Prabodhanm Weekly

Pages

Search

2011 ജൂലൈ 16

പുതിയ ചരിത്രത്തിന് കാതോര്‍ക്കുന്ന മധ്യധരണ്യാഴി തീരം

പി.പി അബ്ദുര്‍റസ്സാഖ് പെരിങ്ങാടി

തോമസ് ഫ്രീഡ്മാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍(23.2.2011) എഴുതി: "അമേരിക്കയും യൂറോപ്പും ഇതര ഏഷ്യന്‍ രാജ്യങ്ങളും മധ്യ പൌരസ്ത്യ ദേശത്തെ കണ്ടിരുന്നതും അവരോട് പെരുമാറിയതും വെറും വലിയ ഗ്യാസ് സ്റേഷനുകളുടെ കൂട്ടമെന്നോണമാണ്. ഈ പ്രദേശത്തുകാര്‍ക്കുള്ള അവരുടെ സന്ദേശം എന്നും എപ്പോഴും ഒന്നായിരുന്നു: എടോ ചെറുക്കാന്മാരേ (അതെ നാം എപ്പോഴും സംസാരിച്ചിരുന്നത് വെറും ചെറുക്കന്മാരോടായിരുന്നു), ഇതാ നമുക്കിടയിലെ ഡീല്‍. നിങ്ങളുടെ പമ്പുകള്‍ തുറന്നിടുക, എണ്ണയുടെ വില എന്നും താഴ്ന്നതായിരിക്കണം. ഇസ്രയേലികളെ വല്ലാതെ ബോതര്‍ ചെയ്യരുത്. പിന്നെ, നമ്മെ സംബന്ധിച്ചേടത്തോളം നിങ്ങള്‍ക്ക് നിങ്ങളുടെ ജനതയോട് എന്തും ചെയ്യാം. അത് ഞങ്ങള്‍ക്ക് പ്രശ്നമേ അല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ജനങ്ങളുടെ എന്ത് പൌരാവകാശങ്ങളും നിഷേധിക്കാം. നിങ്ങളിഷ്ടപ്പെടുന്ന എന്ത് അഴിമതിയിലും നിങ്ങള്‍ക്ക് വ്യാപൃതരാവാം. എന്ത് തരത്തിലുള്ള അസഹിഷ്ണുതയും പള്ളികളില്‍ നിങ്ങള്‍ക്ക് പ്രസംഗിക്കാം. നിങ്ങളുടെ പത്രങ്ങളില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന എന്ത് ഗൂഢാലോചനാ തന്ത്രങ്ങളെ കുറിച്ചും നമ്മെ സംബന്ധിച്ച് നിങ്ങള്‍ക്ക് എഴുതാം. നിങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് പോലെ ഇഷ്ടമുള്ള കാലത്തോളം നിരക്ഷരകുക്ഷികളായി തന്നെ നിലനിര്‍ത്താം. ഒരു നൂതനമായ ശേഷിയും വികസിപ്പിച്ചെടുക്കാതെ നിങ്ങളുദ്ദേശിക്കുന്നതുപോലെ വിശാലമായ ക്ഷേമ രാജ്യ ഇകോണമികള്‍ക്ക് രൂപം നല്‍കാം. നിങ്ങളുടെ യുവാക്കള്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ വിദ്യാഭ്യാസം നിഷേധിക്കാം. ഒരു കാര്യം മാത്രം ചെയ്യുക. ഓയിലിന്റെ പമ്പ് തുറന്നു വെക്കുക, വില താഴ്ന്നതായിരിക്കുക. ജൂതന്മാര്‍ക്ക്, വേണ്ടാത്ത ഇടങ്ങേറുകളൊന്നും ഉണ്ടാക്കാതിരിക്കുക. പിന്നെ നേരത്തെ പറഞ്ഞതുപോലെ നിങ്ങള്‍ ഉദ്ദേശിക്കുന്ന എന്തും നിങ്ങള്‍ക്ക് നിങ്ങളുടെ ജനങ്ങളോട് ചെയ്യാം.''
ഇതാണ് മധ്യ പൌരസ്ത്യ രാജ്യങ്ങളെ ഒരുപാട് ദശകങ്ങളായി കാലത്തിനും ചരിത്രത്തിനും ഒപ്പം സഞ്ചരിക്കുന്നതില്‍നിന്ന് തടഞ്ഞ പ്രധാന ഘടകങ്ങളില്‍ ഒന്ന്. ഇത് തന്നെയാണ് തുടര്‍ച്ചയായി ദശകങ്ങളോളം ഏകാധിപതികളാല്‍ ഭരിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത്. സ്വേഛാധിപത്യവും ഏകാധിപത്യവുമൊക്കെ മനുഷ്യത്വത്തിനെതിരെയുള്ള പാതകം ആയി ആഗോള സമൂഹം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വേഛാധിപത്യം ഒരു സമൂഹത്തിന്റെ സര്‍ഗാത്മകതയുടെ ശവപ്പറമ്പിലാണ് ശക്തിപ്പെടുന്നത്. ഭയത്തിന്റെ തടവറയില്‍ ജീവിക്കുന്ന, സ്വാതന്ത്യ്രം നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ അറിവും ചിന്തയും വളര്‍ന്നുവരലും വിമര്‍ശന നിരൂപണ സംസ്കാരം രൂപപ്പെടലും അസംഭവ്യവും അസ്വാഭാവികവുമായിരിക്കും.
പൌരസ്ത്യ ദേശത്തെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട അവസരങ്ങള്‍ ചില്ലറയല്ല. ഇപ്പോള്‍, ഒരിക്കല്‍ ലോകത്തിലെ ഏറ്റവും രാഷ്ട്രീയ നിരക്ഷരര്‍ എന്ന് കരുതപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തിന്റെ മനസ്സുകളിലും ഹൃദയങ്ങളിലും അവര്‍ രഹസ്യമായും സ്വകാര്യമായും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെ ജനശക്തി ഉപയോഗിച്ചു സ്ഥാപിച്ചെടുക്കാന്‍ മതവും രാഷ്ട്രീയവും സമ്പദ്സ്ഥിതിയും ഒക്കെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ വിപ്ളവവും ഏത് വിപ്ളവത്തെയും പോലെ തന്നെ പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതമാണ്. പ്രത്യയശാസ്ത്രമാണ് മാറ്റത്തിനുള്ള ആഗ്രഹത്തെ ഉണ്ടാക്കുന്നതും ത്വരിപ്പിക്കുന്നതും. ജീര്‍ണിച്ചതും അനീതി പൂര്‍ണവും അക്രമപരവുമായ സാമൂഹിക ഘടന വിപ്ളവത്തിനു വേണ്ട സാഹചര്യം ഒരുക്കുകയും ട്രിഗ്ഗര്‍ ചെയ്യാനുള്ള ഒരു അഗ്നിസ്ഫുലിംഗത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. ശരിയായ, പക്വമായ ഒരു നേതൃത്വത്തിന്റെ അഭാവത്തില്‍ വിപ്ളവം അസാധ്യമായി തീരുകയും സാമൂഹിക കുഴപ്പങ്ങള്‍ക്ക് വഴിമാറി കൊടുക്കുകയും ചെയ്യുന്നു. വര്‍ത്തമാന കാല മധ്യപൌരസ്ത്യ ദേശത്തെ രാജ്യങ്ങള്‍ ആന്തരികമായി അസ്ഥിരവും ദുര്‍ബലവും ചാഞ്ചാടുന്നതുമാണ്. വളരെ മോശമായ രൂപത്തില്‍ രൂപകല്‍പന നല്‍കപ്പെട്ടിട്ടുള്ള ഭരണകൂട ഘടന ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങളോട് പൊരുത്തപ്പെട്ടുപോവുന്നേ ഇല്ല. അധികാരത്തിന്റെ അകത്തളങ്ങളെ പാരമ്പര്യ സ്വത്ത് പോലെ കൈയടക്കി വെച്ചിരിക്കുന്നവര്‍ ജനങ്ങളുടെ ക്ഷേമത്തിനോ ആവശ്യങ്ങള്‍ക്കോ പുല്ലുവില പോലും കല്‍പിക്കുന്നില്ല. പൌരന്മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കുക, സ്വത്തിനും ജീവന്നും സംരക്ഷണം നല്‍കുക തുടങ്ങിയ പ്രാഥമിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നിടത്ത് പോലും സ്റേറ്റ് പരാജയപ്പെടുന്നു. കൂടാതെ, ദൈവത്താല്‍ നല്‍കപ്പെട്ട ജനങ്ങളുടെ വ്യക്തി സ്വാതന്ത്യ്രത്തിനു കൂച്ചുവിലങ്ങിടുകയും അവരുടെ അവകാശങ്ങളെ പട്ടാളത്തിന്റെ ബൂട്ടിന്നടിയില്‍ കിരാതമായ രൂപത്തില്‍ ചവിട്ടി മെതിക്കുകയും ചെയ്യുന്നു. ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ ഭരണ കലയില്‍ പരിശീലനം നേടി ആ സ്ഥാനത്തു എത്തിയവര്‍ അല്ല. ജന്മസിദ്ധമായ നേതൃ ഗുണങ്ങള്‍ ഉള്ളവരും നന്നേ ശുഷ്കമാണ്. അര്‍ഹതക്ക് പകരം അധികപേരും സ്വജന പക്ഷപാതവും(Nepotism) അടുപ്പവും(Cronyism) മാനിപുലേഷനും അധികാര കസേരയിലുള്ളവരുമായുള്ള കുടുംബ ബന്ധത്തിന്റെ കണ്ണികളും ഉപയോഗിച്ചു തന്റെ കഴിവിന്നോ വിദ്യാഭ്യാസത്തിന്നോ യോജിക്കാത്ത സ്ഥാനത്തു ഇരിക്കുന്നവരാണ്.
മധ്യപൌരസ്ത്യ ദേശത്തെ രാജ്യങ്ങള്‍ ഭരിക്കുന്നവര്‍ക്ക് ആധുനിക ലോകത്തിന്റെ സങ്കീര്‍ണ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള അറിവോ, വിവേകമോ ത്രാണിയോ ഉള്ളതായി തോന്നുന്നില്ല. ആധുനിക മധ്യപൌരസ്ത്യ ദേശങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും ഇവരുടെ കഴിവുകള്‍ക്കുമിടയില്‍ വലിയൊരു വിടവ് ഏതൊരു നിരീക്ഷകനും മനസ്സിലാക്കാവുന്നതേയുള്ളൂ. ആധുനിക ഭരണരീതിയുടെ സങ്കീര്‍ണതകളെ അഭിമുഖീകരിക്കാനുള്ള അറിവോ അതിജീവിക്കാനുള്ള വിവേകമോ ഇവര്‍ക്ക് വേണ്ടത്ര ഉണ്ടോ എന്നത് സംശയാസ്പദമാണ്. കാലത്തിന്റെ ആവശ്യങ്ങളോ ജനങ്ങളുടെ മനസ്ഥിതിയോ മനസ്സിലാക്കാത്ത ഇവര്‍ സ്വന്തം ജനതയുമായി പോലും സമ്പര്‍ക്കമില്ലാത്തവരാണ്. മധ്യകാല നൂറ്റാണ്ടിലെ ജന്മിത്ത മനോഭാവം പുലര്‍ത്തുന്ന ഇവര്‍, ജനങ്ങളെ ശാക്തീകരിക്കുന്നതിനോ സ്റാറ്റസ്കോയില്‍ മാറ്റം വരുത്തുന്നതിനോ നടത്തുന്ന എന്തൊരു ശ്രമത്തിനും തടസ്സം നില്‍ക്കുന്നു. സമാധാന പൂര്‍ണമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയില്‍ കയറി പ്ളെയ്ന്‍ക്ളോത്ത് പോലീസുകാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും സ്റേറ്റ് ഭരണകൂടത്തിന്റെ പിതൃത്വത്തില്‍ പട്ടാപ്പകല്‍ നടത്തിയ കൊള്ളയും മോബ്ലിഞ്ചിങ്ങും നീതി വ്യവസ്ഥയുടെയും ക്രമസമാധാനത്തിന്റെയും സമ്പൂര്‍ണമായ തകര്‍ച്ചയാണ് പ്രദര്‍ശിപ്പിച്ചത്. ബ്രദര്‍ഹുഡും അതിന്റെ പരിവാരങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അസംഘടിതവും ജനങ്ങളില്‍ ഒരു വിശ്വാസവും ചെലുത്താത്തത്ര വ്യക്തി കേന്ദ്രീകൃതവുമാണ്. മധ്യപൌരസ്ത്യ ദേശത്തെ സാമൂഹിക സംഘടനകളൊന്നും തന്നെ തൃപ്തികരമായ അവസ്ഥയിലേ അല്ല. അഭിപ്രായ സ്വാതന്ത്യ്രം ഇല്ലാത്ത, കാലഹരണപ്പെട്ട സാമൂഹിക ഘടനയിലെ വിവിധ പാളികള്‍ക്കിടയിലെ കടുത്ത സാമ്പത്തിക അന്തരം സമൂഹത്തിലെ പ്രാന്തവല്‍കൃത ജനവിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന്റെ വിത്തുകള്‍ പാകിയിട്ടുണ്ട്. ക്രോണിയിസവും നെപോടിസവും ഫൈവരിടിസവും ഒരുതരത്തിലുള്ള സാമൂഹിക ശൈഥില്യത്തെ സ്ഥാപനവല്‍കരിച്ചു. തപിക്കുന്ന ക്രോധവും പതഞ്ഞു പൊന്തുന്ന അസംതൃപ്തിയും സാധാരണ ജനങ്ങളെ തുനീഷ്യയിലും അള്‍ജീരിയയിലും മൊറോക്കോയിലും നാം ആവര്‍ത്തിച്ചു കണ്ടത് പോലെ, തൊഴിലില്ലായ്മയുടെ അധമത്തത്തില്‍നിന്നും ദാരിദ്യ്രത്തിന്റെ വിങ്ങലുകളില്‍നിന്നും രക്ഷപ്പെടാനുള്ള ഏക കുറുക്കുവഴിയായ ആത്മഹത്യാ മുനമ്പില്‍ കൊണ്ടെത്തിച്ചു. വിരോധാഭാസമെന്നുപറയട്ടെ, മധ്യ വര്‍ഗത്തിന്റെയും താഴ്ന്ന വിഭാഗങ്ങളുടെയും കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിനു പകരം സര്‍ക്കാര്‍ നടപടികള്‍ സമൂഹത്തിലെ വിള്ളലുകളെ അഗാധവും ആഴമേറിയതുമാക്കി. ഈ അസ്വാഭാവികമായ സാമൂഹിക അന്തരത്തിന്റെ ഏറ്റവും പ്രതിലോമപരവും നിഗൂഢ കുടിലവും വഞ്ചനാത്മകവുമായ ഫലം, ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു വിഭാഗത്തിന്റെ ബഹുഭൂരിപക്ഷത്തിന്റെ മുകളിലുള്ള അനിയന്ത്രിതവും വെറുക്കപ്പെട്ടതുമായ സ്വേഛാധിപത്യം മധ്യകാല നൂറ്റാണ്ടിലെ സ്വേഛാധിപത്യത്തെപ്പോലെ തന്നെ പൂര്‍ണമായിരുന്നു എന്നതാണ്. അനീതിപരവും അസമത്വ പൂര്‍ണവുമായ ഭൂവുടമാവകാശത്തില്‍നിന്ന് ഈജിപ്തിലും വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉടലെടുത്ത ഒരു തരത്തിലുള്ള നവ ജന്മിത്തം ദാരിദ്യ്രത്തിന്റെ ദൂഷിത വലയത്തെ ഭേദിക്കുന്നതിനുള്ള ഏറ്റവും വലിയ കീറാ മുട്ടിയായി കിടക്കുന്നു. മറ്റു വരുമാന മാര്‍ഗങ്ങളും അവസരങ്ങളും ഇല്ലാതെയുള്ള പണപ്പെരുപ്പം മാസാന്ത ശമ്പളക്കാരുടെയും ദൈനംദിന തൊഴിലാളികളുടെയും മുതുകൊടിച്ചു. സാമൂഹിക സാമ്പത്തിക വീക്ഷണ കോണിലൂടെ നോക്കിയാല്‍, ഏകാധിപത്യമെന്നത് കെട്ടു നാറുന്നതും കുത്തിനോവിപ്പിക്കുന്നതുമായ, ഒക്കാനിപ്പിക്കുന്നതും ശ്വാസം മുട്ടിക്കുന്നതുമായ രാഷ്ട്രീയ ചങ്ങലയാണ്. പൌര സമൂഹത്തിന്റെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും ബലിക്കല്ലിലാണ് അത് അതിന്റെ രാക്ഷസീയ സംഹാര ശേഷി പ്രദര്‍ശിപ്പിക്കുക. ജനങ്ങളുടെ കൂട്ടായ സഞ്ചിത ഇഛാ ശേഷിയിലൂടെയാണ് അത് ഭേദിക്കപ്പെടേണ്ടത്. പൌര സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്ന അടിമത്തമാണ് സ്വേഛാധിപത്യം. അതില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കുകയെന്നത് മനുഷ്യത്വത്തിന്റെ തേട്ടമാണ്. അതുകൊണ്ടുതന്നെ ഈ പരിവര്‍ത്തനത്തിനു അടുത്ത ഭാവിയില്‍ തന്നെ നിര്‍വഹിക്കാനുള്ളത് ഭാരിച്ചതും കടുപ്പമേറിയതുമായ ഉത്തരവാദിത്വമാണ്. വളരെ ചുരുങ്ങിയ പാര്‍ശ്വ പോറലുകളോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ തുനീഷ്യയിലെയും ഈജിപ്തിലെയും വിപ്ളവങ്ങള്‍, വിപ്ളവം അനഭിലഷണീയമാണെന്ന പൊതു വീക്ഷണത്തില്‍ മാറ്റം ഉണ്ടാക്കുകയും സാധാരണ ജനങ്ങളില്‍ പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. നിലവിലെ സ്വേഛാധിപതിക്കുപകരം മറ്റൊരു സ്വേഛാധിപതി രംഗം കൈയടക്കുന്നത് അനുവദിക്കാതിരിക്കാന്‍ ചരിത്രാവബോധം അവരെ ജാഗരൂകരാക്കിയിരിക്കുന്നു.
ഈ മാറ്റം നിലവില്‍ ദുര്‍ബലങ്ങളായ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം. വിപ്ളവത്തിന് മുമ്പ് തീരെയില്ലാതിരുന്ന പൌര സമൂഹത്തെ സൃഷ്ടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. യഥാര്‍ഥ മാനുഷിക ഇസ്ലാമിക പാരമ്പര്യത്തിന്റെയും നൂതന ചിന്തകളുടെയും സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കണം. യഥാര്‍ഥത്തില്‍ മധ്യ പൌരസ്ത്യ ദേശത്തെ വിപ്ളവം ഇസ്ലാമിന്റെ സാമൂഹിക രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പ്രായോഗികവും ഭരണപരവുമായ വീണ്ടെടുപ്പുകൂടിയാകണം. ഇസ്ലാമിന്റെ സാമൂഹിക രാഷ്ട്രീയ അധ്യാപനങ്ങളോടും തത്ത്വങ്ങളോടും എത്ര കണ്ടു അവര്‍ എപ്പോഴെല്ലാം ഒട്ടിനിന്നുവോ അപ്പോഴെല്ലാം അവര്‍ ആത്മീയമായും ഭൌതികമായും മുന്നേറുകയും ചരിത്രത്തിന്റെ വിധാതാക്കളാവുകയും ചെയ്തതായി ചരിത്രം നമ്മോടു പറയുന്നു. എത്ര കണ്ടു അവര്‍ ഇസ്ലാമിക അധ്യാപനങ്ങളില്‍ നിന്നു അകന്നുവോ, അതിനനുസരിച്ച് അവര്‍ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് പുറന്തള്ളപ്പെടുകയും ചെയ്തു. ഈ വിഷയത്തില്‍, യൂറോപ്പിന്റെ വിപരീത അനുഭവത്തിനാണ് ചരിത്രപരമായി മധ്യപൌരസ്ത്യ ദേശം സാക്ഷ്യം വഹിച്ചത്.
ഈ പരിവര്‍ത്തനത്തിനു അടുത്ത ഭാവിയില്‍ തന്നെ നിര്‍വഹിക്കാനുള്ളത് ദുഷ്കരമായ ദൌത്യമാണ്. അത് നിര്‍മാണം തുടങ്ങേണ്ടത് വെറും തരിശുഭൂമിയില്‍ നിന്നല്ല. മറിച്ച്, സ്വേഛാധിപത്യം സംഹാര താണ്ഡവമാടി വിട്ടേച്ചു പോയ വേസ്റുകളുടെ അട്ടിപ്പേറുകളെ തുടച്ചു നീക്കി വേണം ഒരു തരിശു ഭൂമി തന്നെ ഒരുക്കാന്‍. യു.എന്‍ 2002ല്‍ പ്രസിദ്ധീകരിച്ച അറബ് മാനവ വികസന റിപ്പോര്‍ട്ട് (UNAHDR- 2002) മധ്യ പൌരസ്ത്യ ദേശത്തെ ജനങ്ങള്‍ ശീതീകരിക്കപ്പെടുന്നതിനു കാരണമായ ഏകാധിപത്യ സ്ഥിരതയുടെ പൊങ്ങച്ചത്തിന്റെ മറുവശം കൃത്യമായും വരച്ചു കാണിക്കുന്നുണ്ട്. 2002 അവസാനത്തിലെ Middle East Quarterlyയില്‍ അതിന്റെ സംക്ഷിപ്തം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മധ്യ പൌരസ്ത്യ ദേശത്തെ ജനങ്ങള്‍ ഇന്നും മധ്യകാല നൂറ്റാണ്ടുകളിലാണ് ജീവിക്കുന്നത്. വിദ്യാഭ്യാസം, സ്വാതന്ത്യ്രം, ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ വലിയ കമ്മിയാണ് അവര്‍ അനുഭവിക്കുന്നത്. മുഴുവന്‍ അറബ് രാജ്യങ്ങളുടെയും ഒന്നിച്ചുള്ള ജി.ഡി.പി സ്പെയ്നിന്റേതിനേക്കാള്‍ (ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന യൂറോപ്യന്‍ യൂനിയനിലെ രാജ്യം) വളരെ കുറവാണ്. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അറബ് രാജ്യങ്ങളുടെ പ്രതിശീര്‍ഷ ചെലവു വ്യാവസായിക രാജ്യങ്ങളുടെ 10 ശതമാനം മാത്രമാണ്. ഒരു മില്യന്‍ ജനങ്ങളെ കണക്കിലെടുത്താല്‍, വ്യാവസായിക രാജ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സയന്റിഫിക് പ്രബന്ധങ്ങളുടെ 2 ശതമാനം പോലും വരില്ല അറബ് ലോകത്തിന്റെ ഈ മേഖലയിലെ സംഭാവന. ജി.സി.സി രാജ്യങ്ങളില്‍ ജീവിക്കുന്ന നിരീക്ഷണ പാടവമുള്ള ആര്‍ക്കും അത് എളുപ്പത്തില്‍ മനസ്സിലാവും. തുര്‍ക്കിയും ഈജിപ്തും മെഡിറ്ററേനിയന്‍ തീരത്തെ യൂറോപ്പിലും ആഫ്രിക്കയിലുമായി സ്ഥിതിചെയ്യുന്ന രണ്ടു രാജ്യങ്ങളാണ്. രണ്ടു രാജ്യങ്ങളുടെയും ജനസംഖ്യ എട്ടു മില്യന്‍ ആണ്. രണ്ടും ധന്യമായ ചരിത്ര പാരമ്പര്യമുള്ള നാടുകള്‍. രണ്ടിടത്തും ബഹുഭൂരിപക്ഷവും മുസ്ലിംകള്‍. രണ്ടും ഭൂമിശാസ്ത്രപരമായി ഏതാണ്ട് ഒരേ വലിപ്പമുള്ള രാജ്യങ്ങള്‍. വ്യത്യാസം ഒന്ന് മാത്രം. ഈജിപ്ത് ഭരിക്കപ്പെട്ടത് ഹുസ്നി മുബാറക്കിന്റെ സ്വേഛാധിപത്യത്തിന്റെ ബൂട്ടിനു കീഴില്‍. തുര്‍ക്കി കഴിഞ്ഞ പത്തു വര്‍ഷമായി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ തൂവല്‍ സ്പര്‍ശത്തിലൂടെയും. ഉര്‍ദുഗാന്റെ നേതൃത്വത്തിലെ തുര്‍ക്കിയുടെ ജി.ഡി.പി മുബാറക്കിന്റെ കീഴിലെ ഈജിപ്തിന്റെ നാല് മടങ്ങാണെന്നു മാത്രം. കഴിഞ്ഞ പത്തുവര്‍ഷമായി ഗള്‍ഫ് രാജ്യങ്ങളിലെ സകല ഹൈപര്‍ മാര്‍ക്കറ്റുകളിലെയും ഗ്രോസറികളിലെയും റാക്കുകളില്‍ തുര്‍ക്കിയില്‍ നിന്നും വരുന്ന വ്യാവസായിക ഉല്‍പന്നങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാം. പശ്ചിമ യൂറോപ്പിലെ ഇതര രാജ്യങ്ങളുടെ ഉല്‍പന്നങ്ങളോട് കിടപിടിക്കുന്നത് തന്നെ. വെറുതെയല്ല തുര്‍ക്കിയുടെ അയല്‍ രാജ്യമായ ഗ്രീസും പശ്ചിമ യൂറോപ്പിലെ ജര്‍മനി ഒഴികെയുള്ള സ്പെയ്ന്‍, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡോമിനോ ഇഫക്ട് ഉണ്ടാക്കിയേക്കാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍, തുര്‍ക്കി ഉര്‍ദുഗാന്റെയും അബ്ദുല്ല ഗുല്ലിന്റെയും നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 10 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയത്. ഉര്‍ദുഗാന്റെ എ.കെ.പി എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ജനായത്ത രീതിയില്‍ അധികാരത്തില്‍ വന്നതു മുതലാണ് തുര്‍ക്കി ഈ രംഗത്തു ശ്രദ്ധിക്കപ്പെടുന്ന ശക്തിയായത് തന്നെ. എന്നാല്‍ നിങ്ങള്‍ അറബ് ലോകത്തെ ഏറ്റവും 'പ്രോഗ്രസീവ്' രാജ്യമായ ഈജിപ്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് വേണ്ടി തിരഞ്ഞാല്‍ നിങ്ങളുടെ കണ്ണ് മിക്കവാറും ഉള്ളിയിലും പയറിലും ഉറുമാന്‍ പഴത്തിലും മാത്രം ഉടക്കി നില്‍ക്കുകയേ ഉള്ളൂ. ഏറക്കുറെ അത്തരം കാര്‍ഷികോല്‍പന്നങ്ങളല്ലാതെ വ്യാവസായിക ഉല്‍പന്നങ്ങള്‍ ഒന്നും ഈജിപ്തില്‍നിന്ന് നിലവില്‍ തീരെ വരുന്നതായി കാണുന്നില്ല.
ഇത് തെളിയിക്കുന്നത് സ്വേഛാധിപത്യവും രാജാധിപത്യവും ഒക്കെ ഒരു നാടിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും എന്ത് മാത്രം തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നതാണ്. മധ്യ പൌരസ്ത്യ ദേശത്തെ ഇപ്പോഴത്തെ ഈ വിപ്ളവങ്ങള്‍ക്ക് പിന്നില്‍ അയല്‍പക്കത്ത് ഇസ്ലാമിസ്റുകള്‍ക്ക് കീഴില്‍ ജനായത്ത രീതിയില്‍ തുര്‍ക്കി നടത്തുന്ന കുതിച്ചു ചാട്ടവും, സ്വന്തം നാടുകളില്‍ സ്വേഛാധിപത്യം നിഷേധിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന അവസരങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായി കൊണ്ടിരിക്കുന്ന അവബോധവും കൂടിയുണ്ട്. യമനിലെയും ഇതര രാജ്യങ്ങളിലെയും ഭീകര താണ്ഡവത്തിനു പിന്നില്‍ സി.ഐ.എ ആളില്ലാ വിമാനവും മിസ്സൈലുകളുമാണെന്നു മനസ്സിലാക്കാന്‍ ഈ വിപ്ളവങ്ങള്‍ ജനങ്ങളെ സഹായിച്ചു. അതാകട്ടെ, വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത് പോലെ തങ്ങളുടെയും അയല്‍പക്കത്തെയും രാജ്യങ്ങളില്‍ ആസന്നമായ ജനകീയ വിപ്ളവങ്ങള്‍ക്ക് തടയിടുന്നതിനു ഏകാധിപത്യത്തിന്റെയും രാജാധിപത്യത്തിന്റെയും വിഭിന്ന വേഷങ്ങള്‍ കെട്ടിയാടുന്ന ഭരണകൂടങ്ങള്‍ നല്‍കിയ തുറന്ന ലൈസന്‍സിന്റെ ഫലമായിട്ടാണെന്നും ജനങ്ങള്‍ അറിയുന്നു. ഫറോവയുടെ തൊട്ടിലില്‍ മൂസക്ക് വീണ്ടും ജന്മം നല്‍കുകയാണ്. സാമ്രാജ്യത്വ ശക്തികള്‍ കൈക്കൊണ്ട മുന്‍കൂര്‍ തന്ത്രങ്ങള്‍(Preemptice tactics) അവരെ തന്നെ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ശിലാവല്‍ക്കരിക്കപ്പെട്ട (Fossilezed)  ഈ കിരാത സ്വേഛാധിപത്യ വ്യവസ്ഥക്ക് പാചപ്പ് പണികള്‍ കൊണ്ട് പരിഹാരം ഉണ്ടാകില്ലെന്നും സമ്പൂര്‍ണ വിപ്ളവമാണ് സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തിനും പുനസംഘാടനത്തിനും ഏക മാര്‍ഗമെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇന്ന് രാഷ്ട്രീയസ്തംഭനാവസ്ഥയുടെ കുരുക്കഴിക്കാന്‍ സാധിക്കുന്ന ഒരു ബിന്ദുവില്‍, മാറ്റത്തിനു വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന മധ്യപൌരസ്ത്യ ദേശത്തെ ജനത എത്തിയിരിക്കുന്നു. അവര്‍ ഭയത്തിന്റെയും ഭീതിയുടെയും മതിലുകള്‍ ഭേദിക്കുകയും അവരുദ്ദേശിക്കുന്ന മാറ്റം സംഭവിപ്പിക്കുന്നതിനു ആവശ്യമായ ശരിയായ ശക്തി വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതര മധ്യപൌരസ്ത്യ രാജ്യങ്ങളിലും സാഹചര്യവും അന്തരീക്ഷവും വിപ്ളവത്തിനു പാകമാണ്. വെറും ഒരു ട്രിഗറിനെ കാത്തിരിക്കുകയാണ്. ചെറിയൊരു അഗ്നിസ്ഫുലിംഗം തീജ്വാലയായി ആളിപ്പടരും. ആയതിനാല്‍ തന്നെ ഇന്ന് മധ്യപൌരസ്ത്യ ദേശത്തെ ജനങ്ങള്‍ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന, അധികാരത്തിന്റെ ന്യായവും വിഹിതവുമായ ധാര ജനങ്ങള്‍ (13:11, 8:53) ആണെന്ന തത്ത്വത്തിലധിഷ്ഠിതമായ ഒരു പുതിയ ദൈവിക സാമൂഹിക കരാറിനെ (7:172, 33:72) പുതുക്കുകയും അതിന്റെ പാലനത്തിനു വേണ്ടി പൂര്‍വോപരി ശക്തിയായി പണി എടുക്കുകയും ചെയ്യുന്നു. ഇതൊരു നിതാന്ത നിരന്തര തുടര്‍പ്രക്രിയയയാണെന്നു അവര്‍ മനസ്സിലാക്കണം, മനസ്സിലാക്കുന്നുണ്ടാവണം. അങ്ങനെയാണെങ്കില്‍ ചരിത്രമുറങ്ങുന്ന മധ്യധരണ്യാഴിയുടെ തീരം ഒരു പുതിയ ചരിത്രത്തിന്റെ ഉയിരെടുപ്പിനു സാക്ഷ്യം വഹിക്കുകതന്നെ ചെയ്യും.

 
purayiap@equate.com

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം