Prabodhanm Weekly

Pages

Search

2013 ജൂലായ് 26

പ്രബോധനം സാര്‍ഥമാകുന്നത്‌

സഹ്‌ല അബ്ദുല്‍ ഖാദര്‍ / അനുഭവം

ഒന്നര പതിറ്റാണ്ട് നീണ്ട മസ്‌കത്ത് ജീവിതത്തിനിടയില്‍ അടുത്ത കാലത്താണ് ഒമാനി സംസ്‌കാരവുമായി അടുത്തിടപഴകാന്‍ കഴിഞ്ഞത്. അധ്യാപികയായി സ്വദേശികള്‍ക്കിടയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചപ്പോഴാണത്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സുന്ദര ചിത്രങ്ങള്‍ പുസ്തകത്താളുകളില്‍ മാത്രമല്ല, മറിച്ച് ഈ ജനതയുടെ സംസ്‌കാരത്തില്‍ വളരെയേറെ പ്രതിഫലിക്കുന്നതായി അനുഭവപ്പെട്ടു. സുരക്ഷിതത്വം, സ്ത്രീകളോടുള്ള ആദരവ്, സദാചാര ധാര്‍മിക മേഖലകളിലെ ഔന്നത്യം എന്നിവ ഏതൊരാള്‍ക്കും ഗള്‍ഫ്‌നാടുകളില്‍ അനുഭവിച്ചറിയാവുന്ന പൊതു നന്മകളാണ്.
ഒരു കാര്യം നല്ലതാണെന്ന് ബോധ്യമായാല്‍ അതിനെ ഉള്‍ക്കൊള്ളാന്‍ തദ്ദേശീയര്‍ മടി കാണിക്കാറില്ല. നിഷ്പക്ഷമായി കാര്യങ്ങള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നവര്‍ പ്രത്യേകിച്ചും. പക്ഷേ, നല്ലതാണെന്ന് അവര്‍ക്ക് ബോധ്യമാകണം. കേവലം വാക്കുകളിലൂടെ പറഞ്ഞു ഫലിപ്പിച്ചാല്‍ സംഭവിക്കുന്നതല്ല ആ ബോധ്യപ്പെടല്‍. ജീവിതത്തിലെ വിവിധ വശങ്ങളെ അറിഞ്ഞും അനുഭവിച്ചും നന്മയെ കണ്ടെത്താനാകണം. എങ്കില്‍ അവരതിനെ വാരിപ്പുണരും. നല്ലതിനെ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. ഇക്കാര്യം തങ്ങള്‍ക്കു ഗുണം ചെയ്യുന്നതാണ് എന്ന് അവര്‍ക്ക് തിരിച്ചറിവ് വരണം. അഥവാ, അതില്‍ അവര്‍ സാക്ഷ്യപ്പെടണം. ആ സാക്ഷ്യപ്പെടലിനെയാണ് സത്യസാക്ഷ്യമെന്ന് ഇസ്‌ലാം സാങ്കേതികാര്‍ഥത്തില്‍ പറഞ്ഞുതരുന്നത്.
കൂടെ ജോലി ചെയ്യുന്ന അടുത്ത കൂട്ടുകാരിയായ, ഒരു മലയാളി അമുസ്‌ലിം അധ്യാപികയുണ്ട്. അവര്‍ മലയാള നാട്ടില്‍ ജനിച്ചു പഠിച്ചു വളര്‍ന്നവരാണ്. അതില്‍ ചിലപ്പോഴെങ്കിലും അവര്‍ അഭിമാനം കൊള്ളുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍, നല്ല മനുഷ്യരോടൊപ്പം ഒരു സമൂഹമായി ജീവിക്കുകയും അതിലെ നന്മകളെ നേരിട്ടനുഭവിക്കുകയും ചെയ്തപ്പോള്‍ അവര്‍ തന്റെ നിലപാട് വ്യക്തമാക്കി.
'ഈ നാട് വിട്ടു എന്റെ നാട്ടിലേക്ക് പോകാന്‍ തോന്നുന്നില്ല. നാട്ടിലെ ജീവിതം ദുഷ്‌കരമാണ്, അവിടത്തെ ജോലി അതിനേക്കാള്‍ ഭയാനകം'- രിയാലിന്റെ തിളക്കം കണ്ട് സന്ദര്‍ഭോചിതമായി നിലപാട് മാറ്റുകയായിരുന്നില്ല അവര്‍. നാട്ടില്‍ ഉയര്‍ന്ന ജോലിയിലായിരുന്നു അവരുണ്ടായിരുന്നത്. അത് അവസാനിപ്പിച്ചു കൊണ്ടല്ല അവര്‍ മറുകര പറ്റിയത്. അത് നഷ്ടപ്പെടാത്ത വിധം സുരക്ഷിതമായിരിക്കെതന്നെ അവര്‍ തന്റെ നിലപാട് മാറ്റത്തിന്റെ കാരണം പറഞ്ഞു: ''ഇവിടെ ഞാന്‍ കണ്ട നിയമങ്ങള്‍ മനുഷ്യനെ സഹായിക്കാനുള്ളതാണ്. മറ്റുള്ളവരെ സഹായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ജനത, അതിനു പറ്റിയ ഒരു സര്‍ക്കാര്‍. നാട്ടില്‍ അങ്ങനെയല്ല. ഏതെങ്കിലും ഒരു കാര്യത്തിനായി ഗവണ്‍മെന്റ് ഓഫീസില്‍ കയറി ചെന്നാലുള്ള പുകില് ഒന്ന് കാണേണ്ടത് തന്നെയാണ്. ഓ, ഓര്‍ക്കുമ്പോള്‍ ഭയമാകുന്നു. മറിച്ച് ഇവിടെ നോക്കൂ, എത്ര സുഗമവും സൗകര്യപ്രദവുമാണ് സംവിധാനങ്ങള്‍. അതിനേക്കാളുപരി, അത് കൈകാര്യം ചെയ്യുന്നവര്‍ മനുഷ്യ സ്‌നേഹികളാണ്. അവര്‍ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല.''
ഫിലിപ്പീന്‍സില്‍ നിന്നുള്ള മറ്റൊരു കൂട്ടുകാരിയുടെ അഭിപ്രായം ജീവിതത്തിന്റെ മറ്റൊരു വശത്തെക്കുറിച്ചായിരുന്നു. അവര്‍ ഒരിക്കല്‍ പറഞ്ഞു: ''സ്ത്രീകളെ ഇത്രമാത്രം ആദരിക്കുന്ന ഒരു സംസ്‌കാരം മറ്റെവിടെയാണ് കാണാന്‍ കഴിയുക? ഞാന്‍ അത്ഭുതപ്പെടുകയാണ്, ഞങ്ങളുടെ നാട്ടില്‍ സ്ത്രീ ഒരു വേണ്ടാ ചരക്കാണ്. അവള്‍ ഗര്‍ഭിണിയായാലോ അമ്മയായാലോ ഒരു വിലയുമില്ല. എന്നാല്‍, ഇവിടത്തുകാരെ നോക്കൂ, ഇവരിലെ സ്ത്രീകള്‍ ഗര്‍ഭിണിയാകുമ്പോഴും, അമ്മയാകുമ്പോഴും കൂടുതല്‍ ആദരിക്കപ്പെടുന്നു. കൂടുതല്‍ കുട്ടികളുള്ള അമ്മമാര്‍ക്ക് കിട്ടുന്ന ബഹുമാനം കാണുമ്പോള്‍ കൂടുതല്‍ കുട്ടികളുള്ള ഒരു അമ്മയായി ഈ നാട്ടില്‍ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.'' മറ്റൊരിക്കല്‍ അവര്‍ കൂട്ടിച്ചേര്‍ത്തു, ''നാട്ടില്‍ താമസിക്കുന്ന മൂത്ത മകളെ എത്രയും വേഗം ഇവിടെയെത്തിക്കണം. എന്റെ നാട്ടില്‍ അവളുടെ സുരക്ഷിതത്വത്തെ പറ്റി ഞാന്‍ ഒട്ടേറെ ആശങ്കിക്കുന്നു.''
ഇതാണ് സത്യസാക്ഷ്യം. ജീവിത മൂല്യങ്ങളെ അനുഭവിച്ചറിയുന്നവര്‍ക്ക് ബോധ്യമാകുന്ന അനുഭവ സാക്ഷ്യം. ഏതു അമുസ്‌ലിമിനും ഇസ്‌ലാമിന്റെ സദ്ഫലങ്ങള്‍ ആസ്വദിക്കാന്‍ അതുവഴി സാധിക്കുന്നു. ഇത് എത്ര പ്രസംഗിച്ചാലും എത്ര എഴുതിയാലും ഇത്രത്തോളം ശക്തമായ സ്വാധീനം ഉണ്ടാക്കുകയില്ല. അതാണ് നമുക്കില്ലാതെ പോകുന്നത്. സ്വന്തം സ്വഭാവവും സംസ്‌കാരവും മൂല്യങ്ങളും പ്രവാചകപുംഗവന്റെ അധ്യാപനങ്ങളാല്‍ ഉടച്ചുവാര്‍ക്കാത്തേടത്തോളം നമ്മുടെ സത്യസാക്ഷ്യം പൂര്‍ണമാകുന്നില്ല. സത്യസന്ധത, വിശ്വസ്തത, ഋജുമാനസത, ദുര്‍ബലനോടുള്ള ആര്‍ദ്രത, കരാര്‍ പാലനം തുടങ്ങിയ ഉന്നത ജീവിതമൂല്യങ്ങള്‍ വിശുദ്ധ വേദഗ്രന്ഥത്തിലും തിരുചര്യയിലും ഉള്ളതോടൊപ്പം നമ്മുടെ ജീവിതത്തിലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ മലയാളി മുസ്‌ലിം വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു. അതുപോലെ ആദര്‍ശ മേഖലയിലും നാം അതീവ സൂക്ഷ്മത പുലര്‍ത്തണം. അത് സമുദായത്തിന്റെ മൊത്തം ഗ്രേഡിനെ പ്രതിഫലിപ്പിക്കാന്‍ ശക്തമാവുകയും വേണം.
'ശഹാദത്തുല്‍ ഹഖ്' ഇസ്‌ലാമിക പ്രസ്ഥാനം നെഞ്ചിലേറ്റിയ ദൗത്യമാണ്. വിശുദ്ധഖുര്‍ആന്റെ ഉള്ളടക്കത്തില്‍ നിന്നും പ്രവാചക ജീവിത ചരിത്രങ്ങളില്‍ നിന്നും മനനം ചെയ്‌തെടുക്കാവുന്ന വിശ്വാസിയുടെ ജീവിത ബാധ്യതകളില്‍ ഗൗരവമേറിയത്. നമ്മുടെ സത്യസാക്ഷ്യം സമ്പൂര്‍ണമായാല്‍ മാത്രമേ ഇസ്‌ലാമിന്റെ സൗരഭ്യവും സുഗന്ധവും പരക്കുകയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍