Prabodhanm Weekly

Pages

Search

2011 ജൂണ്‍ 18

രാംദേവിന്റെ സമരം അശ്ലീലമാകുന്നത്

ഇഹ്‌സാന്‍

സോണിയാ ഗാന്ധി അധ്യക്ഷയായ, പ്രധാനമന്ത്രിയും ചിദംബരവും ആന്റണിയും പ്രണബ് മുഖര്‍ജിയും അഹ്മദ് പട്ടേലും ഗുലാംനബിയും ദിഗ് വിജയ് സിംഗും അംഗങ്ങളായ കോര്‍കമ്മിറ്റിയാണ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ സുപ്രധാന നയനിലപാടുകള്‍ തീരുമാനിക്കാറുള്ളത്. കള്ളപ്പണ വിരുദ്ധ പൊറാട്ടു നാടകമാടാന്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വന്ന രാംദേവിനെ ചുവപ്പുപരവതാനി വിരിച്ച് സ്വീകരിക്കാന്‍ നാലു കേന്ദ്ര മന്ത്രിമാരെ പറഞ്ഞയച്ച തീരുമാനമെടുത്തത് ഈ കമ്മിറ്റിയാണ്. അതേക്കുറിച്ച് ഒരുത്തനും ചോദിക്കാന്‍ നാവു വളയാതിരുന്നതെന്തേ? ഭരണഘടനാ സ്ഥാപനങ്ങളാണോ ഈ വക ആള്‍ദൈവങ്ങളെ ഏറ്റുപിടിക്കേണ്ടത്? പാര്‍ട്ടി അധ്യക്ഷ എന്ന നിലയില്‍ സോണിയാ ഗാന്ധി ആയിരുന്നില്ലേ അത്രക്ക് ഇതൊരു ആവശ്യമെങ്കില്‍ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്നത്? ഇന്ത്യയിലെ കള്ളപ്പണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ വിശ്വഹിന്ദു പരിഷത്തും അവര്‍ നടത്തുന്ന ട്രസ്റ്റുകളുമാണെന്ന് ആര്‍ക്കും അറിയാത്തതു പോലെയാണ് ഈ വഷളത്തം അരങ്ങേറിയത്. ഭീകരതക്കെതിരെ നിരാഹാരം നടത്താന്‍ ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹര്‍ അഥവാ ഒരുങ്ങി പുറപ്പെട്ടെന്ന് വിചാരിക്കുക. അതുപോലൊരു അശ്ലീലമല്ലേ ഇതും? നമ്മുടെ മതേതരത്വ സങ്കല്‍പങ്ങളെയാണ് മന്ത്രിമാരുടെ ഈ നീക്കം പരിഹാസ്യമാക്കിയത്. മറ്റെല്ലാ വിഷയങ്ങളിലും ഗ്വാഗ്വാ വിളിക്കുന്ന ബി.ജെ.പിക്ക് ഒരു കുഴപ്പവും ഇക്കാര്യത്തില്‍ കാണാനായില്ല. ഇയാള്‍ ആര്? ഭരണഘടനാപരമായ എന്ത് പ്രത്യേകതയാണ് ബാബാ രാംദേവ് എന്ന ഈ 'എക്‌സര്‍സൈസ് വ്യാപാരി'ക്ക് ഉണ്ടായിരുന്നത്?
രാംദേവിന്റെ കാര്യത്തില്‍ പ്രത്യക്ഷമായ ഇരട്ടത്താപ്പുമായി വി.എച്ച്.പിയും ആര്‍.എസ്.എസും ബി.ജെ.പിയും തുടക്കം തൊട്ടേ ഉണ്ടായിരുന്നു. വിഷയത്തെക്കുറിച്ച് വി.എച്ച്.പി നടത്തിയ ആദ്യത്തെ പ്രതികരണം മാധ്യമങ്ങള്‍ വേണ്ടതു പോലെ ഏറ്റുപിടിച്ചിരുന്നില്ല എന്നു മാത്രം. കള്ളപ്പണ സമരത്തിനുള്ള പിന്തുണയും വര്‍ഗീയ കലാപവിരുദ്ധ ബില്ലിനോടുള്ള എതിര്‍പ്പും ഒരേ പത്രക്കുറിപ്പിലാണ് സംഘടന പുറത്തുവിട്ടത്. ഭൂരിപക്ഷ സമുദായത്തിന് 'പ്രതികരിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ' ചോദ്യം ചെയ്യുന്നതാണത്രെ ബില്‍! ബാബയും കലാപബില്ലും തമ്മില്‍ എന്തു ബന്ധമെന്ന ആശയക്കുഴപ്പത്തിന് വിരാമമിട്ട് രാംലീലയില്‍ സമരപ്പന്തലിന് തീ കൊടുത്ത് ഗോധ്രാ നാടകം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലായിരുന്നു സംഘ്പരിവാറെന്ന് പിന്നീട് വാര്‍ത്തയെത്തി. കള്ളപ്പണ വിഷയത്തിലും സംഘ് പരിവാറിനോളം കാപട്യം വെച്ചു പുലര്‍ത്തുന്ന മറ്റൊരു സംഘടനയും ലോകത്തു തന്നെ ഉണ്ടാവില്ല. 1990-കളുടെ അവസാനകാലത്ത് 300 കോടി രൂപയോളം ഇവരുടെ അക്കൗണ്ടുകളില്‍ കണക്കില്‍ പെടാതെ എത്തിപ്പെട്ടത് അന്നത്തെ ഇന്‍കം ടാക്‌സ് കമീഷണര്‍ വി.ബി ഗുപ്ത കണ്ടെത്തുകയും പിന്നീട് മന്ത്രാലയത്തില്‍ നിന്ന് ആ ഫയല്‍ തന്നെ ഇല്ലാതാവുകയും ചെയ്ത പ്രമാദമായ സംഭവം ഓര്‍ക്കുക. എച്ച്.എസ്.എസ് എന്ന പേരിലുള്ള ആഗോള ആര്‍.എസ്.എസും ദശലക്ഷക്കണക്കിന് വിദേശ കറന്‍സിയാണ് ഓരോ വര്‍ഷവും വളഞ്ഞ വഴികളിലൂടെ തങ്ങളുടെ അക്കൗണ്ടുകളിലെത്തിക്കുന്നത്. ഗുജറാത്ത് കലാപത്തിനു ശേഷം ഇംഗ്ലണ്ടിലെ ചാനല്‍4 പുറത്തുകൊണ്ടു വന്ന സേവാ ഭാരതി ഫണ്ട് വിവാദം ഏറ്റവും നല്ല ഉദാഹരണം.  
അഴിഞ്ഞാട്ടം തങ്ങളുടെ ജന്മാവകാശമാണെന്നും ഭരണഘടനാ സ്ഥാപനങ്ങളല്ല സന്യാസിമാരാണ് ദേശീയ രാഷ്ട്രീയത്തെ നയിക്കേണ്ടതെന്നുമാണ് വി.എച്ച്.പി പച്ചയായ ഭാഷയില്‍ വ്യക്തമാക്കിയത്. രാംലീല മൈതാനത്ത് നടന്ന കണ്ണീര്‍വാതക പ്രയോഗം ജാലിയന്‍ വാലാബാഗിനു സമാനമാണെന്നാണ് അശോക് സിംഗാളും നരേന്ദ്ര മോഡിയും തുലനം ചെയ്തു കളഞ്ഞത്. അമ്പമ്പോ! സ്വാതന്ത്ര്യ സമരവും ഗാന്ധിജിയുമൊക്കെ ഈ ബാബാ രാംദേവിനു മുമ്പില്‍ ഒണ്‍റുമേ അല്ലൈ! ചാര്‍ട്ടേഡ് വിമാനത്തിലൊക്കെ യാത്ര ചെയ്യുന്ന, ഏക്കര്‍ കണക്കിന് മൈതാനത്തിനകത്ത് എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിച്ച് ഇ.സി.ജി യന്ത്രങ്ങളുടെ അകമ്പടിയോടെ സത്യഗ്രഹം നടത്തുന്ന ബാബാ രാംദേവല്ലേ ഒറിജിനല്‍ മഹാത്മാവ്! രാംദേവിന്റെ ചെലവില്‍ തുര്‍ക്കുമാന്‍ ഗേറ്റ് ഏരിയയില്‍ സംഘ്പരിവാര്‍ പദ്ധതിയിട്ട വര്‍ഗീയ കലാപം മൂന്നാം സ്വാതന്ത്ര്യ സമരവുമായേനെ! നരേന്ദ്ര മോഡി ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ അതിനെ ഭയപ്പെടേണ്ട കാലമെത്തുകയാണ്. തന്റെ അജണ്ടകള്‍ ചീറ്റിപ്പോകുമ്പോഴൊക്കെ ഇയാളുടെ ഇഛാഭംഗം ശരിക്കും പുറത്തുവരുന്നുണ്ട്. ഏതാണ്ട് നാമാവശേഷമായ ബി.ജെ.പിയെ ദേശീയ രാഷ്ട്രീയത്തില്‍ തിരികെയെത്തിക്കുന്നതിന്റെ ചുമതല മോഡിയെ ഏല്‍പ്പിച്ചുവെന്നാണ് അങ്ങോര്‍ക്ക് ദേശീയ മാധ്യമങ്ങള്‍ ഈയിടെയായി കൊടുക്കുന്ന മെഗാ ഇമേജിന്റെ ലസാഗു. അറിയുന്ന തന്ത്രമല്ലേ മോഡിക്കു പയറ്റാനാവൂ?   
വി.എച്ച്.പിയെയും ആര്‍.എസ്.എസിനെയും മറികടന്ന് സ്വാമിയുടെ സമരത്തെ ഹൈജാക്ക് ചെയ്യുക എന്ന മിനിമം ലക്ഷ്യമേ യു.പി.എ സര്‍ക്കാറിന് ഉണ്ടായിരുന്നുള്ളൂ. മന്ത്രിമാരെ പറഞ്ഞയച്ച സ്വീകരണം പാര്‍ട്ടിയുടെ ഈ ഹിന്ദുത്വ ദുര്‍മോഹത്തിനാണ് അടിവരയിട്ടത്. എന്‍ഫോഴ്‌സ്‌മെന്റിനെ വിട്ട് ദഹ്‌റാദൂണിലെ പതഞ്‌ലി ആസ്ഥാനത്തും റിയല്‍ എസ്റ്റേറ്റുകളിലും സ്‌കോട്ടിഷ് സുഖവാസ ദ്വീപുകളിലുമൊക്കെ എന്നോ റെയ്ഡ് നടത്തേണ്ടിയിരുന്ന സര്‍ക്കാര്‍, തമ്മില്‍ തെറ്റിയപ്പോള്‍ മാത്രം രാംദേവിനെതിരെ നടപടിയെടുക്കുമ്പോള്‍ രണ്ട് 'തെമ്മാടികള്‍ തമ്മിലുള്ള അവസാനത്തെ വഴി'യായാണ് ഈ കള്ളപ്പണ വിവാദം മാറുന്നത്. മര്യാദക്കാരനും മര്യാദക്കാരനും സ്വീകരിക്കാമായിരുന്ന പരശ്ശതം മാര്‍ഗങ്ങളില്‍ ഒന്നുപോലും ഇരുകൂട്ടര്‍ക്കുമിടയില്‍ തുടക്കം തൊട്ടേ ഉണ്ടായിരുന്നില്ല. സംഘ് പരിവാറിന് വരുന്ന കള്ളപ്പണവും കോണ്‍ഗ്രസ് ഉണ്ടാക്കുന്ന കള്ളപ്പണവും തമ്മില്‍ നമുക്കു ഗോചരമല്ലാത്ത ഒരു വിലപേശലാണ് ഒരുപക്ഷേ നടന്നത്. ഏറ്റവുമധികം കള്ളപ്പണം കൊണ്ടുവരുന്ന ഒരു സന്യാസിയെ തന്നെ ഈ സമരത്തിന്റെ മുഖമായി മാറ്റിയെടുത്ത ബി.ജെ.പി തുടക്കത്തില്‍ ഒരു ചുവടു മുമ്പിലായി. ഹവാല റാക്കറ്റ് കേസില്‍ ഒരു കാലത്ത് പ്രതി ചേര്‍ക്കപ്പെട്ട മാന്യദേഹമാണ് ബി.ജെ.പിയെ ആശയതലത്തില്‍ നയിക്കുന്നത് എന്നു കൂടി വ്യക്തമാവുമ്പോഴേ ഈ ജനവഞ്ചനയുടെ തനിനിറം വ്യക്തമാവുന്നുള്ളൂ.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം