Prabodhanm Weekly

Pages

Search

2011 ജൂലൈ 16

ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിന്റെ രാഷ്ട്രീയ പ്രതിനിധാനം

ശൈഖ് മുഹമ്മദ് കാരകുന്ന്

ലോകത്ത് ഇന്ന് നിലനല്‍ക്കുന്ന ഏറ്റവും പഴക്കമുള്ള ഭരണസംവിധാനം ഇസ്ലാമിന്റേതാണ്. കൂടുതല്‍ കാലം നിലനിന്നതും അതുതന്നെ. പതിനാല് നൂറ്റാണ്ടിനു ശേഷം ഇന്നും അതു തുടരുന്നു; ഒട്ടേറെ ദൌര്‍ബല്യങ്ങളുണ്ടെങ്കിലും.
പ്രവാചകനാണ് ഇസ്ലാമിക രാഷ്ട്രവും ഭരണവും സ്ഥാപിച്ചത്. അതിലൂടെ നബിതിരുമേനി അല്ലാഹുവിന്റെ നിര്‍ദേശം നടപ്പാക്കുകയായിരുന്നു. യസ്രിബ് ആയിരുന്നു അതിന്റെ ആസ്ഥാനം. അവിടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിതമാകുമ്പോള്‍ മുസ്ലിംകള്‍ ചെറിയ ന്യൂനപക്ഷമായിരുന്നു. പതിനഞ്ചു ശതമാനത്തില്‍ താഴെ. പതിനായിരത്തിലേറെ ജനങ്ങളുണ്ടായിരുന്ന യസ്രിബില്‍ മുസ്ലിംകള്‍ ആയിരത്തി അഞ്ഞൂറില്‍ കുറവായിരുന്നു. എന്നിട്ടും അവിടെ എങ്ങനെ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിതമായി? മുഹമ്മദ് നബി അതിന്റെ ഭരണാധികാരിയുമായി?
യസ്രിബിലും പരിസരത്തുമായി ഇരുപത്തിരണ്ട് ഗോത്രങ്ങളുണ്ടായിരുന്നു. പതിറ്റാണ്ടുകളായി അവര്‍ പരസ്പരം പോരടിച്ചുകഴിയുകയായിരുന്നു. യുദ്ധവും കൂട്ടക്കൊലകളും അവിടത്തെ സ്വൈരജീവിതം നശിപ്പിച്ചു. സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും തീരാത്ത ദുരന്തങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമായി. അതിനാല്‍ ഏവരും യുദ്ധം വെറുത്തു. സമാധാനം ആഗ്രഹിച്ചു.
അതിനിടയിലാണ് യസ്രിബില്‍ നിന്ന് ഒരു സംഘം മക്കയില്‍ ഹജ്ജിനെത്തിയത്. അവര്‍ പ്രവാചകനുമായി പരിചയപ്പെട്ടു. യസ്രിബിലെ അവസ്ഥ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. പ്രവാചകന്‍ അവര്‍ക്ക് മുമ്പില്‍ ഇസ്ലാമിനെ സംക്ഷിപ്തമായി സമര്‍പ്പിച്ചു. അതിലാകൃഷ്ടരായ അവര്‍ ഇസ്ലാം സ്വീകരിച്ചു. ഖസ്റജ് ഗോത്രക്കാരായിരുന്നു അവര്‍. നാട്ടില്‍ തിരിച്ചെത്തിയ ശേഷം പ്രവാചകനെയും ഇസ്ലാമിനെയും അവര്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തി. അതിലാകൃഷ്ടരായ പന്ത്രണ്ട് പേര്‍ അടുത്ത വര്‍ഷം മക്കയിലെത്തി നബി(സ)യുമായി ഉടമ്പടി ചെയ്തു. യസ്രിബില്‍ ഇസ്ലാമിക പ്രബോധനത്തിനായി പ്രവാചകന്‍, മിസ്വ്അബ് ബ്നു ഉമൈറിനെ അവരോടൊപ്പം അയച്ചുകൊടുത്തു.
പിറ്റേ വര്‍ഷം രണ്ട് സ്ത്രീകളടക്കം എഴുപത്തഞ്ച് വിശ്വാസികള്‍ അഖബയിലെത്തി പ്രവാചകനുമായി സന്ധിച്ചു. അവര്‍ നബിയെയും അനുയായികളെയും യസ്രിബിലേക്ക് ക്ഷണിച്ചു. എല്ലാ അര്‍ഥത്തിലുമുള്ള സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്തു. അതോടെ ഹിജ്റക്ക് പശ്ചാത്തലമൊരുങ്ങി.
രണ്ടാം അഖബാ ഉടമ്പടിയെത്തുടര്‍ന്ന് യസ്രിബിലെത്തിയ പ്രവാചകനെ അന്നാട്ടുകാര്‍ പാട്ടു പാടിയും ആഹ്ളാദം പ്രകടിപ്പിച്ചും സ്വീകരിച്ചു. തങ്ങളുടെ നഗരത്തിന് പ്രവാചകന്റെ പട്ടണമെന്നര്‍ഥം വരുന്ന 'മദീനത്തുന്നബി' എന്ന് നാമകരണം നല്‍കി. അവരെല്ലാവരും കൂടി അദ്ദേഹത്തെ തങ്ങളുടെ നാടിന്റെ നേതാവും ഭരണാധികാരിയുമാക്കി.
ബഹുസ്വര രാഷ്ട്രത്തിന്റെ ഭരണഘടന
നബിതിരുമേനി മദീനാ നിവാസികളെ ഒരുമിച്ചുകൂട്ടി അവരുമായി വിശദമായ കരാറുണ്ടാക്കി. എല്ലാവരുടെയും അവകാശ ബാധ്യതകള്‍ വിശദമായും ഖണ്ഡിതമായും രേഖപ്പെടുത്തിയ പ്രമാണം തയാറാക്കി. 'മദീനാ പ്രമാണ'മെന്ന പേരിലറിയപ്പെടുന്ന ഇതാണ് മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന. ആധുനിക ഇസ്ലാമിക പണ്ഡിതന്മാര്‍ മദീനാ പ്രമാണത്തെ ഖണ്ഡികകളാക്കി തിരിച്ച് പുതിയ കാലത്തെ ഭരണഘടനകളുടെ സ്വഭാവത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ പ്രവാചകന്റെ കാലത്തുണ്ടായിരുന്നതില്‍ നിന്ന് എന്തെങ്കിലും കൂട്ടുകയോ കുറക്കുകയോ ചെയ്തിട്ടില്ല. അമ്പത്തിയേഴ് ഖണ്ഡികകളുള്ള പ്രസ്തുത ഇസ്ലാമിക ഭരണഘടനക്കു ശേഷം ലോകത്ത് മറ്റൊരു ലിഖിത ഭരണഘടന ഉണ്ടാവുന്നത് നൂറ്റാണ്ടുകള്‍ നിരവധി കഴിഞ്ഞ ശേഷമാണ്.
പ്രവാചകന്‍ സ്ഥാപിച്ച ഇസ്ലാമിക രാഷ്ട്രം ബഹുസ്വരമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. അവിടുന്ന് രൂപം നല്‍കിയ ഇസ്ലാമിക ഭരണഘടനയില്‍ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ-ബാധ്യതകള്‍ ഖണ്ഡിതമായും വ്യക്തമായും രേഖപ്പെടുത്തിയിരിക്കുന്നു. അത് സമ്പൂര്‍ണ മതസ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നു. ആരുടെയും വിശ്വാസ, ആരാധന, ആചാര, അനുഷ്ഠാന സ്വാതന്ത്യ്രത്തിലോ വ്യക്തി നിയമങ്ങളിലോ ഒരു നിലക്കും ഇടപെടുകയില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. പ്രവാചകന്റെ കാലം തൊട്ട് ഇന്നോളം മുസ്ലിം നാടുകളും ഭരണകൂടങ്ങളും ഇതര മതവിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്യ്രമനുവദിച്ചിരുന്നുവെന്നതിന് ചരിത്രം സാക്ഷി.
പതിനാല് നൂറ്റാണ്ട് കാലം മുസ്ലിംകള്‍ ഭരണം നടത്തിയ ഈജിപ്തില്‍ ഇപ്പോഴും ഒമ്പത് ശതമാനത്തോളം കോപ്റ്റ് ക്രിസ്ത്യാനികളുണ്ട്. അഞ്ഞൂറ് കോപ്റ്റ് ചര്‍ച്ചുകളും. ഐക്യ രാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന ബുത്വ്റുസ്ഗാലി ഈജിപ്ഷ്യന്‍ കോപ്റ്റ് ക്രിസ്ത്യാനിയാണ്. ഇറാഖ് മന്ത്രിയായിരുന്ന താരിഖ് അസീസും ക്രിസ്ത്യാനിയാണ്. ഒരു ക്രൈസ്തവ വിഭാഗത്തിന്റെ ആസ്ഥാനമിന്നും ഇറാഖാണ്. മറ്റൊരു വിഭാഗത്തിന്റേത് സിറിയയും. ലബനാനില്‍ നാല്‍പതു ശതമാനത്തിലേറെ ക്രിസ്ത്യാനികളുണ്ട്. പ്രവാചകന്റെ കാലം തൊട്ട് ഇന്നോളം ഇസ്ലാമിന്റേത് ബഹുസ്വര രാഷ്ട്രമായിരുന്നുവെന്നത് അനിഷേധ്യമത്രെ. ഇസ്ലാമിന്റേത് ഒരിക്കലും ഒരു മതരാഷ്ട്രമായിരുന്നില്ല.
മനുഷ്യാവകാശങ്ങളുടെ സംരക്ഷണം
ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ വളരെ ആദരണീയനാണ്. അവന്റെ ജീവനും ജീവിതവും ഏറെ വിലപ്പെട്ടതും. ഒരാളെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും കൊല്ലന്നതുപോലെ ഗുരുതരവും കൊടിയ കുറ്റവുമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (17:70, 5:32). അതിനാല്‍ മുസ്ലിംകള്‍ ഭരണരംഗത്തായാലും പ്രതിപക്ഷത്തായാലും മനുഷ്യന്റെ ആദരണീയതയുടെയും ജീവന്റെയും സംരക്ഷണത്തിനായി നിലകൊള്ളാന്‍ ബാധ്യസ്ഥരാണ്.
മനുഷ്യന്റെ ജീവന്‍ പോലെത്തന്നെ അഭിമാനവും ആദരണീയമാണ്. ഏത് സാഹചര്യത്തിലും അത് പരിരക്ഷിക്കപ്പെടണം. ഹനിക്കപ്പെടരുത് (ഖുര്‍ആന്‍ 49:11, 104:1). അതിനാല്‍ മനുഷ്യന്റെ അഭിമാന സംരക്ഷണത്തിനായി ഇസ്ലാമിക സമൂഹം ഇടപെടേണ്ടത് അനിവാര്യമാണ്,
ദൈവനിശ്ചിതമായ സാമൂഹിക താല്‍പര്യങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്വത്ത് സമ്പാദിക്കാനും കൈവശം വെക്കാനും ചെലവഴിക്കാനും വ്യക്തികള്‍ക്ക് അനുവാദമുണ്ട്. ഈ സ്വാതന്ത്യ്രം സംരക്ഷിക്കപ്പെടണം. അതോടൊപ്പം സാമൂഹിക താല്‍പര്യങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. അതിനാല്‍ കളവ്, ചതി, വഞ്ചന, തട്ടിപ്പ്, വെട്ടിപ്പ്, പൂഴ്ത്തിവെപ്പ്, അഴിമതി, പലിശ, ഷോടതി തുടങ്ങിയ എല്ലാ വിധ സാമ്പത്തിക ചൂഷണങ്ങള്‍ക്കും അറുതിവരുത്താന്‍ രാഷ്ട്രീയ ശക്തിയും സമ്മര്‍ദവും ഉപയോഗപ്പെടുത്തണം, നിരന്തരമായ ബോധവത്കരണത്തോടൊപ്പം.
ഇസ്ലാമിക വീക്ഷണത്തില്‍  വിശ്വാസവൈവിധ്യം ദൈവനിശ്ചിതമായ പ്രകൃതി നിയമത്തിന്റെ ഭാഗമാണ്. അതിനാല്‍ വിശ്വാസമാറ്റത്തിനോ ഏകീകരണത്തിനോ വേണ്ടി ഒരുവിധ ബലപ്രയോഗവും സമ്മര്‍ദവും അനുവദിക്കാവതല്ല. വിശ്വാസ സ്വാതന്ത്യ്രം മനുഷ്യന്റെ ജന്മാവകാശമാണെന്നര്‍ഥം. അത് പൂര്‍ണമായും പരിരക്ഷിക്കപ്പെടണം (ഖുര്‍ആന്‍ 2:256, 18:29, 10:99).
വിശ്വാസ സ്വാതന്ത്യ്രം പോലെ തന്നെ പരമപ്രധാനമാണ് ആരാധനാ സ്വാതന്ത്യ്രം. ആരുടെയും ആരാധ്യ വസ്തു അവഹേളിക്കപ്പെടരുതെന്നും ആക്ഷേപിക്കപ്പെടരുതെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു (6:108). ക്രൈസ്തവ സമൂഹവുമായി പ്രവാചകനുണ്ടാക്കിയ കരാറിലിങ്ങനെ കാണാം: "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും അല്ലാഹുവിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവക്കും അവരില്‍ ഹാജരുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദ സംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരുവകാശവും മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്തുനിന്ന് നീക്കപ്പെടുന്നതല്ല.''
ഇസ്ലാമില്‍ യുദ്ധം അനുവദിക്കപ്പെട്ടത് തന്നെ ശാക്തികസന്തുലിതത്വം നിലനിര്‍ത്താനാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസി മഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിം പള്ളികളും തകര്‍ക്കപ്പെട്ടേക്കുമെന്നും ഖുര്‍ആന്‍ പറയുന്നു (22:39,40). എല്ലാ ജനവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ പരിരക്ഷണം അനിവാര്യമാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഇസ്ലാമിന്റെ രാഷ്ട്രീയ പ്രതിനിധാനം അതിന് സഹായകമാകണം.
ഇവ്വിധം മനുഷ്യന്റെ എല്ലാ മൌലികാവകാശങ്ങളുടെയും സംരക്ഷണത്തിന് ശ്രമിക്കാന്‍ ഇസ്ലാമികസമൂഹം ബാധ്യസ്ഥമാണ്. അവരുടെ രാഷ്ട്രീയ പ്രതിനിധാനവും ഇടപെടലുകളും അതിനു സഹായകമായിരിക്കണം.
പ്രാഥമികാവശ്യങ്ങളുടെ പൂര്‍ത്തീകരണം
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, വെള്ളം, വെളിച്ചം പോലുള്ള പ്രാഥമികാവശ്യങ്ങള്‍ മുഴുവന്‍ മനുഷ്യരുടെയും മൌലികാവകാശമാണ്. രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും അവ ലഭിച്ചിരിക്കണം. അഥവാ, ഈ പ്രാഥമികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആരെങ്കിലും സമൂഹത്തിലുണ്ടെങ്കില്‍ സമ്പന്നരുടെ സ്വത്ത് അവരുടേതല്ലാതായിത്തീരും. അത് ദരിദ്രരുടെയും അഗതികളുടെയും അവകാശമായി മാറും (ഖുര്‍ആന്‍ 51:19, 17:26, 107:1-3). സമ്പത്ത് ധനികവര്‍ഗത്തില്‍ മാത്രം കറങ്ങിത്തിരിയരുത് (59:7).
പ്രവാചകന്‍ പറയുന്നു: "ആവശ്യത്തില്‍ കൂടുതല്‍ വാഹനമുള്ളവന്‍ ഇല്ലാത്തവന് നല്‍കട്ടെ. ഭക്ഷണം ബാക്കിയുള്ളവന്‍ അതില്ലാത്തവനും.''
"ആരുടെയെങ്കിലും വശം രണ്ടാളുടെ ഭക്ഷണമുണ്ടെങ്കില്‍ മൂന്നാമനെ അതിലുള്‍പ്പെടുത്തട്ടെ. നാലാളുടെ ആഹാരമുള്ളവന്‍ അഞ്ചാമനെയോ ആറാമനെയോ കൂടെ ചേര്‍ക്കട്ടെ.''
ഇമാം ഇബ്നു ഹസം പറയുന്നു: "ഓരോ നാട്ടിലെയും സമ്പന്നര്‍ അവിടത്തെ ദരിദ്രരെ രക്ഷിക്കേണ്ടതാണ്. സകാത്തും മറ്റു വിഭവങ്ങളും മതിയാവാതെ വന്നാല്‍ സര്‍ക്കാര്‍ അതിനപ്പുറം നല്‍കാനവരെ നിര്‍ബന്ധിക്കണം. ഭക്ഷണവും ശൈത്യകാലത്തിനും ചൂടുകാലത്തിനുമുള്ള വസ്ത്രവും മഴ, വെയില്‍, തണുപ്പ്, വഴിയാത്രക്കാരുടെ ഉപദ്രവം എന്നിവയില്‍നിന്ന് സംരക്ഷണം നല്‍കുന്ന വീടുമാണ് ദരിദ്രരുടെ അവകാശം'' (അല്‍ മുഹല്ല, ഭാഗം 6, പേജ് 156).
രാജ്യത്തെ മുഴുവന്‍ പൌരന്മാരുടെയും പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തികരിച്ചുകൊടുക്കുന്നതായിരിക്കണം ഭരണകൂടം. അഥവാ, പൊതു ഖജനാവിലെ ധനം അതിനു മതിയാവാതെ വന്നാല്‍ സമ്പന്നരില്‍നിന്ന് പിരിച്ചെടുത്ത് ദരിദ്രര്‍ക്ക് വിതരണം നടത്തണം. ഇത്തരം ഒരു ഭരണസംവിധാനത്തിന്റെ സ്ഥാപനത്തിനോ അല്ലെങ്കില്‍  ഭരണ സംവിധാനത്തെ ഇവ്വിധം മാറ്റാനോ സഹായകമായിരിക്കണം ഇസ്ലാമിക സമൂഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും പ്രതിനിധാനവും. തങ്ങളുടെ ഭരണസീമയില്‍ മനുഷ്യര്‍ മാത്രമല്ല, കന്നുകാലികള്‍ പോലും പട്ടിണി കിടക്കരുതെന്ന് നിര്‍ബന്ധമുള്ളവരായിരുന്നു സച്ചരിതരായ ഖലീഫമാര്‍.
നീതിനിര്‍വഹണം
ഏതൊരു ഭരണകൂടത്തിന്റെയും ഏറ്റവും വലിയ ബാധ്യത നീതിനിര്‍വഹണമാണ്. ഇസ്ലാം നീതിക്ക് വമ്പിച്ച പ്രാധാന്യം കല്‍പിക്കുന്നു. പ്രവാചകന്മാരെ നിയോഗിച്ചതും വേദം നല്‍കിയതും നീതി സ്ഥാപിക്കാനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഭൌതിക താല്‍പര്യങ്ങള്‍ നീതിനിര്‍വഹണത്തിന് തടസ്സമാവരുതെന്നും അനുശാസിക്കുന്നു.
"വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരു കൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നി മാറുകയോ അരുത്'' (4:135).
ഖലീഫ ഉമറിന്റെ ഭരണത്തെ ഏറെ ശ്രദ്ധേയമാക്കിയത് നീതിനിര്‍വഹണത്തിലെ കൃത്യതയും കണിശതയുമാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നത് ഒരു മുസ്ലിമല്ല; മറിച്ച് കോപ്റ്റ് ക്രിസ്ത്യാനിയാണ്. ഖലീഫാ ഉമറുല്‍ ഫാറൂഖിന്റെ ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ അംറുബ്നുല്‍ ആസ്വിന്റെ മകന്‍ മുഹമ്മദ് ഒരു കോപ്റ്റ് ക്രിസ്ത്യാനിയെ അടിച്ചു. ഖലീഫയുടെ മുമ്പില്‍ കേസ് എത്തുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്തപ്പോള്‍, തന്നെ അടിച്ചതുപോലെ ഗവര്‍ണറുടെ മകനെയും അടിക്കാന്‍ ആ ക്രൈസ്തവ സഹോദരന് അവസരം ലഭിച്ചു. ശിക്ഷ നടപ്പാക്കിക്കഴിഞ്ഞപ്പോള്‍ ഉമറുല്‍ ഫാറൂഖ് ഗവര്‍ണറോടും മകനോടും ചോദിച്ചു: "എപ്പോഴാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്. അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായാണല്ലോ പ്രസവിച്ചത്.''
ഇവ്വിധം നിഷ്പക്ഷമായും സത്യസന്ധമായും നീതി സ്ഥാപിക്കാനും നടത്താനുമായിരിക്കണം ഇസ്ലാമിക സമൂഹത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ വഴിതെളിയിക്കുന്നത്.
മൂല്യവത്കരണം
ഇസ്ലാം മുന്നോട്ടുവെക്കുന്ന മുഴുവന്‍ മൂല്യങ്ങളും മാനവികമാണ്. എക്കാലത്തെയും എവിടത്തെയും എല്ലാ നല്ല മനുഷ്യരും അംഗീകരിച്ചവയും. പൊതു ധാര്‍മിക മൂല്യങ്ങളില്‍ ജാതി, മത, സമുദായ ഭേദമന്യേ മുഴുവന്‍ നന്മേഛുക്കള്‍ക്കും യോജിക്കാന്‍ കഴിയും. മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം, കൊള്ള, കൊല, കൈക്കൂലി, വഞ്ചന, ചൂഷണം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരാണ് നിഷ്പക്ഷമായ സമൂഹ മനസ്സാക്ഷി. അതോടൊപ്പം പൊതുജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭരണത്തിലെയും മൂല്യനിരാസമാണ് നമ്മുടെ നാടും കാലഘട്ടവും നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയും പ്രതിസന്ധിയും. അതിനാല്‍ ഇസ്ലാമിന്റെ രാഷ്ട്രീയ പ്രതിനിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പൊതുജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും രാഷ്ട്രത്തിന്റെയും മൂല്യവത്കരണമാവാതെ തരമില്ല.
ഇതിന്റെ തന്നെ ഭാഗമാണ് രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ധാര്‍മികമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവരാവുകയെന്നത്. അപ്പോള്‍ ഭരണാധികാരികള്‍ ജനങ്ങളില്‍ നിന്ന് അന്യരോ അവര്‍ക്ക് അപ്രാപ്യരോ പ്രത്യേകാവകാശങ്ങള്‍ അനുഭവിക്കുന്നവരോ ആവുകയില്ല. ജനനായകന്മാര്‍ ജനസേവകരാണെന്ന ആപ്തവാക്യം അന്വര്‍ഥമാക്കപ്പെടുകയും ചെയ്യും. രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ശ്രദ്ധിക്കപ്പെടുക തങ്ങളുടെ ജനസേവന പ്രവര്‍ത്തനങ്ങളുടെയും ജനങ്ങള്‍ക്കായി അര്‍പ്പിക്കുന്ന ത്യാഗങ്ങളുടെയും പേരിലായിരിക്കും. മറിച്ച്, അധികാരപ്രമത്തതയുടെയും പ്രൌഢിയുടെയും പേരിലായിരിക്കുകയില്ല.
പൊതുമുതല്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഭരണാധികാരികള്‍ അത്യസാധാരണമായ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തുകയും അങ്ങനെ പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുംവിധം അവരെ നിരീക്ഷിക്കാന്‍ സാധാരണ പൌരന്മാരെപ്പോലും ബോധവത്കരിക്കുകയും വേണം. രാജ്യനിവാസികള്‍ ഉയര്‍ന്ന പൌരബോധമുള്ളവരായി മാറുംവിധം അവരെ വളര്‍ത്തി ഉയര്‍ത്തി കൊണ്ടുവന്നാലേ ഇത് സാധ്യമാവുകയുള്ളൂ.
മര്‍ദിതരുടെ മോചനം
എല്ലാവിധ ചൂഷണങ്ങള്‍ക്കും അറുതിവരുത്തലും മര്‍ദിതരുടെ മോചനവും ഇസ്ലാമിന്റെ പ്രകൃഷ്ട ലക്ഷ്യങ്ങളില്‍ പെടുന്നു. മൂസാ നബി ഉള്‍പ്പെടെ പല പ്രവാചകന്മാരും നിയോഗിതരായത് അടിച്ചമര്‍ത്തപ്പെട്ടവരുടെയും അടിയാളരുടെയും വിമോചനത്തിനാണ്. അവ്വിധമുള്ള വിമോചനങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യാന്‍ ഖുര്‍ആനും പ്രവാചക ചര്യയും അനുശാസിക്കുന്നു.
പ്രവാചകന്‍ സ്ഥാപിക്കുകയും സച്ചരിതരായ ഖലീഫമാര്‍ മുന്നോട്ട് നയിക്കുകയും ചെയ്ത ഇസ്ലാമിക രാഷ്ട്രവും സമൂഹവും ബഹുസ്വരമായിരുന്നു. അവരിലൂടെ ഭരണീയര്‍ അനുഭവിച്ചറിഞ്ഞത് പൂര്‍ണാര്‍ഥത്തിലുള്ള സാമൂഹികനീതിയാണ്. അഥവാ, മൌലികാവകാശങ്ങളുടെ സംരക്ഷണവും മൌലികാവശ്യങ്ങളുടെ പൂര്‍ത്തീകരണവും. ജാതി, മത, കക്ഷി, പക്ഷഭേദങ്ങള്‍ക്കതീതമായി മുഴുവന്‍ പൌരന്മാര്‍ക്കും സമ്പൂര്‍ണ നീതി ലഭിച്ചു. എല്ലാവിധ അസമത്വങ്ങള്‍ക്കും അറുതി ഉണ്ടായി. വിവേചനമേതും ഇല്ലാതായി. മനുഷ്യാവകാശ ധ്വംസനങ്ങളോ മര്‍ദനങ്ങളോ ചൂഷണങ്ങളോ ഇല്ലാത്ത അവസ്ഥ സംജാതമായി. ഭരണാധികാരി  ജനങ്ങളില്‍ ഒരുവനായി അവരോടൊപ്പം ജീവിച്ചു. സത്യവും ധര്‍മവും നന്മയും നീതിയും പൊതുജീവിതത്തില്‍ സ്ഥാപിതമായി.
ഇന്ത്യയെപ്പോലുള്ള ഒരു മത നിരപേക്ഷ ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ രാഷ്ട്രീയ പ്രതിനിധാനവും ഇവ്വിധം സാമൂഹികനീതി സ്ഥാപിക്കാനായിരിക്കണം. മൌലിക മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും മര്‍ദിതരുടെ മോചനത്തിനുമായിരിക്കണം. പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവന്ന് എല്ലാവിധ വിവേചനങ്ങള്‍ക്കും അറുതി വരുത്താനും സകലവിധ ചൂഷണങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാനുമായിരിക്കണം. അതോടൊപ്പം രാഷ്ട്രീയത്തിന്റെയും രാഷ്ട്രത്തിന്റെയും മൂല്യവത്കരണത്തിനും.
സമൂഹത്തിന്റെ നന്മയും നാടിന്റെ ക്ഷേമവും ആഗ്രഹിക്കുന്ന ഏവര്‍ക്കും യോജിക്കാന്‍ കഴിയുന്ന ഈ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന് മുഴുവന്‍ സുമനസ്സുകളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് ശ്രമിക്കേണ്ടത്. അത്തരമൊരു സമീപനമാണ് കാലം നമ്മോടാവശ്യപ്പെടുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം