവാസികള്‍ക്കിടയില്‍ സജീവമാക്കുന്നതില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്‌ലാമികമായ പ്രാഥമിക അറിവ് പോലും ലഭിച്ചിട്ടില്ലാത്ത സാധാരണക്കാരും അഭ്യസ്തവിദ്യരുമായ വലിയൊരു വിഭാഗത്തിനു ഇസ്‌ലാമികമായ ഉണര്‍വ് ഉണ്ടാക്കിയെടുക്കാന്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്രം, ചരിത്ര പംക്തികള്‍ എന്നിവ വായനക്കാരുടെ വൈജ്ഞാനിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയുണ്ടായി.
ലോക ഇസ്‌ലാമിക ചലനങ്ങളൂം മുസ്‌ലിം ലോക വാര്‍ത്തകളൂം വായനക്കാരില്‍ എത്തിക്കുന്നതില്‍ പ്രബോധനം നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നെങ്കിലും, മറ്റു പ്രസിദ്ധീകരണങ്ങളില്‍ കൂടി അവക്കു ഇടം ലഭിച്ചതോടെ സാധാരണക്കാരില്‍പോലും മുസ്‌ലിം ലോക സംഭവവികാസങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് കരുപ്പിടിപ്പിക്കാന്‍ അത് പ്രചോദനമായിട്ടുണ്ട്. ഇവയിലൂടെ ലഭിക്കുന്ന അറിവുകളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും സജീവമാണ്.
ഈ പ്രസിദ്ധീകരണങ്ങള്‍ വിവിധ സംഘടനകളുടെ മുഖപത്രങ്ങള്‍ എന്ന നിലയിലോ അവയുടെ ആഭിമുഖ്യത്തിലോ പ്രസിദ്ധീകരിക്കുന്നവയായതിനാല്‍, സംഘടനകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പൊലിപ്പിക്കാന്‍ ആവശ്യത്തിലധികം സ്ഥലം നല്‍കുന്നതും, അനാരോഗ്യകരമായ സംവാദങ്ങള്‍ നടത്തുന്നതും പ്രവര്‍ത്തകരെ കൂടുതല്‍ സങ്കുചിതരും സംഘടനാ പക്ഷപാതികളും ആക്കുന്നുണ്ട് എന്ന നിഷേധാത്മക വശവും പരാമര്‍ശിക്കേണ്ടതുണ്ട്.
പ്രവാസിത്വം എന്നത് അവരെ ഒരുമിച്ചുനിര്‍ത്തുന്ന ഘടകമാണ്. പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍ വിവിധ വീക്ഷണഗതിക്കാരുടെ പ്രസിദ്ധീകരണങ്ങള്‍ പരസ്പരം കൈമാറി വായിക്കുന്ന സന്തോഷകരമായ അനുഭവങ്ങളുമുണ്ട് പ്രവാസികളില്‍. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളുടെ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ഉണ്ടായിട്ടുള്ള ഗുണപരമായ മാറ്റങ്ങള്‍ പുതിയ വായനക്കാരെ ആകര്‍ഷിക്കുന്നുണ്ട്്.
യാഥാസ്ഥിതികത്വത്തിന്റെ പതിവ് ശൈലികളില്‍നിന്നു മാറി, ഗള്‍ഫ് രിസാല സ്വീകരിച്ച പരീക്ഷണങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അമുസ്‌ലിംകള്‍ അടക്കമുള്ള പുതിയ വായനക്കാരെ ആകര്‍ഷിക്കാന്‍ അത് കാരണമായിട്ടുണ്ട്. ശബാബിലും ഇടക്കാലത്ത് വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ഇതര മുസ്‌ലിം സംഘടനാ നേതാക്കളെയും പ്രഗത്ഭ വ്യക്തിത്വങ്ങളെയും പരിചയപ്പെടുത്തുന്ന പ്രബോധനത്തിലെ ലേഖനങ്ങള്‍ വായനക്കാരില്‍ മതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇതര സംഘടനാ വാര്‍ത്തകള്‍ അപൂര്‍വമായി നല്‍കാറുണ്ടങ്കിലും കുറച്ചുകൂടി ഇടം നല്‍കാന്‍ കഴിഞ്ഞാല്‍ അത് നല്ല മാതൃകയായിരിക്കും.
ആശയ പ്രകാശനത്തേക്കാള്‍ ഭാഷാപ്രയോഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന രചനകള്‍ നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി വായിക്കുന്ന സാധാരണക്കാരില്‍ മടുപ്പ് ഉളവാക്കുന്നുണ്ട്. ഈ ന്യൂനതകള്‍ പരിഹരിക്കാന്‍ നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വിഷ്വല്‍ മീഡിയയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും സജീവമായതോടെ വായനയോടുള്ള താല്‍പര്യം കുറഞ്ഞുവരുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. ഗള്‍ഫിലെ ഇസ്‌ലാമിക പ്രവര്‍ത്തകരും ഇതിനു അപവാദമല്ല. നാട്ടില്‍ നിന്ന് രണ്ടാഴ്ച വൈകി എത്തുന്ന പ്രബോധനം ആര്‍ത്തിയോടെ കാത്തിരുന്ന്, കിട്ടിയാലുടന്‍ വായിച്ച് തീര്‍ത്ത് അടുത്തയാള്‍ക്ക് കൈമാറിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
രണ്ടാം എഡിഷന്‍ എന്ന നിലക്ക് പ്രബോധനം ഇന്റര്‍നാഷണല്‍ ഗള്‍ഫില്‍നിന്ന് പ്രസിദ്ധീകരണം തുടങ്ങിയത് പ്രബോധനത്തിന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലായിരുന്നു. ഇതുവഴി നാട്ടില്‍ ഇറങ്ങുന്ന അതേദിവസം തന്നെ പ്രബോധനം ഇവിടെയും ലഭിച്ചു തുടങ്ങി. പക്ഷേ വായനയുടെ ഗ്രാഫ് പ്രതീക്ഷിച്ചതുപോലെ ഉയര്‍ന്നിട്ടില്ല.
പ്രബോധനം വായനയിലൂടെ പ്രസ്ഥാനത്തെ മനസ്സിലാക്കി പ്രാസ്ഥാനികമായി ഉയരങ്ങളിലെത്തിയവര്‍ ഗള്‍ഫിലെ പ്രവര്‍ത്തകര്‍ക്കിടയിലും ധാരാളമുണ്ട്. കെ.ഐ.ജി കേന്ദ്ര കൂടിയാലോചനാസമിതി അംഗവും പ്രസിദ്ധീകരണങ്ങളൂടെ ചുമതലക്കാരനുമായ ഉമറുല്‍ ഫാറൂഖ് സാഹിബ് അവരില്‍ ഒരാളാണ്. കെ.ഐ.ജിയുടെ മുന്‍ പ്രസിഡന്റ് ചേളന്നൂര്‍ അബ്ദുല്ല സാഹിബിനോടൊപ്പം താമസിക്കുമ്പോഴാണ് പ്രബോധനവുമായി ബന്ധപ്പെടുന്നത്. ഫ്‌ളാറ്റില്‍ താമസിക്കുന്ന എല്ലാവരെയും ഒരുമിച്ചിരുത്തി ഒരാളെക്കൊണ്ട് ഉറക്കെ വായിപ്പിക്കുക എന്നത് പ്രബോധനത്തിന്റെ സന്ദേശം എല്ലാവരിലുമെത്തിക്കാന്‍ അബ്ദുല്ലാ സാഹിബ് സ്വീകരിച്ച തന്ത്രമായിരുന്നിരിക്കാം. ആ വായനയില്‍ പങ്കാളികളായവരെല്ലാം പീന്നിട് പ്രസ്ഥാന പ്രവര്‍ത്തകരായി. പ്രബോധനം വായിക്കാനുള്ള ചുമതല അനുഭാവി പോലും ആയിട്ടില്ലാത്ത ഫാറൂഖ് സാഹിബിനാണ് പലപ്പോഴും ലഭിച്ചിരുന്നത്. പ്രബോധനവുമായുള്ള ആ ബന്ധം പ്രസ്ഥാനത്തെക്കുറിച്ചു കൂടുതല്‍ പഠിക്കാനും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാനും ഇടവരുത്തി. ഇന്ന് അദ്ദേഹം ജമാഅത്ത് അംഗമാണ്. കെ.ഐ.ജിയുടെ സോണല്‍ കേന്ദ്ര തലങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയും ചെയ്യുന്നു. തന്റെ പ്രാസ്ഥാനിക വളര്‍ച്ചയില്‍ പ്രബോധനം ഒരു പ്രചോദനവൂം ചാലകശക്തിയുമായി വര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്വയം സാക്ഷ്യപ്പെടുത്തുന്നു.
പ്രബോധനം വായനയിലൂടെ ദീനും പ്രസ്ഥാനവും പഠിച്ചുവളര്‍ന്ന മറ്റൊരു പ്രവര്‍ത്തകനാണ് രിയാദിലെ കെ.എം അബ്ദുല്‍ ഖാദിര്‍ സാഹിബ് (വടുതല). അദ്ദേഹം തന്റെ വായനാനുഭവം ഓര്‍മിച്ചെടുക്കുന്നത് ഇങ്ങനെയാണ്: ''പേരു കൊണ്ട് മുസ്‌ലിമെങ്കിലും ഇസ്‌ലാമികമായ അറിവോ അനുഷ്ഠാനങ്ങളില്‍ താല്‍പര്യമോ ഇല്ലാതിരുന്ന കാലത്താണ് പ്രബോധനവുമായി ബന്ധപ്പെടുന്നത്. യഥാര്‍ഥ ദീന്‍ എന്താണെന്ന് മനസ്സിലാക്കിയത് പ്രബോധനത്തില്‍ നിന്നാണ്; പ്രത്യേകിച്ച് ഖുര്‍ആന്‍ പംക്തിയില്‍നിന്ന്. ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളെ ഇസ്‌ലാമികവും പ്രാസ്ഥാനികവുമായ കാഴ്ചപ്പാടോടെ വിലയിരുത്താന്‍ പ്രബോധനം പഠിപ്പിച്ചു. ദീനും ദുന്‍യാവും കലയും സാഹിത്യവും കവിതയും എല്ലാം സമന്വയിപ്പിച്ച പ്രബോധനം, തന്നെ പടിപടിയായി വളര്‍ത്തിക്കൊണ്ട് വന്ന് ഒരു 'പുതു മുസ്‌ലിമും' പ്രസ്ഥാന പ്രവര്‍ത്തകനുമാക്കി മാറ്റുകയായിരുന്നു.'' അബ്ദുല്‍ ഖാദിര്‍ സാഹിബ് ഇന്ന് ജമാഅത്ത് അംഗവും റിയാദ് സോണില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വവുമാണ്.
പ്രബോധനം വായനയിലൂടെ വളര്‍ന്നുവന്ന കെ.ഐ.ജി പ്രവര്‍ത്തകര്‍ വേറെയുമുണ്ട്. ആ പഴയ വായനാ സംസ്‌ക്കാരം അങ്ങനെ തന്നെ നിലനിര്‍ത്താന്‍ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്.
പ്രബോധനം വിതരണവും പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഏജന്‍സികളെ മാത്രം ആശ്രയിച്ചുകൊണ്ട് ഇത് പോലൊരു പ്രസിദ്ധീകരണത്തിന് മുന്നോട്ട് പോകാനാകില്ല. ഇതു മനസ്സിലാക്കി പ്രബോധനം വിതരണം പ്രാസ്ഥാനിക ഉത്തരവാദിത്വമായി ഏറ്റെടുത്ത അനവധി പ്രവര്‍ത്തകര്‍ ഉണ്ട്. പതിറ്റാണ്ടുകളായി അതു അഭംഗുരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. എന്റെ നാടാായ ആലപ്പുഴ നീര്‍ക്കുന്നം ഹല്‍ഖയിലെ സഹപ്രവര്‍ത്തകര്‍ അത്ത എന്നു സ്‌നേഹപൂര്‍വം വിളിക്കുന്ന അബ്ദുല്‍ ഖാദര്‍ സാഹിബ് അവരില്‍ ഒരാളാണ്. സൈക്കിള്‍ സവാരി പോലും വശമില്ലാത്ത ജമാഅത്ത് അംഗമായ അദ്ദേഹം അറുപത്തിയാറാം വയസ്സിലും അറുപതോളം പ്രബോധനം എല്ലാ ആഴ്ചയിലും കൃത്യമായി വീഴ്ചവരുത്താതെ കാല്‍ നടയായി വിതരണം ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തകരിലൂടെയാണ് പ്രബോധനം പടര്‍ന്ന് പന്തലിച്ചത്.
പ്രബോധനം ഇന്റര്‍നാഷണല്‍ ഗള്‍ഫിലെ പ്രവര്‍ത്തകരുടെ സ്വപ്നമായിരുന്നു. അല്ലാഹു അതു യാഥാര്‍ഥ്യമാക്കി തന്നു. അതുകൊണ്ട് തന്നെ പ്രബോധനം ഇന്റര്‍നാഷണലിനെ നിലനിര്‍ത്തലും വളര്‍ത്തലും പ്രവര്‍ത്തകരുടെ ബാധ്യതയാണ്. എല്ലാ ഗള്‍ഫ് നാടുകളിലും ഈ ഉദ്ദേശ്യാര്‍ത്ഥം പ്രചാരണ കാമ്പയിനുകള്‍ സംഘടിപ്പിച്ച് വരുന്നു. സുഊദിയില്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് കാമ്പയിന്‍. എല്ലാ പ്രവര്‍ത്തകരും പ്രബോധനം വാങ്ങുകയും വായിക്കുകയും ചെയ്യുന്നുണ്ടന്നു ഉറപ്പ് വരുത്തുന്നതോടൊപ്പം, ഒരു പ്രവര്‍ത്തകന്‍ മിനിമം ഒരു കോപ്പിയെങ്കിലും ഇവിടെയോ നാട്ടിലേക്കോ വരി ചേര്‍ക്കണമെന്നുമാണ് ടാര്‍ഗറ്റ് നിശ്ചയിച്ചിട്ടുള്ളത്. വാക്കായും വായനയായും നന്മകള്‍ക്ക് ജീവന്‍ നല്‍കുന്ന, ഇസ്‌ലാമിനെ സമകാലികമായി വായിക്കുന്ന ഈ പ്രസിദ്ധീകരണത്തിന്റെ പ്രചാരണം നന്മേച്ഛുക്കള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59