Prabodhanm Weekly

Pages

Search

2011 ജൂലൈ 16

ചോദ്യോത്തരം

മിശ്ര വിവാഹങ്ങള്‍, മതേതര വിവാഹങ്ങള്‍
 വ്യത്യസ്ത ജാതി മത വിഭാഗങ്ങളില്‍ പെട്ട സ്ത്രീ പുരുഷന്മാര്‍ പരസ്പരം പ്രണയിക്കുകയും, ദീര്‍ഘകാലം കഷ്ടപ്പെട്ട് പോറ്റിവളര്‍ത്തി പഠിപ്പിച്ച മാതാപിതാക്കളെയും ജനിച്ചു വളര്‍ന്ന മത സംസ്കാരങ്ങളെയുമൊക്കെ വലിച്ചെറിഞ്ഞ് തങ്ങള്‍ തെരഞ്ഞെടുത്തവരെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ അനുദിനം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ആദ്യമൊക്കെ മിശ്ര വിവാഹമെന്നും 'മതേതര' വിവാഹമെന്നും എന്തിന് മതരഹിത വിവാഹമെന്നുമൊക്കെ പറഞ്ഞ് ആവേശത്തില്‍ വാഴ്ത്തിപ്പാടുന്ന ഇത്തരം വിവാഹങ്ങള്‍ ഒടുവില്‍ ദുരന്ത പര്യവസാനത്തിലാണ് കലാശിക്കുന്നത്. പലതും സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ കാഴ്ച നമ്മുടെ മുന്നില്‍ എമ്പാടും കാണാനുണ്ട്.
രണ്ട് സംസ്കാരങ്ങള്‍, അലിയാതെ കിടക്കുന്ന ബന്ധങ്ങള്‍, വിവാഹത്തിന് ശേഷം കുട്ടി ജനിക്കുന്നതിലൂടെ ഉരുണ്ടുകൂടുന്ന അസ്തിത്വ പ്രശ്നങ്ങള്‍, ഏതെങ്കിലും ഒരാളുടെ മതത്തിലേക്ക് മാറാനുള്ള സമ്മര്‍ദം തുടങ്ങിയ ഒരുപാട് സങ്കീര്‍ണതകള്‍ നേരിടുന്ന ഇത്തരം വിവാഹബന്ധങ്ങള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ് സമൂഹത്തില്‍ വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ തന്നെ സൃഷ്ടിക്കുന്നതായി കാണുന്നു. ഇത്തരം 'ഒളിച്ചോട്ട' വിവാഹങ്ങളോട് സ്വീകരിക്കേണ്ട സമീപനം എന്താണ്? ദുരൂഹമായ സമസ്യകള്‍ അവശേഷിപ്പിച്ച്, കാമുകനോടൊപ്പം ഒളിജീവിതം നയിച്ച് ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് മടുത്ത് തിരിച്ചുവരുന്ന ഒരു മുസ്ലിം യുവതിയോട് കുടുംബവും സമൂഹവും എന്ത് നിലപാടാണ് എടുക്കേണ്ടത്? പ്രായത്തിന്റെ ചാപല്യത്തില്‍ ചാറ്റിംഗിലൂടെയും പ്രലോഭനങ്ങളിലൂടെയുമൊക്കെ വേലി ചാടി പ്രശ്നമായാല്‍ കോടതിയിലെത്തുന്ന കേസുകളുടെ വിധിയിലും ഉണ്ട് പ്രശ്നങ്ങള്‍. ഇത്തരം കേസുകളില്‍ കോടതി വിഷയത്തിന്റെ ഗൌരവം ഉള്‍ക്കൊള്ളാതെ, രക്ഷിതാക്കളുടെ മനസ്സോ നിലപാടോ അറിയാതെ 'ഇഷ്ടപ്പെട്ട'വരോടൊപ്പം പറഞ്ഞയക്കാനാണ് വിധിക്കുന്നത്. ഇത്തരം 'വിധി'കളോട് എന്ത് സമീപനാണ് സ്വീകരിക്കേണ്ടത്? വിശ്വാസിയായ ഒരു മുസ്ലിം മറ്റൊരു മതവിഭാഗത്തില്‍ പെട്ടവരെ പ്രണയിച്ച് വിവാഹം കഴിച്ച് പരസ്പരം മതം മാറാതെ തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിയാണ് ജീവിക്കുന്നതെന്ന വാദത്തോടുള്ള മതവിധി എന്താണ്? മതത്തിന്റെ കാഴ്ചപ്പാടില്‍ അവരുടെ വിശ്വാസജീവിതം സാധുവാകുമോ?
അബ്ദുല്‍ അസീസ് കണ്ടത്തില്‍
എടക്കാട്, കണ്ണൂര്‍

 


കണിശവും കൃത്യവുമായ ധാര്‍മിക നിലപാടും സദാചാര നിയമങ്ങളുമുള്ള ഇസ്ലാം, വിവാഹത്തെ കാണുന്നത് തന്നെ ദീനിനെ രക്ഷിക്കാനുള്ള ഉപാധിയായിട്ടാണ്. ഒരു പരിതസ്ഥിതിയിലും ബഹുദൈവവിശ്വാസികളെയോ അസാന്മാര്‍ഗിക ജീവിതം നയിക്കുന്നവരെയോ വിവാഹം ചെയ്യാന്‍ ഇസ്ലാം സ്ത്രീയെയോ പുരുഷനെയോ അനുവദിച്ചിട്ടില്ല. സൂറത്തുന്നൂറിലെ മൂന്നാം സൂക്തം അത് വ്യക്തമാക്കുന്നു. അവിഹിതമോ പരിധിക്ക് പുറത്തുള്ളതോ ആയ വൈവാഹിക ബന്ധങ്ങളിലേക്ക് നയിക്കാവുന്ന സാഹചര്യങ്ങള്‍ പോലും ഇസ്ലാം തടഞ്ഞിരിക്കുന്നു. ദാമ്പത്യ ബന്ധം തികച്ചും പവിത്രവും സമാധാനപൂര്‍ണവും ആയിരിക്കാന്‍ വേണ്ടിയാണീ നിയന്ത്രണം. ഒപ്പം സന്താനങ്ങള്‍ ഇസ്ലാമികമായ അന്തരീക്ഷത്തിലാവണം വളരുകയെന്നും അനിസ്ലാമിക സംസ്കാരത്തിനവര്‍ വിധേയരാവാന്‍ ഇടനല്‍കരുതെന്നും ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. വേദഗ്രന്ഥങ്ങളുടെ അവകാശികളായ ജൂത -ക്രൈസ്തവ സമുദായങ്ങളില്‍ പെട്ട വനിതകളെ വിവാഹം ചെയ്യാന്‍ മുസ്ലിം പുരുഷന്മാരെ അനുവദിച്ച ഇസ്ലാം അവര്‍ ചാരിത്യ്രവതികളായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. മക്കളെ പിതാക്കളുടെ മതത്തില്‍ തന്നെ വളര്‍ത്തണമെന്നത് നിര്‍ബന്ധവുമാണ്. മുസ്ലിം യുവതികള്‍ക്ക് ജൂത-ക്രൈസ്തവ പുരുഷന്മാരെ വിവാഹം ചെയ്യാന്‍ അനുമതി നല്‍കാതിരുന്നതിന്റെ പ്രധാന കാരണവും സന്താനങ്ങള്‍ അമുസ്ലിംകളായിത്തീരാനുള്ള സാധ്യതയാണ്.
ഇതൊക്കെയാണെങ്കിലും അനിസ്ലാമിക സംസ്കാരത്തിന്റെ അപ്രതിരോധ്യമായ സ്വാധീനവും രാജ്യത്തെ പൊതുവായ ധാര്‍മികാധഃപതനവും നിര്‍ബാധമായ സ്ത്രീ പുരുഷ സമ്പര്‍ക്കവും നമ്മുടേത് ഒരു ബഹുമത സമൂഹമാണെന്ന വസ്തുതയും മതനിരാസ മീഡിയയുടെ ബോധപൂര്‍വമായ പ്രചാരണവുമെല്ലാം ചേര്‍ന്ന് ചോദ്യത്തില്‍ അവതരിപ്പിച്ചത് പോലുള്ള സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുണ്ടെന്നത് ശരിയാണ്. ഇസ്ലാമിനോട് പ്രതിബദ്ധതയുള്ള രക്ഷിതാക്കളുടെ സൂക്ഷ്മതയും ജാഗ്രതയുമാണ് ഇത്തരം സാഹചര്യങ്ങളില്‍ അപായഗര്‍ത്തങ്ങളില്‍ ചെന്നുചാടാതിരിക്കാനുള്ള ഗ്യാരണ്ടി. അതോടൊപ്പം മഹല്ലുകള്‍ തോറും ശക്തമായ ബോധവത്കരണത്തിന് വിവിധ മതസംഘടനകള്‍ മുന്നിട്ടിറങ്ങിയേ മതിയാവൂ. മൂന്നാമതായി, ദീന്‍ എന്നാല്‍ ഗുണകാംക്ഷയാണെന്ന് മനസ്സിലാക്കി, മുസ്ലിംകുട്ടികള്‍ അഹിതകരമായ ബന്ധങ്ങളില്‍ ചെന്നു ചാടുന്നു എന്ന് മനസ്സിലാക്കിയവര്‍ അത് യഥാസമയം രക്ഷിതാക്കളെയും ബന്ധപ്പെട്ടവരെയും അറിയിക്കാന്‍ അമാന്തിക്കരുത്. സിനിമ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളിലെ ചതിക്കുഴികള്‍ മനസ്സിലാക്കി ഇളം തലമുറകളെ അതില്‍ നിന്ന് തടയാന്‍ മുതിര്‍ന്നവര്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്. നമ്മുടെ മതവിദ്യാഭ്യാസത്തിന്റെ അപര്യാപ്തിയും അശാസ്ത്രീയതയും യുവാക്കള്‍ സുശിക്ഷിതരായി വളരാന്‍ തടസ്സമാണ് എന്നുകൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അപക്വവും അപകടകരവുമായ ബന്ധങ്ങളില്‍ ചെന്നുചാടാതിരിക്കാനുള്ള ശിക്ഷണം മതവിദ്യാലയങ്ങളില്‍ ലഭ്യമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എത്ര ജാഗ്രത പാലിച്ചാലും ചില സംഭവങ്ങള്‍ ഉണ്ടായെന്നിരിക്കും. അത്തരം സംഭവങ്ങളെ സമചിത്തതയോടെയും വിവേകപൂര്‍ണമായും നേരിടാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. വൈകാരിക പ്രതികരണങ്ങളും നടപടികളും ഗുണത്തേക്കാള്‍ ദോഷമേ ചെയ്യൂ. ഉത്തരേന്ത്യയിലെ 'അഭിമാനകൊല' ഉദാഹരണമാണ്. മുസ്ലിം യുവാക്കള്‍ അമുസ്ലിംകളെ വിവാഹം ചെയ്യാന്‍ തന്നെ തീരുമാനിച്ചാല്‍ അത് മതദൃഷ്ട്യാ സാധുതയുള്ളതാക്കി മാറ്റാനുള്ള അവധാനപൂര്‍വമായ നടപടികളാണവശ്യം. മതാതീതമായ ദാമ്പത്യബന്ധങ്ങളുടെ ഐഹികവും പാരത്രികവുമായ ഭവിഷ്യത്തിനെപ്പറ്റി പ്രണയക്കുരുക്കില്‍ അകപ്പെട്ടവരെ യുക്തിസഹമായി ധരിപ്പിക്കുകയല്ലാതെ, ബലപ്രയോഗം ഒന്നിനും പ്രതിവിധിയല്ല. പ്രായപൂര്‍ത്തി വന്നവരുടെ ഇംഗിതം കോടതികള്‍ ആരായുന്നതും അതു പ്രകാരം വിധിക്കുന്നതും നിയമാനുസൃതമാണ്. അതിന് കോടതികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മാതാപിതാക്കളുടെ വികാരങ്ങള്‍ കോടതികള്‍ ഉള്‍ക്കൊണ്ടാലും യുവതീ യുവാക്കളെ അവരുടെ അഭീഷ്ടത്തിന് വിരുദ്ധമായി രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്താലുണ്ടാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുക്കണമല്ലോ.

എസ്.ഐ.ഒവിന്റെ പേരുമാറ്റം
 ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ ഒരു മൂല്യാധിഷ്ഠിത വിദ്യാര്‍ഥി പ്രസ്ഥാനമാണ്. ഇതഃപരന്ത്യമുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരവുമാണ്. പക്ഷേ, അമുസ്ലിം സുഹൃത്തുക്കള്‍ അടക്കമുള്ള പലരും അതുമായി സഹകരിക്കാന്‍ മടിക്കുന്നു. അതിന് ഒരു കാരണം അതിന്റെ സ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന പേരാണ്. ആയതിനാല്‍ സംഘടനയുടെ പേര് സ്റുഡന്റസ് ഇന്ത്യ ഓര്‍ഗനൈസേഷന്‍ എന്ന് മാറ്റാന്‍ പാടില്ലേ?
മൊയ്തീന്‍ മറാത്ത്
സുഊദി അറേബ്യ

 


'ഇസ്ലാമിക സംഘടന' എന്നര്‍ഥമുള്ള 'ജമാഅത്തെ ഇസ്ലാമി' എന്ന പേര്‍ സ്വീകരിച്ചുകൊണ്ടുതന്നെ മുസ്ലിംകളിലും അമുസ്ലിംകളിലും പ്രവര്‍ത്തിക്കാന്‍ ജമാഅത്തിനാവുന്നു. അമുസ്ലിം സഹകാരികളെ 'മുആവിന്‍' ഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഇസ്ലാം മുസ്ലിംകളുടെ മാത്രം മതമല്ലെന്നും എല്ലാ മനുഷ്യരുടെയും സന്മാര്‍ഗദര്‍ശനത്തിനായി ദൈവം നല്‍കിയ സമ്പൂര്‍ണ ജീവിത ദര്‍ശനമാണെന്നും പ്രബോധനം ചെയ്യുന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി സംഘടന മാതൃസംഘടനയില്‍ നിന്ന് ഭിന്നമായ മറ്റൊരു ഇമേജ് ഉദ്ദേശിക്കുന്നുണ്ടാവില്ല. എസ്.ഐ.ഒവിന്റെ രക്ഷാധികാരം ജമാഅത്തിനാണെന്ന് അതിന്റെ ഭരണഘടനയില്‍ ഉറപ്പ് വരുത്തിയിട്ടുമുണ്ടല്ലോ.


ടോണി ബ്ളെയര്‍ കണ്ടെത്തിയ ഖുര്‍ആന്‍
 ഈയിടെ ഖുര്‍ആന്‍ വായന തന്റെ ദിനചര്യയുടെ ഭാഗമാണെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളെയര്‍. മതങ്ങളെക്കുറിച്ച് അറിവ് നേടുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മതത്തില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്ന ബ്ളെയര്‍, 2007-ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങിയ ശേഷം കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരുന്നു.
"ആഗോളവത്കൃത ലോകത്ത് വിവിധ വിശ്വാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയെന്നത് വളരെ പ്രധാനമാണ്. ഞാന്‍ ദിനേന ഖുര്‍ആന്‍ വായിക്കാറുണ്ട്. ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണിത്. മാത്രമല്ല, അത്യന്തം വിജ്ഞാനപ്രദമായ ഗ്രന്ഥമാണത്''- അദ്ദേഹം പറഞ്ഞു.
"പശ്ചിമേഷ്യന്‍ ദൂതന്‍ എന്ന നിലയില്‍ ഇസ്ലാമിനെക്കുറിച്ചുള്ള വിജ്ഞാനം പ്രധാനമാണ്. നവീകരണ സഹായിയായ ഗ്രന്ഥമാണ് ഖുര്‍ആന്‍. അതില്‍ എല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ട്. ശാസ്ത്രവും വിജ്ഞാനവും ഉദ്ഘോഷിക്കുന്ന അത് അന്ധവിശ്വാസങ്ങളെ തള്ളിക്കളയുന്നു. വിവാഹം, സ്ത്രീ, ഭരണം തുടങ്ങിയ കാര്യങ്ങളിലുള്ള ഖുര്‍ആന്റെ കാഴ്ചപ്പാടുകള്‍ കാലാതിവര്‍ത്തിയും പ്രായോഗികവുമാണ്''- അദ്ദേഹം പറഞ്ഞു (ഡെയ്ലി മെയില്‍ ദിനപത്രം, ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്തത്- ഗള്‍ഫ് തേജസ് ദിനപത്രം 2011 ജൂണ്‍ 14). പ്രതികരണം?
നസ്വീര്‍ പള്ളിക്കല്‍
രിയാദ്


ജോര്‍ജ് ഡബ്ള്യു ബുഷിന്റെ ഇറാഖ് അധിനിവേശത്തില്‍ പങ്കാളിയാവുക വഴി പൊറുക്കാനാവാത്ത അപരാധമാണ് ടോണി ബ്ളെയര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കെ ചെയ്തത്. അന്നദ്ദേഹത്തിന് മതത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്ന് പറഞ്ഞത് ശരിയായിരിക്കണം. ദൈവത്തിലും മതത്തിലും ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഒരാള്‍ക്കും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ, കള്ളങ്ങളുടെ മേല്‍ സ്ഥാപിച്ചെടുത്ത അധിനിവേശത്തെ പിന്തുണക്കാനോ ന്യായീകരിക്കാനോ ആവില്ല. സ്ഥാനമൊഴിഞ്ഞ ശേഷമെങ്കിലും അദ്ദേഹം മതങ്ങളെ പഠിക്കാന്‍ ആരംഭിച്ചതും വിശുദ്ധ ഖുര്‍ആന്‍ പഠനാര്‍ഹമായ ഗ്രന്ഥമാണെന്ന് തിരിച്ചറിഞ്ഞതും ഏതായാലും നല്ല കാര്യമാണ്.
ടോണി ബ്ളെയറുടെ ഖുര്‍ആന്‍ പഠനം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു. നവീകരണ സഹായിയായ ഗ്രന്ഥമെന്ന് അദ്ദേഹം ഖുര്‍ആനെ വിലയിരുത്തിയപ്പോള്‍ അതൊരു പഴഞ്ചന്‍ അന്ധവിശ്വാസ സംഹിതയാണെന്ന മതേതരവാദികളുടെ വാദത്തെ നിരാകരിക്കുകയാണ് ചെയ്തത്. അതുപോലെ വിവാഹം, സ്ത്രീ, ഭരണം തുടങ്ങിയ കാര്യങ്ങളിലുള്ള ഖുര്‍ആന്റെ കാഴ്ചപ്പാടുകള്‍ കാലാതിവര്‍ത്തിയും പ്രായോഗികവുമാണെന്ന ടോണി ബ്ളെയറിന്റെ പഠനം മുസ്ലിം സെക്യുലരിസ്റുകള്‍ക്കും പുരോഹിതന്മാര്‍ക്കും ഒരേയവസരത്തിലുള്ള മറുപടിയാണ്. ബ്ളെയര്‍ മനസ്സിലാക്കിയ സത്യം പണ്ടേ ലോകത്തോട് പറഞ്ഞതാണ് ഇവരുടെയൊക്കെ കണ്ണില്‍ ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ കരടാവാന്‍ കാരണമെന്നോര്‍ക്കണം.

ലിബിയയിലെ ആഭ്യന്തര യുദ്ധം
 കേണല്‍ ഖദ്ദാഫിയുടെ ഏകാധിപത്യത്തിനെതിരെ ലിബിയന്‍ ജനത ജനാധിപത്യവത്കരണത്തിനുവേണ്ടി നടത്തുന്ന പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങാന്‍ കാരണമെന്താണ്?
എ.ആര്‍ ചെറിയമുണ്ടം


രാജഭരണം അവസാനിപ്പിച്ച് ലിബിയയില്‍ പട്ടാള വിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുത്ത കേണല്‍ മുഅമ്മറുല്‍ ഖദ്ദാഫി നാലു പതിറ്റാണ്ടിലധികം കാലമായി തികഞ്ഞ സ്വേഛാധിപത്യമാണ് രാജ്യത്ത് നടപ്പാക്കിയത്. ഭ്രാന്തന്‍ ആശയങ്ങളും അഭിപ്രായങ്ങളും വെച്ചുപുലര്‍ത്തുന്ന ഖദ്ദാഫി ഒരു ജനകീയ പ്രസ്ഥാനത്തെയും വളരാന്‍ അനുവദിക്കാതെ തന്റെ റാന്‍മൂളികളെ മാത്രം അധികാര ശ്രേണികളില്‍ പ്രതിഷ്ഠിച്ചു. വേണ്ടതിലധികം ലഭിക്കുന്ന എണ്ണപ്പണം യുവാക്കളെ മയക്കിക്കിടത്തുന്നതിന് ഉപയോഗിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഖദ്ദാഫിയുടെ തന്നിഷ്ടങ്ങള്‍ക്ക് കൊടുക്കാവുന്നതിലധികം വില കൊടുത്തു കഴിഞ്ഞുവെന്ന് ജനങ്ങള്‍ തിരിച്ചറിയുമ്പോഴേക്ക് സമയം വൈകിപ്പോയിരുന്നു. എന്നിട്ടും തുനീഷ്യയില്‍ നിന്നും ഈജിപ്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ ജനാധിപത്യത്തിനായി പ്രക്ഷോഭരംഗത്തിറങ്ങി. പക്ഷേ, നിഷ്ഠുരനും അവിവേകിയുമായ ഖദ്ദാഫി സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്നതാണ് ലോകം കണ്ടത്. താന്‍ ഭരണാധികാരിയല്ലാത്ത ഒരു ലിബിയ ലോകത്തവശേഷിക്കണം എന്നയാള്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. മറുവശത്ത് ലിബിയയുടെ ജനാധിപത്യവത്കരണത്തേക്കാളേറെ ആ രാജ്യത്തെ എണ്ണയില്‍ കണ്ണ്നട്ട് അമേരിക്കയും നാറ്റോയും സൈനികമായി ഇടപെട്ടത് ഖദ്ദാഫിക്ക് യുദ്ധം തുടരാന്‍ മതിയായ ന്യായീകരണം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ചെകുത്താനും കടലിനും മധ്യേ അകപ്പെട്ട ലിബിയയിലെ സങ്കീര്‍ണവും കലുഷവുമായ സ്ഥിതിഗതികള്‍ പ്രവചനാതീതമായ പതനത്തിലാണ് ചെന്നെത്തിയിരിക്കുന്നത്.

ജനാധിപത്യം സലഫീ വീക്ഷണത്തില്‍
 ഈജിപ്തിലെ സലഫീ പ്രസ്ഥാനത്തിന്റെ വക്താവ് ശൈഖ് അബ്ദുല്‍ മുന്‍ഇം ശഹ്ഹാതുമായി അശ്ശര്‍ഖുല്‍ ഔസത്ത് ദിനപത്രം നടത്തിയ ഒരഭിമുഖത്തില്‍ ജനാധിപത്യത്തെക്കുറിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി: "ജനാധിപത്യം പല ഘടകങ്ങളുമുള്‍ക്കൊള്ളുന്നതാണ്, അവയില്‍ മിക്കതും സ്വീകാര്യമാണ്. പക്ഷേ, അവയില്‍ ഏറ്റവും അപകടകരമായിട്ടുള്ളത് നിയമനിര്‍മാണത്തിനുള്ള പരമാധികാരം അത് ജനങ്ങള്‍ക്ക് നല്‍കുന്നു എന്നതാണ്. നിയനിര്‍മാണത്തിനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്'' (അശ്ശര്‍ഖുല്‍ ഔസ്വത് 18.4.2011).
ഇവ്വിധത്തിലുള്ള വിശദീകരണം നല്‍കിയതിന്റെ പേരിലാണ് നമ്മുടെ നാട്ടിലെ സലഫികളെന്നവകാശപ്പെടുന്നവര്‍ മൌലാനാ മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും നിരന്തരം പ്രതിക്കൂട്ടില്‍ കയറ്റിക്കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ജനാധിപത്യം, മതേതരത്വം തുടങ്ങിയ വിഷയങ്ങളില്‍ മുജാഹിദ് വിഭാഗത്തിന്റെ നിലപാടെന്താണ്?
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍
അബൂദബി

കേരളത്തിലെ മുജാഹിദ് സംഘടനകള്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി അറബ് മുസ്ലിം നാടുകളിലെ സലഫി പ്രസ്ഥാനത്തിന്റെ ഭാഗമാണ് തങ്ങളെന്ന് അവകാശപ്പെടുന്നതല്ലാതെ യഥാര്‍ഥത്തില്‍ രാഷ്ട്രാന്തരീയ സലഫിസവുമായി അവക്ക് മൌലികമായിത്തന്നെ അന്തരമുണ്ട്. കേരള സലഫികളുടെ മത-രാഷ്ട്ര വിഭജനവാദമോ സെക്യുലരിസമോ ഇതര രാജ്യങ്ങളിലെ സലഫികള്‍ അംഗീകരിക്കുന്നില്ല. 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന് ദേശീയ പതാകയില്‍ ആലേഖനം ചെയ്യുകയും ഖുര്‍ആനും സുന്നത്തും നിയമനിര്‍മാണത്തിന്റെ സ്രോതസ്സായി അംഗീകരിക്കുകയും ചെയ്ത സുഊദി അറേബ്യയാണ് ലോകത്തെ ഒരേയൊരു സലഫി രാഷ്ട്രം. സുഊദി സലഫികളാവട്ടെ മതേതരത്വത്തിന്റെ എല്ലാ വകഭേദങ്ങളെയും നിരാകരിക്കുന്നവരുമാണ്. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ കേരള സലഫികള്‍ യഥാര്‍ഥ മുഖം പ്രദര്‍ശിപ്പിക്കാറേ ഇല്ല. ഇവിടെ മതേതരവാദികളുടെ കൈയടി മോഹിച്ചും ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിക്കാനുള്ള സുവര്‍ണാവസരമായി കണ്ടും 'മതരാഷ്ട്രവാദം' എന്ന് പേരിട്ട് ഇസ്ലാമിനെ അരാഷ്ട്രീയവത്കരിക്കുന്നവര്‍ തികഞ്ഞ ആത്മവഞ്ചനയാണ് നടത്തുന്നത്.

പ്രവാചകന്മാരുടെ ദൌത്യം
 ഇസ്ലാമില്‍ രാഷ്ട്രീയവും ഭരണവും ഉണ്ടെങ്കിലും അതൊരിക്കലും അതിന്റെ അവിഭാജ്യഘടകമായിരുന്നില്ല. പക്ഷേ, ജമാഅത്തെ ഇസ്ലാമി എന്ന മത-രാഷ്ട്രീയ പ്രസ്ഥാനത്തിന് സമൂഹത്തിന് മുമ്പില്‍ വേറിട്ട് കാണാനും നിലനില്‍ക്കാനും ഇസ്ലാമിലെ രാഷ്ട്രീയവും ഭരണവും നിര്‍ബന്ധമായി വന്നിരിക്കുന്നു. വിരലിലെണ്ണാവുന്ന പ്രവാചകന്മാര്‍ ഒഴികെ ഭൂരിപക്ഷ പ്രവാചകന്മാരും രാഷ്ട്രീയത്തെയും ഭരണത്തെയും അവഗണിച്ചുകൊണ്ട് ഏകദൈവ(തൌഹീദ്) സിദ്ധാന്തത്തെ മാത്രമല്ലേ പ്രബോധനം ചെയ്തിരുന്നത്? അങ്ങനെയാണെങ്കില്‍ ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണത്തില്‍ ഭൂരിപക്ഷ പ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ ദീനും ദൌത്യവും പൂര്‍ത്തിയാക്കാതെ തിരിച്ചുപോയവരായിരുന്നു എന്നുവരില്ലേ?
എന്‍.പി രിയാദ്


'അല്ലാഹുവിന് അടിപ്പെട്ട് ജീവിക്കുക, അല്ലാഹുവല്ലാത്ത ശക്തികളെ വര്‍ജിക്കുക' എന്ന സന്ദേശവുമായാണ് എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയുക്തരായതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിനെ നിരാകരിക്കുകയോ അല്ലാഹുവിന്റെ അധികാരം സ്വയം കൈയടക്കുകയോ ചെയ്ത ഫിര്‍ഔന്‍, നംറൂദ് തുടങ്ങിയ ധിക്കാരികളെ പ്രബോധനം ചെയ്ത പ്രവാചകന്മാര്‍, അവരെ കേവലം ആരാധനാപരമായ ശിര്‍ക്കില്‍നിന്ന് തടയുക മാത്രമല്ല ചെയ്തത്. മറിച്ച് അല്ലാഹുവിന്റെ അടിമകളെ അടക്കി ഭരിക്കാനുള്ള അധികാരം നിങ്ങള്‍ക്കല്ല എന്നും തുടര്‍ന്നു പ്രഖ്യാപിച്ചു. യൂസുഫ്, ദാവൂദ്, സുലൈമാന്‍(അ) തുടങ്ങിയ പ്രവാചകന്മാരാകട്ടെ ദൈവിക ഭരണത്തിന്റെ മാതൃക കാഴ്ചവെക്കുകയും ചെയ്തു. അവസാനമായി ലോകത്തിനാകെ അനുഗ്രഹമായി നിയുക്തനായ മുഹമ്മദ് നബി(സ) ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധനം കൊണ്ട് ഒരു വിശ്വോത്തര സ്റേറ്റ് സ്ഥാപിച്ച് അതിന്റെ ഭരണം തന്റെ സച്ചരിതരായ ശിഷ്യന്മാരെ ഏല്‍പിച്ചാണ് വിടവാങ്ങിയത്. സര്‍വോപരി ഇസ്ലാമിന്റെ മൂലപ്രമാണങ്ങളായ ഖുര്‍ആനിലും സുന്നത്തിലും, വിശ്വമാനവികതയിലും നീതിയിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ഭരണവ്യവസ്ഥയുടെ രൂപരേഖ വരഞ്ഞു കാണിക്കുകയും ചെയ്യുന്നു. മറിച്ച് മതേതരത്വം പ്രബോധനം ചെയ്യാന്‍ വന്ന ഒരു പ്രവാചകനെയും ചരിത്രമോ ഖുര്‍ആനോ പരിചയപ്പെടുത്തുന്നില്ല. ജീവിതരംഗങ്ങളെയാകെ ഒഴിച്ചുനിര്‍ത്തി കേവലം ആരാധനയില്‍ ഊന്നുന്ന ഒരു 'തൌഹീദ്' ഇസ്ലാമിലില്ല. 'നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പറയുവിന്‍, അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്പ്പെടും' എന്നാണ് അല്ലാഹുവിന്റെ ദൂതന്‍ ആഹ്വാനം ചെയ്തത്.
ശിര്‍ക്കിനെതിരെ തൌഹീദ് പ്രബോധനം ചെയ്ത അനേകം പ്രവാചകരെ ജനം കൊന്നുകളഞ്ഞിട്ടുണ്ട്. വളരെ പേര്‍ക്ക് ആരെയും അനുയായികളായി ലഭിച്ചില്ല. ഇവരൊക്കെ ദൌത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടവരാണോ? അല്ലെങ്കില്‍ ഭരണത്തിന്റെ കാര്യവും അതുതന്നെ. പ്രബോധനമാണ് പ്രവാചകന്മാരുടെ ചുമതല. ജനങ്ങള്‍ നന്മ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ പിന്തുടരാം, അത്രതന്നെ. ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക് ഐഡന്റിറ്റിക്ക് മാത്രമായി ഇസ്ലാമിന് അന്യമായ വാദഗതികളൊന്നും ആവശ്യമില്ല. രാജ്യ നന്മക്കായി ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നത് തന്നെയാണ് ജമാഅത്തിനെ ഇതര സാമ്പ്രദായിക മതസംഘടനകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം