Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

സുവര്‍ണ ജൂബിലിക്ക് ഉപഹാരമായി മുശാവറകളുടെ ലയനം

കെ.എം.എ / റിപ്പോര്‍ട്ട്

'ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദിയായ ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ അരനൂറ്റാണ്ട് കാലമായി മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സമുദായ പുരോഗതിക്കായി അമൂല്യമായ സംഭാവനകള്‍ നല്‍കി വരികയുമാണ്. നിര്‍ഭാഗ്യവശാല്‍ ഈ സംഘടന 13 വര്‍ഷം മുമ്പ് രണ്ട് ഗ്രൂപ്പുകളായി പിളരുകയുണ്ടായി. ഈ പിളര്‍പ്പ് ഇരുവിഭാഗത്തിനും സമ്മാനിച്ചത് വേദനകളും ആശങ്കകളും മാത്രം. കാരണം സംഘടന ഏറ്റെടുത്ത ദൗത്യത്തെ അത് വല്ലാതെ ദുര്‍ബലപ്പെടുത്തിക്കളഞ്ഞു. ഒട്ടേറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഇരു മുശാവറകളുടെയും നേതാക്കള്‍ ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കാരണം ഐക്യത്തിലും യോജിപ്പിലുമാണ് ശക്തി കുടികൊള്ളുന്നത്. ഒന്നിച്ചുള്ള മുന്നേറ്റത്തിന് മാത്രമേ ദൈവാനുഗ്രഹവും ഉണ്ടാവുകയുള്ളൂ. ഐക്യത്തിലൂടെ മുശാവറ അതിന്റെ മുന്‍കാല പ്രതാപം തിരിച്ചുപിടിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്നു മുതല്‍ ഒറ്റ സംഘമായി ഞങ്ങള്‍ മുന്നോട്ടുപോകും.' മജ്‌ലിസെ മുശാവറയുടെ ഇരുവിഭാഗവും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് 2013 ഒക്‌ടോബര്‍ 27-ന് പുറത്തിറക്കിയ പ്രസ്താവനയാണിത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് മുഹമ്മദ് സലീം ഖാസിമി, സയ്യിദ് ശഹാബുദ്ദീന്‍, മൗലാനാ അഹമദ് അലി ഖാസിമി, മൗലാനാ ജുനൈദ് അഹ്മദ് ഇസ്‌ലാം, ഹാഫിസ് മുഹമ്മദ് അസ്‌ലം ഖാസിമി, മുഫ്തി അതാഉര്‍റഹ്മാന്‍ ഖാസിമി, ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, മുഹമ്മദ് ജഅ്ഫര്‍, മൗലാനാ അഖീലുല്‍ ഗറാവി, ഹാഫിസ് റശീദ് ചൗധരി, അഹ്മദ് റശീദ് ശര്‍വാനി, ഇഅ്ജാസ് അഹ്മദ് അസ്‌ലം, മുഹമ്മദ് സുലൈമാന്‍, ഡോ. അര്‍ശിഖാന്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുണ്ട്.
രണ്ടായിരത്തിലാണ് സംഘടന രണ്ടായി പിളരുന്നത്. പ്രമുഖ വിഭാഗത്തിന്റെ നേതൃത്വം സയ്യിദ് ശഹാബുദ്ദീനായിരുന്നു. മറ്റേ വിഭാഗത്തെ നയിച്ചത് മൗലാനാ മുഹമ്മദ് സലീം ഖാസിമിയും. കുറെ കാലമായി നടന്നുവരുന്ന ഐക്യശ്രമങ്ങള്‍ ഇപ്പോഴാണ് ഫലപ്രാപ്തിയിലെത്തിയത്. ഡോ. സഫറുല്‍ ഇസ്‌ലാം ഖാനാണ് നിലവില്‍ മുശാവറയുടെ പ്രസിഡന്റ്. മുശാവറ ഉന്നതാധികാര ഉപദേശക സമിതിയുടെ ചെയര്‍മാനായി മൗലാനാ മുഹമ്മദ് സലീം ഖാസിമിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ലയനത്തിനു ശേഷം പ്രമുഖ നേതാക്കളെല്ലാം ചേര്‍ന്ന് പത്രസമ്മേളനം നടത്തുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ഈ ലയനമെന്ന് മുശാവറ പ്രസിഡന്റ് സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. ''സമുദായം കനത്ത വെല്ലുവിളികള്‍ നേരിട്ട സന്ദര്‍ഭത്തിലായിരുന്നു ഈ പൊതുവേദിയുടെ രൂപവത്കരണം. സമാനമായ വെല്ലുവിളികളാണ് ഇപ്പോഴും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അവയെ നേരിടാന്‍ സമുദായത്തെ പ്രാപ്തമാക്കും ഈ ലയനം.''
നേരത്തെ സംഘടനയില്‍നിന്ന് തെറ്റിപ്പിരിഞ്ഞുപോയ മൗലാനാ മുഹമ്മദ് സലീം ഖാസിമി ഇന്ത്യയിലെ അറിയപ്പെടുന്ന മതപണ്ഡിതരിലൊരാളാണ്. ലയനം ഇരുവിഭാഗത്തിന്റെയും ഉല്‍ക്കടമായ ആഗ്രഹമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ''ഇപ്പോഴാണ് അതിന് അവസരമുണ്ടായത്. നമ്മുടെ പിതാക്കള്‍ സ്ഥാപിച്ച ഈ പൊതുവേദിക്ക് മുന്‍കാലത്തെപ്പോലെ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്. ഇനി അജണ്ട നിശ്ചയിക്കുകയും പ്രോഗ്രാമുകള്‍ തയാറാക്കുകയുമാണ് വേണ്ടത്. സമുദായത്തിന്റെയും രാജ്യത്തിന്റെയും പിന്തുണ നമുക്കുണ്ടാവും. ഒപ്പം ദൈവസഹായവും.'' മൗലാനാ മുഹമ്മദ് സലീം ഖാസിമിയുടേത് ചരിത്രപ്രാധാന്യമുള്ള ചുവട് വെപ്പാണെന്ന് മുശാവറയുടെ മുന്‍പ്രസിഡന്റ് സയ്യിദ് ശഹാബുദ്ദീന്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മുശാവറയുടെ സുവര്‍ണ ജൂബിലി പരിപാടികള്‍ക്ക് ലയനം കരുത്ത് പകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59