Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 02

തുടര്‍മതപഠനാവസരങ്ങള്‍ പ്രവാസഭൂമിയില്‍

ഡോ. നസീര്‍ അയിരൂര്‍

കേരളത്തിലെ മദ്‌റസാപ്രസ്ഥാനത്തിന്റെ നിലവിലുള്ള അവസ്ഥയെ കുറിച്ച ചര്‍ച്ച ഏറെ സജീവമാണിപ്പോള്‍. ക്രിയാത്മകമായ നിരീക്ഷണങ്ങള്‍ ഈ മേഖലയെ കൂടുതല്‍ സജീവമാക്കുവാന്‍ സഹായിക്കും. മദ്‌റസകളുടെ മതില്‍കെട്ടുകള്‍ക്കപ്പുറത്തെ സാമൂഹിക മദ്‌റസകളെക്കുറിച്ച ജമീല്‍ അഹ്മദിന്റെ നിരീക്ഷണം പുതിയ ഒരുപാട് ചിന്തകള്‍ക്ക് തിരികൊളുത്തുന്നുണ്ട്. പ്രവാസി മലയാളികളുടെ തുടര്‍മതപഠനാവസരങ്ങളെ കുറിച്ച ചര്‍ച്ചകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശകമാകുമെന്നുറപ്പ്.
ഔപചാരിക മതപഠനത്തിന് അവസരം ലഭിക്കാത്ത അനേകം പേര്‍ ഗള്‍ഫ് നാടുകളില്‍ ദീനീപരമായി വളരുവാനും പഠിക്കുവാനും പ്രത്യേകം താല്‍പര്യം കാണിക്കുന്നു എന്നതാണ് ഈ ചര്‍ച്ചയുടെ പ്രധാന കാരണം. പ്രവാസലോകത്തെ പൊതുവെ ചലനാത്മകം എന്ന് വിശേഷിപ്പിക്കാം. ഈ ചലനാത്മകത അനൗപചാരിക സമാന്തര മതപഠനത്തിന് ഫലഭൂയിഷ്ഠമായ മണ്ണൊരുക്കും. കേരള സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി, സമയനിഷ്ഠയോടെ ജീവിതം തള്ളിനീക്കുകയും മറ്റുകെട്ടുപാടുകളില്ലാതെ ഒഴിവുസമയങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുവെന്നത് പ്രവാസജീവിത്തിന്റെ പ്രത്യേകതയാണ്. ദീനീ വിജ്ഞാന മേഖലയോടും സംരംഭങ്ങളോടും നന്നായി പ്രതികരിക്കുന്നവര്‍ എന്ന നിലക്ക് ഗള്‍ഫ് പ്രവാസികളില്‍ നടേ പറഞ്ഞ അനൗപചാരിക പഠനരംഗം തീര്‍ച്ചയായും ഉദ്ദേശിച്ച ഫലം കാണും. നേരത്തെ പറഞ്ഞ ചലനാത്മകതയെ മതപരവും സാമൂഹികവുമായ ക്രിയാത്മക മേഖലകളിലേക്ക് തിരിച്ചുവിടുക എന്നതാണ് ഇന്ന് ഗള്‍ഫ് നാടുകളിലെ വിവിധ മതസംഘടനകള്‍ നിര്‍വഹിച്ചുവരുന്ന ദൗത്യം. പ്രവാസ ലോകത്തെ മേല്‍ പറഞ്ഞ അനുകൂല സാഹചര്യങ്ങള്‍ കൃത്യമായ ബോധന പദ്ധതികളോടെ ഉപയുക്തമാക്കുകയാണെങ്കില്‍ അനൗപചാരിക മതപഠനരംഗത്ത് പ്രവാസി മതസംഘടനകള്‍ക്ക് വിപ്ലകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കാം. കേരളത്തിലെ മതസംഘടനകളെ അപേക്ഷിച്ച് വിഭവങ്ങളില്‍ പരിമിതി ഉണ്ടെങ്കിലും, സാങ്കേതിക സൗകര്യങ്ങളാല്‍ സമ്പന്നമാണ് പ്രവാസി സംഘടനാ മേഖല. പക്ഷേ, മതപഠനമേഖലയിലെ തുടര്‍പഠന സൗകര്യങ്ങളും സാധ്യതകളും വാരാന്തയോഗങ്ങളിലെ മതപഠന ക്ലാസ്സുകളിലും ഖുര്‍ആന്‍ സ്റ്റഡീസെന്ററുകളിലും മറ്റു വിജ്ഞാനപരിപാടികളിലും പരിമിതമാണ്.
കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തെ പോലെ വ്യവസ്ഥാപിതമായ മദ്‌റസാ പഠന സംരംഭങ്ങള്‍ ഗള്‍ഫ് മേഖലയില്‍ സജീവമാണ്. മാത്രമല്ല, അധ്യാപന രീതിയുടെ വ്യതിരിക്തതയിലും മറ്റു സൗകര്യങ്ങളിലും ഒരുവേള കേരളത്തിലേതിനേക്കാള്‍ ഒരല്‍പം മുന്നില്‍ നില്‍ക്കാനും ഈ രംഗത്തിന്ന് കഴിയുന്നുവെന്നത് അനുഭവ സാക്ഷ്യം. എങ്കിലും പൊതുസമൂഹത്തെ ലക്ഷ്യംവെച്ചുള്ള തുടര്‍പഠന സംരംഭങ്ങള്‍ തുലോം കുറവാണ് എന്ന് സമ്മതിക്കണം. ഭൗതിക വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും നേടിയവരും അല്ലാത്തവരുമായ പ്രവാസലോകം ദീനീ വിജ്ഞാനത്തോട് കാണിക്കുന്ന താല്‍പര്യവും വിവിധ പരിപാടികളോട് കാണിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളും പ്രവാസി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിട്ടറിയാവുന്നതാണ്. സംഘടനാ മതില്‍കെട്ടുകളില്‍ നിന്നും അകന്ന് സ്വയം പഠനം (self Study) നടത്തി മതവിജ്ഞാനം കരഗതമാക്കുന്നവരുടെ എണ്ണം പ്രവാസ മേഖലയില്‍ വളരെ കൂടുതലാണ്. അതിലുപരി പുരോഗമന ചിന്തകളോടും മറ്റും സഹകരിക്കുകയും അത്തരം ശ്രമങ്ങളെ മറ്റു 'വിലക്കുകളുടെ' അഭാവത്തില്‍ കയ്യയച്ച് പിന്തുണക്കുകയും ചെയ്യുന്ന പ്രവണതയും പ്രവാസത്തിന്റെ പ്രത്യേകതയാണ്. സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ നടത്തിവരുന്ന മികച്ച സംഭാവനകള്‍കൊണ്ട് രാജ്യത്തിന് അഭിമാനിക്കാവുന്ന 'കള്‍ച്ചറല്‍ ഡയാസ്പറ' (Diaspora)യായി അവര്‍ മാറുകയും ചെയ്തിരിക്കുന്നു.
ഈ സാഹചര്യത്തില്‍ അനുകൂല അന്തരീക്ഷത്തില്‍ വിത്തിറിക്കുവാന്‍ പ്രവാസി മതസംഘടനകള്‍ സത്വര ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. വിവിധ കാരണങ്ങളാല്‍ ഔപചാരികമായി മതപഠനം ലഭിക്കാത്തവരെ കൈപിടിച്ചുയര്‍ത്തി വ്യവസ്ഥാപിതമായ ലക്ഷ്യാധിഷ്ഠിത ബോധനപ്രക്രിയ (objective based learning)യിലൂടെ ദീനീവിജ്ഞാനം പകര്‍ന്ന് നല്‍കാനായിരിക്കണം സംഘടനകള്‍ ശ്രദ്ധിക്കേണ്ടത്. കുടുംബത്തിന്റെ സാമ്പത്തിക ഉന്നമനത്തിനായി കടല്‍ കടന്ന മക്കളുടെ തിരിച്ചുവരവില്‍ അത്തറിന്റെ പരിമളത്തോടൊപ്പം ദീനീവിജ്ഞാനത്തിന്റെ ചേരുവ കൂടി ഉണ്ടാകുമ്പോള്‍ കണ്‍കുളിര്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് മറ്റെന്ത് വേണം. നേരത്തെ പറഞ്ഞ പോലെ, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ മതസംഘടനകള്‍ നടത്തിവരുന്ന മതവിജ്ഞാന സദസ്സുകളും ഖുര്‍ആന്‍ സ്റ്റഡീസെന്ററുകളും വൈജ്ഞാനിക കൂട്ടായ്മകളുമാണ് തുടര്‍പഠന മേഖലയിലെ ഇപ്പോഴത്തെ അവസരങ്ങള്‍. ഇതില്‍ തന്നെ ഖുര്‍ആന്‍ സ്റ്റഡീ സെന്ററുകള്‍ നല്‍കിവരുന്ന അനല്‍പമായ സംഭാവനകള്‍ എടുത്ത് പറയേണ്ടതുണ്ട്. എങ്കിലും ബഹുമുഖമായ പഠനാവസരങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. വിവിധ സംഘടനകള്‍ നടത്തിവരുന്ന സെന്ററുകളില്‍ മത്സരബുദ്ധിയോടെ ഖുര്‍ആന്‍ പഠനത്തിനെത്തുന്ന വനിതകളടക്കമുള്ള പഠിതാക്കളുടെ എണ്ണം ഓരോ വര്‍ഷംതോറും ഏറിവരികയാണ് എന്നത് ശ്ലാഘനീയമാണ്.
നിലവിലുള്ള സാങ്കേതിക സൗകര്യങ്ങള്‍ വ്യവസ്ഥാപിതമായി ഉപയോഗിക്കാന്‍ സംഘടനകള്‍ തയാറായാല്‍ ഈയൊരു വിടവ് നികത്താന്‍ മറ്റുമാര്‍ഗങ്ങള്‍ തേടേണ്ടിവരില്ല. ഗള്‍ഫ് മേഖലയില്‍ ജോലിക്കെത്തിയ, ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്ന് ഇസ്‌ലാമിക വിജ്ഞാനീയങ്ങളും അറബിഭാഷയും അഭ്യസിച്ചവര്‍ക്ക് ഈ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. വ്യവസ്ഥാപിത മദ്‌റസകളില്‍ ഇത്തരം ആളുകള്‍ പ്രവര്‍ത്തിച്ചുവരുന്നതിനാല്‍ കൂടുതല്‍ പരിശീലനമില്ലാതെ തന്നെ ഈ മേഖലക്ക് മികച്ച 'അക്കാദമിക് സപ്പോര്‍ട്ട്' നല്‍കാന്‍ ഇവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ എല്ലാ അടിസ്ഥാന മേഖലകളെയും സ്പര്‍ശിക്കുന്നതും അനുഷ്ഠാന കാര്യങ്ങള്‍ക്കും ഭാഷാപരമായ നിപുണതക്കും മുന്‍തൂക്കം നല്‍കുന്നതായിരിക്കണം പഠന സിലബസ്സ്. അറബ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിമളത്തില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന മലയാളികള്‍ക്ക് ഇത്തരം പഠനങ്ങള്‍ ടി.കെയുടെ വാക്കുകള്‍ കടമെടുത്ത്, പറഞ്ഞാല്‍ ഒരു 'തൊഴിലധിഷ്ഠിത ആരാധന'യാകുമെന്ന് തീര്‍ച്ച.
ഈ മേഖലയില്‍ വ്യക്തികളേക്കാള്‍ സംഘടനകള്‍ക്കാണ് ഏറെ ചെയ്യാനുള്ളത്. നിലവിലുള്ള വിഭവങ്ങളെ വ്യവസ്ഥാപിതമായി ഉപയുക്തമാക്കിയാല്‍ രൂപപ്പെടുന്നത് 'ഇസ്സത്തും' ആര്‍ജവവുമുള്ള ഒരു വൈജ്ഞാനിക പ്രവാസി സമൂഹമായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍