Prabodhanm Weekly

Pages

Search

2013 മെയ്‌ 24

തിരു-കൊച്ചിയിലെ മുസ്‌ലിം മഹതികള്‍-2/// ///////, എം. ഹലീമാ ബീവി - രണ്ട്‌ / പ്രതിഭാധനയായ പത്രപ്രവര്‍ത്തക

സദ്‌റുദ്ദീന്‍ വാഴക്കാട് / ഫീച്ചര്‍

മുസ്‌ലിം സ്ത്രീയുടെ പതിതാവസ്ഥയിലുള്ള വേദനയും വിദ്യാഭ്യാസത്തിലൂടെയും സംഘബോധത്തിലൂടെയും അവരെ മോചിപ്പിച്ചെടുക്കാനുള്ള മോഹവുമാണ് ഹലീമാബീവിയെ നയിച്ചത്.

വനിതാ സമ്മേളനവും വനിതാ സമാജവും
1938-ല്‍ തിരുവല്ലയില്‍ സംഘടിപ്പിച്ചതാണ് കേരള ചരിത്രത്തിലെ ആദ്യ വനിതാ സമ്മേളനം. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെയും മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന്റെയും ചരിത്രത്തില്‍ മാത്രമല്ല, കേരളീയ സാമൂഹിക വളര്‍ച്ചയുടെ നാള്‍വഴികളില്‍ തന്നെ അഭിമാനപൂര്‍വം രേഖപ്പെടുത്തേണ്ടതായിരുന്നു ഹലീമാബീവിയുടെയും മറ്റും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രസ്തുത സമ്മേളനം. ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളുടെ നിര്‍ദേശത്തില്‍നിന്നുകൂടി പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരുവല്ലയില്‍ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ആലുവയില്‍ അക്കാലത്ത് നടന്ന ഒരു യുവജന സമ്മേളനത്തില്‍ പ്രസംഗിക്കവെ, മുസ്‌ലിം സ്ത്രീകളെ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അതിനുവേണ്ടി തിരുവിതാംകൂറിലെങ്കിലുമുള്ള സ്ത്രീകള്‍ക്ക് വേണ്ടി സമ്മേളനം സംഘടിപ്പിക്കാനുള്ള ആഗ്രഹവും ആറ്റക്കോയ തങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. അതിനായി ഹലീമാബീവി മുന്നോട്ടുവരണമെന്നും അദ്ദേഹം പ്രത്യാശിച്ചു. പത്രങ്ങളില്‍നിന്ന് ഈ വാര്‍ത്ത ഹലീമാബീവി വായിച്ചറിഞ്ഞു. ശേഷം, ആറ്റക്കോയതങ്ങള്‍ ഈ ആവശ്യമുന്നയിച്ചുകൊണ്ട് അയച്ച കത്തും ഹലീമാബീവിക്ക് ലഭിച്ചു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രണ്ട് ആഴ്ചക്കകം, 200 ഓളം സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു സമ്മേളനം നടത്താന്‍ അക്കാലത്ത് ഹലീമാബീവിക്ക് സാധിച്ചത് ചെറിയ കാര്യമല്ല.
പ്രസ്തുത സമ്മേളനത്തില്‍ അവര്‍ നടത്തിയ സാമാന്യം ദീര്‍ഘിച്ച സ്വാഗത പ്രഭാഷണം ഭാഷാസൗന്ദര്യവും ആശയഗാംഭീര്യവുമുള്ളതാണ്. ഒരു കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീയുടെ ജീവിതാവസ്ഥകളും വിമോചന മുന്നേറ്റത്തിന്റെ ആവശ്യകതയും ആ പ്രഭാഷണത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ല്‍ അധികം സ്ത്രീ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വി.ജി ഖദീജ (സ്ത്രീകളും നബിദിനാഘോഷവും), മൈതീന്‍ബീവി (മുസ്‌ലിം സ്ത്രീകളും ആധുനിക ജീവിതവും) എന്നിവര്‍ പ്രസംഗിക്കുകയുണ്ടായി. മുസ്‌ലിം പെണ്‍കുട്ടികളുടെ സ്‌കൂള്‍ ഫീസ് റദ്ദാക്കുക, പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുക, അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് ഉദ്യോഗം നല്‍കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ പാസാക്കിയിരുന്നു. തിരുവിതാംകൂറില്‍ ആദ്യമായി ഹിന്ദിരാഷ്ട്ര ഭാഷാ വിശാരദ് പരീക്ഷ പാസായ മൈതീന്‍ ബീവിക്കും, ആദ്യമായി വൈദ്യശാസ്ത്ര ബിരുദം നേടിയ ഡോ. അബ്ഷാ മരയ്ക്കാറിനും തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കണമെന്നും സമ്മേളനം സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുകയുണ്ടായി.
മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനായി ഒരു സംഘടനക്ക് രൂപം നല്‍കുകയെന്നതായിരുന്നു സമ്മേളനം വിളിച്ചുകൂട്ടിയതിന്റെ പ്രധാന ലക്ഷ്യമെന്ന് ഹലീമബീവി സൂചിപ്പിച്ചിട്ടുണ്ട്. 'അഖില തിരുവിതാംകൂര്‍ മുസ്‌ലിം വനിതാ സമാജം' ആയിരുന്നു അവരുടെ സ്വപ്നം. കരകള്‍തോറും, താലൂക്കുതോറും വനിതാസമാജം രൂപീകരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. വനിതകള്‍ക്ക് മാത്രമായി ഒരു സംഘടനയെന്ന കാഴ്ചപ്പാട് 1930 കളില്‍ മുന്നോട്ടുവെച്ച ഹലീമാബീവിക്ക്, സ്ത്രീവിമോചനത്തെക്കുറിച്ച് എത്ര ഉയര്‍ന്ന ചിന്തയാണ് അക്കാലത്തുണ്ടായിരുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. സമ്മേളനത്തെ തുടര്‍ന്ന് തിരുവല്ല കേന്ദ്രമാക്കി രൂപം കൊണ്ട 'വനിതാ സമാജ'ത്തിന്റെ ആദ്യ പ്രസിഡന്റും ഹലീമാബീവിയായിരുന്നു. നാട്ടിലുടനീളം തിരുവിതാംകൂര്‍ വനിതാസമാജത്തിന് ശാഖകള്‍ രൂപീകരിക്കണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും അത് വിജയിക്കുകയുണ്ടായില്ല. പക്ഷേ, 1000 ഓളം സ്ത്രീകള്‍ കേന്ദ്രസംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നു. തിരുവല്ലയില്‍ സമാജത്തിന്റെ ഓഫീസ് സജീവമായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അവിടെ പലപ്പോഴായി വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തോളം സമാജം നന്നായി പ്രവര്‍ത്തിക്കുകയുണ്ടായി. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കാന്‍ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. പെണ്‍കുട്ടികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുക, താഴ്ന്ന ക്ലാസുകളിലെ നിര്‍ധന വിദ്യാര്‍ഥിനികള്‍ക്ക് ധനസഹായം നല്‍കുക, ഉയര്‍ന്ന ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് മുസ്‌ലിം പ്രമുഖരില്‍നിന്നും മറ്റും ധനസഹായം ലഭ്യമാക്കുക, ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പുകള്‍ യഥാസമയം ലഭ്യമാക്കാന്‍ നടപടികള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ രംഗത്ത് സമാജം ചെയ്തിരുന്നത്. പല ഭാഗങ്ങളിലെയും സ്ത്രീകള്‍ക്ക് പരസ്പരം അറിയാനും സാമൂഹിക പ്രവര്‍ത്തനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ സഹായകമായിട്ടുണ്ട്.
മലബാറിലേക്കു കൂടി 'തിരുവിതാംകൂര്‍ വനിതാസമാജ'ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് ഹലീമാബീവി ആഗ്രഹിച്ചിരുന്നു. അന്ന് തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന 'മുസ്‌ലിം മഹിളാ സമാജ'വുമായി ബന്ധപ്പെട്ട് ഇതിനുവേണ്ടി അവര്‍ പരിശ്രമിച്ചു. പല തവണ കത്തിടപാടുകള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ ഹലീമാബീവി തന്നെ നേരിട്ട് തലശ്ശേരിയില്‍ പോവുകയും മുസ്‌ലിം മഹിളാ സമാജം പ്രസിഡന്റായിരുന്ന കുഞ്ഞാച്ചു സ്വാഹിബയെ കാണുകയും ചെയ്തു. പക്ഷേ, അന്നത്തെ സാഹചര്യത്തില്‍ അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല. 1959 ലെ തന്റെ ഒരു പ്രസംഗത്തില്‍ ഹലീമാബീവി തന്നെ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തനം
സാമൂഹിക സമുദ്ധാരണത്തിനും മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റത്തിനുമായി ഹലീമാബീവി തെരഞ്ഞെടുത്ത പ്രധാന കര്‍മമണ്ഡലം പത്രപ്രവര്‍ത്തനമായിരുന്നു. സ്വന്തമായി വനിതാ മാസിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് അവര്‍ പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നത്. പത്രാധിപ, ലേഖിക, പ്രിന്റര്‍, പബ്ലിഷര്‍, കമ്പോസര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങളെല്ലാം ഒരേ സമയം നിര്‍വഹിച്ചുകൊണ്ടാണ് അക്കാലത്ത് അവര്‍ തന്റെ സാഹസികത പ്രകടിപ്പിച്ചത്. മഹത്തായ തന്റെ ലക്ഷ്യം മുന്‍നിറുത്തി മുസ്‌ലിം വനിത (1938), ഭാരത ചന്ദ്രിക ആഴ്ചപ്പതിപ്പ് (1946), ഭാരത ചന്ദ്രിക ദിനപ്പത്രം, ആധുനിക വനിത (1970) എന്നിവ പുറത്തിറക്കുകയുണ്ടായി. 'മാപ്പിള റിവ്യൂവി'ന്റെ പ്രസിദ്ധീകരണത്തില്‍ പങ്കാളിയാവുകയും ചെയ്തു.
മുസ്‌ലിം സ്ത്രീകളെ അന്ധവിശ്വാസ-അനാചാരങ്ങളില്‍നിന്ന് മോചിപ്പിക്കുകയും ഇസ്‌ലാമിക ബോധമുള്ളവരാക്കി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഒരു വനിതാ മാസിക ആരംഭിക്കുകയെന്നത് മുഹമ്മദ് മൗലവിയുടെ ലക്ഷ്യമായിരുന്നു. ആ മോഹമാണ് ഹലീമാബീവിയിലൂടെ പൂര്‍ത്തിയായത്. ഏഴാം ക്ലാസ് വിദ്യാഭ്യാസമുണ്ടായിരുന്ന ഹലീമാബീവി ഭര്‍ത്താവിന്റെ സഹായത്തോടെയാണ് പത്രപ്രവര്‍ത്തനത്തിന്റെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ചത്. 1938-ല്‍, മേട മാസത്തില്‍ മുസ്‌ലിം വനിത എന്ന പേരിലുള്ള മാസിക തിരുവല്ലയില്‍നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. ഹലീമാബീവിയായിരുന്നു മാനേജിംഗ് എഡിറ്റര്‍. ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം അവതരിപ്പിച്ചും അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ ശബ്ദിച്ചും പുറത്തിറങ്ങിയ മാസിക പെട്ടെന്നുതന്നെ ശ്രദ്ധേയമായി. ഒരു വിഭാഗം മാസികയെ സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചപ്പോള്‍ യാഥാസ്ഥിതിക മനസ്ഥിതിക്കാര്‍ മാസികയോട് എതിരിട്ടുനിന്നു. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ കൊണ്ട് മാസികയുടെ പ്രസിദ്ധീകരണം തുടര്‍ന്നുപോകാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടിവന്നു. കാലണയായിരുന്നു വില. ഏജന്റുമാരില്‍നിന്നു കൃത്യമായി പണം പിരിഞ്ഞുകിട്ടിയില്ല. കെട്ടിട വാടകയും അച്ചടിച്ചെലവും ജോലിക്കാരുടെ ശമ്പളവും മറ്റുമായി വലിയൊരു സാമ്പത്തിക ബാധ്യതതന്നെ അവര്‍ക്കുമേല്‍ വന്നുപെട്ടു. മാസിക മുടങ്ങാതിരിക്കാന്‍ പരമാവധി പരിശ്രമിച്ചെങ്കിലും ആ ശ്രമം വിജയം കണ്ടില്ല. പത്തുമാസത്തിനുശേഷം മാസിക നിര്‍ത്തേണ്ടിവന്നു.
പത്രപ്രവര്‍ത്തനത്തോടുള്ള അടങ്ങാത്ത താല്‍പര്യം ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു പ്രസിദ്ധീകരണവുമായി രംഗത്തുവരാന്‍ ഹലീമാബീവിയെ പ്രേരിപ്പിച്ചു 'മുസ്‌ലിം വനിത'യുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു പുതിയ പ്രസിദ്ധീകരണം. സാഹിത്യ രചനകള്‍ക്ക് മുന്‍ഗണന നല്‍കിയ ആഴ്ചപ്പതിപ്പായിരുന്നു അത്. 1946-ലാണ് 'ഭാരത ചന്ദ്രിക' പുറത്തിറങ്ങിയത്. മാനേജിംഗ് എഡിറ്ററായിരുന്ന ഹലീമാ ബീവിക്ക് പുറമെ പ്രഗത്ഭമതികള്‍ ഭാരത ചന്ദ്രികക്ക് നേതൃത്വം നല്‍കി. വൈക്കം മുഹമ്മദ് ബഷീര്‍, വക്കം അബ്ദുല്‍ ഖാദിര്‍, വെട്ടൂര്‍ രാമന്‍നായര്‍ എന്നിവര്‍ ഭാരത ചന്ദ്രികയുടെ സബ് എഡിറ്റര്‍മാരായിരുന്നു.
ഏതാണ്ട് മുഴുസമയ പ്രവര്‍ത്തകനെന്ന നിലയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഭാരത ചന്ദ്രികയില്‍ ജോലി ചെയ്തിരുന്നു. ബഷീര്‍ അന്ന് തിരുവല്ലയില്‍ ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്.ബഷീറിന്റെ വിഖ്യാതമായ പാത്തുമ്മയുടെ ആട്, നീലവെളിച്ചം, വിശുദ്ധരോമം എന്നിവ ആദ്യമായി അച്ചടിച്ചുവന്നത് ഭാരത ചന്ദ്രികയിലായിരുന്നു. ''ബഷീറിനെ അറസ്റ്റു ചെയ്യാന്‍ സര്‍ സി.പിയുടെ കല്‍പ്പന വന്നപ്പോള്‍ രാത്രി അദ്ദേഹം എറണാകുളത്തേക്ക് രക്ഷപ്പെടുകയായിരുന്നു. അതൊക്കെ ഇന്നലെ കഴിഞ്ഞപോലെ ഓര്‍മയുണ്ട്. ഒരു ദിവസം വൈകുന്നേരം പ്രസില്‍നിന്ന് മടങ്ങിയെത്തിയ എന്റെ ഭര്‍ത്താവാണ് വിവരങ്ങള്‍ അറിയിച്ചത്. അറസ്റ്റ് നടന്നേക്കുമെന്ന് കേള്‍ക്കുന്നുണ്ടെന്നും രാത്രി തന്നെ സ്ഥലം വിടണമെന്നും അദ്ദേഹമാണ് ബഷീറിനെ നിര്‍ബന്ധിച്ചത്.''- ഹലീമാബീവി ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
മലയാള സാഹിത്യത്തിലെ പ്രതിഭാധനരുടെ വലിയൊരുനിര തന്നെ അക്കാലത്ത് 'ഭാരത ചന്ദ്രിക'യില്‍ എഴുതിയിരുന്നു. ചങ്ങമ്പുഴ, ബാലാമണിയമ്മ, പി.എ സെയ്തുമുഹമ്മദ്, പൊന്‍കുന്നം വര്‍ക്കി, ഒ.എന്‍.വി കുറുപ്പ്, അമാനി മൗലവി, ഗുപ്തന്‍ നായര്‍, കമുകറ പുരുഷോത്തമന്‍ തുടങ്ങിയവരുടെ രചനകള്‍ ഭാരത ചന്ദ്രികയില്‍ അച്ചടിച്ചുവന്നു. 'ഞാന്‍ എഴുതിത്തെളിഞ്ഞത് ഹലീമാ ബീവിയുടെ വാരികയിലൂടെയാണെന്ന്' പി.എ സെയ്തു മുഹമ്മദ് പറഞ്ഞിട്ടുണ്ട്.
ഒരു വര്‍ഷത്തിനുശേഷം 'ഭാരത ചന്ദ്രിക' ദിനപ്പത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. പി.എ സെയ്തുമുഹമ്മദ്, കെ.എം മുഹമ്മദ്, വി.പി.എ അസീസ്, പി.കെ കുഞ്ഞു സാഹിബ്, അബ്ദുല്‍ മജീദ് മരയ്ക്കാര്‍ തുടങ്ങിയവരുടെ നിര്‍ബന്ധപൂര്‍വമായ പ്രോത്സാഹനമായിരുന്നു ദിനപ്പത്രമാക്കാന്‍ കാരണമായത്. സര്‍ സി.പിയുടെ കിരാത വാഴ്ചക്കെതിരെ തന്റെ പത്രത്തില്‍ ഹലീമാബീവി തുറന്നെഴുതി. ഇത് സര്‍ സി.പിയെ ചൊടിപ്പിച്ചു. ഹലീമാബീവിയെ അനുനയിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. തനിക്ക് അനുകൂലമായി എഴുതിയാല്‍ ജപ്പാനില്‍ നിന്ന് ആധുനിക പ്രിന്റിംഗ് മെഷീന്‍ വാങ്ങിക്കൊടുക്കാമെന്ന് സര്‍ സി.പി വാഗ്ദാനം ചെയ്തു. ഇത് നിരസിച്ചപ്പോഴാണ് ഭര്‍ത്താവിന്റെ ടീച്ചിംഗ് ലൈസന്‍സ് റദ്ദാക്കിയത്. സിംഗപ്പൂരില്‍നിന്ന് സഹൃദയനായ ഒരാളുടെ സഹായത്തോടെ സ്വന്തമായി പ്രസ് വാങ്ങിയിരുന്നു. ഇതുപയോഗിച്ചാണ് 'ഭാരത ചന്ദ്രിക പ്രിന്റേഴ്‌സ് ആന്റ് പബ്ലിക്കേഷന്‍സ്' പ്രവര്‍ത്തിച്ചിരുന്നത്.
ദിനപത്രമാക്കിയതോടെ കടുത്ത സാമ്പത്തിക പ്രയാസങ്ങളുണ്ടായി. പരാധീനതകള്‍ വര്‍ധിച്ചു. ഒരു നിലക്കും മുന്നോട്ടു കൊണ്ടുപോകാനാകാതെ വന്നു. ഇത് തരണം ചെയ്യാന്‍ കണ്ണൂര്‍ തലശ്ശേരി, മാഹി പ്രദേശങ്ങളില്‍വരെ അക്കാലത്ത് ഹലീമാ ബീവിയും ഉമ്മ മൈതീന്‍ ബീവിയും യാത്ര ചെയ്യുകയുണ്ടായി. കായംകുളം പി.കെ കുഞ്ഞു സാഹിബും മറ്റും പിന്തുണക്കുകയും സഹായിക്കുകയും ചെയ്തു. എന്നിട്ടും കടം കയറി വലഞ്ഞു. പത്രം അടച്ചുപൂട്ടി. ഏറെ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു ആ കാലം. പിന്നീട്, പെരുമ്പാവൂരിലെ മജീദ് മരയ്ക്കാരുടെ പാര്‍ട്ണര്‍ഷിപ്പില്‍ പുതിയ പ്രസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. തദാവശ്യാര്‍ഥമാണ് തിരുവല്ലയില്‍നിന്ന് പെരുമ്പാവൂരിലേക്ക് താമസം മാറ്റിയത്. മജീദ് മരക്കാരുടെ പ്രേരണയായിരുന്നു ഈ മാറ്റത്തിന് നിമിത്തമായത്. മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും എം.എല്‍.എയുമൊക്കെയായിരുന്നു മജീദ് മരയ്ക്കാര്‍. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ 1949-ല്‍ തുടങ്ങിയ 'അന്‍സാരി' മാസികയുടെ മുഖ്യപത്രാധിപര്‍ മുഹമ്മദ് മൗലവിയായിരുന്നു. ഏറെക്കാലം കഴിയുംമുമ്പേ അതും അവസാനിച്ചു. അതോടെ സജീവ പത്രപ്രവര്‍ത്തന രംഗത്തുനിന്ന് ഹലീമാബീവി താല്‍ക്കാലികമായി വിടവാങ്ങി. സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചത് ഇതിനുശേഷമാണ്.
നീണ്ട ഇടവേളക്ക് ശേഷം, 1970 ലാണ് ഹലീമാബീവി പത്രപ്രവര്‍ത്തനരംഗത്ത് തിരിച്ചെത്തുന്നത്. 'ആധുനിക വനിത'യുടെ മുഖ്യപത്രാധിപയായിക്കൊണ്ടായിരുന്നു ഇത്. മാസിക തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ആസാദ് മെമ്മോറിയല്‍ ട്രസ്റ്റ് ആരംഭിക്കുകയും പ്രസ് സ്ഥാപിക്കുകയും ചെയ്തു. വീടും പറമ്പും വിറ്റാണ് ഇതിനുള്ള പണം കണ്ടെത്തിയത്. അബുല്‍ കലാം ആസാദിനോടുള്ള ആദരസൂചകമായാണ് 'ആസാദ്' എന്ന് ട്രസ്റ്റിന് പേരിട്ടത്. 1970 ജൂണില്‍ പെരുമ്പാവൂരില്‍ നിന്നാണ് 'ആധുനിക വനിത' പ്രസിദ്ധീകരണമാരംഭിച്ചത്. ലേഖനം, കഥ, കവിത, നോവല്‍, ചരിത്രം എല്ലാം ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരണമായിരുന്നു അത്. 50 പൈസയായിരുന്നു വില. വാര്‍ഷിക വരിസംഖ്യ-6 രൂപ. ഇന്ത്യക്ക് വെളിയില്‍ 15 രൂപ. ഫിലോമിന കുര്യന്‍, ബേബി ജെ. മുരിക്കന്‍, ബി. സുധ, കെ.കെ കമലാക്ഷി, എം. റഹ്മാബീഗം എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങള്‍.
സി. അച്യുതമനോന്‍, സി.എച്ച് മുഹമ്മദ് കോയ, കെ.എം ജോര്‍ജ്, കെ. അവുക്കാദര്‍ കുട്ടി നഹ, എന്‍. ബാലാമണിയമ്മ, കെ.എം ചെറിയാന്‍, കെ.എ ദാമാദര മേനോന്‍, ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍, ഏ.എ കൊച്ചുണ്ണി (കൊച്ചി മേയര്‍), ടി.എം സാവാന്‍ കുട്ടി, അബു സബാഹ് അഹ്മദ് അലി മൗലവി, പി.എ സെയ്തു മുഹമ്മദ്, കെ. ഗോമതിയമ്മ തുടങ്ങിയ പ്രമുഖരുടെ ആശംസാകുറിപ്പുകളോടെയാണ് ഒന്നാം ലക്കം പുറത്തിറങ്ങിയത്. ഒന്നാം ലക്കത്തിന് ഹലീമാ ബിവി എഴുതിയ പത്രാധിപക്കുറിപ്പില്‍ നിന്ന്: ''വര്‍ഷങ്ങള്‍ക്കുമുമ്പ് വനിതയുടെയും ഭാരത ചന്ദ്രികയുടെയും ചുക്കാന്‍ പിടിച്ച കൈകള്‍ അചഞ്ചലമായ ആത്മവിശ്വാസത്തോടുകൂടിയാണ് 'ആധുനിക വനിതയെ അണിയിച്ചൊരുക്കുന്നത്.... ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന സ്ത്രീസമുദായത്തെ പ്രതിനിധാനം ചെയ്യുന്നതോ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങള്‍ വളരെക്കുറവാണ്....ഈ ഒരു പരിതസ്ഥിതിയില്‍ സ്ത്രീകള്‍ക്കുവേണ്ടി തികച്ചും പുതുമയും പുരോഗമനാത്മകതയും ഉള്‍ക്കൊള്ളുന്ന, ചില വ്യക്തമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് അഹങ്കാരത്തോടു കൂടിയല്ലെങ്കിലും ആത്മാര്‍ഥതയോടും ആത്മവിശ്വാസത്തോടും കൂടി പ്രഖ്യാപിച്ചുകൊണ്ടാണ് ആധുനിക വനിത നിങ്ങളെ സമീപിക്കുന്നത്.......ഇത്തരം ഒരു പരിപാടി മനസ്സില്‍ രൂപം കൊണ്ടപ്പോള്‍ മുതല്‍ തന്നെ തുല്യസ്വഭാവത്തോടു കൂടിയുള്ള പല ആംഗലേയ പ്രസിദ്ധീകരണങ്ങളും ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്..... എന്നാല്‍ പലപ്പോഴും സ്ത്രീയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഉപരിപ്ലവങ്ങളായ, ബാഹ്യമോടിയില്‍ മാത്രം അവയുടെ ഉള്ളടക്കം ഒതുങ്ങി നില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. ഭാരതത്തെ പോലെയുള്ള ഒരു അവികസിത രാഷ്ട്രത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ ഒട്ടും അപ്രധാനമല്ലാത്ത പങ്കുവഹിക്കാന്‍ കടപ്പെട്ടവരാണ് ഈ നാട്ടിലെ സ്ത്രീകള്‍....''
സാഹിത്യ പ്രവര്‍ത്തനത്തിനപ്പുറം കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങളില്‍ 'വിദ്യാര്‍ഥിനീ സമാജം' രൂപീകരിച്ചുകൊണ്ട് സംസ്ഥാന തലത്തില്‍ പെണ്‍കുട്ടികളുടെ ഒരു സംഘടന കെട്ടിപ്പടുക്കുകയെന്ന സ്വപ്നവും 'ആധുനിക വനിത' യുടെ പ്രസിദ്ധീകരണത്തിലൂടെ ഹലീമാബീവിക്കുണ്ടായിരുന്നു. 1970 കാലഘട്ടത്തിലും ഹലീമാബിവിക്ക് സാമൂഹിക പ്രവര്‍ത്തനത്തിലുമുണ്ടായിരുന്ന താല്‍പര്യമാണ് ഇത് സൂചിപ്പിക്കുന്നത്. പെരുമ്പാവൂരിലെ ആസാദ് മെമ്മോറിയല്‍ പ്രസില്‍ അച്ചടിച്ചിരുന്ന മാസികയുടെ പ്രിന്ററും പബ്ലിഷറും ഹലീമാബീവി തന്നെയായിരുന്നു.
കെ. ഗോമതിയമ്മ, പ്രഫ. കെ.എം തരകന്‍, പി. വത്സല തുടങ്ങിയ പ്രമുഖരുടെ രചനകള്‍ക്കുപുറമെ റഹ്മാബീഗം, സി.എ സുബൈദ, മിസ് ആമിനാ കരീം, എച്ച്.എ സൗദാബീവി, വി.കെ ശരീഫ, ഡോ. എം. സുബൈദ, ഫിലോമിന കുര്യന്‍, എം.എ ബീന, തങ്കമ്മ മാലിക്, ഇന്ദിര, വസന്തകുമാരി, വെട്ടത്ത് ജുവൈരിയ, ഫിലോമിന കുര്യന്‍, കെ. മാധവിഅമ്മ, ഇന്ദിര, ബി. രമണി, ജോസഫൈന്‍, ഗീതാദേവി തുടങ്ങിയ എഴുത്തുകാരികളുടെ സൃഷ്ടികളും ആധുനിക വനിതയില്‍ അച്ചടിച്ചുവന്നിട്ടുണ്ട്. പുരുഷ ശബ്ദം എന്ന പേരില്‍ കെ.എ.എം അശ്‌റഫ് ഒരു പക്തി കൈകാര്യം ചെയ്യുകയുണ്ടായി. മാനേജിംഗ് എഡിറ്ററും സഹപത്രാധിപരുമെല്ലാം സ്ത്രീകളായിരുന്നുവെന്നത് ഈ മാസികയുടെ പ്രത്യേകതയാണ്. കെ.എ.എം അശ്‌റഫിന്റെ പംക്തി ഒഴിച്ചാല്‍ ബാക്കിയെല്ലാം സ്ത്രീകളുടേതായിരുന്നു.
മാസികയുടെ ഏഴാം ലക്കം (1970 ഡിസംബര്‍) പ്രസിദ്ധീകരിക്കാന്‍ കഴിയാതിരുന്നതിനാല്‍ 7, 8 ലക്കങ്ങള്‍ ഒന്നിച്ച് (1971 ജനുവരി, ഫെബ്രുവരി) പുറത്തിറക്കി. അതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയായിരുന്നു. 9-ാം ലക്കത്തിന് (1971 മാര്‍ച്ച്) എഴുതിയ 'മാപ്പ്' എന്ന പത്രാധിപക്കുറിപ്പില്‍, 'കടുത്ത പരീക്ഷണങ്ങളിലൂടെയാണ് ഞങ്ങള്‍ ഓരോ മാസവും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്' എന്ന് എഴുതിയിട്ടുണ്ട്. പിന്നീട് അധികം വൈകാതെ മാസിക നിലക്കുകയും ചെയ്തു.

കുടുംബം
നാല് സഹോദരങ്ങളുണ്ടായിരുന്നു ഹലീമാബീവിക്ക്, രണ്ട് പെണ്ണും രണ്ട് ആണും. ഹലീമാബീവിയുടെ ഏഴു മക്കളില്‍ രണ്ടുപേര്‍ ചെറുപ്പത്തില്‍ മരണപ്പെട്ടു. മൂത്തമകള്‍ നഫീസാബീവി 2011-ലാണ് മരിച്ചത്. രണ്ടാമത്തെ മകള്‍, മികച്ച അധ്യാപികക്കുള്ള അവാര്‍ഡ് ജേതാവും തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസും തിരൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന അന്‍സാര്‍ ബീഗം ഇപ്പോള്‍ തിരൂരില്‍ താമസിക്കുന്നു. മൂന്നാമത്തെ മകള്‍ പരീക്കണ്ണി യു.പി സ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് ജമീല ബീവി കോതമംഗലത്തിനടുത്ത പരീക്കണ്ണിയിലാണ് താമസം. തിരുവനന്തപുരം സിഡ്‌കൊ ജനറല്‍ മാനേജറായിരുന്ന മകന്‍ മുഹമ്മദ് അഷ്‌റഫ് 2006-ല്‍ മരണപ്പെട്ടു.
sadarvzkd@gmail.com

അടുത്ത ലക്കത്തില്‍:
അഡ്വ. കെ.ഒ ആയിഷബായ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 56-59
എ.വൈ.ആര്‍