Prabodhanm Weekly

Pages

Search

2013 ജൂലായ് 26

വിട്ടുവീഴ്ചാ രാഷ്ട്രീയത്തിന്റെ ആമുഖ പാഠമാണ് മക്കാ വിജയം

കെ.ടി ഹുസൈന്‍

മാനവ ചരിത്രത്തില്‍ പല ദിശാമാറ്റങ്ങള്‍ക്കും നാന്ദി കുറിച്ച, നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് റമദാന്‍.
വിശുദ്ധ ഖുര്‍ആന്‍ അവതരണം, ബദ്ര്‍ യുദ്ധം തുടങ്ങി ഇസ്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അത്തരം ചരിത്ര മുഹൂര്‍ത്തങ്ങളില്‍ വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് മക്കാ വിജയം. പ്രവാചകന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മദീനയില്‍ നിന്ന് പുറപ്പെട്ട പതിനായിരത്തോളം വരുന്ന സ്വഹാബികളുടെ സംഘം വിജയഭേരി മുഴക്കിക്കൊണ്ട് മക്കയില്‍ പ്രവേശിക്കുകയും കേവലം ഒറ്റ ദിവസം കൊണ്ട് മക്കയുടെയും പരിസര പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്ത അവിസ്മരണീയ സംഭവമാണ് ഫത്ഹ് മക്കാ അഥവാ മക്കാ വിജയം എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഹിജ്‌റ 8-ന് റമദാന്‍ 27-നോ 29-നോ ആയിരുന്നു ഈ സംഭവം. റമദാന്‍ ഇരുപതിനായിരുന്നുവെന്ന മറ്റൊരഭിപ്രായവും നിലവിലുണ്ട്.
അതിനും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ ഹിജ്‌റ 2 റമദാന്‍ 17 ന് ബദ്ര്‍ രണാങ്കണത്തില്‍ തുടക്കം കുറിച്ച വിജയത്തിന്റെ പൂര്‍ത്തീകരണമായിരുന്നു യഥാര്‍ഥത്തില്‍ മക്കാ വിജയം. യൗമുല്‍ ഫുര്‍ഖാന്‍ അഥവാ സത്യവും അസത്യവും വേര്‍പിരിഞ്ഞ ദിവസം എന്നാണ് ബദ്‌റിനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അതിനാല്‍ ബദ്‌റിലെ വിജയം ഒരു തുടക്കമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതുപോലൊരു റമദാനില്‍ ഹിറാ ഗുഹയില്‍ ഖുര്‍ആന്‍ അവതരിക്കാന്‍ തുടങ്ങിയത് മുതല്‍ ആരംഭിച്ച സത്യവും അസത്യവും തമ്മിലുള്ള സംഘര്‍ഷത്തിലെ ഒരു നിര്‍ണായക ഘട്ടത്തിന്റെ തുടക്കം. ബദ്ര്‍ യുദ്ധത്തെ ഫുര്‍ഖാന്‍ എന്ന് വിശേഷിപ്പിച്ച ഖുര്‍ആന്‍ സ്വയം തന്നെയും വിശേഷിപ്പിച്ചതും ഫുര്‍ഖാന്‍ എന്ന് തന്നെയാണ്. അതായത് സത്യവും അസത്യവും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത് ബദ്‌റിലല്ല, മറിച്ച് ഹിറാ ഗുഹയിലായിരുന്നുവെന്ന് സാരം. എന്നാല്‍ ഹിറാ മുതല്‍ ബദ്ര്‍ വരെയുള്ള സംഘര്‍ഷവും അതിന് ശേഷമുള്ള സംഘര്‍ഷങ്ങളും തമ്മില്‍ സ്വഭാവത്തില്‍ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. ഹിറാ മുതല്‍ ബദ്ര്‍ വരെ സത്യവും അസത്യവും തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനങ്ങളുമെല്ലാം തീര്‍ത്തും സൈദ്ധാന്തികവും ധാര്‍മികവും മാത്രമായിരുന്നു. പ്രവാചകനും സഖാക്കളും ഉയര്‍ത്തിയ ആശയപരവും ധാര്‍മികവുമായ വെല്ലുവിളിയെ ചെറുക്കാനാകാതെ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ അതിനെ കൈക്കരുത്തുകൊണ്ട് നേരിടാന്‍ ശ്രമിച്ചപ്പോഴും മുസ്‌ലിംകള്‍ പ്രതിരോധിച്ചത് ധാര്‍മികവും ആശയപരവുമായ കരുത്ത് കൊണ്ടു മാത്രമാണ്.
എന്നാല്‍ ബദ്ര്‍ യുദ്ധത്തോടെ സംഘര്‍ഷം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. മക്കയില്‍ പ്രവാചകനെ പിന്തുണക്കാനും സഹായിക്കാനും വിരലിലെണ്ണാവുന്ന ഏതാനും സഹപ്രവര്‍ത്തകരും, അബുത്വാലിബിനെയും അബ്ബാസിനെയും പോലെ സ്വന്തം കുടുംബത്തിലെ അമുസ്‌ലിംകളായ അപൂര്‍വം അനുഭാവികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ആ ഘട്ടത്തില്‍ സംഘര്‍ഷം തീര്‍ത്തും രാഷ്ട്രീയത്തിലേക്കു കൂടി വ്യാപിപ്പിക്കാന്‍ സാഹചര്യം അനുകൂലമായിരുന്നില്ല. എന്നാല്‍ മദീനയിലെത്തിയതോടെ സ്ഥിതിഗതികള്‍ പൂര്‍ണമായും മാറി. രണ്ട് അഖബാ ഉടമ്പടികളിലൂടെ ആദര്‍ശ ബന്ധുക്കളെന്ന നിലയില്‍ മദീനയിലെ രണ്ട് പ്രബല ഗോത്രങ്ങളും മദീനാ കരാറിലൂടെ മദീനയിലെ ആദ്യകാല കുടിയേറ്റക്കാരായ ജൂതന്മാരും അവിടുത്തെ ആദിമ നിവാസികളായ ബഹുദൈവ വിശ്വാസികളായ അറബ് ഗോത്രങ്ങളും അടങ്ങുന്ന വിശാലമായ ഒരു ബഹുജനമുന്നണിയായി ഇസ്‌ലാമിക പ്രസ്ഥാനം കരുത്ത് നേടുന്നതാണ് മദീനയില്‍ നാം കാണുന്നത്. അതിനാല്‍ ഈ ഘട്ടത്തില്‍ സംഘര്‍ഷം സൈദ്ധാന്തിക തലത്തില്‍നിന്ന് രാഷ്ട്രീയത്തിന്റെ പൊള്ളുന്ന വെയിലിലേക്ക് വ്യാപിപ്പിക്കാതിരിക്കാന്‍ പ്രവാചകനും സംഘത്തിനും കഴിയുമായിരുന്നില്ല. യഥാര്‍ഥത്തില്‍ ജാഹിലിയ്യത്തിനോടുള്ള ഈ രാഷ്ട്രീയ സംഘര്‍ഷമാണ് സായുധ യുദ്ധത്തിന്റെ രൂപത്തില്‍ പ്രവാചകന്‍ ബദ്‌റില്‍ തുടക്കം കുറിച്ചത്. ഈ രാഷ്ട്രീയ സംഘര്‍ഷമാണ് ബദ്‌റിന് ശേഷം ഉഹ്ദും അസ്ഹാബും ഹുദൈബിയാ സന്ധിയും കടന്ന് ഇപ്പോള്‍ മക്കാ വിജയത്തിലെത്തി നില്‍ക്കുന്നത്.
ചരിത്രം ഒട്ടേറെ പടയോട്ടങ്ങളും അധിനിവേശങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ ചരിത്രം അന്ന് വരെയും അതിനു ശേഷവും കണ്ട എല്ലാ പടയോട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു മക്കാ വിജയം. കൂട്ടക്കൊലയിലും അധികാര പ്രമത്തതയുടെ ഉത്സവങ്ങളിലുമാണ് ചരിത്രം കണ്ട എല്ലാ പടയോട്ടങ്ങളും അധിനിവേശങ്ങളും അവസാനിച്ചിട്ടുള്ളത്. എന്നാല്‍, കൂട്ടക്കൊല പോയിട്ട് നേരിയ തോതില്‍ രക്തച്ചൊരിച്ചിലിനുള്ള സാധ്യത പോലും തന്റെ തന്ത്രപരമായ നീക്കങ്ങള്‍ വഴി ഇല്ലാതാക്കിക്കൊണ്ടാണ് പ്രവാചകന്‍ മദീനയില്‍നിന്ന് മക്കയിലേക്ക് മാര്‍ച്ച് ചെയ്തത്. മക്കയില്‍ തന്റെ ശത്രുക്കള്‍ക്ക് ഒരു ചെറുത്ത് നില്‍പിന് തയാറെടുക്കാനുള്ള യാതൊരുവിധ സാവകാശവും നല്‍കാതെ പൊടുന്നനെ പ്രവാചകനും സംഘവും മക്കയില്‍ പ്രത്യക്ഷപ്പെടുകയാണ് ചെയ്തത്. യുദ്ധത്തിന് തയാറെടുപ്പ് നടത്താന്‍ ആഹ്വാനമുണ്ടായിരുന്നുവെങ്കിലും പ്രവാചകന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ക്ക് പോലും യാതൊരു സൂചനയും ലഭിക്കാതിരിക്കുമാറ് അതീവ രഹസ്യമായിരുന്നു പ്രവാചകന്റെ സൈനിക നീക്കം. ഒട്ടും രക്തം ചൊരിയാതെ മക്ക കീഴടക്കി വിപ്ലവത്തിന് പരിസമാപ്തി കുറിക്കുക എന്ന പ്രവാചകന്റെ ലക്ഷ്യമാണ് രഹസ്യമായ ഈ സൈനിക നീക്കത്തിലൂടെ പ്രകടമായത്. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ശത്രുവിന്റെ ആത്മവിശ്വാസം തകര്‍ക്കുക, ഭീതിപ്പെടുത്തുക, അനുനയിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടു കൂടിയ എല്ലാ തന്ത്രങ്ങളും പ്രവാചകന്‍ സ്വീകരിച്ചു. ഹിജ്‌റ ആറിലെ ഹുദൈബിയ സന്ധിയെയും അതിനു ശേഷമുണ്ടായ സംഭവ വികാസങ്ങളെയും ചുരുങ്ങിയ തോതിലെങ്കിലും പരാമര്‍ശിച്ചാല്‍ മാത്രമേ വിപ്ലവം രക്തരഹിതമാക്കാന്‍ പ്രവാചകന്‍ കൈകൊണ്ട രാഷ്ട്രീയ തന്ത്രങ്ങളെ ശരിയായി മനസ്സിലാക്കാനാവുകയുള്ളൂ. കീഴടങ്ങലായോ ഭീരുത്വമായോ ഹ്രസ്വ ദൃഷ്ടി കാരണം അനുയായികള്‍ പോലും വിലയിരുത്തിയ ഹുദൈബിയാ സന്ധിയാണ് യഥാര്‍ഥത്തില്‍ മക്കാ വിജയത്തിന് കളമൊരുക്കിയത്. ഹുദൈബിയാ സന്ധിയോടെ മക്കക്കും മദീനക്കുമിടയില്‍ സമാധാനാന്തരീക്ഷം നിലവില്‍ വന്നത് മദീനയില്‍ കലാപം പതിവാക്കിയിരുന്ന ചില ജൂത, അറബ് ഗോത്രങ്ങളെ അമര്‍ച്ച ചെയ്യാന്‍ പ്രവാചകന് സാവകാശം നല്‍കി. അത് അടിച്ചമര്‍ത്തപ്പെട്ടതോടെ അഹ്‌സാബ് യുദ്ധം മുതല്‍ അശാന്തമായിരുന്ന മദീനയിലും സമാധാനാന്തരീക്ഷം തിരിച്ചുവന്നു. ഇത് മദീനക്കുള്ളിലും, മക്കക്കും മദീനക്കുമിടയിലും നിശ്ശബ്ദ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുകയും അതിലൂടെ പ്രസ്ഥാനം കൂടുതല്‍ ജനകീയമായി തീരുകയും ചെയ്തു. ഉഭയകക്ഷികളില്‍ ആരുമായും ഇഷ്ടാനുസാരം സഖ്യം സ്ഥാപിക്കാനും വിടര്‍ത്താനും ഗോത്രങ്ങള്‍ക്കുള്ള തുറന്ന അനുമതി ഹുദൈബിയാ സന്ധിയിലെ പ്രധാന വ്യവസ്ഥയായിരുന്നു. ഈ വ്യവസ്ഥയാണ് ഖുറൈശികള്‍ക്ക് വിനയായും, മക്കാ വിജയത്തിലൂടെ വിപ്ലവത്തിന് പരിസമാപ്തി കുറിക്കാന്‍ മുസ്‌ലിംകള്‍ക്ക് സുവര്‍ണാവസരമായും മാറിയത്.
മക്കയിലെ പ്രാന്ത ഭാഗത്ത് അധിവസിച്ചിരുന്ന രണ്ട് ഗോത്രങ്ങളായിരുന്നു ബനൂ ഖുസാഅയും ബനൂ ബക്‌റും. ബഹുദൈവ വിശ്വാസികളായ ഈ രണ്ട് ഗോത്രങ്ങളും ചിരപുരാതന കാലം മുതല്‍ക്കു തന്നെ പരസ്പരം ശത്രുതയിലായിരുന്നു. പക്ഷേ, മദീനയില്‍ ഉയര്‍ന്നുവന്ന പുതിയ ഇസ്‌ലാമിക ശക്തിയും മക്കയിലെ ഖുറൈശികളും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍, ആശയപൊരുത്തം കാരണം ഈ രണ്ട് ഗോത്രങ്ങളും പൂര്‍വ വൈര്യം തല്‍ക്കാലത്തേക്ക് മറന്ന് ഖുറൈശികളോടൊപ്പം ഇസ്‌ലാമിനെതിരെ ഒന്നിക്കുകയായിരുന്നു. എന്നാല്‍, അഹ്‌സാബ് യുദ്ധം കഴിഞ്ഞതോടെ ഖുസാഅ ഗോത്രത്തില്‍ മദീനയോട് നേരിയ തോതില്‍ അനുഭാവം വളര്‍ന്നു തുടങ്ങി. ഹുദൈബിയാ സന്ധിക്ക് ഖുറൈശികളെ പ്രേരിപ്പിച്ചത് ഈ ഗോത്രമാണ്. ഹുദൈബിയാ സന്ധിയെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഖുസാഅ ഗോത്രം ഖുറൈശികളെ വിട്ട് പ്രവാചകനുമായി സന്ധി ചെയ്തു. ബനൂ ബക്ര്‍ ഖുറൈശികളുടെ കൂടെ തന്നെ ഉറച്ചുനിന്നു. പൂര്‍വ വൈര്യം അപ്പോഴും തണുത്തുറഞ്ഞ് പോകാതിരുന്നതിനാല്‍ ഭിന്ന ചേരിയിലായ അവസരം മുതലെടുത്ത് ബനൂ ബക്ര്‍ ഖുസാഅ ഗോത്രത്തെ ആക്രമിക്കുകയും ഹറമില്‍ അഭയം തേടിയവരെ പോലും വേട്ടയാടുകയും ചെയ്തു. ഈ വേട്ടയാടലിന് ഖുറൈശികളുടെ എല്ലാവിധ പിന്തുണയും ബക്ര്‍ ഗോത്രത്തിനുണ്ടായിരുന്നു. ഖുസാഅ ഗോത്രം സ്വാഭാവികമായും പ്രവാചകനോട് പരാതിപ്പെട്ടു. ഈ പരാതി പരിഗണിക്കാതിരിക്കാന്‍ സന്ധി കാരണം പ്രവാചകനു കഴിയുമായിരുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ താഴെ പറയുന്ന മൂന്ന് നിര്‍ദേശങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കാന്‍ പ്രവാചകന്‍ ഖുറൈശികളോട് ആവശ്യപെട്ടു. ഒന്ന്, വധിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക. രണ്ട്, ബക്ര്‍ ഗോത്രവുമായുള്ള സഖ്യം അവസാനിപ്പിക്കുക. മൂന്ന്, ഹുദൈബിയാ സന്ധിയില്‍ നിന്ന് പിന്‍മാറുക. ഒരു നിമിഷം സമചിത്തത കൈമോശം വന്ന ഖുറൈശികള്‍ ഹുദൈബിയാ സന്ധിയില്‍നിന്ന് പിന്മാറുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ, അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സമനില വീണ്ടെടുത്തപ്പോള്‍ ഖുറൈശികള്‍ക്ക് തന്നെ ബോധ്യമായി. അതിനാല്‍ സന്ധി പുനഃസ്ഥാപിക്കാനുള്ള നെട്ടോട്ടമാണ് പിന്നീടവര്‍ നടത്തിയത്. അതിനായി ഖുറൈശികളുടെ സമുന്നത നേതാവായ അബൂ സുഫ്‌യാന്‍ തന്നെ മദീനയില്‍ ഓടിയെത്തി പ്രവാചകനുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി. എന്നാല്‍, അനുമതി നിഷേധിച്ചുകൊണ്ട് പ്രവാചകന്‍ തീര്‍ത്തും അദ്ദേഹത്തെ അവഗണിക്കുകയാണ് ചെയ്തത്. കൂടിക്കാഴ്ചക്കായി പ്രവാചകന്റെ ഭവനത്തിലെത്തിയപ്പോള്‍ പ്രവാചകന്റെ വിരിപ്പില്‍ ഇരിക്കാന്‍ വരെ അദ്ദേഹത്തെ സ്വന്തം മകളും പ്രവാചകന്റെ ഭാര്യയുമായ ഉമ്മു ഹബീബ അനുവദിച്ചില്ല. സൈനിക നിക്കത്തിന് മുന്നോടിയായി ചെറുത്തു നില്‍ക്കാന്‍ പോലും കഴിയാതിരിക്കുമാറ് ശത്രുവിന്റെ ആത്മവിശ്വാസം തകര്‍ക്കുക എന്ന തന്ത്രമാണ് ശത്രുനേതാവിനോടുള്ള ഈ അവഗണനയില്‍ തെളിയുന്നത്. അതിന്റെ ചേതോവികാരമാകട്ടെ അനാവശ്യമായ രക്തചൊരിച്ചില്‍ ഒഴിവാക്കലും.
മദീനയില്‍ നിന്ന് പുറപ്പെട്ട മുസ്‌ലിം സൈന്യം മക്കക്ക് സമീപം മര്‍റുള്ളഹ്‌റാനിലെത്തിയപ്പോള്‍ അവിടെ ക്യാമ്പ് ചെയ്ത് തീ കൂട്ടാന്‍ പ്രവാചകന്‍ കല്‍പിച്ചു. കുന്നിന്‍ പുറത്ത് ആയിരക്കണക്കിന് അടുപ്പുകള്‍ ഒന്നിച്ച് കത്തുന്നത് കണ്ടാല്‍ ചെറുത്തു നില്‍ക്കാനുള്ള അവസാന ധൈര്യവും ശത്രുവിന് ചോര്‍ന്നുപോകുമെന്ന് പ്രവാചകന്‍ കണക്കുകൂട്ടി. രക്തച്ചൊരിച്ചിലിനിട നല്‍കുന്ന അനാവശ്യ ചെറുത്തുനില്‍പില്‍നിന്ന് ഖുറൈശികളെ പിന്തിരിപ്പിക്കാനാണ് ഈ ഭീതിപ്പെടുത്തല്‍ തന്ത്രം പ്രവാചകന്‍ സ്വീകരിച്ചത്. പ്രവാചകന്‍ കണക്കുകൂട്ടിയത് പോലെ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. കുന്നിന്‍ പുറത്ത് ആയിരക്കണക്കിന് അടുപ്പുകള്‍ ഒന്നിച്ച് കത്തുന്നത് കണ്ട് ചകിതരായ അബൂസുഫ്‌യാനും കൂട്ടരും ചെറുത്ത് നില്‍പിന് തയാറാകാതെ പ്രവാചകന് കീഴടങ്ങുകയാണുണ്ടായത്. നേത്തെ മദീനയില്‍ വെച്ച് കൂടിക്കാഴ്ചക്കു പോലും അനുമതി നല്‍കാതെ അവഗണിച്ച അതേ അബൂസുഫ്‌യാന്റെ ഇസ്‌ലാം സ്വീകരിക്കാനുള്ള അര്‍ധ മനസ്സോടു കൂടിയ സമ്മതം പോലും ഇപ്പോള്‍ പ്രവാചകന് സ്വീകാര്യമാവുകയാണ്. അദ്ദേഹത്തെ കണ്ടിടത്ത് വെച്ച് കൊല്ലാന്‍ കൈ തരിച്ച് നില്‍ക്കുന്ന ഉമറിനെപ്പോലുള്ളവര്‍ ചുറ്റും നില്‍ക്കെ പ്രവാചകന്‍ അദ്ദേഹത്തിന് അഭയം നല്‍കുക മാത്രമല്ല ചെയ്തത്, അദ്ദേഹത്തിന്റെ ഭവനത്തെ സുരക്ഷിത കേന്ദ്രമായി നിശ്ചയിച്ച് അത് വിളംബരം ചെയ്യാന്‍ അദ്ദേഹത്തെ തന്നെ ചുമതലപ്പെടുത്തുക കൂടി ചെയ്തു.
അനുനയം എന്നോ പ്രീണനം എന്നോ പറയാവുന്ന തന്ത്രമാണ് പ്രവാചകന്‍ ഇവിടെ പുറത്തെടുത്തത്. അനാവശ്യമായ രക്തച്ചൊരിച്ചില്‍ ഒഴിവാക്കലായിരുന്നു ഈ പ്രീണന തന്ത്രത്തിന്റെയും പിറകിലുണ്ടായിരുന്നത്. കാരണം എന്തൊക്കെ പറഞ്ഞാലും മക്കയിലും പരിസര പ്രദേശങ്ങളിലും അപ്പോഴും നല്ല സ്വാധീനമുണ്ടായിരുന്ന ഖുറൈശികളുടെ ബദ്ര്‍ യുദ്ധാനന്തരമുള്ള ഏറ്റവും വലിയ നേതാവായിരുന്നു അബൂസുഫ്‌യാന്‍. അദ്ദേഹം പ്രീണനത്തില്‍ വീഴുന്നതോടെ അദ്ദേഹത്തിന്റെ പിന്തുണക്കാര്‍ ഒന്നടങ്കം ആയുധം വെച്ച് കീഴടങ്ങും എന്ന് പ്രവാചകന് ഉറപ്പായിരുന്നു. രക്തപുഴയില്‍ നീന്തിത്തുടിച്ചും കബന്ധങ്ങള്‍ ചാടികടന്നും വിപ്ലവം ജയിക്കാന്‍ ആഗ്രഹിക്കാത്ത പ്രവാചകനെ പോലെയുള്ള ഒരു മനുഷ്യ സ്‌നേഹിയെ സംബന്ധിച്ചേടത്തോളം വിപ്ലവ പൂര്‍ത്തീകരണം ഇങ്ങനയേ സാധ്യമാകുമായിരുന്നുള്ളൂ. മറിച്ച്, തന്റെ മുമ്പില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങിയ ശത്രു നേതാവിനെ കഴുമരത്തിലേറ്റുകയോ വിളക്കു കാലില്‍ കെട്ടിത്തൂക്കുയോ ചെയ്തിരുന്നെങ്കില്‍ ആയിരക്കണക്കിന് വരുന്ന അദ്ദേഹത്തിന്റെ അനുയായികളെ കൂടി ചവിട്ടിയരച്ച് കൊണ്ടേ വിപ്ലവം പൂര്‍ത്തീകരിക്കാനാവുമായിരുന്നുള്ളൂ. അതാകട്ടെ ആ മനുഷ്യ സ്‌നേഹിക്ക് അചിന്ത്യമായിരുന്നു. വിപ്ലവ പൂര്‍ത്തീകരണത്തിന് ശേഷം തന്റെ മുമ്പില്‍ നിസ്സഹായരായി കൈകൂപ്പി നിന്ന ശത്രു നിരയോട് 'പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്' എന്ന പ്രവാചകന്റെ വാക്യമുണ്ടല്ലോ, അതുപോലെ ഒന്ന് അതിനു മുമ്പോ ശേഷമോ വിജയകരമായ പടയോട്ടം നടത്തിയ മറ്റൊരു ജേതാവില്‍ നിന്നോ ഭരണാധികാരിയില്‍ നിന്നോ ചരിത്രം കേട്ടിട്ടില്ല.
പ്രവാചകന്റെ പിതൃവ്യന്‍ ഹംസയുടെ കരള്‍ ചവച്ചു തുപ്പിയ പ്രതികാരമൂര്‍ത്തിയായ അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് കീഴടങ്ങിയതിനു ശേഷം ഖുറൈശി സ്ത്രീക്ക് സഹജമായ തന്റേടത്തോടെ പ്രവാചകനോട് കയര്‍ത്ത് സംസാരിച്ചിട്ടും അവരെ ഒന്നും ചെയ്യാതെ അവരുടെ പാട്ടിന് വിടുകയാണ് പ്രവാചകന്‍ ചെയ്തത്. ഒരു സ്ത്രീയുടെ രക്തം കൊണ്ട് തന്റെ വാള്‍ പങ്കിലമാക്കുന്നത് സ്ത്രീകളോട് അങ്ങേയറ്റം അലിവും ബഹുമാനവും ഉണ്ടായിരുന്ന തിരുമേനിക്ക് സഹിക്കാനാകുമായിരുന്നില്ല. യാതൊരു തരത്തിലും മാപ്പ് കൊടുക്കാന്‍ കഴിയാത്ത ചില കൊടും കുറ്റവാളികള്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവരുടെയെല്ലാം പേരെടുത്ത് പറഞ്ഞ് അവരെ കണ്ടിടത്ത് വെച്ച് കൊല്ലാന്‍ പ്രവാചകന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, അവരില്‍ ഒന്നോ രണ്ടോ പേരൊഴികെ മറ്റെല്ലാവര്‍ക്കും പിന്നീട് പ്രവാചകന്‍ മാപ്പ് നല്‍കി. ശത്രുക്കള്‍ ഒന്നടങ്കം ആയുധം വെച്ചിട്ടും ഏതാനും ഗുണ്ടകളെ സംഘടിപ്പിച്ച് ചില സ്വഹാബികളെ ചതിയില്‍ കൊല പ്പെടുത്തിയ ഇക്‌രിമതു ബ്‌നു അബീ ജഹല്‍, സ്വഫ്‌വാനു ഇബ്‌നു ഉമയ്യ, പ്രവാചകന്റെ വഹ്‌യ് എഴുത്തുകാരനായിരിക്കെ ഒരു സുപ്രഭാതത്തില്‍ മതം ഉപേക്ഷിച്ച് വഹ്‌യിനെ കുറിച്ച് അപവാദം പ്രചരിപ്പിച്ച അബ്ദുല്ലാ ഇബ്‌നു അബീസര്‍ഹ്, ഇസ്‌ലാമിനെ ആക്ഷേപിച്ച് കവിത രചന പതിവാക്കിയ കഅ്ബ്ബുനു സുഹൈര്‍ തുടങ്ങിയ കൊടും കുറ്റവാളികളെല്ലാം ഇപ്രകാരം പ്രവാചകന്റെ കാരുണ്യം കൊണ്ട് കൊലക്കയറില്‍നിന്ന് രക്ഷപ്പെട്ടവരാണ്. ഇങ്ങനെ വിപ്ലവത്തിനിടയിലും വിപ്ലവാനന്തരവും അനാവശ്യമായ യാതൊരു രക്തചൊരിച്ചിലിനും ഇടം നല്‍കാത്ത, തീര്‍ത്തും രക്തരഹിത വിപ്ലവമായിരുന്നുവെന്നതാണ് മക്കാ വിജയത്തിന്റെ ഏറ്റവും വലിയ സവിശേഷത.
സൈന്യം മക്കയിലേക്ക് മാര്‍ച്ച് ചെയ്യുമ്പോഴും വിപ്ലവം പൂര്‍ത്തീകരിച്ചതിനു ശേഷവും ധാര്‍മികതയുടെ ഉടയാടകള്‍ ഉരിഞ്ഞു പോകുന്ന വിധമുള്ള വിജയാഹ്ലാദ പ്രകടനമോ വിജയ ഭേരി മുഴക്കലോ ഉണ്ടായില്ല എന്നതും മക്കാ വിജയത്തിന്റെ സവിശേഷതയാണ്. എട്ട് റക്അത്ത് നമസ്‌കാരവും റബ്ബിന് മുമ്പിലെ ദീര്‍ഘ നേരത്തെ സാഷ്ടാംഗവും മാത്രമായിരുന്നു വിജയ പ്രകടനം. മക്കയിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ എതിര്‍ക്കാന്‍ ഒരു കുട്ടിയെയും വഴിയില്‍ കാണാത്ത ആവേശത്തില്‍ ഇന്ന് കഅ്ബയില്‍ രക്തം അനുവദനീയമാക്കുന്ന ദിനമാണ് എന്ന മുദ്രാവാക്യം വിളിച്ചുപോയ സഅ്ദുബ്‌നു ഉബാദയെ ഇന്ന് കഅ്ബ വാഴ്ത്തപ്പെടുന്ന ദിനമാണ്, വിട്ടുവീഴ്ചയുടെയും സ്‌നേഹത്തിന്റെയും ദിനം എന്ന് പറഞ്ഞ് തിരുത്തുക മാത്രമല്ല, അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് കൊടി വാങ്ങി മകനെ ഏല്‍പിക്കുക കൂടി ചെയ്തു പ്രവാചകന്‍. ഇപ്രകാരം ഓരോ ഘട്ടത്തിലും ധാര്‍മികത ആഘോഷമാക്കി മാറ്റിയ, ചരിത്രത്തില്‍ തുല്യതയില്ലാത്ത വിപ്ലവമായിരുന്നു മക്കാ വിജയം.
മക്കാ വിജയമടക്കമുള്ള പ്രവാചകന്റെ എല്ലാ സൈനിക നീക്കങ്ങളും പരിശോധിച്ചാല്‍ ബോധ്യപ്പെടുന്ന ഒരു പ്രധാന കാര്യം, രാഷ്ട്രീയ സമരങ്ങളും പോരാട്ടങ്ങളും നടത്തേണ്ടത് സ്വന്തം കരുത്തിനെ മാത്രം ആശ്രയിച്ചല്ല എന്നതാണ്. ആദര്‍ശ പോരാട്ടത്തില്‍ വിജയിക്കാന്‍ ആദര്‍ശത്തിന്റെ ഔന്നത്യവും ധാര്‍മിക ശക്തിയും മാത്രം മതിയാകും. എന്നാല്‍ രാഷ്ട്രീയ സമരങ്ങള്‍ വിജയിക്കണമെങ്കില്‍ ആദര്‍ശപരവും ധാര്‍മികവുമായ കരുത്തിനു പുറമെ സഖ്യങ്ങളും ഒഴിച്ചുകൂടാനാവാത്തതാണ്. ഈ സഖ്യങ്ങളെ രൂപപ്പെടുത്തുന്നത് ആദര്‍ശ പൊരുത്തത്തേക്കാളുപരി പൊതു മിനിമം പരിപാടിയിലുള്ള യോജിപ്പായിരിക്കും. മക്കാ വിജയം സാധ്യമാക്കിയത് ബഹുദൈവ വിശ്വാസികളായ മക്കയിലെ ഖുസാഅ ഗോത്രവുമായി പ്രവാചകന്‍ ഉണ്ടാക്കിയ സഖ്യമായിരുന്നു. മക്കാ വിജയത്തിന് മുമ്പുള്ള യുദ്ധ വിജയങ്ങളിലും സഖ്യങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍