Prabodhanm Weekly

Pages

Search

2011 ജൂണ്‍ 18

അന്ത്യനാളിലെ കാഹളം ഒരു ശാസ്ത്രീയ വിശകലനം

ടി.കെ യൂസുഫ്

അന്ത്യദിനത്തില്‍ ഒരു കാഹളത്തില്‍ ഊതപ്പെടുന്നതോട് കൂടിയാണ് ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളുടെയും അന്ത്യം സംഭവിക്കുക എന്നാണ് ഖുര്‍ആന്‍ പറയുന്നത്. "കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുളളവരും ഭൂമിയിലുളളവരും ചലനമറ്റവരായിത്തീരും, അല്ലാഹു ഉദ്ദേശിച്ചവരൊഴികെ'' (അസ്സുമര്‍ 68). എന്താണ് ഈ കാഹളമൂത്ത്, അത് മൂലമുണ്ടാകുന്ന ഘോരശബ്ദത്താല്‍ എങ്ങനെയാണ് സര്‍വരുടെയും നാശം സംഭവിക്കുക? ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും വ്യക്തമായ നിര്‍വചനം നല്‍കാന്‍ പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍, അത്യുഗ്ര ശബ്ദത്തിന്റെ നശീകരണ ശക്തിയെക്കുറിച്ച ആധുനിക കണ്ടെത്തലുകള്‍ കാഹളമൂത്തിനെക്കുറിച്ച ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നതാണ്.
വസ്തുക്കളുടെ പ്രകമ്പനങ്ങളാണ് ശബ്ദമുണ്ടാക്കുന്നതെന്നും അത് വായുവിലൂടെ സഞ്ചരിച്ച് നമ്മുടെ കര്‍ണപുടങ്ങളില്‍ പതിയുമ്പോഴാണ് നാം ശബ്ദം കേള്‍ക്കുന്നത് എന്നും ഏവര്‍ക്കുമറിയാം. 20 ഹെട്സ് മുതല്‍ 20000 ഹെട്സ് വരെയുളള ശബ്ദങ്ങളാണ് സാധാരണഗതിയില്‍ മനുഷ്യര്‍ കേള്‍ക്കാറുളളത്. അതില്‍ കുറഞ്ഞ ശബ്ദ തരംഗങ്ങളെ ഇന്‍ഫ്രാ സൌണ്ട് എന്നും അതില്‍ കൂടുതലുളളതിനെ അള്‍ട്രാ സൌണ്ടും എന്നുമാണ് പറയാറുളളത്. ശബ്ദത്തിന്റെ ശക്തിയുടെ തോത് ഡെസിബല്‍ എന്ന യൂണിറ്റിലാണ് കണക്കാക്കാറുളളത്. ശബ്ദം 100 ഡെസിബലില്‍ താഴെയാണെങ്കില്‍ പറയത്തക്ക കുഴപ്പമൊന്നും ഉണ്ടാകുകയില്ല. അത് 120 ഡെസിബല്‍ എത്തുമ്പോള്‍ കേള്‍ക്കുന്നവന്റെ കാതുകള്‍ക്ക് വേദനയനുഭവപ്പെടും. 140 ആകുമ്പോള്‍ കര്‍ണപുടം തകരാറിലാകും. 150 ആകുമ്പോള്‍ ശരീരം വിറക്കുകയും ശ്വാസതടസ്സമനുഭവപ്പെടുകയും ചെയ്യും. 200ല്‍ എത്തുന്നതോട് കൂടി ശ്വാസകോശത്തിന്റെ തകര്‍ച്ച തന്നെ സംഭവിക്കും. ശബ്ദത്തിന്റെ തോത് അതിലും കൂടുതലായാല്‍ മനുഷ്യന്റെ ഹൃദയം, മസ്തിഷ്കം തുടങ്ങിയ സുപ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയും അതോടെ അവന്റെ കഥ കഴിയുകയും ചെയ്യും.
ശബ്ദ തരംഗങ്ങളുടെ ശക്തി അധികമായാല്‍ അത് കാതുകളെ മാത്രമല്ല, ശരീരത്തിലെ മുഴുവന്‍ വ്യവസ്ഥകളെയും  ബാധിക്കുന്നതാണ്. അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തി കൃത്യമായി നിര്‍വചിക്കാന്‍ പ്രയാസമാണ്. അള്‍ട്രാ സൌണ്ടിലും ഉപരിയായുളള ശബ്ദ തരംഗങ്ങള്‍ക്ക് മനുഷ്യന്‍ വിധേയനാകുമ്പോള്‍ അവന്റെ ശരീരത്തിന്റെ താപനില വര്‍ധിക്കുകയും ശരീരത്തില്‍ പൊളളലുണ്ടാവുകയും കോശഘടന തകരുകയും ചെയ്യും. അത് കൊണ്ട് തന്നെ ശബ്ദ തരംഗങ്ങള്‍ കൊണ്ട് ആയുധമുണ്ടാക്കുന്നതിനെക്കുറിച്ചാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ആയുധച്ചെലവ് വര്‍ധിച്ച ഇക്കാലത്ത് ശത്രുവിനെ വകവരുത്താന്‍ ഇത് ഒരു ചെലവ് കുറഞ്ഞ മാര്‍ഗമായിരിക്കും. അങ്ങനെയൊന്ന് വികസിപ്പിച്ചെടുക്കുകയാണെങ്കില്‍ അതിന് ശംഖിന്റെയോ കൊമ്പിന്റെയോ കാഹളത്തിന്റെയോ ആകൃതിയായിരിക്കും ഏറ്റവും ഉചിതം എന്നാണ് അവരുടെ അഭിപ്രായം.
വളരെ ഉയര്‍ന്ന ശബ്ദ തരംഗങ്ങള്‍ അത് നിര്‍ഗമിക്കുന്ന മേഖലയിലെ വായുമണ്ഡലത്തില്‍ സമ്മര്‍ദമുണ്ടാക്കുകയും വായുമണ്ഡലത്തില്‍ അമിതമായ താപമുണ്ടാക്കുകയും ചെയ്യും. അതു മൂലം അതിന്റെ പരിധിയിലുളളവരുടെ ശരീരം കത്തിക്കരിയാനിടയുണ്ട്. ഈ തത്ത്വത്തിന് നേര്‍ വിപരീതമായി അമിത താപം അന്തരീക്ഷത്തില്‍ ഘോരശബ്ദമുണ്ടാകാനും നിമിത്തമാകാറുണ്ട്. കാര്‍മേഘങ്ങള്‍ കൂട്ടിമുട്ടി മിന്നലുണ്ടാകുമ്പോള്‍ ആ തീപ്പൊരിയുടെ താപം കാരണമായിട്ടാണല്ലോ ഇടി വെട്ടു ശബ്ദം നാം കേള്‍ക്കുന്നത്. ഖുര്‍ആനില്‍ പൂര്‍വ സമുദായമായ സമൂദ് ഗോത്രത്തെ നശിപ്പിച്ച സംഭവം പറയുന്നിടത്ത് ചില വചനങ്ങളില്‍ ഒരു ഘോര ശബ്ദം കൊണ്ട് എന്നും മറ്റു ചില വചനങ്ങളില്‍ ഇടിത്തീ കൊണ്ടും എന്ന് പറയുന്നത് ഇതു കൊണ്ടാണ്. ആ ഭയങ്കര ശബ്ദത്തിന്റെ കാഠിന്യം കൊണ്ടാണ് അവിടെ ഇടിത്തീ രൂപം കൊളളുകയും അത് അവരുടെ നാശത്തിന് നിമിത്തമാവുകയും ചെയ്തത്. ശബ്ദത്തിന്റെ കാഠിന്യം ആദ്യം കാതിനെയും പിന്നീട് ശ്വാസകോശത്തെയും അതിനെ തുടര്‍ന്ന്് ഹൃദയം, തലച്ചോര്‍ എന്നീ സുപ്രധാന അവയവങ്ങളെയും ബാധിക്കും. ഏറ്റവും അവസാനമാണ് അത് കണ്ണിനെ ബാധിക്കുക. ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു വചനവും ഖുര്‍ആനില്‍ കാണാനാവും. സമൂദ് ഗോത്രത്തിന് ആ ഘോരശബ്ദമാകുന്ന ശിക്ഷ വന്നത് അവര്‍ കണ്ട് കൊണ്ടിരിക്കെയായിരുന്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. "അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ കല്‍പനക്കെതിരെ ധിക്കാരം കൈക്കൊണ്ടു. അതിനാല്‍ അവര്‍ നോക്കിക്കൊണ്ടിരിക്കെ ആ ഘോരനാദം അവരെ പിടികൂടി. അപ്പോള്‍ അവര്‍ക്ക് എഴുന്നേറ്റുപോകാന്‍ കഴിവുണ്ടായില്ല. അവര്‍ രക്ഷാനടപടികളെടുക്കുന്നവരായതുമില്ല.'' (അദാരിയാത്ത് 44,45). ശബ്ദ തരംഗങ്ങളുടെ കാഠിന്യം 200 ഡെസിബലില്‍ അധികമാകുമ്പോഴാണ് അത് പ്രകമ്പനമുണ്ടാക്കുന്നത്. ഇക്കാര്യവും ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. സമൂദ് ഗോത്രത്തെ നശിപ്പിച്ച കാര്യം പറയുന്നിടത്ത് ഖുര്‍ആന്‍ പറയുന്നു. "അപ്പോള്‍ പ്രകമ്പനം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നു വീണു കിടക്കുകയായിരുന്നു'' (അല്‍അഅ്റാഫ് 78) ഒരു സമുദായത്തെ നശിപ്പിക്കാന്‍ മൂന്ന് തരം ശിക്ഷകള്‍ പ്രയോഗിച്ചു എന്ന് പറയുമ്പോള്‍ പ്രഥമ ദൃഷ്ടിയില്‍ അത് വൈരുധ്യമായി തോന്നാം. എന്നാല്‍ ഘോരശബ്ദം തന്നെയാണ് പ്രകമ്പനവും ഇടിത്തീയുമായി മാറുന്നത്. അതുപോലെ അമിത ശക്തിയുളള ശബ്ദം ശരീരത്തിലേറ്റാല്‍ അത് ശരീരത്തെ ഛിന്നഭിന്നമാക്കുകയും ചെയ്യും. ഇക്കാര്യവും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. "നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ചുകെട്ടുന്നവന്‍ വിട്ടേച്ചുപോയ ചുളളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു'' (അല്‍ഖമര്‍ 31).
ശബ്ദത്തിന് ഇത്രയും വിനാശകരമായ ശക്തിയുളളത് കൊണ്ടായിരിക്കാം ലോകാവസാനത്തിന്റെ മുന്നോടിയായി ഇസ്റാഫീല്‍ എന്ന മലക്ക് കാഹളത്തില്‍ ഊതുന്നത്. അതോടു കൂടി എല്ലാം കെട്ടടങ്ങും. ആദ്യമായി ഊതുമ്പോള്‍ പ്രപഞ്ചത്തിലെ സകലതും നാശമടയും, രണ്ടാമതും ഊതുന്നതോടു കൂടി അവ പുനര്‍ജീവിപ്പിക്കപ്പെടുകയുംചെയ്യും. "കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുളളവരും ഭൂമിയിലുളളവരും ചലനമറ്റവരായിത്തീരും, അല്ലാഹു ഉദ്ദേശിച്ചവരൊഴികെ......'' (അസ്സുമര്‍ 68). ശബ്ദത്തിന് ജനങ്ങളെ നിലംപരിശാക്കാനും കരിച്ചുകളയാനുമുളള ശക്തിയുളളത് കൊണ്ട് തന്നെയാണ് ശാസ്ത്രം അത്തരത്തിലുളള ഒരു ആയുധം വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അത്യുച്ചത്തിലുളള ശബ്ദം പുറത്ത് വിടാന്‍ കാഹളത്തിന്റെ ആകൃതിയിലുളള ഉപകരണമാണ് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉച്ചഭാഷിണികളുടെയും വാഹനങ്ങളുടെയും ഹോണിന്റെ ആകൃതി അത് തന്നെയാണല്ലോ. അന്ത്യനാളിലെ കാഹളത്തിന്റെ ആകൃതിയും ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു അപരിഷ്കൃത അറബി നബി(സ)യോട് ചോദിച്ചു: "എന്താണ് കാഹളം?'' തിരുമേനി പറഞ്ഞു: "ഊതപ്പെടുന്ന ഒരു കൊമ്പ്'' (അഹ്മദ്).
കാഹളത്തില്‍ മറ്റൊരിക്കല്‍ കൂടി ഊതുന്നതോടെ എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. "..........പിന്നീട് മറ്റൊരു ഊത്തുണ്ടാകും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു'' (അസ്സുമര്‍ 68). സംഹാരാത്മകമായ ശബ്ദം എങ്ങനെയാണ് പുനഃസൃഷ്ടിക്ക് നിമിത്തമാകുക എന്നത് ചിലര്‍ക്ക് വിസ്മയകരമായി തോന്നിയേക്കാം. ശബ്ദതരംഗത്തിന് ജീവ കോശങ്ങളില്‍ പ്രതിഫലനം സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അനുയോജ്യമായ അളവിലാകുമ്പോള്‍ ശബ്ദം ശരീരത്തിലെ ചില രോഗങ്ങളുടെ ശമനത്തിന് പോലും ആക്കം കൂട്ടുന്നുണ്ട്. സംഗീതം കൊണ്ടും ഖുര്‍ആന്‍ പാരായണം കൊണ്ടും ചില രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നത് ഇതു കൊണ്ടാണ്. കോശങ്ങളുടെ നാശത്തിനും അവയുടെ ഡി.എന്‍.എക്ക് പുതുജീവന്‍ നല്‍കുന്നതിനും ആവശ്യമായ ശബ്ദ തരംഗങ്ങളുടെ അളവ് അല്ലാഹുവിനറിയാം. മനുഷ്യരെ ആദ്യമായി സൃഷ്ടിക്കുകയും അവര്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്ത അല്ലാഹു അവരെ പുനര്‍ജ്ജീവിപ്പിക്കാനും കഴിവുളളവനാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പ്രാഖ്യാപിക്കുന്നുണ്ട്. ജീവികളുടെ കോശങ്ങളിലെ ജീവന്റെ രഹസ്യമായ ഡി.എന്‍.എക്ക് ഉയര്‍ന്ന ഊഷ്മാവിനെയും പ്രതികൂല സാഹചര്യങ്ങളെയും അതിജയിച്ച് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ അവശേഷിക്കാന്‍ കഴിയുമെന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്. ശബ്ദ തരംഗങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്താല്‍ ജീവജാലങ്ങളുടെ നാശത്തിനും അവയുടെ ഉയിര്‍ത്തെഴുന്നേല്‍പിനും കാഹളമൂത്ത് കാരണമായിത്തീരുമെന്ന് കാണാം.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം