Prabodhanm Weekly

Pages

Search

2011 ജൂലൈ 16

നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് ബോധവത്കരണം അനിവാര്യം

പ്രബോധനത്തില്‍ (ലക്കം 5) ആസിഫലി പട്ടര്‍ക്കടവ് എഴുതിയ 'ഈ വലയില്‍ കുടുങ്ങാതിരിക്കുക' എന്ന കവര്‍ സ്റ്റോറി കാലിക പ്രസക്തവും ചിന്തോദ്ദീപകവുമാണ്. ഇപ്പോള്‍ കണ്ണികളറ്റ് വീണുകൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് പദ്ധതികളൊക്കെയും മണിചെയിനിന്റെ പുതിയ അവതാരങ്ങളാണെന്ന തിരിച്ചറിവ് വൈകിയാണെങ്കിലും സമൂഹത്തിന് ഉണ്ടായിരിക്കുന്നു. പഴയ വിഷം പുതിയ കുപ്പിയിലാണെന്ന് ഇപ്പോള്‍ ജനം അറിയുന്നു. മണി ചെയിനുകാര്‍ പണം നേര്‍ക്കുനേര്‍ കൈമാറ്റം ചെയ്ത് ചെയിന്‍ ഉണ്ടാക്കിയപ്പോള്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗുകാര്‍ പണം വാങ്ങി ഉല്‍പന്നങ്ങളോ സൗജന്യമായി ലഭിക്കാവുന്ന വെബ്‌സൈറ്റ് പോലുള്ള സേവനങ്ങളോ പകരം നല്‍കി മാര്‍ക്കറ്റിംഗ് എന്ന പുകമറ സൃഷ്ടിക്കുകയാണ്. ഈ പുകമറ കൊണ്ടാണ് ഇവ മണിചെയിന്‍ തട്ടിപ്പിനേക്കാള്‍ ഭീകരമാകുന്നത്. ആയിരക്കണക്കിന് ആളുകളാണ് നമ്മുടെ നാട്ടില്‍ ഇങ്ങനെ പണവും സമയവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാര്‍ വരെ ഈ മോഹന വാഗ്ദാനങ്ങളില്‍ പെട്ട് കൂടുതല്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി എല്ലാം നഷ്ടപ്പെടുത്തുന്ന സാഹചര്യവും സംജാതമായിരിക്കുന്നു.
കണക്കിലും കടലാസിലും പതിനായിരങ്ങളുടെ ലാഭം ഗണിക്കാന്‍ എളുപ്പമാണ്. ആട്, തേക്ക്, മാഞ്ചിയം കമ്പനികളും ആളുകളെ സ്വാധീനിച്ചത് ഇത്തരം മോഹന വാഗ്ദാനങ്ങള്‍ നിരത്തിയായിരുന്നു. ഇന്ന് നടുന്ന മാഞ്ചിയവും തേക്കും ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം നിശ്ചിത വണ്ണം വെക്കുമെന്നും അന്ന് ഇത്ര ലക്ഷം ലഭിക്കുമെന്നും ഇപ്പോള്‍ വാങ്ങുന്ന ആടുകള്‍ അഞ്ചു വര്‍ഷം കൊണ്ട് ഇത്ര കുഞ്ഞുങ്ങളെ പ്രസവിക്കുമെന്നും അപ്പോള്‍ ഇത്ര സംഖ്യ ലാഭം ലഭിക്കുമെന്നും ആ കമ്പനികള്‍ അന്ന് കണക്ക് നിരത്തി. മാധ്യമം ദിനപത്രം ഇത്തരം കമ്പനികളുടെ ചൂഷണങ്ങള്‍ തുറന്നെഴുതിയപ്പോഴാണ് പലര്‍ക്കും തങ്ങള്‍ അകപ്പെട്ട ചതിക്കുഴിയുടെ ആഴം ബോധ്യമായത്.
ആളുകളുടെ അജ്ഞത ചൂഷണം ചെയ്താണ് ഇന്ന് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് സജീവമാകുന്നത്. തനിക്ക് നഷ്ടമായ സംഖ്യ ലഭിക്കാന്‍ അപരനെ ബലിയാടാക്കി പണം അപഹരിക്കുന്ന ഹീനമായ പുതിയ മാര്‍ക്കറ്റിംഗ് രീതി ധര്‍മബോധമുള്ള ആര്‍ക്കും ചേര്‍ന്നതല്ല. പലിശ, ചൂതാട്ടം, കൊള്ള ലാഭം തുടങ്ങിയ ചൂഷണാധിഷ്ഠിതമായ സാമ്പത്തിക ക്രമങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ശക്തമായ ബോധവത്കരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമൂഹത്തില്‍ നിത്യവും നടന്നുകൊണ്ടിരിക്കുന്ന കൊടിയ ചൂഷണത്തിനെതിരെ ജനകീയ കൂട്ടായ്മകളും ബോധവത്കരണ പരിപാടികളും നടക്കേണ്ടതുണ്ട്. ചൂഷണങ്ങള്‍ക്കെതിരെ നല്ല ജാഗ്രത വേണം. ഇസ്‌ലാമിന്റെ ശക്തമായ താക്കീത് എല്ലാവര്‍ക്കും പാഠമാകണം. കച്ചവടം ചെയ്യുമ്പോഴും സാമ്പത്തിക ക്രയവിക്രയങ്ങള്‍ ചെയ്യുമ്പോഴുമെല്ലാം പാലിക്കേണ്ട വിധിവിലക്കുകള്‍ സമൂഹം ഉള്‍ക്കൊണ്ടാല്‍ തന്നെ സാമ്പത്തിക ചൂഷണങ്ങള്‍ സമൂഹത്തില്‍നിന്ന് ഇല്ലായ്മ ചെയ്യാന്‍ കഴിയും.
അനീസുദ്ദീന്‍ ചെറുകുളമ്പ്
aneesudheen@gmail.com


വ്യതിരിക്തമായൊരു സംവാദരീതി
ജമാഅത്തെ ഇസ്‌ലാമി സംവാദത്തില്‍ ലക്കം 3-ല്‍ പ്രസിദ്ധീകരിച്ച കെ. അബൂബക്കറിന്റെ ലേഖനം പ്രസക്തമായി. ലേഖനം ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തേക്കാള്‍ അത് പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച പ്രസിദ്ധീകരണ സംസ്‌കാരമാണ് ഏറെ ശ്രദ്ധേയമായത്. അര്‍ഹവും അനര്‍ഹവുമായ പുകഴ്ത്തലുകളും തങ്ങളുയര്‍ത്തിപ്പിടിക്കുന്ന നയനിലപാടുകളെ ശക്തിപ്പെടുത്താനാവശ്യമായ ഉരുപ്പടികളുമായിരിക്കും സാധാരണ ഗതിയില്‍ പാര്‍ട്ടി മുഖ പത്രങ്ങളുടെ ഉള്ളടക്കം. അതേയവസരം ജമാഅത്തെ ഇസ്‌ലാമിയെ വസ്തുനിഷ്ഠ വിശകലനത്തിന് വിധേയമാക്കാന്‍ അന്യര്‍ക്ക് സ്വന്തം താളുകള്‍ നീക്കിവെച്ചുകൊടുത്തത് പ്രോത്സാഹനവും പ്രശംസയുമര്‍ഹിക്കുന്ന രീതി തന്നെയാണ്.
ഇസ്‌ലാമിക പ്രസ്ഥാനം യഥാര്‍ഥത്തില്‍ ഏതെങ്കിലും വ്യക്തിയുടെയോ കൂട്ടായ്മയുടെതോ അല്ല. അത് ജനങ്ങളുടേതാണ്. ആ ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രസ്ഥാനത്തോടൊപ്പം അണിചേര്‍ന്നവരും പ്രസ്ഥാനത്തെ ഗുണദോഷിക്കുന്നവരും വിമര്‍ശിക്കുന്നവരും എല്ലാവരുമാണ്. അവര്‍ക്കെല്ലാം പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ അവരുടേതായ പങ്കും ഉണ്ട്. പുതിയ കാലത്ത് പ്രസ്ഥാനം കുറെകൂടി സുതാര്യമാകേണ്ടതുണ്ട്. അഥവാ പ്രസ്ഥാനത്തിന്റെ ദിശ രൂപപ്പെടുത്തുന്നതില്‍ കൂടുതല്‍ കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുകയും തങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നതിനു പകരം പരമാവധി ജനങ്ങളിലേക്ക് വിശാലമാകാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തങ്ങളെക്കുറിച്ച വിമര്‍ശനാത്മക വിലയിരുത്തലുകളെ സമൂഹ മധ്യേ പരസ്യപ്പെടുത്തുകയെന്നതും അബദ്ധങ്ങള്‍ ഏറ്റുപറയുക എന്നതുമെല്ലാം പുതിയകാലത്തെ നല്ല പ്രവണതകളാണ്. എല്ലാ പാര്‍ട്ടിപത്രങ്ങളും അന്യരെക്കുറിച്ച് വാതോരാതെ പറയുമ്പോള്‍ പ്രബോധനം സ്വന്തത്തെക്കുറിച്ച് തന്നെ പറയാന്‍ ശ്രമിക്കുന്നു. സ്വന്തത്തെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമുള്ള വിഭാഗത്തിനേ ഈ സാഹസം സാധ്യമാകൂ.
പാര്‍ട്ടി മുഖപത്രങ്ങള്‍ പാര്‍ട്ടി സര്‍ക്കുലറാകുന്ന ചുറ്റുവട്ടത്ത് നിന്ന് പ്രബോധനം കാണിച്ച ഈ നല്ല മുന്‍കൈ ഇനിയും പ്രതീക്ഷിക്കുന്നു.
പി.കെ നുജൈം ചെന്നൈ

ചുരുക്കെഴുത്ത്
ജമീല്‍ അഹ്മദിന്റെ 'ഈ വ്യാജവൈദ്യന്മാരെ ബഹിഷ്‌കരിക്കുക' എന്ന കുറിപ്പ് (ലക്കം 5) കാലികവും അഭിനന്ദനാര്‍ഹവുമാണ്.ചികിത്സക്കുള്ള പണമില്ലാതെ ആയിരക്കണക്കിന് ദരിദ്രരോഗികള്‍ കഷ്ടപ്പെടുമ്പോള്‍ ഒരു വിഭാഗം മെഡിക്കല്‍ സീറ്റിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍ പരസ്പരം മത്സരിക്കുന്നു! ആതുരസേവനം തന്നെയോ ഇവരുടെ ലക്ഷ്യം?
സാബിത്ത് അലി മാടവന


മഹല്ല് സംസ്‌കരണവും മുസ്‌ലിം ഐക്യവും
മഹല്ലുകളുടെ സംസ്‌കരണത്തിന് പ്രഥമവും പ്രധാനവുമായി ഉണ്ടാവേണ്ടത് മുസ്‌ലിം സംഘടനകള്‍ തമ്മിലുള്ള ഐക്യമാണ്. പരസ്പരം ഭിന്നിച്ചും കലഹിച്ചും കഴിയുന്നവര്‍ക്ക് ഒരു മഹല്ലിലും സല്‍പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുകയില്ല. കേരളത്തിലെ പ്രത്യേകിച്ചും മലബാര്‍ ഭാഗങ്ങളിലെ മഹല്ലുകളില്‍ വേണ്ടത്ര സാംസ്‌കാരിക പുരോഗതിയുണ്ടാവാത്തതിന്റെ മുഖ്യ കാരണം മുസ്‌ലിംകള്‍ക്കിടയിലെ വ്യത്യസ്ത വീക്ഷണക്കാര്‍ തമ്മിലുള്ള ഭിന്നിപ്പാണെന്ന് കാണാന്‍ പ്രയാസമില്ല. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുരോഗമിക്കുമ്പോള്‍ തന്നെ മറുവശത്ത് ധാര്‍മിക സദാചാര രംഗങ്ങളില്‍ സമുദായാംഗങ്ങള്‍ അനുദിനം അധോഗതിയിലേക്കാണ് നീങ്ങുന്നത്.
കേരളത്തിലെ മഹല്ലുകളില്‍ സംഘടനാ പക്ഷപാതിത്വങ്ങളില്ലാത്ത കൂട്ടായ്മകള്‍ രൂപവത്കരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. എല്ലാ ചിന്താഗതിക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതികള്‍ രൂപവത്കരിച്ച് അതിന്റെ നേതൃത്വത്തിലായിരിക്കണം സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍.
ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി സംഘടനകള്‍ കേരളത്തിലെ മഹല്ലുകള്‍ക്ക് മാതൃകയാണെന്ന് പറയേണ്ടിയിരിക്കുന്നു. അവര്‍ ഇവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സംഭാവനകള്‍ അവരവരുടെ പ്രദേശങ്ങളിലെ സാമ്പത്തിക പ്രയാസങ്ങളനുഭവിക്കുന്ന സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ വിനിയോഗിക്കുന്നു. അതോടൊപ്പം വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളിലൊക്കെ തങ്ങളുടേതായ സേവനങ്ങള്‍ ചെയ്യുന്നു. സ്വന്തം നാടിന്റെ പുരോഗതിയും നാട്ടുകാരുടെ സുസ്ഥിതിയും മാത്രമാണ് പ്രവാസികള്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
വിവിധ മതസംഘടനകളുടെ ഗള്‍ഫിലെ പോഷക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ സ്വന്തം മഹല്ലിന്റെ കാര്യത്തില്‍ ഒത്തൊരുമിച്ച് സംഘടനാപരമായ ഭിന്നതകള്‍ മറന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. വീക്ഷണപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്വന്തം പ്രദേശത്തെ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഗള്‍ഫ് പ്രവാസികള്‍ ഐക്യപ്പെടുന്നു.
ഈയൊരു മാതൃക പിന്‍പറ്റാന്‍ കേരളത്തിലെ വിവിധ മഹല്ല് നിവാസികളും തയാറാവേണ്ടതുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ വേറെ നിലക്ക് ചെയ്തും, മഹല്ല് സംസ്‌കരണം കൂട്ടായി ചെയ്തും വിശാല കാഴ്ചപ്പാടോടെ രംഗത്തിറങ്ങാന്‍ മഹല്ലുകള്‍ക്ക് സാധിക്കേണ്ടതുണ്ട്.
പി.പി ഇഖ്ബാല്‍, ദോഹ, ഖത്തര്‍

പ്രവാചക നിന്ദ
ശരീരത്തില്‍ ഈന്തപ്പനയോലപ്പാടുകളുമായി നിദ്രവിട്ടുണര്‍ന്നിരുന്ന പാവപ്പെട്ടവന്റെ പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ഒരു മുടി സൂക്ഷിക്കാന്‍ നാല്‍പതുകോടിയുടെ കോണ്‍ക്രീറ്റ് കൊട്ടാരം! മസ്ജിദ് മുടി സൂക്ഷിക്കാനുള്ള കേന്ദ്രമല്ലെന്നാര്‍ക്കാണറിയാത്തത്?!'തിരുമുടിപ്പള്ളി'യാകുമ്പോള്‍ ഇപ്പോഴില്ലെങ്കിലും കാലക്രമത്തില്‍ അവിടെ മുടി ആരാധിക്കപ്പെടും. അല്ലാഹു കാക്കട്ടെ.
പ്രവാചകന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ദൈവം അദ്ദേഹത്തെ ഭൗതികതയുടെ ഉത്തുംഗതയില്‍ വിരാജിപ്പിക്കുമായിരുന്നു. പൈദാഹത്തിന്റെ കാഠിന്യത്താല്‍ നിവര്‍ന്നുനില്‍ക്കാന്‍ കഴിയാതെ വയറില്‍ കല്ലുവെച്ച് കെട്ടി ദീനിന്റെ വിജയത്തിന്റെ കിടങ്ങ് വെട്ടിയ പ്രവാചകനെ 'അനന്തരാവകാശികള്‍' മറന്നുകഴിഞ്ഞു. ഭൗതികതയുടെ മാസ്മരിക പ്രഭാവലയത്തില്‍ മാത്രം കണ്ണും നട്ട് നെട്ടോട്ടമോടുന്ന 'അനന്തരാവകാശികള്‍' പ്രവാചകന്റെ ആര്‍ദ്രചിത്തത്തെ കണ്ടെത്തിയില്ല. കണ്ടെത്തിയിരുന്നെങ്കില്‍ 40 കോടിയുടെ തിരുമുടിപ്പള്ളിയുടെ പേരില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൊങ്ങുമായിരുന്നില്ല. ലജ്ജാകരം, ദുഃഖകരം ഈ പ്രവാചക നിന്ദ, മതനിന്ദ! എന്റെ സമുദായത്തിന്റെ പരീക്ഷണ നിദാനം ധനമാണെന്ന പ്രവാചക വാക്യം ഓര്‍ത്തുപോകുന്നു.
അലവി വീരമംഗലം


മഹത്വം എടുത്ത് കാട്ടാന്‍ പരമത നിന്ദയെന്തിന്?
നസീം ഗാസി എഴുതിയ 'സംസ്‌കരണവും പ്രബോധനവും ഒപ്പം നടക്കട്ടെ' (ജൂണ്‍ 18) എന്ന അനുഭവക്കുറിപ്പ് വായിച്ചു. അതില്‍ നസീം സാഹിബ് 'യഥാര്‍ഥത്തില്‍ ഞാനൊരു ഹിന്ദുകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ്' എന്ന് പറഞ്ഞ ശേഷം അദ്ദേഹം ആചരിച്ചുവന്ന ഹിന്ദുധര്‍മത്തെ പറ്റി ധാരാളം പറയുന്നുണ്ട്. ഹിന്ദുക്കള്‍ തോന്നിയപോലെ ജീവിക്കുന്നവരും പരലോകത്തെ കുറിച്ചോ വിധിനിഷേധങ്ങളെപ്പറ്റിയോ  ബോധമില്ലാത്തവരും മറ്റു മതങ്ങളിലും ധര്‍മങ്ങളിലും വിശ്വസിക്കുന്നവരെ കാടന്മാരെപ്പോലെ കരുതുന്നവരും മറ്റുമാണെന്ന് വരത്തക്ക നിലയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവം.
ഇത് ഹിന്ദുധര്‍മത്തെ പറ്റിയും ആ ധര്‍മത്തില്‍ വിശ്വസിച്ച് ജീവിച്ച മഹാന്മാരെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അജ്ഞതയെയാണ് വെളിവാക്കുന്നത്. ശങ്കരാചാര്യര്‍ക്കും മഹാത്മാ ഗാന്ധിക്കും പരമഹംസര്‍ക്കും വിവേകാനന്ദനും ടാഗോറിനും എഴുത്തഛനും നിരവധി ആത്മീയ നേതാക്കന്മാര്‍ക്കും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കും ജന്മം നല്‍കിയ വിശ്വമാനവികതയുടെ ധര്‍മമാണ് ഹിന്ദുധര്‍മം. അതില്‍ ഏതോ ദുരാചാരികളുടെയും അല്‍പന്മാരുടെയും കുടുംബത്തില്‍ ജനിച്ചുപോയത് ഗാസി സാഹിബിന്റെ ദുര്‍വിധി മാത്രമാണ്. ഹിന്ദുക്കള്‍ മുഴുവനും ഗാസി സാഹിബിന്റെ കുടുംബത്തിലുള്ളവരെ പോലെ തോന്നിയപോലെ ജീവക്കുന്നവരല്ല. വിശ്വവിഖ്യാതമായ ഭഗവദ്ഗീതയും ബ്രഹ്മസൂത്രവും ദശോപനിഷത്തുകളും ഇതിഹാസ പുരാണങ്ങളും അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകജനതക്ക് നല്‍കിയവരാണ്. ഏതെങ്കിലും ഒരു ധര്‍മത്തിന്റെ മഹത്വം എടുത്തു കാണിക്കേണ്ടത് മറ്റു ധര്‍മങ്ങളെ നിന്ദിച്ചുകൊണ്ടാവരുത്.
പട്ട്യേരിക്കുന്നി കൃഷ്ണന്‍, കരിയാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം