Prabodhanm Weekly

Pages

Search

2013 ജൂലായ് 26

ഈജിപ്ത് എന്ന ഡീപ് സ്റ്റേറ്റ്‌

വി.എ കബീര്‍ / വിശകലനം

പ്രവാചകന്‍ മക്ക ജയിച്ചടക്കിയത് ഒരു തുള്ളി പോലും ചോര ചിന്താതെയായിരുന്നു. പക്ഷേ, വിജയാനന്തരം 'കഅബ'യിലേതടക്കം മക്കയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിഗ്രഹങ്ങളെ ഒന്നൊഴിയാതെ തച്ചുടച്ചു. പലപ്പോഴും അതിന്റെ പരിപാലകരെ തന്നെയായിരുന്നു ആ ദൗത്യം ഏല്‍പ്പിച്ചത്. അതൊരു പരമതവിദ്വേഷമായി കണ്ടവരുണ്ട്. പ്രവാചകന്‍ അന്യമത വിദ്വേഷിയായിരുന്നെങ്കില്‍ അന്യമതസ്ഥരെ ഒന്നും ചെയ്യാതെ ഒരു ശക്തിയുമില്ലാത്ത ഈ നിശ്ചല ശിലകളുടെ മേല്‍ കൈവച്ചതെന്തിന് എന്ന ചോദ്യം അവശേഷിക്കുന്നു. അള്‍ജീരിയന്‍ ചിന്തകനായ മാലിക് ബിന്നബി തന്റെ 'നവോത്ഥാനത്തിന്റെ നിബന്ധനകള്‍' (ശുറൂത്വ് അന്നഹ്ദ) എന്ന കൃതിയുടെ മുഖവുരയില്‍ ഈ വിഗ്രഹഭഞ്ജനത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം എന്തായിരുന്നെന്ന് മനോഹരമായി വിശകലനം ചെയ്യുന്നുണ്ട്. അവ കേവല ശിലാവിഗ്രഹങ്ങളായിരുന്നില്ല. ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ കഴിയാത്ത വെറും കല്ലുകളാണ് അവയെന്ന് പ്രവാചകന്നും അറിയാമായിരുന്നു. പക്ഷേ, ആ വിഗ്രഹങ്ങള്‍ക്ക് ചുറ്റും 'ഖുറൈശീ വ്യവസ്ഥ' കെട്ടിപ്പടുത്ത രാഷ്ട്രീയ-സാമ്പത്തിക-സുരക്ഷാ താല്‍പര്യങ്ങളുടെ നെറ്റ്‌വര്‍ക്കുണ്ടായിരുന്നു. അത് തകര്‍ക്കാതെ പുതിയൊരു വ്യവസ്ഥ അവിടെ സ്ഥാപിച്ചെടുക്കാന്‍ സാധിക്കുമായിരുന്നില്ല. ആ താല്‍പര്യങ്ങളുടെ ശൃംഖലയിലാണ് പ്രവാചകന്‍ കൈവച്ചത്. സമൂലമായൊരു പരിവര്‍ത്തനത്തിനായി ആ 'വിധ്വംസന' ക്രിയ അത്യാവശ്യമായിരുന്നു. വിഗ്രഹാരാധനയുടെ യഥാര്‍ഥ ശക്തി കല്ലില്‍ നിന്നല്ല അതിനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ-സാമ്പത്തിക-സുരക്ഷാ സഖ്യത്തില്‍ നിന്നായിരുന്നു ഉരുവം കൊണ്ടിരുന്നത്. അത് നിലനില്‍ക്കേണ്ടത് തലമുറകളായി അതിന്റെ ഗുണഭോഗം നടത്തുന്നവര്‍ക്ക് ആവശ്യമായിരുന്നു. അതില്‍ ഒരു മാറ്റം വരിക എന്നാല്‍ അവരുടെ താല്‍പര്യങ്ങളുടെ കഥ കഴിയുക എന്നായിരുന്നു അര്‍ഥം. വിഗ്രഹങ്ങളെ തൊട്ട പ്രവാചകന്‍ ഖുറൈശികളുടെ പഴയ വ്യവസ്ഥയെയാണ് അട്ടിമറിച്ചത്.
ആധുനിക രാഷ്ട്രീയമീമാംസയുടെ ഭാഷയില്‍ 'ഡീപ് സ്റ്റേറ്റ്' എന്ന് വ്യവഹരിക്കപ്പെടുന്ന അധോവ്യവസ്ഥയുടെ പ്രതിനിധാനം തന്നെയായിരുന്നു അറേബ്യയിലെ ആ വിഗ്രഹങ്ങള്‍. ഇത്തരം അധോവ്യവസ്ഥകള്‍ പല രാജ്യങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. രാജ്യത്തിനകത്ത് മറ്റൊരു രാജ്യമായി ജനാധിപത്യ സംവിധാനത്തിലും ഈ അധോവ്യവസ്ഥ പ്രവര്‍ത്തന ക്ഷമമാണ്. അമേരിക്കയിലെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് ഇതിന്റെ മറ്റൊരു മുഖമാണ്. ബഹുരാഷ്ട്രക്കുത്തകകളും സൈനികരും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവരും ആയുധനിര്‍മാണ ശാലകളും അടങ്ങുന്ന ശക്തമായ ഒരു കൂട്ടായ്മയാണത്. ആഭ്യന്തര രാഷ്ട്രീയത്തിലും വിദേശ നയത്തിലും നിര്‍ണായക സ്വാധീനമുള്ള കേന്ദ്രം.
രാജാധിപത്യത്തില്‍നിന്ന് പട്ടാള വിപ്ലവത്തിലൂടെ മോചിതമായ ഈജിപ്ത് തുടക്കം മുതലേ ഒരു മിലിട്ടറി റിപ്പബ്ലിക്കായിരുന്നു. ഏക കക്ഷി ഭരണത്തിലധിഷ്ഠിതമായ ഈജിപ്ഷ്യന്‍ വ്യവസ്ഥക്ക് ജനാധിപത്യം അന്യമായിരുന്നു. മുസ്ത്വഫ കമാല്‍ പാഷയുടെ തുര്‍ക്കിയെ പോലെ ഒരു ഡീപ് സ്റ്റേറ്റ് ആയിട്ടായിരുന്നു ഈജിപ്തിന്റെ വളര്‍ച്ച. പില്‍ക്കാലത്ത് പേരില്‍ ബഹുകക്ഷി വ്യവസ്ഥയിലേക്ക് മാറിയപ്പോഴും ഈ അധോവ്യവസ്ഥക്ക് മാറ്റമൊന്നുമുണ്ടായില്ല. നിക്ഷിപ്ത താല്‍പര്യങ്ങളുടെ അതിവിപുലമായൊരു കൂടാരമാണിത്. സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് എന്ത് നെറികെട്ട വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്താന്‍ മടിക്കാത്തവരാണ് ഈ കൂടാരത്തിന്റെ കാവലാളുകള്‍. അവര്‍ നിയമത്തിന്നതീതരായിരിക്കും. കാരണം രാഷ്ട്രത്തലവന്‍ തന്നെയായിരിക്കും അതിന്റെ നട്ടെല്ല്.
തുര്‍ക്കിയില്‍ 'അര്‍ഗനാകോണ്‍' എന്ന സംഘടിത സംവിധാനത്തിലായിരുന്നു അധോവ്യവസ്ഥ പുലര്‍ന്നിരുന്നത്. സര്‍വീസിലുള്ളവരും അടുത്തൂണ്‍ പറ്റിയവരുമായ ആയിരക്കണക്കില്‍ സൈനിക ജനറല്‍മാരുടെയും പോലീസ് ഓഫീസര്‍മാരുടെയും വന്‍കിട ബിസിനസുകാരുടെയും പ്രാദേശിക ഭരണാധികാരികളുടെയും ഒരു ഗൂഢസംഘമാണ് 'അര്‍ഗനാകോണ്‍.' പരേതനായ അര്‍ബകാന്റെ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോഴൊക്കെ സൈന്യം അട്ടിമറി നടത്തിയത് ഈ ഗൂഢസംഘത്തിന്റെ താല്‍പര്യ സംരക്ഷണാര്‍ഥമായിരുന്നു. ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി വളരെ തന്ത്രപരമായും ക്രമപ്രവൃദ്ധവുമായാണ് 'അര്‍ഗനാകോണി' ന്റെ ചിറകരിഞ്ഞത്. ഇത് സാധിച്ചെടുത്തത് വര്‍ഷങ്ങളെടുത്താണ്. രാജ്യത്തിന്റെ രക്തമൂറ്റിക്കൊണ്ടിരുന്ന പ്രസ്തുത മാഫിയാ സംഘം ഏതാണ്ട് നിഷ്‌ക്രമിച്ചതോടെയാണ് തുര്‍ക്കി സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടതും ലീറ കരുത്ത് നേടിയതും.

ഡീപ് സ്റ്റേറ്റിന്റെ വിഗ്രഹങ്ങള്‍
'ജനുവരി 25 വിപ്ലവം' (2011) ഈജിപ്തില്‍ നിലനിന്നിരുന്ന ഡീപ് സ്റ്റേറ്റിന്നേറ്റ കനത്ത പ്രഹരമായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ ഗുണഭോക്താക്കള്‍ അതിനെ നിലനിര്‍ത്താന്‍ പാടുപെടുക സ്വാഭാവികമാണ്. ജനകീയ വിപ്ലവം നടന്നപ്പോഴും പൊതുതെരഞ്ഞെടുപ്പാദി രാഷ്ട്രീയ പ്രക്രിയ സജീവമായിക്കൊണ്ടിരുന്നപ്പോഴും അധോവ്യവസ്ഥയുടെ ശക്തികളും സമാന്തര പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. ജനാധിപത്യത്തെ നിര്‍വീര്യമാക്കുന്ന പല നടപടികളും അതിനിടയിലുണ്ടായി. അതിന്റെ ഒടുവിലത്തെ നീക്കം മാത്രമാണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ ജനുവരി 4 ലെ പട്ടാള അട്ടിമറി.
സുരക്ഷാസേന, അഴിമതി രാഷ്ട്രീയം, സാമ്പത്തിക ശക്തികള്‍, മാധ്യമങ്ങള്‍ എന്നീ വിഗ്രഹങ്ങളായിരുന്നു ഈജിപ്ഷ്യന്‍ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധാനങ്ങള്‍. എല്ലാ ഭരണസ്ഥാപനങ്ങളിലും ഈ മാഫിയാ സംഘം വേരാഴ്ത്തിയിരുന്നു. മുബാറക്കിന് രംഗം വിടേണ്ടി വന്നപ്പോഴും ഡീപ് സ്റ്റേറ്റിന്റെ രക്ഷാധികാരികള്‍ക്കാണ് ഭരണം കൈമാറിയത്. മുഖാബറാത്തി(സൈനിക ഇന്റലിജന്‍സ്) ന്റെ തലവന്‍ ജന: ഉമര്‍ സുലൈമാന്‍, നാസിറിന്റെയും സാദാത്തിന്റെയും മുബാറക്കിന്റെയും കാലത്ത് മുഖാബറാത്തിന്റെ താക്കോല്‍ സ്ഥാനത്തുണ്ടായിരുന്ന മറ്റൊരു ഉന്നതോദ്യോഗസ്ഥനായ സഫ്‌വത് ശരീഫ്, ആഭ്യന്തര മന്ത്രി ഹബീബ് ആദിലി, ബിസിനസ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് കൊണ്ട് മുബാറക്കിന്റെ പുത്രനായ ജമാല്‍ മുബാറക്ക് തുടങ്ങിയവര്‍ക്ക്. ഹുസ്‌നി മുബാറക്ക് സ്വമേധയാ സ്ഥാനമൊഴിഞ്ഞതല്ലെന്നും '52-ല്‍ ഫ്രീ ഓഫീസര്‍മാര്‍ ചെയ്തപോലെ സൈന്യത്തിലെ ജൂനിയര്‍ ഓഫീസര്‍മാര്‍ അട്ടിമറി നടത്തുമെന്ന് ഭയന്ന അമേരിക്കയുടെ നിര്‍ദേശ പ്രകാരം പട്ടാള മേധാവികള്‍ നിര്‍ബന്ധിച്ച് സ്ഥാനത്യാഗം ചെയ്യിച്ചതാണെന്നും അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുബാറക്ക് അധികാരമൊഴിഞ്ഞ ഉടന്‍ ഡീപ് സ്റ്റേറ്റിന്റെ കാവല്‍ ഭടന്മാര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കര്‍മനിരതരാവുകയുണ്ടായി. അതിന് രണ്ടു മുഖങ്ങളുണ്ടായിരുന്നു. ഭരണസ്ഥാപനങ്ങളിലും കായിക രംഗത്തും ജുഡീഷ്യറിയിലും മുന്‍നിരയിലുള്ള പ്രതീകങ്ങള്‍. രണ്ടാമത്തെ മുഖമാണ് കൂടുതല്‍ ഭീകരം. ഗൂഢസ്വഭാവത്തിലുള്ള ശക്തികളാണത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഭീകര പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയാണ് ഈ വിഭാഗത്തിന്റെ ദൗത്യം. സ്റ്റേറ്റ് സെക്യൂരിറ്റി വകുപ്പാണ് ഈ ഗുണ്ടാസംഘത്തിന് നേതൃത്വം നല്‍കുന്നത്.
ഈജിപ്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും സംശുദ്ധമെന്ന് അന്താരാഷ്ട്ര നിരീക്ഷക സംഘം വിലയിരുത്തിയ തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന പാര്‍ലമെന്റ് ഭൂരിപക്ഷത്തോടെ പാസ്സാക്കിയ മുന്‍ഭരണകൂടത്തിലെ നേതൃസ്ഥാനത്തിരിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് തടയുന്ന നിയമം റദ്ദാക്കി അഹ്മദ് ശഫീഖിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് പച്ചക്കൊടി കാട്ടിയ ഭരണഘടന കോടതിയുടെ നടപടി വിപ്ലവത്തിന് മേല്‍ ഡീപ് സ്റ്റേറ്റ് നേടിയ ആദ്യ വിജയമായിരുന്നു. ഭരണഘടനാപരമായ പരിവേഷത്തിലൂടെ സൈനിക സമിതി സോഫ്റ്റ് വിപ്ലവത്തെ സൈനിക അട്ടിമറിയാക്കിയ നടപടി എന്നാണ് കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ രാഷ്ട്രമീമാംസാ പ്രഫസര്‍ ഡോ. സൈഫുദ്ദീന്‍ അബ്ദുല്‍ ഫത്താഹ് ഇതിനെ വിശേഷിപ്പിച്ചത്. പിന്നീട് പാര്‍ലമെന്റ് കൂടി പിരിച്ചുവിട്ടതോടെ ആ വിജയം അതിന്റെ പാരമ്യത്തിലെത്തിച്ചേര്‍ന്നു.
രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭരണ സ്ഥാപനങ്ങളും സേനയുടെ നീരാളിപ്പിടിത്തത്തിലാണ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ റോഡ്-പാര്‍പ്പിട നിര്‍മാണം, റിസോര്‍ട്ട് മാനേജ്‌മെന്റ് മുതല്‍ റിയല്‍ എസ്റ്റേറ്റുകള്‍ വരെ വ്യാപകമാണ് സേനയുടെ വിഹാര രംഗങ്ങള്‍. സൈന്യത്തെ കുറിച്ചുള്ള പല വിവരങ്ങളും എളുപ്പം ലഭ്യമല്ല. അതിന്റെ വലുപ്പവും ബജറ്റുമെല്ലാം സ്റ്റേറ്റ് രഹസ്യമാണ്. രാജ്യത്തിന്റെ 40 ശതമാനം സാമ്പത്തിക സ്രോതസ്സുകളും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് പത്രപ്രവര്‍ത്തകനായ ജോഷ്വാ ഹാമര്‍ (Joshua Hamer) പറയുന്നത്.
സാധാരണ ജനങ്ങള്‍ക്കവശ്യമായ സാധനങ്ങളും സൈനികോപകരണങ്ങളും നിര്‍മിക്കുന്ന ഒമ്പത് മിലിട്ടറി ഫാക്ടറികളുടെ മേല്‍നോട്ടം വഹിക്കുന്നത് സേനയുടെ കീഴിലുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയലൈസേഷനാണ്. 1993-ല്‍ സുഊദിയുടെയും യു.എ.ഇയുടെയും മുതല്‍മുടക്കോടെയാണ് ഇത് സ്ഥാപിച്ചത്. പിന്നീട് സുഊദിയും യു.എ.ഇയും അവരുടെ ഓഹരികള്‍ ഈജിപ്തിന് തന്നെ വിട്ടുകൊടുത്തു. കര്‍ക്കശമായ ആധിപത്യം പുലരുന്ന ചൈനയില്‍നിന്നും സിംഗപ്പൂരില്‍നിന്നും ഭിന്നമായി ഈജിപ്തിലെ മിലിട്ടറി റിപ്പബ്ലിക്കില്‍ ക്രോണി കാപിറ്റലിസമാണ് തഴച്ചുവളര്‍ന്നത്. ഇത്തരമൊരു സൈനിക സംവിധാനത്തില്‍ യഥാര്‍ഥ ജനാഭിലാഷങ്ങളെ സാക്ഷാല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭരണകൂടം നിലനിന്ന് പോരുക എളുപ്പമല്ലെന്ന് വ്യക്തം. സേന വിചാരിച്ചാല്‍ ജനജീവിതം ദുരിതമയമാക്കാന്‍ എളുപ്പം സാധിക്കും. മുര്‍സി ഭരണകാലത്തെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു ഇന്ധനക്ഷാമം. ഇത് സേന കൃത്രിമമായി സൃഷ്ടിച്ചതായിരുന്നുവെന്ന് ജൂലൈ 4-ലെ അട്ടിമറിക്ക് ശേഷം ഇന്ധനം സുലഭമായി ഒഴുകാന്‍ തുടങ്ങിയതോടെ വ്യക്തമാവുകയുണ്ടായി. ബ്ലാക്ക് ബ്ലോക്ക് പോലുള്ള അജ്ഞാത സംഘത്തിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ കൈയും കെട്ടി നോക്കിനിന്ന സുരക്ഷാ വിഭാഗം അട്ടിമറിക്ക് ശേഷം സേനക്കെതിരെ നടന്ന സമാധാനപരമായ പ്രകടനങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്ത് സജീവമായതും അട്ടിമറി ആസൂത്രിതമായിരുന്നുവെന്നതിന്റെ തെളിവാണ്. സുരക്ഷാ വിഭാഗത്തിലെ വിഗ്രഹങ്ങളായിരുന്നു ഈജിപ്തില്‍ ക്രമേണ ശക്തിപ്പെട്ടുവന്ന അരാജകത്വത്തിന്റെ പശ്ചാത്തല ശക്തികള്‍.

വ്യാപാര മേഖലയിലെ വിഗ്രഹങ്ങള്‍
ഡീപ് സ്റ്റേറ്റിനെ താങ്ങിനിര്‍ത്തിയ മറ്റൊരു വിഗ്രഹം മുന്‍ഭരണകക്ഷിയായ നാഷ്ണല്‍ പാര്‍ട്ടിയുടെ പരിലാളനയില്‍ വളര്‍ന്നു വന്ന ബിസിനസ് ഗ്രൂപ്പുകളായിരുന്നു. കലാ-കായിക രംഗത്തും മാധ്യമരംഗത്തും ജുഡീഷ്യറിയിലും ബ്യൂറോക്രസിയിലുമുള്ളവരെ വിലക്കെടുക്കാന്‍ ഇവര്‍ക്ക് എളുപ്പം സാധിച്ചു. പുതിയ വ്യവസ്ഥക്കെതിരെ ഈ വിഭാഗങ്ങളെ അണിനിരത്താന്‍ വന്‍തോതില്‍ പണമിറക്കിയത് ഇവരായിരുന്നു. ഫുട്‌ബോള്‍ കലാപത്തിലും കുപ്രസിദ്ധമായ 'അല്‍ ജമല്‍ സംഭവ'ത്തിലും ഗുണ്ടകളെ ഇറക്കി കളിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചതും ഈ ബിസിനസ്സ് ഗ്രൂപ്പുകളായിരുന്നു.

മീഡിയാ വിഗ്രഹം
ഈജിപ്ഷ്യന്‍ ഡീപ് സ്റ്റേറ്റിന്റെ മറ്റൊരു ശക്തമായ ഉപകരണം മീഡിയയാണ്. അറുപത് വര്‍ഷമായി ഭരണകൂടത്തിന്റെ ശക്തമായ ഉപകരണമായി തുടരുന്ന ഈ വിഗ്രഹത്തെ ഒന്ന് തോണ്ടാന്‍ പോലും മുര്‍സി ഭരണകൂടത്തിന് സാധിക്കുകയുണ്ടായില്ല. മുര്‍സിയുടെ യഥാര്‍ഥ പ്രതിപക്ഷം തന്നെ പത്രപ്രവര്‍ത്തകനായ ഫഹ്മീ ഹുവൈദി ചൂണ്ടിക്കാട്ടിയപോലെ ജനകീയാടിത്തറയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളായിരുന്നില്ല, മീഡിയയായിരുന്നു. ഔദ്യോഗിക മാധ്യമങ്ങളിലെ നിയമനങ്ങള്‍ കാലാകാലമായി സര്‍ക്കാറിന്റെ അധികാര പരിധിയിലാണ്. എന്നാല്‍ മുര്‍സി ഭരണകൂടം പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ പോലും മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നുവെന്ന ആരവങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. സര്‍ക്കാര്‍ ചാനലുകള്‍ തന്നെ സര്‍ക്കാറിന്നെതിരെ തിരിയുമ്പോള്‍ സ്വകാര്യ ചാനലുകളുടെ കഥ പറയേണ്ടതില്ലല്ലോ. ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്യുന്നത് താന്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് ജോര്‍ദാന്‍ പത്രപ്രവര്‍ത്തകനായ അഹ്മദ് ദുബ്‌യാന്‍ എഴുതുകയുണ്ടായി. ബ്രദര്‍ഹുഡ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുകയും മുര്‍സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് മുതല്‍ കൊണ്ടുപിടിച്ച ഇസ്‌ലാമിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളാണ് അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും നടത്തിക്കൊണ്ടിരുന്നത്. സ്വകാര്യ ചാനലുകളില്‍ മിക്കതും മുന്‍ഭരണ കക്ഷിയില്‍പെട്ട ബിസിനസുകാരുടേതാണ്. കള്ളപ്പണവും വിദേശ നാണ്യവും വെളുപ്പിക്കാന്‍ ചാനലുകള്‍ ഉപയോഗിക്കപ്പെട്ടതായി കരുതപ്പെടുന്നു. നിരവധി ചാനലുകളുടെ ഉടമയായ വന്‍കിട ബിസിനസുകാരന്‍ നജീബ് സാവീര്‍സ് അമ്പത് ബില്യന്‍ ഈജിപ്ഷ്യന്‍ പൗണ്ട് മാധ്യമരംഗത്ത് ഒഴുക്കിയതായി ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പണത്തിന്റെ ഉറവിടം അജ്ഞാതമാണ്. ഇതിന്റെ ഗുണഭോക്താക്കളായതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്തരം റിപ്പോര്‍ട്ടുകള്‍ വിഷയമാവാറില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് രാജ്യത്തെ അരാജകത്വത്തില്‍നിന്ന് രക്ഷിക്കാന്‍ അവതരിച്ച മിശിഹായെ പോലെയാണ് അഹ്മദ് ശഫീഖിനെ അവതരിപ്പിച്ചിരുന്നത്. ബ്രദര്‍ഹുഡിന്നെതിരെ എന്ത് നുണയും പ്രചരിപ്പിക്കാന്‍ മീഡിയ മടിക്കയുണ്ടായില്ല. അതില്‍ ഇടത്-വലത് മാധ്യമങ്ങളൊക്കെ തുല്യമായിരുന്നു. ''ബ്രദര്‍ഹുഡ്കാര്‍ സുഡാനില്‍നിന്ന് ആയുധം തേടുന്നു'' എന്നായിരുന്നു ഇടതുപക്ഷ പത്രമായ അല്‍-അഹാലിയുടെ റിപ്പോര്‍ട്ടുകളിലൊന്ന്. സാമുദായിക വിദ്വേഷമുണ്ടാക്കുന്ന പ്രകോപന വാര്‍ത്തകളും നിരവധിയായിരുന്നു. കഠാര ഉയര്‍ത്തിപ്പിടിച്ച ഒരു സലഫി ശൈഖിന്റെ പടത്തോടുകൂടി 'ചര്‍ച്ചുകള്‍ക്ക് തീ കൊളുത്തിയില്ലെങ്കില്‍ നമ്മള്‍ ആണുങ്ങളല്ല' എന്നൊരു പ്രസ്താവന അല്‍ഫജ്ര്‍ പത്രം ബാനര്‍ തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ പത്രം ഉപയോഗിച്ച പടം ഈജിപ്തുകാരന്റെതായിരുന്നില്ല, 'ജയ്ശ് മുഹമ്മദ്' എന്ന സംഘത്തിന്റെ തലവനായ ജോര്‍ദാനിയുടേതായിരുന്നു എന്നതാണ് വിരോധാഭാസം. അയാള്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് ഹുസൈന്‍ രാജാവ് മാപ്പുനല്‍കുകയും ചെയ്തതായിരുന്നു. ഈജിപ്ഷ്യന്‍ സലഫികളുമായോ ബ്രദര്‍ഹുഡ്കാരുമായോ അതിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇസ്രയേല്‍ നേതാക്കളുമായി എഫ്.ജെ.പി നേതാക്കള്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി, സാമ്പത്തിക സഹായത്തിന് പകരം ഖത്തറിന് മുര്‍സി സൂയസ് കനാല്‍ പണയം വെച്ചു തുടങ്ങി കല്ലുവെച്ച നുണകളാണ് ഓരോ ദിവസവും ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്.
പ്രസിഡന്റ് സ്ഥാനാര്‍ഥി അഹ്മദ് ശഫീഖിനെ ജയിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു 'അധോവ്യവസ്ഥ'യുടെ ഗുണഭോക്താക്കളുടെ കണക്ക് കൂട്ടല്‍. അത് സാധിക്കാതെപോയതിനാലാണ് പട്ടാള അട്ടിമറിക്ക് നിര്‍ബന്ധിതരായത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റ് സ്ഥാനാര്‍ഥി ജയിക്കുകയാണെങ്കില്‍ പട്ടാള വിപ്ലവം നടക്കുമെന്ന് മുന്‍ ഇന്റലിജന്‍സ് മേധാവി ജന. ഉമര്‍ സുലൈമാന്‍ അന്നേ അല്‍-ഹയാത്ത് പത്രത്തിലെ ജിഹാദ് ഖാസിന്ന് നല്‍കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചതാണ്. സൈനിക ഭരണസമിതി അന്നത് നിഷേധിക്കുകയുണ്ടായില്ല. സൈനിക അട്ടിമറിയുടെ തിരക്കഥ മുമ്പേ തയാറായിരുന്നുവെന്ന് ചുരുക്കം. ഇടത്പക്ഷത്തെയും ബറദാഇയെ പോലെയുള്ള ലിബറലുകളെയും സഹശയനത്തിന് കിട്ടിയപ്പോള്‍ അത് എളുപ്പമായെന്ന് മാത്രം. ഇടത് പുരോഗമനപക്ഷ നിലപാടിനെ കുറിച്ചു വിമോചന ദൈവശാസ്ത്രകാരന്‍ മാര്‍ക്ക് എലീസ് (Marc H. Ellis) എഴുതിയത് ശ്രദ്ധേയമാണ്. ''വിചിത്രമാംവിധം കിടക്ക പങ്കിട്ടെടുക്കുന്നവരെ രാഷ്ട്രീയം സൃഷ്ടിക്കാറുണ്ട്. പക്ഷേ, അറിയുന്നവരും അറിയാത്തവരുമെല്ലാം കൂട്ടുചേര്‍ന്ന് യഥാര്‍ഥ പുരോഗമന മാറ്റം എങ്ങനെ സാധിക്കും എന്ന പ്രശ്‌നം അവശേഷിക്കുന്നു.... പുരോഗമന ശക്തികള്‍ വിജയിക്കുമെന്നതില്‍ എനിക്ക് സംശയമുണ്ട്....ഈജിപ്തില്‍ നോക്കുന്നിടത്തെല്ലാം ഡീപ് സ്റ്റേറ്റാണ് നിങ്ങള്‍ക്ക് കാണാനാവുക. ഒരു ഏകാധിപതി അപ്രത്യക്ഷനാവുകയും തെരഞ്ഞെടുപ്പു നടക്കുകയും പുതിയൊരു സിദ്ധാന്തം അവതരിക്കുകയും ചെയതത് കൊണ്ടുമാത്രം ഡീപ് സ്റ്റേറ്റില്‍ അധികാരം കൈമാറ്റം ചെയ്യപ്പെടുകയില്ലെന്ന് കരുതാന്‍ നിങ്ങളൊരു ഗൂഢാലോചന സിദ്ധാന്തക്കാരനൊന്നും ആകേണ്ട ആവശ്യമില്ല. മുര്‍സിയും സഖ്യകക്ഷികളും കഴിവു കെട്ടവരാകാം. പുതിയ വ്യവസ്ഥക്കും പഴയ വ്യവസ്ഥക്കുമിടയില്‍ ഒരു പാലം പണിയുന്നതിന് സംഭാഷണം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലാതിരിക്കാം. എന്ത് തന്നെയായാലും അവരുടെ മുഖ്യപരാജയം തങ്ങള്‍ സൃഷ്ടിക്കാനുദ്ദേശിക്കുന്ന പുതിയ വ്യവസ്ഥയില്‍ മുബാറക് യുഗത്തിലെ വരേണ്യ വിഭാഗത്തിനും സ്ഥാനമുണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ്.... പുരോഗമന ശക്തികള്‍ക്ക് ഇതില്‍ ഒരു സഖ്യ നിലപാട് എടുക്കാന്‍ കഴിയേണ്ടതായിരുന്നു.... കൂടുതല്‍ ദോഷം കുറഞ്ഞവരുമായി കൂടുക എന്നതാണ് ഇവിടെ കളിയുടെ പേര്'' (www.momdoss.net).
മുബാറക്കില്ലാത്ത ഒരു മുബാറക്കിസം അഥവാ നിയന്ത്രിത ജനാധിപത്യം-അതിലേക്കായിരിക്കും ഈജിപ്തിനെ പുതിയ ഭരണകൂടം കൊണ്ടെത്തിക്കാന്‍ ശ്രമിക്കുക. തെരുവില്‍ മുര്‍സി അനുകൂലികള്‍ക്ക് എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നതും ഒരു പ്രശ്‌നമാണ്. മുര്‍സിയെ തിരിച്ചു കൊണ്ടുവരണമെങ്കില്‍ മറ്റൊരു സൈനിക വിപ്ലവം നടക്കേണ്ടിവരും. അല്ലെങ്കില്‍ മൂന്നാമതൊരു കക്ഷിയുടെ മാധ്യസ്ഥ ശ്രമം നടക്കേണ്ടിവരും.
ഡീപ് സ്റ്റേറ്റിനെ അതിജയിച്ച അപൂര്‍വം വിപ്ലവങ്ങളിലൊന്ന് ഇറാന്‍ വിപ്ലവമാണ്. റഫറണ്ടത്തിലൂടെ രാജ്യത്തിന്റെ ഭാഗധേയം തീരുമാനിക്കപ്പെട്ടശേഷം സൈന്യത്തിന് സമാന്തരമായി വിപ്ലവഗാര്‍ഡുകളെ കെട്ടിപ്പടുത്തും ചാരസംഘടനയായ സാവാക്കടക്കം ഷാ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെ ഉടന്‍ വിചാരണ നടത്തി നിര്‍മൂലനം ചെയ്തുമാണ് ഡീപ് സ്റ്റേറ്റിന്റെ കരചരണങ്ങള്‍ അവര്‍ വെട്ടിമാറ്റിയത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുസദ്ദിഖിനെ അട്ടിമറിച്ച മുന്നനുഭവവും വിപ്ലവത്തിന് ആജ്ഞാശക്തിയുള്ള ഒരു നേതാവുമുണ്ടായതും കൊണ്ടാവാം അവര്‍ക്കത് സാധ്യമായത്-അതിന്റെ പേരില്‍ ഒരുപാട് പഴി അക്കാലത്ത് അവര്‍ക്ക് കേള്‍ക്കേണ്ടിവന്നിട്ടുണ്ടെങ്കിലും.
തുര്‍ക്കിയിലെ ഡീപ് സ്റ്റേറ്റ് ഭരിച്ച 'അര്‍ഗാനകോണി'ല്‍, പിടിച്ചെടുത്ത പട്ടിക പ്രകാരം ലക്ഷക്കണക്കില്‍ അംഗങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഉര്‍ദുഗാന്‍ ഭരണകൂടത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിന്റെ സാരഥികളെ പിടികൂടി വിചാരണക്ക് വിധേയരാക്കാന്‍ കഴിഞ്ഞത്. ഈജിപ്തിലെ അധോവ്യവസ്ഥക്കെതിരിലും സുദീര്‍ഘമായ സമരം ആവശ്യമായി വന്നേക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍