Prabodhanm Weekly

Pages

Search

2013 മെയ്‌ 17

തിരു-കൊച്ചിയിലെ മുസ്‌ലിം മഹതികള്‍ / എം. ഹലീമാ ബീവി / അക്ഷരങ്ങളില്‍ അഗ്നികൊളുത്തിയ സാമൂഹിക പ്രവര്‍ത്തക

സദ്‌റുദ്ദീന്‍ വാഴക്കാട് / ഫീച്ചര്‍

ഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ ഒരു മുസ്‌ലിം സ്ത്രീ പത്രപ്രവര്‍ത്തകയും പ്രഭാഷകയും സാമൂഹിക പ്രവര്‍ത്തകയും സംഘാടകയുമായി രംഗത്തുവരിക, പ്രതിബന്ധങ്ങളെ സധീരം നേരിട്ട് കര്‍മമണ്ഡലത്തില്‍ മുന്നോട്ട് പോവുക, ചരിത്രത്തില്‍ സവിശേഷമായ വ്യക്തിമുദ്ര പതിക്കുക-അതൊരു സാഹസവും അത്ഭുതവുമാണെന്ന് പ്രകീര്‍ത്തിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. എം. ഹലീമാ ബീവിയെന്ന പ്രതിഭാശാലിനിയില്‍ നാം കാണുന്നത് ആ ചരിത്രസത്യമാണ്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലത്തില്‍ എം. ഹലീമാബീവി നടത്തിയ ദിശാബോധത്തോടു കൂടിയ ക്രിയാത്മക ഇടപെടലുകള്‍ അത്യധികം ആവേശത്തോടും വൈകാരികതയോടും കൂടിയല്ലാതെ വായിച്ചുപോകാനാകില്ല.
കേരളത്തിലെ ആദ്യത്തെ പത്രാധിപ, ആദ്യ വനിതാ മുനിസിപ്പല്‍ കൗണ്‍സിലര്‍, എറണാകുളം ഡി.സി.സി മെമ്പര്‍, തിരുവിതാംകൂര്‍ വനിതാ സമാജം പ്രസിഡന്റ്, തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെ തിരുവല്ല താലൂക്ക് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ച ഹലീമാബീവി, ഒരു കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന്റെ പ്രതീകം മാത്രമല്ല, ഇന്ന് ലോകത്തുടനീളം അലയടിക്കുന്ന ഇസ്‌ലാമിക സ്ത്രീ നവോത്ഥാനത്തിന്റെയും സ്ത്രീവാദത്തിന്റെയും പൂര്‍വ മാതൃക കൂടിയാണ്. പക്ഷേ, മുഖ്യധാരയില്‍ വേണ്ടവിധം അറിയപ്പെടാതെ പോവുകയും അര്‍ഹമായ അംഗീകാരവും ആദരവും കിട്ടാതെ വരികയും ചെയ്ത ഹലീമാബീവിയെ മുസ്‌ലിം സമൂഹത്തിലെ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍പോലും അറിഞ്ഞ് അംഗീകരിച്ചില്ല എന്നത് ദുഃഖകരമാണ്.
സ്ത്രീകള്‍ക്ക് അക്ഷരങ്ങള്‍ വിലക്കപ്പെടുകയും സാമൂഹിക ജീവിതത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്ത കാലത്താണ്, മുസ്‌ലിം സ്ത്രീക്ക് പുറത്തിറങ്ങാന്‍പോലും വിലക്കുവീണിരുന്ന സന്ദര്‍ഭത്തിലാണ് ഒരു മുസ്‌ലിം സത്രീ പ്രഭാഷകയും പത്രപ്രവര്‍ത്തകയുമായി രംഗപ്രവേശം ചെയ്തത്. ഒരു സ്ത്രീക്ക് പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാത്തതായിരുന്നു ആ കാലം (ഇന്നും സ്ത്രീകള്‍ക്ക് അദൃശ്യമായ ഒരു അതിര്‍ വരമ്പ് മാധ്യമരംഗത്തുണ്ടല്ലോ). അന്ന്, മാനേജിംഗ് എഡിറ്റര്‍, പ്രിന്റര്‍, പബ്ലിഷര്‍, കമ്പോസര്‍ തുടങ്ങിയ ചുമതലകളെല്ലാം സ്വയം നിര്‍വഹിച്ചു പത്രമിറക്കിയതിലെ സാഹസികത ഓര്‍ത്തുനോക്കൂ. പെരുമ്പാവൂരില്‍ നിന്ന് കണ്ണൂര്‍ വരെ രണ്ട് സ്ത്രീകള്‍ മാത്രം യാത്ര ചെയ്ത് പണം പിരിച്ചതിലെ തന്റേടത്തെക്കുറിച്ച് ചിന്തിച്ച് നോക്കൂ! ലാഭ-നഷ്ടം നോക്കാതെ സാമൂഹിക സമുദ്ധാരണവും സ്ത്രീവിമോചനവും ലക്ഷ്യമാക്കിയ ഹലീമാബീവി, അതിനുവേണ്ടി സഹിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളും വിവരണാതീതമായിരുന്നു. സ്വന്തം ഭൂമിയും കിടപ്പാടവും വരെ അവര്‍ക്ക് വില്‍ക്കേണ്ടി വന്നു! എങ്കിലും, 'മുസ്‌ലിം വനിത' 'ആധുനിക വനിത' എന്നീ മാസികകളും 'ഭാരത ചന്ദ്രിക' ആഴ്ചപ്പതിപ്പും, ഭാരത ചന്ദ്രിക ദിനപത്രവും മറ്റും വഴി അവര്‍ ചരിത്രത്തില്‍ ഇടം നേടുക തന്നെ ചെയ്തു.
സാമൂഹിക സമുദ്ധാരണം എന്ന ലക്ഷ്യം മുന്‍ നിറുത്തി പ്രഭാഷണങ്ങളും വനിതാ സമ്മേളനങ്ങളും ഹലീമാബീവി നടത്തുകയുണ്ടായി. 1938-ല്‍ തിരുവല്ലയില്‍ സംഘടിപ്പിച്ച വനിതാസമ്മേളനത്തില്‍ ഹലീമാബീവി നടത്തിയ സ്വാഗതപ്രസംഗം സ്ത്രീവിമോചനത്തെക്കുറിച്ച സുചിന്തിതമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. സ്ത്രീ വിദ്യാഭ്യാസവും ജോലിയും, രാഷ്ട്രനിര്‍മാണത്തിലെ സ്ത്രീയുടെ പങ്കാളിത്തം, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ സ്ഥാനവും അവകാശങ്ങളും ബാധ്യതകളുമൊക്കെ ആകര്‍ഷകമായ ഭാഷയിലും ശൈലിയിലും ഹലീമാബീവി പ്രസ്തുത പ്രസംഗത്തില്‍ വിവരിച്ചിട്ടുണ്ട്. കോഴിക്കോട്ടും കൊച്ചിയിലും മറ്റും സമാന സ്വഭാവമുള്ള പ്രസംഗങ്ങള്‍ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് അവര്‍ നിര്‍വഹിച്ചിട്ടുണ്ട്. അതിനുവേണ്ട അറിവും ഭാഷാശേഷിയും കാഴ്ചപ്പാടുകളും ചിന്തയുമൊക്കെയുണ്ടായിരുന്ന പ്രതിഭയായിരുന്നു അവര്‍. ലേഖനങ്ങളും പ്രസംഗങ്ങളും സ്വയം തന്നെയാണവര്‍ തയാറാക്കിയിരുന്നതെന്ന് മക്കള്‍ ഓര്‍ക്കുന്നു. ഭര്‍ത്താവ് മുഹമ്മദ് മൗലവി ചില തിരുത്തലുകള്‍ വരുത്തിക്കൊടുക്കുക മാത്രമേ ചെയ്യാറുണ്ടായിരുന്നുള്ളുവത്രെ. അക്കാലത്തെ ഏഴാം ക്ലാസ് വിദ്യാഭ്യാസവും മാതാവില്‍ നിന്ന് പകര്‍ന്നുകിട്ടിയ പാരമ്പര്യമായ വ്യക്തിത്വവും വായനാശീലവും ഭര്‍ത്താവിന്റെ സാമീപ്യവുമൊക്കെയാണ് ഇതിന് സഹായകമായത്. എന്‍.എസ്.എസിന്റെ വിദ്യാര്‍ഥിനീ സമാജത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു 'മുസ്‌ലിം വനിതാ സമാജ'ത്തെ കുറിച്ച് അവര്‍ വിവാഹത്തിനു മുമ്പേ ചിന്തിക്കുകയുണ്ടായി. 1938-ല്‍ തിരുവല്ലയില്‍ വനിതാ സമാജം ആരംഭിക്കുക മാത്രമല്ല, കേരളത്തിലുടനീളം അത് വ്യാപിപ്പിക്കാനും അവര്‍ പരിശ്രമിച്ചു. അതിനുവേണ്ടി, തലശ്ശേരിയില്‍ അന്ന് നിലവിലുണ്ടായിരുന്ന മഹിളാ സമാജവുമായി കത്തിടപാടുകള്‍ നടത്തുകയും ഒടുവില്‍ തലശ്ശേരിയില്‍ വന്ന് മഹിളാ സമാജം പ്രസിഡന്റിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തതും ഹലീമാബീവിയിലെ സാമൂഹിക പ്രവര്‍ത്തകയെ കൃത്യമായി അടയാളപ്പെടുത്താവുന്ന സംഭവങ്ങളിലൊന്നാണ്.
ഭരണകൂട ക്രൂരതകള്‍ക്കെതിരെ തന്റെ കഴിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് ധീരമായി പ്രതികരിക്കാന്‍ ഹലീമാ ബീവിക്ക് 1930-40 കാലത്ത് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. കാര്യസാധ്യത്തിനുവേണ്ടി മഹാരാജാക്കന്മാരുടെയും ദിവാന്മാരുടെയും കാലുപിടിക്കാന്‍ പലരും കാത്തുനിന്ന കാലത്താണ് സര്‍ സി.പിയുടെ കിരാതവാഴ്ചക്കെതിരെ ഒരു മുസ്‌ലിം സ്ത്രീ ചങ്കൂറ്റത്തോടെ പടപൊരുതിയതെന്നോര്‍ക്കണം. പ്രലോഭനങ്ങളില്‍ വഴങ്ങാതെ ചെറുത്തുനിന്ന അവര്‍ സ്വയം കമ്പോസിംഗും പ്രിന്റിംഗും ചെയ്തുകൊണ്ട് കെ.എം മാത്യുവിന് രഹസ്യമായി ലഘുലേഖകളും നോട്ടീസുകളും അച്ചടിച്ചുകൊടുത്തതും പ്രസ്താവ്യമാണ്. വിമോചന സമരത്തിലും ഉത്തരവാദിത്വ പ്രക്ഷോഭത്തിലും പങ്കെടുത്ത് അറസ്റ്റു വരിക്കാനും അവര്‍ക്ക് സാധിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അവര്‍ ഒരു കൈനോക്കി. മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇസ്‌ലാമിക മര്യാദകളും നിയമനിര്‍ദേശങ്ങളുമെല്ലാം പാലിച്ചുകൊണ്ടുതന്നെയായിരുന്നു ഹലീമാബീവിയുടെ ത്യാഗോജ്ജ്വലമായ ജീവിത യാത്ര. മുസ്‌ലിം സ്ത്രീയുടെ പിന്നാക്കാവസ്ഥയെയും പാരതന്ത്ര്യത്തെയും കുറിച്ച് വിലപിക്കുന്നവരും വീണുകിട്ടുന്ന ചില വാര്‍ത്തകള്‍ ആഘോഷിക്കുന്നവരും പക്ഷേ, ഈ ചരിത്രമൊന്നും അറിയാതെ പോകുന്നു.
പ്രമുഖ ചരിത്രകാരനും കേരളസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്ന പി.എ സെയ്തു മുഹമ്മദിന്റെ വാക്കുകളില്‍ ഹലീമാ ബീവിയുടെ വ്യക്തിത്വത്തെക്കുറിച്ച കൃത്യമായ സൂചനയുണ്ട്. ''മലയാള പത്രപ്രവര്‍ത്തന മണ്ഡലത്തില്‍ സുപരിചിതമായ ഒരു നാമത്തിന്റെ അവകാശിയാണ് എം. ഹലീമാ ബീവി. കഴിഞ്ഞ രണ്ട് വ്യാഴവട്ടക്കാലത്തിന് മുമ്പെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി ഹലീമാ ബീവിയുടെ ഭാരത ചന്ദ്രികയും വനിതയും കേരള പത്ര തറവാട്ടിലെ സ്മരിക്കപ്പെടുന്ന ഉല്‍കൃഷ്ട സന്താനങ്ങളായിരുന്നു'' (28.3.1970). എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍ പറയുന്നു: ''തഴക്കവും പഴക്കവും ചെന്ന പത്രപ്രവര്‍ത്തകയും സമുദായ സ്‌നേഹിയുമായ എം. ഹലീമാ ബീവിയുടെ പത്രാധിപത്യത്തില്‍ തുടങ്ങുന്ന 'ആധുനിക വനിത'ക്ക് സകല മംഗളങ്ങളും നേരുന്നു. മുസ്‌ലിം സ്ത്രീവിദ്യാഭ്യാസത്തിനും സമുദായോദ്ധാരണത്തിനും വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച ആ തൂലിക ശക്തിയായി പ്രവര്‍ത്തിക്കും എന്ന് ഞാന്‍ ആശിക്കുന്നു'' (10-4-1970). കൊച്ചി കോര്‍പറേഷന്‍ മേയറായിരുന്ന എ.എ കൊച്ചുണ്ണിയുടെ വാക്കുകള്‍: ''പത്രപ്രവര്‍ത്തനം സ്വന്തം സുരക്ഷിതത്വത്തിനുപോലും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമായിരുന്ന ഒരു കാലഘട്ടത്തില്‍ ആ രംഗത്തേക്ക് സധൈര്യം പ്രവേശിക്കുകയും ഒരു വ്യാഴവട്ടക്കാലത്തോളം അഭിനന്ദനീയമായ രീതിയില്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ശ്രീമതി ഹലീമാ ബീവി ഇടക്കാലത്തെ നിശ്ശബ്ദതക്കുശേഷം വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത് ശുഭസൂചകമായി തോന്നുന്നു'' (7-3-1970, ആധുനിക വനിതക്ക് അയച്ചുകൊടുത്ത ആശംസാ കുറിപ്പുകളില്‍നിന്ന്).

ബാല്യം, വിദ്യാഭ്യാസം
പത്തനംതിട്ട ജില്ലയിലെ അടൂരില്‍, പുരോഗമന മനസ്സുള്ള ഒരു സാധാരണ മുസ്‌ലിം കുടുംബത്തില്‍ 1918 ലാണ് ഹലീമാബീവി ജനിച്ചത്. പിതാവ് പീര്‍ മുഹമ്മദ് ഹലീമാ ബീവിയുടെ ചെറുപ്പകാലത്തുതന്നെ മരിച്ചു. യാഥാസ്ഥിതികത്വത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്ന മാതാവ് മൈതീന്‍ ബീവിയാണ് ഹലീമാബീവിയെ വളര്‍ത്തിയത്. അവര്‍ ഹലീമാബീവിയെയും മൂത്ത സഹോദരിയെയും അടൂര്‍ സ്‌കൂളില്‍ അയച്ചു പഠിപ്പിച്ചു.പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നത് പലര്‍ക്കും അന്ന് സഹിക്കാനായില്ല. അവര്‍ വിമര്‍ശനങ്ങളുമായി രംഗത്തുവന്നു. അത്തരക്കാരുടെ കൈയേറ്റങ്ങള്‍ ഭയന്ന് സ്‌കൂളില്‍ പോകുമ്പോള്‍ പ്രത്യേകം ആളെ കൂടെ അയക്കാറുണ്ടായിരുന്നു. ഏറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഹലീമാബീവി ഏഴാം ക്ലാസ് വരെ പഠിച്ചത്. അന്നത് ഉയര്‍ന്ന വിദ്യാഭ്യാസമായിരുന്നു.
അടൂര്‍ സ്‌കൂളില്‍ അന്ന് എന്‍.എസ്.എസിന്റെ വനിതാ സമാജങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. അത് ഹലീമാ ബീവിയെ ആകര്‍ഷിച്ചു. മുസ്‌ലിം പെണ്‍കുട്ടിയായതിനാല്‍ അതിലൊന്നും പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ, ഈ വനിതാ സമാജങ്ങള്‍ ഹലീമാ ബീവിയുടെ ചിന്തകളെ തട്ടിയുണര്‍ത്തി. 'മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിന് ഇത്തരം കൂട്ടായ്മകള്‍ ആവശ്യമാണെന്ന് തോന്നിയിരുന്ന'തായി ഹലീമാബീവി പറഞ്ഞിട്ടുണ്ട്. ഉമ്മയുടെ വ്യക്തിത്വം, എതിര്‍പ്പുകള്‍ മറികടന്നും മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള ധീരത, എന്‍.എസ്.എസിന്റെ വനിതാ സമാജം പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഹലീമാബീവിയുടെ വ്യക്തിത്വവും സാമൂഹിക പ്രവര്‍ത്തന താല്‍പര്യവും രൂപപ്പെടുത്തിയെടുത്തത്. പില്‍ക്കാലത്ത്, തന്റേടത്തോടെ സമൂഹത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാനും സ്വന്തം കര്‍മമണ്ഡലത്തില്‍ ആരെയും കൂസാതെ ധീരമായി മുന്നോട്ടുപോകാനും ഈ ബാല്യകാല അനുഭവങ്ങള്‍ ഹലീമാബീവിയെ സഹായിച്ചു.
ശൈശവ വിവാഹം വ്യാപകമായിരുന്ന കാലമാണ് അത്. എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും ശൈശവവിവാഹം നടപ്പിലുണ്ടായിരുന്നു. എന്നാല്‍, ഹലീമാബീവി വിവാഹിതയാകുന്നത് 17-ാം വയസ്സിലാണ്. പരിഷ്‌കരണ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പണ്ഡിതനും എഴുത്തുകാരനുമായ കെ.എം മുഹമ്മദ് മൗലവിയായിരുന്നു ഭര്‍ത്താവ്. കോതമംഗലത്തിനടുത്ത് പല്ലാരിമംഗലം സ്വദേശിയായ അദ്ദേഹത്തിന് ഹലീമാബീവിയുടെ സഹോദരനുമായി ഉണ്ടായിരുന്ന സൗഹൃദമാണ് വിവാഹത്തിന് കാരണമായത്. കെ.എം മുഹമ്മദ് മൗലവിയുമായുള്ള വിവാഹം ഹലീമാബീവിയുടെ ജീവിതത്തിലെ വഴിത്തിരിവായെന്നു പറയാം. മുസ്‌ലിം പരിഷ്‌കര്‍ത്താവായിരുന്ന വക്കം മൗലവിയുടെ ശിഷ്യനായിരുന്നു മുഹമ്മദ് മൗലവി. പണ്ഡിതനും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം 'അന്‍സാരി' എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. വക്കം മൗലവിയുടെ ചിന്തകളും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും മുഹമ്മദ് മൗലവിയിലൂടെ ഹലീമാബീവിക്ക് പകര്‍ന്നുകിട്ടി. ഹലീമാബീവിയുടെ വായനാശീലത്തെയും വൈജ്ഞാനികത്വരയെയും സാമൂഹിക പ്രവര്‍ത്തന താല്‍പര്യത്തെയും ഇതെല്ലാം ഏറെ മുന്നോട്ടു ചലിപ്പിക്കുകയുണ്ടായി. എഴുത്തുകാരിയാകാനും പത്രപ്രവര്‍ത്തന രംഗത്ത് പ്രവേശിക്കാനും ഹലീമാബീവിക്ക് ഇത് ഏറെ സഹായകമാവുകയും ചെയ്തു.

കര്‍മമണ്ഡലങ്ങള്‍
മത-സാമൂഹിക-സംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് എം. ഹലീമാബീവി ഏര്‍പ്പെട്ടിരുന്നത്. മുസ്‌ലിം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിടുന്നതും സ്വേഛാധിപത്യ സ്വഭാവമുള്ള ഭരണകൂട നയങ്ങള്‍ക്കെതിരായ പോരാട്ടവുമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങളില്‍ മുഴച്ചുനിന്നത്. എഴുത്തും പ്രഭാഷണവുമായിരുന്നു അവയില്‍ പ്രധാനം. അന്ധവിശ്വാസങ്ങളില്‍ കഴിഞ്ഞുകൂടുന്ന മുസ്‌ലിം സ്ത്രീകളുടെ മോചനത്തിനും വളര്‍ച്ചക്കും വിദ്യാഭ്യാസവും ബോധവല്‍ക്കരണവുമാണ് ആവശ്യമെന്ന് മനസ്സിലാക്കിയ അവര്‍, വനിതാ മാസിക ആരംഭിക്കുകയും ലക്ഷ്യം നേടാനുതകുന്ന ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തു. കേവല സാഹിത്യ പ്രവര്‍ത്തനത്തിനുപരിയായി, പ്രായോഗിക പ്രവര്‍ത്തനങ്ങളിലും അവര്‍ ഏര്‍പ്പെട്ടു. ചെറുതും വലുതുമായ വനിതാ സമ്മേളനങ്ങള്‍ ഈ ലക്ഷ്യം മുന്‍നിറുത്തി അവര്‍ സംഘടിപ്പിക്കുകയുണ്ടായി. തന്റെ മാസികയുടെ ബാനറില്‍ മാസംതോറും ചെറിയ വനിതാ യോഗങ്ങള്‍ നടത്തിയതിനുപുറമെ വിപുലമായ വനിതാ സമ്മേളനവും ഹലീമാബീവി സംഘടിപ്പിക്കുകയുണ്ടായി. സ്ത്രീകളെ ഒരുമിച്ചുചേര്‍ത്ത് സംഘബോധം വളര്‍ത്തുകയും അവര്‍ക്കായി ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും മുസ്‌ലിം സ്ത്രീ ഉണര്‍വിലും സാമൂഹിക പ്രവേശത്തിലും ഇത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെ തിരുവല്ല താലൂക്കിലെ എല്ലാ ശാഖകളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും അംഗങ്ങളായിച്ചേരുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വനിതാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനഫലമായിരുന്നു പ്രദേശത്തെ ഈ സ്ത്രീ ഉണര്‍വ്. ഒരു ഘട്ടത്തില്‍ തിരുവല്ല താലൂക്ക് മുസ്‌ലിം ലീഗിന്റെ സെക്രട്ടറിയായി എം. ഹലീമാ ബീവി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അന്ന്, മുസ്‌ലിം ലീഗിന്റെ താലൂക്ക് കമ്മിറ്റിയില്‍ സ്ത്രീകള്‍ക്കായിരുന്നു ഭൂരിപക്ഷം.
അഞ്ച് വര്‍ഷകാലം തിരുവല്ല നഗരസഭാ കൗണ്‍സിലറായിരുന്നു ഹലീമാ ബീവി. മുസ്‌ലിം സംവരണ വാര്‍ഡില്‍ അതുവരെ മത്സരിച്ച് ജയിച്ചത് പുരുഷന്മാരായിരുന്നു. പക്ഷേ, ഒരു തവണ ഹലീമാ ബീവി നോമിനേഷന്‍ നല്‍കി. ഇത് കണ്ട് മറ്റൊരു സ്ത്രീയും അപേക്ഷിച്ചുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടത് ഹലീമാബീവിയായിരുന്നു. രാഷ്ട്രീയമായി കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഹലീമാ ബീവി കുറേകാലം എറണാകുളം ഡി.സി.സി അംഗമായിരുന്നു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയ ശേഷമാണ് അതൊഴിവായത്. കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച സേവാദളിന്റെ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു കുറേകാലം. ഇന്ദിരാഗാന്ധിയോടൊപ്പം എറണാകുളത്ത് ഒരു വേദിയില്‍ ഹലീമാബീവി പ്രസംഗിച്ചത് ആവേശത്തോടെ അവര്‍ അനുസ്മരിക്കാറുണ്ടായിരുന്നു.
തിരുവിതാംകൂര്‍ മുസ്‌ലിം മജ്‌ലിസിന്റെ ആദ്യകാല പ്രവര്‍ത്തകയായിരുന്ന ഹലീമാബീവി, ഉത്തരവാദിത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയുണ്ടായി. അങ്കമാലി വെടിവെപ്പിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിലും കമ്യൂണിസ്റ്റ് ഭരണത്തിനെതിരായ വിമോചന സമരത്തിലും ഹലീമാബീവി പങ്കാളിയായിട്ടുണ്ട്. അന്ന് സുഭാഷ് മൈതാനത്ത് നടന്ന സമ്മേളനത്തില്‍ ഹലീമാബീവി ആവേശകരമായ പ്രസംഗം നടത്തുകയുണ്ടായി. പിക്കറ്റിംഗിനെ തുടര്‍ന്ന് അറസ്റ്റിലായെങ്കിലും കോടതി അവരെ ശിക്ഷിക്കുകയുണ്ടായില്ല. കമ്യൂണിസ്റ്റ്‌വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ വലിയ ഭീഷണികള്‍ ഹലീമാബീവിക്ക് നേരിടേണ്ടിവന്നു. 'മുസ്‌ലിം കമ്യൂണിസ്റ്റുകാര്‍ക്കായിരുന്നു തന്നോട് കൂടുതല്‍ അരിശം' എന്ന് ഒരിക്കല്‍ അവര്‍ അനുസ്മരിച്ചിട്ടുണ്ട്.
വക്കം മൗലവിയുടെ പരിഷ്‌കരണ ആശയങ്ങളുടെ സ്വാധീനവും അദ്ദേഹത്തിന്റെ ശിഷ്യന്‍ മുഹമ്മദ് മൗലവിയുടെ പത്‌നിപദവും ഹലീമാ ബീവിയില്‍ ഇസ്വ്‌ലാഹി ആശയങ്ങളോട് ആഭിമുഖ്യം വളര്‍ത്തി. കേരളീയ മുസ്‌ലിം നവോത്ഥാനരംഗത്ത് പൊതുവിലും മുസ്‌ലിം സ്ത്രീ മുന്നേറ്റത്തില്‍ പ്രത്യേകിച്ചും ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച ഇസ്വ്‌ലാഹി പ്രസ്ഥാനത്തില്‍ സ്ത്രീവിമോചനം സ്വപ്നം കണ്ട ഹലീമാ ബീവി ആകൃഷ്ടയാവുക സ്വാഭാവികം. കൊച്ചിയില്‍ മുജാഹിദ് പ്രസ്ഥാനം നടത്തിയ വനിതാസമ്മേളനത്തിലും 1956-ല്‍ കോഴിക്കോട് ഇടിയങ്ങരയില്‍ എ.കെ അബ്ദുല്ലത്വീഫ് മൗലവിയുടെ നേതൃത്വത്തില്‍ നടന്ന മുജാഹിദ് പൊതുസമ്മേളനത്തിലും ഹലീമാബീവി പ്രസംഗിക്കുകയുണ്ടായി. മതവും രാഷ്ട്രവും, മുസ്‌ലിം ഇന്ത്യയുടെ രാഷ്ട്രീയ പുരോഗതി തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു കോഴിക്കോട്ടെ പ്രസംഗം. നല്ലൊരു പ്രഭാഷകയായിരുന്ന ഹലീമാബീവി തിരു-കൊച്ചിയില്‍ പല വേദികളിലും പ്രസംഗിക്കാറുണ്ടായിരുന്നു. ഒരു യോഗത്തില്‍ മദ്‌റസ കെട്ടിടം നിര്‍മിക്കാന്‍ സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് താന്‍ നടത്തിയ പ്രസംഗത്തിന് നല്ല ഫലമുണ്ടായതായി ഹലീമാബീവി ഒരിടത്ത് സൂചിപ്പിച്ചിട്ടുണ്ട്.
ഭരണകൂട സ്വേഛാധിപത്യത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഹലീമാബീവി സധീരം പങ്കാളിയാവുകയുണ്ടായി. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനും നെറികേടുകള്‍ക്കുമെതിരെ പ്രതികരിക്കാന്‍ ഹലീമബീവി മടികാണിച്ചില്ല. ദിവാനെതിരെ പ്രക്ഷോഭം നയിച്ചിരുന്നവര്‍ക്ക് ലഘുലേഖകളും നോട്ടീസുകളും രഹസ്യമായി തന്റെ പ്രസ്സില്‍ അച്ചടിച്ചു നല്‍കിയിരുന്നു അവര്‍. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ദിനപ്പത്രത്തില്‍ എഴുതിയതിന്റെ പേരില്‍ ഗവണ്‍മെന്റിന്റെ നോട്ടപ്പുള്ളിയായിരുന്നു. മലയാള മനോരമ സര്‍ സി.പി കണ്ടുകെട്ടിയശേഷം കെ.എം മാത്യു ലഘുലേഖകളും മറ്റും അച്ചടിപ്പിച്ചിരുന്നത് ഹലീമാബീവിയുടെ പ്രസ്സില്‍ നിന്നായിരുന്നു. രാത്രി കാലങ്ങളിലായിരുന്നു അതെല്ലാം അച്ചടിച്ചുകൊടുത്തിരുന്നത്. സംശയം തോന്നിയ പോലീസ് പലതവണ പ്രസ്സില്‍ പരിശോധന നടത്തുകയുണ്ടായെങ്കിലും ഒന്നും കിട്ടാത്തവിധം അച്ചടി കഴിഞ്ഞ ഉടന്‍ തെളിവുകളെല്ലാം നശിപ്പിക്കുകയായിരുന്നു പതിവ്. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുകയും ഭരണകൂട വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്താല്‍ സ്വന്തമായി പ്രസ്സും മറ്റു ആനുകൂല്യങ്ങളും നല്‍കാമെന്ന് സര്‍ സി.പി ഹലീമാബീവിയോട് നേരിട്ട് വാഗ്ദാനം ചെയ്യുകയുമുണ്ടായി. പക്ഷേ, ദുര്‍ഭരണത്തോട് രാജിയാകാനും പാരതന്ത്ര്യം സ്വീകരിച്ച് സുഖജീവിതം നയിക്കാനും ഹലീമാബീവി തയാറായില്ല. ഫലമോ ഭര്‍ത്താവിന്റെ ടീച്ചിംഗ് ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ഒട്ടേറെ കഷ്ടപ്പാടുകളും ദാരിദ്ര്യവും സഹിക്കേണ്ടതായും വന്നു.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 51-55
എ.വൈ.ആര്‍