Prabodhanm Weekly

Pages

Search

2011 ജൂണ്‍ 25

ഏതു ജനാധിപത്യം?

 കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. ഒബാമ ബ്രിട്ടനിലേക്ക് പുറപ്പെടും മുമ്പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു വാഷിംഗ്ടണിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് സന്ദര്‍ഭങ്ങളിലായി രണ്ട് നേതാക്കളും അമേരിക്കയിലെ ജൂത സംഘടനയായ അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിലും പങ്കെടുത്തു. ഒബാമ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസ്സിലും പ്രസംഗിച്ചു. അമേരിക്കന്‍ വിദേശനയത്തിന്റെ മധ്യപൗരസ്ത്യ ദേശവുമായും ഇസ്രയേലുമായും ബന്ധപ്പെട്ട വശങ്ങള്‍ വിശദീകരിക്കാനാണ് പ്രസിഡന്റ് ഒബാമ തന്റെ പ്രസംഗങ്ങളുടെ സിംഹഭാഗവും വിനിയോഗിച്ചത്. നെതന്യാഹുവിന്റെ അമേരിക്കന്‍ പ്രഭാഷണങ്ങള്‍ പാശ്ചാത്യ സംസ്‌കാരത്തെയും ദര്‍ശനത്തെയും നിര്‍ലോഭം പുകഴ്ത്തുകയും അതിന്റെ മൗലിക ഘടകങ്ങളുടെ മികവുകള്‍ വിശദീകരിക്കുകയുമായിരുന്നു. പക്ഷേ, ഒടുവില്‍ അദ്ദേഹം പാശ്ചാത്യരെ ഉണര്‍ത്തി: ഇന്ന് ചിലര്‍ കരുതുന്നത് ഏകധ്രുവ ലോകത്തിന്റെ കാലം കഴിഞ്ഞുവെന്നാണ്. ഏകധ്രുവ ലോകത്തെ വിധിച്ചിരുന്നത് അമേരിക്കന്‍ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്നു. ഇന്ന് മറ്റു ചില ശക്തികള്‍ കൂടി നിര്‍ണായക ഘടകങ്ങളായി ഉയര്‍ന്നു വന്നിരിക്കുന്നു. ആധുനിക ലോകം അമേരിക്കയുടെയും ബ്രിട്ടന്റെയും താളത്തിനൊത്ത് തുള്ളുന്നില്ല. പാശ്ചാത്യ ചിന്തയും തത്ത്വശാസ്ത്രവും ക്ഷയോന്മുഖ ദശയിലേക്ക് പ്രവേശിച്ചതായിട്ടാണ് ഈ സാഹചര്യത്തെ ചിലര്‍ വിലയിരുത്തുന്നത്. 1967-ല്‍ പിടിച്ചെടുത്ത അറബ് പ്രദേശങ്ങള്‍ അറബികള്‍ക്ക് വിട്ടുകൊടുക്കണമെന്ന ഒബാമയുടെ നിര്‍ദേശം നെതന്യാഹു അസന്ദിഗ്ധമായി തള്ളിക്കളഞ്ഞ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഏറെ അര്‍ഥഗര്‍ഭമാണ്. പ്രസിഡന്റ് ഒബാമ നെതന്യാഹുവിന്റെ വാദം അംഗീകരിച്ചില്ല. നിര്‍ണായക വേദികളില്‍ മറ്റു ചിലര്‍ കൂടി പ്രാതിനിധ്യം നേടിയതിനെ പാശ്ചാത്യ ചിന്തയുടെ ക്ഷീണമായി വായിച്ചെടുക്കുന്നത് ശരിയല്ല. പാശ്ചാത്യ സംസ്‌കാരത്തിനും ദര്‍ശനത്തിനും ലോകത്തിന് മാര്‍ഗദര്‍ശനം നല്‍കാനും നയിക്കാനുമുള്ള കഴിവും കരുത്തും ഇപ്പോഴുമുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ശക്തിരഹസ്യം അതിന്റെ വിട്ടുവീഴ്ചയില്ലാത്ത ജനാധിപത്യ പ്രതിബദ്ധതയിലാണെന്ന് ഒബാമ വിശദീകരിക്കുകയും ചെയ്തു. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ പ്രഭാഷണത്തില്‍ നെതന്യാഹു ഊന്നി നിന്നത് മധ്യപൗരസ്ത്യ ദേശത്ത് ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഏക തുരുത്താണ് ഇസ്രയേല്‍ എന്നതിലാണ്. നെതന്യാഹുവിന്റെ അവകാശവാദം ഒബാമ നിസ്സങ്കോചം അംഗീകരിച്ചു. ഇസ്രയേല്‍ സര്‍ക്കാര്‍ തദ്ദേശീയരായ അറബികളോട് കാണിക്കുന്ന വിവേചനം ഒട്ടും പ്രശ്‌നമായില്ല. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ ജനാധിപത്യം നിലവില്‍ വരാന്‍ സഹായിക്കേണ്ടത് പാശ്ചാത്യ ലോകത്തിന്റെ കടമയാണെന്നും അറബ് നാടുകളിലുളവായിട്ടുള്ള മാറ്റത്തിന്റെ കാറ്റിന് കരുത്തേകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശം സശിരകമ്പം സ്വീകരിക്കുകയും ബ്രിട്ടന്റെ കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റ മറുവശം എത്ര വിചിത്രമാണെന്ന് ഒന്നോര്‍ത്ത് നോക്കുക. എന്തൊക്കെ കുറവുകളുണ്ടെങ്കിലും മധ്യ പൗരസ്ത്യ ദേശത്ത് താരതമ്യേന ഭേദപ്പെട്ട ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഇറാനാണ് പടിഞ്ഞാറിന്റെ നമ്പര്‍ വണ്‍ ശത്രു. അമേരിക്ക ചതച്ചരച്ച ഇറാഖും ഇപ്പോള്‍ ചതച്ചരച്ചുകൊണ്ടിരിക്കുന്ന ലിബിയയും പേരിനെങ്കിലും ജനാധിപത്യം അവകാശപ്പെടുന്ന നാടുകളാണ്. അറബ് ലോകത്ത് ഏറെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഹമാസും ഫത്ഹും. ഇവ രണ്ടും അമേരിക്കയുടെ കണ്ണില്‍ കൊടും തീവ്രവാദികളാണ്. ഫലസ്ത്വീനികള്‍ കുറ്റമറ്റ വോട്ടെടുപ്പിലൂടെ ഹമാസിനെ തെരഞ്ഞെടുത്തപ്പോള്‍ അതിലിടപെട്ട് ഹമാസ് അധികാരത്തില്‍ വരുന്നതിനെ അട്ടിമറിക്കുകയാണ് പാശ്ചാത്യ ശക്തികള്‍ ചെയ്തത്. ജനാധിപത്യത്തെ നാലയലത്തേക്കടുപ്പിക്കാതെ ജനങ്ങളെ ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടികളിലമര്‍ത്തിയ രാജവാഴ്ചയാണ് പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും നടമാടുന്നത്. വിചിത്രമെന്ന് പറയട്ടെ, ഈ രാജ്യങ്ങളെല്ലാം യൂറോപ്പിന്റെയും അമേരിക്കയുടെയും ഉറ്റ മിത്രങ്ങളാകുന്നു. അറബ് ലോകത്തെ സകലമാന പ്രശ്‌നങ്ങളുടെയും പരിഹാരം ജനാധിപത്യമാണെന്നുദ്‌ഘോഷിക്കുന്ന ലോക നായകര്‍ തന്നെ മേഖലയിലെ ഏതെങ്കിലും സമൂഹം ആത്മാഭിമാനത്തിലും സ്വയം നിര്‍ണയാവകാശത്തിലും സ്വന്തം സാംസ്‌കാരിക വ്യക്തിത്വത്തിലും ഊന്നി ഒരു ചുവടു വെച്ചാല്‍ മതി, ഉടനെ അത് നാഗരിക വികാസത്തിന്റെ നിഷേധവും ലോക സമാധാനത്തിന് ഭീഷണിയുമാണെന്ന മുറവിളിയുയര്‍ത്തുകയായി. സ്വതന്ത്ര ഫലസ്ത്വീന്‍ സ്വപ്നത്തെ കുറിച്ച് ഹമാസും ഫത്ഹും തമ്മില്‍ സമവായമുണ്ടാകുന്നതുപോലും അവര്‍ക്ക് സഹിക്കാനാവുന്നില്ല. ഫലസ്ത്വീന്‍ ജനതയുടെ അഭിലാഷം മാനിച്ച് ഈ രണ്ട് ജനകീയ സംഘടനകള്‍ ഉണ്ടാക്കിയ സമവായത്തില്‍ നിന്ന് ഫത്ഹ് പിന്മാറണമെന്ന് നെതന്യാഹു മഹ്മൂദ് അബ്ബാസിനോട് കല്‍പിച്ചിരിക്കുകയാണ്. പ്രസിഡന്റ് ഒബാമ തന്റെ പോളിസി വിശദീകരണത്തില്‍ ഈ സമവായത്തെ 'ദുശ്ശകുനം' എന്നാണ് വിശേഷിപ്പിച്ചത്. ഇറാന്‍ സ്വന്തം സാങ്കേതിക വിഭവങ്ങളുപയോഗിച്ച് സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് പോലും ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നത് ഇക്കൂട്ടരുടെ കണ്ണില്‍ പൊറുക്കാനാവാത്ത പാപമാണ്. ഇറാന്റെ ആണവോര്‍ജ പദ്ധതി മേഖലക്ക് മാത്രമല്ല, അമേരിക്കക്കും ബ്രിട്ടന്നും മുഴുവന്‍ ലോകത്തിനും മഹാ വിപത്താണെന്നും അമേരിക്ക അതിനെതിരെ പ്രായോഗിക നടപടികള്‍ കൈക്കൊള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ ഉദ്‌ബോധിപ്പിച്ചത്. ഇവിടെ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ പൂത്തുലയണമെന്ന് പാശ്ചാത്യ ലോകം ആഗ്രഹിക്കുന്ന ജനാധിപത്യം ഏതാണ്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം